Friday, April 9, 2010

മസ്കറ്റിലെ ഫ്രഷ് മീന്‍ - ഭാഗം 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച..>>>


അങ്ങിനെ മീന്‍ തിന്ന് തിന്ന് കുറച്ച് കാലം എനിക്ക് മീന്‍ കിട്ടാത്ത ഒരു അവസ്ഥയുണ്ടായി. എന്നെ എന്റെ മാതാപിതാക്കന്മാര്‍ ഇങ്ങനെ പാടത്തും പറമ്പിലും കളിച്ച് നടക്കല്‍ നിര്‍ത്താനായി ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തു.
+
അവിടെ പല സൌകര്യങ്ങളുണ്ടായിരുന്നെങ്കിലും - വെജിറ്റേറിയന്‍ ഭക്ഷണം മാത്രം. കാലാന്തരത്തില്‍ ഞാന്‍ ആ സാഹചര്യത്തില്‍ പൊരുത്തപ്പെട്ടു.
കാലത്ത് ഇഡ്ഡലി, ദോശ, പുട്ട് അല്ലെങ്കില്‍ ഉപ്പ്മാ... അങ്ങിനെയും ഉച്ചക്ക് വിഭവസമൃദ്ധമായ സാമ്പാറും, അവിയല്‍ - ഓലന്‍, മെഴുക്കുപുരട്ടി, പപ്പടം, അച്ചാര്‍, രസം, മോര്‍ മുതലായവയുള്ള ഊണ്. വൈകിട്ട് സ്കൂള്‍ വിട്ടുവന്നാല്‍ ചായയും പലഹാരവും, പിന്നെ വൈകിട്ടുള്ള ഭക്ഷണവും നല്ലത് തന്നെ.
+
അങ്ങിനെ ഞാനും കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഒരു വെജിറ്റേറിയന്‍ ആയി. എനിക്ക് മത്സ്യ മാംസാദികളില്‍ വിരക്തിയനുഭവപ്പെട്ടു. മദ്ധ്യവേനലവധിക്ക് നാട്ടിലെത്തിയാല്‍ ചേച്ചി മീനും, ഇറച്ചിയൊക്കെ ഉണ്ടാക്കി എന്നെ സല്‍ക്കരിക്കും. പക്ഷെ എനിക്കതില്‍ ഒട്ടും തൃപ്തി തോന്നിയിരുന്നില്ല.
എനിക്ക് വേണ്ടി മാത്രം പച്ചക്കറിയുണ്ടാക്കാന്‍ ആ മാതൃഹൃദയം മറന്നില്ല. കുന്നംകുളത്ത് പോയി പച്ചക്കറിയും മറ്റും അന്നന്ന് പോയി വാങ്ങിക്കാന്‍ വേലായുധേട്ടനെ വിടും.
+
എന്റെ സ്കൂള്‍ വിദ്യാഭ്യാസം കേരളത്തില്‍ അവസാനിച്ചതിന് ശേഷം ഞാന്‍ നാട്ടിലെ പിള്ളേരുടെ കൂടെ കൂടി പിന്നേയും പുഞ്ചപ്പാടത്ത് മീന്‍ പിടിക്കാനും, കള്ള് കുടിക്കാനും, ബീഡി വലിക്കാനുമൊക്കെയുള്ള നല്ല ശീലങ്ങള്‍ ശീലിച്ച് തുടങ്ങി. വീണ്ടും മത്സ്യമാംസാദികള്‍ ഇഷ്ടപ്പെടാനും ഉള്ള സാഹചര്യങ്ങളിലേക്ക് നീങ്ങി.
+
ഗതി കെട്ട എന്റെ വീട്ടുകാര്‍ എന്നെ നാട്ടില്‍ നിര്‍ത്തിയാല്‍ ശരിയാവില്ല എന്ന് കരുതി, തുടര്‍ എന്നെ ഹൈദ്രാബിദിലേക്ക് നാട് കടത്തി.
ഞാന്‍ അവിടെ എത്തിയതും എന്റെ ഭക്ഷണസ്റ്റൈല്‍ എല്ലാം മാറി. അവിടെ തൊട്ടടുത്ത് കടല്‍ ഇല്ലാത്തതിനാല്‍ ഫ്രഷ് സീ ഫിഷ് കിട്ടുമായിരുന്നില്ല. സമീപത്തുള്ള ഹുസൈന്‍ സാഗറിലെ മീനും, വളര്‍ത്തു മത്സ്യങ്ങളും മറ്റും.
ഞാന്‍ അവിടെ എന്റെ ചേട്ടന്റെ കൂടെ [കസിന്‍] ആയിരുന്നു താമസം. അവിടെ ഞങ്ങള്‍ കഴിയുന്നതും വെജിറ്റേറിയന്‍ ആയിരുന്നു. അങ്ങിനെ വീണ്ടും എനിക്ക് മത്സ്യം വേണ്ടെന്നായി.
+
അവിടെ എന്റെ പ്രധാന ആഹാരം വൈകിട്ടത്തെതായിരുന്നു. കാലത്ത് കോളേജില്‍ പോയാല്‍ ഞാന്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഹൈദരാബാദിന്റെ മുന്നിലെത്തെ ഇറാനി ഹോട്ടലിന്‍ നിന്ന് സമൂസയും ചായയും കഴിക്കും. പിന്നെ ജൂക്ക് ബോക്സില്‍ നാണയമിട്ട് പാട്ട് കേള്‍ക്കും. ഉച്ചക്ക് ഹുസൈന്‍ സാഗര്‍ വഴി സെക്കന്തരാബാദിലെ വീട്ടിലേക്ക് തിരിച്ച് വരതെ പകരം ചാര്‍മിനാര്‍ ചൌരാസ്ഥക്കടുത്ത റൂഡി ഫ്രാന്‍സിസിന്റെ വീട് വഴി പോകും. അവന്റെ അമ്മ എന്തെങ്കിലും തരും. അതൊക്കെയായിരുന്നു എന്റെ ഉച്ച ഭക്ഷണം. ഇവിടെ ഒന്നും മീന്‍ ഉണ്ടായിരുന്നില്ല.
+
എന്റെ താമസസ്ഥലത്ത് മിക്കവാറും ഞാനും എന്റെ ചേച്ചി [കസിന്‍] മാത്രമായിരിക്കും. ചേട്ടന്‍ ഓഫീസ് കാര്യങ്ങളില്‍ തിരക്കും, പലപ്പോഴും ടൂറും ആയിരിക്കും.
വൈകുന്നേരത്തെ ആഹാരത്തിന് ഞാന്‍ ചേച്ചിയെ സഹായിക്കും. ചപ്പാത്തിയും, മെയ്ഡ് ഇന്‍ ഇംഗ്ലണ്ട് എന്ന സലാഡും ആയിരിക്കും.
+
ഞാന്‍ ചപ്പാത്തി കുഴച്ച് പരത്തിക്കൊടുക്കും. ചേച്ചി ചുട്ടെടുക്കും. മിക്കപ്പോഴും ചേട്ടനില്ലെങ്കില്‍ ഞങ്ങള്‍ അടുക്കളയിലിരുന്ന് തന്നെ കഴിക്കും. ചേട്ടന്‍ വരുമ്പോള്‍ ഗോല്‍ക്കൊണ്ട ബ്രാന്‍ഡി സേവയുണ്ടാകും പലപ്പോഴും. എനിക്ക് ചിലപ്പോള്‍ കുപ്പിയുടെ അടിയില്‍ അല്പം വെച്ചിട്ട് തരാറുണ്ട്. പണ്ടത്തെ ബ്രാന്ഡിയെല്ലാം വളരെ സ്വാദുള്ളതായിരുന്നു.
+
ഫ്രഷ് മീനിന്റെ കഥ പറഞ്ഞ് ഞാന്‍ എങ്ങോട്ടോ ഒക്കെ പോകുന്നു. അന്നത്തെ കാലത്തും ഇന്നും ഗള്‍ഫ് ഒരു സ്വപ്നം തന്നെ യുവാക്കള്‍ക്ക്. ഞാന്‍ ഹൈദരാബാദിലിരുന്ന് ഗള്‍ഫ് സ്വപ്നം നെയ്തു. അഛനോട് വിസ വാങ്ങാന്‍ പതിനായിരം രൂപ ചോദിച്ചപ്പോള്‍ - അഛന്‍ പറഞ്ഞു. വിസ പണം വാങ്ങിപ്പോകുന്നതെല്ലാം നിയമവിരുദ്ധം ആണ്.
+
പണ്ടൊക്കെ ഗള്‍ഫിലേക്ക് ആളുകള്‍ പോയിരുന്നത് ബോംബെയില്‍ നിന്ന് തീരെ സൌകര്യങ്ങളില്ലാത്ത കപ്പലുകളിലായിരുന്നു.
അഛനെന്നോടോതി - മോനെ നീ ശരിയായ മാര്‍ഗ്ഗത്തിലൂടെ എമ്പ്ലോയ്മെന്റ് വിസ സമ്പാദിച്ച് എന്റെ അടുത്ത് വരികയാണെങ്കില്‍ നിന്നെ ഞാന്‍ കൊച്ചിയില്‍ നിന്ന് ബോംബെ വഴി പ്ലെയിനില്‍ രാജകീയമായി യാത്രയാക്കാം എന്ന്.
+
അങ്ങിനെ എന്റെ പരിശ്രമത്തിന്റെ ഫലമായി ബോംബെയിലെ ടര്‍ണര്‍ മോറീസണ്‍ എന്ന കമ്പനിയും എന്റെ അടുത്ത സുഹൃത്തും അയല്‍ വാസിയായ സൈനുദ്ദിനും ചേര്‍ന്ന് എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. 40 വര്‍ഷം മുന്‍പ് ഞാനും സ്വപ്നഭൂമിയായ ഗള്‍ഫില്‍ കാല് കുത്തി.
+
എന്റെ മസ്കത്തില്‍ ആദ്യകാല ജീവിതം വളരെ വേദനാജനകമായിരുന്നു. അന്ന് അവിടെ വെള്ളം, വിദ്യുഛക്തി മുതലായവ വേണ്ടുവോളം ഉണ്ടായിരുന്നില്ല. താമസ സൌകര്യം എനിക്ക് കിട്ടിയിരുന്നത് ആദ്യം കൊള്ളാമായിരുന്നു എന്ന് തോന്നിയിരുന്നെങ്കിലും വേനല്‍ കാലമായപ്പോള്‍ എങ്ങിനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു.
+
ഒരു കൃസ്തുമസ്സ് സന്ധ്യയിലായിരുന്നു ഞാന്‍ ഗള്‍ഫിലെത്തിയത്. എയര്‍പോര്‍ട്ടില്‍ എന്റെ സുഹൃത്തായ സൈനുദ്ദീനും അദ്ദേഹത്തിന്റെ സബ് ഓര്‍ഡിനേറ്റായ സിറിയക്കാരന്‍ ഇബ്രാഹിമും കൂടി എന്നെ സ്വീകരിക്കാനെത്തിയിരുന്നു.
+
എന്നെ നേരെ കൂട്ടിക്കൊണ്ട് പോയത് സൈനുദ്ദീന്റെ സുഹൃത്തായ പെരേരയുടെ വീട്ടിലേക്കായിരുന്നു. അവിടെ കൃസ്ത്തുമസ്സ് രാത്രി പൊടിപൊടിക്കുകയായിരുന്നു. ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നത് ഹാഫ് സ്കര്‍ട്ട് അണിഞ്ഞ, മധുരമായി ചിരിക്കുന്ന ഗോവന്‍ പെണ്‍കുട്ടികളായിരുന്നു.
+
ഞാന്‍ അന്നാണ് വയര്‍ നിറയുവോളം ജോണിവാക്കര്‍ റെഡ് ലേബല്‍ കുടിച്ചത്. പിന്നെ റോത്ത് മേന്‍ സിഗരറ്റും, എന്നല്ല എനിക്കാവശ്യമായതെല്ലാം ആ ഒറ്റ രാത്രി കൊണ്ട് എനിക്ക് ലഭിച്ചു.
ഞാന്‍ വളരെ കൃതാര്‍ഥനായിരുന്നു. ഞാന്‍ ശരിക്കും വിചാരിച്ചു ഗള്‍ഫ് ഒരു സ്വപ്നലോകം തന്നെ എന്ന്.
+
അവിടെ നിന്ന് പാതിരാക്ക് എന്നെയും സൈനുദ്ദീനെയും സിറിയന്‍ ഫ്രണ്ട് സൈനുദ്ദീന്റെ താമസ സ്ഥലത്ത് ഇറക്കി വിട്ടു. വളരെ രാജകീയ സ്റ്റൈലിലുള്ളതായിരുന്നു സൈനുദ്ദീന്റെ അക്കോമഡേഷന്‍. എനിക്ക് ആ സ്ഥലം വളരെ ഇഷ്ടപ്പെട്ടു.
+
പിറ്റേ ദിവസം എന്നെ ജോലി സ്ഥലത്തേക്ക് കൊണ്ട് വിട്ടു. ജോലിയെല്ലാം ഇഷ്ടപ്പെട്ടിരുന്നു. രണ്ട് ദിവസം ഞാന്‍ എന്റെ സുഹൃത്തിന്റെ വി ഐ പി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചതിന് ശേഷം എനിക്ക് അലോട്ട് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോയി.
+
ടൌണില്‍ നിന്ന് മാറി മണലാരണ്യത്തിന്റെ നടുവിലായി ഒരു കോണ്ട്രാക്റ്റിങ്ങ് കമ്പനിയുടെ ടൌണ് ഷിപ്പിലായിരുന്നു എനിക്കുള്ള പോര്‍ട്ടാകേബിന്‍. എല്ലാ സൌകര്യങ്ങളും ഉള്ള അതില്‍ ശീതീകരണ യന്ത്രം മാത്രമുണ്ടായിരുന്നില്ല. ഡിസമ്പര്‍ മാസമായതിനാല്‍ വലിയ തണുപ്പായിരുന്നു. രണ്ട് കമ്പിളിപ്പുതപ്പ് കൊണ്ട് പുതച്ചാലും മാറാത്ത തണുപ്പ്.
+
ഞാന്‍ മസ്കത്തില്‍ നിന്ന് മത്രാ, റൂവി വഴി രാത്രി എന്റെ കേമ്പിലെത്തണം. സ്വന്തം വാഹനത്തിലേ ആ സ്ഥലത്തെത്താന്‍ പറ്റൂ. റൂവി പോലീസ് സ്റ്റേഷന്റെ അവിടുന്ന് നോക്കിയാല്‍ കണ്ണെത്താത്ത ദൂരത്ത് ഒരു ലൈറ്റ് ടവര്‍ കാണാം. അതില്‍ കണ്ണും നട്ട് വണ്ടി ഓടിക്കണം. മണ്ണും പാറക്കഷണങ്ങളും ഉള്ള ഡസര്‍ട്ടില്‍ കൂടിയുള്ള ലേന്‍ഡ് ഡ്രോവറില്‍ കൂടിയുള്ള രാത്രി യാത്ര ശ്രമകരമായിരുന്നു. ഒന്നുകില്‍ ഒരു 4 വീല്‍ ലേന്‍ഡ് ഡ്രോവര്‍ അല്ലെങ്കില്‍ മിനി മോക്ക് എന്നീ വാഹനങ്ങളായിരുന്നു എനിക്ക് ഉപയോഗിക്കാന്‍ കിട്ടിയിരുന്നത്.
+
ചൂട് കാലമായതോടെ പ്രസ്തുത കേമ്പിലെ ജീവിതം ദു:സ്സഹമായി തുടങ്ങി. നല്ല എക്കോമഡേഷന്‍ ഇല്ലെങ്കില്‍ ഞാന്‍ തിരിച്ച് പോകാന്‍ തുനിയുകയായിരുന്നു.
എന്റെ മാതാവിനെഴുതി ഇവിടുത്തെ വിശേഷം.


"ഉള്ള കഞ്ഞി കുടിച്ച് ഇവിടെ കഴിയാം മോനേ..മോന്‍ അവിടെ കിടന്ന് കഷ്ടപ്പെടേണ്ട. നാട്ടിലേക്ക് തിരിച്ച് വന്നോളൂ..."
" ആ മാതൃഹൃദയം നൊന്തു..."
+
ഞാന്‍ എന്റെ പ്രശ്നങ്ങളെല്ലാം സിറിയക്കാരന്‍ ഇബ്രാഹിമിനോടോതി. അദ്ദേഹം എന്നെ വിലക്കി. നീ വന്ന കാര്യം സാധിക്കാതെ മടങ്ങരുത്. നീയൊരു ആണ്‍കുട്ടിയാണ്. പൊരുതണം. ആവശ്യമുള്ളതെല്ലാം നേടിയെടുക്കണം. ശ്രമിക്കണം.
എന്നെ അവിടുത്തെ ലെഫ്റ്റ് ഹേന്‍ഡ് ഡ്രൈവ് വാ‍ഹനങ്ങള്‍ ഓടിപ്പിച്ച് പരിശീലിക്കുവാനും, അറബി പഠിക്കുവാനും ആ യുവാവ് സഹായിച്ചു.
+
ഒന്നര വര്‍ഷം കഴിഞ്ഞ് ഞാന്‍ നാട്ടില്‍ ലീവില്‍ വന്നു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതനായി. ആറുമാസത്തിനുള്ളില്‍ പെണ്ണിനെ മസ്കത്തിലെത്തിച്ചു.
+
നാട്ടില്‍ പുഴയോരത്ത് ജനിച്ച് വളര്‍ന്ന എന്റെ ശ്രീമതിക്ക് ഒരു ദിവസം പോലും മീനില്ലാതെ ചോറുണ്ണാന്‍ പറ്റില്ല. എനിക്കാണെങ്കില്‍ മീന്‍ വേണമെന്നും ഇല്ല.
എവിടെ നോക്കിയാലും കടലും മീനുമാണ് മസ്കത്തിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും.
+
അങ്ങിനെ എന്റെ പെണ്ണ് വന്നപ്പോള്‍ എനിക്ക് കമ്പനി ഒരു വോക്സ് വേഗന്‍ "ബീറ്റിത്സ്" വാഹനം തന്നു. അതില്‍ ഏസി ഉണ്ടായിരുന്നില്ല. പുറകില്‍ എഞ്ചിന്‍ ഉള്ള ജര്‍മ്മന്‍ വാഹനമാണ്. നല്ല ഡ്രൈവിങ്ങ് കംഫര്‍ട്ടുള്ള വാഹമാണ് ബീറ്റിത്സ്. ഇന്നും വോക്സ് വേഗന്‍ കമ്പനി ആ വാഹനം നിര്‍മ്മിക്കുന്നു.
+
കുടുംബമായി മസ്കത്തില്‍ എത്തിയെങ്കിലും അവിടെ ഫേമിലിക്ക് താമസിക്കാന്‍ ഉള്ള കെട്ടിടങ്ങള്‍ കുറവായിരുന്നു. ഞങ്ങള്‍ 3 പേര്‍ കൂടി ലൈന്‍ മുറി പോലുള്ള ഒരു വീട് വാടക്കെടുത്തു. ആണുങ്ങള്‍ പണിക്ക് പോയാല്‍ 3 പെണ്ണുങ്ങളും കൂടി ചോറും കറിയും വെക്കും. താമസസ്ഥലം ഒരു കടല്‍ക്കരയിലെ ഗ്രാമത്തിലായിരുന്നു. മീന്‍ സമൃദ്ധം. കറി വെക്കാന്‍ സമയത്ത് പോയി വാങ്ങാം. പക്ഷെ ആ കടല്‍ കരയിലെ എതാണ്ട് അമ്പത് വീടുകള്‍ക്കായി മാത്രമായിരുന്നു അവിടെത്തെ മീന്‍ പിടിക്കല്‍ . അതിനാല്‍ വലിയ മീനുകള്‍ കിട്ടിയിരുന്നില്ല.
+
കാലചക്രം തിരിഞ്ഞ് കൊണ്ടിരുന്നു. എനിക്ക് പ്രൊമോഷന്‍ കിട്ടി. മെച്ചപ്പെട്ട താമസ സൌകര്യങ്ങളും, വാഹനങ്ങളും, വിദേശയാത്രയും മറ്റും. അങ്ങിനെയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു മകനുണ്ടായി. അതോടെ പടി പടിയായി എനിക്ക് ഉയര്‍ച്ചയായിരുന്നു.
+
താമസം ഒരു മള്‍ട്ടിസ്റ്റോറി ബില്‍ഡിങ്ങിലെ ഫ്ലാറ്റിലേക്ക് മാറി. ശ്രീമതിക്ക് എങ്ങിനെയെങ്കിലും എന്നും മീന്‍ ഞാനെത്തിക്കുമായിരുന്നു. എനിക്കാണെങ്കില്‍ മീന്‍ ഫ്രഷ് ആയത് നോക്കി വാങ്ങിക്കാനറിയുമായിരുന്നില്ല.


എനിക്ക് എന്റെ പെമ്പറന്നോത്തി പറഞ്ഞ് തരും. ചെകിള തുറന്ന് നോക്കണം. ചുവന്ന കളറുണ്ടെങ്കില്‍ ഫ്രഷ് ആയിരിക്കും. പിന്നെ വലിയ മീനിന്റെ പുറത്ത് കുത്തി നോക്കണം എന്നൊക്കെ. നാല് മാസം കൊണ്ട് ഞാനതിലെല്ലാം എക്സ്പറ്ട്ട് ആയി എന്ന് പറഞ്ഞാല്‍ പോരേ.
+
എനിക്ക് വലിയ മീനൊന്നും നോക്കി വാങ്ങാനറിയില്ലായിരുന്നു. അവിടെ വെട്ടി വെച്ച മീനൊക്കെ പരിശോധിച്ച് വാങ്ങണമെങ്കില്‍ നല്ല എക്സ്പറ്ട്ട് കാര്‍ക്ക് തന്നെയേ പറ്റൂ.
ഒരു ദിവസം ഞാന്‍ എന്റെ കെട്ട്യോളേയും കൊണ്ട് മാര്‍ക്കറ്റില്‍ പോയി. അവള്‍ അവിടെ ഒക്കെ നടന്ന് കൊണ്ടിരിക്കുമ്പോള്‍ അവളുടെ കണ്ണില്‍ ഒരു ‘അറിക്ക്യ’ പെട്ടു. ഒരു നല്ല പീസ് വെട്ടി വാങ്ങിക്കുകയും ചെയ്തു.
എന്നിട്ട് എന്നോട് പറഞ്ഞു,
"ഇത്രയും നല്ല മീനുകള്‍ ഉണ്ടായിട്ടും നിങ്ങളെന്താ ഇത്ര നാള്‍ ഇതൊന്നും വാങ്ങിക്കൊണ്ടോരാഞ്ഞേ..?
എനിക്കറിയോ ഇതിന്റെ സ്വാദും മറ്റും....
+
അങ്ങിനെ അവള്‍ കൂടെ കൂടെ എന്റെ കൂടെ മാര്‍ക്കറ്റിലേക്ക് വരും. സാധാരണ വെള്ളിയാഴ്ചയാണ് അവിടെ അവധി. അന്ന് വലിയ തിരക്കായിരിക്കും. അന്ന് അല്പം വിലയും കൂടും. ആ ദിവസം ഒരു വിധം പേരെല്ലാം മീനാ ക്വാബൂസിലെ മീന്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങനെത്തും.
ലെബനീസ് സുന്ദരിപ്പെണ്ണുങ്ങളും അവിടെ ധാരാളം കാണും. അവര്‍ക്കും വലിയ മീന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ചിലപ്പോള്‍ അവരെ നോക്കി ലൈനടിക്കാനും മറക്കില്ല. എന്റെ ഓഫീസില്‍ ഒരു ലെബനീസ് പെണ്ണുണ്ടായിരുന്നു. "നജാത്ത്" പെണ്ണുങ്ങളുടെ വേഷം പേന്റും റൌണ്ട് നെക്കുള്ള ടീ ഷര്‍ട്ടുമാണ്. അവളെ കണ്ടാല്‍ നല്ല അറിക്ക്യ മീനിനെ പോലിരിക്കും.
നജാത്ത് പല്ല് തേക്കില്ല, എന്നും കുളിക്കില്ല. ഒരു പാട് പെര്‍ഫ്യൂം അടിക്കും.
അതിനാല്‍ ഞാന്‍ അവളുടെ അടുത്തേക്ക് അധികം പോകില്ല.
+
അങ്ങിനെ മസ്കത്ത് മീനാ കാബൂസിലെ മീന്‍ മാര്‍ക്കറ്റില്‍ പോയാല്‍ കടലില്‍ നിന്നും മാര്‍ക്കറ്റിലേക്ക് കയറ്റുന്നതിന്‍ മുന്‍പേ വള്ളത്തില്‍ നിന്ന് തന്നെ ഇഷ്ടമുള്ള പെടക്കുന്ന മീന്‍ "റിയലി ഫ്രഷ്" വാങ്ങാം. 5 മിനിട്ട് കൊണ്ട് വീട്ടിലെത്താം. ആ ഫ്രഷ് മീനിന്റെ കറിക്ക് സ്വാദ് വേറെ തന്നെ.

അവിടത്തുകാര്‍ അറിക്ക്യക്ക് "സുറുമായ്" എന്നാ പറയുക. പക്ഷെ ഇത്ര നല്ല മീനുണ്ടെങ്കിലും മസ്കത്തിലെ അറബികളുടെ ഇഷ്ടമീന്‍ നമ്മള്‍ "കുടുത" എന്ന് വിളിക്കുന്ന ചുവന്ന മാംസമുള്ള മീനാണ്. ആ മീനാണ് അവരുടെ നേഷണല്‍ ഫിഷ്.
+
മസ്കത്തിലെ അറബികള്‍ക്ക് എന്നും ഫിഷ് അല്ലെങ്കില്‍ മട്ടണ്‍ ബിരിയാണി ആണ്. അരിയും മീനും ഒരേ പാത്രത്തിലിട്ട് വേവിക്കും. മീന്‍ കറി വെക്കുകയാണെങ്കില്‍ അതില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും. അവര്‍ ചെറുനാരങ്ങയും, വെളുത്തുള്ളിയും ധാരാളം കഴിക്കും. എന്നും മീന്‍ അവര്‍ക്ക് കിട്ടും. അവിടെ മഴക്കാലം എന്നൊന്നില്ലല്ലോ? വല്ലപ്പോഴും പത്ത് കൊല്ലത്തിലൊരിക്കല്‍ ഒരു മഴ കിട്ടിയെന്ന് വരാം. അവിടുത്തെ കൃഷിയും ജീവിതവുമെല്ലാം മഴയെ ആശ്രയിച്ചല്ലതാനും.
+
പിന്നെ ഈന്തപ്പഴം അവര്‍ എന്നും കഴിക്കുന്നു. സഹം എന്ന ഒരു വില്ലേജിലാണ് ഏറ്റവും അധികം ചെറുനാരങ്ങ വിളയുന്നത്. അവിടെ പെട്രൊളിയം കൂടാതെ പലതും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്ക് കിണറുകളിലെ വെള്ളം കൂടതെ ഡിസാലിനേഷന്‍ പ്ലാന്റില്‍ കൂടി കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടി വെള്ളം ലഭിക്കുന്ന സംഭരണികള്‍ ധാരാളം.
+
അങ്ങിനെ റെഫ്രിജറേറ്റ് ചെയ്യാത്ത "ഫ്രഷ് ഫിഷ്" ഞാന്‍ ആദ്യമായി കഴിച്ചത് മസ്കത്തില്‍ നിന്നാണ്. എന്റെ ശ്രീമതിക്ക് എന്നും "സുറുമാ ഫിഷ്" വേണ്ടിയിരുന്നു ഒരു നാളില്‍. അങ്ങിനെ ഞാനും ഒരു മീന്‍ തീറ്റക്കാരനായി. എന്നും സുറുമാ ഫിഷ് കഴിച്ചാല്‍ തടി കൂടും. മെല്ലിച്ച ഞാന്‍ അവിടെ ചെന്നപ്പോള്‍ തടിയനായി കുറേ കാലം. ടൌണിലെ മീന്‍ വില്‍ക്കുന്ന കടയില്‍ അലുവാ കഷണം പോലെത്തെ അറിക്ക്യ മീന്‍ വെട്ടി വാങ്ങാം. എന്നോട് എന്റെ പെണ്ണ് പറയും നടുക്കഷണം നോക്കി വാങ്ങിക്കാന്‍. എന്നും ‘സുറുമായ്’ മീന്‍ തിന്ന് അവളും കൂടുതല്‍ സുന്ദരിയായി. ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയും ജനിച്ചു മസ്കത്തില്‍ വെച്ച്. അവളാണ് എന്റെ “രാക്കമ്മ”. എന്റെ പ്രിയതമയായ “ബീനാമ്മയെ” നിങ്ങള്‍ക്കെല്ലാം അറിയുമല്ലോ>>?
+
25 കൊല്ലം ജീവിച്ച മണലാരണ്യത്തിലെ വിശേഷം പറയാന്‍ അല്ലെങ്കില്‍ പറഞ്ഞ് തീര്‍ക്കാന്‍ പെട്ടൊന്നും പറ്റില്ല. ഇനി വേറെ ഏതെങ്കിലും അവസരത്തില്‍ മറ്റെന്തെങ്കിലും പറയാം.
\++\
[ഇവിടെ അവസാനിക്കുന്നു]



5 comments:

  1. അങ്ങിനെ അവള്‍ കൂടെ കൂടെ എന്റെ കൂടെ മാര്‍ക്കറ്റിലേക്ക് വരും. സാധാരണ വെള്ളിയാഴ്ചയാണ് അവിടെ അവധി. അന്ന് വലിയ തിരക്കായിരിക്കും. അന്ന് അല്പം വിലയും കൂടും. ആ ദിവസം ഒരു വിധം പേരെല്ലാം മീനാ ക്വാബൂസിലെ മീന്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങനെത്തും.
    ലെബനീസ് സുന്ദരിപ്പെണ്ണുങ്ങളും അവിടെ ധാരാളം കാണും. അവര്‍ക്കും അറിക്ക്യ മീന്‍ വലിയ ഇഷ്ടമാണ്.

    ReplyDelete
  2. ശരിയാ ചേട്ടാ,പറയാന്‍ തുടങ്ങുമ്പോള്‍ എല്ലാം പറയാന്‍ തോന്നും,അതൊന്നും ഒരു പോസ്റ്റില്‍ ഒതുക്കാന്‍ പറ്റില്ലല്ലോ... ഒരു നോവല്‍ പോലെ നീണ്ടു പരന്ന്.......

    തുടര്‍ഭാഗങ്ങളായി എഴുതൂ ട്ടോ..

    ReplyDelete
  3. ente priya kunjoos

    എന്റെ പല കഥകളും ഇപ്പോഴും പരിസമാപ്തിയിലെത്താതെ കിടക്കുന്നു. ഇതും അങ്ങിനെ വരാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാം. അതിനാല്‍ [തുടരും] എന്ന് എഴുതുന്നില്ല.
    + കുഞ്ഞൂസ് പറഞ്ഞ പോലെ ഞാന്‍ ഈ പ്രസ്തുത പോസ്റ്റിനെ എന്റെ ഗള്‍ഫ്, യൂറോപ്പ്, മിഡ്ഡില്‍ ഈസ്റ്റ്, സിലോണ്‍, പിന്നെ എന്റെ നാടായ കൊച്ചൂകേരളം മുതലായ സ്ഥലത്തുള്ള എന്റെ അനുഭവങ്ങളെക്കൊണ്ട് നിറക്കാം.
    ++ എന്റെ ബെയ്റൂട്ടിലെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ ഒരു കൊച്ചു നോവലിന് തിരി കൊളുത്തിയിരുന്നു. പക്ഷെ അത് എവിടെയും എത്തിയില്ല. അങ്ങിനെ വേറെ രണ്ട് നോവലുകളും പണിതീരാതെ കിടക്കുന്നു. എന്നിട്ട് മറ്റൊന്നിനെ പിടിക്കുന്നു.
    +++ എന്താ കുഞ്ഞൂസേ ഞാന്‍ ഇങ്ങിനെ..???

    ReplyDelete
  4. ഒത്തിരി വലിയ പോസ്റ്റാണെങ്കിലും വിരസതയില്ലാതെ വായിച്ചു..,നല്ല രസികൻ അവതരണം..,തുടരുക,.എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  5. എത്രയേറെ അനുഭവങ്ങളാണ് ജേപീ സാറിനുള്ളതല്ലേ? ഒക്കെ വായിക്കാന്‍ ഓരോ ദിവസവും ഞാന്‍ ഇവിടെ വരുന്നു..എത്ര നന്നായി എഴുതുന്നു..ഇനിയും ഒത്തിരി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.