Monday, April 14, 2014

എന്റെ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്കും പ്രത്യേകിച്ച് ബ്ളോഗേര്‍സിനും

  ഐശ്വര്യപൂര്‍ണ്ണമായ എല്ലാ കൊല്ലത്തേക്കാളും നല്ലതായ ഒരു വിഷു ഇക്കൊല്ലം കൊച്ചുമക്കളോടൊപ്പം എനിക്ക് ആഘോഷിക്കാനായി. ഇതിലും വലിയ ഒരു സൌഭാഗ്യം ഇനി വരാനില്ല.

 കുറച്ചുനാളായി മോഹങ്ങളും അഭിലാഷങ്ങളും ഒന്നും ഉണ്ടാകാറില്ല. ഇപ്പോള്‍ കൊച്ചുമക്കളെ കാണുമ്പോള്‍ ഓരോന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

 ഈ ഫോട്ടോയില്‍ കാണുന്ന നിവേദ്യക്ക് ഇപ്പോള്‍ ഒരു വയസ്സ് - ഇവള്‍ എന്റെ ശരീരത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍.. ഇവളുടെ ചേട്ടന്‍ ആദിത്യ [കുട്ടാപ്പു] വിന് സ്കൂള്‍ തുറന്നാല്‍ ഇവരുടെ എറണാംകുളത്തുള്ള വീട്ടിലേക്ക് പോകും. അപ്പോള്‍ ഞാന്‍ തനിച്ചാകും തൃശ്ശൂരില്‍..

 കുട്ടികളുട അമ്മയായ എന്റെ മകള്‍ക്ക് ഒരു വീട് പണിയാനുള്ള സ്ഥലം ഇവിടെ കൊടുത്തു. അവള്‍ വീട് പണിതാല്‍ കുഞ്ഞുമക്കളെ എനിക്ക് എന്നും കാണാമല്ലോ...?  എനിക്ക് വയസ്സ് എഴുപതിനോടടുത്തു. അച്ചനും പാപ്പനും വലിയച്ചനുമൊക്കെ അറുപതില്‍ പോയി, എന്നെ മാത്രം തനിച്ചാക്കിയിട്ട്. ഇനി എനിക്കുള്ള തുണയും തൂണും ഈ കൊച്ചുമക്കളാണ്.. ഇപ്പോള്‍ എല്ലാം കൂടി മൂന്നുപേര്‍. അതില്‍ ഒരുത്തി കുട്ടിമാളു എന്ന ഇന്ദുലേഖ കോയമ്പത്തൂരിലാണ്.

 ഈ കുട്ടികളേയെല്ലാം കണ്ടുംകൊണ്ട് ആരോഗ്യത്തോടെയിരിക്കുമ്പോള്‍ എന്നെ അങ്ങോട്ട് വിളിക്കേണേ കൃഷ്ണാ ഗുരുവായൂരപ്പാ.................!!

വിഷു ആശംസകള്‍ തൃശ്ശൂരില്‍ നിന്നും – ഭാഗം 2

2nd part

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച                                                             http://jp-smriti.blogspot.in/2014/04/blog-post_13.htmlവര്‍ഷങ്ങളായുള്ള ഏപ്രില്‍ 14 ലെ വിഷു ഇക്കൊല്ലം 15 ലേക്ക് കടന്നിരുന്നു. ഇന്നെലെ പടക്കം വാങ്ങാന്‍ പോയ കഥ ഞാന്‍ എഴുതിയിരുന്നു..

ഇന്ന് കാലത്ത് ഐവിഷന്‍ ആശുപത്രിയില്‍ പോയി ഡോക്ടര്‍ അനൂപിനെ കണ്ട്, കണ്ണ് പരിശോധന നടത്തി. പ്രശ്നങ്ങളൊന്നും ഇല്ലായെന്ന് അദ്ദേഹം ഉറപ്പുവരുത്തി. അതിനാല്‍ വീണ്ടും ബ്ലോഗാം എന്ന് കരുതി.

പലരോടും വിഷുവിനെപറ്റി എഴുതിത്തരാന്‍ പറഞ്ഞെങ്കിലും ആരും തന്നില്ല. അപ്പോള്‍ ഞാന്‍ തന്നെ എന്തെങ്കിലുംകുത്തിക്കുറിക്കാം എന്ന് കരുതി. വിഷുവും ഓണവും ഒക്കെ വരുമ്പോള്‍ നാം നമ്മുടെ ബാല്യം ആണ് മനസ്സില്‍ കാണുന്നത്.

ഞങ്ങള്‍ കുടുംബസമേതം ഒമാനിലെ മസ്കത്തില്‍ ആയിരുന്നു 20 വര്‍ഷം. മക്കളൊക്കെ അവിടെ ജനിച്ചുവളര്‍ന്നവര്‍. ആദ്യം മകന്‍ പിറന്നു, അവന്‍ ഒരു വയസ്സ് തികയും മുന്‍പെ വിഷുക്കണി ഒരുക്കി എന്റെ കണ്ണടപ്പിച്ച് വിഷുനാള്‍ കണി കാണിച്ചുതന്നു എന്റെ പ്രിയതമ. അന്നാണ് ഞാന്‍ വാസ്തവത്തില്‍ വിഷുക്കണി കണ്ടതായി ഓര്‍ക്കുന്നത്..

ചെറുപ്പത്തില്‍ ചെറുവത്താനി കല്ലായില്‍ അമ്മ വീട്ടിലായിരുന്നു താമസം. വെട്ടിയാട്ടിലെ അച്ചന്‍ വീട്ടില്‍ വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ. ചേച്ചിക്ക് ചെറുവത്താനി – വടുതല സ്കൂളിലായിരുന്നു ജോലി. അപ്പോള്‍ ജോലിക്ക് പോകാനെളുപ്പമായതിനാല്‍ അമ്മയുടെ വീട്ടില്‍ ആയിരുന്നു മിക്കപ്പോഴും താമസം.

ഞാന്‍ പലയിടത്തായി എഴുതിയിരുന്നു ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്നത് എന്റെ പെറ്റമ്മയേയാണ്. ഒരിക്കലും അമ്മ എന്നുവിളിച്ചിട്ടില്ല, അതിനാല്‍ എഴുതുമ്പോഴും “ചേച്ചി” എന്നെ വരുള്ളൂ… എല്ലാ പെണ്ണുങ്ങളേയും പോലെ എന്റെ അമ്മക്കും അമ്മ വീട്ടില്‍ താമസിക്കാനായിരുന്നു കൂടുതല്‍ താല്പര്യം.. അച്ചന്റെ വീട്ടില്‍ അച്ചമ്മക്ക് കൂടുതല്‍ വാത്സല്യം അമ്മയിയുടെ മക്കളോടായിരുന്നു. അത് ഒരു പക്ഷെ എന്റെ ചേച്ചിക്ക് സഹിക്കുമായിരുന്നില്ല.

എന്റെ അച്ചമ്മക്ക് ചേച്ചിയുട് മാസ ശമ്പളത്തില്‍ ആയിരുന്നു കണ്ണ്. വടുതല സ്കൂളിലെ ടീ‍ച്ചറ് ആയിരുന്നു എന്റെ ചേച്ചി. ചേച്ചിയുടെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പത്തടി ദൂരമേ ഉള്ളൂ.. ബെല്ലടി കേട്ട് പോയാലും മതി. അച്ചന്റെ വീട്ടില്‍ നിന്നാണെങ്കില്‍ പണ്ടത്തെ 3 മൈല്‍ എങ്കിലും നടക്കണം.. ഞമനെങ്ങാട്ടെ അച്ചന്റെ വീട്ടില്‍ നിന്ന് വടുതല ചെറുവത്താനി ഭാഗത്തേക്ക് ബസ്സ് സര്‍വ്വീസില്ല. എന്തിനുപറേണൂ കാറുപോകാനുള്ള ഒരു റോഡുപോലും ഇല്ല. തോടും കുളങ്ങളും താണ്ടി വേണം വടുതല ചെറുവത്താനിയിലെത്താന്‍.

മഴക്കാലമായാല്‍ തോട്ടില്‍ നിറയെ നീര്‍ക്കോലികളും, ഞെണ്ടും പിന്നെ ചളിയും. എന്നും നടക്കുന്നവര്‍ക്കറിയാം അധികം ചളി ഇല്ലാത്ത സൈഡുകള്‍.. അന്നോക്കെ വിഷു അടുക്കുമ്പോള്‍ ചെറിയ മഴയും ഉണ്ടാകും.

വിഷുവിന് ഞമനെങ്ങാട്ടെക്ക് വരണം എന്ന് അച്ചമ്മ ശാഠ്യം പിടിക്കും. അച്ചമ്മയുടെ പേര് കാളിയെന്നായിരുന്നു. കാളിത്തള്ളയെ അയല്‍ക്കാര്‍ക്കൊക്കെ പേടിയായിരുന്നു. എനിക്ക് ഓര്‍മ്മ വന്ന കാലം മുതല്‍ മാറ് മറക്കാതെ നീണ്ട കുമ്പളങ്ങ പോലെത്തെ മുലകള്‍ കാണിച്ചായിരുന്നു നടത്തം. അന്നൊക്ക് ഞമനേങ്ങാട് പ്രദേശത്തെ ഹിന്ദുക്കള്‍ അങ്ങിനെയാണ്. ചെറുവത്താനിയില്‍ ആണെങ്കില്‍ എന്റെ ചേച്ചിയുടെ അമ്മ, അതായത് അമ്മമ്മ ഈ പ്രായക്കാരിയാണെങ്കിലും ഒരു ചെറുമുണ്ട് കൊണ്ട് മാറ് മറക്കും. മുണ്ടിന്റെ രണ്ട് തലകള്‍ കഴുത്തില്‍ കെട്ടിവെക്കും.

അച്ചമ്മയുടെ വിശേഷം ആദ്യം പറയാം. ഞമനേങ്ങാട്ടെ തറവാട് കൂട്ടുകുടുംബം പോലെ ഏതാണ് പത്തിരുപത് പേരുണ്ടായിരുന്നു. അച്ചന്റെ നേരെ പെങ്ങള്‍മാരായ മൂന്നുപേരും അവരുടെ സന്തതികളും, പിന്നെ പാപ്പന്റെ ഭാര്യയും മക്കളും, പിന്നെ അച്ചന്റെ അച്ചന്റെ രണ്ടാമത്തെ ഭാര്യയില്‍ ഉള്ള അഞ്ചു പെങ്ങള്‍മാരും അവരുടെ ചില മക്കളും എല്ലാംകൂടി നോക്കുമ്പോള്‍ ഇരുപതില്‍ കവിയും ഞമനേങ്ങാട്ടെ വെട്ടിയാട്ടില്‍ തറവാട്. ധാരാളം ഭൂസ്വത്തുക്കളും മറ്റുമുള്ളതിനാല്‍ പട്ടിണിയില്ല. എന്നുമുള്ള വരുമാനം നാളികേരം. പിന്നെ രണ്ടുപൂവല്‍ പണിയാവുന്ന വട്ടന്‍ നിലം. അതില്‍ നിന്നും ഒരു കൊല്ലം കഴിക്കാനുള്ള ചോറ് കിട്ടും. കുറച്ചൊക്കെ വില്‍ക്കാനും പറ്റും.

പിന്നെ വേനലില്‍ ഇടവിളയായി പാ‍ടത്ത് എള്ള് വിതക്കും. രണ്ട് ഏക്കര്‍ വട്ടനിലമുണ്ടായിരുന്നു. അതില്‍ നിന്ന് കിട്ടുന്ന ഇടവിള എള്ള് ചിലപ്പോള്‍ ശര്‍ക്കര ഇട്ട് വിളയിച്ച് നാലുമണി കാപ്പിയുടെ കൂടെ കിട്ടാറുണ്ട്.

മഴക്കാലത്തിന്റെ അവസാനത്തില്‍ നാല്‍ ഏക്ര തെങ്ങിന്‍ തോട്ടം വീട്ടിലെ പോത്തുങ്ങളെക്കൊണ്ട് ഉഴുതുമറിച്ച് അതില്‍ പയറ് വിതക്കും.  പയറ് വിളവെടുപ്പ് കഴിഞ്ഞാല്‍ ചില ദിവസങ്ങളില്‍ അത്താഴത്തിന് ശര്‍ക്കരയിട്ട് പയറുകഞ്ഞിയാകും.. പത്തിരുപതാള്‍ക്ക് വിളമ്പേണ്ടേ..?

വിഷുവിന് വിഷുക്കട്ടയുണ്ടാക്കാന്‍ അയലത്തുകാര്‍ കൂടി വരും. ഉണക്കല്ലരി കൊണ്ടാണ്‍ വിഷുക്കട്ട ഉണ്ടാക്കുക. അത് വേവിച്ച് വാഴയിലയിലോ വലിയ കിണ്ണത്തിലോ പരത്തി വിളമ്പി വെക്കും. നല്ലപോലെ ഉറച്ചാല്‍ ചെറിയ കഷണങ്ങളായി വെട്ടി പാത്രങ്ങളില്‍ നിറക്കും.

എന്റെ വെളുത്ത അച്ചമ്മ വെളുത്ത് സുന്ദരിയായിരുന്നു. ഇപ്പോള്‍ വയസ്സായതിനാലാകും ഇങ്ങനെ ഓപ്പണ്‍ മാറുമായി നടന്നിരുന്നത്. അച്ചാച്ചന് രണ്ട് ഭാര്യമായുണ്ടായിരുന്നു. എന്റെ അച്ചന്‍ കാളിയെന്ന വെളുത്ത അച്ചമ്മയുടെ മൂത്ത മകന്‍ ആയിരുന്നു. മക്കളില്‍ ഏറ്റവും സുന്ദരന്‍ എന്റെ അച്ചനും, പെണ്‍ മക്കളില്‍ ഇളയ അമ്മായിയും. മറ്റുള്ള അമ്മായിമാരും പാപ്പനും സൌന്ദര്യത്തില്‍ മുന്‍പന്തിയില്‍ തന്നെ.

രണ്ടാമത്തെ അച്ചമ്മക്കായിരുന്നു ഹൌസ് കീപ്പിങ്ങ്+അടുക്കള. അവരായിരിക്കും എന്തു വെക്കണം എന്തു വിളമ്പണം എന്നൊക്കെ തീരുമാനിക്കുക. രണ്ടാമത്തെ അച്ചമ്മയെ ഞാന്‍ കറുത്ത അച്ചമ്മ എന്നാ വിളിച്ചിരുന്നത്. കറുത്ത അച്ചമ്മ ലക്ഷ്മിക്ക് ലക്ഷ്മി എന്നായിരുന്നു പേര്. കറുത്ത അച്ചമ്മക്ക് അഞ്ചുപെണ്മക്കളും ഒരു ആണും. ആണ് സിലോണിലെ കൊളംബോ നഗരത്തില്‍ ഡോക്ടര്‍ ആയിരുന്നു. കൂടെ നഴ്സായ ഭാര്യയും ഉണ്ടായിരുന്നു.

 വെളുത്ത അച്ചമ്മക്കും കറുത്ത അച്ചമ്മക്കും എന്നെ എല്ലാരിലും കൂടുതല്‍ പ്രിയം ആയിരുന്നു. അങ്ങിനെ തന്നെ എല്ലാരോടും കാണിക്കുമെങ്കിലും എന്റെ സ്ഥാനം മുന്‍പന്തിയില്‍ തന്നെ ആയിരുന്നു. 


എന്റെ അച്ചന്‍ മാസാമാസം അച്ചമ്മക്ക് പണം അയച്ചുകൊടുക്കുമായിരുന്നു. പാപ്പനും വലിയച്ചനും ഒന്നും കൊടുത്തിരുന്നില്ല. എല്ലാം പെണ്മക്കളേയും കല്യാണം കഴിപ്പിച്ചയക്കാനും എന്റെ ചേച്ചിയും അച്ചനുമായിരുന്നു കൂടുതല്‍ ശ്ര്ദ്ധിച്ചത്. 


ഇങ്ങിനെയൊക്കെ ഉള്ള എന്റെ അച്ചനെ സ്വത്ത് വീതിക്കുന്ന അവസരത്തില്‍ പാപ്പനും അച്ചമ്മയും കൂടി ചതിച്ചു.. അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. ഇന്നായിരുന്നെങ്കില്‍ ഞാന്‍ എന്റെ വേഷം പുറത്തെടുത്തേനേ..!!

വെട്ടിയാട്ടില്‍ തറവാട്ടില്‍ വിഷുവിനും പുതിയ പുടവ എല്ലാവര്‍ക്കും കിട്ടും. ഓണത്തിന്റെ അത്ര ഇല്ലെങ്കിലും ആണ്‍കുട്ടികള്‍ക്ക് ട്രൌസറും മുറിക്കയ്യന്‍ ഷര്‍ട്ടും വട്ടം പാടം ശേഖരേട്ടന്റെ കടയില്‍ നിന്നും തയ്പ്പിച്ച് കിട്ടും.. ഷര്‍ട്ട് മിക്കവര്‍ക്കും കസാലത്തുണി പോലെ എന്തെങ്കിലും ആകും. 

എനിക്ക് ചില കൊല്ലങ്ങലില്‍ കൊളംബോയില്‍ നിന്ന് അച്ചന്‍ ഇംഗ്ലീഷ് മെയ്ഡ് ഉടുപ്പുകള്‍ കൊടുത്തയക്കുമായിരുന്നെങ്കിലും ഞാന്‍ ധരിക്കാറില്ല. മറ്റുള്ളവര്‍ക്ക് അത് മാനസിക സംഘര്‍ഷം ഉണ്ടാക്കിയേക്കാം എന്ന് വിചാരിച്ചിട്ട്.

പെണ്‍കുട്ടികള്‍ക്ക് കരയുള്ള ഉടുക്കാനുള്ള  മുണ്ടും, കടും നിറത്തിലുള്ള ജാക്കറ്റും, മാറിടം വരെ മറക്കുന്ന മറ്റൊരു കൊച്ചുമുണ്ടും കൊടുക്കും.. അമ്മായിമാര്‍ ഇതൊക്കെ അണിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ ഉള്ള അഴക് വേറെ തന്നെ ആണ്‍.. എന്റെ മനസ്സിലിപ്പോള്‍ വരുന്നത് ഇളയ അമ്മായിയേയാണ്‍ ഞാന്‍ കുറേ തപ്പി അമ്മായിയുടെ ഒരു ഫോട്ടോക്ക്.

ഞാന്‍ എന്തെഴുതുമ്പോഴും ഫേസ് ബുക്ക് തുറന്ന് വെക്കാറുണ്ട്. ചുമ്മാ അതിലൊന്ന് കണ്ണൊടിച്ചപ്പോള്‍ തിരുവനന്തപുരത്തെ ശ്രീജക്കുട്ടിയുടെ ഒരു പുതിയ പടം കണ്ടു. അവളുടെ സമ്മതപ്രകാരം എന്റെ അമ്മായിക്കുപകരം അവളുടെ പടം ഇവിടെ ചേര്‍ക്കാം.

ഇളയ അമ്മായിയുടെ രണ്ട് പെണ്മക്കളും, ഒരാണ്‍കുട്ടിയും ഞാനും ഒരുമിച്ചാണ് സ്കൂളില്‍ പോകുക. അവര്‍ ഞമനെങ്ങാട്ടെ കണ്ടമ്പുള്ളി സ്കൂളിലും ഞാന്‍ വടുതല സ്കൂളിലും ആയിരുന്നു പഠിച്ചിരുന്നത്.. കണ്ടമ്പുള്ളി സ്കൂള്‍ വീടിന്റെ അടുത്തും വടുതല സ്കൂള്‍ വളരെ ദൂരത്തിലും ആയിരുന്നു..

ഞമനേങ്ങാട്ടെ വിഷു വിശേഷം അങ്ങിനെ പോകുന്നു. അവിടെ വിഷുവിനും തലേദിവസവും നായരങ്ങാടിയില്‍ പോയി പടക്കം വാങ്ങും, അധികവും ഓലപ്പടക്കമായിരിക്കും.. പെണ്‍കുട്ട്യോളാണ് മത്താപ്പും കമ്പിത്തിരിയും കത്തിക്കുക.. ആ ദിവസങ്ങളൊക്കെ രസമുള്ളതായിരുന്നു..

എനിക്കിഷ്ടം താമസിക്കാന്‍ ചെറുവത്താനിയായിരുന്നു. അവിടെ വീടിന്റെ മുന്നിലുള്ള റോഡില്‍ കൂടി ബസ്സുണ്ടായിരുന്നു. പിന്നെ കുന്നംകുളത്തുനിന്ന് എപ്പോഴും കാറും ജീപ്പുമൊക്കെ വന്നുപോയിക്കൊണ്ടിരിക്കും. 

ഈ വക വിശേഷങ്ങളൊന്നും ഞമനെങ്ങട്ടില്ല, പക്ഷെ അവിടെ ആള്‍ക്കൂട്ടമുണ്ട്. ആണ്കുട്ടികള്‍ കുറവായിരുന്നു, പെണ്‍കുട്ടികളായിരുന്നു അധികവും..

മാസത്തിലൊരിക്കലുള്ള തെങ്ങുകയറ്റം കഴിഞ്ഞാല്‍ കാറ്റ് കാലത്ത് കൂടുതല്‍ ഓല വെട്ടും. അത് മെടയാന്‍ പെണ്ണുങ്ങള്‍ വരും. നേരം പോക്കിനായി വീട്ടിലെ പെണ്ണുങ്ങളും കൂടും ചിലപ്പോള്‍.. പച്ച ഓലമടല്‍ കൊണ്ട് ഞങ്ങള്‍ വീടുണ്ടാക്കി കളിക്കും. ഇടക്ക് വീട്ടിന്നുള്ളില്‍ പെണ്ണും കല്യാണം കഴിച്ച് താമസിക്കും.. പെണ്‍കുട്ടികള്‍ കൂടുതലായതിനാല്‍ എനിക്ക് ചിലപ്പോള്‍ അച്ചാച്ചനെ പോലെ ര്‍ണ്ട് പെണ്ണുങ്ങളെ കെട്ടേണ്ടി വന്നിരുന്നു..

എന്തെല്ലാം വിഷു ഓര്‍മകള്‍.. ഓലമേഞ്ഞ കളിമണ്‍ ചുമരുകളുള്ള നാല്‍ കെട്ടായിരുന്നു ഞങ്ങളുടെ തറവാട്.. വേനല്‍ കാലത്ത് നാലുകെട്ടിലെ ഉമ്മറങ്ങളിലായിരിക്കും എല്ലാരും കിടന്നുറങ്ങുക. പെണ്‍കുട്ട്യോള്‍ വലുതായതോടെ കല്യാണം കഴിച്ചയപ്പിച്ച അമ്മായിമാരൊക്കെ അവരുടെ പിള്ളേരുമായി അവരുടെ  വീടുകളിലേക്ക് താമസം മാറ്റി. ഒരു ശ്രീകൃഷ്ണനായി വിളഞ്ഞിരുന്ന എനിക്ക് അതൊരു തീരാദുഖം ആയിരുന്നു.

അന്നത്തെ എന്റെ അമ്മ വീടിനുചുറ്റും ധാരാളം ഹൈസ്കൂളുകള്‍ ഉണ്ടായിട്ടും എന്നെ തൃശ്ശൂരിലെ ഒരു ബോര്‍ഡിങ്ങ് സ്കൂളിലയച്ചു. അതോടെ എന്റെ ബാല്യകാല സ്മരണക്ക് ഒരു തടയിട്ട് ഞാന്‍ ജയിലെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പള്ളിക്കൂടത്തില്‍  തളക്കപ്പെട്ടു.

വിഷുവും ഓണമൊക്കെ അച്ചമ്മയുടെ നിര്‍ബ്ബന്ധം കാരണം തറവാട്ടിലായിരുന്നു. ഊണ് കഴിഞ്ഞ് ചേച്ചിയുടെ വീട്ടിലേക്ക് മടങ്ങും. ചേച്ചിയുടെ വീട്ടില്‍ അമ്മാമന്‍ മാത്രമായിരുന്നു കൂട്ട്. കുട്ടികളായി ഞാനും എന്റെ അനിയനും മാത്രം.

ഞാന്‍ ഇന്നെലെ കിടന്നുറങ്ങുമ്പോള്‍ പണ്ടത്തെ വിഷു സ്വപ്നം കണ്ടു. ഹേമയും ഉമയും ലക്ഷ്മിയും രാധമോനും രാമകൃഷ്ണനും, പാരനും ദാസേട്ടനും, പണിക്ക്‍ാ‍രന്‍ കണ്ടോരനും എല്ലാം മനസ്സില്‍ വന്ന് നിറഞ്ഞു.

തറവാട്ടിലെ മുതിര്‍ന്ന ആണുങ്ങളായ എന്റെ വലിയച്ചന്‍, പാപ്പന്‍, എന്റെ അച്ചന്‍ എന്നിവര്‍ വിദേശത്തായിരുന്നു. അതിനാല്‍ ഞ്നായിരുന്നു ത്റവാട്ടുകാരണവര്‍.. കുറച്ചധികം പേര്‍ക്ക് ഞാന്‍ കൊള്ളിവെച്ചിട്ടുണ്ട്.

വെട്ടിയാട്ടില്‍ തറവാട്ടില്‍ ഭാഗിക്കാന്‍ പാടില്ലാത്ത പ്ത്ത് സെന്റ് സ്ഥലം പൊതുസ്വത്തായി ശ്മ്ശാനമായി നീക്കിവെച്ചിരുന്നു. പിന്നെ കുടുംബക്ഷേത്രവും അതിനൊടനുംബന്ധിച്ചുള്ള പാമ്പിന്‍ കാവും, രക്ഷസ്സ് മുതലായ ദേവന്മാരും. അതൊക്കെ താ‍വഴികളായി സ്വത്തുക്കള്‍ ലഭിച്ചവര്‍ അന്യാധീനപ്പെടുത്തി. ഇപ്പോള്‍ മറ്റാരുടേയൊക്കെ കൈവശമാണ് എന്റെ സ്വപ്നങ്ങളിലെ വെട്ടിയാട്ടില്‍ തറവാട്.

ഓര്‍മ്മകള്‍ കാട് കയറിപ്പോകുന്നു. ഇനിയുള്ള ഓര്‍മ്മകള്‍ പിന്നീട് അയവിറക്കാം.Sunday, April 13, 2014

വിഷു ആശംസകള്‍ തൃശ്ശൂരില്‍ നിന്നും


എന്റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും നല്ലൊരു വിഷു & ഈസ്റ്റര്‍ ദിനം ആശംസിക്കുന്നു.. പടക്കം ഇല്ലാത്ത എന്തൊരു വിഷു, പ്രത്യേകിച്ച് തൃശ്ശൂര്‍ക്കാര്‍ക്ക്. അങ്ങിനെ പടക്കം വാങ്ങാന്‍ പോയപ്പോള്‍ പഴയ സുഹൃത്ത് വേലായുധേട്ടനെ കണ്ടു. വേലയായുധേട്ടന്റെ മകള്‍ ഡോ. പ്രിയ പണ്ട് ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ ആണ്. വിഷുവിനെ പറ്റി നാലക്ഷരം എഴുതണമെന്നുണ്ട്. പക്ഷെ അനാരോഗ്യം കാരണം അധിക സമയം ഡാറ്റാപ്രോസസ്സിങ്ങിന് വയ്യ. ദുബായിലെ വനിതയോടും സുനിതാ നായരോടും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. പിന്നെ നമ്പൂതിരിച്ചേട്ടനോടും. ഇന്ന് തന്നെ അവരുടെ കയ്യില്‍ നിന്ന് ഡാറ്റ കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ നാളെ കാലത്ത് പ്രോസസ്സ് ചെയ്ത് എന്റെ ബ്ലോഗില്‍ കുത്തി നിറക്കാം.

ഒരു ഗ്ളോക്കോമ നേത്രരോഗിയായ എനിക്ക് കുറച്ച് നാളായി അധികം സ്ട്രെയിന്‍ ചെയ്യാന്‍ വയ്യ കമ്പ്യൂട്ടറിലും, വണ്ടി ഓടിക്കാനും, വെയിലത്ത് നടക്കാനും മറ്റും. അതിനാല്‍ അധിക സമയം നെറ്റില്‍ ഇരിക്കാനും വയ്യ. ഒരു പാട് സംഗതികള്‍ കഥകളായും ജീവിതക്കുറിപ്പായും മനസ്സില്‍ വന്ന് നിറയുന്നു. അതൊന്നും എഴുതി ബ്ളോഗില്‍ പബ്ലീഷ് ചെയ്യാനുള്ള നിവൃത്തി ഇല്ല ഇപ്പോള്‍.

കൂടുതല്‍ നാളെ എഴുതാം.. മസ്കത്തിലെ പാറുകുട്ടിമാരേയും എന്റെ സ്വന്തം പാറുകുട്ടിയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

Wednesday, April 9, 2014

വാടാനപ്പള്ളി എക്സ്പ്രസ്സ്


അന്നൊരു ഞായറാഴ്ചയോ ശനിയാഴ്ചയോ എന്നോര്‍മ്മയില്ല. ഇപ്പോള്‍ വീട്ടില്‍ പേരക്കുട്ടികളായ കുട്ടാപ്പുവും, നിവ്യയും  അവരുടെ അമ്മച്ചി രാക്കമ്മയും എല്ലാരും കൂടെ വീട് തകര്‍ക്കുകയാണ്‍. ഒപ്പം ഞാനും. ഇവരുള്ളതിനാല്‍ ഞാന്‍ ഇപ്പോ പണിക്ക് പോണില്ല. പണ്ട് കുട്ടന് മേനോന്റെ ആപ്പീസില്‍ പണിക്ക് പോയിരുന്നു. ഇപ്പോള്‍ അയാള്‍ക്ക് എന്നെ പണ്ടത്തെപ്പോലെ ഇഷ്ടം ഇല്ല. അയാള്‍ക്ക് ഏതോ ഒരുത്തിയുമായി ഹബ്ബ ഉണ്ട് ഇപ്പോള്‍..

 അല്ലെങ്കില്‍ എന്നെ വിളിച്ച് ഇടക്ക് ജോയ്സ് പാലസ്സില്‍ പോയി നാലുകുപ്പി ഫോസ്റ്റര്‍ സല്‍ക്കാരം നടത്തിക്കൂടെ. ഞാന്‍ അയാളെ കൂടെക്കൂടെ എന്റെ സൌധത്തിലേക്ക് ക്ഷണിക്കാറുണ്ട്. പണ്ടൊക്കെ വന്നിരുന്നു, ഇപ്പോള്‍ അയാള്‍ വരാറില്ല, ആളാകെ മാറിയിരിക്കുന്നു.

പുതിയ കൂട്ടുകാരും,രികളും………. പോകട്ടെ അയാളും ചെറുപ്പമല്ലേ..പോയി സുഖിക്കട്ടെ.. കൊക്കാല മെട്രൊപാലം വീതികൂട്ടുന്നു, അത് വഴിപോകുമ്പോള്‍ ഈ മൊബൈ ഒക്കെ ഓഫ്ചെയ്ത് നടന്നാല്‍ നന്ന്, അല്ലെങ്കില്‍ അതില്‍ കെട്ടിമറിഞ്ഞുവീഴും..

അങ്ങിനെ ഒരു ഞായറാഴ്ചയോ, ശനിയാഴ്ചയോ ഞാന്‍ രാക്കമ്മയും കുട്ട്യോളും, കുട്ട്യോളുടെ അച്ചനുമായി വാടാനപ്പള്ളിക്ക് കുതിച്ചു.. കാലത്ത് ബ്രേക്ക് ഫാസ്റ്റിന് കേടിന്റെ വക്കത്തുള്ള ദോശമാവാണെന്ന് തോന്നി, എനിക്കുമാത്രമായുള്ള ദോശക്ക് മസ്കത്തിലെ ഹൂബിയെപ്പോലെ ഒരു ക്രിസ്പ്നെസ്സ് ഉണ്ടായിരുന്നില്ല.. എന്നാലും ഞാന്‍ അവളെ ഓരോന്നായി ശാപ്പിട്ടു. 

ഒന്നിനുപുറകെ ആനന്ദവല്ലി എനിക്ക് ചുട്ടുതരും.. ആനന്ദവല്ലിക്കും രാക്കമ്മക്കും എന്റെ പേരക്കുട്ടീസിനും ബ്രെഡ് ടോസ്റ്റ്+ഓമ്ലെറ്റ് ഓര്‍ ഫ്രൈഡ് എഗ്ഗ് വിത്ത് ബേക്കണ്‍. എനിക്കും അതൊക്കെ മതിയായിരുന്നു ഈ ഹോളിഡേയില്‍. ഇനി യാത്രാ മദ്ധ്യേ കുഴപ്പംസ് ഒന്നും എന്റെ വയറിന് വരേണ്ട എന്നുകരുതിയാകും എന്റെ സെക്കന്‍ഡ് വൈഫ് ആനന്ദവല്ലി എനിക്ക് ദോശ തന്നെ തന്നത്.

എനിക്ക് ബ്രെഡ് ടോസ്റ്റും, കോണ്‍ കോണ്‍ ഫ്ലേക്കും ഒക്കെ കണ്ട് കൊതി വന്നിരുന്നു. നിവേദ്യയുടെ പിഞ്ഞാണത്തില്‍ നിന്നു ഒരു സ്കൂപ്പ് കോണ്‍ഫ്ളേക്ക് ഞാന്‍ കട്ടു തിന്നു. അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അവള്‍ക്ക് നാലര പല്ലേ ഉള്ളൂ,അത് കാട്ടി എന്നെ സ്മൈല്‍ ചെയ്ത് എന്റെ മടിയില്‍ കയറിയിരുന്നു.

ആനന്ദവല്ലി കൂട്ടിനുണ്ടെങ്കില്‍ എനിക്ക് എങ്ങോട്ട് യാത്രിക്കാനും പേടിയില്ല,അവളെന്നെ യാത്രിക്കുടനീളം ശ്രദ്ധിച്ചുംകൊണ്ടിരിക്കും. ഒരിക്കല്‍ ഞങ്ങള്‍ ഡാര്‍ജിലിംഗ് വരെ ബൈ റോഡ് പോയി എന്റെ മോസ്റ്റ് മോഡേണ്‍ വി.ഡബ്ലിയു സയ്യാരയില്‍. ഒരിക്കല്‍ എനിക്ക് ഹോട്ടല്‍ ഫുഡ് ശരിയാകാതെ അവളെനിക്ക് ഒരു മാവിന്‍ ചുവട്ടില്‍ ശകടം നിര്‍ത്തി ചോറും മോരുകറിയും ഉണ്ടാക്കിത്തന്നു.

നമ്മുടെ തേക്കിന്റെ നാടായ നിലമ്പൂരില്‍ നിന്നെനിക്ക് ഒരു പുതിയ സദീക്ക് ഉണ്ട്. ഓന്റെ പേരാണ് നിരഞ്ചന്‍…… പക്ഷെ ആളൊരു ഫേക്ക് ആണ്. എന്നാലും കുഴപ്പമില്ല. ആളൊരു ശുദ്ധനാണ്. ഒരിക്കല്‍ എന്നെ കാണാന്‍ തൃശ്ശിവപ്പേരൂര്‍ വന്നിരുന്നു. ഞങ്ങള്‍ വീട്ടില്‍ ഉച്ചയൂണിന് ശേഷം ഒന്ന് മയങ്ങി, കാസിനോ ഹോട്ടലില്‍ പോയി. അവന്‍ 3 ബക്കാഡിയും ഞാന്‍ 4 ഫോസ്റ്ററും സേവിച്ച് പിരിഞ്ഞതാണ്. പിന്നെ തമ്മില്‍ കണ്ടിട്ടില്ല.

ഈ നിരഞ്ചനെന്ന ഫേക്ക് ഒരു ബോലെറോ സയ്യാര വാങ്ങിയിട്ടുണ്ട്. അതിന്റെ മുകളില്‍ 500 ലിറ്റര്‍ കൊള്ളുന്ന ഒരു വാട്ടര്‍ ടാങ്ക് ഫിറ്റ് ചെയ്തിട്ടുണ്ട്. അവന്റെ ഓര്‍ഡര്‍ അനുസരിച്ച് ബോലെറോ ഫാക്ടറിയില്‍ ഒരു ടെയ്ലര്‍ മെയ്ഡ് വാഹനം ഇറക്കിയിട്ടുണ്ട്. അതിന്റെ പിന്നാമ്പുറത്ത് ഒരു അടുക്കള സജ്ജീകരിച്ചിട്ടുണ്ട്..

എന്റെ ഇലക്ട്രോ മെക്കാനിക്കല്‍ ആര്‍ക്കിറ്റെക്ചര്‍ ഡിസൈനിങ്ങ് പ്രകാരം അതില്‍ സോളാര്‍ കുക്കിങ്ങ് സിസ്റ്റവും, മിനി ഫ്രിഡ്ജും ഉണ്ട്. കൂടാതെ 3” സമചതുരത്തിലൊരു കുളിമുറിയും WC യും ഉണ്ട്. ഈ ഡബ്ളിയുസി ജെറ്റ് പ്ലെയിനിലൊക്കെ ഉപയോഗിക്കുന്ന പോലെയുള്ള ടെക്നോളജിയാണ്, അതിനാല്‍ വേസ്റ്റായി ഒന്നും ഇല്ല. ടോയലറ്റ് പേപ്പര്‍ പോലും ഭസ്മമായി പോകും. പിന്നെ നാലാളുകള്‍ക്കുള്ള ടെന്റും മറ്റുപല സജ്ജീകരണങ്ങളും ഉണ്ട്. ഈ ഫേക്കന്‍ സദീഖിന്റെ ഹിമാലയം വരെയുള്ള യാത്ര കഴിഞ്ഞാല്‍ ആ സയ്യാര എനിക്ക് തരാമെന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാല്‍ ഞാന്‍ ആനന്ദവല്ലിയുമായി ഒരു ഡാര്‍ജ്ജിലിങ്ങ് ട്രിപ്പും കൂടി നടത്തുന്നുണ്ട്. ആനന്ദവല്ലിക്ക് ഓക്കെ ആണെങ്കില്‍ കുശിനിപ്പണിക്ക് പാറുകുട്ടിയേയും കൂട്ടുന്നുണ്ട്. ഡാര്‍ജ്ജിലിങ്ങ് എത്താറാകുമ്പോള്‍ തണുപ്പുള്ള രാത്രികളില്‍ പാറുകുട്ടിക്ക് ഓവര്‍ ടൈം കൊടുക്കാമല്ലോ?!


വാടാനപ്പള്ളി എക്സ്പ്രസ്സിന്റെ കഥപറഞ്ഞ് നാം ഡാര്‍ജ്ജിലിങ്ങിലേക്ക് പോയി. സാരമില്ല. നമുക്ക് പുറപ്പെടേണ്ട സമയമായി.. ഞങ്ങള്‍ കൊക്കാല പെട്രോള്‍ പമ്പില്‍ നിന്നും ഹാഫ് ടാങ്ക് ബെന്‍സീന്‍ അടിച്ചതിനുശേഷം യാത്രയായി. ആനന്ദവല്ലി കൂടെ വന്നില്ല,അവളെ പ്രത്യേകമായി ക്ഷണിക്കാത്ത പരിഭവത്തില്‍ അവള്‍ വീട്ടില്‍ തന്നെ നിന്നു..  ഒരു പക്ഷെ അവളുടെ സൂത്രമായിരിക്കും.. വീട്ടിലൊരു കുപ്പി വിങ്കാര്‍ണീസ് വൈന്‍ ഇരിപ്പുണ്ട്. അതും ടോസ്റ്റഡ് ബ്രെഡ്+ബേക്കണ്‍, ഗ്രില്‍ഡ് സാല്‍മണ്‍ ഒക്കെ അകത്താക്കാമെന്ന പ്ലാനിലാകും. ഒറ്റക്കാണെങ്കില്‍ ഓളുക്കും ഒന്ന് ആഘോഷിക്കാമല്ലോ?! മാഫി മുശ്ക്കില്‍..

മീനച്ചൂടില്‍ വെന്തുരുകുന്ന വാടാനപ്പള്ളിയില്‍ ഞങ്ങള്‍ ഹംസ അര്‍ബ്ബയീന്‍ മിനിട്ടുകള്‍ക്കൊണ്ടെത്തി. എന്റെ സയ്യാരയുടെ അന്നത്തെ ഡ്രൈവര്‍ എന്റെ മരുമകന്‍ തന്നെയായിരുന്നു.. സംഗീതയുടെ വാടാനപ്പള്ളി വീട്ടിലേക്കായിരുന്നു ഞങ്ങളെ ക്ഷണിച്ചിരുന്നത്.. 

ഈ ചൂട്ടത്ത് ഒരു ഔട്ടിങ്ങ് എനിക്കും ഇഷ്ടമില്ലായിരുന്നു, എന്തെന്നാല്‍ എനിക്ക് ചില ശാരീരികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇനി ഞാന്‍ പോകാതെയിരുന്നല്‍ ഒരു പക്ഷെ രാക്കമ്മക്കും കുട്ടികള്‍ക്കും പോകാന്‍ പറ്റിയെന്നുവരില്ല. ഇനി ഒരു പക്ഷെ ഞാനയിരുന്നെങ്കിലോ അവിടുത്തെ വിഐപ്പി ഗസ്റ്റ് എന്നൊക്കെ ഞാന്‍ ആലോചിക്കാതിരുന്നില്ല. എന്തായാലും ഞാന്‍ പോയി..

അറബി നാട്ടില്‍ ഇരുപത്തിയഞ്ചുകൊല്ലം ശൊഹല്‍ എടുത്ത എന്നെ 45 ഡിഗ്രി സെത്ഷ്യസ്സ് വരെയൊന്നും പേടിപ്പിക്കില്ല. പക്ഷെ അവിടെ ഇടക്കെല്ലാം ശീതീകരിച്ച പീടികയിലും തട്ടുകടയിലുമൊക്കെ മേനി തണുപ്പിക്കാന്‍ കയറി നില്‍ക്കാം.. അങ്ങിനെയൊരു സൂത്രമുണ്ട്.

ഞാന്‍ ഈ വാടാനപ്പള്ളിയിലെത്തിയപ്പോള്‍ വലിയ ചൂടുതന്നെ ആയിരുന്നു. എന്റെ തൃശ്ശൂര്‍ കൊക്കാലയില്‍  ചൂടുണ്ടെങ്കിലും എന്റെ മുറ്റത്ത് നിന്നാല്‍  ആ ചൂടൊക്കെ സഹിക്കാവുന്നതേ ഉള്ളൂ..
ഞാന്‍ പരമാവധി സംഗീതയുടെ അച്ചന്റെ കൂടെ ഉമ്മറത്തിരുന്നു.. ഉമ്മറത്തെ പ്രകൃതിക്കാറ്റില്ലായിരുന്നു. മുറ്റമൊക്കെ വാട്ടര്‍ സ്പ്രിംഗ്ലര്‍ കൊണ്ട് നനച്ചിരുന്നെങ്കിലും ചൂട് ഏറെയായിരുന്നു.. 

ഞങ്ങള്‍ രണ്ട് ബുഡ്ഡകള്‍ അവിടെ ഇരുന്ന് വര്‍ത്തമാനം പറയുന്നതിന്നിടയില്‍ കുട്ടിപ്പട്ടാളങ്ങള്‍ പിന്നാമ്പുറത്തെ പറമ്പിലേക്കിറങ്ങിയിരുന്നു. കൂടെ അമ്പിളി, ബിന്ദു, രാക്കമ്മ, സംഗീത എന്നിവരുടെ കുട്ടീസും, കുട്ടീസുകളുടെ ഫാദര്‍മാരും ഒക്കെ ഉണ്ടായിരുന്നു. അപ്പോള്‍ ഞാനും കൂടെപ്പോയി.

അവിടെ കോലായിലേക്കാളും ചൂട് കുറവായിരുന്നു.. എനിക്ക് അവിടെ എന്റെ ഗ്രാമം ഓര്‍മ്മ വന്നു. പണ്ട് പാറുകുട്ടിയെ തട്ടിയിടാറുള്ള മാതിരി കൊച്ചുകൈത്തോടുകളും മറ്റും ഞാന്‍ ശ്രദ്ധിച്ചു. കുട്ടികള്‍ കശുമാവിന്‍ കൊമ്പില്‍ ചേക്കേറിത്തുടങ്ങി. എനിക്കും അവരെപ്പോലെ മാവിന്‍ കമ്പുകളില്‍ കേറിപ്പറ്റണമെന്നുണ്ടായിരുന്നു. പക്ഷെ ഈ പോട്ടം പിടിക്കുന്ന തിരക്കില്‍ അതിന് സാധിച്ചില്ല..

ഞങ്ങളവിടെ കശുമാവിന്‍ കൊമ്പിലിരുന്നുതകര്‍ക്കുമ്പോള്‍ ആരോ വിളിച്ചു ചായ കുടിക്കാന്‍.. ഞാന്‍ മനസ്സില്‍ പിറുപിറുത്തു……… ഈ ചൂടില്‍ ചായക്കുപകരം ചില്‍ഡ് ബീയര്‍ കിട്ടിയിരുന്നെങ്കില്‍?! ഏതായാലും വീട്ടിന്നകത്ത് കയറി ചായ കുടിച്ചു. കടിക്കാന്‍ ചിപ്സൂം, പീനട്ടും മറ്റുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ ചായയില്‍ മാത്രം ശ്രദ്ധിച്ചു.. 

നല്ല എരുമപ്പാലിന്റെ കട്ടിയുള്ള ചായ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എന്നെ ഇഷ്ടമുള്ള ആരോ കുറച്ച് കൂടുതല്‍ പഞ്ചാര ചേര്‍ത്തിരുന്നു ആ ചായയില്‍. സാധാരണ പ്രമേഹ രോഗിയാണെന്ന് വെച്ച് വിരുന്നുപോകുമ്പോള്‍ എനിക്ക് ചായയില്‍ മധുരം കുറവാണ് കിട്ടാറ്. ഏതായാലും ആദ്യത്തെ ഈ ചായ എന്നെ ശരിക്കും അടിമപ്പെടുത്തി അവര്‍.. 

ആരാണാ ചായയിട്ടത് ചോദിക്കണമെന്നുണ്ടായിരുന്നു. അമ്മയോ മകളോ.? അമ്മയായിരിക്കും. മകള്‍ നല്ല കൈപ്പുണ്യം ഉള്ള കുട്ടിയാണ്.

എറണാങ്കുളത്തെ അവരുടെ വീട്ടില് അവളെപ്പോലെ മൂന്നാളുകളുണ്ടെങ്കിലും ഇവളാണ് അവിടുത്തെ വിളക്ക് ഇവളെക്കഴിഞ്ഞേ മറ്റുള്ളവര്‍ക്കവിടെ സ്ഥനമുള്ളൂ. എലലാവരുടെ മക്കളെയും അവള്‍ സ്വ്ന്തം കുട്ടികളേക്കാള്‍ സ്നേഹിക്കുന്നു. എന്റെ മകള്‍ രാക്കമ്മ ഭാഗ്യവതിയാണ് ഇങ്ങിനെ ഒരു സംഗീതചേച്ചിയെ കിട്ടിയതില്‍.

ചായകുടി കഴിഞ്ഞ് ഞാന്‍ വീണ്ടും ഉമ്മറത്തേക്കിറങ്ങി. അവിടെയിരുന്ന് സംഗീതയുടെ അച്ചനുമായി കൂടുതല്‍ വര്‍ത്തമാനത്തില്‍ ശ്രദ്ധിച്ചു. ചൂട് എന്നെ തഴുകിമറിച്ചിരുന്നെങ്കിലും ഞാന്‍ ഉത്സാഹവാനായിരുന്നു. വിയര്‍പ്പ് കണ്ണിലേക്കിറങ്ങി അസ്വസ്ഥത ഉണ്ടാക്കി. പ്രവീണിനോട് മരുന്നുവാങ്ങിവരാന്‍ പറഞ്ഞു. നിമിഷനേരത്തിന്നുള്ളില്‍ മരുന്ന് കിട്ടി, അത് കണ്ണിലൊഴിച്ചപ്പോള്‍ ഞാന്‍ വീണ്ടും ഉഷാറായി.

രവിയേട്ടന്‍ ചാരുകസേരയിലിരുന്ന് പണ്ടത്തെ ഗള്‍ഫ് ജീവിതം അയവിറക്കി. എനിക്കും ഗ്രാഫിക്ക്സില്‍ കമ്പം ഉണ്ടെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം വാചാലനായി. ഞാന്‍ എന്റെ ഹൈഡല്‍ ബര്‍ഗ്ഗും, റോളണ്ടും മറ്റുമൊക്കെ അവിടെ വിളമ്പി. കൂടാതെ ഞാന്‍ പണ്ട് ജര്‍മ്മനിയിലെ ഡസ്സ്ഡോര്‍ഫില്‍ നാലുകൊല്ലം കൂടുമ്പോള്‍ കാണാറുണ്ടായിരുന്ന ഗ്രാഫിക്ക്സ് എക്സിബിഷനും 4 കളര്‍ പ്രസ്സുകളും മറ്റുമൊക്കെ ഇവിടെ സംസാരവിഷയമായി വന്നു. കൂട്ടത്തില്‍ ക്രോസ്സ് കട്ട് ഗില്ലട്ടിനും മറ്റു ഇവിടെ ഇതുവരെയും കിട്ടാത്ത നൂതന പ്രിന്‍ഡിങ്ങ് മെഷീനുകളും ഒക്കെ ചര്‍ച്ചാവിഷയമായി.

അങ്ങിനെ ഇരിക്കുമ്പോള്‍ പിന്നാമ്പുറത്തുനിന്ന് അദ്ദേഹത്തിന്റെ അനിയന്‍ എന്നെ കള്ളുകുടിക്കാന്‍ ക്ഷണിച്ചു. ഞാന്‍ അവരോട് പറഞ്ഞു, “ഞാന്‍ മദ്യപിക്കില്ല – പക്ഷെ നിങ്ങളുടെ കൂടെയിരുന്നു സൊള്ളാം, എന്തെങ്കിലും കൊറിക്കാം..”

രവിയേട്ടനും അനിയനും മാന്‍ഷന്‍ ഹൌസ് സേവിക്കുമ്പോള്‍ മക്കളും മരുമക്കളും ചില്‍ഡ് ബീയറില്‍ സന്തോഷം കണ്ടെത്തി. എന്നെ വളരെ നിര്‍ബ്ബദ്ധിച്ചുവെങ്കിലും ഞാന്‍ പിന്മാറി. ഒന്ന്നാമത് എനിക്ക് പകല്‍ കള്ളുകുടി ഇഷ്ടമല്ല, പിന്നെ കുടിക്കുമ്പോള്‍ ഇഷ്ടമുള്ള ബ്രാന്‍ഡ് വേണം.. അതൊന്നും ഇവിടെ കണ്ടില്ല.

അവിടെ കൂടിയിരുന്നവര്‍ നല്ല കുടിയന്മാരായിരുന്നു. അതായിരുന്നു അന്നത്തെ വിരുന്നിന്റെ വിജയവും ആഹ്ലാദവും. കുടിക്കിടയില്‍ രവിയേട്ടന്‍ കൂടുതല്‍ വാചാലനായി ഒടുവില്‍ ഒരു ക്വിസ് മാസ്റ്റര്‍ ആയി. എല്ലാവരേയും അടിപറയിപ്പിച്ചും കൊണ്ടിരുന്നു. ഒരിക്കല്‍ ഞാന്‍ ഇടക്ക് കയറി ഒരു അമ്പെയ്ത് ക്വിസ് മാസ്ടറെ ഞെട്ടിപ്പിച്ചു. പിന്നീട് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നെ.

എന്തിനുപറയുന്നു.. രവിയേട്ടന്‍ എന്നെ പെരുത്ത് ഇഷ്ടമായി.. ഒടുവില്‍ എന്നോട്

“ഇനി ജെപി എന്തെങ്കിലും കുടിക്കണം.. എന്നാലേ ഞാന്‍ മുന്നോട്ട് പോകൂ
……
ഞാന്‍ ഓക്കെ പറഞ്ഞു. വീണ്ടും അദ്ദേഹം മക്കളേയും മരുമക്കളേയും ക്വിസ് കൊണ്ട് പൊരിക്കാന്‍ തുടങ്ങി. അതിന്നിടയില്‍ ഞാന്‍ അവരോട്

“ഇനി തന്നോളൂ ഒരു ഡ്രിങ്ക്. ഞാന്‍ റെഡി
അങ്ങിനെ എനിക്ക് ഒരു കുപ്പി ചില്‍ഡ് ടുബോര്‍ഗ് നല്‍കി.. രവിയേട്ടനുവേണ്ടി രണ്ടുകൊല്ലത്തിനുശേഷം ഞാന്‍ വീണ്ടും ചില്‍ഡ് ടുബോര്‍ഗ് കുടിച്ചിട്ട്, പിന്നീട് കുടി വിശേഷം ടീന്‍സുമായി പങ്കുവെച്ചു.

ഞങ്ങള്‍ ഡ്രാഫ്റ്റ് ബീയറിനെക്കുറിച്ചും, മറ്റു മദ്യത്തിലെ പ്രൂഫ നെക്കുറിച്ചുമെല്ലാം ചര്ച്ച ചെയ്തു..
കള്ളുകുടിക്കുന്നതിന്നിടയില്‍ എനിക്ക് കഴിക്കാന്‍ നല്ല്ല പൊരിച്ച അര്‍ക്ക്യ കൊണ്ട് വന്നുതന്നു. മീന്‍ പൊരിച്ചത് എരിവ് കൂടുതലായിരുന്നു. കുട്ടികളുടെ വല്യ പാപ്പന്‍ എനിക്ക്  ഫ്രഷ് ലെമണ്‍ സ്ക്യൂസ് ചെയ്ത് തന്നു.. ഹാ.!! വളരെ രുചിയുള്ളതായിരുന്നു ആ ഫിഷ് ഫ്രൈ.. 

പിന്നെ കഴിക്കാന്‍ പോര്‍ക്ക് ഉണ്ടായിരുന്നെങ്കിലും ഞാന്‍ കഴിച്ചില്ല. മൂന്ന് കഷണം ഫിഷ് ഫ്രൈ ഞാന്‍ രണ്ട് മൂന്ന് കുപ്പി ടുബോര്‍ഗിനോടൊപ്പം സേവിച്ചു..

എല്ലാം കൊണ്ടും ധന്യമായ ദിവസമായിരുന്നു അന്ന്. കള്ളുകുടി കഴിഞ്ഞ് വിഭവ സമൃദ്ധമായ ഊണായിരുന്നു.. എല്ലാം കഴിഞ്ഞ് പിസ്റ്റ ഐസ് ക്രീമും.

ഉണിനുശേഷം പതിവുള്ള ഉച്ചമയക്കത്തിനായി ഞാന്‍  തട്ടിന്‍പുറത്തേക്ക് കയറി.

[ശേഷമുള്ള ബീച്ചിലെ കുളിയും മറ്റുവിശേഷങ്ങളും ബാക്കി വെക്കുന്നു. പിന്നീട് കാണാം]

Saturday, April 5, 2014

പാറുകുട്ടിക്കഥകള്‍ ആയാലോ...?

ഇവിടെ എന്തെങ്കിലും എഴുതിയിട്ട് കുറച്ചുനാളായി. എന്റെ “സ്വപ്നങ്ങള്‍” എന്ന ബ്ളോഗില്‍ ഒരു പുട്ടും കടലയുടെ ഓര്‍മ്മക്കുറിപ്പ് എഴുതിയിരുന്നു. 

  ഇവിടെ ഒരു പാറൂട്ടിക്കഥകള്‍ ആയാലോ എന്നാലോചിക്കുകയാണ്. പാറൂ‍ട്ടിയെ കണ്ടിട്ട് കുറച്ച് നാളായി. എന്നെ കാനഡയിലേക്ക് ക്ഷണിച്ചിരുന്നു. തണുപ്പുകാലമായിട്ട് പോകാമെന്ന് കരുതി ഞാന്‍ ആ ക്ഷണം പെന്‍ഡിങ്ങ് ഫയലിലാക്കി.

 ഒരിക്കല്‍ കാനഡയില്‍ അവളൊത്ത് ഇരുപത്തിനാലുദിവസം കഴിഞ്ഞതിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും എനിക്ക് എഴുതാനായില്ല. അവിടെ രണ്ട് 150 പ്രൂഫ് ബക്കാര്‍ഡിയും ഒരു ടോസ്റ്റും അടിച്ച് വെറും ടീ ഷര്‍ട്ട് ഇട്ട് രണ്ട് ഫര്‍ലോങ്ങ് നടന്ന കഥയാണ് പാറുകുട്ടി എന്നോട് ആവശ്യപ്പെട്ടത്.

 ഞാനത് അല്പം മസാല ചേര്‍ത്ത് എഴുതിയത് അവള്‍ വെട്ടി ശരിക്കുമുള്ള സ്റ്റൈലില്‍ ആവശ്യപ്പെട്ടു. ഞാനത് കുത്തിക്കുറിച്ചിട്ടുണ്ട്. ഇന്നെനിക്കെഴുതാന്‍ ഒരു മൂഡില്ല, നാളെയാകാം..കുറച്ച് ഹോം വര്‍ക്കുണ്ട്.. തിരോന്തരത്ത് നിന്ന് എന്റെ ഒരു ബ്ളോഗ് വായനക്കാരി ഞാന്‍ പണ്ടെഴുതി ബാക്കി വെച്ച “പേയിങ്ങ് ഗസ്റ്റ്” മുഴുവനാക്കാന്‍ പറഞ്ഞിരിക്കുന്നു.

 വയ്യാതെ കിടക്കുന്ന ഒരു രോഗിയാണവള്‍. അവളുടെ റിക്വസ്റ്റ് മാനിച്ച് ഞാന്‍ പേയിങ്ങ് ഗസ്റ്റ് എഴുതിത്തുടങ്ങി. അതിനാല്‍ ഈ കാനഡാ ബക്കാര്‍ഡി+ തല്‍ക്കാലം പെന്‍ഡിങ്ങിലാക്കി.

 എടീ പാറുകുട്ടീ നിന്റെ കഥ ഞാന്‍ കുറച്ച് ദിവസം കഴിഞ്ഞ് ശരിയാക്കിത്തരാം. തല്‍ക്കാലം നീയ്യ് ഞാന്‍ ഇതുവരെ എഴുതിയ “പേയിങ്ങ് ഗസ്റ്റ്” വായിച്ച് കിടന്നുറങ്ങ്.  ഇതാ ലിങ്ക്   Part 1

Thursday, April 3, 2014

കുമാരേട്ടന്റെ പീടികയിലെ പുട്ടും കടലയും

memoir

പണ്ട് പണ്ടെന്നുപറഞ്ഞാല്‍ ഏതാണ്ട് 50 കൊല്ലം പുറകോട്ട്  പോകുകയാണ് ഞാന്‍. ജന്മനാടായ ചെറുവത്താനിയെ ഒരിക്കലും മറക്കില്ല, അവിടെ നിന്ന് തൃശ്ശൂരില്‍ വേരുറപ്പിച്ചുവെങ്കിലും ഓര്‍മ്മകള്‍ എപ്പോഴും തലോടുന്നത് ജന്മനാട്ടിലേതാണ്.

“ടാ ഉണ്ണ്യേ നാളെ സുകുമാരേട്ടന്റെ വീട്ടില്‍ പോയി കടലാസ്സ് ഒപ്പിട്ടുവാങ്ങണം”
ചേച്ചിയുടെ ഈ ഓര്‍ഡര്‍ മനസ്സിലുറപ്പിച്ചായിരിക്കും അന്നത്തെ ഉറക്കം.. കാലത്ത് നേരത്തെ എണീറ്റ് കുളിച്ചിട്ട് വേണം ആര്‍ത്താറ്റ് പഞ്ചായത്ത് പ്രസിഡണ്ട് സുകുമാരേട്ടന്റെ ചമ്മണൂരിലുള്ള വീട്ടിലെത്താന്‍..

സാധാരണ വീട്ടില്‍ കാലത്ത് എന്തെങ്കിലും കഴിക്കാന്‍ കിട്ടണമെങ്കില്‍  ചേച്ചി എണീറ്റ്, ഉമിക്കരിയും ഉപ്പും ചേര്‍ത്ത് പല്ലുതേച്ച്, മാതൃഭൂമി പത്രം ഒന്ന് കണ്ണൊടിച്ചതിന് ശേഷമായിരിക്കും. വീട്ടില്‍ മുറ്റമടിക്കാനും പാത്രം കഴുകാനും, തൊഴുത്തിലെ ചാണകം നീക്കി പശുക്കളെ കുളിപ്പിക്കാനും ഒക്കെ വാല്യക്കാരുണ്ടെങ്കിലും അടുക്കളയില്‍ പെരുമാറാന്‍ ഫുള്‍ടൈം പെണ്ണുങ്ങള്‍ ഉണ്ടായിരുന്നില്ല..

ഒന്നുരണ്ട് പെണ്‍കുട്ട്യോള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് അടുക്കളപ്പണി സ്വന്തമായി ചെയ്യാന്‍ വശമുണ്ടായിരുന്നില്ല. അവരെണീറ്റ ഉടനെ മുറ്റമടിക്കുന്ന പെണ്ണുങ്ങളെ സഹായിക്കാനും, വെറ്റില പൊട്ടിക്കാനും അടക്ക പെറുക്കി വെട്ടി നുറുക്കി ചെല്ലപ്പെട്ടിയിലിടാനും ഒക്കെ ആയിരിക്കും തിരക്ക്. എനിക്ക് പ്രാതല്‍ ഉണ്ടാക്കിത്തരാന്‍ അവര്‍ മെനക്കെടാറില്ല.

പശുവും പാലും മോരും തൈരും ഒക്കെ ധാരാളം ഉള്ള എന്റെ വീട്ടില്‍ എനിക്ക് കാലത്തെണീറ്റ ഉടന്‍ ഒരു ഉശിരന്‍ ചായ ഉണ്ടാക്കിത്തരാന്‍ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ട്യോള്‍ക്കും പണിക്കാര്‍ക്കും ശര്‍ക്കര കാപ്പിയാണ്  കൊടുക്കുക. ചേച്ചിയുടെ ശിങ്കിടിയായി നില്‍ക്കുന്ന പെണ്‍കുട്ട്യോള്‍ക്ക് പാലൊഴിച്ച ശര്‍ക്കരക്കാപ്പി കുടിക്കാം. പഞ്ചസാരക്ക് അന്ന് ക്ഷാമമായിരുന്നു. അതിനാല്‍ പഞ്ചസാര ഭരണി ചേച്ചി അലമാരയില്‍ പൂട്ടി വെക്കും. അതിന്റെ താക്കോല്‍ ചേച്ചിയുടെ അരയിലായിരിക്കും.

ചില ദിവസങ്ങളില്‍ ഞാന്‍ കാലത്തെണീറ്റ് കുളിക്കാതെ വടക്കോറത്തെ തിണ്ണയില്‍ പെണ്ണുങ്ങള്‍ മുറ്റമടിക്കുന്നത് നോക്കി ഇങ്ങിനെ ഇരിക്കും.. ആ ഇരിപ്പ് ചിലപ്പോള്‍ എന്നെ കാപ്പിയും പലഹാരവും കഴിക്കാന്‍ വിളിക്കുന്നത് വരെ നീളും..

ചില പെണ്ണുങ്ങളുടെ മുറ്റമടി കാണാന്‍ നല്ല രസമായിരിക്കും. അവര്‍ കുമ്പിട്ട് മുറ്റമടിക്കുമ്പോല്‍ ഞാനെന്ന ഉണ്ണി അവരുട ഉലഞ്ഞാടുന്ന മുലകളെ നോക്കി രസിക്കും.. ഞാന്‍ അത് ശ്രദ്ധിക്കുന്നുവെന്ന് അറിഞ്ഞാല്‍ ചിലര്‍ അവരുടെ ക്ലീവേജ് പ്രദര്‍ശിപ്പിച്ച് എന്നെ ചൊടിപിടിപ്പിക്കും, അല്ലെങ്കില്‍ മത്തുപിടിപ്പിക്കും. ചേച്ചിയുടെ കണ്ണുവെട്ടിച്ച് അവരുടെ പുറത്ത് കേറാന്‍ എളുപ്പമല്ല. എന്നാലും ചിലപ്പോളൊക്കെ അത് തരപ്പെടാറുണ്ട്.

എനിക്ക് കാലത്തെണീറ്റ് ഒരു തുള്ളി ചൂടുവെള്ളം കുടിക്കാതെ അഞ്ചെട്ട് നാഴിക അകലെയുള്ള ചമ്മണൂര്‍ സുകുമാരേട്ടന്റെ വീട് വരെ സൈക്കിള്‍ ചവിട്ടി സിമന്റ് പാസ്സ് ഒപ്പിട്ട് വാങ്ങിപ്പിക്കാന്‍ വലിയ ഉഷാറുണ്ടായിരുന്നില്ല. പിന്നെ ഈ കഷ്ടപ്പാടൊക്കെ സ്വയം ഏറ്റെടുത്താലെ സ്വന്തമായൊരു കൂര ഉണ്ടാകൂ എന്നാലോചിക്കുമ്പോള്‍ ഞാന്‍ കാലത്തെ എന്റെ ജെറ്റ് സൈക്കിളില്‍ പായും.

അന്നത്തെ കാലത്ത് നൂറില്‍ ഒരു വീട്ടിലെ ഒരു സൈക്കിള്‍ ഉണ്ടാകൂ ഇംഗ്ലണ്ട് റാലി സൈക്കിള്‍ പതിനായിരത്തില്‍ ഒരു വീട്ടില്‍ മാത്രം. എനിക്ക് എന്റെ അച്ചന്‍ സിലോണില്‍ നിന്ന് ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ കൊണ്ട് തന്നിരുന്നു. ഞാന്‍ അതിലാ‍യിരുന്നു കറക്കം. ഇന്ന് ഒരു മെര്‍സീഡിസ് ബെന്‍സ് ഓടിക്കുന്ന പത്രാസ് ഈ റാലി സൈക്കിളിന് ഉണ്ടായിരുന്നു.
വല്ലപ്പോഴും പാറേലങ്ങാടിയിലുള്ള ചാക്കപ്പായി ഏട്ടന്റെ സൈക്കിള്‍ കടയില്‍ ഇത് സര്‍വ്വീസിങ്ങിന് കൊണ്ടുപോകുമ്പോള്‍ അവിടെത്തെ മേസ്ത്രി എന്നോട് കുശലം പറയാന്‍  വരും. അങ്ങാടിയിലെ പിള്ളേര്‍ നോക്കി നില്‍ക്കും ഞാന്‍ ഈ റാലി സൈക്കിളില്‍ ചെത്തി പായുന്നത് കണ്ടിട്ട്.

എന്റെ സൈക്കിളിന് മാത്രമായിരുന്നു  അന്ന് സെന്റര്‍ സ്റ്റാന്‍ഡും സ്റ്റ്രാപ്പ് ലോക്കും ഉണ്ടായിരുന്നത്. അത് നാട്ടുകാര്‍ക്ക് ഒരു അത്ഭുതമായിരുന്നു. അച്ചന്‍ ആ സൈക്കിള്‍ ഒരു കൂട്ടുകാരന്‍ വശം തൃശ്ശൂര്‍ K. R. Buscuit Company യിലെ മേനേജര്‍ കെ. ആര്‍. മാമന്റെ അടുത്ത് ഏല്‍പ്പിച്ചത്. അത് അവിടെ വന്ന ഉടന്‍ എന്റെ ചേച്ചിക്ക് മാമന്‍ ഒരു കാര്‍ഡ് അയച്ചു. അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ടെലഫോണ്‍ സൌകര്യം ഉണ്ടായിരുന്നില്ല, ആകെ ഒരു ഫോണ്‍+കമ്പി ആപ്പീസ് കുന്നംകുളത്തോ അല്ലെങ്കില്‍ ഞമനേങ്ങാട്ടോ ആയിരുന്നു. അതിനാല്‍ ആ കാലത്ത് എല്ലാരും പോസ്റ്റ് മാന്‍ വരുന്നത് കാത്തിരിക്കും വൈകിട്ട്.

കെ. ആര്‍. മാമന്റെ കാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ തുള്ളിച്ചാടി. പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ട് തൃശ്ശൂര്‍ക്ക് വണ്ടി കയറി.. മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ വണ്ടി ഇറങ്ങി നാലുമണി വരെ അവിടെയും ഇവിടേയും ഒക്കെ കറങ്ങി എന്തെങ്കിലും കഴിക്കാന്‍ തീരുമാനിച്ചു. അന്നത്തെ കാലത്ത് നാട്ടിന്‍ പുറങ്ങളില്‍ നിന്ന് തൃശ്ശൂര്‍ വരുന്നവര്‍ക്ക് പ്രിയം പത്തന്‍സില്‍ നിന്നൊരു മസാല ദോശ അല്ലെങ്കില്‍ കാസിനോ ഹോട്ടലിലെ ബിരിയാണി+ഫ്രൂട്ട് സലാഡ്.. ഞാന്‍ ഇതിലെന്തോ കഴിച്ച് കെ. ആര്‍. മാമന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.മാമന്‍ എന്നെക്കണ്ട് അടുത്തേക്ക് വിളിച്ച് കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മ വെച്ചു.. “ഉണ്ണിയുടെ പഠിത്തമൊക്കെ എങ്ങിനെ? കൃഷ്ണന്‍ [മൈ ഫാദര്‍] നിന്നെ വളരെ പ്രിയമാണ്, അതാണല്ലോ ഇത്രയും ത്യാഗം സഹിച്ച് സിലോണില്‍ നിന്നും ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ ഇറക്കുമതി ചെയ്തത്. മോന്‍ പഠിച്ച് വലിയവനാകണം, അതാണ് നിന്റെ അച്ചന്റേയും ഈ മാമന്റേയും ആഗഹം..”

ഞാന്‍ ഈ കെ. ആര്‍. മാമനെ ഇന്നും ഓര്‍ക്കും. ഞങ്ങള്‍ക്ക് തൃശ്ശൂര്‍ വരുമ്പോളൊരു അത്താണിയാണ്‍ കെ. ആര്‍. ബിസ്കറ്റ് കമ്പനി.. അന്നൊക്കെ ഹോട്ടലുകളില്‍ തന്നെ വൃത്തിയുള്ള ടോയലറ്റുകള്‍ കുറവായിരുന്നു. ആ കാര്യത്തിനും നല്ലൊരു ചായ കുടിച്ച് വിശ്രമിക്കാനും ഒക്കെ പറ്റിയ ഒരിടമായിരുന്നു കെ. ആര്‍. ബിസ്കറ്റ് കമ്പനി.

ഞാന്‍ വളരെ വൈകിയാണ് മനസ്സിലാക്കിയത് ഈ കെ. ആര്‍. മാമന്റെ മകനായിരുന്നു തൃശ്ശൂരിലെ മുന്‍ മേയര്‍ രാധാകൃഷ്ണന്‍.. എനിക്ക് കോര്‍പ്പറേഷന്‍ ലെവലില്‍ കുറേ കാര്യം സാധിക്കാനുണ്ടായിരുന്നു.. ഞാന്‍ ഈ രാധാകൃഷ്ണന്‍ ചേട്ടനെ പരിചയപ്പെടും മുന്‍പേ അദ്ദേഹം വിരമിച്ചിരുന്നു..

അങ്ങിനെ ഞാന്‍ ആ ദിവസം ഏതാണ്ട് 4 മണിക്ക് പത്തന്‍സ് ഹോട്ടലില്‍ നിന്നും ഒരു മസാല ദോശയും കാപ്പിയും കഴിച്ചായിരുന്നു മാമന്റെ അടുത്തെത്തിയത്.. സൈക്കിള്‍ ഏറ്റുവാങ്ങി മുപ്പത് നാഴികയുള്ള ചെറുവത്താനിയിലേക്ക് പാഞ്ഞു..

കുന്നംകുളം വരെ നല്ല റോഡായിരുന്നു. അവിടെ നിന്നും ചെറുവത്താനിയിലെത്തുമ്പോളെക്കും സന്ധ്യ മയങ്ങിയിരുന്നു. ചെറോക്കഴ വരെ മാത്രമായിരുന്നു ടാറിട്ട റോഡും, തെരുവുവിളക്കുകളും. ഞാന്റെ സൈക്കിളിന്റെ വിളക്കുകള്‍ തെളിയിച്ച് ചെറുവത്താനിയിലേക്ക് പാഞ്ഞു.

വീട്ടിലെത്തിയ എനിക്ക് കാര്യമായ വരവേല്പൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ വിചാരിച്ചു എന്റെ കൂട്ടുകാരും ചേച്ചിയും കൂടി നിലവിളക്കും നിറപറയുമായി ഈ റാലി സൈക്കിളിനെ വരവേല്‍ക്കുമെന്ന്..

അങ്ങിനെ ഞാന്‍ ഒരു ഇംഗ്ലണ്ട് റാലി സൈക്കിളിന്റെ ഉടമയായി.. അത്താഴം കഴിഞ്ഞ് നോക്കിയപ്പോള്‍ ഒരു പുക വിടാനായി ഒരു ബീഡി കിട്ടിയില്ല. അതൊക്കെ എന്റെ അനിയന്‍ ശ്രീരാമന്‍ പുകച്ചുകളഞ്ഞിരുന്നു. ഞാന്‍ പടിഞ്ഞാറെയിലെ ഗോപാലേട്ടന്റെ വീട്ടില്‍ പോയി നാലും കൂട്ടി മുറുക്കി ഒരു ആപ്പിള്‍ ഫോട്ടോ ബീഡിയും വലിച്ച് ഗോപാലേട്ടനോട് സൈക്കിളിന്റെ വീരസാഹസ കഥകള്‍ പറഞ്ഞു.

ഞാന്‍ വിചാരിച്ചു ഗോപാലേട്ടന്‍ ഇതൊക്കെ കേട്ട് ത്രില്ലാകുമെന്ന്. ഗോപാലേട്ടന്‍ ഒരു സിമ്പിള്‍ തലകുലുക്കം മാത്രം സമ്മാനിച്ചു. പിന്നീടാണെനിക്ക് മനസ്സിലായത് ഗോപാലേട്ടന്‍ സിലോണില്‍ ആയിരുന്നെന്നും ഇതുപോലെത്തെ പല സൈക്കിളുകളും ചവിട്ടിയിട്ടുണ്ടെന്നും എല്ലാം.
അങ്ങിനെ ആയിരുന്നു എന്റെ സൈക്കിള്‍ ചരിത്രം..

അങ്ങിനെയുള്ള ഈ സൈക്കിളിലില്‍ ആയിരുന്നു സുകുമാരേട്ടന്റെ വീട്ടിലേക്കുള്ള പ്രയാണം. വീട്ടില്‍ നിന്ന് വരും വഴി തേവരെ വണങ്ങി തെക്കേപ്പുറം റോഡിലൂടെ കയറി നേരെ ചിറ്റഞ്ഞൂര്‍ വഴി – തെക്കെ അങ്ങാടിയുടെ സൈഡില്‍ കൂടി  കുന്നംകുളം ഗേള്‍സ് ഹൈ സ്കൂളിന്റെ പുറകില്‍ കൂടി പോകണം ഈ ആര്‍ത്താറ്റ് പഞ്ചായത്ത് സുകുമാരേട്ടന്റെ വീട്ടിലെത്താന്‍.

അവിടം വരെ വെറും വയറ്റില്‍ നോണ്‍ സ്റ്റോപ്പായി സൈക്കിള്‍ ചവിട്ടാനുള്ള ഇന്ധനം വയറ്റില്‍ ഉണ്ടാവില്ല. അതിനാല്‍ കണ്ടറിഞ്ഞ് എന്റെ ചേച്ചി ചായ കുടിക്കാനുള്ള കാശ് തരും.

അങ്ങിനെയാണ് അയിനിപ്പുള്ളി സത്യന്റെ വീട്ടിന്‍ മുന്നിലുള്ള കുമാരേട്ടന്റെ ചായപ്പീടികയില്‍ ഒരു ദിവസം ചായ കുടിക്കാന്‍ കയറിയത്. അവിടെ നിന്ന് പുട്ടു കടലയും ഓര്ഡര്‍ കൊടുത്തു. ഞാന്‍ കടല പുട്ടില്‍ കുഴച്ച്   ചേര്‍ക്കുന്നതിന്നിടയില്‍ കുമാരേട്ടന്‍ രണ്ട് ചൂടുപപ്പടം എന്റെ പ്ലേറ്റില്‍ വെച്ചിട്ട് പറഞ്ഞു ഇതും കൂട്ടി കുഴച്ചുകഴിക്കാന്‍. എനിക്ക് ഒട്ടും തൃപ്തിയുണ്ടായിരുന്നില്ല ആ കോമ്പിനേഷന്‍. എന്തെന്നാല്‍ ഞാന്‍ പപ്പടം കഴിക്കാറില്ല.

ഒരിക്കല്‍  വടക്കാഞ്ചേരി താഹസില്‍ ദാര്‍ ആപ്പീസില്‍ പോയി മടങ്ങവേ ഓട്ടുപാറയില്‍ ഇറങ്ങേണ്ടി വന്നു. കുന്നംകുളത്തേക്കുള്ള ബസ്സിന്പകരം തെറ്റി ഷൊര്‍ണൂര്‍ ബസ്സില്‍ കയറിയതായിരുന്നു സംഭവം. അങ്ങിനെ ഓട്ടുപാറയില്‍ ഇറങ്ങി കുന്നംകുളം ബസ്സ് പിടിക്കുന്നതിന്നിടയിലാണ് പപ്പടം ഇടിക്കുന്ന പെണ്ണുങ്ങളെ കണ്ടത്.

ഒരു വലിയ വട്ടത്തിലുള്ള കരിങ്കല്ലില്‍ ഉലക്ക കൊണ്ടായിരുന്നു അന്ന് പപ്പടം ഇടിച്ച് മയപ്പെടുത്തിയിരുന്നത്.. ആ പെണ്ണുങ്ങള്‍ മാറുമറച്ചിരുന്നത് സാരിത്തലപ്പുകൊണ്ട് തന്നെ. ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി മലയാളി മങ്കമാരല്ലെന്ന്..

എന്റെ ശ്രദ്ധ അല്പനേരത്തേക്ക് പപ്പടം ഇടിയില്‍ തറച്ചുനിന്നു. പപ്പടം ഇടിക്കുന്നതിന്നിടയില്‍ വിയര്‍പ്പുതുള്ളികള്‍ ഈ പപ്പടപ്പിട്ടില്‍ ഇറ്റിറ്റുവീഴുന്നത് കണ്ടു. പോരാത്തത്തിന്‍ ഉലക്കയിന്മേല്‍ ഡ്രൈനെസ്സ് വരുമ്പോള്‍ അതിന്മേല്‍ ഈ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് തന്നെ ഉഴിയും. പിന്നെ ഈ പപ്പടം ഇടിക്കുന്നത് ആളൊഴിഞ്ഞ ഒരു പറമ്പിന്റെ മൂലയിലും. ചിലപ്പോള്‍ അതുവഴി വരുന്ന ഉറുമ്പും പ്രാണികളും ഒക്കെ ഇതില്‍ പെട്ടെന്ന് വരാം. അങ്ങിനെ ഒരു പക്ഷെ ചില പപ്പടങ്ങള്‍ നോന്‍ വെജിറ്റേറിയനും ആകാം.

ഈ പപ്പടത്തിന്റെ കഥ പറയുമ്പോളാണ്‍ എനിക്ക് അമരക്കായുടെ കഥ ഓര്‍മ്മ വന്നത്. ഞങ്ങളുടെ വീട്ടില്‍ അന്ന് ധാരാളം അമരക്ക വിളയുമായിരുന്നു. അന്നൊക്കെ എല്ല്ലാ പച്ചക്കറിയും വീട്ടുവളപ്പില്‍ തന്നെ. വല്ല കല്യാണത്തിനും അടിയന്തിരത്തിനുമൊക്കെ ആണ്‍ പച്ചക്കറി പീടികയില്‍ പോകുക.

വട്ടന്‍ കൊയ്തു കഴിഞ്ഞാല്‍ കാറ്റുകാലമാകും. ഈ വട്ടന്‍ പാടത്ത് മത്ത, കുമ്പളം, പടവലം, വെള്ളരി എന്നിവ കൃഷി ചെയ്യും.. കുളക്കരയിലുള്ള പാടത്ത് കുഴി എടുത്ത് അതില്‍ ചവറിട്ട് കത്തിച്ച്, നാലുദിവസം കഴിഞ്ഞ് വിത്ത് നടും. എല്ലാം പറിക്കാനുള്ള പാകമായാല്‍ എന്നും നല്ല പച്ചക്കറിക്കൂട്ടനുണ്ടാകും. അല്ലെങ്കില്‍ മിക്ക ദിവസവും മീന്‍ കൂട്ടാന്‍ മാത്രം. മീനില്ലാതെ വരുന്ന നാളില്‍ ഉണക്ക മീന്‍ പച്ചത്തേങ്ങ അരച്ച് കറി വെക്കും. പിന്നെ ഉണക്ക മുള്ളനും മാന്തളും ചുട്ടോ വറുത്തോ തരും.

മഴക്കാലത്ത് കഴിക്കാനായി മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക എന്നിവ വാഴപ്പോളകള്‍ കൊണ്ട് കെട്ടി ഉമ്മറത്തെ കഴുക്കോലില്‍ കെട്ടി ഞാത്തും. ഇങ്ങിനെ ഒക്കെ ആയിരുന്നു ഞങ്ങളുടെ നാട്ടുസമ്പ്രദായം.

നമ്മള്‍ അമരക്കാ സ്റ്റോറിയിലേക്ക് വരാം.. അമരക്ക മെഴുക്കുപുരട്ടി വെക്കുന്ന അന്ന് ഒരു മുറാം അമരക്ക പൊട്ടിച്ച് പണിക്കാരായ പെണ്ണുങ്ങള്‍ അടുക്കളത്തളത്തില്‍ ഇതിന്റെ ഞെണ്ട് പൊട്ടിച്ച് അരിയാന്‍ തുടങ്ങും. പുഴുക്കളുള്ള അമരക്കാ തെങ്ങിന്‍ തടത്തിലിടാന്‍ മാറ്റി കൊട്ടയില്‍ വെക്കും.
ഞാനും മുത്തുവും കൂടി ഈ വേസ്റ്റ് അമരക്കാ വേവിച്ച് വെളുത്തുള്ളി കൊണ്ട് താളിച്ച് സേവിക്കും.. ഹാ എന്തൊരു ടേസ്റ്റായിരിക്കും ഈ മെഴുക്കുപുരട്ടിക്ക്.. ഞാന്‍ ഒരിക്കല്‍ മുത്തുവിനോട് ചോദിച്ചു……..

“എന്താടാ മുത്തൂ‍ അമ്മ വെക്കുന്ന കൂ‍ട്ടാനേക്കാളും ടേസ്റ്റ് നീയുണ്ടാക്കുന്ന ഈ വേസ്റ്റിന്..?“

അവന്‍ ചിരിച്ചുംകൊണ്ടോതി

“അതേയ് എന്റെ പൊട്ടന്‍ മരുമകാ…….. ഇത് നോണ്‍ വെജിറ്റേറിയന്‍ അമരക്കാ കൂട്ടാനാണ്. ഇതിലെ പുഴുക്കളുടെ ഇറച്ചിയും ഉണ്ട് ഞാനുണ്ടാക്കുന്ന കൂട്ടാനില്‍. “

എനിക്ക് അല്പനേരത്തേക്ക് ഓക്കാനം വന്നുവെങ്കിലും പില്‍ക്കാലത്ത് ഞാനും ഈ സമ്പ്രദായം ജീവിതത്തില്‍ പകര്‍ത്തി. എന്റെ കെട്ട്യോള്‍ക്ക് ഇതൊന്നും സഹിച്ചില്ല കുറേ നാളത്തേക്ക്.ഇന്നാണെങ്കില്‍ എല്ലാം വിഷമയമായതിനാല്‍ നോണ്‍ വെജിറ്റേറിയന്‍ പച്ചക്കറി കിട്ടാതേയും ആയി.

അങ്ങിനെ കുമാരേട്ടന്റെ പീടികയില്‍ നിന്ന് കഴിച്ച പുട്ടും കടലയും പപ്പടവും ഇപ്പോളും ഓര്‍മ്മ വരുന്നു. പില്‍ക്കാലത്ത് ഞാന്‍ കഴിച്ച ഒരു പുട്ടിനും ഈ രുചി കിട്ടിയില്ല. ഇന്നും കൂടെ എന്റെ വീട്ടില്‍ പുട്ടും കടലയും ആയിരുന്നു.

എന്റെ പിതാവിന്റെ പ്രായമുള്ള കുമാരേട്ടന്‍ ഒരു പക്ഷെ ഇപ്പോള്‍ ഇഹലോകവാസം വെടിഞ്ഞുകാണും.

ഈ കൊച്ചു ഓര്‍മ്മക്കഥ ഞാന്‍ കുമാരേട്ടന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. ഇഹലോകത്തിലായാലും പരലോകത്തായാലും കുമാരേട്ടന്‍ ഇത് വായിക്കുമല്ലോ..

കുറിപ്പ് : മുകളില്‍ ഞാന്‍ ചേച്ചിയെന്ന്  പറഞ്ഞിരുന്നത് എന്റെ പെറ്റമ്മ തന്നെ. പിന്നെ മുത്തു : എന്റെ ഇളയ അമ്മാ‍മന്‍