Sunday, November 23, 2014

മഞ്ഞള്‍ പ്രസാദം - ഭാഗം 2


short story
=======
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച    http://jp-smriti.blogspot.in/2014/11/blog-post.html

“എന്താ ഉമ്മറത്ത് തന്നെ നില്‍ക്കണ്, ഒരു അപരിചിതനെപ്പോലെ. അകത്തേക്ക് കയറിവാ.. നില്‍ക്കണത് കണ്ടാല്‍ തോന്നും ഇതുവരെ ഇങ്ങോട്ട് വന്നിട്ടില്ലെന്ന്.” 

ഉണ്ണി അകത്തേക്ക് കയറിയപ്പോള്‍ പാറുകുട്ടി ജാക്കറ്റ് മാറാനുള്ള പുറപ്പാടിലായിരുന്നു. ഉണ്ണിയെ കണ്ടിട്ട് അവള്‍ ജാക്കറ്റ് ഊരി അഴയില്‍ നിന്ന് മറ്റൊന്ന് എടുത്ത് ധരിച്ചു. ഉണ്ണിയെ കണ്ടിട്ട് അവള്‍ക്ക് ഒട്ടും നാണം തോന്നിയതോ മേനി മറച്ചതോ ഇല്ല. അവള്‍ തൊട്ടടുത്ത വടക്കിനിയിലേക്ക് കയറിയപ്പോള്‍ അയാളും അവളോടൊപ്പം അങ്ങോട്ട് കയറി..  

വടക്കിനിയിലെ ഇരുട്ടില്‍ ഉണ്ണിയുടെ കൈകള്‍ എങ്ങോട്ടൊക്കെ നീണ്ടു. 

“ഉണ്ണ്യേട്ടാ... ഞാനാദ്യം കഴിക്കാനെന്തെങ്കിലും ഉണ്ടാക്കാം, കൂടെ ശര്‍ക്കരപ്പായസവും, എന്നിട്ട് മതി ഈ കൈനീട്ടല്‍“  

പാറുകുട്ടി വടക്കിനിയില്‍ സാരിയഴിച്ച് വെച്ച്  ഒരു കള്ളിമുണ്ടുടുത്ത് അടുക്കളയിലേക്ക് ചെന്നു.. കാലത്ത് വെച്ച ചോറ് ചൂടാക്കാന്‍ ഒരു കലത്തില്‍ വെള്ളം തിളപ്പിക്കാനും മറ്റൊരു കലത്തില്‍ ശര്‍ക്കരപ്പായസത്തിനുള്ള ഉണക്കല്ലരി വേവിക്കാനും വെച്ചു.. പെട്ടെന്ന് തീപ്പൂട്ടാന്‍ ചകിരിയും കൊതുമ്പും അടുപ്പിലേക്ക് ഇട്ടു.. പാതിയാമ്പുറത്തിന്നരികെ ഒരു മുട്ടിപ്പലക ഇട്ട് അവള്‍ ഇരുന്നു.  തിളച്ച വെള്ളത്തില്‍ ചോറ് ഇട്ട് ചെറിയ കൊട്ടക്കയ്യില്‍ എടുത്ത് വാറ്റിയെടുത്ത് ഒരു കൊച്ചുപോണിയില്‍ മാറ്റി വെച്ചു. ശേഷിച്ചത് കഞ്ഞിയാക്കി അവള്‍ക്ക് ആ കലത്തില്‍ തന്നെ വെച്ചു.. 

പാതി വെന്ത ഉണക്കല്ലരിയില്‍ നാലച്ച് ശര്‍ക്കരയിട്ടു.. അവള്‍ക്കറിയാം ഉണ്ണിക്ക് അരി അധികം വേവാത്ത അരവണപ്പായസം പോലെയുള്ള കടുമ്പായസം ആണ് ഇഷ്ടമെന്ന്.. കടുമ്പായസം ഉണ്ടാക്കുമ്പോള്‍ അടുപ്പിന്റെ അരികില്‍ നിന്ന് മാറാന്‍ പറ്റില്ല. അരിക്ക് വേവ് കൂടിയാല്‍ പിന്നെ വേറെ വെക്കേണ്ടി വരും. 

അവള്‍ കണ്ടിട്ടുണ്ട് അടുത്ത ശിവക്ഷേത്രത്തില്‍ ആരെങ്കിലും കടുമ്പായസം ശീട്ടാക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ തിടപ്പള്ളിക്കരികില്‍ അലക്ഷ്യമായി തമ്പടിക്കും.. തിരുമേനിയുടെ കണ്ണുതെറ്റിയാല്‍ തിടപ്പള്ളിയില്‍ കയറി പായസം കട്ടുതിന്നും.. ഒരിക്കല്‍ കുറേശ്ശേ തിന്ന് തിന്ന് ഭഗവാന് നേദിക്കാന്‍ നേരം പാത്രത്തില്‍ കാര്യമായി ഒന്നും അവശേഷിച്ചിരുന്നില്ല. 

ശിവഭക്തനായ ഉണ്ണ്യേട്ടന്‍ കട്ടുതിന്നാലും ഭഗവാന് അതൃപ്തിയുണ്ടാവില്ല.. അവിടുത്തെ ദാസനാണ് ഈ ഉണ്ണ്യേട്ടന്‍. ഒരിക്കല്‍ തിരുമേനി ഉണ്ണ്യേട്ടനെ കയ്യോടെ പിടിച്ചുവെങ്കിലും പുറത്ത് പറയാന്‍ ധൈര്യപ്പെട്ടില്ല.. ചിലപ്പോള്‍ കഴക്കാരന്‍ വരാത്ത ദിവസങ്ങളില്‍ പൂജാപാത്രം കഴുകിവെക്കാനും, പൂ പറിക്കാനും അത്യാവശ്യം നാല് തുളസിമാല കെട്ടിക്കൊടുക്കാനും ഈ ഉണ്ണേട്ടന്‍ മാത്രമായിരിക്കും ഈ തിരുമേനിക്ക് തുണ. 

തിരുമേനിക്ക് മാത്രമല്ല, അമ്പലത്തിലെ കാര്യക്കാരനും. ചിലപ്പോള്‍ ഊട്ടുപുരയില്‍ വെള്ളം കോരാനും, വിറകുവെട്ടാനും ഒന്നിനും മടിയില്ല ഈ ഉണ്ണ്യേട്ടന്. അത്യാവശ്യം കഴിഞ്ഞ് കൂടാനൊക്കെ വകയുള്ള കുടുംബത്തിലെ ഈ ചെറുപ്പക്കാരനെ കണ്ടുപഠിക്കാന്‍ അമ്പലത്തിലെ വലിയ കാരണവരായ രക്ഷാധികാരിയും കൂടിയായ കുറുപ്പമ്മാന്‍ അമ്പലപ്പറമ്പില്‍ തെണ്ടിനടക്കുന്ന പിള്ളാരോട് പറയാറുണ്ട്. 

പാറുകുട്ടി ഓരോന്നാലോചിച്ച് ചോറും കറിയും പായസവും ഒക്കെ അടുക്കളയില്‍ നിന്ന് പുറത്തേക്ക് വെച്ച് വിളിച്ചു... 

“ ഉണ്ണേട്ടാ.......... ഇങ്ങ്ട്ട് വരൂ.......... ഊണ് കാലായി, പായസവും.." 

 ഉണ്ണിയെ കണ്ടില്ല അവിടെങ്ങും.. അവള്‍ മുറ്റത്തേക്കിറങ്ങി കിണറ്റിന്‍ കരയിലും മറപ്പുരയിലും ഒക്കെ നോക്കി.. ഉണ്ണ്യെട്ടന്‍ എന്നോട് മിണ്ടാണ്ട് പോയിരിക്കണൂ...........  

"തേവരെ വിളിച്ച് അവള്‍ കരഞ്ഞു.... ന്നാലും എന്നോട് ഇത് ചെയ്തുവല്ലോ..."

 അന്ന് അവള്‍ അത്താഴപ്പട്ടിണി കിടന്നു.. അവളെ തൊടാന്‍ സമ്മതിച്ചില്ലല്ലോ, അതായിരിക്കും തന്നോട് മിണ്ടാതെ പോയതെന്ന് അവള്‍ക്ക് പിന്നീട് തോന്നി..  നേരം പുലരാനായി അവള്‍ കാത്തിരുന്നു.. ചോദിക്കണം അവള്‍ക്ക് അവളുടെ പ്രിയസുഹൃത്തിനോട് ഈ വഞ്ചനയെപ്പറ്റി. ഇനി ഒരിക്കലും അയാളുമായി കൂട്ടുകൂടില്ല, എന്നൊക്കെ മനസ്സില്‍ പറഞ്ഞ് അവള്‍ കണ്ണടച്ചു.. ഏറെ വൈകിയാണവള്‍ക്ക് ഒരുപോള കണ്ണടക്കാന്‍ കഴിഞ്ഞത്.. 

പാതിരാക്കോഴി കൂകിയതൊന്നും അവളറിഞ്ഞില്ല. എണ്ണിറ്റുനോക്കിയപ്പോള്‍ മണി ഏഴ് കഴിഞ്ഞിരിക്കുന്നു.. വാതില്‍ തുറന്ന് ഉമ്മറത്തേക്ക് കടന്നപ്പോള്‍ കണ്ടു ആ വഴി ഉണ്ണ്യേട്ടന്‍ വരുന്നത്. അവള്‍ അയാളെ തന്നെ നോക്കി ഉമ്മറത്ത് തന്നെ നിന്നു. ഉണ്ണി  മുള്ളുവേലി മാറ്റി പാറുകുട്ടിയുടെ മുറ്റത്തേക്ക് കടന്നതും ദ്വേഷ്യവും സങ്കടവും സഹിക്കവയ്യാതെ അവള്‍ മുറ്റത്ത് കിടന്ന പച്ചച്ചകിരി മടല്‍ എടുത്ത് അയാളുടെ നേരെ എറിഞ്ഞു.. 

വേദന കൊണ്ട് പുളഞ്ഞ അയാള്‍ ചോരയൊലിച്ച് പാഞ്ഞു. പള്ളിനടക്കലുള്ള ത്രേസ്യാമ്മച്ചേച്ചിയുടെ വീട്ടില്‍ കയറി ഇരുന്നു.. 

“എന്താ മോനേ നിനക്ക് പറ്റീ......."

 ത്രേസ്യാമ്മ ഇത് കണ്ട് തൊഴുത്തിന്നരികില്‍ നിന്നുവന്ന് കാര്യം തിരക്കി... ഉണ്ണി സത്യാവസ്ഥ മറച്ചുവെച്ചു....

”മോന്‍ ഇവിടെ ഇരിക്ക്, ഞാന്‍ അപ്പാപ്പനെ വിളിക്കാം, മോനെ വൈദ്യരുടെ അടുത്തേക്ക് കൊണ്ടുപോകാം... "

“അതൊന്നും വേണ്ട ചേച്ച്യേ... കുറച്ച് ഇല്ലത്തുംകരിയെടുത്ത് നെറ്റിയിന്മേല്‍ വെച്ച് കെട്ടിത്തന്നാ‍ല്‍ മതി.”

 അല്പം ആശ്വാസമായപ്പോള്‍ ഉണ്ണി നേരെ അമ്പലപ്പറമ്പിലേക്ക് നടന്നു.. കാലത്ത് സാധാരണ കുടിക്കാറുള്ള കട്ടന്‍ കാപ്പി പോലും അയാളന്ന് കഴിച്ചിരുന്നില്ല, തീരെ അവശനായ അയാളുടെ നെറ്റിയില്‍ നിന്നും വീണ്ടും രക്തം വാര്‍ന്നുതുടങ്ങിയിരുന്നു, അയാളറിഞ്ഞില്ല അയാള്‍ ബോധരഹിതനായി ആല്‍ത്തറയില്‍ കിടന്നിരുന്നത്.. 

ആളുകള്‍ ചുറ്റും കൂടി, കാട്ടുതീപോലെ വാര്‍ത്ത നാട്ടില്‍ പരന്നു.. പാറുകുട്ടിയുടെ ചെവിയിലും. പാറുകുട്ടി തീര്‍ച്ചയാക്കി ഉണ്ണി ഇത് നാട്ടുകാരോട് പറഞ്ഞാല്‍ അവളെ നാട്ടുകാര്‍ തല്ലിക്കൊല്ലുമെന്ന്.. ആയുധാഭ്യാസിയായ ഉണ്ണിക്ക് കുറച്ചധികം ശിഷ്യഗണങ്ങളുണ്ട് നാട്ടിലെങ്കിലും ഉണ്ണി മാന്യനും തല്ലിനും വക്കാണത്തിനും ഒന്നും പോകുന്ന ആളുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം... 

എന്നിരുന്നാലും ശിഷ്യന്മാരില്‍ ചിലര്‍ കുഴപ്പക്കാരാണ്. അവര്‍ വന്ന് ഉണ്ണിയാശാനെ മഞ്ചലില്‍ കിടത്തി പുഴ കടന്ന് അക്കരക്ക് കൊണ്ടുപോകാനുള്ള തിരക്കിലായിരുന്നു... പെട്ടെന്നാണ് അമ്പലത്തില്‍ നിന്നും തിരുമേനി അവിടേക്ക് ഓടിയെത്തിയത്.. അദ്ദേഹം മൊന്തയില്‍ നിന്നും തുളസീതീര്‍ഥം ഉണ്ണിയുടെ മുഖത്തേക്ക് തെളിച്ചതും അയാള്‍ കണ്ണുതുറന്നു.. അപ്പോഴേക്കും കഴകക്കാരും ഇടക്ക കൊട്ടുന്ന രാമവാര്യരും എല്ലാം ആല്‍ത്തറയില്‍ എത്തിയിരുന്നു.. വാര്യര്‍ ഉണ്ണിയുടെ നാടിമിടിപ്പ് നോക്കി.... 

“യേയ് ഇയാള്‍ക്ക് ആരോഗ്യപ്രശ്നമൊന്നുമില്ല..“  

ശിഷ്യന്മാരില്‍ ഒരാളെക്കൊണ്ട് രണ്ട് ഇളനീര്‍ ഇടീപ്പിച്ച് വെട്ടിക്കൊടുത്തു... 

“ഇനി പറാ ഉണ്ണ്യേ എന്താണ്ടായത്.. ഇത് ചെയ്തവനെ വെറുതെ വിടാന്‍ പറ്റില്ല.. പറാ ആരാ ഇത് ചെയ്തത്..

"ശിഷ്യഗണങ്ങളില്‍ നാലാള്‍ താറുടുത്ത് ആശാന്റെ കാല് തൊട്ട് വന്ദിച്ച് ശപഥം ചെയ്യാനൊരുങ്ങുമ്പോളേക്കും ഉണ്ണി തടുത്തു..."

 “വേണ്ടാ മക്കളേ... അതൊക്കെ ഞാന്‍ കൈകാര്യം ചെയ്തോളാം........”  

കൂട്ടം പിരിഞ്ഞുപോയി.. ഉണ്ണി വേച്ച് വേച്ച് നടന്ന് അമ്പലത്തിന്നകത്തേക്ക് പ്രവേശിച്ച്, തിടപ്പള്ളിക്കരികിലെ ഉമ്മറത്ത് മലര്‍ന്ന് കിടന്നു.

 ഉണ്ണിയുടെ കിടപ്പുകണ്ട് വാരസാര്‍ക്ക് സഹിച്ചില്ല, ആ മാതൃഹൃദയം നൊന്തു. അവര്‍ ഊഹിച്ചു ഈ കൊടുംക്രൂരത പാറുകുട്ടിയല്ലാതെ മറ്റാരും ചെയ്യില്ലെന്ന്.. ഇവരുടെ തല്ലുകൂടലും, ഒത്തുകൂടലും, കിന്നാരം പറച്ചിലും അതിരുവിട്ട കളികളും ഒക്കെ പലതവണ കണ്ടിട്ടുള്ളതാണ് ഈ വാരസ്യാര്‍. 

വാരസ്യാര്‍ക്ക് ഉണ്ണി ഒരു മകനെപ്പോലെ, അതുപോലെ ഉണ്ണിക്ക് വാരസ്യാര്‍ ഒരു അമ്മ തന്നെ. വാരസ്യാര്‍ ഉണ്ണിയെ ശാന്തിമന്ദിരത്തില്‍ കൊണ്ടുപോയി വെള്ള നിവേദ്യവും തൈരും അച്ചാറും കഴിക്കാന്‍ കൊടുത്ത് അവര്‍ തിരികെ അമ്പലത്തിലേക്ക് ചെന്നു.. 

അപ്പോള്‍ കണ്ടു പാറുകുട്ടി എന്തോ അറിഞ്ഞോ അറിയാതെയോ അമ്പലം പ്രദക്ഷിണം വെച്ചുംകൊണ്ടിരിക്കുന്നത്.  

 “എന്താടീ മൂഥേവീ.. കൊറേ നേരമായല്ലോ നീയിങ്ങിനെ വലം വെച്ചുംകൊണ്ടിരിക്കുന്നത്.. ശിവക്ഷേത്രത്തില്‍ മൂന്നില്‍ കൂടുതല്‍ പ്രദക്ഷിണം വെക്കുന്നവരെ ഞാന്‍ ആദ്യാമായാ കാണുന്നത്..?” 

അവള്‍ തിടപ്പള്ളിയിലേക്കും മറ്റും ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു ഉണ്ണിയെ.. വാരസ്യാര്‍ക്ക് മനസ്സിലായി അവളുടെ സോക്കേട്.  

“ഉണ്ണ്യേട്ടനെ കണ്ടോ വാരസ്യാരേ ഇവിടങ്ങാനും...?”  “ഞാനാരേയും കണ്ടില്ല, നെന്നെ അന്വേഷിച്ച് ആ റൌഡി മാക്കോത കുറച്ച് നേരത്തെ ഇവിടെ വന്നിരുന്നു...  വാരസ്യാര്‍ അവളെ പേടിപ്പിക്കാന്‍ തട്ടിവിട്ടൂ” 

അത് കേട്ട് പാറുകുട്ടി പരുങ്ങി.. സംഗതി ആകെ കുഴപ്പമായിക്കാണും. മാക്കോതയുടെ ഒറ്റയടിക്ക് അവളുടെ കഥ കഴിയും.. പാറുകുട്ടി പേടിച്ച് പുറത്തേക്കോടി.




4 comments:

  1. അന്ന് അവള്‍ അത്താഴപ്പട്ടിണി കിടന്നു.. അവളെ തൊടാന്‍ സമ്മതിച്ചില്ലല്ലോ, അതായിരിക്കും തന്നോട് മിണ്ടാതെ പോയതെന്ന് അവള്‍ക്ക് പിന്നീട് തോന്നി..

    നേരം പുലരാനായി അവള്‍ കാത്തിരുന്നു.. ചോദിക്കണം അവള്‍ക്ക് അവളുടെ പ്രിയസുഹൃത്തിനോട് ഈ വഞ്ചനയെപ്പറ്റി. ഇനി ഒരിക്കലും അയാളുമായി കൂട്ടുകൂടില്ല, എന്നൊക്കെ മനസ്സില്‍ പറഞ്ഞ് അവള്‍ കണ്ണടച്ചു.. ഏറെ വൈകിയാണവള്‍ക്ക് ഒരുപോള കണ്ണടക്കാന്‍ കഴിഞ്ഞത്..

    ReplyDelete
  2. കടുപ്പമായി പോയി . . . . തന്റെ വികാരങ്ങളാണ് പാറുകുട്ടി ആ ഏറിലൂടെ കൊടുത്തത് . . തന്നോട് പറയാതെ പോയ ഉണ്ണി ഏട്ടന് ഒരു നഷ്ട ബോധത്തിന്ടെ ചായ്വ് വ് തോന്നിക്കുന്നു . . . . ഇനിയും തുടര്ച്ചക്കായി കാത്തിരിക്കുന്നു

    ReplyDelete
  3. രസായിട്ടുണ്ട് കാര്യങ്ങളുടെ പോക്ക്...
    പായസക്കൊതി വരുത്തിവച്ച വിന!
    ആശംസകള്‍

    ReplyDelete
  4. എന്നാലും എറിയേണ്ടായിരുന്നു!

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.