Thursday, April 3, 2014

കുമാരേട്ടന്റെ പീടികയിലെ പുട്ടും കടലയും

memoir

പണ്ട് പണ്ടെന്നുപറഞ്ഞാല്‍ ഏതാണ്ട് 50 കൊല്ലം പുറകോട്ട്  പോകുകയാണ് ഞാന്‍. ജന്മനാടായ ചെറുവത്താനിയെ ഒരിക്കലും മറക്കില്ല, അവിടെ നിന്ന് തൃശ്ശൂരില്‍ വേരുറപ്പിച്ചുവെങ്കിലും ഓര്‍മ്മകള്‍ എപ്പോഴും തലോടുന്നത് ജന്മനാട്ടിലേതാണ്.

“ടാ ഉണ്ണ്യേ നാളെ സുകുമാരേട്ടന്റെ വീട്ടില്‍ പോയി കടലാസ്സ് ഒപ്പിട്ടുവാങ്ങണം”
ചേച്ചിയുടെ ഈ ഓര്‍ഡര്‍ മനസ്സിലുറപ്പിച്ചായിരിക്കും അന്നത്തെ ഉറക്കം.. കാലത്ത് നേരത്തെ എണീറ്റ് കുളിച്ചിട്ട് വേണം ആര്‍ത്താറ്റ് പഞ്ചായത്ത് പ്രസിഡണ്ട് സുകുമാരേട്ടന്റെ ചമ്മണൂരിലുള്ള വീട്ടിലെത്താന്‍..

സാധാരണ വീട്ടില്‍ കാലത്ത് എന്തെങ്കിലും കഴിക്കാന്‍ കിട്ടണമെങ്കില്‍  ചേച്ചി എണീറ്റ്, ഉമിക്കരിയും ഉപ്പും ചേര്‍ത്ത് പല്ലുതേച്ച്, മാതൃഭൂമി പത്രം ഒന്ന് കണ്ണൊടിച്ചതിന് ശേഷമായിരിക്കും. വീട്ടില്‍ മുറ്റമടിക്കാനും പാത്രം കഴുകാനും, തൊഴുത്തിലെ ചാണകം നീക്കി പശുക്കളെ കുളിപ്പിക്കാനും ഒക്കെ വാല്യക്കാരുണ്ടെങ്കിലും അടുക്കളയില്‍ പെരുമാറാന്‍ ഫുള്‍ടൈം പെണ്ണുങ്ങള്‍ ഉണ്ടായിരുന്നില്ല..

ഒന്നുരണ്ട് പെണ്‍കുട്ട്യോള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് അടുക്കളപ്പണി സ്വന്തമായി ചെയ്യാന്‍ വശമുണ്ടായിരുന്നില്ല. അവരെണീറ്റ ഉടനെ മുറ്റമടിക്കുന്ന പെണ്ണുങ്ങളെ സഹായിക്കാനും, വെറ്റില പൊട്ടിക്കാനും അടക്ക പെറുക്കി വെട്ടി നുറുക്കി ചെല്ലപ്പെട്ടിയിലിടാനും ഒക്കെ ആയിരിക്കും തിരക്ക്. എനിക്ക് പ്രാതല്‍ ഉണ്ടാക്കിത്തരാന്‍ അവര്‍ മെനക്കെടാറില്ല.

പശുവും പാലും മോരും തൈരും ഒക്കെ ധാരാളം ഉള്ള എന്റെ വീട്ടില്‍ എനിക്ക് കാലത്തെണീറ്റ ഉടന്‍ ഒരു ഉശിരന്‍ ചായ ഉണ്ടാക്കിത്തരാന്‍ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ട്യോള്‍ക്കും പണിക്കാര്‍ക്കും ശര്‍ക്കര കാപ്പിയാണ്  കൊടുക്കുക. ചേച്ചിയുടെ ശിങ്കിടിയായി നില്‍ക്കുന്ന പെണ്‍കുട്ട്യോള്‍ക്ക് പാലൊഴിച്ച ശര്‍ക്കരക്കാപ്പി കുടിക്കാം. പഞ്ചസാരക്ക് അന്ന് ക്ഷാമമായിരുന്നു. അതിനാല്‍ പഞ്ചസാര ഭരണി ചേച്ചി അലമാരയില്‍ പൂട്ടി വെക്കും. അതിന്റെ താക്കോല്‍ ചേച്ചിയുടെ അരയിലായിരിക്കും.

ചില ദിവസങ്ങളില്‍ ഞാന്‍ കാലത്തെണീറ്റ് കുളിക്കാതെ വടക്കോറത്തെ തിണ്ണയില്‍ പെണ്ണുങ്ങള്‍ മുറ്റമടിക്കുന്നത് നോക്കി ഇങ്ങിനെ ഇരിക്കും.. ആ ഇരിപ്പ് ചിലപ്പോള്‍ എന്നെ കാപ്പിയും പലഹാരവും കഴിക്കാന്‍ വിളിക്കുന്നത് വരെ നീളും..

ചില പെണ്ണുങ്ങളുടെ മുറ്റമടി കാണാന്‍ നല്ല രസമായിരിക്കും. അവര്‍ കുമ്പിട്ട് മുറ്റമടിക്കുമ്പോല്‍ ഞാനെന്ന ഉണ്ണി അവരുട ഉലഞ്ഞാടുന്ന മുലകളെ നോക്കി രസിക്കും.. ഞാന്‍ അത് ശ്രദ്ധിക്കുന്നുവെന്ന് അറിഞ്ഞാല്‍ ചിലര്‍ അവരുടെ ക്ലീവേജ് പ്രദര്‍ശിപ്പിച്ച് എന്നെ ചൊടിപിടിപ്പിക്കും, അല്ലെങ്കില്‍ മത്തുപിടിപ്പിക്കും. ചേച്ചിയുടെ കണ്ണുവെട്ടിച്ച് അവരുടെ പുറത്ത് കേറാന്‍ എളുപ്പമല്ല. എന്നാലും ചിലപ്പോളൊക്കെ അത് തരപ്പെടാറുണ്ട്.

എനിക്ക് കാലത്തെണീറ്റ് ഒരു തുള്ളി ചൂടുവെള്ളം കുടിക്കാതെ അഞ്ചെട്ട് നാഴിക അകലെയുള്ള ചമ്മണൂര്‍ സുകുമാരേട്ടന്റെ വീട് വരെ സൈക്കിള്‍ ചവിട്ടി സിമന്റ് പാസ്സ് ഒപ്പിട്ട് വാങ്ങിപ്പിക്കാന്‍ വലിയ ഉഷാറുണ്ടായിരുന്നില്ല. പിന്നെ ഈ കഷ്ടപ്പാടൊക്കെ സ്വയം ഏറ്റെടുത്താലെ സ്വന്തമായൊരു കൂര ഉണ്ടാകൂ എന്നാലോചിക്കുമ്പോള്‍ ഞാന്‍ കാലത്തെ എന്റെ ജെറ്റ് സൈക്കിളില്‍ പായും.

അന്നത്തെ കാലത്ത് നൂറില്‍ ഒരു വീട്ടിലെ ഒരു സൈക്കിള്‍ ഉണ്ടാകൂ ഇംഗ്ലണ്ട് റാലി സൈക്കിള്‍ പതിനായിരത്തില്‍ ഒരു വീട്ടില്‍ മാത്രം. എനിക്ക് എന്റെ അച്ചന്‍ സിലോണില്‍ നിന്ന് ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ കൊണ്ട് തന്നിരുന്നു. ഞാന്‍ അതിലാ‍യിരുന്നു കറക്കം. ഇന്ന് ഒരു മെര്‍സീഡിസ് ബെന്‍സ് ഓടിക്കുന്ന പത്രാസ് ഈ റാലി സൈക്കിളിന് ഉണ്ടായിരുന്നു.
വല്ലപ്പോഴും പാറേലങ്ങാടിയിലുള്ള ചാക്കപ്പായി ഏട്ടന്റെ സൈക്കിള്‍ കടയില്‍ ഇത് സര്‍വ്വീസിങ്ങിന് കൊണ്ടുപോകുമ്പോള്‍ അവിടെത്തെ മേസ്ത്രി എന്നോട് കുശലം പറയാന്‍  വരും. അങ്ങാടിയിലെ പിള്ളേര്‍ നോക്കി നില്‍ക്കും ഞാന്‍ ഈ റാലി സൈക്കിളില്‍ ചെത്തി പായുന്നത് കണ്ടിട്ട്.

എന്റെ സൈക്കിളിന് മാത്രമായിരുന്നു  അന്ന് സെന്റര്‍ സ്റ്റാന്‍ഡും സ്റ്റ്രാപ്പ് ലോക്കും ഉണ്ടായിരുന്നത്. അത് നാട്ടുകാര്‍ക്ക് ഒരു അത്ഭുതമായിരുന്നു. അച്ചന്‍ ആ സൈക്കിള്‍ ഒരു കൂട്ടുകാരന്‍ വശം തൃശ്ശൂര്‍ K. R. Buscuit Company യിലെ മേനേജര്‍ കെ. ആര്‍. മാമന്റെ അടുത്ത് ഏല്‍പ്പിച്ചത്. അത് അവിടെ വന്ന ഉടന്‍ എന്റെ ചേച്ചിക്ക് മാമന്‍ ഒരു കാര്‍ഡ് അയച്ചു. അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ടെലഫോണ്‍ സൌകര്യം ഉണ്ടായിരുന്നില്ല, ആകെ ഒരു ഫോണ്‍+കമ്പി ആപ്പീസ് കുന്നംകുളത്തോ അല്ലെങ്കില്‍ ഞമനേങ്ങാട്ടോ ആയിരുന്നു. അതിനാല്‍ ആ കാലത്ത് എല്ലാരും പോസ്റ്റ് മാന്‍ വരുന്നത് കാത്തിരിക്കും വൈകിട്ട്.

കെ. ആര്‍. മാമന്റെ കാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ തുള്ളിച്ചാടി. പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ട് തൃശ്ശൂര്‍ക്ക് വണ്ടി കയറി.. മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ വണ്ടി ഇറങ്ങി നാലുമണി വരെ അവിടെയും ഇവിടേയും ഒക്കെ കറങ്ങി എന്തെങ്കിലും കഴിക്കാന്‍ തീരുമാനിച്ചു. അന്നത്തെ കാലത്ത് നാട്ടിന്‍ പുറങ്ങളില്‍ നിന്ന് തൃശ്ശൂര്‍ വരുന്നവര്‍ക്ക് പ്രിയം പത്തന്‍സില്‍ നിന്നൊരു മസാല ദോശ അല്ലെങ്കില്‍ കാസിനോ ഹോട്ടലിലെ ബിരിയാണി+ഫ്രൂട്ട് സലാഡ്.. ഞാന്‍ ഇതിലെന്തോ കഴിച്ച് കെ. ആര്‍. മാമന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.



മാമന്‍ എന്നെക്കണ്ട് അടുത്തേക്ക് വിളിച്ച് കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മ വെച്ചു.. “ഉണ്ണിയുടെ പഠിത്തമൊക്കെ എങ്ങിനെ? കൃഷ്ണന്‍ [മൈ ഫാദര്‍] നിന്നെ വളരെ പ്രിയമാണ്, അതാണല്ലോ ഇത്രയും ത്യാഗം സഹിച്ച് സിലോണില്‍ നിന്നും ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ ഇറക്കുമതി ചെയ്തത്. മോന്‍ പഠിച്ച് വലിയവനാകണം, അതാണ് നിന്റെ അച്ചന്റേയും ഈ മാമന്റേയും ആഗഹം..”

ഞാന്‍ ഈ കെ. ആര്‍. മാമനെ ഇന്നും ഓര്‍ക്കും. ഞങ്ങള്‍ക്ക് തൃശ്ശൂര്‍ വരുമ്പോളൊരു അത്താണിയാണ്‍ കെ. ആര്‍. ബിസ്കറ്റ് കമ്പനി.. അന്നൊക്കെ ഹോട്ടലുകളില്‍ തന്നെ വൃത്തിയുള്ള ടോയലറ്റുകള്‍ കുറവായിരുന്നു. ആ കാര്യത്തിനും നല്ലൊരു ചായ കുടിച്ച് വിശ്രമിക്കാനും ഒക്കെ പറ്റിയ ഒരിടമായിരുന്നു കെ. ആര്‍. ബിസ്കറ്റ് കമ്പനി.

ഞാന്‍ വളരെ വൈകിയാണ് മനസ്സിലാക്കിയത് ഈ കെ. ആര്‍. മാമന്റെ മകനായിരുന്നു തൃശ്ശൂരിലെ മുന്‍ മേയര്‍ രാധാകൃഷ്ണന്‍.. എനിക്ക് കോര്‍പ്പറേഷന്‍ ലെവലില്‍ കുറേ കാര്യം സാധിക്കാനുണ്ടായിരുന്നു.. ഞാന്‍ ഈ രാധാകൃഷ്ണന്‍ ചേട്ടനെ പരിചയപ്പെടും മുന്‍പേ അദ്ദേഹം വിരമിച്ചിരുന്നു..

അങ്ങിനെ ഞാന്‍ ആ ദിവസം ഏതാണ്ട് 4 മണിക്ക് പത്തന്‍സ് ഹോട്ടലില്‍ നിന്നും ഒരു മസാല ദോശയും കാപ്പിയും കഴിച്ചായിരുന്നു മാമന്റെ അടുത്തെത്തിയത്.. സൈക്കിള്‍ ഏറ്റുവാങ്ങി മുപ്പത് നാഴികയുള്ള ചെറുവത്താനിയിലേക്ക് പാഞ്ഞു..

കുന്നംകുളം വരെ നല്ല റോഡായിരുന്നു. അവിടെ നിന്നും ചെറുവത്താനിയിലെത്തുമ്പോളെക്കും സന്ധ്യ മയങ്ങിയിരുന്നു. ചെറോക്കഴ വരെ മാത്രമായിരുന്നു ടാറിട്ട റോഡും, തെരുവുവിളക്കുകളും. ഞാന്റെ സൈക്കിളിന്റെ വിളക്കുകള്‍ തെളിയിച്ച് ചെറുവത്താനിയിലേക്ക് പാഞ്ഞു.

വീട്ടിലെത്തിയ എനിക്ക് കാര്യമായ വരവേല്പൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ വിചാരിച്ചു എന്റെ കൂട്ടുകാരും ചേച്ചിയും കൂടി നിലവിളക്കും നിറപറയുമായി ഈ റാലി സൈക്കിളിനെ വരവേല്‍ക്കുമെന്ന്..

അങ്ങിനെ ഞാന്‍ ഒരു ഇംഗ്ലണ്ട് റാലി സൈക്കിളിന്റെ ഉടമയായി.. അത്താഴം കഴിഞ്ഞ് നോക്കിയപ്പോള്‍ ഒരു പുക വിടാനായി ഒരു ബീഡി കിട്ടിയില്ല. അതൊക്കെ എന്റെ അനിയന്‍ ശ്രീരാമന്‍ പുകച്ചുകളഞ്ഞിരുന്നു. ഞാന്‍ പടിഞ്ഞാറെയിലെ ഗോപാലേട്ടന്റെ വീട്ടില്‍ പോയി നാലും കൂട്ടി മുറുക്കി ഒരു ആപ്പിള്‍ ഫോട്ടോ ബീഡിയും വലിച്ച് ഗോപാലേട്ടനോട് സൈക്കിളിന്റെ വീരസാഹസ കഥകള്‍ പറഞ്ഞു.

ഞാന്‍ വിചാരിച്ചു ഗോപാലേട്ടന്‍ ഇതൊക്കെ കേട്ട് ത്രില്ലാകുമെന്ന്. ഗോപാലേട്ടന്‍ ഒരു സിമ്പിള്‍ തലകുലുക്കം മാത്രം സമ്മാനിച്ചു. പിന്നീടാണെനിക്ക് മനസ്സിലായത് ഗോപാലേട്ടന്‍ സിലോണില്‍ ആയിരുന്നെന്നും ഇതുപോലെത്തെ പല സൈക്കിളുകളും ചവിട്ടിയിട്ടുണ്ടെന്നും എല്ലാം.
അങ്ങിനെ ആയിരുന്നു എന്റെ സൈക്കിള്‍ ചരിത്രം..

അങ്ങിനെയുള്ള ഈ സൈക്കിളിലില്‍ ആയിരുന്നു സുകുമാരേട്ടന്റെ വീട്ടിലേക്കുള്ള പ്രയാണം. വീട്ടില്‍ നിന്ന് വരും വഴി തേവരെ വണങ്ങി തെക്കേപ്പുറം റോഡിലൂടെ കയറി നേരെ ചിറ്റഞ്ഞൂര്‍ വഴി – തെക്കെ അങ്ങാടിയുടെ സൈഡില്‍ കൂടി  കുന്നംകുളം ഗേള്‍സ് ഹൈ സ്കൂളിന്റെ പുറകില്‍ കൂടി പോകണം ഈ ആര്‍ത്താറ്റ് പഞ്ചായത്ത് സുകുമാരേട്ടന്റെ വീട്ടിലെത്താന്‍.

അവിടം വരെ വെറും വയറ്റില്‍ നോണ്‍ സ്റ്റോപ്പായി സൈക്കിള്‍ ചവിട്ടാനുള്ള ഇന്ധനം വയറ്റില്‍ ഉണ്ടാവില്ല. അതിനാല്‍ കണ്ടറിഞ്ഞ് എന്റെ ചേച്ചി ചായ കുടിക്കാനുള്ള കാശ് തരും.

അങ്ങിനെയാണ് അയിനിപ്പുള്ളി സത്യന്റെ വീട്ടിന്‍ മുന്നിലുള്ള കുമാരേട്ടന്റെ ചായപ്പീടികയില്‍ ഒരു ദിവസം ചായ കുടിക്കാന്‍ കയറിയത്. അവിടെ നിന്ന് പുട്ടു കടലയും ഓര്ഡര്‍ കൊടുത്തു. ഞാന്‍ കടല പുട്ടില്‍ കുഴച്ച്   ചേര്‍ക്കുന്നതിന്നിടയില്‍ കുമാരേട്ടന്‍ രണ്ട് ചൂടുപപ്പടം എന്റെ പ്ലേറ്റില്‍ വെച്ചിട്ട് പറഞ്ഞു ഇതും കൂട്ടി കുഴച്ചുകഴിക്കാന്‍. എനിക്ക് ഒട്ടും തൃപ്തിയുണ്ടായിരുന്നില്ല ആ കോമ്പിനേഷന്‍. എന്തെന്നാല്‍ ഞാന്‍ പപ്പടം കഴിക്കാറില്ല.

ഒരിക്കല്‍  വടക്കാഞ്ചേരി താഹസില്‍ ദാര്‍ ആപ്പീസില്‍ പോയി മടങ്ങവേ ഓട്ടുപാറയില്‍ ഇറങ്ങേണ്ടി വന്നു. കുന്നംകുളത്തേക്കുള്ള ബസ്സിന്പകരം തെറ്റി ഷൊര്‍ണൂര്‍ ബസ്സില്‍ കയറിയതായിരുന്നു സംഭവം. അങ്ങിനെ ഓട്ടുപാറയില്‍ ഇറങ്ങി കുന്നംകുളം ബസ്സ് പിടിക്കുന്നതിന്നിടയിലാണ് പപ്പടം ഇടിക്കുന്ന പെണ്ണുങ്ങളെ കണ്ടത്.

ഒരു വലിയ വട്ടത്തിലുള്ള കരിങ്കല്ലില്‍ ഉലക്ക കൊണ്ടായിരുന്നു അന്ന് പപ്പടം ഇടിച്ച് മയപ്പെടുത്തിയിരുന്നത്.. ആ പെണ്ണുങ്ങള്‍ മാറുമറച്ചിരുന്നത് സാരിത്തലപ്പുകൊണ്ട് തന്നെ. ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി മലയാളി മങ്കമാരല്ലെന്ന്..

എന്റെ ശ്രദ്ധ അല്പനേരത്തേക്ക് പപ്പടം ഇടിയില്‍ തറച്ചുനിന്നു. പപ്പടം ഇടിക്കുന്നതിന്നിടയില്‍ വിയര്‍പ്പുതുള്ളികള്‍ ഈ പപ്പടപ്പിട്ടില്‍ ഇറ്റിറ്റുവീഴുന്നത് കണ്ടു. പോരാത്തത്തിന്‍ ഉലക്കയിന്മേല്‍ ഡ്രൈനെസ്സ് വരുമ്പോള്‍ അതിന്മേല്‍ ഈ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് തന്നെ ഉഴിയും. പിന്നെ ഈ പപ്പടം ഇടിക്കുന്നത് ആളൊഴിഞ്ഞ ഒരു പറമ്പിന്റെ മൂലയിലും. ചിലപ്പോള്‍ അതുവഴി വരുന്ന ഉറുമ്പും പ്രാണികളും ഒക്കെ ഇതില്‍ പെട്ടെന്ന് വരാം. അങ്ങിനെ ഒരു പക്ഷെ ചില പപ്പടങ്ങള്‍ നോന്‍ വെജിറ്റേറിയനും ആകാം.

ഈ പപ്പടത്തിന്റെ കഥ പറയുമ്പോളാണ്‍ എനിക്ക് അമരക്കായുടെ കഥ ഓര്‍മ്മ വന്നത്. ഞങ്ങളുടെ വീട്ടില്‍ അന്ന് ധാരാളം അമരക്ക വിളയുമായിരുന്നു. അന്നൊക്കെ എല്ല്ലാ പച്ചക്കറിയും വീട്ടുവളപ്പില്‍ തന്നെ. വല്ല കല്യാണത്തിനും അടിയന്തിരത്തിനുമൊക്കെ ആണ്‍ പച്ചക്കറി പീടികയില്‍ പോകുക.

വട്ടന്‍ കൊയ്തു കഴിഞ്ഞാല്‍ കാറ്റുകാലമാകും. ഈ വട്ടന്‍ പാടത്ത് മത്ത, കുമ്പളം, പടവലം, വെള്ളരി എന്നിവ കൃഷി ചെയ്യും.. കുളക്കരയിലുള്ള പാടത്ത് കുഴി എടുത്ത് അതില്‍ ചവറിട്ട് കത്തിച്ച്, നാലുദിവസം കഴിഞ്ഞ് വിത്ത് നടും. എല്ലാം പറിക്കാനുള്ള പാകമായാല്‍ എന്നും നല്ല പച്ചക്കറിക്കൂട്ടനുണ്ടാകും. അല്ലെങ്കില്‍ മിക്ക ദിവസവും മീന്‍ കൂട്ടാന്‍ മാത്രം. മീനില്ലാതെ വരുന്ന നാളില്‍ ഉണക്ക മീന്‍ പച്ചത്തേങ്ങ അരച്ച് കറി വെക്കും. പിന്നെ ഉണക്ക മുള്ളനും മാന്തളും ചുട്ടോ വറുത്തോ തരും.

മഴക്കാലത്ത് കഴിക്കാനായി മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക എന്നിവ വാഴപ്പോളകള്‍ കൊണ്ട് കെട്ടി ഉമ്മറത്തെ കഴുക്കോലില്‍ കെട്ടി ഞാത്തും. ഇങ്ങിനെ ഒക്കെ ആയിരുന്നു ഞങ്ങളുടെ നാട്ടുസമ്പ്രദായം.

നമ്മള്‍ അമരക്കാ സ്റ്റോറിയിലേക്ക് വരാം.. അമരക്ക മെഴുക്കുപുരട്ടി വെക്കുന്ന അന്ന് ഒരു മുറാം അമരക്ക പൊട്ടിച്ച് പണിക്കാരായ പെണ്ണുങ്ങള്‍ അടുക്കളത്തളത്തില്‍ ഇതിന്റെ ഞെണ്ട് പൊട്ടിച്ച് അരിയാന്‍ തുടങ്ങും. പുഴുക്കളുള്ള അമരക്കാ തെങ്ങിന്‍ തടത്തിലിടാന്‍ മാറ്റി കൊട്ടയില്‍ വെക്കും.
ഞാനും മുത്തുവും കൂടി ഈ വേസ്റ്റ് അമരക്കാ വേവിച്ച് വെളുത്തുള്ളി കൊണ്ട് താളിച്ച് സേവിക്കും.. ഹാ എന്തൊരു ടേസ്റ്റായിരിക്കും ഈ മെഴുക്കുപുരട്ടിക്ക്.. ഞാന്‍ ഒരിക്കല്‍ മുത്തുവിനോട് ചോദിച്ചു……..

“എന്താടാ മുത്തൂ‍ അമ്മ വെക്കുന്ന കൂ‍ട്ടാനേക്കാളും ടേസ്റ്റ് നീയുണ്ടാക്കുന്ന ഈ വേസ്റ്റിന്..?“

അവന്‍ ചിരിച്ചുംകൊണ്ടോതി

“അതേയ് എന്റെ പൊട്ടന്‍ മരുമകാ…….. ഇത് നോണ്‍ വെജിറ്റേറിയന്‍ അമരക്കാ കൂട്ടാനാണ്. ഇതിലെ പുഴുക്കളുടെ ഇറച്ചിയും ഉണ്ട് ഞാനുണ്ടാക്കുന്ന കൂട്ടാനില്‍. “

എനിക്ക് അല്പനേരത്തേക്ക് ഓക്കാനം വന്നുവെങ്കിലും പില്‍ക്കാലത്ത് ഞാനും ഈ സമ്പ്രദായം ജീവിതത്തില്‍ പകര്‍ത്തി. എന്റെ കെട്ട്യോള്‍ക്ക് ഇതൊന്നും സഹിച്ചില്ല കുറേ നാളത്തേക്ക്.ഇന്നാണെങ്കില്‍ എല്ലാം വിഷമയമായതിനാല്‍ നോണ്‍ വെജിറ്റേറിയന്‍ പച്ചക്കറി കിട്ടാതേയും ആയി.

അങ്ങിനെ കുമാരേട്ടന്റെ പീടികയില്‍ നിന്ന് കഴിച്ച പുട്ടും കടലയും പപ്പടവും ഇപ്പോളും ഓര്‍മ്മ വരുന്നു. പില്‍ക്കാലത്ത് ഞാന്‍ കഴിച്ച ഒരു പുട്ടിനും ഈ രുചി കിട്ടിയില്ല. ഇന്നും കൂടെ എന്റെ വീട്ടില്‍ പുട്ടും കടലയും ആയിരുന്നു.

എന്റെ പിതാവിന്റെ പ്രായമുള്ള കുമാരേട്ടന്‍ ഒരു പക്ഷെ ഇപ്പോള്‍ ഇഹലോകവാസം വെടിഞ്ഞുകാണും.

ഈ കൊച്ചു ഓര്‍മ്മക്കഥ ഞാന്‍ കുമാരേട്ടന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. ഇഹലോകത്തിലായാലും പരലോകത്തായാലും കുമാരേട്ടന്‍ ഇത് വായിക്കുമല്ലോ..

കുറിപ്പ് : മുകളില്‍ ഞാന്‍ ചേച്ചിയെന്ന്  പറഞ്ഞിരുന്നത് എന്റെ പെറ്റമ്മ തന്നെ. പിന്നെ മുത്തു : എന്റെ ഇളയ അമ്മാ‍മന്‍


2 comments:

  1. പണ്ട് പണ്ടെന്നുപറഞ്ഞാല്‍ ഏതാണ്ട് 50 കൊല്ലം പുറകോട്ട് പോകുകയാണ് ഞാന്‍. ജന്മനാടായ ചെറുവത്താനിയെ ഒരിക്കലും മറക്കില്ല, അവിടെ നിന്ന് തൃശ്ശൂരില്‍ വേരുറപ്പിച്ചുവെങ്കിലും ഓര്‍മ്മകള്‍ എപ്പോഴും തലോടുന്നത് ജന്മനാട്ടിലേതാണ്.

    “ടാ ഉണ്ണ്യേ നാളെ സുകുമാരേട്ടന്റെ വീട്ടില്‍ പോയി കടലാസ്സ് ഒപ്പിട്ടുവാങ്ങണം”
    ചേച്ചിയുടെ ഈ ഓര്‍ഡര്‍ മനസ്സിലുറപ്പിച്ചായിരിക്കും അന്നത്തെ ഉറക്കം.. കാലത്ത് നേരത്തെ എണീറ്റ് കുളിച്ചിട്ട് വേണം ആര്‍ത്താറ്റ് പഞ്ചായത്ത് പ്രസിഡണ്ട് സുകുമാരേട്ടന്റെ ചമ്മണൂരിലുള്ള വീട്ടിലെത്താന്‍..

    ReplyDelete
  2. മരിക്കാത്ത ഓർമ്മകൾ... എന്താ മധുരം അവയ്ക്ക് അല്ലേ പ്രകാശേട്ടാ... നാട്ടിലെത്തിയ പ്രതീതി...

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.