Wednesday, December 15, 2021

ഞാൻ ഒരു അപ്പം കൊതിയനാണ്


 എന്നും അച്ഛൻ തേവരെ ഓർക്കാറുണ്ട്. നടക്കാൻ വയ്യാത്ത കാരണം ഇതുവരെ പോകാൻ ആയില്ല. 

ഇന്ന് വൈകീട്ട് കുറേശ്ശേ നടന്നു ശീലിക്കണം . കോവിറ് കോവിട് കാലത്തിനു മുൻപ് മിക്ക ദിവസവും അമ്പലത്തിൽ പോയിരുന്നു. തേവരെ കാണും, ദീപാരാധന തൊഴും. ശര്ക്കര പായസം കഴിക്കും.. 

ചേച്ചിമാരോടും ചേട്ടന്മാരോടും വർത്തമാനം പറയും. എന്നും സൗഹൃദം പങ്കിടും.

മോളി ചേച്ചിയോട് എന്തെങ്കിലും പറയാതിരിക്കില്ല. സരസ്വതി, പ്രേമ , വത്സല ചേച്ചിമാരോടും സുകുമാരേട്ടനോടും എന്തെങ്കിലും ഒന്ന് മിണ്ടാതെ ഞാൻ പോരാറില്ല.

പിന്നെ കഴകം, ശാന്തി, ഇവരെല്ലാം പ്രിയങ്കരർ തന്നെ. കൃഷ്ണൻ തിരുമേനി പോയതിൽ പിന്നെ നല്ല ശർക്കര പായസം കിട്ടിയില്ല . അദ്ദേഹം ഉണ്ടാക്കുന്ന പായസം ശബരിമലയിലെ അരവണ പായസം പോലെയുണ്ട്. 

ഞാൻ ചിലപ്പോൾ ഉരുളിയിൽ നിന്നും വടിച്ചെടുത്ത് ആലിലയിൽ എടുത്താണ് സേവിക്കുക.

എല്ലാം ഇന്നെലെയെന്നോണം ഓർക്കുന്നു.

തൃശൂർ ടൗണിൽ നിന്നും കൊടുങ്ങല്ലൂർ ഇരിഞ്ഞാലക്കുട പോകുന്ന വഴിയിൽ തങ്കമണി കയറ്റത്തിൽ ആണ് അച്ഛൻ ,തേവർ ശിവക്ഷേത്രം. അവിടെ പാർവതി, ഗോശാല കൃഷ്ണൻ, ഗണപതി,അയ്യപ്പൻ, സുബ്രമണ്യൻ,നാഗങ്ങൾ, ബ്രഹ്മ രക്ഷസ്സ് , യോഗീശ്വരൻ, ഹനുമാൻ, പടിഞ്ഞാറേ നടക്കലെ സ്വാമി എന്നീ ഉപദേവതകളും ഉണ്ട്.

മുപ്പെട്ടു വെള്ളിയാഴ്ച ഗണപതിക്ക് ഉണ്ണിയപ്പം നേദിക്കും പിന്നെ മുപ്പെട്ട് ശനിയാഴ്ച ഹനുമാൻ സ്വാമിക്ക് വടമാലയും.

മുപ്പെട്ട് വെള്ളിയിലെ ഉണ്ണിയപ്പം കൃഷ്ണൻ തിരുമേനി ഉണ്ടാക്കിയിരുന്നത് വളരെ വിശേഷപ്പെട്ടത് ആയിരുന്നു. അന്നൊക്കെ ഞാൻ തിടപ്പള്ളിക്കരികിൽ പോയി നിൽക്ക്കും, തിരുമേനി എന്നെ കണ്ടാൽ അപ്പം നേദിച്ചതിനു ശേഷം കൂടുതൽ അപ്പം തരാറുണ്ട് ചിലപ്പോൾ . ഞാൻ ഒരു അപ്പം കൊതിയനാണ്

എന്റെ ചേച്ചി തറവാട്ടിൽ ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട്. ഞങ്ങളുടെ നാട്ടിൽ - അതായത് കുന്നംകുളം ചെറുവത്താനിയിൽ കാരോലപ്പം എന്നാണു പറയുക.

ചേച്ചി ഉണ്ടാക്കിയിരുന്നത് ഒരു പ്രത്യേക രുചിയായിരുന്നു. എന്റെ പെറ്റമ്മയെയാണ് ഞാൻ ഇവിടെ ചേച്ചി എന്ന് വിളിക്കുന്നത്.  അമ്മാമന്മാർ വിളിക്കുന്നത് കേട്ടാണ് ഞാനും ശ്രീരാമനും അങ്ങിനെ വിളിച്ചു പോന്നത്.

അങ്ങിനെ ഒരുപാട് ഓർമ്മകൾ ഓടിയെത്തുന്നു. ഇന്ന് തേവരെ  കണ്ടതിനു ശേഷം വീണ്ടും എഴുതാം,



ഓം നമ:ശ്ശിവായ..

Saturday, November 6, 2021

ഇന്ദ്രനീലം

 ഞാൻ കാലങ്ങളായി ആഗ്രഹിച്ചിരുന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു,  എന്റെ ബ്ലോഗ് സമാഹാരം താമസിയാതെ പുറത്തിറങ്ങുന്നു പുസ്തക രൂപത്തിൽ.  സമാഹാരത്തിന്ന് നല്ലൊരു പേര് കിട്ടിയില്ല ഇതുവരെ. കുന്നംകുളത്തുള്ള ലളിത പറഞ്ഞു "കിലുക്കാംപെട്ടി" '

 ഈ പേരിൽ ഇറക്കാം എന്ന്  തീരുമാനിച്ചിരിക്കയായാണ്.

കോവിട് കാലമായതിനാൽ കേരള സാഹിത്യ  അക്കാദമിയിൽ വെച്ചു പുസ്തക പ്രകാശനം ചെയ്യാൻ പറ്റുമോ എന്ന് തോന്നുന്നില്ല. നാളെ വൈശാഖൻ മാഷോട് ചോദിക്കണം.. 

അക്കാദമിയിലെ ചിലവുകളെ പറ്റി നർഗീസിനോടും  ചോദിക്കാം  , അതനുസരിച്ച് ഹോൾ ബുക്ക് ചെയ്യണം. കോവിഡ് കാലമായതിനാൽ പണത്തിന്റെ ദൗർലഭ്യം ഉണ്ട് , അങ്ങിനെ വന്നാൽ ശ്രീ നാരായണ ക്ലബ്ബിൽ വെച്ചോ,  ശ്രീ മാഹേശ്വര ക്ഷേത്ര സന്നിധിയിൽ വെച്ചോ പ്രകാശനം ചെയ്യാവുന്നതാണ്.

ബ്ലോഗ്ഗർ കുട്ടൻ മേനോനോടും ലണ്ടനിലുള്ള മുരളി ഏട്ടനോടും അഭിപ്രായം ചോദിക്കണം. ബുക്ക് വിറ്റഴിക്കുന്നതിന് ബ്ലോഗർ കൂട്ടു കാരുടെ സഹായം തേടണം. 

എന്നെ ബ്ലോഗർ ആക്കിയ തിരുവനന്തപുരത്തുള്ള  സന്തോഷ് സി. നായരോടും സഹായിക്കാൻ പറയാം. പുസ്തകം ഓൺലൈനിൽ കിട്ടാവുന്ന രീതിയിലാണ് അച്ചടിക്കുന്നത്. അത് എത്ര മാത്രം പ്രായോഗ്യമാകുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല.

പുസ്തകത്തിന്റെ കവർ കിട്ടിയാൽ ഫേസ്‌ബുക്കിൽ ഡിസ്‌പ്ലെ വരും . എന്നെ അറിയാവുന്നവർ ദയവായി എന്നെ ഫോണിൽ   വിളിക്കുക .

ലളിത പറഞ്ഞ പേര് നൽകാൻ പറ്റാത്ത സ്ഥിതി ആണ് ഇപ്പോൾ . അതിനാൽ "ഇന്ദ്രനീലം" എന്ന  പുതിയ പേര് കണ്ടെത്തി.

താമസിയാതെ ബ്ലോഗ് സമാഹാരം പ്രകാശനം ചെയ്യപ്പെടുമെന്ന പ്രത്യാശയിൽ ആണ് ഞാൻ .



 






+++


Thursday, July 29, 2021

നന്ദ്യാർവട്ടം പൂത്തു

നന്ദ്യാർവട്ടം പൂത്തു എന്റെ ഗുരുവായൂരപ്പാ 

 

എല്ലാ ദിവസം കാലത്ത് എണീറ്റ് കുളി കഴിഞ്ഞാൽ ആദ്യം പൂക്കൊട്ടയുമായി ഗേറ്റിനടുത്ത നന്ദ്യാർ വട്ടത്തിനോട് കുശലം പറഞ്ഞുതുടങ്ങും , പിന്നീട് അവളെ അവളുടെ നോവിക്കാതെ പൂക്കൾ ഞാൻ നുള്ളിയെടുക്കുംഅത് ഗുരുവായൂരപ്പന് അർച്ചന ചെയ്തേ ജലപാനം കഴിക്കൂ.

 എന്റെ  വീട്ടിൽ പൂക്കൾ ആയി   പെൺകുട്ടി  മാത്രമേ ഉള്ളൂ, പിന്നെ ധാരാളം തുളസിയും മിസ്റ്റർ കൃഷ്ണതുളസിയും ഉണ്ട്. ഗുരുവായൂരപ്പന് പ്രിയപ്പെട്ട കൃഷ്ണതുളസി അർച്ചന ചെയ്യാൻ നന്ദ്യാർ വട്ടത്തിന്റെ കൂടെ കൂട്ടും .

 

എന്നെ മഥിക്കുന്ന ഒരു പ്രശനം ഉണ്ട്. വർഷത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും മിസ് നന്ദ്യാർ വട്ടത്തിനെ  ഇലചുരുട്ടി പുഴുക്കൾ ആക്രമിക്കും, തുടക്കത്തിൽ ഞാൻ ചെറിയ നിലക്ക് പുഴുക്കളെ പിച്ചി നോവിക്കും , പക്ഷെ ഒരിക്കലും മരുന്നടിച്ച് കൊല്ലില്ല. ഒരിക്കൽ ഇവരെ തുരത്താൻ വടക്കാഞ്ചേരിയിൽ നിന്നും ശർക്കരക്കുടത്തിൽ പുളിയൻ ഉറുമ്പിനെ ഇമ്പോർട്ട് ചെയ്തുവെങ്കിലും തികച്ചും പരാജയമായിരുന്നു . ഇപ്പോൾ പുളിയന്മാരെക്കൊണ്ട് വലിയ ശല്യവും ആയി.

 

പുളിയന്മാർ ഞങ്ങൾ ഓമനിച്ച് വളർത്തുന്ന മൂവാണ്ടൻ മാവിനെയും തായ്വാനിൽ നിന്ന് കൊണ്ടുവന്ന കുഞ്ഞൻ മാവിനെയും ആക്രമിക്കാൻ തുടങ്ങി. മാങ്ങ കിട്ടാതെ ആകുമോ എന്ന് ഭയന്ന് അവരെ കാന്താരി ഗോമൂത്രം കുലുക്കി സർബത്ത് കൊണ്ട് കൊന്നു.

 

ഞാൻ ഗുരുവായൂരപ്പനോട്  പറയാറുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ ഞാനിനി എവിടെ പോകും പൂ പറിക്കാൻ . തൊട്ടടുത്ത മല്ലിയുടെ വീട്ടിലും ബാലേട്ടന് ഞാൻ കൊടുത്ത എന്റെ ഓൾഡ് ഔട്ട്  ഹൌ സിലും  വർണങ്ങളിൽ ഉള്ള ധാരാളം പൂക്കൾ ഉണ്ടെങ്കിലും മോഷ്ടിച്ച പൂക്കൾ ഞാൻ ഭഗവാന് സമർപ്പിക്കാറില്ല.

 

ഗരുവായൂരപ്പൻ എന്നോട് പറഞ്ഞു നീയെങ്ങിനെ ഭൂമിയിൽ ജനിച്ചു, അതുപോലെ തന്നെ ജന്മമെടുത്തവരാണ് പുഴുക്കൾ. അവരെ ഉപദ്രവിക്കാതെ മറ്റു മാർഗങ്ങൾ തേടുക.

 

മണ്ടൻ ഓൾഡ് മെന്റെ തലയിൽ മറ്റുമാർഗങ്ങൾ ഒന്നും ഉദിച്ചില്ല, ഞാൻ തൽക്കാലം ഭഗവാന് ഇഷ്ടപ്പെട്ട തുളസി അർച്ചന ചെയ്തുകൊണ്ടേയിരുന്നു .

 

അങ്ങിനെ ഇന്നെലെ വരെ പുഴുവരിച്ച് ശുഷ്കിച്ച കൊമ്പുകളിൽ ഇന്ന് പച്ചിലയും പൂക്കളും പ്രത്യക്ഷമായത് കണ്ട് ഞാൻ അന്തംവിട്ടു.

 

എല്ലാം ഭഗവാന്റെ ലീലാവിലാസം - അല്ലാതെന്തുപറയാൻ ...??!!!

 

കൃഷ്ണാ ഗുരുവായൂരപ്പാ - ഭക്തവത്സലാ......

 

if this  post is seen any where  in my blog please tell me