Wednesday, July 11, 2012

ദൈവനിയോഗം പോലെ ഒരു മാലാഖ



മഴക്കാലമായതോടെ പല അസുഖങ്ങള്‍ക്കും മൂര്‍ച്ച കൂടിയെന്ന് പറയാം. ഒരിക്കലും പൂര്‍ണ്ണമായും ഭേദമാകാതെയുള്ള വാതം പോലെയുള്ള ഒരു ഞരമ്പ് രോഗം. അലോപ്പതി ഡോക്ടര്‍ വിലയിരുത്തി അത് പരസ്തീസിയ എന്ന അസുഖമാണെന്ന്. പക്ഷെ ഒരു കൊല്ലം ചികിത്സിച്ചിട്ടും അദ്ദേഹത്തിന് അസുഖം ഭേദമാക്കാന്‍ പറ്റിയില്ല. അപ്പോള്‍ അയാളെ വിട്ടു.

ഇപ്പോള്‍ 6 മാസമായി ഹോമിയോ ചികിത്സയാണ്. അങ്ങിനെ നടാടെ കേരള സര്‍ക്കാറിന്റെ സൌജന്യ ചികിത്സ എനിക്ക് ഒരു നിമിത്തമായി ലഭിച്ചുവെന്ന് പറയാം.

ഇത്രയും നല്ലൊരു അന്ത:രീക്ഷമാണ് സര്‍ക്കാര്‍ ആശുപത്രി എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല. വളരെ നല്ല ഡോക്ടര്‍മാരും പരിചാരകരും. ഓപി യില്‍ നമുക്കിഷ്ടമുള്ള ഡോ‍ക്ടര്‍മാരെ കാണാം. അങ്ങിനെ ഞാന്‍ ഒരു മാഡത്തിന്റെ പേഷ്യന്റായി.

അവിടെ മേഡത്തിനെ കാ‍ണണമെങ്കില്‍ കൂടിയാല്‍ അരമണിക്കൂര്‍ Q നില്‍ക്കേണ്ട കാര്യമേ ഉള്ളൂ... പക്ഷെ മരുന്ന് വാങ്ങണമെങ്കില്‍ ഒന്നു രണ്ട് മണിക്കൂര്‍ നില്‍ക്കണം. വയസ്സന്മാര്‍ക്കും അധികം നേരം ഒരേ ഇരുപ്പില്‍ നില്‍ക്കാന്‍ പറ്റാത്ത എന്നെപ്പോലുള്ളവര്‍ക്കും ഈ പ്രക്രിയ ബുദ്ധിമുട്ട് പിടിച്ച പണിയാണ്.

പക്ഷെ നിവൃത്തിയില്ലല്ലോ.. സഹിക്കുക തന്നെ.. പുറത്തെ ഹോമിയോ ഡോക്ടര്‍മാര്‍ മുഴത്തിന് മുഴം ഉണ്ട്. ഞാന്‍ ആദ്യം അങ്ങിനെ ഒരു സ്ഥലത്തായിരുന്നു ചികിത്സ. പക്ഷെ എന്തോ എന്റെ കഷ്ടകാലത്തിന് എനിക്ക് ഫലിച്ചില്ല. എന്റെ ഭാര്യയും മകളും മരുമകളും എന്തിനുപറേണൂ ഇപ്പോള്‍ പേരക്കുട്ടികള്‍ക്കും അവിടുത്തെ മരുന്നുകൊണ്ട് സുഖം പ്രാപിക്കുന്നു.

ഒരു പക്ഷെ എന്റെ ഈ പിടികിട്ടാ അസുഖമായിരിക്കാം, പ്രോപ്പര്‍ ഡയഗ്നോസിസ് ലഭിക്കാഞ്ഞിട്ടായിരിക്കാം ഒരു പക്ഷെ എനിക്ക് അവിടുത്തെ മരുന്നുകള്‍ ഫലിക്കാഞ്ഞെ? ഞാന്‍ പലപ്പോഴും അവിടെ കുട്ടികളെ കൊണ്ട് പോകുമ്പോള്‍ ഡോക്ടര്‍ എന്നോട് കുശലം ചോദിക്കാറുണ്ട്...” സുഖമാണല്ലോ ജേപീ... ആരോഗ്യം എങ്ങിനെയുണ്ട്...?

“സുഖമായിരിക്കുന്നു ഡോക്ടര്‍...”
ഞാന്‍ പറഞ്ഞത് കള്ളമാണെങ്കിലും, എനിക്കങ്ങനെയേ ഡോക്ടറോട് പറയാന്‍ പറ്റൂ. കാരണം ഞങ്ങള്‍ തമ്മിലുള്ള ബന്ധം അത്രയേറെ വിലപ്പെട്ടതാണ്. എന്റെ മൊത്തം കുടുംബത്തെ പരിപാലിക്കുന്ന ഡോക്ടറാണ് അദ്ദേഹം.

എനിക്കുള്ള ചുമ, ജലദോഷം തുടങ്ങിയ ചികിത്സകള്‍ക്കൊക്കെ അദ്ദേഹത്തിനോട് ഫോണില്‍ പറഞ്ഞാല്‍ മതി, എനിക്ക് അവിടെ പോയി ലൈന്‍ നില്‍ക്കേണ്ടി വരില്ല, ഡോക്ടര്‍ മരുന്ന് പൊതിഞ്ഞുവെച്ചിട്ടുണ്ടാകും. രണ്ട് ദിവസത്തിന്നുള്ളില്‍ രോഗം ഭേദമാകുകയും ചെയ്യും. എന്റെ ശരീരം മുഴുവനും അദ്ദേഹത്തിന്നറിയാം.

പക്ഷെ എന്റെ കഷ്ടകാലം - അല്ലാതെയെന്തുപറയാന്‍. എനിക്ക് ഈ അസുഖത്തിനുമാത്രം അദ്ദേഹത്തിന്റെ മരുന്ന് ഫലിച്ചില്ല. ഞാന്‍ എന്നും നടക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തെ വിഷ് ചെയ്യാറുണ്ട്. ഞങ്ങള്‍ സമപ്രായക്കാരും ആണ്.

++ 2 ++
അങ്ങിനെ ഞാന്‍ ഇന്നെലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി. കാലിന്നടിയില്‍ വേദന കൂടുതലാണ്. മറ്റു അസുഖങ്ങള്‍ തലപൊക്കിയിരിക്കുന്നു. ലേഡി ഡോക്ടര്‍ വിശദമായി എന്നെ പരിശോധിച്ചു.

"അസിഡിറ്റിയുടെ ശല്യം ഉണ്ടോ..?”
"ഇപ്പോള്‍ ഇല്ല ഡോക്ടര്‍, പണ്ട് ഉണ്ടായിരുന്നു. ഞാന്‍ ഡയറ്റ് കൊണ്ട് അതിനെ കൊന്നു. ഫ്രൈഡ് ഫിഷ്, മീറ്റ് മുതലായവ എന്റെ ജിവിതത്തില്‍ നിന്ന് അകറ്റി, അതുപോലെ പപ്പടം ബേക്കറി സ്നേക്ക്സ് മുതലായവ. “

വല്ലപ്പോഴും സ്മോള്‍ അടിക്കുമ്പോള്‍ കണ്ടതെല്ലം വലിച്ചുവാരിത്തിന്നും, അപൂര്‍വ്വം ചില സമയങ്ങളില്‍ പിറ്റേ ദിവസം അല്പം പുളിച്ച് തികട്ടല്‍ അനുഭവപ്പെട്ടേക്കാം. അതിന് എനിക്ക് ചില്ലറ പൊടിക്കൈകള്‍ അറിയാം. അത് എടുത്ത് പ്രയോഗിക്കും. പിറ്റേ ദിവസം തൊട്ട് ഞാന്‍ ക്ലീന്‍.

ഡോക്ടര്‍ എനിക്ക് 3 ആഴ്ചത്തെ മരുന്ന് തന്നു. ഞാന്‍ എപ്പോഴും ചോദിക്കും, എത്ര തരം മരുന്നുകളുണ്ട്.
"3 എണ്ണം കുപ്പിയിലും ഒന്ന് പൊതിയിലും കിട്ടും. “

ഫാര്‍മസിയിലെത്തുമ്പോള്‍ നാം കുപ്പി മൂടി തുറന്ന് കൊടുക്കണം. അവര്‍ മരുന്ന് അതിലിട്ട് തരും. ചിലര്‍ക്ക് അവരുടെ ഊഴം എത്തുമ്പോളേ കുപ്പി നാം കരുതണമെന്ന കാര്യം മനസ്സിലാകൂ. സമീപത്തുള്ള കടയില്‍ കാലിക്കുപ്പി കിട്ടും.

എനിക്ക് കാലുവേദന കൂടുതലായിരുന്നു. അതിനാല്‍ കുറച്ച് നേരം നിന്നിട്ട് എനിക്ക് വയ്യാതായി. മണി പന്ത്രണ്ട് കഴിഞ്ഞിരുന്നു. ഞാന്‍ ലൈനില്‍ നിന്ന് ഫാര്‍മസി കൌണ്ടറില്‍ എത്തുമ്പോളേക്കും 1 മണി ആകാറാകും, അപ്പോള്‍ ഫാര്‍മസി അടക്കും, പിന്നെ തുറക്കുക 2 മണിക്ക് തുറക്കും.

കൂടാതെ ഫാര്‍മസി കൌണ്ടര്‍ കെട്ടിടത്തിന് പുറത്താണ്. താല്‍ക്കാലികമായുണ്ടാക്കിയ ഷെഡ്ഡില്‍ നിന്ന് വേണം മരുന്ന് വാങ്ങിക്കാനുള്ള ലൈനിലൂടെ ഉള്ള നില്‍പ്പ്. മഴപെയ്യുന്നുണ്ടായിരുന്നു. ശീതല്‍ അടി കൊള്ളണം. എനിക്കാണെങ്കില്‍ തണുപ്പ് തട്ടിക്കൂടാ. കാലുകള്‍ നനഞ്ഞ് നിന്നാല്‍ വാതം കോച്ചും. മരുന്ന് മറ്റെവിടേയും സുലഭമല്ല.

വീട്ടുകാരിയോട് ഒരിക്കല്‍ എന്റെ കൂടെ വന്ന് ലൈനില്‍ നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ അനുസരിച്ചില്ല. മക്കളാണെങ്കില്‍ ആരും അടുത്തില്ല. ഈ പട്ടണത്തില്‍ സഹായിയായി വേറെ ആരും ഇല്ല. നാട്ടിന്‍ പുറത്താണെങ്കില്‍ നൂറുപേരുണ്ടാകും സഹായിക്കാന്‍. അതാണ് നാട്ടിന്‍ പുറവും പട്ടണവും തമ്മിലുള്ള അന്തരം.

വിശപ്പും ദാഹവും ഉണ്ട്. കാലിലെ വേദന കൂടിക്കൂടി വന്നു. മഴക്കാല്‍മായതിനാല്‍ സ്കൂട്ടര്‍ സവാരി വയ്യ. വീട്ടില്‍ നാലുചക്രങ്ങള്‍ രണ്ടെണ്ണം ഉണ്ട്. അതിലൊന്ന് എടുത്തിട്ടാണ് ആശുപത്രിയിലേക്ക് വന്നത്. തിരക്കുള്ള സ്ഥലങ്ങളില്‍ ക്ലച്ച് ചവിട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ട് അനുഭപ്പെടാറുണ്ട്. ഓട്ടോയില്‍ പോകാമെന്ന് വെച്ചാല്‍ ശീതലടിച്ച് ഉടുപ്പെല്ലാം നനയും.

ഇവിടെ ലയിനില്‍ നിന്ന് നിന്ന് ഞാന്‍ അവശനായി. നേരെ ശകടത്തില്‍ കയറി വീട്ടിലേക്ക് തിരിച്ചു. ഇവിടെ രണ്ടാഴ്ചയായി എല്ലാ പ്രധാന വീഥികളിലും ട്രാഫിക്ക് സിഗ്നല്‍ സംവിധാനം വന്നതോടെ ഓരോ ജംങ്ഷനിലും കൂടുതല്‍ നില്‍ക്കണം.

അങ്ങിനെ വന്നപ്പോള്‍ ഞാന്‍ കിഴക്കുമ്പാട്ടുകരയില്‍ നിന്ന് ഒരു ഷോട്ട് കട്ടെടുത്ത് വിടാന്‍ തീരുമാനിച്ചു. എതിരേ വന്ന ഒരു ബസ്സിന് സൈഡ് കൊടുക്കുന്നതിന്നിടയില്‍ വണ്ടിയുടെ ഒരു ചക്രം കാനയില്‍ വീണു.

ഞാന്‍ എന്റെ വിധിയെ ശപിച്ചു. ഇനി വണ്ടി കയറ്റണമെങ്കില്‍ ആരെയൊക്കെ വിളിക്കണം, എന്തെല്ലാം പ്രശ്നങ്ങള്‍, പത്തുമിനിട്ടിന്റെ ദൂരമേ ഉള്ളൂ വീട്ടിലേക്ക്, എന്തെങ്കിലും കഴിച്ച് വിശ്രമിച്ച് വീണ്ടും മരുന്നിന്നായി ആശുപത്രിയിലേക്ക് തിരിക്കേണ്ട ഞാന്‍ വഴിയില്‍ കുടുങ്ങി.

“കൃഷ്ണാ ഗുരുവായൂരപ്പാ എന്നെ ഇങ്ങിനെ ശിക്ഷിക്കണോ - എന്ന് പറയണമെന്ന് വിചാരിച്ചുവെങ്കിലും പറഞ്ഞില്ല..”

വലിയതെന്തോ വരാനിരിക്കുകയായിരുന്നിരിക്കാം. അത് ലഘുവായി തീര്‍ത്തുവല്ലോ ഭഗവാന്‍ എന്നാശ്വസിച്ചു.

പലരും വഴിയില്‍ സഹായ ഹസ്തം നീട്ടിയെങ്കിലും കാനയില്‍ വീണ ചക്രത്തിനെ എടുത്ത് പൊന്തിക്കാന്‍ പറ്റിയില്ല. അവസാനം ഞാന്‍ എന്റെ മകനെ വിവരം അറിയിച്ചു. എന്റെ അയല്‍ വാസിയായ ബാലേട്ടനേയും.

അരമണിക്കൂറിന്നുള്ളില്‍ എന്റെ മകനും ബാലേട്ടന്റെ പണിക്കാരും സ്ഥലത്തെത്തി. അവരെ കണ്ടപ്പോളെനിക്ക് ആശ്വാസമായി.

വഴിയില്‍ കൂടി പോയ ഒരു കുട്ടി ഒരു വര്‍ക്ക്ഷോപ്പില്‍ നിന്ന് ബ്രേക്ക്ഡൌണ്‍ വാന്‍ അയക്കാമെന്ന് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാഹനമെത്തി എന്റെ ശകടത്തെ കരക്കുകയറ്റി, ഞാന്‍ ക്ഷീണിതനായി വീട്ടിലെത്തി.

എന്റെ രോഗം മൂര്‍ഛിച്ചു തുടങ്ങിയിരുന്നു. ഇനി മരുന്ന് പോയി വാങ്ങാനുള്ള എനര്‍ജി എന്നില്‍ അവശേഷിച്ചിരുന്നില്ല. ടൌണില്‍ പോയി ഒരു ഹോമിയോ ഷോപ്പില്‍ പ്രിസ്ക്രിപ്ഷന്‍ കൊടുത്തുവെങ്കിലും അവര്‍ക്ക് അത് മനസ്സിലായില്ല. എനിക്ക് മരുന്ന് കിട്ടിയില്ല. ആ രാത്രി വേദന കടിച്ചമര്‍ത്തി ഞാനിരുന്നു.

എനിക് വേദനിക്കുമ്പോളാണ് ഞാന്‍ സാധാരണ എഴുതാറ്. മനസ്സ് ഒന്നിലും കേന്ദ്രീകരിക്കാന്‍ പറ്റിയില്ല. ഫേസ് ബുക്ക് തുറന്നപ്പോള്‍ പുതിയ സുഹൃത്ത് വിദ്യയെ കണ്ടു. കുശലം പറഞ്ഞു.

എന്നെക്കാളും പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്ന കുട്ടിയായിരുന്നു അവള്‍. എന്റെ ദു:ഖം മറച്ചുവെച്ച് ഞാനവള്‍ക്ക് സാന്ത്വനമേകി.

(this will be completed with one more chapter)

Monday, July 2, 2012

വിളിക്കൂ, അല്ലെങ്കില്‍ ഇവിടെ തന്നെ കുത്തിവരക്കൂ............

പ്രിയ കൂട്ടുകാരേ ബ്ലോഗര്‍മാരേ

നമ്മള്‍ കൂടിയിട്ട് കുറച്ച് നാളായി.തിരുവാതിര ഞാറ്റുവേലക്ക് മഴകുറവ്. സാരമില്ല ഇനിയും സമയം ഉണ്ടല്ലോ? ഇന്നെലെ രാത്രി തകര്‍ത്തു മഴ. പെയ്യട്ടങ്ങിനെ  പെയ്യട്ടെ മഴ. പെയ്ത്  പെയ്ത് മുറ്റം നിറയട്ടെ.തോടും പുഴയും കായലും  എല്ലാം നിറയട്ടെ.

നമുക്ക് കൂടേണ്ടേ കൂട്ടുകാരേ..  വരൂ നമുക്ക് പരലും, പൂട്ടയും, കൊഴുവ,  വെളൂരി മുതലാ‍യവയും   കപ്പയും മത്തിയും കൂട്ടി ആഘോഷിക്കാം. പിന്നെ കൊള്ളിയും പപ്പടവും ചക്കരക്കാപ്പിയും. ഉച്ചയൂണും വൈകിട്ടത്തെ കാപ്പിയും  കഴിഞ്ഞ് മടങ്ങാം.

നമുക്കൊരു  സ്ഥിരം വേദി കാണുന്നത്  വരെ എന്റെ വീട്ടില്‍ തന്നെ  കൂടാം. റാംജി സൌദിയില്‍  നിന്ന് അവധിക്ക് വന്നിട്ടുണോ എന്നറിയില്ല. കുട്ടന്‍ മേനോനെ ഞാന്‍ എന്നും കാണുന്നു. ഡി  പ്രദീപ് കുമാര്‍, മുരളീമേനോന്‍ എന്നിവരെ കണ്ട് കിട്ടാന്‍ പ്രയാസമില്ല. പോരാത്തതിന് കുറുമാന്‍ ലാന്‍ഡ് ചെയ്യുന്നു  അടുത്ത  ദിവസം.

എല്ലാവര്‍ക്കും സൌകര്യമായ ഒരു  ദിവസം കണ്ടെത്താം. എല്ലാവര്‍ക്കും എന്റെ നമ്പര്‍ അറിയാമല്ലോ? വിളിക്കൂ, അല്ലെങ്കില്‍ ഇവിടെ തന്നെ കുത്തിവരക്കൂ............

Thursday, June 28, 2012

ലോഹി നിന്നെ മറക്കാന്‍ വയ്യ

പ്രിയ  ലോഹി  3 വര്‍ഷം പോയതറിഞ്ഞില്ല.  ഇന്ന്  ഓര്‍മ്മ പുതുക്കല്‍  ദിനം. നല്ലവരെയൊക്കെ ആദ്യം വിളിക്കുന്നു  ദൈവം.  എന്റെ പിതാവും അങ്ങിനെ നേരത്തെ  പോയി..


നിന്റെ ഓര്‍മ്മ പുതുക്കല്‍  ദിനത്തില്‍ പണ്ട് അയലത്തെ കുട്ടികള്‍ പാടിയ പാട്ട് ഇവിടെ  വീണ്ടും നിനക്ക് വേണ്ടി പ്രതിഷ്ടിക്കുന്നു.


താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക.
http://jp-smriti.blogspot.in/2009/06/blog-post_28.html



Monday, June 25, 2012

തിരുവാതിര ഞാറ്റുവേല


ജൂണ്‍  ഇരുപത്തിഒന്ന്  കാലത്ത്  ഒന്‍പതേമുക്കാലിന് തിരുവാതിര ഞാ‍റ്റുവേല തുടങ്ങിയെന്ന് പറയുന്നു. ഇപ്പോള്‍  തിരുവാതിര ഞാറ്റുവേല എന്നൊക്കെ ഒരു പറച്ചിലില്‍ ഒതുക്കിയിരിക്കുന്നു.  ഇപ്പോഴത്തെ കാലാവസ്ഥ - പരിസ്ഥിതിയില്‍ വന്ന മാറ്റങ്ങളാല്‍  പണ്ടത്തെ കണക്കുകളൊന്നും ഇന്ന് ഫലിക്കുന്നില്ല.

പണ്ടൊക്കെ അപ്പൂപ്പന്മാര്‍ക്കറിയാം പുഞ്ചപ്പണിക്കുള്ള  വിത്ത്  കുതിര്‍ത്തുവെക്കാനും  കണ്ടം ഉഴുതുമറിക്കാനെല്ലാം അഡ്വാന്‍സായി. ഞാന്‍ എന്റെ ചെറുപ്പത്തില്‍ കാണുമായിരുന്നു എന്റെ അമ്മയുടെ അച്ചന്‍  വൈകിട്ട്  എല്ലാവരും ആഹാരം  കഴിഞ്ഞാല്‍  ഒരു  ദിവസം കയ്യാലപ്പുരയില്‍ വാല്യക്കാരുമൊത്ത്  നെല്‍ വിത്ത്  കൂമ്പാരമാക്കി  വെള്ളം നനച്ച്  മൂടിവെക്കുന്നത് കാ‍ണാം. 

വിത്ത് മുളക്കുന്ന ദിവസം കാലത്ത്  പെരുമഴയും കാണും. ഞാന്‍ ചെറുപ്പത്തില്‍  ഇതെല്ലാം കണ്ട്  ആശ്ചര്യപ്പെടാറുണ്ട്.

ഇപ്പോള്‍ തിരുവാതിര ഞാറ്റുവേല എന്ന വാക്ക്  വെറും പ്രഹസനം മാത്രം. എല്ലാം നാം വരുത്തിവെച്ചത് തന്നെ. പരിസ്ഥിതിക്ക് വന്ന പരുക്ക്!!!

Saturday, June 23, 2012

ഡബ്ബിള്‍ ഡക്കര്‍

എന്റെ പ്രിയ സുഹൃത്ത്  ദിനേശന്റെ ഫേസ്  ബുക്ക്  മെസ്സേജ്  കണ്ടപ്പോള്‍  ഞാന്‍ ഇപ്രകാരം എഴുതി....

ശരിക്കും ഉള്ളതാണോ? ഞാന്‍ ബോംബെയില്‍ നിന്നാണ് അവസാനം ഡബ്ബിള്‍ ഡക്കറില്‍ കയറിയിട്ടുള്ളത്. എന്റെ ബാല്യത്തില്‍ സിലോണിലെ കൊളംബോയിലെ ഇത്തരം ബസ്സ് യാത്ര എനിക്കൊരു പുതിയ അനുഭവമായിരുന്നു. അവിടെ ട്രാമും ഉണ്ടായിരുന്നു. ഡബ്ബിള്‍ ഡക്കര്‍ ബസ്സില്‍ കേറണമെങ്കില്‍ അച്ചന്‍ കാണാതെ പോകണം. ഞാനൊരു അനുഭവകഥയായി ബ്ലോഗിലെഴുതാം. എന്റെ ഓര്‍മ്മകളെ ഉണര്‍ത്തിയ ദിനേശന് അഭിനന്ദനങ്ങള്‍.“

എന്റെ ബാല്യകാലം സിലോണിലെ കൊളംബോ‍യിലായിരുന്നു. ഒരു  പാട് ഓര്‍മ്മകള്‍ ആ മ്ഹാനഗരത്തിനെ കുറിച്ചുണ്ട് എനിക്ക്. എന്റെ പിതാവ് ബുഹാരി  ഗ്രൂപ്പ്  ഓഫ്  ഹോട്ടലുകളുടെ ജനറല്‍  മേനേജര്‍ ആയിരുന്നു.  ഭാരതത്തിലും,  സിലോണിലും [ഇപ്പോഴത്തെ ശ്രീലങ്ക] യൂറോ‍പ്പിലും പ്ന്തലിച്ചുകിടന്നിരുന്ന് ശൃംഗലയായിരുന്നെന്ന് അച്ചന്‍  പറയാറുണ്ട്.

പ്രധാന ഹോട്ടല്‍ കൊളമ്പോയിലെ മറദാന റയില്‍  വേ  സ്റ്റേഷന്റെ മുന്നിലായിരുന്നു.  രണ്ട് നിലകളുള്ള റെസ്റ്റോറന്റ് ആയിരുന്നു.  മുകളിലെത്തെ നില ലക്ഷ്വറി ക്ലാസ്സും  താഴത്തെ  നില എക്കോണമിയും ആയിരുന്നു.

മുകളില്‍  ഒരു ചായക്ക് 20 രൂപയാണെങ്കില്‍  താഴെ  5 രൂപ എന്ന  തോതിലായിരുന്നു  മെനു. ലോകമെമ്പാടും അന്ന് ബുഹാരി ബിരിയാണി  പ്രസിദ്ധമായിരുന്നു.

ഞങ്ങള്‍ അന്ന് താമസിച്ചിരുന്നു  കൊളമ്പോയിലെ  പോഷ് റസിഡന്‍ഷ്യല്‍ ഏരിയ ആയിരുന്ന മൌണ്ട്  പ്ലസ്ന്റിലായിരുന്നു. തുടക്കത്തില്‍  പേരക്കുട്ടികളില്ലാത്ത ഒരു അപ്പൂപ്പന്റെ കൂടെ  ആയിരുന്നു എന്നാണെന്റെ ഓര്‍മ്മ. 

എന്റെ ഓര്‍മ്മകളെ എത്ര വര്‍ഷം പുറകോട്ടോടിക്കാമെന്ന്  നോക്കട്ടെ. എനിക്കിപ്പോള്‍  വയസ്സ് 64. അഞ്ചുവയസ്സിലെ നിമിഷങ്ങള്‍ ഓര്‍മ്മ വരുന്നു. അന്ന്  ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിലെ അപ്പൂപ്പന് രണ്ടോ  മൂന്നോ  പെണ്‍കുട്ടികളായിരുന്നു. അതില്‍  താരമ്മ  ചേച്ചിയെ  മാത്രം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. വിവാഹിതരായ  ഒരു പെണ്‍കുട്ടികള്‍ക്കും മക്കളില്ലാത്തതിനാല്‍  എന്നെ അവര്‍ക്ക് വലിയ  ഇഷ്ടമായിരുന്നു. എന്റെ പെറ്റ് നെയിം ഉണ്ണി.  അവര്‍ എല്ലാവരും എന്നെ  ഉണ്ണി  എന്നാണ് വിളിച്ചിരുന്നത്.

അപ്പൂപ്പന്റെ പേര്  ഒട്ടും ഓര്‍മ്മ വരുന്നില്ല. മൌണ്ട് പ്ലസന്റ് കോളനിയില്‍ ഉള്ള  വില്ലകള്‍  മുഖാമുഖം ആയിരുന്നു.  എല്ലാം 2 നിലകള്‍  ഉള്ളത്. ഞങ്ങളുടെ  വീട്ടുമുറ്റത്ത് കനകാംബരവും പസിഴമല്ലിയും ധാരാളം വിരിഞ്ഞ്  കിടന്നിരുന്നു എപ്പോഴും.

അപ്പൂപ്പന്റെ  ഓഫീസ് മെയിന്‍ റോഡിന്റെ  വക്കിലായിരുന്നു.  അപ്പൂപ്പന് 10  മണിക്ക് വീട്ടില്‍ നിന്ന് ആപ്പിള്‍ ജ്യൂസ് കൊണ്ട് പോകും. ഒരു  ദിവസം ഞാന്‍ ശാഠ്യം പിടിച്ചത്രെ..? “ ഉണ്ണി  കൊണ്ട് പോയിക്കൊടുത്തോളാം അപ്പൂപ്പന് ജ്യൂസ്...” ഉണ്ണിയുടെ ആവശ്യം പരിഗണിക്കാതായപ്പ്ലോള്‍ ഉണ്ണി  കരഞ്ഞുപൊളിച്ചു.  അവസാനം  ആപ്പിള്‍ ജ്യൂസ് ഒരു ഭരണിയിലാക്കി ഉണ്ണിയുടെ ട്രൈ  സൈക്കിളിന്റെ  പുറകില്‍ കെട്ടി  വെച്ചു. താരമ്മ ചേച്ചി കുമ്പിട്ട്  സൈക്കിള്‍ ഉന്തിത്തള്ളി ഓഫീസിലേക്ക് ജ്യൂസ് എത്തിച്ച ക്ഥ ഞാന്‍ ഈ അവസരത്ത്ല് ഓര്‍ക്കുന്നു.

“ഉണ്ണി മഹാ ശാഠ്യക്കാരനും വികൃതിയുമായിരുന്നത്രേ..?”

എന്റെ അച്ചന് അന്ന് ഒരു  ഓസ്റ്റിന്‍ കേംബ്രിഡ്ജ് വേനും, ഒരു പ്ലിമത്ത്  കാറും ഉണ്ടായിരുന്നു. ഈവനിങ്ങില്‍ ഞങ്ങളെ  ആ പ്ലിമത്ത്  കാറില്‍  സവാരിക്ക്  കൊണ്ട്  പോകും.  അതിലെ മ്യൂസിക്ക്  ഹോണ്‍  എനിക്ക്  ഹരമായിരുന്നു.  ഞാനത്  എപ്പോഴും അടിച്ചുകൊണ്ടിരിക്കും.

[കൂടുതല്‍ വിശേഷങ്ങള്‍  തുടര്‍ന്നെഴുതാം]

Friday, June 22, 2012

ഓം നമ:ശ്ശിവായ

നാഗേന്ദ്ര ഹാരായ ത്രിലോചനായ
ഭാസ്മാംകരായ മഹേശ്വരായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ 'ന' കാരായ നമ:ശിവായ

മന്ദാകിനീ സലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വര പ്രഥമ നാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹുപുഷ്പ സു പൂജിതായ
തസ്മൈ 'മ' കാരായ നമ:ശിവായ

ശിവായ ഗൌരീ വദനാരവിന്ദ
സൂര്യായ ദക്ഷ ധ്വര നാശനായ
ശ്രീ നീലകന്ടായ വൃഷ ധ്വജായ
തസ്മൈ 'ശി' കാരായ
നമ:ശിവായ

വസിഷ്ട്ട കുംഭോത്ഭവ ഗൌതമാദി
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനര ലോചനായ
തസ്മൈ 'വ' കാരായ നമ:ശിവായ

യക്ഷ സ്വരൂപായ ജടാധരായ
പീനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ 'യ' കാരായ നമ:ശിവായ

ഫലശ്രുതി :-

പഞ്ചാക്ഷരമിതം പുണ്യം
യാ പദേത് ശിവ സന്നിധൌ
ശിവലോക മാപ്നോതി
ശിവേ ന: സഹ മോദതേ

ചാറല്‍ മഴ


ചാറല്‍ മഴ

എനിക്ക് രണ്ട്  മക്കള്‍, അതില്‍ രണ്ടാമത്തെ ആള്‍ രാക്കമ്മ എന്ന പെണ്‍കുട്ടി. ആദ്യത്തെ  ആള്‍ ആണ്‍കുട്ടി.

രാക്കമ്മ ചെറുപ്പത്തില്‍ തടിച്ച് ഉരുണ്ട് അമ്മിക്കല്ലിന്റെ കൊഴ പോലെ തടിച്ചതായിരുന്നു. തടിമൂലം ഇടുങ്ങിയ കഴുത്ത് കണ്ടാല്‍ അവള്‍ക്ക് കഴുത്ത് ഇല്ലായെന്ന് തോന്നുമായിരുന്നു.

ഇവള്‍ ഒരു  കാരണമില്ലാത്തെ  കാലത്ത്  തൊട്ട് വൈകുന്നേരം വരെ ഇങ്ങിനെ കരഞ്ഞുംകൊണ്ടിരിക്കും.  നമ്മളെടുത്ത് ഒക്കത്ത് വെക്കുകയോ, കൂടെ കിടത്തുകയോ ചെയ്താല്‍ അവള്‍  ഉടന്‍  വോള്യും കുറക്കും.

ഇവളുടെ ഈ  ചാറല്‍ മഴപോലെയുള്ള കരച്ചില്‍  നിര്‍ത്താന്‍ ഞാന്‍ പല സൂ‍ത്രങ്ങള്‍  പ്രയോഗിച്ചിട്ടും ഫലം കണ്ടില്ല.

അവസാനം ഒരുനാള്‍ എനിക്കൊരുപായം തോന്നി. ഇങ്ങനെ നോണ്‍സ്റ്റോപ്പ്  ചാറല്‍ മഴപോലുള്ള കരച്ചില്‍ തുടര്‍ന്നൊരു നാള്‍ ഒരു  ഈര്‍ക്കിളി എടുത്ത് ചന്തിയില്‍ രണ്ട്  പെട പെടച്ചു.  അതോടെ ഓലപ്പടക്കത്തിന് തീകൊളുത്തിയ  പോലെ ഒരു കൂട്ടപ്പൂരിച്ചലും രണ്ട് മിനുട്ടില്‍ കരച്ചിലും നിന്നു.

“എന്തേ ഇത് ഇപ്പോ ഓര്‍ക്കാന്‍ കാരണം” എന്നൊരു ചോദ്യം വന്നേക്കാം. പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ഇപ്പോള്‍ ഇവിടെ രാക്കമ്മയുടെ മകള്‍ കുട്ടിമാളു ഉണ്ട്.

ഇവള്‍ക്കും കുറച്ച്  നാളായി ഈ ചാറല്‍ മഴയുടെ സോക്കേട് ഉണ്ട്. “അവള്‍ക്കും ഈ ഈര്‍ക്കിളിപ്രയോഗം“ നടത്തിയാലോ എന്ന് അവളുടെ അച്ചമ്മയായ ബീനാമ്മയോട് ഞാന്‍ കണ്‍സല്‍ട്ട് ചെയ്തു.

“സ്വന്തം മകള്‍ക്ക് കൊടുക്കുന്നപോലെ  പേരക്കുട്ടികള്‍ക്ക്  കൊടുക്കണ്ടാ എന്നാ ബീനാമ്മ പറേണത്...”

“അപ്പോ എന്താ  ചെയ്യാ ഈ മഴയവസാനിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം ബീനാമ്മേ...?”

“എനിക്കറിയില്ല...”
“എന്നാ ഞാനൊരു സൂത്രം കാണിച്ചുതരട്ടേ...?”

“എന്തിന്റെ കേടാ മനുഷ്യാ ഈ വയസ്സ് കാലത്ത്       നിങ്ങള്‍ക്ക്...?”
ബീനാമ്മക്ക് ഒരു ഈര്‍ക്കിളിപ്രയോഗം നടത്തി തല്‍ക്കാലം പേരക്കുട്ടിയെ ഒഴിവാക്കി.

“ബീനാമ്മയുടെ കരച്ചില്‍  കേട്ട് കുട്ടിമാളു അന്ധാളിച്ചുനിന്നു, അവളുടെ കരച്ചില്‍  തല്‍ക്കാലത്തേക്ക് നിന്നു...?”

“ചാറല്‍ മഴ വീണ്ടും തുടര്‍ന്നു,ഒരു  പരിഹാരമില്ലാതെ..?!!!”

Sunday, June 17, 2012

മഴക്കാലം

മഴക്കാലമായെന്ന്  പറയാം ഇന്നുമുതല്‍.  കാലത്ത് മുതല്‍ അല്ലെങ്കില്‍ ഇന്നെലെ  പാതിരാമുതല്‍ ഇതാ  ഇപ്പോള്‍ വരെ നല്ല  മഴ. ഇന്ന് ഞായറാഴ്ചയായിട്ടും പുറത്തെവിടേക്കും  ഇറങ്ങാന്‍ സാധിച്ചില്ല.

കഴിഞ്ഞ ദിവസം ഒരു പകല്‍ മഴയുടെ ഫോട്ടോ എടുത്തിരുന്നു. കിട്ടിയാല്‍  ഇവിടെ  പകര്‍ത്താം. ഇന്ന് കാലത്ത്  കറിക്ക്  മീനൊന്നും ഇല്ലെന്ന്  ശ്രീമതി  പറഞ്ഞു, പക്ഷെ തണുത്ത് വിറക്കുന്ന എനിക്ക്  മീന്‍ മാര്‍ക്കറ്റിലേക്ക് പോകാനായില്ല.

പേരക്കുട്ടി കുട്ടിമാളുവിന് മീന്‍  വേണമത്രെ. അവള്‍ക്ക് ചാള  ഇഷ്ടമാണ്. തലേദിവസത്തെ രണ്ട്  കഷ്ണം അവള്‍ക്കായി മാറ്റിവെച്ചു. പിന്നെ എനിക്ക്  വേണ്ടി  വാങ്ങി വെച്ചിട്ടുള്ള കൊഴുവ എല്ലാര്‍ക്കും കൂടി കറി വെച്ചു.  അങ്ങിനെ  ഇന്ന് തോരാതെ പെയ്യുന്ന മഴയില്‍ ഞങ്ങള്‍  സകുടു:ബം ആഘോഷിച്ചു.

വാതരോഗിയായ  എനിക്ക് ചെറുമീനുകള്‍  ധാരാളം കഴിക്കാന്‍ വൈദ്യര്‍ പറഞ്ഞിട്ടൂണ്ട്. അതിനാല്‍ കൊഴുവ,  വെളൂരി, മുള്ളന്‍ എന്നിവ ഞങ്ങളുടെ  ഫ്രീസറില്‍ എപ്പോ‍ഴും സ്റ്റോക്കുണ്ട്.

വരൂ  സുഹൃത്തുക്കളേ എന്റെ വസതിയിലേക്ക്. കൊഴുവയും  വെളൂരിയും മുള്ളനും എല്ലാം കഴിക്കാം.

Sunday, June 10, 2012

അയാള്‍....അതേ അയാള്‍തന്നെ


ഒരു കഥ ഇവിടെ ജനിക്കുന്നു. [short story]


“കുറേ നേരമായല്ലോ ലക്ഷ്മിക്കുട്ടീ പുറകിലോട്ട് തിരിഞ്ഞ് നടക്കുന്നത്..? എന്തിന്റെ കേടാ ഈ കുട്ടിക്ക്.... ഗൂരുവായൂര്‍ അമ്പലനടയില്‍ വെച്ച് ലക്ഷ്മിയുടെ അമ്മ മകളെ ശാസിക്കാന്‍ തുടങ്ങി..“

"അവിടേയും ഇവിടേയും ഒക്കെ ബലിക്കല്ലുകളും പൂജാപാത്രങ്ങളും ഒക്കെ ആണ്... അതിലൊക്കെ കാല് തട്ടി വീഴേണ്ടായെന്ന് വിചാരിച്ചാണ് തള്ള ഇതൊക്കെ പറയുന്നത് ലക്ഷ്മിക്കുട്ടിക്ക് അറിയാമെങ്കിലും അറിയാമെങ്കിലും അവളുടെ ഉള്ളില്‍ ആരോടോ എന്തെന്നില്ലാത്ത മട്ടില്‍ ഗൌരവമായിരുന്നു...”

"ലഷ്മിയുടെ അമ്മയും പരിവാരങ്ങളും ചുറ്റമ്പലം പ്രദക്ഷിണം വെക്കുമ്പോള്‍ ലക്ഷ്മിക്കുട്ടി പിന്നേയും പിന്തിരിഞ്ഞ് ആരേയോ നോക്കിക്കൊണ്ടിരിക്കുന്നതായി അവര്‍ക്കനുഭവപ്പെട്ടു..”

"ഒന്നിങ്ങട്ട് വേഗം നടക്കൂ എന്റെ മോളേ.... നട തുറക്കുമ്പോളേക്കും നമുക്ക് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കണം...”

"അമ്മയും കൂട്ടരും നടന്നോളൂ....ഞാന്‍ എത്തിക്കൊള്ളാം...”

"കൃഷ്ണാ ഗുരുവായൂരപ്പാ എന്താ ഈ കേള്‍ക്കണേ... നിക്കൊന്നും മനസ്സിലാവിണില്ലല്ലോ...? എന്താ ഈ പെണ്‍കുട്ടീടെ ഭാവം... ലക്ഷ്മിയുടെ അമ്മ മാധവിയമ്മ പരിതപിച്ചു..”

"ലക്ഷ്മിക്കുട്ടി പറഞ്ഞത് മാധവിയമ്മ അനുസരിച്ചില്ല, അവര്‍ കൂത്തമ്പലത്തിന്റെ ചവിട്ടുപടിയില്‍ ഇരുപ്പുറപ്പിച്ചു..”

"രണ്ടുമൂന്നുവട്ടം ലക്ഷ്മിക്കുട്ടി ചുറ്റമ്പലം വലം ചുറ്റിക്കഴിഞ്ഞിരുന്നു ഇതിന്നകം. അവള്‍ വീണ്ടും വീണ്ടും ചുറ്റിക്കൊണ്ടിരുന്നു അവസാനമില്ലാതെ, ആരേയോ അന്വേഷിക്കുന്ന പോലെയായിരുന്നു മുഖഭാവം...”

"മാധവിയമ്മ അമ്പലത്തിലാണെന്ന കാര്യം മറന്ന് പെണ്‍കുട്ടിയെ ശാസിക്കാനൊരുങ്ങി...”

“എന്താ അമ്മേ... പരിസരബോധം നഷ്ടപ്പെട്ടോ...? അമ്മയും കൂട്ടരും സത്രത്തിലേക്ക് നടന്നോളൂ.. ഞാന്‍ എത്തിക്കോളാം...”

"മനസ്സില്ലാ മനസ്സോടെ മാധവിയമ്മ പിറുപിറുത്തും കൊണ്ട് സത്രത്തിലേക്ക് നടന്ന് നീങ്ങി, ഉള്ളിലൊരു ഭീതിയുമായി...”

[thuTarm]

Saturday, June 9, 2012

പുത്തനുടുപ്പ്




ഇന്ന് ലക്ഷ്മിക്കുട്ടിയുടെ വിവാഹ നിശ്ചയമായിരുന്നു.  എല്ലാവരും പുത്തന്‍ ഉടുപ്പുകള്‍ അണിഞ്ഞ് തൃശ്ശൂര്‍ ലൂലു കണ് വെന്‍ഷന്‍ സെന്ററിലേക്ക് യാത്രയായി. എനിക്ക് പുത്തനുടുപ്പ് ആരും വാങ്ങിത്തന്നില്ല, എന്നാലും ഞാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ലക്ഷ്മിക്കുട്ടീസിന്റെ പ്രതിശ്രുത വരന്‍ അമേരിക്കയില്‍  ജോലി  ചെയ്യുന്ന മിഥുന്‍ കുട്ടനാണ്‍. നല്ല  ചേര്‍ച്ചയുണ്ട് ലക്ഷ്മിക്കുട്ടിക്ക്. ലക്ഷ്മിക്കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ട് പോയി കുറേ കഴിയുമ്പോള്‍ എനിക്ക് ഒരു ഫ്രീ  ടിക്കറ്റും താമസവും പോക്കറ്റ് മണിയും എന്റെ ലക്ഷ്മിക്കുട്ടി  ഓഫര്‍  ചെയ്യുമായിരിക്കും. ഞാനിതുവരെ അമേരിക്ക കണ്ടിട്ടില്ല. കാണാന്‍ ഉള്ള സൌഭാഗ്യമൊക്കെ  ഉണ്ടായിരുന്നെങ്കിലും അതൊന്നും അന്ത നാള്‍ വിനിയോഗിച്ചില്ല.

അന്നൊക്കെ സ്ഥലം വാങ്ങണം, വീട് പണിയണം, കുട്ട്യോളെ പഠിപ്പിക്കണം എന്നൊക്കെയുള്ള വിചാരം മാത്രമായിരുന്നു. യൂറോപ്പും, മിഡില്‍ ഈസ്റ്റും, പസഫിക്കും, ഗള്‍ഫുമെല്ലാം ജോലിയുടെ ഭാഗമായി  ചുറ്റിക്കറങ്ങിയെന്നാണെന്റെ ഓര്‍മ്മ.  ഇപ്പോള്‍  പലതും മറന്ന് പോയിരിക്കുന്നു.

ഇന്നെലെ ശ്യാമിന്റെ കല്യാണമായിരുന്നു.  അവിടെ ഹേമയേയും ഉമയേയും മറ്റു ബന്ധുജനങ്ങളേയും, പിന്നെ അരവിന്ദേട്ടന്റെ മകന്‍ അജയനേയും പ്രദീപനേയും എല്ലാം കണ്ടു.

കൂട്ടത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയാരാണെന്ന് അജയനോട് ചോദിച്ചപ്പോളാ അറിയുന്നത്”ഉണ്ണ്യേട്ടന്‍ മറന്നൊ ഇവളെ. ഇവള്‍ പണ്ട് ഉണ്ണ്യേട്ടന്റെ ഓഫീസില്‍ ജോലി  ചെയ്തിരുന്നുവെന്ന്” ഞാന് വിചാരിക്കുകയായിരുന്നു എവിടേയോ  വെച്ച്  ഈ  പെണ്‍കുട്ടീസിനെ  ഞാന്‍ കണ്ടിട്ടുണ്ടെന്ന്. പക്ഷെ ഇപ്പോളല്ലേ പിടി കിട്ടിയത് ഞാന്‍ അറിയുന്ന കുട്ടിയായിരുന്നു ഇവളെന്ന്. അങ്ങിനെയാണെന്റെ കാര്യം, പലതും  ഓര്‍മ്മയില്ല.

വയസ്സായില്ലേ – ജരാനര ബാധിക്കുമ്പോളെല്ലാര്‍ക്കും ഇങ്ങിനെയൊക്കെയാണ്‍.  പ്രത്യേകിച്ച്  ഇപ്പോള്‍ കഴിക്കുന്നതും ശ്വസിക്കുന്നതും എല്ലാം വിഷമയമല്ലേ? അപ്പോള്‍ ഇതുപോലിരിക്കും ശിഷ്ടജീവിതം..

എന്റെ പ്രിയപത്നി ബീനാമ്മയും മകനും മരുമകനും മകളും മരുമകളും എല്ലാം ജയലക്ഷ്മി സില്‍ക്കും ആരോ മെന്‍സ് വെയറും ഒക്കെ ഇട്ട് ചെത്തി നടക്കുമ്പോല്‍ പേരക്കുട്ടി കുട്ടാപ്പുവിന്‍ തൈലാന്‍ഡില്‍ നിന്ന് ഇല്ല്യൂമനേഷന്‍ ഉള്ള മങ്കി ബ്രാന്ഡ് ടീ  ഷര്‍ട്ടും ഇട്ടോണ്ടായിരുന്നു ഗമനം..

ഈ പാവം ഞാന്‍ ഒരു പഴയ  കുപ്പായവും ഇട്ടോണ്ട് “ഉള്ളതോണ്ട് ഓണം”  എന്ന മട്ടില്‍ നടന്ന് നീങ്ങി. ഇനിയും വരും എനിക്കും ഒരു  സുന്ദരകാലം……….

ലക്ഷ്മിക്കുട്ടി  ബാംഗളൂരില്‍ വാന്‍ ഹുസൈനിലും മറ്റും ജോലി ചെയ്തിരുന്നെന്ന് ആണെന്റെ ഓര്‍മ്മ. എനിക്ക് മാത്രമായി ഒരു  ഷര്‍ട്ട് വാങ്ങിത്തരാന്‍ അവള്‍ക് പറ്റില്ലല്ലോ..? എന്നെപ്പോലെ അവള്‍ക്ക് ഒരുപാട് അങ്കിള്‍സ് ഉണ്ട്

ഇനി അവള്‍ അമേരിക്കയില്‍ പോയി താമസിക്കുമ്പോള്‍ എന്തെങ്കിലും തരുമായിരിക്കും.  ഒന്നും തന്നില്ലെങ്കിലും  വേണ്ട അവള്‍ സുഖമായി അവിടെ കഴിയുന്നു എന്ന് കേട്ടാല്‍ മതി.. ലക്ഷ്മിക്കുട്ടീസിന്റെ കല്യാണം ഈ  വരുന്ന ഡിസംബറില്‍ നടക്കുന്നതായിരിക്കും.

മരുമകള്‍ സേതുലക്ഷ്മിക്ക് ഒരു പണി കിട്ടാന്‍ പ്രാര്‍ഥിക്കുകയാണ് ഞാനിപ്പോള്‍. അവള്‍ ഒരു  ഐടി  ഗേളാണ്‍. അവള്‍ക്ക് വലിയ ആഗ്രഹങ്ങളൊന്നും ഇല്ല, ഏതെങ്കിലും ഒരു  ബാങ്കില്‍  ഒരു ക്ലര്‍ക്ക് ഉദ്യോഗം കൊണ്ട് തൃപ്തിപ്പെട്ടോളാം എന്നാണവള്‍ പറയുന്നത്..

ഞാന്‍ ഇന്ന് എന്റെ പേരക്കുട്ടി കുട്ടിമാളുവിനെ കണ്ടു. അവള്‍  ഈ  അപ്പൂപ്പനെ മറന്നിരിക്കുന്നു. കുറച്ച്  നാളായി അവള്‍ കൊച്ചിയിലാണ്‍ താമസം. കുട്ട്യോളല്ലേ പെട്ടെന്ന് മറക്കും.

മഴക്കാലമായി രാക്കമ്മയോട് ഒരു കമ്പിളിപ്പുതപ്പും കാല്‍ നനയാതെ നടക്കാനൊരു ഷൂവും വാങ്ങിത്തരാന്‍ പറയണം.. വീട്ടില് നിന്ന് മെയില്‍  റോഡെത്തുന്നത് വരെ വെള്ളവും ചളിയുമാണ്‍. അയല്‍ക്കാരന്റെ ഔദാര്യമുണ്ടെങ്കിലേ റോഡ് കാനകള്‍ വെട്ടി ടാറിട്ട് കിട്ടൂ അത്  അടുത്തൊന്നും  സംഭവിക്കുമെന്ന് തോന്നുന്നില്ല.

ഏക മകന്‍  ജോലിയുമായി മെട്രൊ  സിറ്റിയിലും മകള്‍ കൊച്ചിയിലുമാണ്‍. അവര്‍ക്കൊന്നും റോ‍ഡ് ടാറിടെണമെന്നോ ഈ വയസ്സനെ പരിപാലിക്കണമെന്നോ ഒന്നും വിചാരമില്ല. തന്ത ചത്താല്‍ എല്ലാം വിറ്റുപെറുക്കി മെട്രോ നഗരങ്ങളിലേക്ക്  ചേക്കാറാമെന്ന് കരുതിയിരിക്കയാകും.

ഇപ്പോളത്തെ മിക്ക കുട്ട്യോളും ഏറെക്കുറേ ഇങ്ങിനെ തന്നെ ആണെന്നാണ്‍ എന്റെ നിഗമനം.. ഇപ്പോള്‍ എനിക്ക് ആരോഗ്യത്തിന്‍ വലിയ  കുഴപ്പമില്ല, കിടപ്പിലായാലുള്ള സ്ഥിതി ഒന്നാലോചിച്ച് നോക്കിയാല്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. അനുഭവിക്കാനുള്ളത്  അനുഭവിച്ചുതന്നെ  തീ‍ര്‍ക്കണമല്ലോ അതാണല്ലോ ദൈവ നിശ്ചയം..

കൃഷ്ണാ ഗുരുവായൂരപ്പാ നല്ല ചിന്തകള്‍ മനസ്സില്‍ നിറക്കേണമേ മറ്റുള്ളവര്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും നല്ല കാര്യങ്ങള്‍  ചെയ്യാനുള്ള വഴി കാട്ടേണമേ

“ലക്ഷ്മിക്കുട്ടിയുടെ കല്യാണവിശേഷങ്ങള്‍ പറഞ്ഞ് മനസ്സ് എങ്ങോട്ടോ പോയി.. മാനസഞ്ചാരം അങ്ങിനെയാണ്‍……

എലലാവര്‍ക്കും ശുഭരാത്രി  നേരുന്നു.

Saturday, June 2, 2012

നാട്ടുവര്‍ത്തമാനം

എന്താ ബീനാമ്മേ എപ്പോ നോക്കിയാലും ഈ പണിയോട് പണി. നിനക്ക് ഒരു ദിവസം ഒരു പണിയും ചെയ്യാണ്ട് വീട്ടിലിരുന്ന് വിശ്രമിച്ചുകൂടെ...

"ഹ ഹ്ഹാ........ അത് കൊള്ളാം. അപ്പോള്‍ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ മേശപ്പുറത്ത് വന്നിരുന്നാല്‍ ഞാന്‍ എന്തോന്ന് എടുത്ത് തരും...?” ഭക്ഷണം മാത്രം മതിയോ..? മുറ്റമടിക്കണം, പാത്രം കഴുകണം, നിങ്ങളുടെ തുണി കഴുകണം, ഇസ്ത്രിയിടണം, കാലത്ത് കുളിയും തേവരാവും കഴിഞ്ഞാല്‍ അടുക്കളയില്‍ വന്നിരിക്കും. “എന്നോട് ഒന്നും ചോദിക്കില്ലാ എന്നത് വസ്തവം തന്നെ. പക്ഷെ എനിക്കങ്ങിനെ ആകാന്‍ പറ്റുമോ..?

അടുക്കളയില്‍ വന്നിരുന്നാല്‍ നിങ്ങള്‍ ചൂട് ദോശ മനസ്സില്‍ സ്വപ്നം കാണുന്നതെനിക്കറിയാം. തിന്നുന്നതനുസരിച്ച് ഞാന്‍ ഓരോന്ന് ചുട്ട് തന്ന് കൊണ്ടിരിക്കും. ദോശക്ക് പകരം പുട്ടോ, പത്തിരിയോ, ഇഡ്ഡലിയോ, ഉപ്പ്മാവോ എന്തായാലും നിങ്ങള്‍ക്ക് വിരോധമില്ല, പക്ഷെ ദോശ കഴിച്ചാലുണ്ടാകുന്ന സംതൃപ്തി മറ്റൊരു വിഭവത്തിനുമില്ല എന്നെനിക്കറിയാം.

"തിന്നിട്ട് മൂടും തട്ടി പോകുന്നതല്ലാതെ എന്തെങ്കിലും പണികള്‍ നിങ്ങള്‍ വീട്ടില്‍ ചെയ്യുമോ..? നമ്മുടെ മുറ്റം കണ്ടില്ലേ..? അവനവന് കഴിക്കാനുള്ള പച്ചക്കറികളെങ്കിലും നട്ടുപിടിപ്പിച്ചുകൂ‍ടേ..? ഒരു വേനലിലും വറ്റാത്ത കിണറും സദാസമയം കിട്ടുന്ന കോര്‍പ്പറേഷന്റെ പീച്ചി വെള്ളവും ഉണ്ട്...ഒന്നും ചെയ്യില്ല..”

പത്ത് മണിയാകുമ്പോളേക്കും ഓഫീസിലേക്ക് പോകും.. പിന്നെ രണ്ട് മണിക്ക് ഉണ്ണാന്‍ വരും. ഉണ്ട് കഴിഞ്ഞാല്‍ പിന്നെ അഞ്ചുമണി വരെ ഒരു ഉറക്കം...”എന്തിനാ ഈ പകലൊക്കെ ഇത്രയും കിടന്നുറങ്ങുന്നത്..? എന്തെങ്കിലും എന്നെ പണിയില്‍ സഹായിക്കുമോ..? അതില്ല. “ഒന്നുമില്ലെങ്കിലും അവനവന്‍ ഉപയോഗിക്കുന്ന ടോയലെറ്റെന്റ്കിലും ഒന്ന് വൃത്തിയാക്കിക്കൂടെ എന്റെ പുന്നാര കെട്ടിയോന്..?

"എന്നിട്ട് ഇപ്പോള്‍ ചോദിക്കുന്നു... നിനക്ക് വെറുതെ ഇരുന്നുകൂടെ ഒരു ദിവസമെങ്കിലും...?

"എടീ പെമ്പിറന്നോത്തീ... നീയിങ്ങനെ അഹോരാത്രം എല്ലുമുറീയെ പണിയെടുക്കാതെ ഇടക്ക് ഫുള്‍ ഡേ വിശ്രമിച്ചുകൂടെ എന്നാ ഞാന്‍ ചോദിച്ചത്...?”

"എനിക്കത് മനസ്സിലായീ മനുഷ്യാ........അപ്പോള്‍ വീട്ടിലെ പണിയെല്ലാം ആരെടുക്കും. പണിക്കാരി ഒന്നുണ്ടായിരുന്നു. അവളാണെങ്കില്‍ വന്നിട്ട് ഇപ്പോള്‍ പത്തുപതിനാല് ദിവസമായി....അവളെ എന്തെങ്കിലും പറഞ്ഞിട്ടൊന്നുമല്ല.. വരാതിരിക്കുന്ന ദിവസം അറിയിക്കില്ല, തോന്നുമ്പോളൊക്കെ ലീവെടുക്കും, തോന്നുന്ന നേരാത്ത് കയറി വരും,, ഇങ്ങിനെയൊക്കെയാന്‍ പണിക്കാരുടെ പരിപാടി...”

"എടീ ബീനാമ്മേ ഇന്ന് ഞായറാഴ്കയല്ലേ... ഞാന്‍ കാ‍ലത്ത് നിനക്ക് സുലൈമാനി ഇട്ട് തരാം. ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ് ടോസ്റ്റും പീനട്ട് ബട്ടറും തരാം.. ഉച്ചക്ക് സഫയര്‍ ഹോട്ടലില്‍ പോയി ബിരിയാണി കഴിക്കാം.. എന്നിട്ടൊരു ഉറക്കം. 4 മണിക്കെണീറ്റ് ടൌണില്‍ പോയി കറങ്ങി, പാറമേക്കാവിലും വടക്കുന്നാഥനിലും പോയി തൊഴുത്, ഭരത് ഹോട്ടലില്‍ പോയി പൂരിമസാലയോ നിനക്കിഷ്ടമുള്ള എന്തെങ്കിലും ഒക്കെ കഴിച്ച് ഒരു സിനിമയും കണ്ട് വീട്ടിലേക്ക് മടങ്ങാം...”

‘കൊള്ളാം കൊള്ളാം പരിപാടി... എനിക്ക് നിങ്ങളെ വിശ്വാസമില്ല.. എനിക്ക് വേണ്ടി ഇന്നേ വരെ നിങ്ങളെന്തെങ്കിലും ചെയ്തതായി എനിക്കോര്‍മ്മയില്ല.. നിങ്ങള്‍ വേഗം എണീച്ച് മുറ്റം അടിക്ക്, ഞാന്‍ നോക്കട്ടെ, അതിന് ശേഷം തീരുമാനിക്കാം ഞാന്‍ റെസ്റ്റ് എടുക്കണോ വേണ്ടയോ എന്ന്..”

“എടീ ബീനാമ്മോ....... ഇന്ന് ജൂണ്‍ മൂന്ന് ഇടവപ്പാതിയുടെ പകുതി കഴിഞ്ഞിട്ടും മഴയെവിടെ. പുറത്ത് ചാറ്റല്‍ മഴയുണ്ട്, നല്ല കുളിരല്ലേ...?

"ഞാന്‍ രണ്ട് മിനിട്ടും കൂടി ഒന്ന് മൂടിപ്പുതച്ച് കിടന്നുറങ്ങട്ടെ...? നീ പോയി അപ്പോളേക്കും മുറ്റമടിക്ക്..........???!! “

[ഇന്ന് കാലത്തെ എനിക്ക് എന്റെ പ്രിയതമയോട് തോന്നിയ വികാരം കഥാരൂപത്തില്‍ ഇവിടെ]

Wednesday, May 23, 2012

കൊതുകുകള്‍ക്കും സംഘടന ഉണ്ടോ

എന്നും കൊതുകുതിരി വെച്ച മുറിയില്‍ കിടന്നുറങ്ങിയാല്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ..? കൊതുകു കടിയില്‍ നിന്ന് രക്ഷപ്പെടാം എന്നത് ശരി തന്നെ. എനിക്ക് കൊതുവല പ്രശ്നമല്ല, പക്ഷെ എന്റെ പെണ്ണിന് കൊതുകുവല പറ്റില്ല. എനിക്കവളില്ലെങ്കീല്‍ ഉറക്കം വരികയും ഇല്ല. എന്താണ് കൌശലം...? മാര്‍ക്കറ്റില്‍ കിട്ടുന്ന കൊതുക് ലായനികളും മേറ്റുകളും എല്ലാം കൊതുകിന് പുല്ല്ല്, പക്ഷെ കൊതുകുതിരിയുടെ മുന്നില്‍ അവര്‍ തോറ്റു തുന്നം പാടി.

തൃശ്ശൂരിലെ കൊക്കാലയില്‍ ആണെന്ന് തോന്നുന്നു ലോകത്തില്‍ വെച്ച് ഏറ്റവും അധികം കൊതുകുകള്‍ ഉള്ളത്. ഈ കൊതുകിനെ ഉന്മൂലനാശനം എന്താ ആരും ചെയ്യാത്തേ..? ഈ കൊതുകുകള്‍ക്കും സംഘടന ഉണ്ടോ...? അവരെ എല്ലാവരും പേടിക്കുന്നതെന്തിനാ...?!!

Tuesday, May 15, 2012

തൂണുംചാരി ഇരുന്നവള്‍

ചെറുകഥ


എവിടെയാണ് ആദ്യമായവളെ കണ്ടതെന്നോര്‍മ്മയില്ല്ല. അവളുടെ പേര് ഓര്‍മ്മവന്നുവെങ്കിലും ആ പേരില്‍ ഇപ്പോള്‍ വിളിക്കുന്നില്ല്ല. എത്ര ആലോചിച്ചിട്ടും  ഓര്‍മ്മ വരുന്നില്ല.... എന്നാണവളെ ആദ്യമായിക്കണ്ടത്, എവിടെ വെച്ചായിരുന്നു.. പുത്തിരിക്കണ്ടം മൈതാനത്തോ.. അതോ ആറ്റുകാലിലോ.... ഈ  ഓര്‍മ്മകള്‍ക്കെന്താ ഒരു മൌനം... അങ്കതന്‍ ആലോചനയില്‍  മുഴുകി.

ആ..... ആ‍ാ.......ഇപ്പോള്‍ പിടി കിട്ടി. അവളെ ആദ്യമായി കണ്ട ദിവസം.  അന്നവള്‍ക്ക് ഇത്രയും സൌരഭ്യം ഉണ്ടായിരുന്നില്ലല്ലോ.. ഈ വശ്യതയാര്‍ന്ന സൌന്ദര്യവും അതില്‍ ഒരു പിടി  സൌരഭ്യവും കൂടിയാകുമ്പോള്‍....... അങ്കതന് മത്ത് പിടിക്കുന്ന പോലെ തോന്നി..

അങ്കതനെ  മത്തുപിടിപ്പിക്കാനവള്‍  പലപ്പോഴും സെറ്റുമുണ്ടുടുത്ത് ആടിയാടി  നടക്കും. അവളുടെ ഓരോ ചലനത്തിലും അവളുടെ മാറിടം തുള്ളിച്ചാടി... മുണ്ടും നേര്യേതുമുടുത്താല്‍ അവളെ കാണാന്‍ നല്ല ചന്തം..

പലപ്പോഴും ചോദിക്കാറുണ്ട് അങ്കതന്‍ അവളോട്.." എന്താ അങ്കിതേ നിനക്കിത്ര സൌരഭ്യം..?”
"എന്റെ പേര് അങ്കിത എന്നല്ല....”
"പിന്നെന്താ നിന്റെ  പേര്...?” 
"ഞാന്‍ പറയില്ല....”

"എന്നാ ഞാന്‍ നിന്നെ അങ്കിത എന്നേ വിളിക്കൂ........... നീ എന്റെ പെണ്ണല്ലേ.. അങ്കിതന്റെ  പെണ്ണ് അങ്കിത.....?!! “

ഹി  ഹി  ഹി......... അങ്കിതന്‍ ഊറിയൂറി  ചിരിച്ചു.

“വേണ്ടാത്തതോരോന്നും പറഞ്ഞ് ചിറിക്കുകയാണല്ലേ..... കോമാളീ........ ഈ വയസ്സ് കാലത്ത്  പെണ്‍പിള്ളേരെ മോഹിക്കാന്‍ നടക്കുന്നൊരാള്....?”

"പിന്നേയ് ഒരു  കാര്യം പറഞ്ഞേക്കാം കുങ്കിതേ?. നീയല്ലേ എന്നെ കണ്ണിറുക്കിക്കാണിച്ചതും മോഹിപ്പിച്ചതും. എന്നിട്ടിപ്പോ എന്താ  ഒരു  മനം മാറ്റം...>?.. നീ ആ ജീന്‍സും ടോപ്പും ഒക്കെ ഊരിക്കളഞ്ഞ് മുണ്ടും നേര്യേതും ഉടുത്തോണ്ട് വാ....”

“കേട്ടാല്‍  തോന്നും പറയുന്നതൊക്കെ  കേള്‍ക്കാന്‍ ഞാന്‍ നിങ്ങടെ കെട്ട്യോളാണെന്ന്...?”
"കെട്ട്യാലും ഇല്ലെങ്കിലും... അതൊന്നും എനിക്കറിയില്ല.. ഞാന്‍ പറഞ്ഞതൊക്കെ   അനുസരിച്ചില്ലെങ്കില്‍  ഞാന്‍ ഈ  കാല്‍സ്രായിയെല്ലാം ഊരിക്കളയും...”

"അത്ര  ധൈര്യം ഉണ്ടെങ്കിലൊന്ന്  കാണട്ടെ...?”

അങ്കിതന്‍  കുങ്കിതയെ  കയറിപ്പിടിച്ചു...

“കുങ്കിത ഇത്രയും പ്രതീക്ഷിച്ചില്ല... അവള്‍ കുതറിയോടാന്‍ ശ്രമിച്ചെങ്കിലും അങ്കിതന്റെ കരവലയത്തില്‍  അവള്‍  അമര്‍ന്നു  അല്പനിമിഷത്തേക്ക്...”

“എന്നെ വിടൂ പ്ലീസ്.......ഞാന്‍ പറഞ്ഞപോലെ മുണ്ടുടുത്തിട്ട് വരാം പിന്നീടൊരു നാള്‍...”
“എപ്പോ വരും എന്ന് വരും....?”

"ഞാന്‍ രണ്ട് ദിവസം കഴിഞ്ഞ്  ആറ്റുകാലില്‍  പോകുമ്പോള്‍ ഈ വഴിക്ക് വരാം...”

അങ്കിതന്റെ കാത്തിരുപ്പ്  തുടര്‍ന്നെങ്കിലും  അവള്‍ വന്നില്ല ഒരിക്കലും. 

“കാലങ്ങള്‍ കടന്ന് പോയി. വല്ലപ്പോഴും ഓണ്‍ലൈനില്‍  അങ്കിതയെ കണ്ടിരുന്നെങ്കിലും അവള്‍ കാര്യമായൊന്നും പറഞ്ഞില്ല. അവള്‍ ഒരു നുണച്ചിയാണെന്ന്  മാത്രം അങ്കിതന്‍ മനസ്സിലാക്കി...”

ഒരു ദിവസം അങ്കിതന്‍ ചുമ്മാ പാളയത്ത്  കൂടി  നടന്ന്  പോകുമ്പോള്‍ ഇവളെ കണ്ടു, പച്ചക്കറി ചന്തയില്‍.  അങ്കിതന്‍ കുങ്കിതയറിയാതെ അവളെ  പിന്തുടര്‍ന്നു. അവളുടെ മേച്ചില്‍ പുറങ്ങള്‍  കണ്ടെത്താന്‍..

അങ്ങിനെ ഒരു ദിവസം അങ്കിതന്‍ അവളെ ഏതോ  ഒരു  കോലായില്‍  തൂണും ചാരിയിരിക്കുന്നത്  കണ്ടു. സെറ്റുമുണ്ടുടുത്ത് ചന്ദനക്കുറിയുടുത്ത്, മൂക്കുത്തിയും കല്ലുമാലയുമൊക്കെ ഇട്ട്. 

പരിസരബോധം മറന്ന അങ്കിതന്‍ ആ വീട്ടില്‍  കയറി കുങ്കിതയെ ആക്രമിച്ചു. നല്ല കാലത്തിന് ആ വീട്ടില്‍ ആരുമില്ലായിരുന്നു അന്ന്. സന്ധ്യാനേരം  - കുങ്കിത അസ്തമയസൂര്യന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങിയിരുന്നു. അങ്കിതന്‍ അവളെ വാരിപ്പുണര്‍ന്നു.... കുങ്കിത അകത്തേക്കോടി.. അങ്കിതന്‍ വിട്ടില്ല അവളെ. കുങ്കിത അങ്കിതന്റെ കരവലയത്തിലമര്‍ന്നു ഒരിക്കല്‍  കൂടി. അവന്റെ ചുടുനിശ്വാസങ്ങള്‍ കുങ്കിതക്കാനന്ദം പകര്‍ന്നു...

ഒന്നുമുരിയാടാതെ അങ്കിതന്‍  നടന്നകന്നു...........

പ്രതീക്ഷക്ക്  വിപരീതമായി  പിന്നില്‍  നിന്നൊരു വിളി.
“ഇനിയെന്നാ വരിക....?!  “

ഒന്നും നടന്നില്ലാത്ത  മട്ടില്‍ അങ്കിതന്‍ ഇരുട്ടില്‍ മാഞ്ഞു... കുങ്കിത താടിക്ക് കയ്യും കൊടുത്ത് തൂണും  ചാരി ഇരുന്നു............

some thing  wrong with the new  blog  template.  kindly excuse.

Friday, May 11, 2012

ജീവന്റെ തുടിപ്പുകള്‍ അണയാതിരിക്കട്ടെ... part 2



continuation of part 1

കുഞ്ഞിന്റെ അസുഖത്തെത്തുടര്‍ന്നുള്ള വേദനകളും പ്രയാസങ്ങളും solace ക്രിയാത്മകമായി പങ്കിടാന്‍ ശ്രമിക്കുന്നു. ഡോക്ടര്‍മാര്‍ക്കും കുടുംബക്കാര്‍ക്കും കൂടെ നിന്ന് എങ്ങിനെ അസുഖം ഭേദമാക്കാനുള്ള വഴികള്‍ തേടാം?. കുടുംബത്തിലെ മറ്റംഗങ്ങളുടെ ജീവിതം എങ്ങിനെ സാര്‍ത്ഥകമായി മുന്നോട്ട് കൊണ്ടുപോകാം..?

വാസ്തവ്ത്തില്‍ solace അറിയലും പങ്കിടലും കൂട്ടായ്മയും അതോടൊന്നിച്ച് വികസിക്കുന്ന സചേതനമായ പ്രവൃത്തിയുമാണ്.

താഴെ കൊടുത്തിരിക്കുന്ന ലക്ഷ്യങ്ങള്‍ മുന്നിര്‍ത്തിക്കൊണ്ട് ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളേയും കുടുംബത്തേയും സംരക്ഷിക്കുന്നതിനുവേണ്ട എല്ലാ സഹായങ്ങളും solace ചെയ്തുകൊണ്ടിരിക്കുന്നു.

> ദീര്‍ഘകാലങ്ങളായി കഴിയുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സാമ്പത്തികവും മാനസികവുമായ സംരക്ഷണം നല്‍കുക.

> സേവന താല്പര്യമുള്ള സംഘടനകളുടേയും വൈദ്യരംഗത്തെ വിദഗ്ദമാരുടേയും സഹായത്തോട് കൂടി ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളായ കുട്ടികളെ സഹായിക്കുക.

> അസുഖമുള്ള കുട്ടികളുടെ ആരോഗ്യപരവും സാമൂഹ്യവും വിദ്യഭ്യാസപരവുമായ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ വേണ്ട ഉപദേശങ്ങളും സഹായങ്ങളും നല്‍കുക.

> അസുഖമുള്ള കുട്ടികള്‍ക്കും കുടുംബത്തിനും ധൈര്യം പകരുന്നതോടൊപ്പം അവര്‍ക്ക് വിദഗ്ദവും പ്രായോഗികവുമായ സഹായം നല്‍കുക.

സചേതനമായ ഈ പ്രവൃത്തിയുടെ ഒരു കണ്ണിയാകാന്‍, സൊലെസ്സിന്റെ ചങ്ങാതിയെന്ന നിലയില്‍ - നിങ്ങള്‍ക്കെന്ത് ചെയ്യാനാകും.?

പണമായും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളായും കളിക്കോപ്പുകളായും പ്രവൃത്തിയുടെ കണ്ണികളാകാം. ഒരു നല്ല വാക്ക്, പുഞ്ചിരി, കാരുണ്യമൂറുന്ന നോട്ടം, ആര്‍ദ്രമായ മനസ്സ്... പ്രവൃത്തിയുടെ കണ്ണികളാ‍ണ്.

ഇങ്ങിനെ കണ്ണി ചേരുമ്പോള്‍ ഭൌതികവും ആത്മീയവുമായി നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ വേദനിക്കുന്നവരുമായി പങ്കിടുകയാണ്. നീതിയും സമത്വവും പുലരുന്ന സമൂഹസൃഷ്ടിക്കായി ഒരടി... ഒരടിമാത്രം.. മുന്നോട്ടുവെക്കുകയാണ്. യഥാര്‍ത്ഥ് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നാട്ടുപാതയാണ്.

ഞാന്‍ ഇപ്പോള്‍ ഈ സേവന സംഘടനയിലെ ഒരു കണ്ണിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു... നിങ്ങള്‍ക്കും എന്റെ കൂടെ കൈകോര്‍ക്കാം.. നല്ലൊരു മനസ്സോടെ...........

you can contact them in this address:

solace
parakkott lane [near lakshmy silks]
trichur
tel: 0487 2322166 mrs sheeba ameer

u my visit following link and have more information http://solace.org.in


kindly see what my good friend sajida has written about sheeba http://enteneelakurunji.blogspot.in/p/blog-page_03.html

Thursday, May 10, 2012

ജീവന്റെ തുടിപ്പുകള്‍ അണയാതിരിക്കട്ടെ

ഇവിടെ ജീവന്റെ തുടിപ്പുകള്‍ അണയാതിരിക്കട്ടെ......

ഷീബയെ പത്രമാധ്യമങ്ങളില്‍ കൂടിയും അല്ലാതെയും അറിഞ്ഞിരുന്നുവെങ്കിലും ഫേസ് ബുക്കിലൂടെയാണ് കൂടുതല്‍ അടുത്തത്. പോരാത്തതിന് അവര്‍ എന്റെ സഹോദരന്‍ വി. കെ. ശ്രീരാമന്റെ സുഹൃത്തും കൂടിയാണെന്നറിഞ്ഞപ്പോള്‍ എനിക്കും അവരോടും അവരുടെ സംഘടനയോടും അടുത്തിടപെഴകാന്‍ തോന്നി. അങ്ങിനെ ഞാന്‍ ഇന്നെലെ അവരുടെ സങ്കേതത്തിലെത്തി....

പുതിയ വിലാസത്തിലെ കൊച്ചുവീട്ടിലേക്ക്. തൃശ്ശൂര്‍ അശ്വിനി ആശുപത്രി ജങ്ഷനടുത്തുള്ള പാറക്കോട്ട് ലയിനില്‍... “വിളിച്ചിട്ട് വരണമെന്നുപറഞ്ഞിരുന്നെങ്കിലും ഞാന്‍ അല്ലാതെയാണ് പോയത്.“ ഞാന്‍ സാധാരണ എവിടെ പോകുമ്പോഴും സാധാരണ വിളിച്ചുപറയാറില്ല എന്നതാണ് എന്റെ സ്വഭാ‍വം. കാരണം ഞാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് വാക്ക് പാലിക്കാറില്ല. അതിനാല്‍ ചുമ്മാതങ്ങ് പോകും, കണ്ടില്ലെങ്കില്‍ തിരിച്ച് ആ പരിസരത്തുള്ള മറ്റെവിടെയെങ്കിലും പോകും.

ഇനി എന്റെ പോക്കും, സാന്നിദ്ധ്യവും അനിവാര്യമാണെങ്കില്‍ ഞാന്‍ പറഞ്ഞതിന് പത്തുമിനിട്ടെങ്കിലും മുന്നേ എത്തുകയും ചെയ്യും. അത് മറ്റൊരു സ്വഭാവം...

അങ്ങിനെ ഇന്നെലെ എനിക്ക് വടക്കേ സ്റ്റാന്‍ഡിന്റെ അടുത്ത് കൂടി സീതാറാം ഓട്ടോമൊബൈത്സില്‍ വാഹനം സര്‍വ്വീസ് ചെയ്യേണ്ടിയിരുന്നു. അപ്പോഴാണ് ഷീബ മനസ്സില്‍ വന്ന് നിറഞ്ഞത്. അപ്പോള്‍ ശകടം അങ്ങോട്ട് പായിച്ചു. ഇടവഴികളില്‍ ശകടം തിരിക്കാനും മറ്റും ബുദ്ധിമുട്ട് വരുമെന്നറിഞ്ഞിട്ടും ഞാന്‍ മനസ്സിലുള്ള വഴികളിലൂടെ ഷീബയുടെ ആസ്ഥാനത്തിന്റെ മുന്നിലെത്തി. അപ്പോള്‍ അതാ മുന്നിലൊരു പിക്കപ്പ് വന്നു, അങ്ങോട്ടുമിങ്ങോട്ടും ഉരസാതെ ഒരുവിധം എന്റെ സയ്യാര ഞാന്‍ ഒരിടത്ത് ഒതുക്കി തിരിച്ചെത്തി.

ഞാന്‍ അവിടെ എത്തിയപ്പോള്‍ ഷീബയെന്ന് തോന്നിക്കുന്ന മറ്റൊരു പെണ്ണ് ഓഫീസില്‍ ഒരു സന്ദര്‍ശകനൊത്ത് തിരക്കായിരുന്നു. ഞാന്‍ ഉമ്മറത്ത് ചൂടും കൊണ്ടിരുന്നു. അവിടെ രണ്ട് കസേരകളും ഒരു വാട്ടര്‍ ഡിസ്പെന്‍സറും ഉണ്ടായിരുന്നു. വെള്ളം കുടിക്കാന്‍ തോന്നിയില്ല.

അകത്തേക്ക് എന്നെ വിളിക്കും വരെ ഞാന്‍ അക്ഷമനായി അവിടെ തന്നെ നിന്നു. അപ്പോഴെക്കും മറ്റൊരാള്‍ അകത്തേക്ക് കയറിപ്പോയി. താമസിയാതെ എന്നേയും ഉള്ളിലേക്കാനയിച്ചു. അദ്ദേഹം ആണ് ദിവാകരന്‍. എല്ലാവരും എന്റെ സഹോദരനും സിനിമാനടനും ടിവി അവതാരകനുമായ വി കെ ശ്രീരാമന്റെ സുഹൃത്തുക്കളായതിനാല്‍ എനിക്ക് അവിടെ ഒരു വീ‍ഐപി ട്രീറ്റ്മെന്റ് തന്നെ കിട്ടി. 

ഷീബ വരുന്നത് വരെ ഞാനും ദിവാകരനും പിന്നെ അവിടുത്തെ ഓഫീസ് സ്റ്റാഫ് മഞ്ജുവും മറ്റൊരു കുട്ടി [ഷിജുവെന്നാണ് തോ‍ന്നുന്നു പേര്] യുമായി സൌഹൃദം പങ്കിട്ടു. അങ്ങിനെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ ഇവരെല്ലാം ഷീബയുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ ഓടിക്കിതച്ചെത്തി...

ഷീബക്ക് ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ള കാരണം എന്നെ മഞ്ജുവിനെ ഏല്പിച്ച് അവര്‍ ദിവാകരന്റെ കൂടെ യാത്രയായി. ഞാന്‍ അല്പസമയം ഷീബയുടെ "SOLACE" എന്ന സ്ഥാപനത്തിനെ പറ്റി  മഞ്ജുവില്‍ നിന്നും മനസ്സിലാക്കി. അവിടെ നിന്ന് ലഭിച്ച ഒരു ലീവ് ലെറ്റിലെ വിവരങ്ങള്‍ അതേ പടി താഴെ ചേര്‍ക്കാം. അതായിരിക്കും നല്ലത്...

ഈ സ്ഥാപനത്തില്‍ ഒരു വളണ്ടിയര്‍ ആയി സേവനം അനുഷ്ടിക്കാന്‍ പോകയാണ് ഞാന്‍.

"അസുഖമുള്ള കുഞ്ഞും, മാതാപിതാക്കളും, നിങ്ങളും ഒറ്റപ്പെട്ട കണ്ണികളല്ല. ഈ പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായതെല്ലാം പരസ്പരം ബന്ധിതമാണ്. പരസ്പരം ആശ്രിതമാണ്. ചൈതന്യവത്തായ പരസ്പരാശ്രിതത്വമാണ് സാഹോദര്യത്തിന്റെ നാന്ദി. സൊലെസ് അതിന്റെ ഒരു മാധ്യമമാണ്.”

നമ്മുടെ കുഞ്ഞിന് ഒരു ചെറിയ പനിയോ ജലദോഷമോ ഉണ്ടായാല്‍ നമുക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ ഒന്നാലോചിച്ചുനോക്കൂ. അത് കേന്‍സറോ മറ്റെന്തെങ്കിലും മാറാരോഗമോ ആണെന്നറിയുമ്പോഴോ...? അതുവരെയുണ്ടായിരുന്ന ശാന്തമായ കുടു:ബാന്തരീക്ഷം കുമിളയായി പൊട്ടിത്തകരുന്നു. വേവലാതിയും ആശങ്കയും നമ്മെ പിന്തുടരുന്നു. അസുഖമുള്ള കുഞ്ഞിന്റെ കൂടപ്പിറപ്പുകളുടെ പഠനം അവതാളത്തിലാകുന്നു. സാമ്പത്തികവും മാനസികവുമായ മുഴുവന്‍ ഊര്‍ജ്ജവും നാം അസുഖമുള്ള കുഞ്ഞില്‍ സമര്‍പ്പിക്കുന്നു. ജോലിയില്‍ ശ്രദ്ധ തെറ്റുന്നു. വീട്ടുകാര്യങ്ങള്‍ താളം തെറ്റുന്നു. രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ സഹായിച്ചിരുന്ന ബന്ധുക്കളും സ്നേഹിതരും അയല്‍ക്കാരും അവരുടെ പരിമിതികളിലേക്ക് ചുരുങ്ങുന്നു. എല്ലാം ദൈവത്തിനോ വിധിക്കോ വിട്ട് നാം നിസ്സഹായരായി കണ്ണീരൊഴുക്കുന്നു.

ഈ അവസരത്തിലാണ് "solace" ഇടപെടുന്നത്. അസുഖമുള്ള കുഞ്ഞിനും വീട്ടുകാര്‍ക്കും എങ്ങിനെ ഒരു താങ്ങാവാം.? വൈദ്യസംബന്ധിയായും സാമ്പത്തികമായും മാനസികമായും.

എന്താണ് "solace" ചെയ്യാനുദ്ദേശിക്കുന്നത്...?

[this post will be continued soon]

Monday, May 7, 2012

ഇരുന്നിലങ്കോട് ക്ഷേത്രത്തിലേക്കുള്ള യാത്ര

ഇരുന്നിലം കോട് എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ എന്റെ ബാല്യം ഓടിയെത്തുന്നു.... ഞാന്‍ എന്റെ ചേച്ചിയുടെ കൂടെ അനിയനും ബന്ധുമിത്രാദികളുമൊത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ കുന്നംകുളത്തെ ഇട്ട്യേരയുടെ ഡോഡ്ജ് വാടകക്കാറില്‍ ഇരുന്നിലം കോട്ടെ അമ്പലത്തിലേക്കുള്ള യാത്ര.

ഇരുന്നിലം കോട് ഉള്ള ഒരു അമ്പലത്തിന്റെ ഫോട്ടോകളും ചരിത്രങ്ങളും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഇത് മുള്ളൂര്‍ക്കര ഉള്ള സ്ഥലമല്ലെ? എങ്കില്‍ ചെറുപ്പത്തില്‍ എന്റെ ഇളയ സഹോദരനെ അവിടെ കൊണ്ട് വരാറുണ്ട്. വരുന്ന വഴി ഒരു ചെറിയ ചായക്കടയില്‍ കയറി ഇഡ്ഡലി കഴിക്കാറുണ്ട്. അത്രയും രുചിയുള്ള ഇഡ്ഡലി എന്റെ ജീവിതത്തില്‍ നിന്ന് എവിടെ നിന്നും ഞാന്‍ കഴിച്ചിട്ടില്ല.

അവിടെ ഒന്നില്‍ കൂടുതല്‍ അമ്പലങ്ങള്‍ ഉണ്ടോ? എങ്കില്‍ ഞാന്‍ പോയിരുന്ന അമ്പലം ഏതാണെന്ന് അറിയാനാഗ്രഹം ഉണ്ട്. സഹോദരന് എന്തോ വഴിപാട് ഉണ്ടായിരുന്നു അവന്റെ ചെറുപ്പത്തില്‍ അവിടെ. വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ അവിടെ കുടുംബസമേതം വരാറുണ്ട്.