എന്താണെന്റെ രോഗം, ഇതിന് മരുന്നില്ലേ എന്നൊക്കെ ഞാന്‍ ചിലപ്പോളാലോചിക്കും. ഇനി ദൈവം തമ്പുരാന്‍ എന്നെ ചികിത്സിക്കുന്ന വൈദ്യന്മാര്‍ക്ക് ഉപദേശിക്കണം. എന്നെ കണ്ടവര്‍ക്കൊന്നും ശരിയായ ഡയഗ്നോസിസ് കിട്ടിയിട്ടുണ്ടാവില്ല.
ഞാന്‍ പല വൈദ്യന്മാരെയും മാറി മാറി കാണുന്നുവെങ്കിലും ഒരാളുടെ മരുന്ന് മാത്രം കഴിഞ്ഞ ആറു മാസമായി കഴിക്കുന്നു. വേദനയില്‍ നിന്നും കഴപ്പില്‍ നിന്നും ആശ്വാസം ഉണ്ട്. പക്ഷെ രോഗം മാറുന്നില്ല. എത്ര നാളെന്ന് വെച്ചാണ് ഈ സ്ഥിതിയില്‍ തുടരുക.
എനിക്ക് അമ്പലത്തില്‍ പോകാന്‍ പറ്റില്ല, നഗ്നപാദങ്ങളുമായി എവിടെയും കേറിച്ചെല്ലാനാകില്ല. മറ്റുള്ളവരെപോലെ നടക്കാനും ഓടാനും പറ്റില്ല. എല്ലാം സുഖക്കേടിനും മരുന്നുകളുള്ള ഈ മോഡേണ്‍ യുഗത്തില്‍ എന്താണ് എനിക്കുമാത്രം ഇങ്ങിനെ ഒരു ദുര്യോഗം.
എന്റെ ആരോഗ്യരഹസ്യത്തിന്റെ കാരണങ്ങളായ ഓട്ടം, ചാട്ടം, നീന്തല്‍, ഏറോബിക്സ്, യോഗ, ടെന്നീസ് എന്നിവയൊക്കെ തീര്‍ത്തും നിര്‍ത്തേണ്‍ടി വന്നു. ഇപ്പോള്‍ ഏക ആശ്രയം നടത്തം മാത്രം.
പക്ഷെ ഈ മഴക്കാലം വന്നതോട് കൂടി നടത്തവും നിന്ന മട്ടാണ്. കാല്‍ പാദം നനയാതെ നടക്കാനാവില്ല. ചെരുപ്പഴിച്ച് ഷൂ ഇട്ട് അര കിലോമീറ്ററില്‍ കൂടുതല്‍ നടക്കാനാവില്ല. എനിക്ക് ധരിക്കാന്‍ പ്രത്യേക തരം ചെരിപ്പുകളും ഷൂസിന് ഉള്ളില്‍ വെക്കാനുള്ള സോളുകളും ഉണ്ട്. ചെരിപ്പിട്ട് നാലോ അഞ്ചോ കിലോമീറ്റര്‍ താണ്ടാന്‍ വലിയ പ്രയാസം ഇല്ല, കുറേ നടക്കുമ്പോള്‍ കാല്‍ പാദം ചൂടാകുന്ന പോലെ തോന്നും, അപ്പോള്‍ എവിടെയെങ്കിലും ഇരുന്ന് തണുപ്പിക്കും, വീണ്ടും യാത്ര തുടരും. അങ്ങിനെയൊക്കെയാണ് എന്റെ സ്ഥിതി.
മക്കളുടെ അടുത്ത് പോയി നിക്കണമെന്ന് ആഗ്രഹം ഉണ്ട്. കൂടുതല്‍ ഇഷ്ടം മോളുടെ കൂടെ താമസിക്കാനാണ്. അവള്‍ എറണാംകുളത്ത്. അവിടെ കൂട്ടുകുടുംബമായതിനാല്‍ അധിക ദിവസം താമസിക്കാന്‍ എനിക്കൊരു വിഷമം. അവളുടെ അമ്മായിയമ്മയും അമ്മായിയപ്പനും വളരെ സ്നേഹമുള്ളവരാണ്. അവര്‍ എന്റെ മകള്‍ക്ക് എന്റെ വീട്ടിലുള്ളതിനേക്കാളും സ്നേഹവും ലാളനയും കൊടുക്കുന്നുണ്‍ട്. അവളുടെ ഭര്‍ത്താവിന്റെ മൂത്ത സഹോദരന്റെ പത്നിക്ക് അവളെ വലിയ ഇഷ്ടമാണ്. അമ്മയില്‍ നിന്നും കിട്ടുന്ന പരിളാലനം മകള്‍ക്ക് ആ ചേച്ചിയില്‍ നിന്ന് കിട്ടുന്നു.
സംഗതി ഇങ്ങിനെയൊക്കെ ആണെങ്കിലും അവിടെ പോയി പത്ത് ദിവസം നില്‍ക്കുകയാണെങ്കില്‍ അവിടെയും ഈ മണ്‍സൂണ്‍ പ്രശ്നം ഉണ്ടല്ലോ. അതിനാല്‍ കോയമ്പത്തൂരിലുള്ള മകന്റെ അടുത്തേക്ക് പോകാം എന്ന് കരുതി.
ഞാന്‍ കോയമ്പത്തൂരിലേക്ക് വരുന്നില്ലാ എന്നായിരുന്നു അവന്റെ പരാതി. ഏതായാലും പരാതി തീര്‍ക്കുകയും ആവാം എനിക്കൊരു ചേഞ്ചും ആകുമല്ലോ എന്ന് കരുതി ഞാന്‍ അങ്ങോട്ട് പോകാന്‍ തീരുമാനിച്ചു. മകന്‍ എനിക്കും അവനെ അമ്മക്കും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്ത് തന്നു. എന്റെ പെണ്ണിന് രണ്ടാഴ്ച കഴിഞ്ഞും എനിക്ക് രണ്ട് ദിവസം കഴിഞ്ഞും റിട്ടേണ്‍ ടിക്കറ്റ് ആദ്യം കിട്ടിയിട്ടേ ഞാന്‍ പുറപ്പെട്ടുള്ളൂ..
എന്റെ മകന്‍ അവിടെ ഒരു മള്‍ട്ടി നാഷണല്‍ ബേങ്കില്‍ മാനേജര്‍ ആണ്‍. നല്ല താമസ സൌകര്യവും ഭക്ഷണവും എല്ലാം ഉണ്ടവിടെ. കാര്യം കുശാല്‍. പിന്നെ അവിടെ മഴയില്ല, അതിനാല്‍ എന്റെ നടത്തത്തിന്റെ പുനരാരംഭവും ആകാം. അങ്ങിനെ സ്വപ്നങ്ങള്‍ കൊയ്ത് ഞാനും എന്റെ പെണ്ണൂസും കൂടി കോയമ്പത്തൂരില്‍ ലാന്‍ഡ് ചെയ്തു.
എന്റെ പെണ്ണിന് മോളേക്കാളും ഇഷ്ടം മോനോടാണ്. എനിക്ക് മറിച്ചും. എന്റെ മോളുടെ കുട്ടിയെ കൂടെ കൂടെ കണ്ട് അവനോട് എനിക്കിഷ്ടം കൂടീ. കുട്ടാപ്പുവിനെ പത്ത് പതിനഞ്ചുദിവസം കണ്ടും കൊണ്ടിരിക്കാന്‍ എറണാംകുളത്ത് പോയേ തീരൂ. അത് എളുപ്പത്തില്‍ നടക്കില്ല, അതിനാല്‍ കോയമ്പത്തൂരേക്ക് പോകാമെന്നായി.
ഞാന്‍ ആദ്യമൊക്കെ കോയമ്പത്തൂരേക്ക് തീരെ പോകാന്‍ താല്പര്യം പ്രകടിപ്പിച്ചില്ല, അവിടെ കമ്പ്യൂട്ടറില്ല, നെറ്റില്ല, അങ്ങിനെ എന്റെ ഇഷ്ടത്തിനുള്ള പലതും ഇല്ല. ഒരു നല്ല പബ്ബ് പോലുമില്ല. പിന്നെ എന്റെ മോന്‍ പണിയെടുക്കുന്ന ബേങ്ക് നല്ല ബിസി കമേഴ്സ്യല്‍ ഏരിയായിലാണ്. പക്ഷെ താമസം ഒരു റിമോട്ട് ഏരിയായിലാണ്.
അവിടെ ഈവനിങ്ങ് സവാരിക്ക് നല്ല പേവ്മെന്റുപോലും ഇല്ല. ജോഗ്ഗിങ്ങ് പാത്ത് ഉള്ളതാണെങ്കില്‍ റേസ് കോഴ്സില്‍ മാത്രം, അവിടെ പോയാല്‍ തിരിച്ചെത്താനുള്ള ഈവനിങ്ങ് സമയം ആ ഭാഗത്ത് നിന്ന് വാഹനം കിട്ടാനെളുപ്പമല്ല.
അങ്ങിനെ പല പല കാരണങ്ങളാല്‍ ഞാന്‍ ആദ്യമൊക്കെ അവിടേക്ക് പോകാന്‍ താല്പര്യപ്പെട്ടിരുന്നില്ല. പക്ഷെ എന്റെ പെണ്ണിന് ഇതൊന്നും പ്രശ്നമല്ല. അവള്‍ക്ക് അവളുടെ പുന്നാരമോനെ വെറുതെ കണ്‍ടോണ്‍ടിരുന്നാല്‍ മതി.
ഇക്കുറി ടിക്കറ്റ് ഓക്കെ ആയി വന്നുവെങ്കിലും ഞാന്‍ പിന്നീട് കാലുമാറി, അവളോട് ഒറ്റക്ക് പോയ്കോളാന്‍ പറഞ്ഞു. പിന്നെ അവളെന്നെ മണിയടിച്ച് കൂടെ കൊണ്ടോയി. അവള്‍ക്കൊരു പോട്ടറുടെ പണിക്കാണ്‍ എന്നെ കൊണ്ടോയത്.
അവളുടെ ബേഗ് തൂക്കാനും പിന്നെ വണ്ടിയില്‍ കയറ്റാനും ഇറക്കാനും ഒക്കെ ഒരു അസിസ്റ്റന്റ് വേണം എന്റെ പെണ്ണിന്. അങ്ങിനെ ഞങ്ങള്‍ കോയമ്പത്തൂരിലെ രാമനാഥപുരം പോലീസ് സ്റ്റേഷനടുത്തുള്ള എന്റെ മോന്‍സിന്റെ ഫ്ലാറ്റിലെത്തി. താമസമാരംഭിച്ചു.
പതിവിനുവിപരീതമായി അവിടെ ലാപ്പ് ടോപ്പും നെറ്റ് കണക്ഷനും, കുടിക്കന്‍ ചില്‍ഡ് ബീയറും ഒക്കെ ഉണ്ടായിരുന്നു. രണ്ട് നാള്‍ കഴിഞ്ഞപ്പോള്‍ കറങ്ങാന്‍ ഒരു വാഹനവും കൂടി ഏര്‍പ്പാടാക്കി എന്റെ മരോളുകുട്ടീസ്. അപ്പോ എനിക്ക് നാട്ടിലേക്ക് പെട്ടെന്ന് പോകേണ്ട എന്നായി. തന്നെയുമല്ല എന്റെ മോന്റെ കുട്ടിയായ കുട്ടിമാളുവിനെ വിട്ടുപോരാനും തോന്നുന്നില്ല. ഇനി കോയമ്പത്തൂരില്‍ പാറുകുട്ടിയെ പോലെ ഒരു ഗേള്‍ഫ്ര്ണ്ടും കൂടി കിട്ടിയാല്‍ അത് തന്നെ സ്വര്‍ഗ്ഗം, പിന്നെ അവിടെ നിന്ന് പോരേണ്ട.!!
എന്റെ മോന്‍സിന്റെ ഫ്ലാറ്റ് പോഷ് ഏരിയായിലല്ലെങ്കിലും അവിടെ ജീവിക്കാന്‍ പരമസുഖം എന്നാണ് എന്റെ മരോള്‍സ് കുട്ടീസ് പറയുന്നത്. ഫിഷ് കടയുണ്ട് ഫ്ലാറ്റിനുമുന്നില്‍, പിന്നെ പ്രൊവിഷന്‍ സ്റ്റോര്‍, ഹോസ്പിറ്റല്‍, ചപ്പാത്തി ഹോം ഡെലിവറി സെന്റര്‍, ചിക്കന്‍ സെന്റര്‍ [ഫ്രഷ് ടെന്റര്‍ ചിക്കന്‍] കിട്ടും, കൂടാതെ നല്ല ഫ്രഷ് വെജിറ്റബിള്‍ ഷോപ്പ്, ഇസ്തിരിക്കട ഇതെല്ലാം നോക്കെത്തും ദൂരത്ത്, പിന്നെ അയല്‍ വാസി ആന്റിയുണ്‍ട് എല്ലാ സഹായത്തിനും. ഈ വക കാരണത്താല്‍ എന്റെ മരോള്‍ക്കും ആ ഇടം പ്രിയപ്പെട്ടതായി.
ഞാന്‍ വന്നതിന്റെ അന്നു തന്നെ ഈവനിങ്ങ് വാക്ക് തുടങ്ങി. ഗാന്ധിപുരം വരെ നടന്നു, അവിടെ നിന്ന് തിരികെ ബസ്സില്‍ വന്നു. ഏത് റൂട്ടിലേക്കും അവിടെ നിന്ന് ബസ്സുകളുണ്‍ട്. അതിനാല്‍ യാത്ര സുഖം.
കള്ള് കുടിക്കാന്‍ ഒരു നല്ല പബ്ബ് അന്വേഷിച്ച് തോറ്റു, അവസാനം മോന്‍സ് ബോലാ കോയമ്പത്തൂരില്‍ പബ്ബുകള്‍ ഇല്ലെന്ന്. അങ്ങിനെ ഒരു ദിവസം ഒരു സ്മോള്‍ അടിക്കാന്‍ ഒരു ബാറില്‍ കയറി. ആ ഇടം എനിക്ക് റൊമ്പം ഇഷ്ടമായി.
ചെന്നിരുന്ന അപ്പോള്‍ മുതല്‍ തിരിച്ച് പോരുന്ന വരെ കള്ളിന്റെ കൂടെ തിന്നാന്‍ ഓരോ സാധനം കൊണ്ട് വന്ന് തരും. ആദ്യം എനിക്ക് കുറച്ച് പീനട്ട് തന്നു, പിന്നെ ഒരു എഗ്ഗിന്റെ ഹാഫ്, പിന്നെ ഉഴുന്നു വട, പിന്നെ ചിക്കന്‍ പാര്‍ട്ട്സും കരളും, അങ്ങിനെ ഒരു ബീറടിക്കാന്‍ ചെന്ന ഞാന്‍ പലതും അകത്താക്കി.+
നമ്മുടെ കേരളത്തില്‍ ബാറുകളി ചിലയിടത്ത് ഒരു പപ്പടമോ, കുറച്ച് പോപ്പ് കോണൊ, ചിലയിടത്ത് ഒന്നും കിട്ടിയെന്ന് വരില്ല, അപൂര്‍വ്വം സ്ഥലങ്ങളില്‍ നക്കാന്‍ അല്പം അച്ചാര്‍ കിട്ടും. പക്ഷെ ഇവിടെത്തെ ആചാരമര്യാദ എനിക്കിഷ്ടമായി. അങ്ങിനെ ഞാന്‍ ഈവനിങ്ങ് നടത്തത്തിന്നിടയില്‍ പല ബാറുകളിലായി മാറി മാറി ബീറും സ്നാക്ക്സും സാപ്പിട്ടു.
ഒരു ദിവസം നടന്ന് നടന്ന് വയ്യാണ്ടായി. രാജാ സ്ട്രീറ്റില്‍ നിന്നും ഒപ്പനക്കാര സ്റ്റ്ടീറ്റും താണ്‍ടി ഒരു കോക്ക് ടെയിലും കുടിച്ച് ബസ്സ് കാത്ത് നിന്ന് നിന്ന് തോറ്റു. ശരിയായ ബസ്സ് സ്റ്റോപ്പ് കണ്ടുപിടിക്കാന്‍ ഏറെ സമയം എടുത്തു. അവസാനം ബസ്സ് വരാന്‍ താമസിച്ചപ്പോള്‍ ഒരു ഓട്ടോ പിടിക്കാമെന്ന് വെച്ചു.
തൃശ്ശൂരില്‍ 12 രൂപക്ക് ഓടുന്ന ദൂരത്തിന് അവിടെ 50 രൂപ വേണം. വാഹനമോ തനി മണ്‍ട പണ്‍ടത്തെ ലാംബ്രട്ട പോലൊരു സാധനം, അതില്‍ കയറിയാല്‍ ഉടുപ്പ് കേടാകുമെന്ന് കരുതി വേണ്ടെന്ന് വെച്ചു. അവിടെ കോള്‍ ടാക്സികളുണ്ട്. അതിലായാലും 50 രൂപ മതി. മിനിമം. ഒരു കോള്‍ വിളിച്ചപ്പോള്‍ അവര്‍ക്ക് ഉടന്‍ എത്താന്‍ പറ്റില്ലായെന്ന് മറുപടി കിട്ടി.
അങ്ങിനെ ഒരു പോലീസുകാരനോട് പറഞ്ഞപ്പോള്‍ എനിക്ക് മഹീന്ദ്ര ബ്രാന്‍ഡ് ഓട്ടോ വിളിച്ച് തന്നു. ആ ശകടത്തിന് സാധാരണം ഓട്ടോക്കുള്ള ഹാന്‍ഡിലിന് പകരം സ്റ്റീയറിങ്ങ് വീലായിരുന്നു.
ഞാന്‍ അതില്‍ കയറി ഇരുന്നപ്പോള്‍ എന്നോട് ചോദിച്ചു.
“എങ്കേ പോകണം”..
“രാമനാഥപുരം പോലീസ് സ്റ്റേഷന്‍“
‘നീങ്കെ പോലീസ് ഓഫീസറാ സാര്‍..?“
ഞാന്‍ ഒന്നും പേശിയില്ല.
ഡ്രൈവര്‍ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ പലതിനും മറുപടി ശൊല്ലിയില്ല. എനിക്ക് കൊഞ്ചം കൊഞ്ചം തമിള് പേശത്തിരിയും. അതെല്ലം പേശിയാച്ച്.
കുറച്ച് കഴിഞ്ഞപ്പോള്‍ രാമനാഥപുരം പോലീസ് സ്റ്റേഷനെത്തി.
ഞാന്‍ അവനോടോതി.
“എവളാച്ച്……….?”
അവന്‍ കാശ് വാങ്ങാന്‍ കൂട്ടാക്കിയില്ല,
പിന്നെ അവന്‍ ശൊല്ലി, ഇങ്കെ വരേക്കും അറുപത് രൂപ താന്‍ ചാര്‍ജ്ജ്.
“നീങ്കെ ഇരുപത് റുപ്പീസ് കൊടുത്താല് പോതും..”
എനിക്കവനെ ഇഷ്ടമായി.
ഞാന്‍ അവന്‍ അറുപത് രൂപയും, ടിപ്പായി ഇരുപത് രൂപയും കൊടുത്ത് വീട്ടിലെത്തിയപ്പോള്‍ ഞാന്‍ വീലിലായിരുന്നു…..
കോയമ്പത്തൂരിലെ എന്റെ ഓരോ ദിവസവും രസകരമായിരുന്നു. ഒരു ദിവസം കാലത്ത് ഞാന്‍ പട്ടണം ശുറ്റാന്‍ പോയി. നടന്ത് നടന്ത് എനിക്ക് റൊമ്പം ടയേഡ് ആയി.
ഒരു മരത്തിന്റെ തണലില്‍ പപ്പായ വിക്കണത് കണ്ടു. അത് ആവശ്യപ്പെട്ടപ്പോള്‍ ഒരാള്‍ അത് നന്നായി വെട്ടി നാലിലൊന്നാക്കി അതിലെന്തൊക്കെയോ ഇട്ട് തന്നു. വളരെ രുചികരമായിരുന്നു. പിന്നീട് റോഡ് സൈഡിലുള്ള ഒരു പെണ്‍കുട്ടീസിന്റെ ചായ തട്ട് കട കണ്ടു. അവിടെ നിന്ന് ഒരു ചിന്ന വെങ്കായ ഊത്തപ്പവും ഒരു ചായയും ശാപ്പിട്ടുകഴിഞ്ഞപ്പോളേക്കും എനിക്ക് തൂക്കം വന്നു.
ഞാന്‍ ഒരു മരത്തണലില്‍ കിടന്ന് ഉറങ്ങി കുറച്ച് നേരം. നല്ല തണുപ്പ് കാറ്റാണ്‍ ഇപ്പോള്‍ കോയമ്പത്തൂരില്‍ പകല്‍ സമയത്തും. പിന്നെ അവിടെ നിന്ന് ഒരു ബസ്സില്‍ കയറി. ബസ്സ് കണ്ടക്ടര്‍ “എങ്കേ പോകണം..?”
“ഇത് എങ്കേ വരേക്കും പോകും..?”
കണ്‍ടക്ടര്‍ക്ക് ദ്വേഷ്യം വന്നു…
“എന്നാ സാര്‍ വിളയാടര്‍താ….?”
ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പേശി. അവസാനം കണ്ടര്‍ക്ക് ശുണ്ടി വന്നു. യാത്രക്കാരെല്ലാം ശ്രദ്ധിച്ചു തുടങ്ങി. അപ്പോളേക്കും ഒരു പെണ്‍കുട്ടീസ് എണീറ്റ് വന്നു എന്നോട്….
“കേന്‍ ഐ ഹെല്പ് യു സാര്‍..?”
വാട്ട് ഈസ് ദി പ്രോബ്ലം…”
സീ മൈ ഡിയര്‍ ഗേള്‍, ഐ ആം ഹിയര്‍ ടു സീ ദി പ്ലേസസ്. ആന്‍ഡ് വാണ്ട് ടു ഗോ ടില്‍ ദ എന്‍ഡ് ഓഫ് ദിസ് ട്രിപ്പ്.
അവള്‍ക്ക് ചിരിവന്നു. അവള്‍ കണ്‍ടക്ടറെ കാര്യം ധരിപ്പിച്ചു. ബസ്സിലുള്ളവരെല്ലാം ചിരിക്കാന്‍ തുടങ്ങി.
ഞാന്‍ അങ്ങിനെ കാറ്റും കൊണ്ട് കാഴ്ചകളെല്ലാം കണ്ട് ബസ്സില്‍ ഇരുന്ന് ഉറങ്ങി. നല്ലകാലം ബസ്സ് വന്ന് നിന്നത് ഞാന്‍ സാധാരണ പോകാറുള്ള ഗണപതി കോവിലിന് മുന്നില്‍. ഞാന്‍ ചാടിയിറങ്ങി.. നേരെ ട്രിച്ചി റോഡ് വഴി ചുമ്മാതങ്ങ് നടക്കാന്‍ തുടങ്ങി…
അപ്പോളേക്കും മണി 12 കഴിഞ്ഞിരുന്നു. നടക്കുന്നതിന്നിടയിലൊരു ബോര്‍ഡ് കണ്ടു “ധന്വന്തരീ ക്ഷേത്രം” . നേരെ അങ്ങോട്ട് തിരിച്ചു. ക്ഷേത്ര നടയിലും പരിസരത്തും നിറയെ ഭക്തര്‍.
എനിക്ക് സന്തോഷവും വ്യസനവും ഒരുമിച്ച് വന്നു. ഭഗവാനെ എനിക്ക് നഗ്നപാദകനായി അകത്തേക്ക് വരാനാവില്ലല്ലോ. എന്റെ പാദങ്ങള്‍ നിലം തൊടാന്‍ പറ്റില്ലല്ലോ. എങ്ങിനെ അങ്ങയെ ദര്‍ശിക്കും. ഞാന്‍ പുറത്ത് നിന്ന് ധന്വന്തരീ ദേവനോട് പ്രാര്‍ഥിച്ചു. “എന്റെ അസുഖം മാറ്റിത്തരേണമേ ഭഗവാനേ..”
കാല് വയ്യെങ്കിലും ക്ഷേത്രത്തിന്നകത്ത് പ്രവേശിച്ചാലോ എന്ന് തോന്നി. പിന്നീട് ക്ഷേത്ര പരിസരം ചുറ്റിക്കാണുന്നതിന്നിടയില്‍ നാഗരാജാവിനെ ദര്‍ശിക്കാനായി. അവിടെ വണങ്ങിയതിന്‍ ശേഷം എന്നെ ആരോ എങ്ങോട്ടോ ആനയിക്കുന്നുണ്‍ടെന്ന് തോന്നി, ആ വഴിക്ക് ഞാന്‍ ചെരിപ്പിട്ടും കൊണ്ട് നടന്ന് നീങ്ങി. അപ്പോള്‍ ഞാന്‍ ക്ഷേത്രത്തിന്റെ ഇടത്ത് വശത്തുള്ള വഴിപാട് കൌണ്ടറിന്റെ മുന്നിലെത്തി.
അവിടെ തൃശ്ശൂരിലുള്ള ശ്രീ ഭുവനേശ്വരീ ക്ഷേത്രത്തിലും, കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രത്തിലും ഉള്ള പോലെയുള്ള എല്ലാ ദിക്കുകളിലേക്കും നോക്കിയിരിക്കുന്ന വിഗ്രഹങ്ങളെ കണ്ടു. [പ്രസ്തുത ദേവീ ദേവന്മാര്‍ക്കൊരു പേരുണ്‍ട്. ഓര്‍മ്മക്കുറവ് കാരണം ഇവിടെ എഴുതാന്‍ പറ്റുന്നില്ല] അവിടെയും എനിക്ക് തൊഴാനായി.
+ ഇപ്പോള്‍ ഓര്‍മ്മ വന്നു “നവഗ്രഹങ്ങള്‍” അങ്ങിനെ നവഗ്രഹങ്ങളെയും തൊഴുത് നില്‍ക്കുമ്പോള്‍ എന്നെ ഒരാള്‍ ശ്രദ്ധിക്കുന്നതായി തോന്നി എനിക്ക്. കുറേ പെണ്ണുങ്ങളും കുട്ടികളും തൊഴുതുകഴിഞ്ഞ് അമ്പലത്തിന്നുള്ളിലുള്ള തിണ്ണയിന്മേലും പരിസരത്തും ഇരിക്കുന്നത് എനിക്ക് പാദരക്ഷകള്‍ ഊരേണ്ടി വരുന്നതിനാല്‍ അങ്ങോട്ട് പ്രവേശനം ഉണ്ടായിരുന്നില്ല.
കുറച്ച് കഴിഞ്ഞപ്പോള്‍ ഈ പെണ്ണുങ്ങളും മറ്റുള്ളവരും എണീറ്റ് വരി വരിയായി നില്‍ക്കുന്നത് കണ്ടു. അവള്‍ പ്രസാദ ഊട്ടിന്നായിരിക്കും ലൈന്‍ നില്‍ക്കുന്നതെന്ന് ഞാന്‍ ഊഹിക്കാതിരുന്നില്ല. പക്ഷെ എനിക്കങ്ങോട്ടും പ്രവേശനം ഉണ്ടായിരുന്നില്ല.
ഞാന്‍ ആള്‍ക്കൂട്ടവും മറ്റും നോക്കി രസിക്കുന്നതിന്നിടയില്‍ എന്നെ നോക്കുന്ന അര്‍ദ്ധനഗ്നനായ ഒരു പുരുഷന്‍ ക്ഷേത്ര വേഷത്തില്‍ പിന്നേയും എന്നെ നിരീക്ഷിച്ചുംകൊണ്‍ടിരുന്നു, ഒരു ചെറുപുഞ്ചിരിയോടെ. അദ്ദേഹം എന്റെ അടുത്തേക്ക് വന്നു.
“ആശുപത്രിയില്‍ ചികിത്സിക്ക് വന്നവരുടെ മുറിയിലുള്ള ആളല്ലേ…?”
അല്ലല്ലോ… ഞാനൊരു വഴിപോക്കനാണ്.
അദ്ദേഹം എന്നെ വിടാനൊരുക്കമില്ലായിരുന്നു. കുശലം ഒക്കെ ചോദിച്ച് എന്നെ വലിയ ഇഷ്ടമായി.
“കുടിക്കാനെന്തെങ്കിലും തരാം..”
“എനിക്ക് വേണ്ട….”
“എന്നാല്‍ ഊണ് കാലായിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ട് പോകാം. ഈ വരിയില്‍
നില്‍ക്കുന്നവരൊക്കെ ഭക്ഷണം കഴിക്കാനുള്ളതാ..”
“എനിക്ക് വരിയില്‍ നില്‍ക്കാനോ, ചെരിപ്പഴിക്കാനോ വയ്യ..”
ഞാന്‍ എന്റെ അവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. എനിക്ക് ഭഗവാനെ ഒന്ന് തൊഴാനായില്ല. നവഗ്രഹങ്ങളുടെ അടുത്ത് നിന്നും അമ്പല നടയില്‍ നിന്നും ഞാന്‍ നോക്കി. എനിക്ക് കാണാനായില്ല.
എനിക്ക് ആറടി ഉയരമുള്ളതിനാല്‍ ഗുരുവായൂരും മറ്റും പുറത്ത് നിന്നാലും ഭഗവാനെ വണങ്ങാന്‍ പറ്റും. ഇവിടെ അതിന് സാധിച്ചില്ല.
അദ്ദേഹത്തിന്ന് എന്റെ വേദന മനസ്സിലായി.
“എല്ലാം ശരിയാകും. ധന്വന്തരീ ദേവന്റെ അനുഗ്രഹം ഉണ്ടാകും.”
“എന്താ അങ്ങയുടെ പേര്, നാടെവിടെയാ… ഇവിടെ എന്താ ഏര്‍പ്പാട്..?”
“ഞാന്‍ നാരായണന്‍, സ്ഥലം ഒറ്റപ്പാലം. ഞാന്‍ ഇവിടെ പൂജാരിമാര്‍ക്ക് സഹായിയായി പത്മമിടാനും, അടുക്കളയിലും എന്നാല്‍ കഴിയുന്ന എല്ലായിടത്തും എന്നെ കാണാനാകും. എന്തുപണിക്കും എത്ര സമയം ആയാലും എനിക്ക് വിരോധമില്ല. ഞാന്‍ എല്ലായിടത്തും സഹായി ആയിട്ടുണ്ടാകും ഇവിടെ…”
“സാറ് വരൂ…. ലൈന്‍ നില്‍ക്കാതെ തന്നെ ഞാന്‍ ഡൈനിങ്ങ് റൂമിലേക്ക് ആനയിക്കാം..”
അദ്ദേഹം എന്നെ ഊണ് കഴിക്കുന്ന സ്ഥലത്തേക്ക് കൊണ്ടിരുത്തി. അവിടെ ഒരു ബുഫേ സ്റ്റൈലില്‍ ആണ്‍. നല്ല വെജിറ്റേറിയന്‍ ഫുഡ്. സാമ്പാറും അവിയലും മറ്റു കൂട്ടുകറികളും, പിന്നെ രസം, മോര്‍, പായസം എന്നിവ ഗ്ലാസ്സില്‍ തരും.
എന്നെ അവിടെ ഇരുത്തി നാരായണന്‍ എനിക്ക് ഭക്ഷണം വിളമ്പിക്കൊണ്ട് തന്നു. ഇടക്കിടക്ക് ആവശ്യമുള്ള കറികളും, നിര്‍ബ്ബന്ധിച്ച് വീണ്ടും അല്പം ചോറും വിളമ്പിത്തന്നു.
“ഒരിക്കലും പ്രതീക്ഷിച്ചതല്ല ഈ വിഭവസമൃദ്ധമായ സദ്യ.. എല്ലാം ഭഗവാന്റെ അനുഗ്രഹം…”
എന്നെ നാരായണന്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ആശുപത്രിയും പരിസരവും കൊണ്ട് കാണിച്ചു. പട്ടണത്തിന്നുള്ളില് ഇത്തരം ഒരു കാനനപ്രതീതിയുള്ള ക്ഷേത്രവും ആശുപത്രിയും ഒരു വിസ്മയമായി തോന്നി എനിക്ക്.
എന്തെന്നില്ലാത്ത സന്തോഷത്തോടെ ഞാന്‍ നാരായണനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു. തികച്ചും ധന്യമായ ദിവസം തന്നെയായിരുന്നു അന്ന്.