Wednesday, April 22, 2015

വടക്കുന്നാഥന്റെ മണ്ണില്‍

MEMOIR

കുറച്ച് നാള്‍ മുന്‍പ് ഞാന്‍ എന്റെ ഗ്രാമമായ ചെറുവത്താനിയെപ്പറ്റി എഴുതാന്‍ തുടങ്ങിയതായിരുന്നു. അത് എഴുതാനുള്ള നിമിത്തമായത് ദുബായിലെ സതീശ് ആയിരുന്നു.. ഞാന്‍ അത് തുടര്‍ന്നെഴുതിയില്ല ഇതുവരെ..

ആ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എന്റെ സഹോദരനെ ഊന്നല്‍ കൊടുത്തുംകൊണ്ട് അദ്ധ്യായം 2  തുടര്‍ന്നെഴുതാന്‍ സതീശ് ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ സതീശിന് അത് വേറെ ഒരിടത്തെ പ്രസിദ്ധീ‍കരിക്കാനും പറ്റുമെന്ന് പറഞ്ഞു.. എനിക്ക് ആ പോസ്റ്റ് ഇതുവരെ എഴുതിത്തീര്‍ക്കാനായില്ല.. തന്നെയുമല്ല അദ്ധ്യായം 2  ലെ വിവരങ്ങള്‍ ആദ്യം സതീശ് പറയുന്ന ലിങ്കില്‍ മാത്രമേ വരാന്‍ പാടുള്ളൂ എന്നതിനാല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്..

എന്റെ ബ്ലോഗില്‍ ആണെങ്കില്‍ ഞാന്‍ തന്നെ ആണ് പത്രാധിപരും മറ്റെല്ലാവരും... അപ്പോള്‍ സതീശിന് വേണ്ടി ഞാന്‍ എഴുതാം എന്റെ സഹോദരന്‍ വി. കെ. ശ്രീരാമനെ പറ്റി താമസിയാതെ. എന്നിട്ട് എന്റെ ബ്ലോഗില്‍ ലിങ്ക് ഇടാം.. ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതുമ്പോള്‍ അത് എനിക്കൊരു വരുമാന മാര്‍ഗ്ഗം ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നിരുന്നാലും എനിക്ക് അതിനൊക്കെ ഉള്ള സമയം ഇല്ല ഇപ്പോള്‍. പക്ഷെ സതീശ് എന്ന വ്യക്തിക്ക് വേണ്ടി എന്റെ വിലപ്പെട്ട കുറച്ചുസമയം ഞാന്‍ വിനിയോഗിക്കാം...

 ജന്മനാട് ചെറുവത്താനിയാണെങ്കിലും ഇപ്പോള്‍ എന്റെ തട്ടകം തൃശ്ശിവപേരൂര്‍ എന്നറിയപ്പെടുന്ന തൃശ്ശൂര്‍ ആണ്.. കഴിഞ്ഞ ഇരുപത് കൊല്ലമായി ഇവിടെ താമസിച്ച് വിലസി ഇപ്പോള്‍ തൃശ്ശൂര്‍ക്കാരനായി...  ലോക്കല്‍ മീഡിയ ചാനലിന്റെ അമരക്കാരനായി കുറച്ച് വര്‍ഷം വിലസിയതിനുശേഷം തൃശ്ശൂര്‍ക്കാര്‍ക്കെല്ലാം എന്നെ സുപരിചിതനായി. തന്നെയുമല്ല ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനം, ശ്രീ നാരായണ ക്ലബ്ബ്, പ്രോബസ്സ് ക്ലബ്ബ് എന്നീ ക്ലബ്ബുകളിലെ സജീവ പ്രവര്‍ത്തനത്തിലൂടെ ജീവകാരുണ്യ രംഗത്തും ചുവട് പിടിപ്പിക്കാനായി. അങ്ങിനെ ഈ പാവം ജെപി എന്ന തൃശ്ശൂര്‍ക്കാരനെ അല്ലെങ്കില്‍ ഉണ്ണ്യേട്ടന്‍ എന്ന ചെറുവത്താനിക്കാരനെ ജനത്തിന് പ്രിയങ്കരം...

ഏറ്റവും ഒടുവില്‍ ചെയ്ത ജീവകാരുണ്യം കസ്തൂര്‍ബ വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് വസ്ത്രദാനം ചെയ്തും കൊണ്ടാണ്. പിന്നെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചില്ലറ പരിപാടികളും.. ഇപ്പോള്‍ അവരുടെ കിണറ്റില്‍ വെള്ളം ഉണ്ടെങ്കില്‍ സദാ സമയവും കെട്ടിടത്തില്‍ വെള്ളം ലഭിക്കുന്ന അന്ത:രീഷം സൃഷ്ടിക്കാനായി...

കൂടാതെ വര്‍ഷത്തില്‍ ഗാന്ധിജയന്തി ഞങ്ങള്‍ ലയണ്‍സ് ക്ലബ്ബ് തലത്തില്‍ അവിടെ ആഘോഷിക്കുന്നു. ഏതാണ്ട് മുപ്പതോ നാല്പതോ അമ്മമാര്‍ക്ക് ഒരു നേരത്തെ ഭക്ഷണവും, മരുന്നും മറ്റു പദാര്‍ഥങ്ങളും, വീല്‍ ചെയര്‍, കട്ടില്‍, കിടക്ക, കമ്പിളി മുതലായവയും നല്‍കി വരുന്നു.. പിന്നെ പലപ്പോഴുമായി അവിടെ വൃക്ഷത്തൈകള്‍ നട്ട് വളര്‍ത്തുന്നു. ഞങ്ങള്‍ നട്ട നെല്ലി മരത്തില്‍ ഇപ്പോള്‍ നിറയെ കായ്കള്‍. ഞങ്ങള്‍ എല്ലാ ഒക്ടോബര്‍ 2 നും അവിടെയെത്തും.  ആയതിനാല്‍ രണ്ട് മൂന്ന് ചില്ലകളിലെ നെല്ലിക്ക ഞങ്ങള്‍ക്കായി അവര്‍ അവിടെ നിര്‍ത്തും.. ഈ എഴുപതുവയസ്സുകാരനായ ഞാന്‍ നെല്ലി മരത്തില്‍ കയറി ശേഷിച്ച നെല്ലിക്കയെല്ലാം പൊട്ടിക്കും. അങ്ങിനെ എല്ലാ ഒക്ടോബര്‍ 2 ഉം ഞങ്ങള്‍ക്ക് മറക്കാനാകാത്ത ദിനമാണ്.

 പണ്ട് പണ്ട് എന്റെ ബാല്യകാലത്ത് തൃശ്ശൂര്‍ പട്ടണത്തില്‍ വരിക എന്നത് എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസങ്ങളായിരുന്നു.. അന്ന് ഞാന്‍ ചേച്ചിയുമായാണ് സാധാരണ തൃശ്ശൂര്‍ വരാറ്.. വന്നാല്‍ ആദ്യം തന്നെ KR Biscuit   കമ്പനിയിലെ അമ്പാടി മാമനെ കാണും.. ഷോപ്പിങ്ങിന്നിടയില്‍ അവിടെ ഇടക്ക് പോകും. മാമന്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ ചായയും കാപ്പിയും പിന്നെ ചുടുറൊട്ടിയും ബിസ്ക്സ്റ്റും എല്ലാം തരും... വെളുത്ത പുരികങ്ങള്‍ ഉള്ള അമ്പാടി മാമന്‍ ഷര്‍ട്ട് ഇടാറില്ല, വലിയ കുമ്പവയറുമായി കൌണ്ടറില്‍ ഇരിക്കുന്നത് കാണാന്‍ രസമാണ്. എന്റെ അച്ചന്റെ കൂട്ടുകാരനായിരുന്നു അമ്പാടി മാമന്‍. ഞാന്‍ കെ. ആര്‍. മാമന്‍ എന്നാണ് വിളിച്ചിരുന്നത്..

തൃശ്ശൂര്‍ വന്നാല്‍ പത്തന്‍സ് ഹോട്ടലില്‍ കയറി മസാല ദോശ കഴിക്കും, പിന്നീട് ഉച്ചക്ക് കേസിനോ ഹോട്ടലില്‍ നിന്ന് ബിരിയാണിയും ഫ്രൂട്ട്  സലാഡും.. എല്ലാം കഴിഞ്ഞ് നാലുമണിയോട് കൂടി കുന്നംകുളത്തേക്ക് ബസ്സ് കയറുമ്പോള്‍ ഞാന്‍ വിചാരിക്കും ഈ തൃശ്ശൂര്‍ക്കാര്‍ക്കൊക്കെ എന്തൊരു സുഖമാണെന്ന്.. എന്തൊരു വലിയ പട്ടണം, എന്തെല്ലാം വിഭവങ്ങള്‍, പിന്നെ നിറയെ സിനിമാകൊട്ടകയും... ഹാ...!! എനിക്കും ഒരു വീടുണ്ടായിരുന്നെങ്കില്‍ തൃശ്ശൂരില്‍....

 കാലങ്ങള്‍ക്ക് ശേഷം ആ സ്വപ്നം യാഥാര്‍ഥ്യമായി.. ശ്രീ വടക്കുന്നാഥന്റെ തട്ടകത്തില്‍ വീടും കുടുംബവുമായി ഞാന്‍ വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു. പണ്ടൊക്ക് ഞാന്‍ വളരെ സജീവമായിരുന്നു പട്ടണത്തില്‍, വൈകുന്നേരത്തെ സര്‍ക്കീറ്റില്‍ സ്മോളടിയും ഉണ്ടായിരുന്നു...  സ്മോളടിക്കാന്‍ ഞാന്‍ ആരേയും കൂട്ടാറില്ല.. ബാര്‍ കൌണ്ടറിലായിരുന്നു എനിക്ക് കമ്പം. വിദേശത്തും ഞാന്‍ അങ്ങിനെയായിരുന്നു...

ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സിറ്റിയിലെ മിക്ക പബ്ബുകളിലും ഞാന്‍ വിലസുമായിരുന്നു ഒരിക്കല്‍..  താമസിച്ചിരുന്ന വീസ് ബാഡനിലെ ഹോട്ടല്‍ ക്ലീയിലും ഞാന്‍ ബാര്‍ കൌണ്ടറില്‍ സ്ഥാനം പിടിച്ചിരുന്നു....  എന്റെ തൃശ്ശൂരിലെ താമസം തൃശ്ശൂര്‍ പൂരപ്പറമ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്ക് ഭാഗമായ കൊക്കാലയിലാണ്.. ഞാന്‍ ഇവിടെ വീട് വെക്കുന്ന ഇരുപത് കൊല്ലം മുന്‍പ് ഇവിടെ ജനസാന്ദ്രത കുറവായിരുന്നു. ഇപ്പോള്‍ സിറ്റിയുടെ സിരാ കേന്ദ്രമായി മാറി കൊക്കാല..

ഭഗവാന്റെ കടാക്ഷം മാത്രമാണ് ഈ കൊക്കാലയില്‍ വന്നുപെട്ടത്.. തൃശ്ശൂരില്‍ എല്ലാം തികഞ്ഞ ഒരു ഇടം ഈ കൊക്കാല മാത്രമാണ്. ഏത് പാതിരാത്രിക്കും ഓട്ടോ കിട്ടുമെന്നതാണ് പ്രധാന ആകര്‍ഷണം.. പിന്നെ ശക്തന്‍ ബസ്സ് സ്റ്റാന്‍ഡ്, കേരള ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡ്, റെയില്‍ വെ സ്റ്റേഷന്‍, പ്രധാന 6 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍, പ്രധാന 3 മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍.  Bank & ATM,  വെറ്റിനറി ഹോസ്പിറ്റല്‍, കള്ളുകുടിയനായ എനിക്ക് എപ്പോഴും കിട്ടുന്ന ചില്‍ഡ് ഫോസ്റ്റര്‍ ലഭിക്കുന്ന ബെവറേജ് ഷോപ്പ്, ഇംഗ്ലീഷ് - ആയുര്‍വ്വേദ മരുന്നുകടകള്‍, വെളിച്ചെണ്ണ മില്ല്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പും സൂപ്പര്‍മാര്‍ക്കറ്റും, മീന്‍ & പച്ചക്കറി മാര്‍ക്കറ്റ്, ആയുര്‍വ്വേദ ആശുപത്രികള്‍, അമ്പലങ്ങള്‍, കൃസ്ത്യന്‍ - മുസ്ലീം ആരാധനാലയങ്ങള്‍ തുടങ്ങി ഈ കൊക്കാലയില്‍ ഇല്ലാത്തതൊന്നും ഇല്ല.

ഇപ്പോളിതാ പാസ്സ്പോര്‍ട്ട് ഓഫീസും..  പിന്നെ ഇന്‍ കം ടാക്സ്, എക്സൈസ് മുതലായ കാര്യാലയങ്ങളും സമീപത്തുതന്നെ.. എല്ലാ സ്ഥലത്തേക്കും നടന്നെത്താവുന്ന ദൂരത്ത്..

 കുറേശ്ശെ കുറേശ്ശെയായി എഴുതാം. അധികം നേരം സിസ്റ്റം നോക്കിയിരുന്നാല്‍ ഇപ്പോള്‍ തലവേദന ആണ്...
more pictures shall be added later

7 comments:

  1. ഞാന്‍ വസിക്കുന്ന ദേശത്തിന്റെ കഥ.

    ReplyDelete
  2. കൊച്ചുവർത്താനം പോലെയുള്ള ആഖ്യാനം രസകരം. തുടരുക.

    ReplyDelete
  3. പതിവ് പോലെ നല്ല എഴുത്ത്... വി.കെ ശ്രീരാമനെപ്പറ്റിയുള്ള് കുറിപ്പ് പ്രതീക്ഷിക്കുന്നു. കൊക്കാലയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണെങ്കിലും രസകരമായി. തുടർന്നും വ്യക്തി/സ്ഥലപുരാണങ്ങളും എഴുതൂ..

    ReplyDelete
  4. എന്റെ ചെറുപ്പത്തിലും കുറച്ച് മുതിർന്നിട്ട് ഒറ്റക്ക് പോകാറായപ്പോഴും തൃശൂർ യാത്ര ഒരു പാട് സന്തോഷം തന്നിരുന്നു.. കുറച്ച് ഷോപ്പിങ്... ഡി.സി ബുക്ക്സിൽ പുസ്തകം തിരയൽ, സ്ഥിരം പത്തൻസിൽ നിന്ന് മസാലദോശ, ഉച്ചക്ക് അവിടെ നിന്ന് വെജ് ഊണ്, രാഗത്തിലൊരു സിനിമ, വൈകീട്ട് കാസിനോവിന്റെ ഇരുട്ടിലൊരു കോഫീയും കട്ലെറ്റും..

    ReplyDelete
  5. ആശംസകള്‍, ജെ.പി

    ReplyDelete
  6. ജെ.പി.സാറിന് പ്രവര്‍ത്തനനിരതനായിരിക്കാനുള്ള എല്ലാ ഊര്‍ജ്ജസ്വലതയും ഉണ്ടായിരിക്കട്ടെ!
    ആശംസകള്‍

    ReplyDelete
  7. ഗ്രാമവാസിയിൽ നിന്നും പട്ടണവാസിയായിയുള്ള ട്രാൻസ്ഫോർമേഷൻ

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.