“അഛാ കുറച്ച് നാളായി ഗുരുവായൂര്‍ പോയി തൊഴണമെന്ന് കരുതിയിട്ട് “
സാവിത്രിക്കുട്ടി അഛന്‍ തിരുമേനിയോട് പറഞ്ഞു. പണ്ടൊക്കെ അമ്മയുള്ളപ്പോള്‍ മാസാമാസം ഗുരുവായൂര്‍ പോകുമായിരുന്നു. അന്നൊക്കെ ഇല്ലത്ത് അതിനുള്ള വരുമാനങ്ങളും ഉണ്ടായിരുന്നു. ഇന്ന് ഇല്ലെന്നല്ല. പണ്ടത്തെ അത്ര പോരാ.
ഇപ്പോഴും രണ്ട് ആനകളും ഏക്ര കണക്കിന് ഭൂമിയും നിലങ്ങളും എല്ലാം ഉണ്ട്. എന്നാലും അഛന്‍ തിരുമേനിയുടെ കണക്കിന്നനുസരിച്ച് പണ്ടത്തെ പോലെ പെട്ടി നിറയെ വരുമാനമില്ലത്രെ.
പണ്ട് ഗുരുവായൂര്‍ പോയാല്‍ പത്ത് ദിവസമെങ്കിലും പാര്‍ത്തിട്ടേ വരാറുള്ളൂ. പിന്നീടത് രണ്ട് ദിവസത്തില്‍ ഒതുങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷമായി ആ വഴിക്ക് പോയിട്ടില്ല.
കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധിക്കുന്നു. ഇല്ലത്ത് പണ്ടത്തെപ്പോലെ സന്തോഷമുള്ള അന്ത:രീക്ഷം കാണുന്നില്ല.
“സാവിത്രിക്കുട്ടി പഴയകാലം അയവിറക്കി….”
അന്നത്തെ കാലത്ത് ഇല്ലത്തുളളവര്‍ക്കും വിരുന്നുകാര്‍ക്കും കൂടി കുറഞ്ഞത് രണ്ട് പറയുടെ ചോറ് വേണം ഉച്ചഭക്ഷണത്തിന്. പുറം പണിക്കാര്‍ക്ക് വേറെ കരുതണം.
ഇപ്പോഴത്തെ സ്ഥിതി കണ്ടില്ലേ? കഷ്ടിച്ച് രണ്ടിടങ്ങഴി അരിയിട്ടാല്‍ കഴിക്കാനാളില്ല. പുറം പണിക്കാരൊക്കെ അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് വന്ന് പുറത്തെവിടെയെങ്കിലും ഇരുന്ന് കഴിക്കും.
“കഴിഞ്ഞ വര്‍ഷം പ്രശ്നം വെച്ചിരുന്നപ്പോള്‍ തെളിഞ്ഞിരുന്നുവത്രെ. ഇവിടെക്ക് ഒരു അജ്ഞാത പുരുഷന്റെ പ്രവേശം ഉണ്ടാകുമെന്നും ഇല്ലം താമസിയാതെ സമ്പത്ത് കൊണ്ടും സന്തോഷം കൊണ്ടും പൂര്‍വ്വസ്ഥിതി പ്രാപിക്കുമെന്നും. അതിന് മുന്നോടിയായി ഗുരുവായൂരപ്പനെ ഭജിച്ച് ധ്യാനിക്കുവാനും..”
ഭഗവാന് എന്നും നെയ്യ്‌വിളക്ക് വെക്കുവാനും മറ്റു ചില കര്‍മ്മങ്ങള്‍ ചാര്‍ത്ത് പ്രകാരം ചെയ്യുവാനും കല്‍പ്പിക്കപ്പെട്ടു.
സമ്പത്തും പൂര്‍വ്വാധികം സന്തോഷവും കൈവരിക്കാനുള്ള നിമിത്തം എങ്ങിനെയാണെന്നും ഏത് വഴിക്കാണെന്നും ആര്‍ക്കും പ്രവചിക്കാനായില്ലത്രെ. ഗുരുവായൂരപ്പന്‍ പ്രസാദിക്കണമത്രെ.
“എന്നാ അഛാ നമുക്ക് ഗുരുവായൂര്‍ പോകേണ്ടത്..? “
കുട്ട്യോള്‍ടെ സ്കൂള്‍ പൂട്ടുമ്പോള്‍ ആവാം സാവിത്രിക്കുട്ടീ.
“അത് പോരാ അഛാ. അതിന്‍ ഇനി നാലുമാസം കഴിയേണ്ടെ?”
അങ്ങിനെച്ചാ നീയും ചെറിയമ്മയും കൂടി പോയ് വരൂ.
അത് ശരിയാവില്ലാ. ആണുങ്ങളായിട്ട് ആരെങ്കിലും വേണം.
“എന്നാപ്പിന്നെ അമ്മാത്തുള്ള നാരായണനെ കൂട്ടിക്കോ..”
അതൊന്നും ശരിയാവില്ലാ അഛാ. അഛനുള്ളപ്പോ പിന്നെ എന്തിനാ മറ്റുള്ളവരൊക്കെ.
“എനിക്കൊന്നിനും ഒരു ഉത്സാഹമില്ല എന്റെ മോളേ. നിന്റെ അമ്മ പോയി. ഞാന്‍ ഒറ്റപ്പെട്ടു”
“അങ്ങിനെ പറയല്ലേ അഛാ. അഛന് ഈ പുന്നാരമോള്‍ സാവിത്രിക്കുട്ടിയില്ലേ ?”
എന്നെ ഏതായാലും എന്റെ ആള്‍ ഉപേക്ഷിച്ചു. ഇനി ഒരിക്കലും അദ്ദേഹം ആസ്ത്രേലിയയില്‍ നിന്ന് നാട്ടിലേക്കില്ലത്രെ. അവിടെത്തെ മദാമ്മയോടൊത്ത് ജീവിതാവസാനം വരെ എന്നും.
“അഛനോട് ഞാന്‍ ഒരു വേളിയും കൂടി കഴിച്ചോളാന്‍ പറഞ്ഞുവല്ലോ. അഛന്‍ സമ്മതിക്കാഞ്ഞിട്ടല്ലേ..?”
കുഴല്‍ മന്ദത്തും നിന്ന് ഒരു സംബന്ധം ആലോചിച്ചതല്ലേ? നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ. എന്റെ അമ്മയോളം പ്രായമില്ലെങ്കിലും പ്രായമില്ലെങ്കിലും നമ്മുടെ ഇല്ലത്തേക്ക് പറ്റിയ ഒരു വീട്ടമ്മ തന്നെയായിരിക്കും. പ്രതാപത്തിനൊട്ടും കുറവില്ലതാനും. എനിക്കാണെങ്കില്‍ വലിയ ഇഷ്ടമായി. പിന്നെ ഒരു കൂട്ടുമായല്ലോ എനിക്ക്.
“നമുക്കതങ്ങ് ആലോചിച്ചാലോ അഛാ ?”
“എന്തിന്റെ കേടാ സാവിത്രിക്കുട്ടീ നിനക്ക്. അഛന് സംബന്ധമാലോചിക്കലല്ലോ മക്കളുടെ പണി”
‘അഛന്റെ ഈ ഏകാന്തതക്ക് ഒരു അവസാനം കുറിക്കണമല്ലോ ? അല്ലെങ്കില്‍ പണ്ടത്തെപ്പോലെ പാടത്തും പറമ്പിലും ഒന്നും പോകാതെ വീട്ടിനകത്ത് ഉടഞ്ഞ പാത്രം പോലെ കിടക്കും’
പണ്ടൊക്കെ എത്ര ഉഷാറായിരുന്നു അഛന്‍. കഞ്ഞി കുടിച്ച് ഇറങ്ങിയാല്‍ വയലിലും, പറമ്പിലും പിന്നെ നാല്‍ക്കവലയിലും ഒക്കെ പോയി ഉച്ചക്ക് പണിക്കാര്‍ കയറുന്ന സമയത്തെ വീട്ടിലെത്തൂ.
ഉച്ചയൂണ് കഴിഞ്ഞ് ഒരു മയക്കവും കഴിഞ്ഞ് വീണ്ടും പുറത്തേക്കിറങ്ങും. പിന്നെ ആനക്കാര്യവും മറ്റും കഴിഞ്ഞ് മനയിലെത്തുമ്പോള്‍ സന്ധ്യാ വിളക്ക് കൊളുത്തിയിരിക്കും.
ഇന്ന് അങ്ങിനെ ഒരു ചിട്ടയുമില്ലാത്ത ജീവിതമായിപ്പോയി എന്റെ അഛന്റെ. എന്നെ വല്ലാതെ തളര്ത്തുന്നു അഛന്റെ സ്ഥിതി കണ്ടിട്ട്.
അന്നൊക്കെ അഛന്റെ മുഖത്ത് എപ്പോഴും സന്തോഷമായിരുന്നു. അമ്മ പോയിട്ടും സന്തോഷക്കുറവില്ലായിരുന്നു. അപ്പോഴത്തെ ഒരു വല്ലായ്മ ആര്‍ക്കും വരാമല്ലോ?
ഇല്ലത്തെ സ്വത്തുക്കളില്‍ കാല് ഭാഗമല്ലേ നഷ്ടപ്പെട്ടുള്ളൂ. വിളവിലും അല്പം കുറവ് വന്നു. എന്നാലും ഇപ്പോഴും കാര്യമായ പ്രശ്നമൊന്നും കാണാനില്ലല്ലോ?
പിന്നെ ആനകള്‍ കുറഞ്ഞത് നന്നായി. അവക്ക് ഏക്കവും കാട്ടിലെ തടിപിടുത്തവും ഇല്ലെങ്കില്‍ പരിപാലിക്കാന്‍ ഏറെ കഷ്ടം.
“അഛന്‍ പേടിക്കേണ്ട. നഷ്ടപ്പെട്ട പ്രതാപമെല്ലാം തിരിച്ച് വരും.ഗുരുവായൂരപ്പനെ ധ്യാനിച്ചോളൂ. വേണമെങ്കില്‍ ഇന്ന് തൊട്ട് ഭഗവാന്‍ കെടാവിളക്ക് വെക്കാം. സംഗതികള്‍ ശരിയാകുമ്പോള്‍ നമുക്ക് ലക്ഷ്മിക്കുട്ടി പ്രസവിക്കുമ്പോള്‍ ആനക്കുട്ടിയെ നടയിരുത്താം. ഇനി ഒന്നും ശരിയായില്ലെങ്കിലും അങ്ങിനെ ചെയ്യാം.“
“നമ്മളാരേയും ഉപദ്രവിച്ചിട്ടോ ദ്രോഹിച്ചിട്ടോ ഇല്ലല്ലോ? പിന്നെ അഛനെന്തിന് ഭയക്കണം..”
മകള്‍ സാവിത്രി അഛന്‍ തിരുമേനിക്ക് ധൈര്യം കൊടുത്തു.
“ഇനി എന്താച്ചാ പറഞ്ഞോളൂ.നാം പുതിയ കാര്‍ വാങ്ങിയിട്ടും കൂടി ഗുരുവായൂര്‍ പോയതേ ഇല്ലാ. പണ്ട് കൂടെ കൂടെ പോയിവന്നിരുന്നതൊക്കെ വാടകക്കാറിലായിരുന്നില്ലേ..?”
സാവിത്രിക്കുട്ടിക്ക് പറ്റിയ ദിവസം പറഞ്ഞോളൂ. ഞാന്‍ എപ്പോഴായാലും തയ്യാറാണ്. നീയ് കൂടെയുള്ളപ്പോള്‍ എന്റെ അസുഖക്കാര്യങ്ങളൊക്കെ നാം മറക്കുന്നു. ഒരാഴത്തേക്കുള്ള മരുന്നും മറ്റും കരുതിക്കോളൂ..നമ്മളെക്കൂടാതെ രണ്ട് പേരെയും കൂട്ടിക്കോളൂ..
“അടുത്ത ബുധനാഴ്ചത്തേക്കുള്ള യാത്രക്കുള്ള കാര്യങ്ങളൊക്കെ തയ്യാറാക്കി”
അവര്‍ കാലത്ത് 8 മണിക്ക് തന്നെ യാത്ര തിരിച്ചു. സത്രത്തില്‍ 2 മുറികള്‍ ഏര്‍പ്പാടാക്കിയിരുന്നു. 12 മണിക്ക് മുന്പായിത്തന്നെ ഗുരുവയൂരപ്പന്റെ തിരുനടയിലെത്താന്‍ സാധിച്ചു.
“കൃഷ്ണാ ഗുരുവായൂരപ്പാ… അഛന്‍ തിരുമേനി മനസ്സുരുകി പ്രാര്‍ത്ഥിച്ചു. എനിക്ക് കൂടുതല്‍ ധനത്തിലൊന്നും ആഗ്രഹമില്ല ഭഗവാനേ. സന്തോഷവും സമാധാനവുമാണ് ജീവിത ലക്ഷ്യം ഭഗവാനെ. മനസ്സ് നിറയെ സന്തോഷം വേണം. പ്രായമായില്ലേ കൃഷ്ണാ ഇനി വിഷമങ്ങള്‍ താങ്ങാനില്ല ശേഷിയില്ല..”
“എന്ത് പരീക്ഷണങ്ങളും എന്നില്‍ നടത്തിക്കോളൂ. ഞാന്‍ എന്നെത്തന്നെ അങ്ങയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു. എന്റെ കുടുംബത്തിന് ഐശ്വര്യപൂര്‍ണ്ണമായ ഒരു അന്തരീക്ഷം വന്ന് ചേരണേ കൃഷ്ണാ ഗുരുവായൂരപ്പാ..”
മൂന്നാം ദിവസം അമ്പലത്തിലുള്ള സാധുക്കള്‍ക്ക് പതിവിലും കൂടുതല്‍ ഭിക്ഷ നല്‍കി. ഒരാഴ്ചത്തേക്ക് മുന്‍പ് തന്നെ ഇല്ലത്തേക്ക് മടങ്ങാന്‍ സാവിത്രിക്കുട്ടിയോട് പറഞ്ഞു.
“അഛാ നമുക്കെന്താ ഇത്ര തിരക്ക്. ഇല്ലത്തെ കാര്യങ്ങളൊക്കെ നോക്കാന്‍ ശങ്കുണ്ണ്യായരുണ്ടല്ലോ..?”
അവള്‍ അമ്പലം പ്രദക്ഷിണം വെച്ച് തുടങ്ങുമ്പോള്‍ ഒരേ സ്ഥാനത്ത് തന്നെ എന്നും കാണപ്പെട്ട ഒരു വൃദ്ധനെ ശ്രദ്ധിച്ചു. മറ്റെല്ലാ ഭിക്ഷക്കാര്ക്കും സ്ഥാനചലനങ്ങള്‍ ഉണ്ടായിരുന്നു. ഇദ്ദേഹം ഒരേ ഇരുപ്പില്‍ ഒരേ സ്ഥാനത്ത്, അതും കണ്ണടച്ച് ധ്യാന നിര്‍വൃതിയില്‍.
സാവിത്രി തൊട്ടടുത്ത ആളുകള്‍ക്ക് കൊടുക്കുന്നതിനേക്കാളും കുറച്ച് പണം അയാള്‍ക്ക് നല്‍കി. പാദസ്പര്‍ശമേറ്റ് അയാള്‍ കണ്ണുതുറന്നു. വിണ്ടും അടച്ച് ധ്യാനത്തില്‍ മുഴുകി. മറ്റുള്ളവരില്‍ നിന്നും കുറച്ചായിട്ടും സന്തോഷമുള്ള മുഖത്തോട് കൂടി അവിടെ തന്നെ ഇരുന്നു. ചിലര്‍ക്ക് സങ്കടം, മറ്റുള്ളവരുടെ മുഖത്ത് സന്തോഷമില്ലാത്ത മറ്റു പല നിറങ്ങളും.
“അഛാ നമുക്ക് ഞായറാഴ്ച മടങ്ങാം…”
ശരി മോളെ എല്ലാം നിന്റെ ഇഷ്ടം പോലെയാകട്ടെ.
“മുപ്പത്തിയെട്ട് വയസ്സുള്ള ഒരു സ്തീയാണ് സാവിത്രിക്കുട്ടിയെങ്കിലും വളരെ പ്രസരിപ്പുള്ള പതിനെട്ട്കാരിയുടെ പ്രസരിപ്പും അംഗലാവണ്യവും മറ്റുമാണവള്‍ക്ക്. സാവിത്രിക്കുട്ടിയെ മോഹിക്കാത്ത ആരുമില്ലാ ആ കരയില് പണ്ട്.“
കാലത്തെ തൊഴല്‍ കഴിഞ്ഞ് വൈകുന്നേരത്തിന് മുന്‍പ് തനിയെ ഒരു പ്രാവശ്യം കൂടി സാവിത്രി അമ്പലത്തിലെത്തി. ആ വയസ്സന്‍ അതേ സ്ഥാനത്ത് അതേ ഇരുപ്പില്‍ തന്നെ. മറ്റുപലരും അവിടെ നിന്നെണീറ്റുപോയിരുന്നു.
കഴകക്കാരോട് അന്വേഷിച്ചപ്പോള്‍ അപ്പുണ്ണ്യേട്ടന്‍ ലഭിക്കുന്ന പണത്തില്‍ ഭൂരിഭാഗവും ഭണ്ഡാരത്തില്‍ നിക്ഷേപിക്കുമത്രേ.
ഇവിടെ നിന്ന് ഞങ്ങള്‍ കൊടുക്കുന്ന നിവേദ്യച്ചോറാണ് കഴിക്കുക. കാലത്ത് കഞ്ഞിയും പയറും അല്ലെങ്കില്‍ കൂട്ടാന്‍ എന്തെങ്കിലും. വൈകിട്ടെത്തെ കാര്യം എന്താണെന്ന് ഞങ്ങള്‍ ഇതേ വരെ അന്വേഷിച്ചിട്ടില്ല. എവിടെയാണ് അന്തിയുറങ്ങുന്നതെന്നും അന്വേഷിച്ചിട്ടില്ലാ.
ദീപാരാധന കഴിഞ്ഞ്, തൃപ്പുകയും കഴിഞ്ഞ് നട അടക്കുന്ന വരെ ഇവിടെ കാണും.
“മറ്റുള്ളവര്‍ക്കൊക്കെ അവരുടെ നാടും വീടും ഒക്കെ അറിയാം. പക്ഷെ അപ്പുണ്ണ്യേട്ടന്റെ കാര്യങ്ങളൊന്നും ഏട്ടന് അറിയില്ലത്രെ. എന്നാലും ആ മുഖത്ത് എപ്പോഴും സന്തോഷം. ആരെന്ത് അസഭ്യം പറഞ്ഞാലും ഉപദ്രവിച്ചാലും ആ മുഖത്ത് ഇന്ന് വരെ ആരും സന്തോഷമല്ലാതെ മറ്റൊന്നും കണ്ടിട്ടില്ലാ.”
+++
അടുക്കളയില്‍ പണിക്കാര്‍ കുറവാണെങ്കില്‍ ഞങ്ങളെ പാത്രങ്ങള്‍ കഴുകാന്‍ സഹായിക്കാറുണ്ട്. ചിലപ്പോള്‍ സ്വയം വന്ന് എല്ലാ പണിയും ചെയ്ത് തരും. ചിലപ്പോള്‍ ആലോചനയില്‍ മുഴുകിക്കാണാറുണ്ട്.
മക്കളുണ്ടോ, കുടുംബമുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ ഒരു പ്രതികരണവും ഇല്ലാ. അപ്പുണ്ണ്യേട്ടന്‍ അതൊക്കെ മറന്നിരിക്കാം എന്നാണ്‍ ഇവിടെയുള്ളവര്‍ പറയുന്നത്.
അപ്പുണ്ണ്യേട്ടന് ഒന്നിനേയും ആരേയും ഭയമില്ലാ. ഒരിക്കല്‍ അപ്പുണ്ണ്യേട്ടന്‍ ഇരിക്കുന്നതിന്റെ ഇടത്തും വലത്തുമായി ശീവേലിക്കുള്ള ആനകളെ അറിയാതെ തളച്ചിട്ട് പാപ്പാന്മാര്‍ എവിടേയോ പോയി.അങ്ങിനെ ഒരാള്‍ അവരുടെ ശ്രദ്ധയില്‍ പെട്ടില്ലത്രെ.
ശീവേലിക്കുള്ള ആനകള്‍ പൊതുവെ ശാന്തപ്രിയരായിരുന്നെങ്കിലും മൃഗങ്ങളല്ലേ. അവരുടെ സ്വഭാവം എപ്പോ വേണമെങ്കിലും മാറാലോ.
ആ കാഴ്ച കണ്ട് കഴക്കാരും ശാന്തിമാരും ഭക്തജനങ്ങളും തടിച്ച് കൂടി. പാപ്പാന്മാരെ അന്വേഷിച്ച് കണ്ടെത്താനായില്ല. അപ്പുണ്ണ്യേട്ടന്‍ ഒരു മാറ്റവും മുഖത്ത് കണ്ടില്ല. അതേ ഇരുപ്പില്‍ പ്രസന്നവദനനായി നിലകൊണ്ടു.
ഈ വാര്‍ത്ത് കേട്ട് മേല്‍ ശാന്തിയുമെത്തി. അപ്പുണ്ണ്യേട്ടനെ തീര്‍ത്ഥം തെളിച്ച് പ്രാര്‍ത്ഥിച്ചു. ഗുരുവായൂരപ്പന്‍ തുണക്കട്ടെ. എല്ലാവരോടും പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട് മേല്‍ശാന്തി നാലമ്പലത്തിലേക്ക് പ്രവേശിച്ചു.
പാപ്പാന്മാര്‍ ഓടിക്കിതച്ചെത്തിയപ്പോളേക്കും അപ്പുണ്ണ്യേട്ടന്‍ അവിടെ നിന്നെണീറ്റ് പോയിരുന്നു.
അതില്‍ പിന്നെ അപ്പുണ്ണ്യേട്ടനെ എല്ല്ലാവര്‍ക്കും പ്രിയമായി. വൈകുന്നേരം അന്തിയുറങ്ങാന്‍ ഏതോ ഒരു ശാന്തിക്കാരന്‍ അദ്ദേഹത്തിന്റെ ഇല്ലത്തിലെ ഉമ്മറത്ത് ഇടം നല്‍കി.
ഒരിക്കല്‍ ആ ഇല്ലത്തിലെ ഒരു പിഞ്ചുകുട്ടി വൈകിട്ട് നിര്‍ത്താതെ കര്‍ച്ചിലായിരുന്നു. പെറ്റമ്മയും മറ്റും മാറി മാറി എടുത്തിട്ടും കുട്ടിയുടെ കരച്ചില്‍ നിര്‍ത്താനായില്ല. അവസാനം അവര്‍ കുട്ടിയേയും എടുത്ത് കുന്നംകുളത്തുള്ള ഒരാശുപത്രിയിലേക്ക് കൊണ്ട് പോകാനായി ഒരു വാടക കാറ് വിളിക്കാനായി പുറത്തേക്ക് പോയി. ആ സമയം കരയുന്ന കുട്ടിയെ അപ്പുണ്ണ്യേട്ടനെ ഏല്പിച്ചു.
ഭാര്യാ ഭര്‍ത്താക്കന്മാര്‍ അരമണിക്കൂറിലധികം കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലുമായി ചുറ്റിത്തിരിഞ്ഞിട്ടും ഒരു വാഹനവും അവര്‍ക്ക് കണ്ടെത്താനായില്ല.
അവര്‍ നിരാശയോടെ വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച….
“അപ്പുണ്ണി കുട്ടിയേയും കെട്ടിപ്പിടിച്ച് ഉമ്മറത്ത് ഉറങ്ങുന്നു. കുട്ടിയുടെ കരച്ചില്‍ മാറിയിരുന്നു നിശ്ശേഷം..”
അവര്‍ കുട്ടിയെ എടുത്ത് അകത്തേക്ക് പോയതും കുട്ടി പിന്നേയും കരച്ചില്‍ തുടങ്ങി. മറ്റൊരു മാര്‍ഗ്ഗമില്ലാതെ അവര്‍ കുട്ടിയെ അപ്പുണ്ണിയുടെ അടുത്ത് കൊണ്ട് കിടത്തി. അദ്ദേഹം കുട്ടിയെ കെട്ടിപ്പിടിച്ച് വീണ്ടും നിദ്രയിലാണ്ടു. അന്ന് ആ ദമ്പതിമാര്‍ കുട്ടിക്ക് വേണ്ട് ഉമ്മറപ്പടിയില്‍ ആ രാത്രി മുഴുവനും കാവലിരുന്നു.
അതിന്‍ ശേഷം അമ്പലപരിസരത്ത് ഏതെങ്കിലും കുട്ടികള്‍ക്ക് നിര്‍ത്താതെ കരച്ചിലോ, മറ്റെന്തെങ്കിലും കാരണത്താലുള്ള കരച്ചിലോ കണ്ടാല്‍ അവര്‍ അപ്പുണ്ണിയുടെ മടിയിലോ വൈകിട്ടാണെങ്കില്‍ അടുത്തോ കൊണ്ട് കിടത്തുമായിരുന്നു. നിമിഷങ്ങള്‍ക്കകം കുട്ടികളുടെ കരച്ചില്‍ മാറുന്നത് കാണാമായിരുന്നു.
പിന്നീട് അപ്പുണ്ണ്യേട്ടന്‍ അന്തിയുറങ്ങുന്ന ഇല്ലത്ത് അദ്ദേഹത്തിന്‍ കൂടുതല്‍ സൌകര്യമുള്ള ഒരു മുറി ശയിക്കാന്‍ കൊടുത്തുവെങ്കിലും അപ്പുണ്ണ്യേട്ടന്‍ സ്വീകരിച്ചില്ലത്രേ. കുട്ടികളുടെ കരച്ചില്‍ മാറ്റുന്നതിന്‍ പാരിതോഷികമോ ധനമോ, വസ്ത്രങ്ങളോ, ഭക്ഷണമോ കൊടുത്താല്‍ അപ്പുണ്ണ്യേട്ടന്‍ സ്വീകരിക്കുമായിരുന്നില്ല. അപ്പുണ്ണ്യേട്ടന്‍ ഒന്നിലും ഭ്രമം ഉണ്ടായിരുന്നില്ല എന്നുള്ളത് വിചിത്രമായ ഒരു പരമാര്‍ഥമായിരുന്നു. ഒരു നേരം ഉണ്ടില്ലെങ്കിലും അദ്ദേഹത്തിനെ ഒന്നും അലട്ടിയിരുന്നില്ല. തികഞ്ഞ ഒരു കൃഷ്ണഭക്തനാണ്‍ അപ്പുണ്ണ്യേട്ടന്‍.
അദ്ദേഹത്തിന്‍ പഴയ നല്ല കാലങ്ങളുണ്ടായിരുന്നെങ്കില്‍ തിരിച്ച് കിട്ടാന്‍ ഞാന്‍ അടക്കം എല്ലാം അമ്പലവാസികളും ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കാറുണ്ട്.
അമ്പലത്തിന്നടുത്തുള്ള ഇല്ലത്തിലെ രാത്രിയുറക്കത്തിന്‍ ശേഷം ആ വീടിന്‍ പല ഭാഗ്യങ്ങളും വന്ന് കൂടിയത്രെ. അവര്‍ക്ക് പിന്നീട് ഈ വൃദ്ധന്‍ ഒരു അധികപ്പറ്റായി തോന്നുകയും ഒരു രാത്രി അവിടെ നിന്ന് ഇറക്കിവിടുകയും ചെയ്തുവത്രെ.
അതില്‍ പിന്നെ ആ കുടുംബത്തിന്‍ പല അനര്‍ഥങ്ങളും വന്ന് ചേരുകയും ആ വീട്ടുകാര്‍ ഈ നാടുപേക്ഷിച്ച് എങ്ങോ പോയി. പിന്നീട് ആ വീട്ടില്‍ ആരും താമസിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലത്രെ.
ഇതേ വരെ അപ്പുണ്ണ്യേട്ടന്‍ ആരോടും സംസാരിച്ച് കണ്ടിട്ടില്ല.നാടും വീടും ഒന്നും അദ്ദേഹത്തിനോ കൂടെയുള്ള മറ്റു ഭിക്ഷക്കാര്‍ക്കോ അറിവില്ലാ.
ഉടുക്കാന്‍ മുണ്ടും വസ്ത്രങ്ങളും ഇവിടെ മാറി മാറി വരുന്ന മേല്‍ശാന്തിമാര്‍ കൊടുക്കും. മുട്ട് വരെയുള്ള ഒറ്റമുണ്ടാണ്‍ ധരിക്കുക. മേല്‍ മുണ്ട് ഷര്‍ട്ട് മുതലായവ ഇത് വരെ ഇട്ട് കണ്ടിട്ടില്ലാ. വര്‍ഷങ്ങളായി ഒരേ ഇരുപ്പില്‍ ഒരേ സ്ഥാനത്ത് തന്നെ. ആ സ്ഥലത്ത് മറ്റാരും ഇരിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലത്രെ. ഇനി അഥവാ ഇരുന്നാല്‍ അപ്പുണ്ണ്യേട്ടന്‍ അന്ന് മുഴുവനും അടുക്കളയില്‍ വന്ന് ഞങ്ങളെ എന്തെങ്കിലും പണിയില്‍ സഹായിക്കും. പറഞ്ഞതൊക്കെ കേള്‍ക്കാനും അനുസരിക്കാനും അറിയാം. സംസാരിക്കുകയില്ലാ എന്നേ ഉള്ളൂ…
“സാവിത്രിക്കുട്ടിക്ക് ഇതെല്ലാം കേട്ടിട്ട് വളരെ ആശ്ചര്യം തോന്നി, സ്നേഹവും. സ്നേഹത്തിന്റെയും സഹിഷ്ണുതയുടേയും പ്രതീകമായാണ്‍ ആ മനുഷ്യനില്‍ സാവിത്രിക്കുട്ടിക്ക് ദര്‍ശിക്കാനായത്. ഒരു പക്ഷെ ഭഗവാന്‍ കൃഷ്ണന്‍ തന്നെയാകും ആ ശരീരത്തില്‍ കുടികൊള്ളുന്നത്..”
“ഉടന്‍ തന്നെ സത്രത്തില്‍ പോയി അഛന്‍ തിരുമേനിയോട് വിശേഷങ്ങളെല്ലാം പറഞ്ഞു.”
ദീപരാധനക്ക് പോയപ്പോള്‍ അഛന്‍ തിരുമേനിയെ കാണിച്ച് കൊടുത്തു. മഴ ചാറുന്നുണ്ടെങ്കിലും അതേ ഇരുപ്പില്‍ അതേ സ്ഥാനത്ത്. നാരായണമന്ത്രം ഉരുവിടുന്നതും കാണാം ചുണ്ടുകളില്‍ പക്ഷെ ശബ്ദം പുറത്തേക്ക് വരില്ലാ. മന്ത്രമാണെന്ന് മേല്‍ശാന്തിയദ്ദേഹമാണത്രെ കഴക്കാരോട് പറഞ്ഞത്.
പലരും എത്ര ശ്രമിച്ചിട്ടും സംസാരിക്കുന്നത് ആര്‍ക്കും ശ്രവിക്കാനായില്ലത്രെ.
“അഛാ ആരോരുമില്ലാത്തയാളാണത്രെ. നമുക്ക് ഇല്ലത്തേക്ക് കൂട്ടിക്കൊണ്ട് പോയാലോ..?”
“അതിന്‍ നമ്മുടെ കൂടെ വിളിച്ചാല്‍ പോരുമോ മോളേ..”
സംസാരശേഷിയില്ലാത്ത ഒരാളെ കൊണ്ട് പോയി നോക്കാന്‍ ബുദ്ധിമുട്ടാവില്ലേ മോളെ ..?
“അഛന്‍ വിളിച്ച് നോക്കൂ. വരികയാണെങ്കില്‍ ഞാന്‍ നോക്കിക്കൊള്ളാം. എന്നെ ഗുരുവായൂരപ്പന്‍ അങ്ങിനെ തോന്നിപ്പിക്കുന്ന പോലെയാണഛാ എനിക്ക് അനുഭവപ്പെടുന്നത്..”
ആരോരുമില്ലാത്ത ഒരാളെ സംരക്ഷിക്കുന്നതില്‍ കവിഞ്ഞ ഒരു പുണ്യം ഈ ഭൂമിയില്‍ മറ്റൊരു കര്‍മ്മമുണ്ടോ അഛാ.. എന്താ അഛനൊന്നും മിണ്ടാത്തെ….?!
“ശരി മോളെ നിന്റെ ഒരാഗ്രഹത്തിനും ഈ അഛന്‍ തടസ്സം നിന്നിട്ടില്ലാ ഇന്ന് വരെ..”
സാവിത്രിക്കുട്ടിക്ക് സന്തോഷമായി. അവള്‍ വാകച്ചാര്‍ത്തിനെത്തിയപ്പോള്‍ മറ്റെല്ലാ ഭിക്ഷക്കാരെയും കണ്ടെത്താനായെങ്കിലും ഇദ്ദേഹത്തെ മാത്രം കണ്ടില്ല. അഛന്‍ തിരുമേനിയോടൊപ്പം ദു:ഖഭാരത്തോടെ സത്രത്തിലേക്ക് മടങ്ങി..
“പ്രാതലിന്‍ ശേഷം വീണ്ടും അമ്പലനടയിലെത്തി. പല തവണ പ്രദക്ഷിണം വെച്ചിട്ടും ആളെ കാണാനായില്ല. സാവിത്രിക്കുട്ടിക്ക് ആധിയായി. കഴകക്കാരുടെ സഹായം തേടി..”
സാവിത്രിക്കുട്ടിക്ക് വയസ്സേറേയായെങ്കിലും യൌവനം തുളുമ്പുന്ന പ്രകൃതമായിരുന്നു. കഴകക്കാരും മറ്റു ക്ഷേത്രജീവനക്കാരും ചുരുങ്ങിയ കാലയളവില്‍ അവരുടെ സ്നേഹഭാജനമായി അവള്‍.
“ഒരു പക്ഷെ അപ്പുണ്ണ്യേട്ടനെ കണ്ട് കിട്ടാതെയിരിക്കട്ടെ എന്നവര്‍ പ്രാര്‍ഥിച്ചുകാണും. അത് വരെ സാവിത്രിക്കുട്ടി ഈ ക്ഷേത്രപരിസരത്ത് കാണുമല്ലോ..”
സാവിത്രിക്കുട്ടി ക്ഷേത്രം ഓഫീസിലന്വേഷിച്ചു.
“ഞങ്ങള്‍ക്ക് ഇവിടെ വരുന്നവരേയും ഭജനമിരിക്കുന്നവരേയും കുറിച്ചൊന്നും ഒരു ധാരണയില്ല. എത്രയോ പേര്‍ പ്രതിദിനം ഇവിടെ വന്ന് പോകുന്നു.”
കിഴക്കേ നടയിലുള്ള ഏതെങ്കിലും ചന്ദനത്തിരി, കര്‍പ്പൂരം മുതലായവ വില്‍ക്കുന്ന കടയില്‍ പോയി അന്വേഷിച്ച് നോക്കൂ. അല്ലെങ്കില്‍ ഏതെങ്കിലും ആല്‍ത്തറയില്‍..
“സാവിത്രിക്കുട്ടി അഛന്റെ കൂട്ടത്തില്‍ നിന്ന് വിട്ടു അവര്‍ പറഞ്ഞ സ്ഥലത്തൊക്കെ അന്വേഷിച്ച് നിരാശയായി അമ്പലത്തില്‍ തന്നെയെത്തി.”
എന്നിട്ട് അപ്പുണ്ണ്യേട്ടന്‍ ഇരിക്കുന്ന സ്ഥലത്തിന്‍ അഭിമുഖമായി ഒരു തോര്‍ത്ത് വിരിച്ച് ഇരുന്നു. ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് കണ്ണടച്ചിരുന്നു.
“ഒരു മണിക്കൂറ് കഴിഞ്ഞ് കണ്ണുതുറന്ന് നോക്കിയപ്പോള്‍, ഇതാ ഇരിക്കുന്നു എന്റെ കണ്മുമ്പില്‍ അപ്പുണ്ണ്യേട്ടന്‍..”
“സാവിത്രിക്കുട്ടിക്ക് സന്തോഷമായി. അഛന്‍ തിരുമേനിയെ അന്വേഷിച്ച് കാണാനായില്ല. ഇനി അഛന്റെ പിറകേ പോകുമ്പോള്‍ അപ്പുണ്ണ്യേട്ടനെ കാണില്ലാ. എന്തൊരു മറിമായം കൃഷ്ണാ ഗുരുവായൂരപ്പാ.. അഛന്‍ തിരുമേനിയെയും കൊണ്ട് തിരിച്ചെത്തിയപ്പോള്‍ മനസ്സില കരുതിയപോലെ അപ്പുണ്ണ്യേട്ടന്‍ അവിടെ ഇല്ലായിരുന്നു.“
കലങ്ങിയ കണ്ണുകളോടെ സാവിത്രിക്കുട്ടി അവിടെ തന്നെ ഇരുന്നു………
[തുടരും]
അടിക്കുറിപ്പ് :: അക്ഷരപ്പിശാചുക്കളുണ്ട്. താമസിയാതെ തിരുത്താം. സദയം ക്ഷമിക്കുക.
All rights reserved
11 comments:
“മുപ്പത്തിയെട്ട് വയസ്സുള്ള ഒരു സ്തീയാണ് സാവിത്രിക്കുട്ടിയെങ്കിലും വളരെ പ്രസരിപ്പുള്ള പതിനെട്ട്കാരിയുടെ അംഗലാവണ്യവും മറ്റുമാണവള്‍ക്ക്. സാവിത്രിക്കുട്ടിയെ മോഹിക്കാത്ത ആരുമില്ലായിരുന്നു ആ കരയില് പണ്ട്.“
കൊള്ളാം
JP യുടെ ഇതുവരെ വായിച്ച കഥയില്‍ നിന്നു വിത്യസ്തം ആവര്‍ത്തനമൊ, ആത്മപ്രശംസയൊ, പൊങ്ങച്ചത്തിന്റെ ചുവയൊ ഇല്ലാതെ ഒരു നല്ല കഥ
വളരെ സന്തോഷം ചേച്ചി ഉള്ളില്‍ തട്ടിയുള്ള ഈ കമന്റ്. രണ്ട് മൂന്ന് അദ്ധ്യായത്തോടെ ഇത് അവസാനിക്കും.
അപ്പോൾ സാവിത്രികുട്ടിയുടെ കാത്തിരിപ്പിനായി കാത്തിരിക്കാം അല്ലേ...
കൊള്ളാം.....
വളരെ വ്യത്യസ്തമായ, എന്നാല്‍ ലളിതമായി പറയുന്ന കഥ വളരെ ഇഷ്ടപ്പെട്ടു. സാവിത്രിക്കുട്ടിയോടൊപ്പം കാത്തിരിക്കുന്നു, (അടുത്ത ഭാഗത്തിനായി)
ഇപ്പോ മൊത്തം 5 ഭാഗം എഴുതി. ഒരു ഭാഗം കൂടിയെഴുതി ഇത് അവസാനിപ്പിക്കുന്നു.
വായനക്കാരുടെ പ്രതികരണം അറിയിക്കുക.
REALLY A GOOD ONE.. EAGER TO READ THE SECOND PART.
Kollaam mashe..
ee appunnyettane nikkishtaayi..
Kollaam mashe..
ee appunnyettane nikkishtaayi..
Post a Comment