Saturday, July 25, 2015

വെറ്റിലയില്‍ ഒരു വട

 MEMOIR

രണ്ട് മാസം മുന്‍പ് ആയുര്‍വ്വേദ ആശുപത്രിയില്‍ രക്തവാതത്തിനുള്ള ആയുര്‍വ്വേദ ചികിത്സയായിരുന്നു. കൂട്ടുകാര്‍ അനവധിയുണ്ടായിരുന്നെങ്കിലും വളരെ വിരളമായെ അവരൊക്കെ  എന്നെ കാണാന്‍  വന്നിരുന്നുള്ളൂ ? ഇനി ഒരു പക്ഷെ ഈ തൈലത്തിന്റേയും എണ്ണയുടേയും ഒക്കെ മണം പറ്റാത്തവരായിരുന്നിരിക്കാം വരാത്തവര്‍..

 ഉച്ചക്ക് 12 മണിയോടെ ഉഴിച്ചലും പിഴിച്ചലും കിഴിയുമൊക്കെ കഴിഞ്ഞ് വൈകിട്ട് കിഴക്കെ ഇടനാഴികയില്‍ പൊട്ടി വീഴാറായ പ്ലാസ്റ്റ്ക് കസേരയില്‍ ഇരുന്ന് വഴിയില്‍ കൂടി പോയിരുന്ന ആന ബസ്സുകളേയും, സേലം കോയമ്പത്തൂര്‍ മുതലായ തമിഴ് നാട് വണ്ടികളുടേയും ഒക്കെ കണക്കെടുത്ത് അങ്ങിനെ രാത്രിക്കഞ്ഞിയും കാത്ത് അങ്ങിനെ കുറേ നേരം അവിടെ ഇരിക്കുക പതിവാണ്...

 അങ്ങിനെ ഒരു ദിവസം അവിടെ ഇരിക്കുന്നതിന്നിടയില്‍ ഒരാള്‍ വന്ന് എന്റെ കയ്യില്‍ വെറ്റിലയില്‍ ഒരു വട വെച്ച് തന്ന് പോയി.. എനിക്കുടനെ മനസ്സിലായി ഇത് ഹനുമാന്‍ സ്വാമിക്ക് നേദിച്ചതാണ് എന്ന്.. എനിക്ക് ചില പഥ്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ അത് മുല്ലശ്ശേരിക്കാരന്‍ മനോജിന് കൊടുത്തു. അദ്ദേഹവും എന്നെപ്പോലെ അവിടെ ഒരു രോഗിയായിരുന്നു..

എനിക്ക് വട തന്ന ഗിരിജ ചേച്ചിയെ ആശുപത്രിയിലെ എല്ലാ അന്തേവാസികള്‍ക്കും ഇഷ്ടമാണ്, എനിക്ക് പ്രത്യേകിച്ച്. ഞങ്ങളൊക്കെ സമപ്രായക്കാരും ആണല്ലോ... സദാ പ്രസന്നമായ ചിരിച്ച മുഖം.. വൈകിട്ടെത്തെ കാന്റീന്‍ ഡ്യൂട്ടി ചേച്ചിക്കാണ്, തന്നെയുമല്ല കാലത്ത് ബെഡ്  കോഫിയും പ്രാതലും ചേച്ചിയുടെ കൈകളിലൂ‍ടെ ആണ് എല്ലാവര്‍ക്കും ലഭിക്കുക. ഞാന്‍ ആദ്യം കണ്ട നാള്‍ ചേച്ചി സ്വയം പരിചയപ്പെടുത്തിയത് “ഓള്‍ ഇന്‍ ഓള്‍”എന്നാണ്. ചേച്ചിക്ക് ഇന്ന ജോലി എന്നില്ല, എല്ലാം കണ്ടറിഞ്ഞ് ചെയ്യും. രാത്രി കാലങ്ങളില്‍ റിസപ്ഷന്‍  ഏരിയായിലെ കൊച്ചു പഴയ ടീവി യില്‍ കണ്ണും നട്ടിരിക്കുന്നത് കാണാം. അവിടെ ഒരു നല്ല എത്സിഡി ടിവി വാങ്ങി വെക്കാന്‍ രാംജിയോട് പറയണമെന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്. പക്ഷെ നടന്നില്ല, പ്രായമായവര്‍ക്ക് 15 ഇഞ്ച്  പഴയ ടിവി കണ്ണിന് പിടിക്കില്ല, അതിനാല്‍ അവിടേക്ക് ഒരു മിനിമം 24 ഇഞ്ച് എത്സിഡി തന്നെ വേണം.

ഒരു കാലത്ത് ഞാന്‍ കൂര്‍ക്കഞ്ചെരിയിലെ അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെ പ്രസിഡണ്ട് ആയിരുന്നു. അന്നാണ് എനിക്ക് ക്ഷേത്രകലകളേയും, ആചാരങ്ങളേയും, നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ സാധിച്ചത്. അവിടെയും ഹനുമാന്‍ സ്വാമിക്ക് വടമാല നിവേദിച്ചിരുന്നു. ഗിരിജചേച്ചി എനിക്ക് തന്ന വെറ്റിലയും വടയും കുളശ്ശേരി അമ്പലത്തിലേതായിരുന്നു.. ചേച്ചി എന്നും കുളശ്ശേരി അമ്പലത്തില്‍ പോകുമായിരുന്നു.. ഈ ആശുപത്രിയിലെ ചില പെണ്‍കുട്ടി ഡോക്ടര്‍മാരും അവിടെ പോയി പ്രസാദമായി  എന്റെ മുന്നില്‍ കൂടി നടന്ന് പോകുന്നത് കാണാറുണ്ട്. ആരും ഒരു നുള്ള് ചന്ദനമോ കളഭമോ തുളസിയിലയോ തരാറില്ല. കാസര്‍ ഗോഡ് കാരി ഒരു പെണ്‍കുട്ടി എന്നും പോയി വരുന്ന പോലെ ഞാന്‍ ശ്രിദ്ധിക്കാറുണ്ട്. എന്നെങ്കിലും ഒരു ദിവസം എനിക്ക് അമ്പലത്തിലെ പ്രസാദം തരുമെന്ന് വിചാരിച്ചു, പലര്‍ക്കും നെറ്റിയില്‍ ചന്ദനം തൊട്ട് കൊടുക്കുന്നത് കാണാറുണ്ട്. എനിക്കും കിട്ടുമെന്ന് ആശിച്ചെങ്കിലും കിട്ടിയില്ല.

 ഇനി അവള്‍ക്ക് പകരം പ്രിയ ആയിരുന്നെങ്കില്‍ ഞാന്‍ സ്വാതന്ത്ര്യത്തോട് ചോദിച്ച് വാങ്ങുമായിരുന്നു.. എല്ലാ രോഗികളേയും പ്രത്യേകിച്ച്  രോഗത്തിന്റെ കാര്യത്തില്‍ വേവലാതിക്കാരനായ  എനിക്ക്  സ്വന്തം അച്ചന് നല്‍കുന്ന വാത്സല്യം പ്രിയ  നല്‍കി.. ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊക്കെ ഒരു സാന്ത്വനം ആയിരുന്നു. മരുന്നുകള്‍ക്കൊക്കെ അതിര്‍ വരമ്പുകള്‍ ഉണ്ട്. സാന്ത്വനത്തിനാണ് ഞാന്‍ പ്രാധാന്യം കണ്ടിരുന്നത്.. ചെറുപ്പത്തില്‍ വയ്യാതാകുമ്പോള്‍ “ എന്റെ മോന് ഒന്നുമില്ല എന്നും പറഞ്ഞ് നെറ്റിയിലും കവിളിലും തലോടുമായിരുന്നു എന്റെ ചേച്ചി” ആ തലോടല്‍ മതിയായിരുന്നു അസുഖം മാറാന്‍... ഞാന്‍ എന്റെ പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ട്. ഞാന്‍ ചേച്ചി എന്ന് വിളിക്കുന്നത് എന്റെ പെറ്റമ്മയേയാണ്. അങ്ങിനെയാണ് ചെറുപ്പത്തില്‍ വിളിച്ച് ശീലിച്ചിരുന്നത്.

 ഇന്ന് രാംജിയെ കണ്ട് മരുന്ന് വാങ്ങി.. ക്ഷീരഫലം 101, ധന്വന്തരം  101,  ക്ഷീരഗുളീച്ചി എന്നി കാപ്സ്യൂളുകള്‍ ഒരു ആഴ്ചത്തെക്കാണ് എഴുതിയിരുന്നത്, ഇന്നദ്ദേഹത്തെ കണ്ടപ്പോള്‍ ഒരു മാസം തുടര്‍ന്ന് കഴിക്കാന്‍ പറഞ്ഞു. അതനുസരിച്ച് മരുന്ന് വാങ്ങിയിട്ട് കാറെടുക്കാനായി ചെന്നപ്പോള്‍ കാന്റീനില്‍ പരിചയമുള്ള മുഖം കണ്ടു. നമ്മുടെ ഗിരിജ ചേച്ചിയും കടലാശ്ശേരിയിലെ കുട്ടിയും അവിടെ കണ്ടു. തോരാ മഴയില്‍ അന്തരീക്ഷം കുളിരണിഞ്ഞിരുന്നു. ഒരു ചുടു ചായ തന്നു ഗിരിജ ചേച്ചി, അത് കുടിച്ച് കുറച്ച് നേരം അവിടെ ഇരുന്നപ്പോല്‍   ഒരു ഡോക്ടര്‍ കുട്ടിയെ കണ്ടു.. അവളുടെ പ്രാതലും ഉച്ചഭക്ഷണവും കൂടിയായ വെജിറ്റബിള്‍ ബിരിയാണ് വാട്ടിയ ഇലയില്‍ പൊതിഞ്ഞ് അച്ചന്‍ കൊടുന്നുകൊടുത്തത്രെ. പാവം കുട്ടി കാലത്ത് ഒന്നും കഴിക്കാതെയായിരിക്കും വീട്ടില്‍ നിന്നും പോന്നത്..

 ഞാന്‍ ഇങ്ങിനെ നോക്കി നിന്നു. വാഴയില പൊതി തുറക്കുന്നത്, വെജിറ്റബിള്‍ ബിരിയാണിയുടെ മണം എന്റെ നാസികയില്‍ തുളച്ച് കയറി.. ഞാന്‍ വിചാരിച്ചു അവളുടെ ചുണ്ടുകളില്‍ നിന്നും... “ അങ്കിളേ ഒരു ഉരുള കൂടെയിരുന്ന് കഴിച്ചോളൂ....” പക്ഷെ അവള്‍ അങ്ങിനെ പറഞ്ഞില്ല.. അണ്ടി പരിപ്പ് കഴിക്കാതെ മാറ്റി വെച്ചിരിക്കുന്നത് കണ്ടു.  അവള്‍ക്ക് എന്നെപ്പോലെ അണ്ടിപ്പരിപ്പ് അലര്‍ജിയായിരുന്നിരിക്കാം. എനിക്ക് അലര്‍ജി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ അതെടുത്ത് കഴിക്കുമായിരുന്നു.... ഈ ആശുപത്രിയില്‍ നിന്നും ഇന്റേണ്‍ഷിപ്പിന് വന്നിരുന്ന കുറെ പെണ്‍കുട്ടി ഡോക്ടര്‍മാരെ പരിചപ്പെട്ടിരുന്നു.. വല്ലപ്പോഴും വിളിക്കാനായി  ആരുടേയും ഫോണ്‍ നമ്പര്‍ കിട്ടിയില്ല. എപ്പോള്‍ ഞാന്‍ പോയാലും  രേഷ്മയെ കാണാറുണ്ട്. കുന്നംകുളം പോകുമ്പോള്‍  രേഷ്മയുടെ    വീട്ടില്‍ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷെ മുണ്ടൂര്‍ എത്തിക്കഴിഞ്ഞാല്‍ വിളിക്കാന്‍ ഫോണ്‍ നമ്പര്‍ വേണ്ടെ..? ഉദ്ദേശം സ്ഥലവും അച്ചന്റെ പേരൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ കണ്ടറിഞ്ഞ് തരേണ്ടേ..? ഞാന്‍ ചോദിച്ചതും ഇല്ല... പ്രിയയുടെ മാത്രം ഫോണ്‍ നമ്പര്‍ ഞാന്‍ ചോദിച്ച് വാങ്ങി.. അസുഖവിവരത്തിന് എപ്പോള്‍ വിളിച്ചാലും പ്രിയയെ കിട്ടും.. പ്രിയ എന്റെ മകളെപ്പോളെ മെലിഞ്ഞൊരു കുട്ടിയാണ്. പ്രസന്നമായ മുഖത്തിലെ നിക്ഷ്കളങ്കമായ പുഞ്ചിരിയാണ് ആ കുട്ടിയുടെ മുതല്‍ക്കൂട്ട്. പഠിച്ച് മിടുക്കിയായി ഉന്നത തലത്തിലെത്തെട്ടേയെന്ന് ഞാന്‍ ആത്മാര്‍ഥമായി വടക്കുന്നാഥനോട് പ്രാര്‍ഥിക്കാറുണ്ട്.

 ഞാനും പണ്ട് കുളശ്ശേരി അമ്പലത്തില്‍ ചിലപ്പോഴൊക്കെ പോകുമായിരുന്നു. ലക്ഷ്മീ നരസിംഹം ആണ് അവിടുത്തെ പ്രധാന പ്രതിഷ്ട. കൂടാതെ കൃഷ്ണനും, ഹനുമാനും പ്രത്യേകം കോവിലുകള്‍ ഉണ്ട്.  അമ്പലനടയിലെ ഉണ്ണ്യേട്ടന്‍ വീട്ടില്‍ പലപ്പോഴും പോയിരുന്നു. ഇപ്പോള്‍ എനിക്ക് വാത രോഗത്തിന്റെ പിടിയിലായപ്പോള്‍ എന്റെ നടത്തം കുറഞ്ഞു, ക്രമേണ അമ്പല ദര്‍ശനങ്ങളും ചുരുങ്ങി.

പണ്ടൊക്കെ ഞാന്‍ എന്റെ കൊക്കാലയിലുള്ള വീട്ടില്‍ നിന്ന് നടക്കാന്‍ ആരംഭിച്ചാല്‍ ആദ്യം വെളിയന്നൂരമ്മയെ വണങ്ങും. പിന്നെ അടുത്ത ഇടമാണ് ഈ കുളശ്ശേരി അമ്പലം, പിന്നെ ചെട്ടിയങ്ങാടി മൂലയിലെ മാരിയമ്മന്‍, അതിന്ന് തൊട്ടടുത്ത   ഭുവനേശ്വരി ദേവി, പിന്നെ തേക്കിന്‍ കാട്ടിലെ ഗണപതി സ്വാമിയേയും മുരുകനേയും വണങ്ങി, വടക്കുന്നാഥനെ തൊഴുത് വീണ്ടും വടക്കേ റൌണ്ടിലെ നീരാഞ്ജലിയിലെ ഭുവനേശ്വരി ക്ഷേത്രത്തില്‍ പോയി, ഭുവനേശ്വരിയേയും, നവഗ്രഹങ്ങളേയുമൊക്കെ തൊഴുത്, പുറത്ത് കടന്ന് വടക്കേച്ചിറ ലക്ഷ്യമായി പോകുമ്പോള്‍ ശ്രീ കൃഷ്ണ ക്ഷേത്രം ഉണ്ട്, അവിടെയും തൊഴുത് പിന്നെ വടക്കേച്ചിറക്കടവിലുള്ള അശോകേശ്വരം ക്ഷേത്രം, പിന്നെ വീണ്ട് കിഴക്കോട്ട് നടന്നാല്‍ സാഹിത്യ അക്കാദമി വഴി തെക്കോട്ട് നടന്നാല്‍ മിഥുനപ്പള്ളി ക്ഷേത്രമായി, അവിടെത്തെ ദേവനെ വണങ്ങി, വീണ്ടും തെക്കോട്ട് നടന്നാല്‍ പാറമേക്കാവ് അമ്പലമായി. അവിടെ അമ്പലത്തില്‍ പ്രവേശിച്ച് ദേവിയെ തൊഴുത് നെറ്റിയില്‍ വലിയ കുറി വരക്കും.

തിരിച്ച് കൊക്കാലക്ക് നടക്കുമ്പോള്‍ പട്ടാളം റോട്ടിലെ മാരിയമ്മന്‍, പോലീസ് സ്റ്റേഷന്റെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രം, പിന്നെ അവസാനമായി ശക്തന്‍ മാര്‍ക്കറ്റിലെ ഇരട്ടച്ചിറ ശിവ ക്ഷേത്രം, ഇവിടൊക്കെ എന്റെ സാന്നിധ്യം പതിവായിരുന്നു. വയ്യാണ്ടായതോടെ ഇത്രയും സ്ഥലങ്ങള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയായി..

എന്റെ വാതരോഗത്തിന് ഉദ്ദേശിച്ച ചികിത്സാ ഫലം കിട്ടിയാല്‍ ഞാന്‍ വീണ്ടും ഈ അമ്പലമുറ്റങ്ങളില്‍ സജീവമാകും.. കൂട്ടത്തില്‍ വെളിയന്നൂരിലെത്തെമ്പോള്‍ ഗിരിജ ചേച്ചിയും അവിടുത്തെ മറ്റ് അന്തേവസികളേയും കാണാനും മറക്കില്ല.

വടക്കുന്നാഥന്‍ തുണക്കട്ടെ...!

nb: please read about HANUMAAN SWAMY here
 http://voiceoftrichur.blogspot.in/2009/06/blog-post.html



+++++++

4 comments:

  1. ഞാന്‍ ഇങ്ങിനെ നോക്കി നിന്നു. വാഴയില പൊതി തുറക്കുന്നത്, വെജിറ്റബിള്‍ ബിരിയാണിയുടെ മണം എന്റെ നാസികയില്‍ തുളച്ച് കയറി.. ഞാന്‍ വിചാരിച്ചു അവളുടെ ചുണ്ടുകളില്‍ നിന്നും... “ അങ്കിളേ ഒരു ഉരുള കൂടെയിരുന്ന് കഴിച്ചോളൂ....” പക്ഷെ അവള്‍ അങ്ങിനെ പറഞ്ഞില്ല..

    ReplyDelete
  2. സൌഖ്യം ആശംസിക്കുന്നു

    ReplyDelete
  3. വെറ്റിലയില്‍ ഒരു വട വളരെ നന്നായിരിക്കുന്നു ജെ പി ...അസുഖംകുറയുമ്പോള്‍ വീണ്ടും ഇഷ്ട ദേവതകളുടെ ക്ഷേത്രം സന്ദര്‍ശിക്കാനും കൂടുതല്‍ കഥകള്‍ എഴുതുവാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  4. നന്നായി എഴുതിയിരിക്കുന്നുവല്ലോ!ഉഷാറായി എന്നു വിശ്വസിക്കുന്നു.
    ആശംസകള്‍

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.