Showing posts with label അയാള്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കാലില്‍ ചങ്ങല. Show all posts
Showing posts with label അയാള്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കാലില്‍ ചങ്ങല. Show all posts

Monday, August 22, 2011

അയാള്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കാലില്‍ ചങ്ങല



അയാള്‍‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കാലില്‍ ചങ്ങല !
മുറിയില്‍ അന്ധകാരവും, ദുര്‍ഗന്ധവും തളംകെട്ടി നില്‍ക്കുന്നു. താന്‍ എങ്ങിനെ ഇവിടെയെത്തി ?
കരഞ്ഞു നിലവിളിച്ചെങ്കിലും ആരും വന്നില്ല. പിന്നീടെപ്പോഴോ പരിചയമുള്ള ആ ശബ്ദം കേട്ടുണര്‍‍ന്നു.

"സലീമേ , ഇപ്പോള്‍ എങ്ങിനെയുണ്ട് ?" ...ഒരു ചെറുപുഞ്ചിരിയോടെ

ഡോക്ടര്‍ ചോദിച്ചു.കണ്ണീരോടെ, ചെറിയ വിതുമ്പലോടെ , സലിം അങ്ങോട്ട്‌ തിരിഞ്ഞു.
"
എനിക്കെന്താണ് കുഴപ്പം ഡോക്ടര്‍‍ ?"


ഡോക്ടര്‍‍ അയാളുടെ അരികിലിരുന്ന്,പറഞ്ഞു മനസ്സിലാക്കി കൊടുത്തു, ചികിത്സ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു മാനസിക രോഗിയാണെന്ന്.


ഇരുപതു വയസ്സുവരെ സാധാരണ നിലയില്‍‍ ജീവിച്ചിരുന്ന സലിമിന് രോഗലക്ഷണം കണ്ടത് അക്രമാസക്തിയും, ഉദ്ദേശമില്ലാത്ത അലഞ്ഞു തിരിയലും (wandering) തുടങ്ങിയപ്പോഴാണ്. മറ്റു വീടുകളിലേക്ക് കയറിചെല്ലല്‍ കൂടിയായപ്പോള്‍ സലിമിന്റെ ചേട്ടന്മാര്‍ വിഷമത്തോടെയാണെങ്കിലും അയാളെ ചങ്ങലയില്‍ ബന്ധിച്ച് മുറിയിലടച്ചു.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു സന്നദ്ധസംഘടനയുടെ വളണ്ടിയര്‍മാര്‍‍ , സൈക്കോളൊജിസ്റ്റ്, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘം സലിമിന്റെ വീട്ടിലെത്തി. കൂടെ ഡോക്ടര്‍‍ മനോജ്കുമാറും.

ചികിത്സയും, മരുന്നും, കൌണ്‍സിലിങ്ങും തുടങ്ങി. ഡോക്ടര്‍‍ കുറിച്ച മരുന്നുകള്‍ കൃത്യമായി കഴിക്കുന്നുണ്ടെന്ന് വളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തി. രോഗത്തി

ന്റെ തീവ്രത കുറഞ്ഞു വന്നു. ഒരുനാള്‍‍ അയാള്‍ പുതിയ ജീവിതത്തിലേക്ക് ഉണര്‍ന്നു. ഈ സംഘടനയുടെ സഹായത്തോടെ സലിം ചെറിയൊരു കച്ചവടവുമായി ജീവിക്കുന്നു .

ആതുരസേവനത്തില്‍ 'എം ഹാറ്റിന്റെ' (Mental Health Action Trust )

വിജയഗാഥയില്‍ ഒരു അദ്ധ്യായം മാത്രമാണിത്. കഴിഞ്ഞ മൂന്നു കൊല്ലത്തിനിടയില്‍ എത്രയോ ജീവിതങ്ങളില്‍ ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍‍ സാധിച്ചു എന്ന കൃതാര്‍ഥതയിലാണ് 'എം ഹാറ്റിന്റെ' സ്ഥാപകരില്‍ ഒരാളായ ഡോ. മനോജ്കുമാര്‍‍ .

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍‍ നിന്ന് എം.ബി.ബി.എസ്‌ , വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് സൈക്ക്യാട്രിയില്‍ ഡിപ്ലോമ, റാഞ്ചി മെഡിക്കല്‍

കോളേജില്‍ നിന്ന് എം.ഡി, എന്നീ ബിരുദങ്ങള്‍ നേടിയ ഡോ. മനോജ്കുമാര്‍ വെല്ലൂര്‍ സി.എം.സി യില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് പതിനഞ്ചുവര്‍ഷം ഇംഗ്ലണ്ടില്‍ ആയിരുന്നു.


റോയല്‍ കോളേജ് ലണ്ടനില്‍ നിന്ന് എം.ആര്‍.സി.പി.(M.R C.Psych.) ലഭിച്ചു. ലീഡ്സിലെ സെന്റ്‌.ജയിംസ് ആശുപത്രിയില്‍ സൈക്കോ ഓങ്കോളജിസ്റ്റ് ആയി പ്രവര്‍ത്തിച്ചു. 2008 ല്‍ ഡോ.മനോജ്‌കുമാറും സുഹൃത്തുക്കളുംകൂടി 'മെഹെക്' എന്ന സംഘടന ആരംഭിച്ചു. ആ വര്‍ഷം തന്നെ വിദേശവാസം അവസാനിപ്പിച്ച് ഡോ.മനോജ്‌ 'മെഹെക്' ലെ സൈക്ക്യാട്രിസ്റ്റ് ആയി ചുമതലയേറ്റെടുത്തു.

2011
ല്‍ അദ്ദേഹം "എം ഹാറ്റ് " രൂപീകരിച്ചു. നിലവില്‍ അതിന്റെ ക്ലിനിക്കല്‍ ഡയറക്ടര്‍ ആണ്. തെരുവുകളില്‍ അലഞ്ഞു തിരിയുകയോ, ഇരുട്ട് മുറികളില്‍ ചങ്ങലകളില്‍ കഴിയുകയോ ചെയ്യുന്ന പാവപ്പെട്ട മനോരോഗികള്‍ക്കു മാത്രമാണ് 'എം ഹാറ്റിന്റെ' സേവനം ലഭ്യമാകുന്നത്.

മലപ്പുറം,വയനാട് ജില്ലകളിലായി പതിനേഴ് ക്ലിനിക്കുകള്‍ സന്ദര്‍ശിച്ച് ചികി

ത്സ നല്‍കുന്നുണ്ട്, ഡോ.മനോജ്‌. കേരളത്തിലുടനീളം സജീവസാനിദ്ധ്യമുള്ള പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകളുടെ കുടക്കീഴിലാണ് 'എം ഹാറ്റ്‌ ' ആദ്യം പ്രവര്‍ത്തനം ആരഭിച്ചത്. ഇന്നും പലയിടങ്ങളില്‍ ഈ കൂട്ട്കെട്ട് തുടരുന്നു. . 'എം ഹാറ്റി'ന്റെ പതിനേഴ് ക്ലിനിക്കുകള്‍ക്കു പുറമേ ഡോ.മനോജ്‌ അഞ്ച്‌ ചാരിറ്റബ്ള്‍ ആതുരായലയങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.

ഉയര്‍ന്ന നിലവാരമുള്ള മനോരോഗ ചികിത്സ സൌജന്യമായി പാവപ്പെട്ടവരില്‍ എത്തിക്കുക എന്ന ശ്ലാഘനീയമായ ഉദ്ദേശമാണ് 'എം ഹാറ്റ്‌ ' ന്റെ അടിസ്ഥാനതത്വം. സമഗ്ര ചികിത്സാരീതിയാണ് ലക്‌ഷ്യം. മറ്റു ചികിത്സാ സമ്പ്രദായങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ. സാമൂഹ്യ പങ്കാളിത്തത്തോടുകൂടിയുള്ള ചികിത്സാ പദ്ധതിയാണ് ഡോ.മനോജിന്റെ സങ്കല്പം.


അയല്‍പ്പക്കത്തെ നല്ലനാട്ടുകാര്‍, വളണ്ടിയര്‍മാരായി ഓരോ രോഗിയുടെയും ചുമതല ഏറ്റെടുക്കുകയാണ് പതിവ്. ആഴ്ചയില്‍ ഒരു തവണയെങ്കിലും രോഗിയെ വീട്ടില്‍ സന്ദര്‍ശിച്ച് രോഗവിവരം അന്വേഷിക്കും. മരുന്നുകള്‍ തെറ്റാതെ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും, ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സിക്കുവാന്‍ വേണ്ട നടപടികള്‍ എടുക്കുകയും ചെയ്യും. ഇതിനു പുറമേ, വീട്ടിലെ മറ്റു പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനും ശ്രമിക്കും.

ഉദാഹരണത്തിന് ചോരുന്ന മേല്‍ക്കൂര മാറ്റുക, മൂന്നുനേരം ആഹാരം എത്തിച്ചു കൊടുക്കുക എന്നിവ. രോഗിയെ ഡേകെയര്‍ സെന്റര്‍ ല്‍ എത്തിച്ച് കൈവേലകള്‍ പരിശീലിപ്പിക്കുക എന്നതും ഈ വളണ്ടിയര്‍മാര്‍ സ്വയം ഏറ്റെടുത്ത ചുമതലകളില്‍ പെടും. എം ഹാറ്റി'ന്റെ പ്രവര്‍ത്തനത്തിന് വേണ്ട മൂലധനം ഉദാരമതികളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ മാത്രമാണ്.

സൌജന്യ ചികിത്സ നല്‍കുകയും 'എം ഹാറ്റി'ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നതിന് പുറമേ ഡോ.മനോജ്കുമാര്‍ രോഗികള്‍ക്കും കുടുംബാങ്ങള്‍ക്കും ധനസഹായം നല്‍കാറുമുണ്ട്. മൂന്നുവര്‍ഷത്തിനകം ഒരു ലക്ഷത്തി മുപ്പതിനായിരം കിലോമീറ്റര്‍ യാത്രചെയ്ത് രോഗികള്‍ക്ക് ആശ്വാസം പകരുന്ന ഡോ.മനോജിന് തീരപ്രദേശങ്ങളില്‍ ദൈവതുല്യമായ സ്ഥാനമുണ്ട്. കഴിഞ്ഞ പേമാരിയില്‍ അരയോളം ചെളിയിലൂടെ നടന്നുവന്ന്‌, തന്നെ ആശ്വസിപ്പിച്ചുവെന്ന് മരണമടഞ്ഞ ഒരു രോഗിയുടെ ഭാര്യ വിങ്ങലോടെ ഓര്‍ക്കുന്നു.


തൃശ്ശൂര്‍ തൊണ്ണങ്ങാമത്ത് പിഷാരത്ത് പരേതയായ സുഭദ്ര പിഷാരസ്യാരുടെയും , റിട്ട. ജഡ്ജി നെടുമ്പുര കിഴക്കേപിഷാരത്ത് മാധവ പിഷാരോടിയുടെയും മകനാണ് ഡോ. മനോജ്കുമാര്‍. സഹോദരി ഡോ. സുമ അഹമ്മദാബാദില്‍ ഭര്‍ത്താവ് ഡോ.ദീപേഷ ഷായുമൊത്ത് താമസിക്കുന്നു. ഭാര്യ പാലക്കാട് പൊട്ടേത്ത് കുടുംബാംഗമായ ഡോ.രമണി സി.എം.സി യില്‍ പതോളജിസ്റ്റ് ആണ്.

സഹജീവികളോടുള്ള സ്നേഹവും കരുണയും ഭൌതിക സൌകര്യങ്ങളെക്കാള്‍ പ്രധാനമാണെന്ന് ഡോ.മനോജിന്റെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അന്ധകാരത്തിന്റെ അഗാധതയില്‍ കിടക്കുന്ന ജീവിതങ്ങളെ സ്വതന്ത്രമായി വാനില്‍ പറക്കുന്ന പട്ടങ്ങളാക്കി മാറ്റുക എന്നതാണ് 'എം ഹാറ്റ്' ന്റെ ചിഹ്നം സൂചിപ്പിക്കുന്നത്. ഈ കര്‍മ്മപഥത്തിലൂടെ അടിപതറാത്ത പ്രയാണം ഡോ.മനോജ്കുമാര്‍ തുടരട്ടെ !



'
എം ഹാറ്റ്‌' നെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ www.mhatkerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

കടപ്പാട്: ജയ നാരായണ പിഷാരോടി