ഉണ്ണ്യേ എന്താ ചെക്കാ ഈ കാണിക്കണ്. മഴയത്ത് മുറ്റത്തിറങ്ങി നില്‍ക്കുകയാ. എന്തൊരു ധിക്കാരമാ ഈ ചെക്കന്റെ.
“ടാ ചെക്കാ ങ്ങ്ട്ട് കയറടാ ഉമ്മറത്തേക്ക്”
കണ്ടോ ചെക്കന്‍ ഒരു കൂസലുമില്ലാതെ ഓടുന്നത്.
“എന്തിന്റ്റെ കേടാ ഈ ചെക്കന്‍.“
സ്കൂളിലാണെങ്കില്‍ പോയില്ല. മഴവെള്ളം കയറിയിട്ട് പാലക്കുഴിയും ചക്കിത്തറയിലും എല്ലാം വെള്ളം കൊണ്ട് വെള്ളം.. ഞാനപ്പളേ പറഞ്ഞതാണ്‍ ക്ര്‍ഷ്ണന്‍ കുട്ടിയോട് ഈ ചെക്കനെ കണ്ടമ്പുള്ളി സ്കൂളില്‍ ചേര്‍ത്ത്യാല്‍ മതീന്ന്. എന്നാല്‍ ഹേമയുടേയും ഉമയുടേയും രാധമോന്റെയും കൂടെ പോകാമല്ലോ. തന്നെയുമല്ല അവര്‍ ഇതിനെ നൊക്കുകയും ചെയ്യും.
ഈ ഞമനേങ്ങാട്ട് നിന്ന് വടുതല സ്കൂളിലേക്ക് വഴി കൊറേ ഉണ്ട്. അവന്റെ തള്ളക്ക് വടുതല സ്കൂളിലാണ്‍ പണി. തന്നെയുമല്ല അവളുടെ വീട് ചെറുവത്താനിയിലും. അപ്പോള്‍ അവള്‍ക്ക് അവളുടെ വീട്ടില്‍ നിന്ന് പോകാനെളുപ്പം. ബെല്ലടിക്കുമ്പോള്‍ വീട്ടില് നിന്ന് ഇറങ്ങിയാലും മതി.
ഉച്ചക്ക് നല്ല ചൂടുള്ള ചോറ് തിന്നുകയും ചെയ്യാം. അവളുടെ വീട്ടിലാണെങ്കില്‍ ഉച്ചയൂണ്‍ സമയത്ത് ചോറ് സ്കൂളിലെത്തിക്കാനാണെങ്കില്‍ വാല്യക്കാരും ധാരാളം. അതൊന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാല്‍ കിട്ടില്ലല്ലോ?
അവളവിടെ നിന്നോട്ടെ. പക്ഷെ ഈ ചെക്കനെ ഇവിടെ നിര്‍ത്തി പഠിപ്പിച്ചുകൂടെ. അവറ്റ്നെ വീട് ഇതല്ലേ. അതെന്താ ആ ഒരുമ്പെട്ടോള്‍ നോക്കാത്തെ.
അതിനെങ്ങിനെയാ അവളുടെ കെട്ടിയോന്‍ അതൊക്കെ സമ്മതിച്ച് കാണും. ഒക്കെ തലയിണമന്ത്രത്തിന്റെ ഊക്കെന്താ ഞാനിപ്പോ പറയാ..
വരട്ടെ അവന്‍ അടുത്ത ലീവിന്‍. അവനെ ഞാന്‍ വരച്ച വരയില്‍ നില്‍ക്കും. എന്റെ മുന്നില്‍ കമാ എന്ന് മിണ്ടുകയില്ല അവന്‍. കൊളമ്പിലേക്ക് കൊണ്ട് പോയി പെണ്ണിനേയും കുട്ടികളേയും അവിടെ പഠിപ്പിക്കാം എന്ന് പറഞ്ഞതാ അവന്‍. പക്ഷെ ഞാന്‍ സമ്മതിച്ചില്ല.
“ടീ കോച്ച്വോ… ആ ചെക്കനെ മഴേത്ത് നിന്ന് ഇങ്ങട്ട് പിടിച്ചോണ്ട് വന്നേ ഇയ്യ്”
എനിക്ക് വയ്യാ അമ്മേ മഴയത്ത് ഇറങ്ങാന്‍. എനിക്ക് ദണ്ഡം പിടിച്ചാല്‍ നോക്കാന്‍ ഇവിടെ ആരുമില്ല. പണിയും എടുക്കണം. ആനക്ക് മദമിളകിയാലും ചിലര്‍ തടി പിടിപ്പിക്കാനും പൂരത്തിനും വിടുന്ന പോലെയാ.
ഞാനും മനുഷ്യനല്ലേ എനിക്കൊരു വിശ്രമം ഇല്ല. പണ്ടൊക്കെ തീണ്ടാരിയായാല്‍ ഒരാഴ്ച വിശ്രമമായിരുന്നു. പ്രത്യേകിച്ച് എന്റെ ആങ്ങിളമാരാര്‍ ആരെങ്കിലും വീട്ടിലുണ്ടെങ്കില്‍. ഇപ്പോ വിശ്രമം ഇല്ലെന്നല്ലാ പറേണത്. തീണ്ടാര്‍ന്നിരിക്കുമ്പോ പറയും ചൂലുഴിയാനും, കലം മയക്കുവാനെല്ലാം.
എനിക്ക് നേരാങ്ങിളമാരില്ലെങ്കിലും വലിയ കുഞ്ഞാങ്ങുവായ ഈ ഉണ്ണീടഛനാണ്‍ എന്നെ കൂടുതല്‍ ഇഷ്ടം. പേരിനൊരു കുഞ്ഞാങ്ങുവുണ്ടെങ്കിലും ആ ആള്‍ കുന്നംകുളത്താണ്‍ താമസം. അതിനാല്‍ എനിക്കൊരു കാര്യവും ഇല്ല.
വലിയ കുഞ്ഞാങ്ങു കൊല്ലത്തിലൊരിക്കല്‍ കൊളമ്പീന്ന് വരും. വരുമ്പോള്‍ ഈ കോച്ചുവിനെ പിറ്റേ ദിവസം തന്നെ നായരങ്ങാടിയില്‍ കൊണ്ടോയിട്ട് ഉടുക്കാന്‍ മുണ്ടും, ബ്ലൌസും എല്ലാം വാങ്ങിത്തരും. ഒരു കൊല്ലത്തേക്കുള്ള് തുണിത്തരങ്ങളെല്ലാം വാങ്ങിത്തരും. ബ്ലൌസ് വട്ടമ്പാടത്തെ ശേഖരേട്ടന്റെ പീടിയകയില്‍ കൊടുത്ത് തുന്നിപ്പിച്ച് തരും.
വേറെ ഒരു ആങ്ങിളയും ഉണ്ട്. രാമോദരന്‍. ആ വരുന്നത് അഞ്ചുകൊല്ലത്തിലൊരിക്കല്‍. വന്നാല്‍ ഒരു കൊല്ലം നാട്ടില്‍ നില്‍ക്കും. എന്നിട്ട് എനിക്കെന്താ കാര്യം. ഒരു കാര്യവുമില്ല. അവന്‍ വന്നാല്‍ എന്റെ കഷ്ടകാലം തുടങ്ങും.
വന്നതിന്റെ പിറ്റേ ദിവസം വാങ്ങും രണ്ട് എരുമകളേയും നാല് പോത്തുങ്ങളേയും. അവന്‍ ഒരിക്കലും ആലോചിക്കില്ല അവറ്റക്ക് തീറ്റ കൊടുക്കാനും, വെള്ളം കൊടുക്കാനും ഇവിടെ വാല്യക്കാരായി ആരുമില്ലെന്ന്.
പണ്ടൊക്കെ മുറ്റം അടിക്കാനും മറ്റു പുറമ്പണിക്കും ഒക്കെ പെണ്ണുങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ആരും അങ്ങിനെ ഇല്ല. ന്റെ അമ്മ നെഞ്ഞത്തടിച്ച് നെലോളിച്ചാ ഏതെങ്കിലും പറയന്മാരെയോ വേട്ടോന്മാരേയോ തൊഴുത്തിലെ പണിക്ക് നിര്‍ത്തു. അപ്പോള്‍ അവരെ പാടത്ത് കന്ന് പൂട്ടാനും അയക്കും.
സ്വന്തം പാടത്തും പറമ്പിലും പൂട്ടല്‍ കഴിഞ്ഞാല്‍ വേറെ പുറമ്പണിക്ക് കന്നുകളെ അയക്കും. സംഗതി പാലും വെണ്ണയും തൈരും സമൃദ്ധിയായുണ്ടെങ്കിലും ഇതൊക്കെ ഈ കൈ കൊണ്ട് തന്നെ ഉണ്ടാക്കണമല്ലോ…
കോച്ചു വിതുമ്മി… എന്റെ ഒരു തലയിലെഴുത്തേ..!!
“എന്നെ കല്യാണം കഴിച്ചയക്കണമെന്ന ഒരു വിചാരവും ഈ ആങ്ങിളമാര്‍ക്കില്ല.”
എന്റെ ഏട്ടത്തിമാരുടെയെല്ലാം കല്യാണം കഴിഞ്ഞു. പലര്‍ക്കും മക്കളും ആയി. എന്റെ നേരാങ്ങിളക്ക് ഇങ്ങിനെ ഒരു അനിയത്തി ഉള്ള വിചാരം പോലും ഇല്ല.
ഉണ്ണീടഛന്‍ എന്റെ വല്യമ്മയുടെ മകനാണെങ്കിലും, ഈ കുഞ്ഞാങ്ങുവാണ്‍ എന്റെ ജീവന്‍. എന്നെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കില്‍ ഈ കുഞ്ഞാങ്ങുവാണ്‍. ആ കുഞ്ഞാങ്ങുവിന്റെ അനിയനാണ്‍ രാമോദരന്‍. ഓന്‍ സ്നേഹം എന്നൊരു വാക്കേ അറിയില്ല. കോച്ചുപ്പെങ്ങളേ… കോച്ചുപ്പെങ്ങളേ എന്ന് പിന്നാലെ നടന്ന് നടന്ന് വിളിക്കും.
ഓന്‍ എന്റെ സ്വത്തുക്കളോടായിരുന്നു താല്പര്യമെന്ന് പിന്നീടാണ്‍ എനിക്ക് മനസ്സിലായത്. എന്റെ വിവരക്കേടിന്‍ അതെല്ലാം നഷ്ടമായി. ഇനി പറഞ്ഞിട്ട് കാര്യമില്ല…
സംഗതി ഞങ്ങളുടെ അഛന്‍ ഒന്നാണെങ്കിലും അമ്മമാര്‍ രണ്ടാണല്ലോ. അതല്ലേ ഈ ഉണ്ണി എന്റെ അമ്മയെ കറുത്ത അച്ചമ്മ എന്നും കൃഷ്ണക്കുട്ടി കുഞ്ഞാങ്ങുവിന്റെ അമ്മയെ വെളുത്ത അച്ചമ്മ എന്നും വിളിക്കുന്നത്.
എന്റെ അമ്മ കറുത്തിട്ടാണ്‍. ഉണ്ണീടെ അഛന്റെ അമ്മ വെളുത്തിട്ടും. ഉണ്ണീടഛന്‍ മൂന്ന് പെങ്ങന്മാരും ഒരു അനുജനും. എല്ലാവരും വെളുത്ത് സുന്ദര്‍മാരും സുന്ദരിമാരും. എനിക്ക് നാല്‍ എടത്തിമാര്‍. എന്റെ അമ്മയും ഞാനുള്‍പ്പെടെ എല്ലാവരും കറുത്തവര്‍.
ഞങ്ങളുടെ അഛന്‍ ആറര അടി ഉയരമുള്ള കുടുമ വെച്ച ആയുധാഭ്യാസിയായിരുന്നു. ആ നാട്ടിലെ തണ്ടാന്‍. തണ്ടാന്‍ സ്ഥാനമുള്ള് ഒരേ ഒരാള്‍ ആ നാട്ടില്‍. ആരും തലകുനിക്കും ഞങ്ങടെ അഛനെ കണ്ടാല്‍. പത്താളുകളെ ഒറ്റക്ക് നേരിടാന്‍ കെല്പുള്ളവന്‍. കൊല്ലിനും കൊലക്കും അധികാരമുള്ളവ്ന്‍.
ഞങ്ങള്‍ക്ക് അധികം സമ്പത്തില്ലെങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ. കൃഷിസ്ഥലങ്ങളെല്ലാം പണിത് നല്ല വിളവ് കിട്ടിയാല്‍ കര്‍ക്കടകത്തിലും പഞ്ഞമില്ലാതെ കഴിയാം. എന്റെ ചെറുപ്പത്തില്‍ ഒരു നേരം മാത്രം കഞ്ഞി കുടിച്ച നാളുകളുണ്ടായിരുന്നു. പട്ടിണിയാണെങ്കിലും ആരുടെ മുന്നിലും ഞങ്ങളുടെ അഛന്‍ തലകുനിച്ചിട്ടില്ലത്രെ.
വൈലത്തൂര്‍ സ്കൂളിലായിരുന്നു കുഞ്ഞാങ്ങു പഠിച്ചിരുന്നത്. സ്കൂളില്‍ കഞ്ഞി കിട്ടിയിരുന്നതിനാല്‍ കുഞ്ഞാങ്ങു വയ്യെങ്കിലും ഒരു ദിവസവും മുടങ്ങാതെ സ്കൂളില്‍ പോകും. ഒരു ദിവസം കുഞ്ഞാങ്ങു സ്കൂളില്‍ നിന്ന് വന്നിട്ട് തെക്കേ കുളത്തില്‍ കുളി കഴിഞ്ഞ്, കുറി വരച്ച്, നാമം ചൊല്ലിക്കഴിഞ്ഞ് അടുക്കളയിലെത്തിയപ്പോള്‍ ന്റെ അമ്മ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മരണം വരെ ഈ കോച്ചു അത് മറക്കില്ല.
“മോനെ കൃഷ്ണങ്കുട്ട്യേ.. ഇന്ന് വൈകുന്നേരം ഇവിടെ തീപ്പൂട്ടീട്ടില്ല.”
മോന്‍ പായ വിരിച്ച് കെടന്നോ.
ഞങ്ങളുടെ വീട്ടില്‍ അംഗസഖ്യ കുറച്ചധികമായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഒരു നേരത്തേക്ക് ഒരു പറ അരിയെങ്കിലും വേണം. പാടത്തും പറമ്പിലും ആയിട്ട് ആ വര്‍ഷം കൃഷി മോശമായിരുന്നു.
ഞങ്ങളുടെ അഛനും, പാപ്പന്മാരും മാത്രമായിരുന്നു വലിയ ആണുങ്ങളായിട്ട്. എല്ലുമുറിയെ പണിയെടുത്തിട്ടും കുടുംബം പുലര്ത്താനവര്‍ക്ക് കഴിഞ്ഞില്ല. രണ്ട് പൂവല്‍ പണിയാകുന്ന കൃഷിയിടങ്ങളുണ്ടെങ്കിലും എത്ര പരിശ്രമിച്ചാലും ഇരുപത് മേനിയില്‍ കൂടുതല്‍ വിളവ് കിട്ടില്ല. തേങ്ങ വിറ്റാല്‍ നല്ലൊരു തുക കിട്ടും, പക്ഷെ മഴക്കാലത്ത് നാളികേരം വിളവ് കുറവാണല്ലോ. കൊറച്ച് പണം വളമിടാനും മറ്റും മാറ്റി വെക്കണം.
ചാണകവും വെണ്ണീറും ധാരാളം ഉണ്ടെങ്കിലും പോരാതെ വരും. അത് വാങ്ങണം. പിന്നെ മരുന്ന് മറ്റു ചിലവുകള്‍ വസ്തരങ്ങള്‍. എല്ലാം ഈ വരുമാനത്തില്‍ നിന്ന് തന്നെ വേണ്ടേ. ആണ്‍കുട്ട്യോളാരും കാലായിട്ടില്ല.
കോച്ചു പഴയകാല ഓര്‍മ്മ്കള്‍ അയവിട്ടു…………..???!!!!!!!!
“എടീ കോച്ചൂ……… നെന്നോടല്ലേടീ ഒരുമ്പെട്ടോളേ പറഞ്ഞേ ആ ചെക്കനെ മഴേത്ത് നിന്ന് കേറ്റാന്‍.“
കോച്ചു പെട്ടെന്ന് സ്വപ്നലോകത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
എന്റെ കുഞ്ഞാങ്ങുവിന്റെ മോനെ ഞാന്‍ തല്ലുകയില്ല. അതിന്‍ കൂട്ട് നില്‍ക്കുകയുമില്ല. അവനെ തന്ത്രപൂര്‍വ്വം കയ്യിലെടുക്കാം…..
“മോനെ ഉണ്ണ്ണ്യേ ഇങ്ങട്ട് വാ…. കോച്ചളേമ ചക്കരകാപ്പീണ്ടാക്കിത്തരാം……”
അമ്മായിയാണെങ്കിലും ഹേമയും ഉമയും വിളിക്കുന്നത് കേട്ടിട്ട് അവനും എന്നെ കോച്ചളേമാ എന്നാ വിളിക്കുക.
എന്റെ തങ്കക്കുടമല്ലേ? …..
ഉണ്ണി ഒരുവിധം ഉമ്മറത്തേക്ക് കയറി…
“കോച്ചു ഉണ്ണിയുടെ തലയെല്ലാം തോര്‍ത്തിക്കൊടുത്തു.“
+ ഇവിടെ അവസാനിക്കുന്നില്ല. +