Thursday, February 9, 2012

കോഴിക്കോട്ടെ കുട്ടപ്പമ്മാന്‍


എനിക്കന്ന് പത്തോ പതിനഞ്ചോ വയസ്സ് പ്രായം കാണും ആദ്യമായി കോഴിക്കോട്ട് കുട്ടപ്പമ്മാന്റെ വീട്ടില്‍ പോയത്. എന്റെ അച്ചന്റെ അമ്മാമനാണ് കോഴിക്കോട്ട് റെയില്‍ വേ സ്റ്റേഷനടുത്ത് ആനിഹോള്‍ റോഡില്‍ താമസിച്ചിരുന്ന കുട്ടപ്പമ്മാന്‍.

ഞാനും ശ്രീരാമനും ചേച്ചിയും ചെറുവത്താനിയില്‍ നിന്ന് കുന്നംകുളത്തെത്തി കുറ്റിപ്പുറം വരെ ബസ്സില്‍ യാത്ര. അവിടെ നിന്ന് കോഴിക്കോട്ടേക്ക് തീവണ്ടിയില്‍. ഈ കുറ്റിപ്പുറം വരെ ബസ്സില്‍ പോകാമെങ്കില്‍ കോഴിക്കോട്ടേക്കും ബസ്സിലായിക്കൂടെ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ ചേച്ചിയെന്നെ ചീത്തവിളിക്കും.

ഞങ്ങള്‍ കുടുംബസമേതം കോഴിക്കോട്ട് തീവണ്ടിയപ്പീസില്‍ എത്തുന്നതും നോക്കി കുട്ടപ്പമ്മാമന്‍ കാത്ത് നില്‍പ്പുണ്ടാകും. കൂടെ അദ്ദേഹത്തിന്റെ സെക്ര്ട്ടറി നമ്പ്യാര്‍ അദ്ദേഹവും ഉണ്ടാകും. അന്ന് കുട്ടപ്പമ്മാന്‍ ഒരു സ്റ്റുഡിബേക്കര്‍ കാറും പിന്നെ ഒരു ഹെറാള്‍ഡും ഉണ്‍ടായിരുന്നു.

എന്റെ ചേച്ചിയെ അമ്മാന് വലിയ സ്നേഹമായിരുന്നു. അമ്മാന് പെണ്മക്കള്‍ ഉണ്ടായിരുന്നില്ല. അമ്മാന് മൂന്ന് ആണ്മക്കളായിരുന്നു. വാസുദേവന്‍, ശ്രീനിവാസന്‍, വിശ്വനാഥന്‍. വാസുവേട്ടന്‍ സെന്റ്ടരല്‍ എക്സൈസ് സൂപ്ര്ണ്ടായിരുന്നു. ശ്രീനിയേട്ടന്‍ കുവൈറ്റില്‍ അമ്മാമന്റെ കുവൈറ്റ് വ്യാപാരശൃംഗലയിലെ ഒരു കണ്ണിയായിരുന്നു. 

ഇളയ വിശ്വേട്ടന്‍ ഡോക്ടറായിരുന്നു. നെയ്‌വേലി ലിഗ്നൈറ്റ് കോറ്പ്പറേഷനിലും മധുരയിലും ഒക്കെ ആയിരുന്നു പ്രവര്‍ത്തനമണ്ഡലം.

വാസുവേട്ടന്റെ മകനായ ഗോപാലകൃഷ്ണനായിരുന്നു എന്റെ പ്രധാന കൂട്ട്. അവന്റെ പെങ്ങള്‍മാരായ അംബുജം, ശ്യാമള, രാജി എന്നിവരെ മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ… 

അംബുജത്തിന്റെ കല്യാണം എന്റെ ചെറുപ്പത്തില്‍ തന്നെ കഴിഞ്ഞു. വ്യാപാരിയായ അശോകേട്ടനായിരുന്നു വരന്‍. ഞാന്‍ ഇവരെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഗോപാലകൃഷന് ഇപ്പോള്‍ ഡോക്ടറ് ആണെന്നാ‍ണറിവ്.

കുട്ടപ്പമ്മാന്‍ ഓഫീസില്‍ പോകുമ്പോള്‍ മുണ്ടും ഷര്‍ട്ടും ചിലപ്പോള്‍ ഷര്‍ട്ടിന് മുകളില്‍ കോട്ടും ഇടും. കോഴിക്കോട്ടെ പാണ്ട്യാലയില്‍ നിന്ന് കുവൈറ്റിലേക്ക് തേക്ക് വീട്ടി മുതലായ മരങ്ങളും മറ്റു പലവ്യഞ്ജനങ്ങളും കയറ്റി അയക്കും, മടക്ക യാത്രയില്‍ ആ ഉരുവില്‍ തന്നെ ഈന്തപ്പഴം സുഗന്ധദ്രവ്യങ്ങള്‍ മുതലായവ ഇങ്ങോട്ടെത്തും എന്നാണ് എന്റെ ഓര്‍മ്മ. അമ്പത് കൊല്ലം മുന്‍പുള്ള വളരെ മങ്ങിയ ഓര്‍മ്മകളാണെനിക്ക്.

ഞങ്ങള്‍ കോഴിക്കോട്ട് വന്നാല്‍ ഒരു ആഴ്ച താമസിച്ചേ പോകൂ.. അവിടെ നല്ല ഭക്ഷണവും മറ്റും തന്ന് ഞങ്ങളെ സ്വീകരിക്കും അമ്മാനും അമ്മായിയും അവരുടെ മക്കളും. ഡോ വിശ്വനാഥന്‍ എന്ന വിശ്വേട്ടന്‍ കോഴിക്കോട്ട് ഫുട്ബോള്‍ ടീമിലെ അംഗങ്ങമായിരുന്നു. കോഴിക്കോട്ട് മെഡിക്കല്‍ കോളേജിലാണ് പഠിച്ചതും. വിശ്വേട്ടന്റെ മക്കളായ ശാലിനിയേയും ബാബുവിനേയും മാത്രമാണ്‍ എനിക്ക് ഓര്‍ക്കാനാകുന്നത് ഇപ്പോള്‍.

അച്ചന്റെ അമ്മാമനാണെങ്കിലും ഞങ്ങളും അമ്മാമന്‍ എന്നാ വിളിക്കാറ്. എന്റെ അച്ചന്റെ അച്ചന്‍ കടത്തനാട്ടെ വീരപോരാളിയായിരുന്നു. ആറടി പത്തിഞ്ച് ഉയരമുണ്ടായിരുന്ന കാതില്‍ കടുക്കനിട്ട കുടുമ വെച്ച ചോഴിത്തണ്ടാന്‍. അരയിലെപ്പോഴും ഒരു ചുരികയുണ്ടായിരിക്കും.
അച്ചമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് കാലത്തെണീറ്റാല്‍ കുളിയും തേവാരവും കഴിഞ്ഞാല്‍ കളരിത്തറയില്‍ മെയ്‌വഴക്കം കഴിഞ്ഞേ ജലപാനം കഴിക്കൂ എന്റെ അച്ചാച്ചന്‍. മാര്‍ഷ്യല്‍ ആര്‍ട്ട്സില്‍ പയറ്റിത്തെളിഞ്ഞവന്‍.

ഞമനേങ്ങാട്ട് മാപ്പിളമാര്‍ അച്ചാച്ചനെ കൊല്ലിനും കൊലക്കും അധികാരം നല്‍കി തണ്ടാനായി വാഴിച്ചുവെന്ന് അച്ചമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആ അച്ചാച്ചന്റെ അമ്മാമനാണ് ഈ പറഞ്ഞുവരുന്ന കുട്ടപ്പമ്മാന്‍. ആരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എല്ലാം പഴയ കഥകള്‍.

കുന്നംകുളത്തെ ഞങ്ങളുടെ തറവാട് പണിയാനുള്ള മരം മുഴുവനും വളരെ ആദായവിലക്കാണ് കുട്ടപ്പമ്മാന്‍ ഞങ്ങള്‍ക്ക് കൊടുത്തയച്ചത്. ഇരുമുള്ളും പ്ലാവും വീട്ടിയും മാത്രമാണ് ഞങ്ങളുടെ തറവാട് പണിയാന്‍ ഉപയോഗിച്ചത്.

ഞാന്‍ ജനിച്ച് വളര്‍ന്ന തറവാട് ഓലമേഞ്ഞ നാ‍ലുകെട്ടായിരുന്നു. അത് ഇപ്പോള്‍ അന്യാധീനമായി. എന്റെ അച്ചനെ അച്ചന്റെ അമ്മയും സഹോദരനും ഒരു ചതിയിലൂടെ നാട്ടില്‍ നിന്നും അകറ്റി, അങ്ങിനെ ഞങ്ങള്‍ അമ്മ വീടായ ചെറുവത്താനിയില്‍ വന്ന് കൂടി. അവിടെയാണ്‍ പുതിയ തറവാട് രൂപാന്തരപ്പെട്ടത്.

കോഴിക്കോട്ടമ്മാമന്റെ ചരിത്രം കുറച്ചുംകൂടി എഴുതാനുണ്ട്. അടുത്ത ലക്കത്തിലാകാം. കല്ലുമ്മക്കായ തിന്നതും ബീച്ചില്‍ പോയതും അമ്മാമന്‍ ഞങ്ങള്‍ക്ക് രണ്ട്പേര്‍ക്കും ട്രൌസറും ഷര്‍ട്ടും വാങ്ങിത്തന്നതും, തിരിച്ച് പോകുമ്പോള്‍ കൈ നിറയെ നാണയങ്ങള്‍ തന്നിരുന്നതെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.

ശ്രീനിയേട്ടന്‍ എന്നെ മാത്രം കുവൈറ്റിലേക്ക് കൊണ്ടോയില്ല. നാട്ടിലെ എല്ലാവരേയും അമ്മാന്റെ ഡ്രൈവറേയും എല്ലാം കൊണ്ടുപോയെങ്കിലും എന്തിന് എന്നെ മാത്രം തഴഞ്ഞു എന്ന് ഞാന്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു. ഇന്ന് ശ്രീനിയേട്ടനും ഇല്ല ഈ ഉലകത്തില്‍. എല്ലാം ഓര്‍മ്മകള്‍ മാത്രം.

4 comments:

  1. വാസുവേട്ടന്റെ മകനായ ഗോപാലകൃഷ്ണനായിരുന്നു എന്റെ പ്രധാന കൂട്ട്. അവന്റെ പെങ്ങള്‍മാരായ അംബുജം, ശ്യാമള, രാജി എന്നിവരെ മാത്രമേ ഞാന് ഓര്‍ക്കുന്നുള്ളൂ… അംബുജത്തിന്റെ കല്യാണം എന്റെ ചെറുപ്പത്തില് തന്നെ കഴിഞ്ഞു. വ്യാപാരിയായ അശോകേട്ടനായിരുന്നു വരന്.

    ReplyDelete
  2. അമ്മാമന്റെ പേര് കുറച്ചു കട്ടിയായിപ്പോയി..

    ReplyDelete
  3. ഈ കുട്ടപ്പമ്മാൻ ചരിതവും കേമായി..
    അന്ന് കുവൈറ്റിൽ കൊണ്ടേയെങ്കിൽ യുദ്ധത്തിന്റെടേൽ മടങ്ങി വരേണ്ടി വന്നേനില്ലേ

    ReplyDelete
  4. "കോഴിക്കോട്ടമ്മാമന്റെ ചരിത്രം കുറച്ചുംകൂടി എഴുതാനുണ്ട്. അടുത്ത ലക്കത്തിലാകാം. കല്ലുമ്മക്കായ തിന്നതും ബീച്ചില്‍ പോയതും അമ്മാമന്‍ ഞങ്ങള്‍ക്ക് രണ്ട്പേര്‍ക്കും ട്രൌസറും ഷര്‍ട്ടും വാങ്ങിത്തന്നതും, തിരിച്ച് പോകുമ്പോള്‍ കൈ നിറയെ നാണയങ്ങള്‍ തന്നിരുന്നതെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു."

    ജെ പി നന്നായിരിക്കുന്നു....ധന്യമായ ഓര്‍മ്മകള്‍...ഗൃഹാതുരത്വം ..തോന്നുന്നവ...കുട്ടപ്പമ്മാന്റെ ഓര്‍മ്മകള്‍ ....കഥകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു....

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.