Monday, June 30, 2014

മരണങ്ങളുടെ വഴിയില്‍


================= ഞാനെന്നും പോകുന്ന ശിവക്ഷേത്രത്തിന്റെ അരികിലുള്ള ഫ് ളാറ്റിലെ വിജയേട്ടന്റെ അമ്മ മരിച്ചിട്ട് ആരും പറഞ്ഞില്ല.. പറഞ്ഞു ഒരാള്‍, മോളിച്ചേച്ചി. അവര്‍ തലേദിവസം അവിടെ പോയ കഥയാണ് പറഞ്ഞത്. വളരെ സങ്കടം തോന്നി. ഇത്രയടുത്തുള്ള ഞാന്‍ അറിഞ്ഞില്ലല്ലോ..?

ആ അമ്മ മറവി രോഗം ബാധിച്ച് കുറച്ച് നാളായി കിടപ്പിലായിരുന്നു. കഴിഞ്ഞ കൊല്ലം ഇടക്കൊക്കെ അമ്പലത്തില്‍ കൊണ്ടുവരുമായിരുന്നു. എന്നോട് വിശേഷം പറയുമായിരുന്നു. അവര്‍ ടീച്ചറായിരുന്ന കാലത്തെ വിശേഷങ്ങള്‍ പങ്കുവെക്കുമായിരുന്നു. വിജയേട്ടന്റെ ഫ് ളാറ്റില്‍ ഞാന്‍ പോയിട്ടില്ല.

കഴിഞ്ഞ ദിവസം ആ കെട്ടിടത്തില്‍ താമസിക്കുന്ന ഉഷയെ കാണാന്‍ പോയിരുന്നു. അപ്പോള്‍ ഈ അമ്മയുടെ വിശേഷം ഞാന്‍ തിരക്കിയിരുന്നു, പക്ഷെ പോയി കാണാന്‍ തോന്നിയില്ല, മറ്റൊരുദിവസം ആകാമെന്ന് വെച്ചു...  ഇതാണ് പട്ടണത്തിലെ വിശേഷം. നാട്ടിന്‍ പുറത്താണെങ്കില്‍ രണ്ടുമൂന്ന് കിലോമീറ്ററിന്നുള്ളില്‍ ആരു മരിച്ചാലും അറിയും.. ശ്രീനാരായണ ക് ളബ്ബ് മെംബര്‍ ആയ ദുഷ്യന്തന്റെ പത്നി മരിച്ചിട്ട് ഞങ്ങള്‍ എക്സിക്യുട്ടീവ് മെംബേര്‍സ് പോയി റീത്ത് വെച്ചു..

ഇന്ന് കാലത്ത്  മേല്‍ പറഞ്ഞ ശിവക്ഷേത്രത്തില്‍ [അച്ചന്‍ തേവര്‍ ക്ഷേത്രം] എന്നും വന്നിരുന്ന അമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ താമസിക്കുന്ന ആയിഷച്ചേച്ചിയും മരിച്ചു.. ആരും അറിയിച്ചില്ല, സുകുമാരേട്ടന്‍ എന്നെ ഫോണില്‍ വിളിച്ചത്രേ.. നമ്പര്‍ തെറ്റായിരുന്നു. ഞാന്‍ അറിഞ്ഞപ്പോളേക്കും ശവസംസ്കാ‍രം കഴിഞ്ഞിരുന്നു. ശവം കാണാനായില്ല..

 ഇന്ന് എന്റെ പ്രിയ സുഹൃത്ത് കുന്നംകുളത്തെ റേഡിയോ പുഷ്കരേട്ടന്‍ മരിച്ച വിവരം തറവാട്ടില്‍ നിന്നും അനിയത്തി ഗീത അറിയിച്ചു. ശവസംസ്കാരം രണ്ട് മണിക്കൂറിന്നുള്ളില്‍ നടക്കുമെന്ന് പറഞ്ഞതിനാലും എനിക്ക് അത്ര പെട്ടെന്ന് ഇന്നെത്തെ മഴയില്‍ അവിടെ വരെ വണ്ടി ഓടിക്കാന്‍ പറ്റാത്തതിനാലും ഞാന്‍ പോയില്ല. വളരെ അടുത്തവരുടെ മൃതശരീരം കാണാന്‍ എനിക്ക് വിഷമവും ആണ്..

അങ്ങിനെ മരണങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍... ഈ മഴക്കാലം മരിക്കാന്‍ കിടക്കുന്നവരെ കൊണ്ടുപോകാന്‍ കാലന്‍ കാളയുമായെത്തുന്ന ദിനങ്ങളാണ്...

ഇന്ന് മരിച്ച ആയിഷേച്ചിയും, പുഷ്കരേട്ടനും എന്റെ സമപ്രായക്കാ‍രാണ്.. വിജയേട്ടന്റെ അമ്മ എന്റെ അമ്മയുടെ പ്രായക്കാരിയാണ്..  പുഷ്കരേട്ടന് കേന്‍സര്‍ ആയിരുന്നു, ആയിഷേച്ചിക്ക് കാലങ്ങളായി ശ്വാസം മുട്ടും.. ഇവരെ ഈശ്വരന്‍ ഇപ്പോളെങ്കിലും വിളിച്ചുവല്ലോ..?

കേന്‍സര്‍ ബാധിച്ച അനവധിപേര്‍ മരണത്തിന് കീഴടങ്ങാതെ, അല്ലെങ്കില്‍ ഈശ്വരന്‍ അവരെ വിളിക്കാതെ അല്പപ്രാണരായി ഒന്നും ചെയ്യാന്‍ പറ്റാതെ കിടക്കുന്നു.

എന്റെ അച്ചനും, പാപ്പനും, വലിയച്ചനും, വലിയച്ചന്റെ മകന്‍ ചന്ദ്രേട്ടനും അറുപതില്‍ പോയി.ഞാന്‍ അറുപതിന്നടുത്തപ്പോള്‍ രാത്രികളില്‍ കാലന്‍ കാളയുടെ കുളമ്പടി ശബ്ദം ചെവിയോര്‍ത്ത് കിടന്നിരുന്നു..  എന്നെ കൊണ്ടോകാന്‍ കാലന്‍ വന്നില്ല.. കണക്കുകള്‍ എവിടേയോ ആര്‍ക്കോ പിഴച്ചു.  ഞാന്‍ ഇപ്പോ അറുപതും താണ്ടി എഴുപതിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു...

ജനനമരണങ്ങള്‍ നിശ്ചയിക്കുന്നത് നമ്മളല്ല, എങ്കിലും മരിക്കാനായി കാത്ത് കിടക്കുന്നവരായ  മാറാവ്യാധിയുള്ളവരെ കൊണ്ടോകാന്‍ കാലന്‍ - കാളയും കയറുമായി വരുമല്ലോ ഈ  മഴക്കാലത്ത്  വേഗം തന്നെ.

4 comments:

  1. കഴിഞ്ഞ ദിവസം ആ കെട്ടിടത്തില്‍ താമസിക്കുന്ന ഉഷയെ കാണാന്‍ പോയിരുന്നു. അപ്പോള്‍ ഈ അമ്മയുടെ വിശേഷം ഞാന്‍ തിരക്കിയിരുന്നു, പക്ഷെ പോയി കാണാന്‍ തോന്നിയില്ല, മറ്റൊരുദിവസം ആകാമെന്ന് വെച്ചു... ഇതാണ് പട്ടണത്തിലെ വിശേഷം.

    നാട്ടിന്‍ പുറത്താണെങ്കില്‍ രണ്ടുമൂന്ന് കിലോമീറ്ററിന്നുള്ളില്‍ ആരു മരിച്ചാലും അറിയും.. ശ്രീനാരായണ ക് ളബ്ബ് മെംബര്‍ ആയ ദുഷ്യന്തന്റെ പത്നി മരിച്ചിട്ട് ഞങ്ങള്‍ എക്സിക്യുട്ടീവ് മെംബേര്‍സ് പോയി റീത്ത് വെച്ചു..

    ReplyDelete
  2. ഓരോന്നിനും ഓരോ കാലമുണ്ട്

    ReplyDelete
  3. നല്ല എഴുത്തുകൾ ,, ഇനിയും പിറക്കാൻ ഉണ്ട് ആ തൂലികയിൽ നിന്നും
    ദൈവം അതിനു ആയുസ്സ് തരട്ടെ ,,
    ഞാനിവിടെ ,,,,,, ആദ്യമാണ് ,,,,,
    ഒരുപാട് ,, എഴുത്തുകൾ കണ്ടു ,,
    സമയം പോലെ വന്നു വായിക്കാം ,,,,,
    ആശംസകൾ

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.