മുപ്പത്തിനാലാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2009/09/34.html
ഉണ്ണി തീരെ അവശനായിരുന്നു വീണ വായനക്ക് ശേഷം. അല്പസമയത്തിന്‍ ശേഷം പാര്‍വ്വതിയേയും കൂട്ടി വീട്ടിലേക്ക് യാത്രയായി. യാത്രാവേളയില്‍ പാര്‍വ്വതി മൌനം പൂണ്ടു.
പാര്‍വ്വതി ആലോചിക്കുകയായിരുന്നു ഉണ്ണിയുടെ അപാര കഴിവുകളെപ്പറ്റി. എത്ര സുന്ദരമായി വീണ വായിക്കുന്നു ഉണ്ണി. വര്‍ഷങ്ങളായി പാടാറില്ല, സംഗീതോപകരണങ്ങള്‍ തൊട്ടിട്ടില്ല എന്നൊക്കെ പറഞ്ഞാലും എത്ര ഭംഗിയായി വിരലുകള്‍ കൃത്യമായി കമ്പികളില്‍ കൂടി ഓടി സുന്ദരമായ നാദലയം പുറത്ത് വരുന്നു.
ഇനിയെന്തൊക്കെയാണാവോം ഞാനറിയാത്ത കഴിവുകള്‍ ഉണ്ണ്യേട്ടന്‍. എന്നാലും ഈ വീണ വായന അത്ഭുതം തന്നെ. എനിക്ക് പഠിപ്പിച്ച് തരാന്‍ ഉണ്ണ്യേട്ടനോട് പറയണം. പാര്‍വ്വതിയുടെ കര്‍ണ്ണങ്ങളില്‍ വീണാ നാദം മുഴങ്ങിക്കൊണ്ടിരുന്നു.
"ഓമന തിങ്കള്‍ ........................."
ഉണ്ണിയുടെ വാഹനം വീട്ടുപടിക്കല്‍ എത്തിയതറിഞ്ഞില്ല പാര്‍വ്വതി. അവള്‍ ഏതോ ലോകത്തിലായിരുന്നു. കാറിന്റെ ഹോണ്‍ മുഴങ്ങിയപ്പോളാണ് പാര്‍വ്വതിക്ക് സ്ഥലകാല ബോധമുണ്ടായത്.
രണ്ട് പേരും വീട്ടിന്നകത്തേക്ക് കയറി. സമയം എട്ടര മണി കഴിഞ്ഞിരിക്കുന്നു. ഉണ്ണി ഇപ്പോഴും തികച്ചും അസ്വസ്ഥനായി കാണപ്പെട്ടു. പാര്‍വ്വതി പേടിച്ച് ഒന്നും ചോദിച്ചില്ല.
ഇതൊക്കെ അറിയാമായിരുന്നെങ്കില്‍ നങ്ങേലി അമ്മായിയുടെ വീട്ടിലേക്ക് ഒരിക്കലും പോകാന്‍ നിര്‍ബ്ബന്ധിക്കുമായിരുന്നില്ല. ഉണ്ണിയേട്ടന്റെ ഞാനറിയാത്ത ഒരു കഴിവിനെ പറ്റി അറിഞ്ഞതൊഴിച്ചാല്‍ അവിടെ പോയത് തികച്ചും മാനസിക സംഘര്‍ഷം ഉണ്ടാക്കി. എന്ത് ചെയ്യാം ഓരോ വിധി. അതല്ലേ പറയാന്‍ പറ്റൂ...
ഉണ്ണി കുളിച്ച്, ഭസ്മക്കുറി തൊട്ട് പൂജാമുറിയിലെ ദൈവങ്ങളെ വണങ്ങിയശേഷം കിടക്കാനൊരുങ്ങുകയായിരുന്നു. ഉണ്ണിയുടെ മുഖം അപ്പോഴും മ്ലാനമായി അനുഭവപ്പെട്ടു പാര്‍വ്വതിക്ക്. പാര്‍വ്വതി ഭയന്നിട്ടാണെങ്കിലും ചോദിച്ചു.
"ഭക്ഷണം എടുത്ത് വെക്കട്ടെ ?"
"എനിക്ക് വേണ്ട. നീ പോയി കഴിച്ചോ.. ഞാന്‍ കിടക്കാന്‍ പോകയാ.."
അത്താഴപ്പട്ടിണി പാടില്ലാ എന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞാല്‍ പൊട്ടിത്തെറിക്കുമോ എന്ന് ഭയന്ന് ഒന്നും മിണ്ടിയില്ല. സ്വയം കഴിച്ചതും ഇല്ല. പാര്‍വ്വതി ഡൈനിങ്ങ് ടേബിളില്‍ തല ചായ്ച്ചു........
സമയം പത്ത് മണിയായതറിഞ്ഞില്ല. ഉണ്ണി ഗാഡനിദ്രയിലായി കഴിഞ്ഞിരുന്നു. പാര്‍വ്വതിയും അത്താഴം കഴിക്കാതെ കൂടെ പോയി കിടന്നു.
ഉണ്ണിയെ കെട്ടിപ്പിടിച്ചപ്പോള്‍ ഉണ്ണി പാര്‍വ്വതിയുടെ കൈയെടുത്ത് മാറ്റി. അല്പം നീങ്ങിക്കിടന്നു.
പാര്‍വ്വതിക്ക് അന്ന് ഉറങ്ങാനായില്ല. എന്തേ എന്റെ ഉണ്ണ്യേട്ടന്‍ പറ്റിയേ. നങ്ങേലി അമ്മായിയുടെ വീട്ടില്‍ പോയി എന്നേ ഉള്ളൂ. എങ്ങിനെയായിരുന്നു സാവിത്രിക്കുട്ടിയുടെ അന്ത്യം. പലതും ചോദിക്കണമെന്നുണ്ടായിരുന്നു ഉണ്ണിയേട്ടനോട്. ഒന്നും സാധിച്ചില്ല.
പാവം ഉണ്ണ്യേട്ടന്‍ എന്തെല്ലാം വിഷമങ്ങള്‍ പേറി നടക്കുന്നു.ഓഫീസും, വീടും ചുറ്റുപാടും പിന്നെ ഈ എന്നേയും.
നേരം പാതിരായോടടുത്തു. അപ്പോളാ പാര്‍വ്വതിക്ക് ഉറങ്ങാനായത്. എന്നാലും ആറ് മണിക്ക് തന്നെ ഉണ്ണിയുടെ കൂടെ എഴുന്നേറ്റു,
രണ്ട് പേരും കുളി കഴിഞ്ഞ് കോലായില്‍ വന്നിരുന്നു. പാര്‍വ്വതി പത്രമെടുത്ത് ഉണ്ണിക്ക് കൊടുത്തു. പതിവില്ലാത്ത വിധം പാര്‍വതി രണ്ട് കപ്പ് കാപ്പിയുമായെത്തി. ഒരു കപ്പ് ഉണ്ണിക്ക് കൊടുത്ത ശേഷം തിണ്ണയില്‍ ഉണ്ണിയോട് ചേര്‍ന്നിരുന്നു.
"ഉണ്ണ്യേട്ടാ..?
ഹൂം....
++
"ഉണ്ണിയേട്ടന്‍ ഓഫീസില്‍ പോകുന്നുണ്ടോ ഇന്ന് ?"
ഉണ്ട്, നീ വരുന്നോ ?
ഇല്ല ഞാനില്ല
"എന്നാ നീ ഓഫീസില്‍ പോയി തുടങ്ങുന്നത് ?
എന്നും വീട്ടിലിരുന്നാല്‍ മതിയോ ?
പാര്‍വ്വതി ഒന്നും മിണ്ടിയില്ല.
"പാര്‍വ്വതീ നീ എന്താ ഒന്നും മിണ്ടാത്തെ?"
നിന്റെ അമ്മയെ കണ്ടിട്ടെത്ര നാളായി പാര്‍വ്വതീ. ?
പാര്‍വ്വതി പ്രതികരിച്ചില്ല.
"ചോദിച്ചത് കേട്ടില്ലേ പാര്‍വ്വതീ..?
കേട്ടു.
പിന്നെന്താ ഒന്നും മിണ്ടാത്തെ...?
വല്ലപ്പോഴുമൊക്കെ പെറ്റ തള്ളയെ പോയി കാണേണ്ടെ. അവരുടെ സുഖവിവരങ്ങളൊക്കെ ഒന്ന് പോയി അന്വേഷിക്കേണ്ടെ?
ഉണ്ണിയുടെ ചോദ്യം കേട്ട് പാര്‍വ്വതി അമ്പരന്നു.
"ഞാന്‍ നാളെ പാര്‍വ്വതിയെ നിന്റെ വീട്ടില്‍ കൊണ്ടുപോകാം.."
പാര്‍വ്വതി പോയി ഡ്രസ്സ് മാറി വരൂ. നമുക്ക് തൃശ്ശൂര്‍ പോയി വരാം.
"എന്താ ഉണ്ണ്യേട്ടാ തൃശ്ശൂരില്‍ പ്രത്യേകിച്ച്..?"
അതൊക്കെ കാണിക്കാം.
ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് തൃശ്ശൂര്‍ക്ക് യാത്രയായി. അവിടെ ചെന്നപ്പോള്‍ വടക്കുന്നാഥനേയും, പാറമേക്കാവമ്മയേയും വണങ്ങാന്‍ മറന്നില്ല.
"പാര്‍വ്വതി പാറമേക്കാവമ്മയോട് കേണപേക്ഷിച്ചു."
അമ്മേ എനിക്ക് ഇത് വരെ സന്താന ഭാഗ്യമുണ്ടായിട്ടില്ല. എന്നെ അനുഗ്രഹിക്കേണമേ അമ്മേ. ഗര്‍ഭിണിയാകാന്‍ പറ്റിയ എത്രയോ ദിവസങ്ങള്‍ കടന്ന് പോയി. എത്ര ശ്രമിച്ചിട്ടും ഫലം കണ്ടില്ലല്ലോ അമ്മേ. എന്നെ കൈവിടല്ലേ അമ്മേ, ജഗദാംബികേ, മഹാമായേ.
ഏതൊരു സ്തീയുടെയും ആഗ്രഹമല്ലേ ഒരു അമ്മയാകാന്‍, ഞാന്‍ വേറെ ഒന്നും ആഗ്രഹിച്ചില്ലല്ലോ..?
പാര്‍വ്വതി അമ്പലനടയില്‍ നിന്ന് മാറിയതേ ഇല്ല. മനസ്സുരുകി വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു...
+++
വരൂ പാര്‍വ്വതീ, നമുക്ക് നടക്കാം.
ഉണ്ണി പാര്‍വ്വതിയെ ഹൈ റോഡിലുള്ള അരിയങ്ങാടിക്ക് സമീപമുള്ള ഒരു വലിയ സ്വര്‍ണ്ണാഭരണക്കടയിലേക്ക് കൊണ്ട് പോയി.
"എനിക്കത്യാവശ്യം വളകളും മാലകളും ഒക്കെ ഉണ്ടല്ലോ ഉണ്ണ്യേട്ടാ? "
ഇനിയെന്തിനാ ഇനിക്ക് ഇനി സ്വര്‍ണ്ണം ?
"ഇന്ന് സ്വര്‍ണ്ണം വാങ്ങാന്‍ ഉത്തമ ദിനം ആണ്. അക്ഷയതൃദീയ."
പോരാത്തതിന്‍ വിവാഹമോ മറ്റോ അടുത്ത് വന്നാല്‍ പിന്നെ ഓടാനും മറ്റും പറ്റില്ലല്ലോ?
"വിവാഹമോ? ആരുടെ..?"
പാര്‍വ്വതിക്കൊന്നും മനസ്സിലായില്ല. ഉണ്ണി ഷോപ്പിന്റെ കൌണ്ടറില്‍ ചെന്നിരുന്നു. സ്വര്‍ണ്ണക്കടക്കാരന്‍ ഉണ്ണിയെ മുന്‍പ് അറിയുന്ന പോലെ സംസരിച്ചുതുടങ്ങി.
"എന്താ സാറെ വിശേഷങ്ങള്‍..?
അങ്ങിനെ പ്രത്യേകിച്ചൊന്നും ഇല്ല. ഈ കുട്ടിക്ക് കുറച്ച് ആഭരണങ്ങള്‍ വേണം. പ്രത്യേകമായി ലേറ്റസ്റ്റ് ഫേഷനിലുള്ള ഒരു നെക്ക് ലേസും, കുറച്ച് വളകളും...
സെയിത്സ് മേന്‍ പാര്‍വ്വതിയെ കൌണ്ടറിനടുത്തേക്ക് വിളിച്ചു.
"പാര്‍വ്വതി വിളി കേള്‍ക്കാത്ത മട്ടില്‍ അവിടെ തന്നെ നിന്നു."
വരൂ കുട്ടീ.... ഇങ്ങോട്ടിരിക്കൂ..
പാര്‍വ്വതി മനസ്സില്ലാമനസ്സോടെ അവിടെ ചെന്നിരുന്നു.
പച്ചക്കല്ല് പതിച്ച മാങ്ങാമാലയും, നെക്ക് ലേസും, വളകളും, മോതിരവും എല്ലാം പേക്ക് ചെയ്തു.
ഉണ്ണിക്ക് കുടിക്കാന്‍ കാപ്പിയും, പാര്‍വ്വതിക്ക് ഓറഞ്ച് ജ്യൂസും കൊടുത്തു. ഉണ്ണിയുടെ ഇഷ്ഠാനുഷ്ഠങ്ങളൊക്കെ മനസ്സിലാക്കിയിരിക്കുന്നു കടയുടമസ്ഥന്‍.
"പാര്‍വ്വതി ഏതോ സ്വപ്നലോകത്തിലെന്ന പോലെ ഇരുന്നു. ഉണ്ണിയേട്ടന്‍ ഈ കടയില്‍ കൂടെ കൂടെ വരുന്ന പോലെ തോന്നി പാര്‍വ്വതിക്ക്.
ഉണ്ണ്യേട്ടനാണെങ്കില്‍ ഒരു സ്വര്‍ണ്ണ മോതിരം പോലും ധരിക്കാത്ത ആളും.."
"നി നിര്‍മ്മലക്കും എന്നെപ്പോലെ ഇവിടെ കൊണ്ട് വന്ന് സ്വര്‍ണ്ണം വാങ്ങിക്കൊടുക്കുന്നുണ്ടാകുമോ? "
ആരെയെങ്കിലും ഒരാളെ കെട്ടുന്നുമില്ല... രണ്ടാളും പ്രസിവിക്കുന്നുമില്ല. എന്തൊരു മറിമായം എന്റെ തേവരേ. പാര്‍വ്വതിക്ക് ആലോചിച്ച് ഒരു പിടിയും കിട്ടുന്നില്ല.
എന്നേയും നിര്‍മ്മല ചേച്ചിയേയും ഭാര്യമാരെ പോലെ കൊണ്ട് നടക്കുന്നു. രണ്ടാളും സുഖമായി വാഴുന്നു. ഒരാള്‍ക്ക് മറ്റേ ആളെ ഉള്ള് കൊണ്ട് ഇഷ്ടമില്ലാ എന്ന് മാത്രം. എനിക്ക് ഉണ്ണ്യേട്ടനില്‍ നിന്ന് ഒരു കുഞ്ഞുണ്ടായില്ലെങ്കില്‍ കഷ്ടമാകും. ഇനി നിര്‍മ്മലയെങ്ങാനും ആദ്യം പ്രസവിച്ചാലോ..?
"എനിക്കൊന്നും ആലോചിക്കാനേ വയ്യാ.........."
പാര്‍വ്വതി നിശ്ശബ്ദയായി കാറില്‍ ഇരുന്നു. ഇന്ന് രാത്രി ഉണ്ണിയേട്ടന്റെ കൂടെ കിടക്കുമ്പോള്‍ പാറമേക്കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ച് കിടക്കണം. സന്താന ഭാഗ്യമില്ലാത്തവരൊക്കെ തൊട്ടിലുകള്‍ കെട്ടിയിരിക്കുന്നത് കണ്ടു അവിടെ. എന്റെ പേരില്‍ ഒരു തൊട്ടില്‍ കെട്ടാന്‍ ഈ ഉണ്ണ്യേട്ടനെന്താ തോന്നാത്തത്..?
ഉത്തരം കിട്ടാത്ത ചോദ്യം പാര്‍വ്വതിയുടെ മുന്നില്‍... അമ്മേ ഭഗവതീ. എന്റെ ദു:ഖം ഞാന്‍ അമ്മയോടല്ലാതെ മറ്റാരോട് പറയാന്‍...
"പാര്‍വ്വതീ, നിനക്ക് വിശപ്പില്ലേ..? നമുക്ക് കാസിനോ ഹോട്ടലില്‍ കയറി ബിരിയാണി കഴിക്കാം..."
ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് ഹോട്ടലില്‍ കയറി. ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു. യാതൊരു വികാരവുമില്ലാതെയിരിക്കുന്ന പാര്‍വ്വതിയെ ശ്രദ്ധിച്ചു ഉണ്ണി. അവളറിയാതെ പെട്ടെന്ന് ഇക്കിളിയുണ്ടാക്കി പാര്‍വ്വതിയെ.
"പാര്‍വ്വതിയുടെ വിഷമം തെല്ലൊന്നടങ്ങി. മുഖത്ത് മന്ദസ്മിതം വിരിഞ്ഞു...."
സാവധാനം കഴിച്ചാല്‍ മതി പാര്‍വ്വതീ, നമുക്ക് പടിഞ്ഞാറെ കോട്ടയിലെ മാതാ തിയേറ്ററില്‍ നിന്ന് ഒരു സിനിമ കണ്ടിട്ട് മടങ്ങാം.
ഭക്ഷണത്തിന് ശേഷം ഉണ്ണി രണ്ട് ഫ്രൂട്ട് സലാഡ് ഐസ്ക്രീമിന്‍ ഓര്‍ഡര്‍ കൊടുത്തു.
പാര്‍വ്വതിക്ക് ഐസ്ക്രീം വളരെ ഇഷ്ടമാ. അവള്‍ വേഗം കഴിച്ചുതീര്‍ത്തു.
‘പാര്‍വ്വതിക്ക് ഇനിയും ഐസ്ക്രീ വേണോ...?
"വേണ്ട ഉണ്ണ്യേട്ടാ..."
ഉണ്ണിയുടെ ബൌളില്‍ അവശേഷിച്ച രണ്ട് സ്പൂണ്‍ കോരി പാര്‍വ്വതിയുടെ വായില്‍ വെച്ച് കൊടുത്തു.
ഉണ്ണിയേട്ടന്‍ എന്നോട് ഒട്ടും സ്നേഹക്കുറവില്ലാ എന്നെനിക്കറിയാം. എന്നിട്ടും എന്താ എന്നെ ആശങ്കപ്പെടുത്തുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല.
ഉണ്ണി പാര്‍വ്വതിയെ ഒരു സിനിമ കാണിച്ച് കൊടുത്തിട്ട് നേരെ വീട്ടിലേക്ക് യാത്രയായി.
വരും വഴി പാര്‍വ്വതിക്ക് കുന്നംകുളം റീഗല്‍ ഹോട്ടലില്‍ നിന്ന് പച്ച റൊട്ടിയും, മട്ടന്‍ കറിയും ചായയും വാങ്ങിക്കൊടുക്കാന്‍ ഉണ്ണി മറന്നില്ല. പാര്‍വ്വതിക്ക് റീഗല്‍ ഹോട്ടലിലെ മട്ടന്‍ കറിയും റൊട്ടിയും വലിയ ഇഷ്ടമാ.
പതിവില്ലാത്തവിധം ഉണ്ണി കൌണ്ടറില്‍ നിന്ന് കുറച്ച മധുരപലഹാരങ്ങളും മറ്റും പാര്‍സലായി വാങ്ങി വണ്ടിയില്‍ വെച്ചു.
ഏഴുമണിയോടെ രണ്ട് പേരും തറവാട്ടില്‍ എത്തിച്ചേര്‍ന്നു.
+++
പാര്‍വ്വതിയുടെ വിഷമെല്ലാം അകന്നു. ചിരിയും തമാശയും ഒക്കെ തുടങ്ങി. ഉണ്ണിയും അവളുടെ ആനന്ദത്തില്‍ പങ്ക് ചേര്‍ന്നു. രണ്ട് പേരും കുളിച്ച് കോലായിലെ തിണ്ണയില്‍ വന്നിരുന്നു. തമാശ പറയാന്‍ തുടങ്ങി. കളിയും ചിരിയും.
പാര്‍വ്വതീ നീ എന്താ ഇന്ന് മുഴുവനും ഒന്നും മിണ്ടാതിരുന്നത്. നമ്മള്‍ എവിടെയെല്ലാം പോയി. എന്തൊക്കെ ചെയ്തു, വളരെ സന്തോഷമുള്ള ദിനമായിരുന്നില്ലേ ഇന്ന്.
"അതിന് ഉണ്ണ്യേട്ടനെന്നെ പേടിപ്പിച്ചില്ലേ. ഞാന്‍ വിചാരിച്ചു എന്നെ അമ്മയുടെ വീട്ടില്‍ കൊണ്ട് വിടാന്‍ പോകയാണെന്ന്.."
അതാണോ കാര്യം. ഇനി അഥവാ അങ്ങിനെ ആണെങ്കില്‍ തന്നെ, നിന്നെ ഞാന്‍ കൂടെ കൂടെ വന്ന് കാണില്ലേ..?
ഉണ്ണ്യേട്ടാ നമുക്ക് ഇന്ന് മുഴുവനും ഈ കോലായില്‍ വര്‍ത്തമാനം പറഞ്ഞിരിക്കാം. പാര്‍വ്വതി എറേത്ത് ചുരുട്ടി വെച്ചിരുന്ന പുല്ലായ എടുത്ത് താഴെ വിരിച്ചു. രണ്ട് പേരും അതില്‍ കിടന്നു.
പാര്‍വ്വതി പാറമേക്കാവമ്മയെ മനസ്സില്‍ ധ്യാനിച്ചു. ഉണ്ണിയെ വാരിപ്പുണര്‍ന്നു. നേരം പുലരും വരെ ഉണ്ണിയെ വിട്ടില്ല പാര്‍വ്വതി. ഒരു കാലത്തുമില്ലാത്ത ആനന്ദവും അനുഭൂതിയുമായിരുന്നു പാര്‍വ്വതിക്ക് ആ രാത്രി.
മാനത്ത് വെള്ള കീറിയതറിഞ്ഞില്ല രണ്ട് പേരും. ജാനു മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് രണ്ട് പേരും ഉണര്‍ന്നെണീറ്റത്..
പാര്‍വ്വതീ.. നീ വേഗം പോയി കുളിച്ച തയ്യാറാക്. അത്യാവശ്യമുള്ള വസ്ത്രങ്ങളെല്ലാം എടുത്ത് വണ്ടിയില്‍ വെച്ചോളൂ. നാന്‍ ഓഫീസില്‍ പോകുന്ന വഴി നമുക്ക് നിന്റെ അമ്മയുടെ വീട്ടില്‍ കയറാം. കുറച്ച് ദിവസം നീ അമ്മയോടൊന്നിച്ച് കഴിയുക. എനിക്ക് ഒരാഴ്ചത്തേക്ക് ബേങ്കളൂര്‍ ഓഫീസില്‍ പോകേണ്ടതുണ്ട്.
പാര്‍വ്വതി മനസ്സില്ലാമനസ്സോടെ പറഞ്ഞതെല്ലാം അനുസരിച്ചു.
"മക്കളെ കണ്ട അമ്മ അമ്പരന്നു...."
മോളെ കെട്ടിപ്പിടിച്ച് കരഞ്ഞു - നെറുകയില്‍ തലോടി... രണ്ട് പേരേയും വീട്ടിന്നകത്തേക്ക് കയറ്റി ഇരുത്തി.
എന്താ അമ്മായി വിശേഷങ്ങളൊക്കെ. അമ്മാമന്‍ എവിടെ?
അമ്മാമന്‍ പാടത്ത് പണിയെടുക്കാന്‍ കാലത്തെ പോയി മോനെ. ഇന്ന് പെണ്ണുങ്ങള്‍ കള പറിക്കുന്നുണ്ട്. ഇനി വൈകുന്നേരത്തേക്കെ എത്തുകയുള്ളൂ...
സാരമില്ല അമ്മായീ. ഞാന്‍ പിന്നെ വന്ന് കണ്ടോളാം. പാര്‍വ്വതി കുറച്ച് ദിവസം ഇവിടെ നില്‍ക്കട്ടെ. എനിക്ക് ബേങ്കളൂര്‍ ആപ്പീസില്‍ കുറച്ച് ദിവസത്തെ പണിയുണ്ട്.
അമ്മായി എന്താച്ചാ കുടിക്കാന്‍ തന്നോളൂ. എനിക്ക് പോകാന്‍ ധൃതിയുണ്ട്.
അമ്മായിക്ക് മോളെ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. മോളാകെ വളര്‍ന്ന് വലുതായല്ലോ. ഒരു ഒത്ത പെണ്ണായി ഇപ്പോള്‍. കഴുത്തിലും, കൈകളിലും, വിരലുകളിലും നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍. ഒരു രാജകുമാരിയെ പോലെ.
ഞാന്‍ പോയി അമ്മാമനെ വിളിച്ചോണ്ട് വരാം. മോനിവിടെ ഇരിക്ക്....
"അതൊന്നും വേണ്ട അമ്മായീ. ഞാന്‍ പിന്നെ വന്ന് കണ്ടോളാം.."
അമ്മായി ആകെ പരുങ്ങി. മോന്‍ കുടിക്കാന്‍ കൊടുക്കാന്‍ ഒന്നും ആ വീട്ടിലില്ല. ഞങ്ങള്‍ കുടിക്കുന്ന ശര്‍ക്കരക്കാപ്പി ഈ മോന്‍ കൊടുക്കാന്‍ പറ്റുമോ..? ധര്‍മ്മസങ്കടത്തിലായി പാര്‍വ്വതിയുടെ അമ്മ.
മോനിവിടെ ഇരിക്ക്. അമ്മായി ഒറ്റ ഓട്ടത്തിന് ഇത്തിരി ചായയും പഞ്ചാരയും വാങ്ങീട്ട് വരാം...
"അതൊന്നും വേണ്ട അമ്മായീ. അടുപ്പത്ത് അരി വേവുന്ന മണമുണ്ടല്ലോ.. എനിക്ക് ഒരു ഗ്ലാസ്സ് ഉപ്പിട്ട കഞ്ഞിവെള്ളം മതി.
കഞ്ഞിവെള്ളം കുടിച്ച് ഉണ്ണി യാത്രയായി. പോക്കറ്റില്‍ നിന്ന് ഒരു കവര്‍ എടുത്ത് പാര്‍വ്വതിക്ക് കൊടുക്കാന്‍ മറന്നില്ല ഉണ്ണി..
മോള്‍ അകത്തേക്ക് കയറി ഇരിക്ക്. അമ്മ പാടത്ത് പോയി അച്ചനെ വിളിച്ചോണ്ട് വരാം.
"വേണ്ട അമ്മേ, അച്ചന്‍ വരുന്ന സമയത്ത് തന്നെ വരട്ടെ.."
രണ്ട് മൂന്ന് ദിവസമായി ഞാന്‍ മോളുടെ അച്ചനോട് പറഞ്ഞോണ്ടിരുന്നു മോളെ പോയി ഒന്ന് കാണണമെന്ന്. ഞങ്ങള്‍ നിന്നെ അങ്ങിനെ ഓര്‍ക്കാറൊന്നുമില്ല. നിനക്കവിടെ സന്തോഷവും സുഖവുമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.
എന്നാലും എന്റെ മോളെ, നിനക്ക് എന്നെ വന്ന് കാണാന്‍ തോന്നിയല്ലോ..
പാര്‍വ്വതിയുടെ അമ്മ തേങ്ങി തേങ്ങി കരഞ്ഞു, ന്റെ മോള്‍ക്ക് എന്താ തരാ അമ്മ. കൂട്ടാന്‍ വെക്കാനൊന്നും ഇല്ല ഇവിടെ. പാടത്ത് പോയാല്‍ അച്ചന്റെ കൈയീന്ന് കൊറച്ച് കാശ് വാങ്ങിയാല്‍ ഇത്തിരി മീനും പച്ചക്കറിയും വാങ്ങീട്ട് വരാം അമ്മ..
അതൊന്നും വേണ്ട അമ്മേ. അമ്മ ഇപ്പോ എങ്ങോട്ടും പൊകേണ്ട. കഞ്ഞി ഉണ്ടല്ലോ അടുപ്പത്ത്. തൈരും മോരുമില്ലേ. എനിക്ക് കഞ്ഞിയും ചമ്മന്തിയും മതി. പാര്‍വ്വതിയുടെ സാധനങ്ങളെല്ലാം പെരേടെ ഉള്ളിലേക്കെടുത്ത് വെച്ചു.
ഉണ്ണ്യേട്ടന്‍ തന്ന കവര്‍ തുറന്ന് നോക്കി പാര്‍വ്വതി. കുറച്ച് പണവും, പിന്നെ ഒരു ചെക്ക് ബുക്കും, പാര്‍വ്വതിയുടെ പേരിലുള്ള ഒരു ബേങ്ക് പാസ്സ് ബുക്കും. നാല് വരിയെഴുതിയ ഒരു കത്തും..
എന്റെ പാറുകുട്ടീ. നിനക്കാവശ്യമുള്ള പണം ഇതിലുണ്ട്. പോരാത്തത് ചെക്കെഴുതി എടുക്കാം. നല്ല കുട്ടിയായിരിക്കുക. നല്ലത് മാത്രം ചിന്തിക്കുക. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക.
സ്വന്തം ഉണ്ണ്യേട്ടന്....
COPYRIGHT - 2009 - RESERVED