Tuesday, February 9, 2010

ചേതനാ മൈ ഡാര്‍ളിങ്ങ്

ഒരു മിനി നോവല്‍ ഇവിടെ ആരംഭിക്കുന്നു.
പാര്‍ട്ട് - 1

അങ്ങിനെ കാലം ശ്ശി ആയി ഒരു ചപ്പാത്തി മെയ്ക്കറെ അന്വേഷിച്ചിറങ്ങിയിട്ട്. ഇപ്പോളിതാ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ, ഒരു ദൈവനിയോഗം പോലെ ഒരു ചപ്പാത്തി മെയ്ക്കര്‍ എന്നെത്തേടിയെത്തുന്നു ഈ മാസം ഇരുപത്തിയൊന്‍പതിന്.

ജീവിത ചക്രത്തില്‍ ഞാന്‍ നാലര ക്ലാസ്സ് വരെ വീടിനടുത്തുള്ള വടുതല സ്കൊളിലും പിന്നെ എന്റെ വികൃതി രക്ഷിതാക്കള്‍ക്ക് സഹിക്കാനാവാതെ എന്നെ ഏതാണ്ട് ജയിലെന്ന് വിശേഷിപ്പിക്കാവുന്ന തൃശ്ശൂരിലെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തി.അങ്ങിനെ പോയി പോയി എന്റെ തുടര്‍ വിദ്യാഭാസം മെഡിക്കല്‍ കോളേജിലും, പിന്നീട് മദിരാശിയിലും, ഹൈദരാബാദിലും ഒക്കെയായി.

കഥ ചുരുക്കിപ്പറയാം.ഞാന്‍ ഹൈദരാബാദില്‍ എഞ്ചിനീയറിങ്ങിന്‍ പഠിക്കുന്ന കാലം. എന്റെ താമസം ചന്ദ്രേട്ടന്റെ കൂടെയായിരുന്നു. ചന്ദ്രേട്ടന്‍ റേഡിയോ കോര്‍പ്പറേഷന്‍ ഓഫ് അമേരിക്കയുടെ ചുക്കാന്‍ പിടിക്കുന്ന ഓഫീസറായിരുന്നു അന്ത കാലത്ത്.

അന്നത്തെ കാലത്ത് സൈക്കിളിലായിരുന്നു കോളേജിലേക്കുള്ള യാത്ര. ബസ്സിലാണെങ്കില്‍ തിക്കും തിരക്കുമായതിനാലാണ് ഞാന്‍ സൈക്കിള്‍ സവാരി തുടങ്ങിയത്. ഞങ്ങളുടെ താമസം സെക്കന്തരാബാദിലുള്ള ബന്‍സിലാല്‍ പേട്ടയുടെ അടുത്തുള്ള ഗാന്ധിനഗറില് ആയിരുന്നു.സെക്കന്തരാബാദിലെ എന്റെ ജീവിത കഥ ഇവിടെ നിരത്തണമെങ്കില്‍ ഒരു നൂറ് പേജെങ്കിലും ചുരുങ്ങിയത് എഴുതണം. അതിനാല്‍ എല്ലാ ചെറിയ തൊതിലെഴുതാം.

ഞാന്‍ പഠിക്കാന്‍ എക്കാലത്തും മടിയനായിരുന്നു. എന്റെ ഇഷ്ടം മറ്റുചില മേഖലകളിലായിരുന്നു. അതൊന്നും ഇവിടെ എഴുതുന്നില്ലാ..ഞാന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഉഴപ്പും. അന്ന് എനിക്ക് സിനിമ കാണാനും, സിഗരറ്റ് വലിക്കാനും, വല്ലപ്പോഴും ഗോല്‍ കോണ്ട ബ്രാന്ഡി കുടിക്കാനും ഒക്കെ വലിയ ആനന്ദമായിരുന്നു. എനിക്ക് വന്ന ഉടനെ ഭാഷാ സ്വാധീനം കുറവായിരുന്നു.

ഞാന്‍ കാലത്ത് സെക്കന്തരാബാദിലെ വീട്ടില്‍ നിന്നിറങ്ങി കല്പന തിയേറ്റര്‍ വഴി കൊക്കോക്കോളാ വഴി ഹുസൈന്‍ സാഗര്‍ [ടേങ്ക് ബണ്ട്] കൂടി ഹൈദരാബാദിലെത്തും. പോകുന്ന വഴിക്ക് ഞാന്‍ മിക്കപ്പോഴും കോളീഫ്ലവര്‍ തോട്ടത്തിലും, ഹുസൈന്‍ സാഗറിന്റെ താഴെയുള്ള റോഡിലെ ജെ ബി മംഗാറാം ബിസ്കറ്റ് ഫാക്ടറിയിലും ഒക്കെ ചുറ്റിയടിക്കും. പിന്നെ ടേങ്ക് ബണ്ടിന്റെ വേറെ ഒരു ഭാഗത്തുള്ള ഡോബികളുടെ അടുത്തും പോകാന്‍ മറക്കാറില്ല. അവരുടെ അടുത്ത് നിന്ന് ബീഡി വാങ്ങി വലിക്കും.

ചില ദിവസങ്ങളില്‍ എന്റെ സന്ദര്‍ശനങ്നളൊക്കെ കഴിഞ്ഞ് ഹുസൈന്‍ സാഗര്‍ പരിസരത്തെത്തുമ്പോള്‍ തന്നെ ഉച്ച കഴിഞ്ഞിരിക്കും. അപ്പോ അവിടെയെവിടെയെങ്കിലും ഇരുന്ന് വീട്ടില്‍ നിന്ന് തന്നയച്ചിട്ടുള്ള ഉച്ച ഭക്ഷണം കഴിച്ച്, ഹൈദരാ‍ബാദിലെ ലൈറ്റ് ഹൌസ് തിയേറ്ററില്‍ ഒരു സിനിമയും കണ്ട് , അതിനു ശേഷം തൊട്ടടുത്തുള്ള ഇറാനി ഹോട്ടലില്‍ നിന്ന് നല്ല സമൂസയും ഇറാനി ചായയും കഴിക്കുമ്പോളെകും നാല് മണി കഴിഞ്ഞിരിക്കും. പിന്നെ തിരികെ വീട്ടിലെത്തും. അങ്ങിനെയായിരുന്നു എന്റെ എഞ്ചിനീയറിങ്ങ് പഠിപ്പ് കാലം.

ഞാന്‍ കോളേജ് തലത്തുമ്പോളെക്കും ചേച്ചിക്ക് എന്നെ ഡോക്ടറാക്കണം. പിതാവിന് എഞ്ചിനീയറും. അങ്ങിനെ ഈ പാവം മടിയനായ എന്നെ മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിങ്ങ് കോളേജിലും ചേര്‍ത്തപ്പെട്ടു. പക്ഷെ എനിക്കാണെങ്കിലോ ഇവയിലൊന്നിലും തന്നെയുമല്ലാ പഠിക്കാന്‍ തന്നെയും താല്പര്യമുണ്ടായിരുന്നില്ല.

എന്റെ ഈ ഉഴപ്പല്‍ എന്റെ ഏട്ടന്റെ ചെവിയിലെത്തി. അങ്ങിനെ ഞാന്‍ വലിയ പ്രശ്നമില്ലാതെ ക്ലാസ്സിലെത്തിത്തുടങ്ങി. ഞാന്‍ നാട്ടില്‍ നിന്ന് നേരെ ഹൈദരാബാദിലേക്കാണല്ലോ ചേക്കേറിയത്. ഈ ഭാഷ വലിയൊരു പ്രശ്നം തന്നെയായിരുന്നു. ആംഗലേയം എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷെ ഹൈദരാബാദില്‍ ഉറുദുവും, തെലുങ്കുമാണ് ഭാഷ. അധികവും ഉറുദു.ഞാനങ്ങിനെ ഉറുദു, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകല്‍ സ്വായത്തമാക്കി പിന്നീട് വലിയ ഉഴപ്പായിത്തുടങ്ങിയിരുന്നു. എനിക്ക് കോളേജില്‍ കൂട്ടുകാരായി ആരും ഉണ്ടായിരുന്നില്ല. കാരണം പ്രധാന വില്ലന്‍ ഭാഷ തന്നെ.

ക്ലാസ്സിലെ ലെക്ച്ചര്‍ പലതും എനിക്ക് മനസ്സിലാകാറില്ല. പിന്നെ എന്റെ വേഷവിധാനത്തിലും മട്ടിലുമൊക്കെ തനി ഒരു പാവം മലബാരിയുടെ പരിവേഷമായിരുന്നു.എനിക്ക് ആകെ മൂന്ന് പേന്റ്സും ഷറ്ട്ടുകളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ കളര്‍ മേച്ചിങ്ങിനനുസരിച്ച് ധരിക്കാനും എനിക്കറിയുമായിരുന്നില്ല. ഞാന്‍ നീല ട്രൌസറിന്‍ മഞ്ഞ ഷറ്ട്ടും മറ്റും ഒട്ടും മേച്ചിങ്ങ അല്ലാത്ത വിധമൊക്കെ ഇടുമായിരുന്നു. അതിനാല്‍ എന്നെ എല്ലാവരും അകറ്റി നിര്‍ത്തി. പിന്നെ തല മുഴുവന്‍ എണ്ണ തേച്ച് കഴുകിക്കളയാതെ വരും ഞാന്‍. അതൊന്നും സഹപാഠികള്‍ക്ക് ദഹിക്കുമായിരുന്നില്ല.

കൂട്ടുകാരുകളില്ലാത്ത കാരണം എന്റെ കാമ്പസ്സ് ജീവിതം ഒരു സുഖവും തന്നില്ല. ഒരു പാട് സിനിമാ തിയേറ്ററുകളുള്ള പട്ടണമായതിനാല്‍ ഞാന്‍ മിക്ക ദിവസവും സിനിമ കാണാന്‍ പോകും. പിന്നെ ഏട്ടറ്റ്നെ വക സിനിമ വേറേയും.അന്ന് വന്ന ചില ഇഷ്ടപ്പെട്ട എന്റെ സിനിമകളായിരുന്നു "മിലന്‍, ബഹൂ ബീഗം, ഹമ്രാസ്" മുതലായവ.

മിക്ക പുതിയ തിയേറ്ററുകളിലും ആര്‍ സി എ പ്രൊജക്റ്റര്‍ ആയിരുന്നു. ഏട്ടന്‍ ആ കമ്പനിയുടെ മേധാവി ആയതിനാല്‍ ഏട്ടന്‍ കുറേ ഫ്രീ പാസ്സ് കിട്ടാറുണ്ടായിരുന്നു. കൂട്ടത്തില്‍ എനിക്കും കിട്ടും പാസ്സ്.ഞാന്‍ ഏട്ടന്റ് ലാമ്പ്രട്ടാ സ്കൂട്ടറും, ഫിയറ്റ് കാറും കാണാതെ എടുത്ത് ഓടിക്കുമായിരുന്നു. ഓട്ടമെല്ലാം പാതിരക്കായിരിക്കും.

ഏട്ടന്‍ പലപ്പോഴും എന്നെ ചീത്ത പറയാറുണ്ട്. ഒരിക്കലും തല്ലില്ല. ഏട്ടന്‍ സിഗരറ്റ് വലിക്കില്ല. വേറെ ഒരു ദു:ശ്ശീലങ്ങളൊന്നും ഇല്ല. അപ്പോ എനിക്ക് എന്തെങ്കിലും ഇല്ലെങ്കില്‍ മോശമല്ലെ എന്ന് ഞാന്‍ ഏട്ടത്തിയോട് ചോദിക്കും.ഏട്ടത്തി പറയും ഉണ്ണി വലിയ കുറുമ്പനാണെന്ന്. എന്നാലും ഏട്ടത്തിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. അന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഏട്ടത്തിയാ. ഏട്ടത്തി വെളുത്ത് തടിച്ച് ഒരു സുന്ദരിയായിരുന്നു. എനിക്ക് പെങ്ങളുമാരുണ്ടായിരുന്നില്ല. ഏട്ടത്തിക്ക് ആങ്ങിളമാരും. അതിനാല്‍ ഞങ്ങള്‍ രണ്ട് പേരും എപ്പോളും നല്ല സ്നേഹത്തിലായിരുന്നു. ഞാന്‍ കുറേ കുറുമ്പ് കാണിക്കാറുണ്ടായിരുന്നു. ഏട്ടന്‍ മിക്കപ്പോളും ടൂറിലായിരിക്കും. ഏട്ടന്‍ വന്നാല്‍ പറഞ്ഞ് കൊടുക്കും എന്നൊക്കെ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. പക്ഷെ ഒരിക്കലും ഏട്ടത്തി എന്നെ സങ്കടപ്പെടുത്തില്ലാ.

++കോളേജിലെ ഒറ്റപ്പെട്ട ജീവിതം എന്നെ നിരാശനാക്കി. അപ്പോള്‍ ഞാന്‍ കൂടുതല്‍ മേച്ചില്‍ പുറങ്ങള്‍ തേടിയലഞ്ഞു. കോട്ടിയിലും ചാര്‍മിനാര്‍ ചൌരാസ്തയിലും ഒക്കെ ചുറ്റിക്കറങ്ങും. പിന്നെ ഇറാനി റെസ്റ്റൊറണ്ടില്‍ കയറി ഇറാനി ചായ കുടിക്കലും, അവിടുത്തെ ജൂക്ക് ബോക്സില്‍ നാ‍ണയമിട്ട് പാട്ട് കേള്‍ക്കും. പിന്നെ ജെ ബി മംഗാറാമിലെ അപ്പൂപ്പന്‍ ഫ്രണ്ടിന്റെ അടുത്ത് പോയി നല്ല ചൂടുള്ള ബിസ്കറ്റ് വാങ്ങിത്തിന്നും.എന്റെ ക്ലാസ്സിലും കോളേജിലും ആരും എന്നോട് മിണ്ടില്ല.. പ്രധാന കാര്യം അവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവില്ല. അത് തന്നെ കാര്യം..

എറ്റ്നെ ക്ലാസ്സില്‍ 18 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അവിടെ അദ്ധ്യാപകര്‍ മിക്കതും ഹൈദരാബാദുകാര്‍ തന്നെ. അപ്ലൈഡ് സയന്‍സ് പഠിപ്പിക്കുന്ന ഒരു പെണ്ണ് ടീച്ചറുണ്ടായിരുന്നു. അതിനെന്നോട് പ്രിയമായിരുന്നു. അത് പറയും ഉറുദു സംസാരിക്കാന്‍ പഠിക്കണമെന്ന്. പക്ഷെ എന്നെ ആര് പഠിപ്പിക്കും. ഞാന്‍ എന്റെ നിസ്സഹയതാവസ്ഥ ടീച്ചറെ ബോദ്ധ്യപ്പെടുത്തി.

ടീച്ചറെന്നോട് ചോദിച്ചു…"നിനക്ക് ഇവിടെ വല്ല പെണ്‍കുട്ടികളോടും പ്രേമമുണ്ടോ …?"ഇല്ല ടീച്ചറ്"

എന്നാ ആരെയെങ്കിലും ലൈന്‍ അടിക്കണം.അങ്ങിനെ ഞാന്‍ എന്റെ സഹപാഠിയായ ചേതനയെന്ന ഗുജറാത്തി പെണ്‍കുട്ടിയെ ലൈന്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നത് അവള്‍ക്കും അവള്‍ പറയുന്നത് എനിക്കും മനസ്സിലാവില്ല.അവള്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് ഒരിക്കലും വരില്ല. പക്ഷെ ഉറുദു, തെലുങ്ക്, ഗുജറാത്തി എന്നിവ നന്നായറിയാം. അങ്ങിനെ അവള്‍ക്ക് എന്നോട് പാവം തോന്നി.

എന്നെ അവള്‍ക്കിഷ്ടമായിത്തുടങ്ങി.ഒരു ദിവസം എന്നോട് ഓതി.

"തും ക്യാ ആദ്മീ ഹൈ…?കപ്ടാ പഹനേക്കൂ നഹി ആത്താ ഹൈ ബരാബര്‍. ക്യോം ഇത് നാ തേല്‍ ഡാലാ ഹൈ ബാള്‍ പറ്. റോട്ടീ നഹി ഖാത്താ ഹൈ.[നിനക്ക് ശരിയായും ഭംഗിയായും വസ്ത്രം ധരിക്കാനറിയില്ല, മുടിയില്‍ ഉള്ള എണ്ണ മുഴുവനും തേച്ചിട്ട് വരും കഴുകിക്കളയാതെ, പിന്നെ ചപ്പാത്തി തിന്നില്ല. അങ്ങിനെ പലതും]എനിക്ക് വിഷമമായി.

ഞാന്‍ അവള്‍ പറഞ്ഞതെല്ല്ലാം അതേപടി ഏട്ടത്തിയോട് പറഞ്ഞു. ഏട്ടത്തി നാട്ടില്‍ സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റാ. അതിനാല്‍ കോളേജ് ലൈഫെല്ലാം നന്നായി അറിയുന്ന ആളായിരുന്നു. ഏട്ടത്തി എനിക്ക് പ്രചോദനം തന്നു. എങ്ങിനെയെങ്കിലും ഭാഷ പഠിച്ചെടുക്കാന്‍.എന്റെ ജീവിതം അങ്ങിനെ പോയിക്കൊണ്ടിരുന്നു.ഒരു ദിവസം ഞാന്‍ ചോറ്റും പാത്രം തുറന്ന് മാവിന്റെ തണലില്‍ ഇരിക്കയായിരുന്നു. അപ്പോല്‍ ചേതന എന്നെ അവള്‍ ഇരിക്കുന്നിടത്തേക്ക് വിളിച്ചു. ഞാന്‍ അങ്ങോട്ട് പോയി. അവളെന്നോട് ചോദിച്ചു.

"തും റോട്ടി ഖാത്താ ഹൈ ക്യാ"[നിനക്ക് ചപ്പാത്തി തിന്നാമോ എന്ന്]ഞാന്‍ പറഞ്ഞു, എനിക്ക് ചോറ് തന്നെ വേണം. അപ്പോള്‍ അവള്‍ പറഞ്ഞു ഇന്ന് നമ്മള്‍ രണ്ട് പേരും നമ്മുടെ രണ്ടാളുടേയും ടിഫിന്‍ മിക്സ് ചെയ്ത് കഴിക്കാമെന്ന്. എനിക്കവളുടെ ചപ്പാത്തി വലിയ ഇഷ്ടമായി. അന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യം ചപ്പാത്തി കഴിക്കണത്.പിറ്റേ ദിവസം അവല്‍ കൂടുതല്‍ ചപ്പാത്തി കൊണ്ട് വന്നിരുന്നു. എന്റെ ചോറ് കുറച്ച് മാത്രം ഉപയോഗിച്ച് ബാക്കിയുള്ളത് അവള്‍ കുരങ്ങന്മാര്‍ക്ക് കൊടുത്തു.

അങ്ങിനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു എന്നോട് ഇനി ടിഫിന്‍ കൊണ്ട് വരേണ്ട എന്ന്. എനിക്കുള്ള ഭക്ഷണം അവള്‍ കൊണ്ട് വരാന്‍ തുടങ്ങി.എനിക്കവളോട് സ്നേഹവും ബഹുമാനവും തോന്നി. എന്നെ ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാനും, ഫേഷനബിള്‍ ആയി മുടി ഒതുക്കാനും, അങ്ങിനെ പല മേനേഴ്സും അവളെന്നെ പഠിപ്പിച്ചു. കൂടാതെ അവളോട് പേശി പേശി ഞാന്‍ നന്നായി ഉറുദു, ഹിന്ദി മുതലായവ പറയാന്‍ പഠിച്ചു. ഞാനറിയാതെ അവള്‍ എന്നെ പ്രണയിച്ചു.ഒരിക്കല്‍ അവളെന്നോട് ചോദിച്ചു. ഒരു ദിവസം അവളെന്റെ വീട്ടിലേക്ക് വരട്ടേ എന്ന്. ഞാന്‍ ആകെ പേടിച്ചു. ഏട്ടനങ്ങാനും അറിഞ്ഞാല്‍ രായ്കു രാമാനം എന്നെ നാട്ടിലേക്ക് വണ്‍ടി കയറ്റി വിടും. ഞാനന്ന് അവളോട് ഒന്നും മിണ്ടാതെ നേരത്തെ തന്നെ വീട്ടിലെത്തി. എനിക്കാകെ എന്തൊ സംഭവിച്ച പോലെ തോന്നി. വന്ന പാട് കിടന്നുറങ്ങാന്‍ തുടങ്ങി. എനിക്ക് സങ്കടവും പരിഭ്രമവും എല്ലാം ഉണ്ടായി.

"ഉണ്ണ്യേ നീയെന്താ ഇന്ന് പതിവിലും നേരത്തെ വീട്ടിലെത്തിയത് ?നിന്നെ ഞാന്‍ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു. നിന്നില്‍ പല മാറ്റങ്ങളും വന്നിരിക്കുന്നു. സിഗരറ്റ് വലിക്കുന്നതും, തെണ്ടി നടക്കുന്നതും ഒക്കെ ഞാന്‍ ക്ഷമിക്കാറുണ്ട്. ഇതെന്താ ഇപ്പോ ഇങ്ങനെ. നിനക്കെന്താ പറ്റിയേ ചെക്കാ. എന്നെ വിഷമിപ്പിക്കല്ലേ. ഏട്ടനാണെങ്കില്‍ കാക്കിനടയിലെ ടൂര്‍ കഴിഞ്ഞ്, മൈസുര്‍ പോയെ വരികയുള്ളൂ. എനിക്കാകെ ഒരു അന്തിത്തുണയുള്ളതാ നീ…

ഉണ്ണി ഏട്ടത്തിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. നടന്ന കാര്യങ്ങളെല്ലാം ഏട്ടത്തിയോട് പറഞ്ഞു.

"മണ്ടന്‍…………."ഏട്ടത്തി എന്നെ കളിയാക്കി….. ഇതിനാണൊ എന്റെ ചെക്കാ നീ പിണങ്ങി പോന്നെ.

നീ നാളെ അവളെയും കൂട്ടി ഇങ്ങോട്ട് വാ………."

എനിക്ക് പേടിയാ ഏട്ടത്തീ…………"‘ഇതിലെന്താ പേടിയുടെ ഒരു വിഷയം…?"

എനിക്ക് ഏട്ടത്തി ധൈര്യം പകര്‍ന്നു. ഞാന്‍ പിറ്റേ ദിവസം കോളേജില്‍ നേരത്തെ എത്തിയിരുന്നു. പക്ഷെ എത്ര നോക്കിയിട്ടും ചേതനയെ കണ്ടില്ല. കാമ്പസ്സ് മുഴുവനും അരിച്ചു പെറുക്കി.എനിക്കാകെ വിഷമ മായി.ഞാന്‍ ഞങ്ങളെന്നും ഭക്ഷണം കഴിക്കാനിരിക്കുന്ന മാവിന്‍ ചുവട്ടില്‍ പോയിരുന്നു. ഞാന്‍ ചിന്താമഗ്നനായി. ഭാഷ പഠിക്കാനായി എനിക്ക് ചേതനയാല്‍. പക്ഷെ എന്റെ കൂട്ടുകാരിയെ കാണാനില്ലല്ലോ ഭഗവാനേ?

കുരങ്ങമ്നാരുടെ കൂട്ടത്തിലിരിക്കുന്ന ചേതനയെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല്ല. ഞാന്‍ അങ്ങോട്ട് നീങ്ങി. ഇതാ അവളിരുന്ന് കരയുന്നു.

"തും കൂ ക്യാ ഹോഗയാ ചേതനാ""തും ക്യോം രോത്താ ഹൈ ? മുജേ ബോലോ…"

ചേതന എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എനിക്കാകെ പരിഭ്രമമായി. ഞാനവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി.

[തുടരും]

6 comments:

  1. ആദ്യം രണ്ടാമദ്ധ്യായമാണ് വായിച്ചത്/ചേതനയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.ഇപ്പോൾ അന്നത്തെ വിദ്യാഭ്യാസത്തിന്റെ ഉഴപ്പത്തരങ്ങളൂം പിടികിട്ടി ..കേട്ടൊ ജയേട്ട ..
    എന്തായി’പാറുകുട്ടി’ പ്രസിദ്ധീകരിക്കുവാൻ കൊടുത്തുവോ?

    ReplyDelete
  2. Jp sir waiting the next part......

    ReplyDelete
  3. Jp sir, waiting 4 the next part....

    ReplyDelete
  4. Pazhaya kaalam ormippikkunnu.... ithu vayichappol....

    ReplyDelete
  5. sadharana pole ithintem bakki illee
    please ithenkilum onn muzhumippikkoo really interested

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.