Thursday, August 12, 2010

കര്‍ക്കടകത്തിലെ മരുന്നുകഞ്ഞി


സീനക്കുട്ടീ

അങ്കിള്‍ സുഖമില്ലാതെ കിടപ്പാണ്. വാത രോഗത്തിന്റെ ചികിത്സയിലാണ്. അടുത്തുള്ള ഒരു ആശുപത്രിയില്‍. കര്‍ക്കടക മാസത്തിലെ ആയുര്‍വ്വേദ ചികിത്സ നല്ലതാണെന്ന് പഴമക്കാ‍ര്‍ പറയുന്നു.

എന്റെ ചേച്ചിക്കും [പെറ്റ തള്ള] കാലില്‍ വാതത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. പക്ഷേ ചേച്ചി 86 വയസ്സ് വരെ ജീവിച്ചുവെന്നാണ് എന്റെ ഓര്‍മ്മ. അത്ര വരെയൊന്നും എനിക്ക് പോകേണ്ട. അതിന് ഇനി ഒരുപാട് കാലം ഉണ്ടല്ലോ. ചേച്ചിക്ക് ആട്ടിന് കാല്‍ സൂപ്പും, മരുന്നുകഞ്ഞിയും ആയുര്‍വ്വേദ ഔഷധങ്ങളും ഉണ്ടാക്കിക്കഴിക്കാനുള്ള സൌകര്യങ്ങളും മറ്റും ഉണ്ടായിരുന്നു തറവാട്ടില്‍.

ചേച്ചിക്ക് വിളിപ്പുറത്ത് ഓഛാനിച്ച് നില്‍ക്കുന്ന ഭൃത്യന്മാരും സന്തതി പരമ്പരകളും നല്ലവരായ ഗ്രാമീണരായ നാട്ടുകാരും വേണ്ടുവോളം ഉണ്ടായിരുന്നു. രാജകീയമായി ജനിച്ചു, വളര്‍ന്നു, രാജകീയമായി അന്തരിച്ചു.

എനിക്കതൊന്നും ലഭിക്കുന്നില്ല. സന്തതികളും, സമ്പത്തും ഉണ്ടായിട്ടെന്ത് കാര്യം. അനുഭവിക്കാനും വേണ്ടേ.. ഒരു യോഗം…?!!


എന്റെ ചെറുപ്പത്തില്‍ കര്‍ക്കടകമാസത്തില്‍ ചേച്ചിക്കുണ്ടാക്കിയിരുന്ന പച്ച നിറത്തിലുള്ള “മരുന്നുകഞ്ഞി” എനിക്കും തരുമായിരുന്നു. ഒരു കിണ്ണം നിറയെ മരുന്നുകഞ്ഞി പശുവിന്‍ നെയ്യില്‍ ഉള്ളി കാച്ചി അത്താഴമായി വിളമ്പിത്തരും.

ഞാന്‍ തന്നെയായിരുന്നു കുന്നംകുളം കുരിയന്റെ കടയില്‍ നിന്ന് മരുന്നുകഞ്ഞിക്കുള്ള പച്ചമരുന്ന് വാങ്ങിക്കൊണ്ട് വരിക. കടയില്‍ ചെന്നതിന്‍ ശേഷമാണ് മരുന്നുകള്‍ കൊത്തിനുറുക്കി എതാണ്ട് എട്ട് ഇഞ്ച് നീളത്തിലുള്ള കമ്പുകള്‍ പോലെയാക്കി ചാക്ക് നൂല്‍ കൊണ്ട് കെട്ടി തരും. മരുന്ന് വലിയ വെട്ട് കത്തികൊണ്ട് മരത്തിന്റെ കുറ്റിയില്‍ വെട്ടിനുറുക്കി ഒരേ നീളത്തില്‍ അടുക്കി കെട്ടിത്തരുന്നത് കാണാന്‍ തന്നെ എന്ത് ചന്തമാണെന്നോ? !

വീട്ടില്‍ കൊണ്ട് വന്ന് കൊടുത്താല്‍ ശാരദേടത്തി കെട്ടുകളഴിച്ച് കുറുന്തോട്ടി തിളപ്പിച്ച് മറ്റു മരുന്നുകള്‍ വെണ്ണ പോലെ അമ്മിയില്‍ അരച്ച് ക്ഞ്ഞിയില്‍ ചേര്‍ക്കും. നല്ല മരുന്നുകഞ്ഞിയുണ്ടാക്കാന്‍ പണി കുറച്ചുണ്ട്.

അടുക്കളയില്‍ മുട്ടിപ്പലകയില് ഇരുന്ന് അത് മുഴുവന്‍ കഴിക്കുന്നത് വരെ ചേച്ചി എന്നെ നോക്കി നില്‍ക്കും. വയറ് നിറയും വരെ കോരി കോരി ഒഴിച്ച് തരും. കിണ്ണത്തില്‍ പ്ലാവില കോട്ടി കഞ്ഞി കുടിച്ച ദിനനങ്ങള്‍ ഓര്‍മ്മ മാത്രമായി ഇപ്പോള്‍.!

ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന കഞ്ഞിക്കൂട്ട് പണ്ട് കഞ്ഞി കുടിച്ചിട്ടുള്ള എന്നെപ്പോലെയുള്ളവര്‍ക്ക് രുചിക്കില്ല. പിന്നെ മരുന്നാണെന്ന് സങ്കല്പിച്ച് മോന്താമെന്ന് മാത്രം.

വല്ലപ്പോഴും തറവാട്ടില്‍ പോയി താമസിക്കാറുണ്ടെങ്കിലും മരുന്നുകഞ്ഞിയൊന്നും അവിടെ ഉണ്ടാക്കി കണ്ടില്ല. എന്റെ സഹോദരനും വാതരോഗത്തിന്റെ സോക്കേട് ഉണ്ട്. പക്ഷെ എന്റെ അത്ര കഠിനമല്ല. അവന് വണ്ടി ഓടിക്കുന്നതിനും അദ്ധ്വാനിക്കുന്നതിനും മുറ്റമടിക്കുന്നതിനും ഒന്നും ആരോഗ്യക്കുറവില്ല. എന്നെക്കാളും 5 വയസ്സ് താഴെയാണ് അവന്‍. എന്നെക്കാളും ഉയരവും തടിയും ഉണ്ട്.

അറിയപ്പെടുന്ന സിനിമ, സീരിയല്‍ നടനും ടിവി അവതാരകനും ആണ് എന്റെ സഹോദരന്‍ വി. കെ. ശ്രീരാമന്‍.


വടക്കേക്കാട്ടുള്ള മാളിയേക്കല്‍ അലി ഇതേ ആശുപത്രിയില്‍ ചികിത്സക്ക് വന്നിരുന്നു. സീനയെ അറിയുമോ എന്ന് ഞാന്‍ ചോദിക്കാന്‍ മറന്നു. വയസ്സന്മാര്‍ മയ്യത്താവണ മാസമാ കര്‍ക്കടകം. ചിലപ്പോള്‍ ഒരുപാട് ബുദ്ധിമുട്ടിപ്പിച്ചേ ദൈവം തമ്പുരാന്‍ അങ്ങോട്ട് വിളിക്കൂ. കഴിഞ്ഞ ജന്മത്തില്‍ സല്പ്രവര്‍ത്തികള്‍ ചെയ്തവര്‍ക്കേ ഈ ജന്മത്തില് ആരോഗ്യവും സന്തുഷ്ടിയും ലഭിക്കൂ.

പിന്നെ അലിക്കാ പറഞ്ഞു – മൈനത്താ പഞ്ചായത്ത് ഇലക്ഷന് മസ്തരിക്കുന്നുണ്ടെന്ന്. ഞാന് ഇന്ന് മൈനത്തായെ വിളിക്കുന്നുണ്ട്.

സീനയെ ഒരിക്കല്‍ കാണുക എന്ന് എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. നടക്കില്ലാ എന്ന് കരുതുന്നു. ആശിക്കാനല്ലേ പറ്റൂ.

ഇങ്ങിനെ ഇന് വിസിബിള്‍ ആയി കഴിയുന്ന ഒരാളെ തേടി കണ്ടുപിടിക്കുകയെന്നത് ഈ പ്രായത്തില്‍ എനിക്ക് ബുദ്ധിമുട്ടാണല്ലോ.

ഡ്രൈവിങ്ങും കമ്പ്യൂട്ടര്‍ ഉപയോഗവും ആണ് എന്റെ പ്രധാന ഹോബി. ഈ വാതരോഗം എന്റെ നാടികളെ തളര്‍ത്തുന്നു. 8 മാസം അലോപ്പതി മരുന്നുകള്‍ വിഴുങ്ങി. എന്ത് കാര്യം മരുന്ന് നിര്‍ത്തിയാല്‍ വേദനയും പൊരിച്ചലും തന്നെ. ഹോബികള്‍ക്ക് കുറേശ്ശെ കടിഞ്ഞാണിടേണ്ട സ്ഥിതിയിലേക്കാണെന്ന് തോന്നുന്നു എന്റെ വിധി. വിധിയല്ലേ അനുഭവിക്കുക തന്നെ. വേറെ മാര്‍ഗ്ഗമൊന്നും ഇല്ലല്ലോ?. ഈശ്വരകടാക്ഷം ഉണ്ടെങ്കില്‍ അതിന് അല്പമൊരു ആശ്വാസം ഉണ്ടാകുമെന്ന് മാത്രം. അച്ചന്‍ തേവര്‍ എന്നെ കൈവിടില്ലാ എന്നൊരു ആശ്വാസം മാത്രം.

ഈ വര്‍ഷം രോഗാധിക്യത്താല്‍ ആദ്യമായി അച്ചന്‍ തേവരിലേയും വടക്കുന്നാഥനിലേയും ആനയൂട്ട് കാണാന്‍ പോകാന്‍ സാധിച്ചില്ല.

പിന്നെ സീനക്കുട്ടിയുടെ പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ കാണുകയുണ്ടയി. പക്ഷെ എത്തി നോക്കാനായില്ല. ഏതെങ്കിലും ഒരു ദിവസം നോമ്പുതുറക്കുന്ന സമയം സീനക്കുട്ടിയുടെ കൈകൊണ്ടുണ്ടാക്കിയ എന്തെങ്കിലും ഒരു വിഭവം എനിക്ക് കഴിക്കാന്‍ കിട്ടുമായിരുന്നെങ്കില്‍ എന്ന് ആശിച്ച് പോകയാണ്.

ഇപ്പോള്‍ റമദാന്‍ ആരംഭിച്ച് കഴിഞ്ഞല്ലോ. ദൈവം തമ്പുരാന്‍ എന്റെ സീനക്കുട്ടിക്ക് സര്‍വ്വമംഗളങ്ങളും ഐശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ !!!


RAMADAAAN KAREEM




6 comments:

  1. വീട്ടില് കൊണ്ട് വന്ന് കൊടുത്താല് ശാരദേടത്തി കെട്ടുകളഴിച്ച് കുറുന്തോട്ടി തിളപ്പിച്ച് മറ്റു മരുന്നുകള് വെണ്ണ പോലെ അമ്മിയില് അരച്ച് ക്ഞ്ഞിയില് ചേര്‍ക്കും. നല്ല മരുന്നുകഞ്ഞിയുണ്ടാക്കാന് പണി കുറച്ചുണ്ട്.

    അടുക്കളയില് മുട്ടിപ്പലകയില് ഇരുന്ന് അത് മുഴുവന് കഴിക്കുന്നത് വരെ ചേച്ചി എന്നെ നോക്കി നില്‍ക്കും. വയറ് നിറയും വരെ കോരി കോരി ഒഴിച്ച് തരും. കിണ്ണത്തില് പ്ലാവില് കോട്ടി കഞ്ഞി കുടിച്ച ദിനനങ്ങള് ഓര്‍മ്മ മാത്രമായി ഇപ്പോള്

    ReplyDelete
  2. ഇവിടെ ഗള്‍ഫിലെ കത്തുന്ന ചൂട്‌ പകലില്‍ എസി ശീതളിമയില്‍ ഇരുന്നു ഇത് വായിച്ചപ്പോള്‍ നാട്ടില്‍ ഒരു വേള പോയി വന്നത് പോലെ ഒരു പ്രതീതി ഉണ്ടായി. അത്രയ്ക്കും ഉള്ളില്‍ തട്ടും വിധം ജെ.പി.സാര്‍ എഴുതിയിരിക്കുന്നു.
    (തറവാട്‌ ചിത്രം നല്ല ഭംഗി. അതിപ്പോഴും ഉണ്ടോ? പല പഴയ തറവാടുകളും കാലാവശേഷം ആവുന്ന ഇക്കാലത്ത്‌ ചോദിച്ചു എന്നേയുള്ളൂ).

    ReplyDelete
  3. പ്രിയ ഏറനാടന്‍

    എന്റെ ബ്ലോഗിലേക്ക് നടാടെയാണ് എത്തിനോക്കിയതെന്ന് കരുതുന്നു. മനസ്സില്‍ തോന്നുന്നതെല്ലാം എഴുതുകയാണ് എന്റെ രീതി.
    തറവാട് അതിന്റെ അതേ ഭംഗിയില്‍ ഇപ്പോഴും നില കൊള്ളുന്നു. അതിന്റെ പവിത്രത കാത്ത് സൂക്ഷിക്കാന്‍ പണച്ചിലവേറെ ഉണ്ടെങ്കിലും ഞങ്ങള്‍ അത് പരമാവധി വൃത്തിയും വെടിപ്പോടുകൂടിയും വെക്കുന്നു. മഴക്കാലമായതിനാല്‍ മെയിന്റന്‍സ് പണികളേറെ. ഇപ്പോഴും ഉള്‍ത്തളങ്ങളില്‍ ഫേനും ഏസിയൊന്നുമില്ലാതെയും കിടന്നുറങ്ങാം.
    വരൂ ഞങ്ങളുടെ നാട്ടിലേക്ക്, ഒരു ദിവസമെങ്കിലും ഞങ്ങളുടെ ആതിഥേയത്വം സ്വീകരിക്കൂ...
    എന്റെ അസുഖങ്ങളെ ഓര്‍ക്കാതിരിക്കാന്‍ ഈ എഴുത്ത് ഒരു പരിധി വരെ സഹായിക്കുന്നു.
    ++ എന്റെ ബ്ലോഗ് നോവല്‍ പുതുമുഖങ്ങളെ അഭിനേതാക്കളാക്കി ഒരു സിനിമയെടുത്താലോ എന്ന ആലോചന ഉണ്ട്. ഗള്‍ഫ് പ്രവാസിയായ എനിക്ക് ഗള്‍ഫിലെ മലയാളിക്കുട്ടികള്‍ക്ക് മുന്‍ ഗണന കൊടുത്തുകൊണ്ട് ഈ ഉദ്യമം ഈ ഓണം കഴിഞ്ഞാല്‍ ആരംഭിച്ചാല്‍ കൊള്ളാമെന്നുണ്ട്.
    ++ സഹായവാഗ്ദാനവുമായി ഒന്നുരണ്ട് ബ്ലോഗര്‍മാര്‍ വന്നുകഴിഞ്ഞു. പാട്ടെഴുതാനും, പാടാനും മറ്റും. ആര്‍ക്കും ഒരു പ്രോമീസും കൊടുത്തിട്ടില്ല.
    ++ എന്റെ കുടുംബത്തില്‍ ഒരു സംവിധായകയും, ഛായാഗ്രഹകനും, നടനും ഉണ്ട്. അവര്‍ക്ക് ഇതില്‍ എന്തെങ്കിലും സ്ഥാനം കൊടുക്കണം. പ്രതിഫലം പറ്റാതെ, എന്നാല്‍ പ്രോഫിറ്റ് ഷെയറിന്റെ അടിസ്ഥാനത്തില്‍ അവര്‍ എന്തും ചെയ്യാന്‍ തയ്യാറാണ്.

    ReplyDelete
  4. prakashettaa....vayichu.comment idan pinne varam tto.... vegam sukham prarichu varan aashamsikkunnu.

    ReplyDelete
  5. കര്‍ക്കിടകത്തിലെ മരുന്ന് കഞ്ഞിയുടെ നിറം പച്ചയാണോ അതോ മഞ്ഞയോ എന്നൊരു സംശയം ഉണ്ട് ഉണ്ണിയെട്ടോ. അതിലെ ഒരു പ്രധാന മരുന്ന് ഇല്ലം കെട്ടിയായിരുന്നു. അത് ഇപ്പോള്‍ നാട്ടില്‍ കിട്ടുമോ എന്തോ. എന്തായാലും മരുന്ന് കഞ്ഞി കഴിക്കുവാന്‍ രസം ഉണ്ടായിരുന്നു. ഇന്നെല്ലാം ഫാസ്റ്റ് ഫുഡിന്റെ കാലമല്ലേ അപ്പോള്‍ എല്ലാം റെഡി മൈഡല്ലേ അതിനാല്‍ പണ്ടത്തെ ഗുണവും ഇല്ല രുചിയും ഇല്ല. ഇവിടെ ചൂട് അതിന്റെ പരമ്യതിലെതിയിട്ടുണ്ട്. പിന്നെ നോമ്ബായതിനാല്‍ ഉച്ചക്ക് ഒരു മണിവരെയേ ജോലിയുള്ളൂ. ഇന്ന് അത്തം അല്ലെ ഇനി അങ്ങോട്ട്‌ ഓണം വരെ നാട്ടില്‍ എല്ലാവര്ക്കും ആഘോഷങ്ങളുടെ ദിനങ്ങളായിരിക്കും അടുത്ത വര്‍ഷത്തെ അവധി ഓണത്തിനാക്കണം എന്നാണ് വിചാരിക്കുന്നത്. വാതതിനുള്ള ചികിത്സ നടത്താന്‍ മറക്കണ്ട.

    ReplyDelete
  6. മരുന്നുകഞ്ഞിയോടൊപ്പം ,നല്ല സുന്ദരമായ ഓർമ്മകളും മോന്തിക്കുടിച്ചു അല്ലേ...

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.