Showing posts with label trichur pooram sample fire works. Show all posts
Showing posts with label trichur pooram sample fire works. Show all posts

Thursday, April 22, 2010

TRICHUR POORAM SAMPLE FIRE WORKS - part 2

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 മണിക്ക് [22-04-2010] നടന്നു. ആദ്യം പാറമേക്കാവ് തിരി കൊളുത്തി, പിന്നീട് തിരുവമ്പാടി.



++

ജനക്കൂട്ടം ഏതാണ്ട് ആറ് മണിയോട് കൂടി സ്വരാജ് റൌണ്ടില്‍ തമ്പടിച്ചിരുന്നു. ആനച്ചമയങ്ങളും, പൂരം എക്സിബിഷനും കാണാനുള്ള ആളുകളുടെ തിരക്കില്‍ റൌണ്ട് തികച്ചും തിരക്കോട് തിരക്ക്. റൌണ്ടില്‍ ചുമ്മാ അങ്ങട്ട് നിന്നാല്‍ മതി. കണ്‍ വെയര്‍ ബെല്‍ട്ടിനെ പോലെ താനെ നാം നീങ്ങിക്കൊള്ളും. ചില വ്യാപാരസ്ഥാപനങ്ങള്‍ നേരത്തെ ഷട്ടറിട്ടു.
ഈ വര്‍ഷം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ നല്ലൊരു വിഭാഗം പെണ്ണുങ്ങളും കുട്ടികളും ഉണ്ടായിരുന്നു. ആദ്യം തിരികൊളുത്തിയ പാറമേക്കാവാണെന്ന് തോന്നുന്നു നല്ല പൊട്ടല്‍ പൊട്ടി. രണ്ടാമത്തെ തിരുവമ്പാടിയാണെന്ന് തോന്നുന്നു അത്ര ചൂട് പോരാ. എന്നാല്‍ അമിട്ടുകള്‍ രണ്ടാളുകളും നല്ലവണ്ണം ചാര്‍ത്തി.
+
എന്റെ voice of trichur ബ്ലോഗില്‍ ഞാന്‍ ചെറിയൊരു വെടിക്കെട്ടിന്റെ വിഡിയോ ക്ലിപ്പ് കൊടുത്തിട്ടുണ്ട്.
http://voiceoftrichur.blogspot.com/2010/04/blog-post_22.html
തിരക്കായതിനാല്‍ ആനച്ചമയവും, തിരുവമ്പാടി - പാറമേക്കാവ് ഗോപുരങ്ങളുടെ അലങ്കാരക്കാഴ്ചകളും, പിന്നെ നടുവിലാല്‍ - നായ്കനാല്‍ മുതലായ അലങ്കാര പന്തലുകളും വീക്ഷിക്കാ
നോ, ഫോട്ടോ എടുക്കാനോ പറ്റിയില്ല.
പിന്നെ കാലിലെ വാത രോഗം തീരെ വിട്ടുമാറിയിട്ടില്ല - അതിനാല്‍ ഓടി എത്താനും പ്രയാസം. വാഹനം റൌണ്ടിലേക്ക് പ്രവേശിക്കുവാന്‍ നിവൃത്തിയില്ല. എനിക്ക് നടത്തം വലിയ പ്രശ്നമില്ല, പക്ഷേ ഓട്ടവും തിരക്കിലുള്ള പ്രയാണവും അസാധ്യം.
+
മറ്റെന്നാള്‍ [24-04-2010] ആണ് പൂരം. കാലത്ത് 9 മണിക്ക് തന്നെ പകല്‍ പൂരം കാണാന്‍ പൂരപ്പറമ്പിലെത്തും. ഇക്കൊല്ലം ലണ്ടനില്‍ നിന്നും മസ്കത്തില്‍ നിന്നും അതിഥികള്‍ ഉണ്ട്. അതിനാല്‍ രസമായിരിക്കും. എനിക്കവരുടെ കൂടാന്‍ ഓടാന്‍ പറ്റില്ല. അതിനാല്‍ ഓഫീസിലെ നിര്‍മ്മലയെയും ശങ്കരേട്ടനെയും കൂട്ടി അയക്കണം. വെള്ളക്കാര്‍ക്കും മറ്റു വിദേശിയര്‍ക്കും ഇരിക്കാന്‍ പ്രത്യേക ഇരിപ്പടം ദേവസ്വം വക കെട്ടിയിട്ടുണ്ട്.
പക്ഷെ ഈ വാതരോഗിക്ക് സീറ്റില്ല.

പകല്‍ പൂരം പരമാവധി കേമറയില്‍ പകര്‍ത്തണം. കുടമാറ്റത്തിന് നല്ലൊരു സ്ഥലം നില്‍ക്കാന്‍ കിട്ടിയാല്‍ ഭാഗ്യമായി. അല്ലെങ്കില്‍ ഈ കൊല്ലത്തെ കുടമാറ്റത്തിന്റെ പടങ്ങള്‍ എടുക്കാന്‍ പറ്റിയെന്ന് വരില്ല.
+
പൂരത്തിന്റെ പിറ്റേന്ന് പുലര്‍ച്ചക്കുള്ള വെടിക്കെട്ട് വിഡിയോ എടുക്കാന്‍ പരിപാടി ഉണ്ട്. ആരോഗ്യം അനുവദിച്ചാല്‍ മതിയായിരുന്നു. ബീനാമ്മക്ക് തിമിരത്തിന്നുള്ള സര്‍ജ്ജറി കഴിഞ്ഞിട്ടുണ്ട്. എന്നേക്കാ
ളും ആരോഗ്യം ഉണ്ട് അവള്‍ക്ക്. അവളെ മസ്കടിച്ച് പൂരപ്പറമ്പിലേക്ക് കൊണ്ട് പോകണം. അവളും നല്ലൊരു ഫോട്ടോഗ്രാഫറാണ്. അവള്‍ക്ക് പോപ്പ് കോണും, ഐസ് ക്രീമും പൂരപ്പറമ്പിലെ വലിയ ഇഷ്ടമാണ്. അത് സമൃദ്ധിയായി വാങ്ങിക്കൊടുത്താല്‍ മതി. പിന്നെ കുഞ്ഞ്യേ കുട്ട്യോള്‍ടെ പോലെ ബലൂണും പീപ്പിയും വേണം അവള്‍ക്ക്. പിന്നെ പൂരം കഴിഞ്ഞാല്‍ പൂരപ്പറമ്പിലെ പൊടിയും അഴുക്കും നിറഞ്ഞ ഈന്തപ്പഴവും, ഉഴുന്നാടയും, പൊരിയും അവള്‍ക്ക് പ്രിയമാണ്.

അതൊക്കെ വാങ്ങിക്കൊടുക്കാം എന്ന് ഏറ്റാലേ മൂപ്പര്‍ വരികയുള്ളൂ. അവള്‍ വന്നാല്‍ അവളുടെ കൈയും പിടിച്ച് എനിക്ക് സധൈര്യം നടക്കാം. പൂരം കഴിഞ്ഞാല്‍ പിന്നെ അവള്‍ പറയുന്നതൊന്നും ഞാന്‍ വാങ്ങിക്കൊടുക്കില്ല. അതിനാല്‍ പരമാവധി അവളെന്നെ വസൂല്‍ ചെയ്യും, എന്നാലും വേണ്ടില്ല.

എന്തായാ‍ലും ഓള് ന്റെ കെട്ട്യോളല്ലേ..?
+