Saturday, January 31, 2009

എന്റെ പാറുകുട്ടീ ....... [ഭാഗം 17]


പതിനാറാം ഭാഗത്തിന്റെ തുടര്‍ച്ച >>>


ഉണ്ണി കാലത്ത് ഓഫീസിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രാതെലെല്ലാം പാര്‍വ്വതി നേരത്തെ തന്നെ ഡൈനിങ്ങ് ടേബിളില്‍ വെച്ചിട്ടുണ്ടായിരുന്നു. ഉണ്ണി ഭക്ഷണം കഴിക്കാന്‍ വരുന്നതും കാത്ത് പാര്‍വ്വതി അവിടെ തന്നെ നിന്നു.
ഉണ്ണി കഴിക്കാനെത്തി. കുളിച്ച് സുന്ദരിയായിരുന്നെങ്കിലും പാര്‍വ്വതിയുടെ മുഖത്തെ മ്ലാനത ഉണ്ണി ശ്രദ്ധിച്ചു.
“പാര്‍വ്വതി.....നമുക്ക് കഴിക്കാം...”
“ഞാന്‍ ഇത്ര നേരത്തെ കഴിക്കുന്നില്ലാ. പിന്നിട് കഴിച്ചോളാം..”
“അത് പറ്റില്ല.അങ്ങിനെയാണോ ഇത് വരെ നടന്നിരുന്നത്.?”
പാര്‍വ്വതി മുഖം കുനിച്ച് നിന്നതെ ഉള്ളൂ. ഉണ്ണി മുറി വിട്ട് ബേഗും എടുത്ത് പടിയിറങ്ങിയത് പാര്‍വ്വതി ശ്രദ്ധിച്ചില്ല. പൊടുന്നനെ കാറില്‍ കയറി യാത്രയായി. പെട്ടെന്ന് പരിസരബോധം വന്ന പാര്‍വ്വതി ഓടി കാറിന്റെ അടുത്തേക്ക് എത്തിയപ്പോഴെക്കും പതിവിലും സ്പീഡില്‍ കാറോടിച്ച് പോകുന്ന അവളുടെ ഉണ്ണ്യേട്ടനെ കണ്ട്, മുറ്റത്ത് തളര്‍ന്നിരുന്നു. ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് അവള്‍ക്ക് ഏറെക്കുറെ ഊഹിക്കാമായിരുന്നു. കൂടാതെ ബ്ലൌസുകള്‍ വണ്ടിയില്‍ കൊണ്ട് വെച്ചില്ല.
പാര്‍വ്വതിയുടെ സങ്കടം ആരോട് പറയാന്‍. ആ പെണ്‍കുട്ടി വിതുമ്മി. അമ്മയോട് ഒന്നും ഉണര്‍ത്തിക്കാന്‍ വയ്യ. പിന്നെ ആരുണ്ട്. കൂട്ടുകാരികളുണ്ട് സ്കൂളില്‍, ചുറ്റുപാടിലാരും ഇല്ല.മുറ്റത്ത് നിന്ന് തിരിച്ചെത്തിയ പാര്‍വ്വതി ഭക്ഷണമെല്ലാം എടുത്ത് അടുക്കളയിലേക്ക് പോയി. കാര്യങ്ങളെല്ലാം അമ്മ അന്വേഷിച്ചപ്പോള്‍ അവള്‍ തീര്‍ത്തും തളര്‍ന്നു.. ആ അമ്മയുടെ ഉള്ളില്‍ തീ പടര്‍ന്നു.
“മോളെ പാര്‍വ്വതീ... മോള് എന്തെങ്കിലും കഴിച്ച് സ്കൂളില്‍ പൊയ്കോ..”
“ശരി അമ്മേ....”
പാര്‍വ്വതി കലങ്ങിയ കണ്ണുകളുമായി സ്കൂളിലെത്തി. അന്ന് പാര്‍വ്വതി കൂട്ടുകാരികളോട് മിണ്ടിയില്ല.. അവളുടെ ക്ലാസ്സ് ടീച്ചര്‍ ഇന്റര്‍വെല്‍ സമയത്ത് പാര്‍വ്വതിയെ സ്റ്റാഫ് റൂമില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ധൈര്യമായിരിക്കാന്‍ പറഞ്ഞു. നേരത്തെ ഓഫീസിലെത്തിയ ഉണ്ണിയെ സ്റ്റാഫ് ശ്രദ്ധിച്ചു. എല്ലാവരും കൃത്യസമയത്ത് എത്തിയിരുന്നു. നിര്‍മ്മലയെ ഉണ്ണി ഫോണില്‍ വിളിച്ചു.
“മേ ഐ കം ഇന്‍...”
“യെസ് പ്ലീസ്.”
ഉണ്ണി നിര്‍മ്മലയെ അടിമുടി വരെ നോക്കി. നിര്‍മ്മല അവിടെ നിന്ന് ചൂളി. മാന്‍ കുട്ടിയെ പോലെ പേടിച്ചു വിറച്ചു. നിര്‍മ്മല അവളുടെ മുഖം ഉണ്ണിയുടെ ഡെസ്കിന്നടുത്തേക്ക് കാണിച്ചു കൊടുത്തു. ഉണ്ണിയുടെ ഭാവപ്പകര്‍ച്ച നിര്‍മ്മല ശ്രദ്ധിച്ചിരുന്നു.
സാര്‍ എന്റെ ചെവി പിടിച്ച് തിരുമ്മിക്കൊള്ളൂ..എന്നെ പരിഹസിക്കുകയാണോടീ എന്നും പറഞ്ഞ് ഉണ്ണി അവളുടെ ചെകിട്ടത്തടിച്ചു.
“നിന്നോട് പറഞ്ഞിട്ടില്ലേ ഞാന്‍ പലതവണ - മുല്ലപ്പൂ ചൂടി ഓഫീസില്‍ വരരുതെന്ന്..”
“ഉണ്ട് സാര്‍...”
“പിന്നെ ഇപ്പോള്‍....?”
“ഞാന്‍ ഓഫീസില്‍ വരുന്ന വഴി ഒരു കസിന്റെ കല്ല്യാണത്തില്‍ സംബന്ധിച്ചിരുന്നു. അതിന് വേണ്ടി ചൂടിയതാണ്. ഓഫീസില്‍ എത്താനുള്ള തിരക്കിന്നിടയില്‍ ഇത് എടുത്ത് മാറ്റാന്‍ മറന്നു. സാര്‍ ക്ഷമിക്കണം. അറിയാതെ വന്ന തെറ്റ് ക്ഷമിക്കണം.
സാറിന് മുല്ലപ്പൂ ഗന്ധം തലവേദനയുണ്ടാക്കുന്നതാണെനിക്കറിയാം..”
കരഞ്ഞുകലങ്ങിയ കണ്ണുമായി നിര്‍മ്മല അവിടെ തന്നെ നിന്നു.. അവളുടെ ചുവന്ന് തുടിച്ച കവിളുകളില്‍ കൂടി കണ്ണുനിര്‍ ഇറ്റിറ്റ് വീണു.
കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.. അതിന്നിടക്ക് ഉണ്ണിയുടെ ഫോണ്‍ അടിച്ച് കൊണ്ടിരുന്നു. നോ റെസ്പോണ്‍സ് എന്ന് പറഞ്ഞ് മടുത്ത ടെലഫോണ്‍ ഓപ്പറേറ്റര്‍ ഉണ്ണിയുടെ മുറിയിലേക്കേത്തി നോക്കി സ്ഥലം വിട്ടു. എല്ലാ ജോലിക്കാരോടും പറഞ്ഞു ഇന്ന് ബോസിന്റെ മൂട് ആകെ കുഴപ്പത്തിലാണെന്ന്. ഓഫീസ് ഡെസ്കിലെ കടലാസ്സുകളില്‍ അലസമായി കണ്ണോടിച്ചു കൊണ്ടിരുന്ന ഉണ്ണി തലയുയര്‍ത്താതെ നിര്‍മ്മലയോട് പൊയ്കോളാന്‍ പറഞ്ഞു. ഉണ്ണി ഫോണെടുത്തു... ശങ്കരേട്ടനെ വിളിച്ചു.ശങ്കരേട്ടന്‍ ഉണ്ണിയുടെ കേബിനില്‍ ആഗതനായി.
“ശങ്കരേട്ടാ....”
“എന്താ സാര്‍....”
“എന്റെ കാര്‍ ഇന്ന് സര്‍വ്വീസിന് കൊടുക്കണം..നമ്മള്‍ പുതിയതായി ബുക്ക് ചെയ്ത മെര്‍സീഡസ് കാറിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്തായി?”
“അത് പോര്‍ട്ടില്‍ നിന്ന് ക്ലിയര്‍ ചെയ്ത് ഡിലറുടെ വര്‍ക്ക് ഷോപ്പില്‍ എല്ലാ ഫിറ്റിങ്ങ്സും, ക്ലീനിങ്ങും കഴിഞ്ഞ് നാളെ തരാമെന്നാ പറഞ്ഞിരിക്കുന്നത്.”
“ശരി.... ശങ്കരേട്ടന്‍ ആ കമ്പനിയിലെ സീനിയര്‍ സെയിത്സ് മേനേജരെ വിളിച്ച് ഇന്ന് 12 മണിക്ക് മുന്‍പ് കാര്‍ നമ്മുടെ ഓഫീസില്‍ ഡെലിവര്‍ ചെയ്യാന്‍ പറയണം. നമ്മള്‍ ബാക്കി കൊടുക്കാനുള്ള പണത്തിന്നുള്ള ഡിഡി തയ്യാറാക്കി വെച്ചോളൂ..12 മണിക്ക് തന്നെ വാഹനം ഇവിടെ എത്തിക്കൊള്ളണം..”
“ശരി സാര്‍.....”
“പിന്നെ നിര്‍മ്മലയെ ഇങ്ങോട്ട് പറഞ്ഞയക്കൂ....”
“സാര്‍....”
“വരൂ നിര്‍മ്മലേ...ഇരിക്കൂ....ഞാന്‍ അടിച്ചത് വേദനിച്ചോ..?”
“ഇല്ലാ സാര്‍..... എന്നെ എത്ര വേണമെങ്കിലും അടിച്ചോളൂ സാര്‍. ഞാന്‍ തെറ്റ് ചെയ്തിട്ടല്ലേ.എന്നെ തല്ലിയാലും, എന്നെ വിളിച്ച് ഇങ്ങനെയെല്ലാം ചോദിക്കുന്ന സാറിനെ എനിക്ക് എപ്പോഴും അഭിമാനമാണ്.. ഈ ഓഫീസില്‍ എനിക്ക് തരുന്ന സ്നേഹത്തിന് ഞാന്‍ സാറിനോട് കടപ്പെട്ടിരിക്കുന്നു...”
“നിര്‍മ്മല ഇന്ന് കസവുകടയില്‍ പോയി നല്ല രണ്ട് കസവു സെറ്റ്മുണ്ടുകള്‍ വാങ്ങിക്കണം.. പിന്നെ അതിന് മേച്ചിങ്ങ് രണ്ട് ബ്ലൌസുകളും, ഒന്ന് പാര്‍വ്വതിക്കും, ഒന്ന് നിര്‍മ്മലക്കും.. കസവു മുണ്ടുകളില്‍ ചുവപ്പ് കരയുള്ളതായിരിക്കണം. പതിനൊന്നരക്ക് മുന്‍പ് സാധനങ്ങളുമായി ഇവിടെ എത്തണം.. മുണ്ടുമായെത്തിയാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ബ്ലൌസ് തുന്നിത്തരാമെന്ന് കടയുടമസ്ഥന്‍ എന്നെ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ട്...”
“പിന്നെ തൃശ്ശൂര്‍ മുന്‍സിപ്പല്‍ റോട്ടിലെ ജോര്‍ജ്ജേട്ടന്റെ കടയില്‍ ഞാന്‍ 50 കുട ഏല്പിച്ചിട്ടുണ്ട്.. നമ്മുടെ മെഡിസിന്‍ ഹോള്‍ സെയിത്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേര് കുടയില്‍ ആലേഖനം ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. തന്നെയുമല്ല. ഉള്‍ഭാഗത്ത് എല്ലാ സ്റ്റാഫിന്റെ പേരും വേറെ വേറെ എഴുതാനും പറഞ്ഞിട്ടുണ്ട്.. പതിനൊന്നരക്ക് മുന്‍പായി ഇവിടെ എത്തണം.. രാധാകൃഷ്ണനെ കൂട്ടി പൊയ്കോളൂ...”
‘കൃത്യസമയത്ത് തന്നെ കാറുമായി ശങ്കരേട്ടനെത്തി.. പീക്കോക്ക് ഗ്രീന്‍ കളറിലുള്ള മെറ്റാലിക്ക് ഡിസൈന്‍... ഈ പട്ടണത്തിലെ ആദ്യത്തെ മെര്‍സിഡിസ് കാര്‍ ഉണ്ണിയുടെ ഓഫീസ് അങ്കണത്തില്‍ പ്രവേശിച്ചു. പാര്‍വ്വതി ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ പേരു അച്ചടിച്ച കുടകളും, വസ്ത്രങ്ങളുമായി നിര്‍മ്മലയും എത്തി. ഉണ്ണി തന്റെ ഉച്ച ഭക്ഷണത്തിനോടോപ്പം അന്‍പത് പേക്കറ്റ് ലഡുവും ജിലേബിയും ഓര്‍ഡര്‍ കൊടുത്തിരുന്നു. അതും കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. നിര്‍മ്മല സെറ്റുമുണ്ടുകളുമായി ഉണ്ണിയുടെ ഓഫീസിലെത്തി.
“നിര്‍മ്മലേ.. താന്‍ അതില്‍ തന്റെ മുണ്ടുടുത്ത് വരൂ ഉടന്‍ തന്നെ..” ഒന്നും മനസ്സിലാവാത്ത നിര്‍മ്മല ഒരു പാവയെ പോലെ പറഞ്ഞതനുസരിച്ചു. ഞൊടിയിടയില്‍ തിരിച്ചെത്തി..
“നിര്‍മ്മല പുതിയ കാര്‍ കണ്ടുവല്ലോ.. കാറിന് വരവേല്പ് നല്‍കണം.. നിലവിളക്ക് കത്തിച്ച് പൂവെറിയണം.. പിന്നെ ആ കുടകള്‍ പേരു നോക്കി വിതരണം ചെയ്യണം...”
“ശരി സാര്‍......”
ഉണ്ണി കാര്‍ ഓഫീസിന്റെ ചവിട്ടുപടിക്കരികില്‍ പാര്‍ക്ക് ചെയ്തു...നിര്‍മ്മല നിലവിളക്കുമായി, പൂവുകളെറിഞ്ഞു കാറിനെ ഉണ്ണിയുടെ ബിസിനസ്സ് സമുച്ചയത്തിലെ ഒരു അംഗമായി സ്വീകരിച്ചു...
ഉണ്ണി എല്ലാവര്‍ക്കും ഓരോ കുട സമ്മാനിച്ചു... ഏറ്റവും വില കൂടിയ വിദേശനിര്‍മ്മിതമായ കുട. അതും പേര്‍സനലൈസ് ഡ്. എല്ലാവര്‍ക്കും മഴയെ വരവേല്‍ക്കാനുള്ള കുട സമ്മാനമായി കിട്ടിയത് വളരെ ആഹ്ലാദമുളവാക്കി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. എല്ലാ സ്റ്റാഫും ഉണ്ണിയെ പുകഴ്തി... ഇന്ന് ഹാഫ് ഡേ ആയി ഡിക്ലയര്‍ ചെയ്തു..
“നിര്‍മ്മലേ....”
“എന്താ സാര്‍...”
“കുട ഇഷ്ടമായോ.?”
“കുടയേക്കാള്‍ ഇഷ്ടമായത് സെറ്റ് മുണ്ടാണ്... ഇത്രയും വില പിടിപ്പുള്ള മുണ്ട് ഞാന്‍ ജീവിതത്തില്‍ ആദ്യമായാ ഉടുക്കുന്നത്.. കാലത്ത് നല്ല ചുട്ട ഒരടി കിട്ടിയാലെന്താ നഷ്ടം..”
നിര്‍മ്മലയുടെ ഉള്ളം കുളിര്‍ത്തു.. നിര്‍മ്മല ഉണ്ണിയെ തൊഴുതൂ... ഉണ്ണി നിര്‍മ്മലയെ തോളൊട് ചേര്‍ത്തു ആശ്ലേഷിച്ചു...
നിര്‍മ്മല ഏറെ നാളായി കൊതിച്ചിരുന്നതാണ് അങ്ങിനെയെങ്കിലും ഒരാലിംഗനം.നിര്‍മ്മല എന്റെ ഉച്ച ഭക്ഷണത്തിന്റെ ലഞ്ച് കേരിയറും, കുറച്ച് മധുരപലഹാരങ്ങളും, പാര്‍വ്വതിക്കുള്ള കുടയും, സെറ്റ് മുണ്ടും നമ്മുടെ പുതിയ കാറില്‍ എടുത്ത് വെക്കൂ..
ഞാന്‍ വീട്ടിലേക്ക് പോകയാണ്...”
ഉണ്ണി പുതിയ കാറില്‍ വീട്ടിലേക്ക് യാത്രയായി... ഉണ്ണിയുടെ പുതിയ കാര്‍ പാര്‍വ്വതിയുടെ സ്കൂള്‍ മുറ്റത്ത് വന്ന് നിന്നു... കുട്ടികളും നാട്ടുകാരും ചുറ്റും കൂടി ഒരു കൌതുക വസ്തുവിനെ ദര്‍ശിച്ച പോലെ..ഉണ്ണി കാറില്‍ നിന്നിറങ്ങി പാര്‍വ്വതിയുടെ ക്ലാസ്സിലേക്ക് പോയി.. ഉണ്ണിയെ കണ്ട പാര്‍വ്വതി എല്ലാം മറന്ന് അവളുടെ ഉണ്ണ്യേട്ടന്റെ അടുത്തേക്ക് ഓടിയെത്തി..
“ടീച്ചറേ.......ഞാനിന്ന് പാര്‍വ്വതിയെ നേരത്തെ കൊണ്ട് പൊയ്കോട്ടെ.?”
“ശരി സാര്‍...”
ഉണ്ണി പാര്‍വ്വതിയെയും കൂട്ടി ഹെഡ് മിസ്ട്രസ്സിന്റെ മുറിയില്‍ പോയി കണ്ടിട്ട്...പാര്‍വ്വതിയെ പുതിയ കാറില്‍ കയറ്റി വീട്ടിലെത്തി.........
പാര്‍വ്വതിയുടെ എല്ലാ ദു:ഖവും പമ്പ കടന്നു..
“ഉണ്ണ്യെട്ടാ ഏതാ ഈ പുതിയ കാര്‍...?”
“ഞാനിന്ന് വാങ്ങിയതാ...നിന്നെയാ ഞാനിതില്‍ ആദ്യം കയറ്റിയത്..നമുക്കാദ്യം ഭക്ഷണം കഴിക്കാം....
എന്റെ ഉച്ച ഭക്ഷണം ഞാനിങ്ങോട്ട് കൊണ്ട് വന്നു.അതെടുത്ത് വെക്ക്..പിന്നെ അതിലൊരു ബേഗില്‍ മധുരപലഹാരങ്ങള്‍ ഉണ്ട്...
പിന്നെ കസവുകടയുടെ ഒരു ബേഗും..”
പാര്‍വ്വതി എല്ലാമെടുത്തു വീട്ടിന്നുള്ളില്‍ കൊണ്ട് വെച്ചു.....
“പോയി കുറച്ച് വെള്ളം മാത്രമെടുത്ത് വരൂ..ഇനി നമുക്ക് ഈ ഭക്ഷണം രണ്ട് പേര്‍ക്കും കൂടി കഴിക്കാം.”
ലഞ്ച് കേരിയറിന്റെ കൂടെ ഒരു ഇല മാത്രമാണുണ്ടായിരുന്നത്..ഭക്ഷണം അതില്‍ വിളമ്പി രണ്ട് പേരും കൂടി ഒരു ഇലയില്‍ നിന്ന് തന്നെ കഴിച്ചു. പാര്‍വ്വതിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. അവള്‍ ആനന്ദത്തില്‍ ആറാടി.’
പാര്‍വ്വതി പാത്രമെല്ലാം കഴുകി തിരികെ എത്തി.
“പാര്‍വ്വതീ......... പുതിയ കാറിനോടൊപ്പം ഞാന്‍ നിനക്ക് ഒരു സമ്മാനം കൊടുന്നിട്ടുണ്ട്...”
കസവുകടയില്‍ നിന്ന് വാങ്ങിയ സെറ്റുമുണ്ടും, കുടയും പാര്‍വ്വതിക്ക് നീട്ടി...
“ആഹാ....... നല്ല കസവ് മുണ്ട്.... മേച്ചിങ്ങ് ബ്ലൌസും.....ഇതിനെത്രയാ വില ഉണ്ണ്യേട്ടാ?”
“എത്ര വില വരും???
“നിക്കറിയില്ലാ...”
“എന്നാലും പറാ....”
“ഒരു നൂറ് ഉറുപ്പിക വരും...”
“അതിന്റെ നാല് ഇരട്ടി വിലയുണ്ട്..ഞാന്‍ ചെറുതായൊന്ന് മയങ്ങാം..നമുക്ക് 4 മണിക്ക് പുറത്ത് പോകാം....
നീ കുളിച്ച് ഈ പുതിയ സെറ്റ് മുണ്ട് ഉടുത്ത് നില്‍ക്കണം...”
പാര്‍വ്വതി മുണ്ടും, കുടയും അമ്മയെ കൊണ്ട് കാണിച്ചു..പാര്‍വ്വതിയുടെ അമ്മ മനസ്സില്‍ പറഞ്ഞു, എന്റെ മോളെ എത്ര ഉപദ്രവിച്ചാലും അവന് അവളോടുള്ള സ്നേഹം അതിന്റെയൊക്കെ എത്രയോ മടങ്ങാണ്.. അവന്റെ പെട്ടെന്നുള്ള ഈ ദ്വേഷ്യം ഒന്ന് മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അവന്‍ തനിത്തങ്കമാണ്..പാര്‍വ്വതി കുളിച്ച് സുന്ദരിയായി... പുതിയ മുണ്ടുമുടുത്ത് ഉണ്ണിയുടെ മുന്നില്‍ ഹാജരായി.....
ഉണ്ണി രണ്ട് മിനിട്ടില്‍ കുളിച്ച് ഫ്രഷായി.. രണ്ട് പേരും കൂടി പുതിയ കാറില്‍ പട്ടണം ചുറ്റാനിറങ്ങി..
“ഉണ്ണ്യേട്ടാ നമ്മള്‍ എവിടെക്കാ പോണേ?എന്തൊരു തണുപ്പാ ഈ കാറില്‍, നല്ല മണവും.നിക്ക് ഉണ്ണ്യേട്ടന്റെ ആപ്പീസ് കാണിച്ച് തരുമോ?”
“ആപ്പീസ് കാണാനുള്ള സമയമായിട്ടില്ല...പിന്നെ കാണിക്കാം..നമുക്ക് സന്ധ്യാ നേരത്ത് പാറമേക്കാവ്, വടക്കുന്നാഥന്‍, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളില്‍ പോകണം..”
“ഇത് ഏത് അമ്പലമാ ഉണ്ണ്യേട്ടാ‍..?”
“ഇതാണ് പാറമേക്കാവ്..ദേവിയോട് നല്ലോണം പ്രാര്‍ത്ഥിച്ചോളൂ.ഉണ്ണിയേട്ടനോട് കളിക്കാനും, തല്ലുകൂടാനും, പിണങ്ങാനും എല്ലാം..ഇനി നമ്മള്‍ പുറത്ത് കടന്ന് പ്രദക്ഷിണം വെക്കാം...”
ഉണ്ണിയും പാര്‍വ്വതിയും പ്രദക്ഷിണ വഴിയില്‍ കൂടി നടന്നു തുടങ്ങിയപ്പോള്‍, പിന്നില്‍ നിന്നൊരു വിളി... ഉണ്ണി സാറെ..തിരിഞ്ഞ് നോക്കിയപ്പോള്‍ കനറാ ബാങ്ക് മേനേജറും കുടുംബവും..
“ഇത് സാറിന്റെ ഭാര്യയാണോ?”
പാര്‍വ്വതി അത് കേട്ടു തല കുനിച്ചു.
“ഇത് പാര്‍വ്വതി.. എന്റെ എല്ലാ മെല്ലാം..”
“സാറിന് മക്കളില്ലേ?”
“സമയമായിട്ടില്ല...”
“എന്നാല്‍ ഞങ്ങള്‍ നടക്കട്ടെ...”
“ശരി പിന്നെ കാണാം...”
ഇതെല്ലാം കേട്ട പാര്‍വ്വതി ഉണ്ണിയോടൊന്നും ചോദിച്ചില്ല... എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു.എല്ലാ അമ്പലങ്ങളിലും ചുറ്റിക്കറങ്ങിയപ്പോള്‍ മണി ഏഴരയായിരുന്നു.. ഉണ്ണി പാര്‍വ്വതിയെയും കൂട്ടി പത്തന്‍സ് ഹോട്ടലില്‍ കയറി.
“പാര്‍വ്വതിക്കെന്താ കഴിക്കേണ്ട്? .ഇവിടുത്തെ മസാല ദോശ വളരെ പ്രസിദ്ധമാണ്..”
“നിക്ക് ഉണ്ണ്യേട്ടനെന്താ കഴിക്കണ്... അത് മതി...”
“ഹലോ ബെയ് റര്‍...രണ്ട് മസാല ദോശ..പിന്നെ രണ്ട് കാപ്പിയും.,
പാ‍ര്‍വ്വതീ.......... നീയെന്താ ഒന്നും മിണ്ടാത്തെ.?”
“എന്നെ ഇത്രയും സ്നേഹമുണ്ടോ എന്നോര്‍ക്കുകയായിരുന്നു..”
“അപ്പോള്‍ നിനക്കത് ഇത് വരെയും മനസ്സിലായിട്ടില്ലേ.?നീയുള്ളതിനാലല്ലേ ഞാനീ നാട്ടിന്‍ പുറത്ത് തന്നെ കൂടണത്?
പ്രീയൂണിവേഴ്സിറ്റി കഴിഞ്ഞാന്‍ നിന്നെ ബി കോമിന് ചേര്‍ത്താം.വിമല കോളേജില്‍ ചേര്‍ക്കാം.അവിടെ ഹോസ്റ്റ്ലിലാക്കാം.”
“നിക്ക് ഹോസ്റ്റലില് നിക്കണ്ട..”
“അതെന്താ.?എല്ലാ കുട്ട്യോള്‍ക്കും ഹോസ്റ്റലല്ലേ ഇഷ്ടം.?”
“നിക്കെന്റെ ഉണ്ണ്യേട്ടനെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല..”
“എന്നും ഉണ്ണ്യേട്ടാനുണ്ടായെന്ന് വരുമോ.?”
“ന്റെ കൂടെ ഉണ്ണ്യേട്ടനില്ലെങ്കില്‍ പിന്നെ ഞാനില്ല..എനിക്കെന്നും പോയി വരുന്ന കോളേജില്‍ എന്നെ ചേര്‍ത്താല്‍ മതി..”
“ഒരു ദോശയും കൂടെ പറയട്ടെ..”
“ഉണ്ണ്യേട്ടന് വേണോ?”
“എനിക്ക് വേണ്ട.നീ കഴിച്ചോ...”
“ഉണ്ണ്യേട്ടന് വേണ്ടങ്കീ എനിക്കും വേണ്ട...”
“എന്നാ നമുക്ക് ഓരോ ഊത്തപ്പം കഴിക്കാം...”
“എല്ലാം ഉണ്ണ്യേട്ടന്റെ ഇഷ്ടം പോലെ...”
“ഇനി കാപ്പി കുടിച്ചോളൂ..”
“ഇനിയെന്താ വേണ്ടെ?”
“‘ഇനി ഒന്നും വേണ്ട..നേരം കൊറെ ആയല്ലോ ഉണ്ണ്യേട്ടാ‍...മ്മ്ക്ക് പൂവാ..”
ഒന്‍പത് മണിയാവാറായപ്പോളെക്കും രണ്ട് പേരും വീട്ടിലെത്തി....
“പാര്‍വ്വതീ ഒന്നും കൂടി മേല് കഴുകാം അല്ലേ.?”രണ്ട് പേരും മേല്‍ കഴുകി ഉറങ്ങാന്‍ കിടന്നു.
“ഉണ്ണ്യേട്ടാ..”
“എന്താ പാര്‍വ്വതീ...”
“എന്നോടെന്താ ഇത്ര ഇഷ്ടം?”
“എനിക്ക് നിന്നെ ഇഷ്ടമുണ്ടോ.?”
പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പുണര്‍ന്നു..
“ഉണ്ണ്യേട്ടാ‍ എനിക്കെന്തെങ്കിലും സംഭവിച്ചാലോ?”
“നീ എന്റെ കൂടെ കിടക്കാന്‍ തുടങ്ങിയിട്ടെത്ര നാളായി.?”
“ഏതാണ്ട് പത്ത് കൊല്ലമായി..”
“എന്നിട്ടെന്തെങ്കിലും സംഭവിച്ചോ.?”
“ഉണ്ണ്യേട്ടാ..ഇത് വരെ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, സംഭവിക്കാമല്ലോ?.”
“അങ്ങിനെ ഉണ്ടാകുമ്പോള്‍ ആലോചിക്കാം...”
ഉണ്ണിയും പാര്‍വ്വതിയും ആലിംഗനത്തില്‍ അമര്‍ന്നു.. രണ്ട് ശരീരവും ഒരു മനസ്സുമായി..പുലര്‍ച്ചെ എഴുന്നേറ്റ ഉണ്ണി പാര്‍വ്വതിയെ വിളിച്ചുണര്‍ത്തി....
“അതെയ് പാര്‍വ്വതീ... നമ്മള്‍ പാറമേക്കാവ് അമ്പലത്തില്‍ വെച്ച് ഒരു ബേങ്ക് മേനെജരെ കണ്ടില്ലേ.. അദ്ദേഹം ചോദിച്ചതൊന്നും ആരോടും പറയരുത് കേട്ടോ..”
“ഞാനൊരു കാര്യവും ഇന്ന് വരെ ആരൊടും പറഞ്ഞിട്ടില്ല..അതൊക്കെ എനിക്കറിയാം ഉണ്ണ്യേട്ടാ‍...”
വീണ്ടും ഉറങ്ങാന്‍ കിടന്ന പാര്‍വ്വതിയെ ഇക്കിളിയാക്കി ഉണര്‍ത്തി ഉണ്ണി....
“പാര്‍വ്വതീ....... നീ പോയി പല്ല് തേച്ചിട്ട് വാ.”
“അപ്പോ കുളിക്കേണ്ടെ?”
“കുളിക്കാനുള്ള നേരമായിട്ടില്ലല്ലോ..”
പല്ല് തേച്ച് മുഖം കഴുകി വന്ന ഉണ്ണി പിന്നെയും കിടന്നു..... കൂടെ പാര്‍വ്വതിയും........
അവര്‍ ഓരോന്ന് പറഞ്ഞും കളിച്ചും പുലരും വരെ കിടന്നു......
“എടീ പാര്‍വ്വതീ... മണി ആറാകാറായി...വേഗം എണീച്ച് പോ കുട്ടീ.എന്താ നീയെണീക്കാത്തത്.......
ന്റെ മേലാകെ വേദനിക്കണ് .... പിന്നെ ചുട്ട് നീറ്ണൂ..”
“ദെന്താ നെനക്ക് ഇന്ന് മാത്രം ചുട്ടുനീറ്റം..ഇത്രനാളുമില്ലാത്ത അസുഖം?”
“പോ ന്റെ ഉണ്ണ്യേട്ടാ...”
പാര്‍വ്വതി ഉണ്ണിയുടെ മാറില്‍ തല ചായ്ച് പിന്നെയും കിടന്നു.
“ഉണ്ണ്യേട്ടാ ഞാനിന്ന് സ്കൂളില് പോണില്ല്യാ.ഉണ്ണ്യേട്ടനും പോണ്ട.....”
“നല്ല കാര്യമായി......”
“ന്നാ എന്നെ വണ്ടീല് കേറ്റി സ്കൂളില് വിട്വോ?”
“വേണ്ട... വേണ്ടാ.... നീ നടന്ന് തന്നെ പോയാ മതി...”
പാര്‍വ്വതിയുടെ ചന്തിക്ക് രണ്ട് ചുട്ട അടി കൊടുത്തു ഉണ്ണി.
“ഉണ്ണ്യേട്ടാ........ എന്താ ന്നെ അടിക്ക്ണ്.?”
“ണീച്ച് പോ ന്റെ പെണ്ണേ.........വേഗം....”

[തുടരും]

Copyright 2009. All Rights Reserved

Tuesday, January 27, 2009

എന്റെ പാറുകുട്ടീ.......... [ഭാഗം 16]

പതിഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച ...>>>

ഉണ്ണിയുടെ ഓഫീസില്‍ നിന്ന് വന്ന സ്റ്റാഫ് ഓഫീസ് കാര്യങ്ങളൊക്കെ ഉണ്ണിയുമായി ഡിസ്കസ്സ് ചെയ്ത് തിരിച്ച് പോകാറായി. ഉണ്ണിയുടെ സമ്മതപ്രകാരം അവര്‍ വീടും പറമ്പുമെല്ലാം ചുറ്റിക്കണ്ടു. ചിന്തയിലാണ്ടു നില്‍ക്കുന്ന പാര്‍വ്വതിയെ കണ്ട് ഉണ്ണി
"പാര്‍വ്വതീ......"
പെട്ടെന്ന് ഞെട്ടിതിരിഞ്ഞ് പാര്‍വ്വതി "എന്താ ഉണ്ണ്യേട്ടാ..."
"നീയെന്താ ഇങ്ങനെ മേല്‍പ്പോട്ട് നോക്കി നിക്കണ്.?ഇവിടെ വന്നവര്‍ക്ക് എന്തെങ്കിലും കുടിക്കാന്‍ കൊടുത്തോ...?"
"ഇല്ലാ.."
"അതൊക്കെ ഞാന്‍ പറയണോ..ഇവിടെ വിരുന്നുകാര് വരുമ്പോള്‍ എല്ലാം വാരിക്കോരി കൊട്ക്ക്ണ് കാണാറുണ്ടല്ലോ നിന്റെ അമ്മ..എവിടെ പോയി അമ്മയും പരിവാരങ്ങളും.."
"അവര്‍ അടുക്കളയിലുണ്ട്..."
"എന്നാ അവര്‍ പോകുന്നതിന് മുന്‍പ് കുടിക്കാനും കഴിക്കാനും എന്തെങ്കിലും ഉടന്‍ മേശപ്പുറത്ത് കൊണ്ട് വെക്ക്....."
ഒന്നും അറിയാത്തവരെ പോലെ നില്‍ക്കുന്ന അമ്മയെയും മകളേയും കണ്ട് ഉണ്ണിക്ക് ദ്വേഷ്യം വരാതിരുന്നില്ല. ഇന്നെലെത്തി കലി അടങ്ങി വരുന്നതെ ഉള്ളൂ. എപ്പോഴും എപ്പോഴും ഞാന്‍ ഇങ്ങനെ അസ്വസ്ഥനാകാന്‍ പാടില്ല. ഞാനും കുറെ സംയമനം പാലിക്കണം. എന്ന് വെച്ചു വീട്ടിലുള്ളവരെ ഉത്തരവാദിത്വത്തില്‍ നിന്ന് മോചിപ്പിക്കരുത്.വീടും ചുറ്റുപാടും ചുറ്റിക്കറങ്ങി വന്ന അതിഥികള്‍ തിരിച്ച് ഉണ്ണിയെ കണ്ട് യാത്ര ചോദിക്കാന്‍ വന്നു. ഉണ്ണി പാര്‍വ്വതിയെ നോക്കി ആംഗ്യത്തില്‍ പറഞ്ഞു.
പാര്‍വ്വതി വീട്ടില്‍ വന്നവരോട് കയറി ഇരിക്കാന്‍ പറഞ്ഞു..
"വരൂ ചേച്ചീ..... അങ്കിള്‍ വരൂ.......... എന്തെങ്കിലും കഴിച്ച് പോകാം.."
അവര്‍ അകത്തേക്ക് ആനയിക്കപ്പെട്ടു....
"കഴിക്കൂ...."ഉണ്ണി അവരോട് പറഞ്ഞു...
കാരോലപ്പം കഴിച്ചിട്ട് ഒരാള്‍ പറഞ്ഞു... വളരെ നന്നായിട്ടുണ്ട്.
"പാര്‍വ്വതി ഉണ്ടാ‍ക്കിയതാണതെല്ലാം"
കാപ്പി കുടിച്ചതിന് ശേഷം സ്റ്റാഫ് യാത്രയായി...ഉണ്ണി പാര്‍വ്വതിയോട് ചോദിച്ചു...
"എന്താ പാര്‍വ്വതീ നീയും അമ്മയും എന്റെ ഓഫീസില്‍ നിന്ന് വന്നവര്‍ക്ക് ഒന്നും കൊടുക്കാതെ പറഞ്ഞയക്കാന്‍ തുനിഞ്ഞത്? ... മേലാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. കേട്ടല്ലോ... നിന്റെ അമ്മയോടും പറഞ്ഞേക്ക്..."
"പറഞ്ഞോളാം ഉണ്ണ്യേട്ടാ....ഇനി ഞാന്‍ ശ്രദ്ധിച്ചോളാം.."
"പാര്‍വ്വതീ..."
"എന്താ ഉണ്ണ്യേട്ടാ?"
"കുറേ നാളായി വീട്ടില്‍നിന്ന് ഉച്ച ഭക്ഷണം കഴിച്ചിട്ട്..ഇന്നെന്താ വിഭവങ്ങള്‍..?"
"ഞാന്‍ അമ്മയോട് ചോദിച്ചിട്ട് വരാം.."അടുക്കളയില്‍ നിന്ന് വന്ന പാര്‍വ്വതി
"ഇന്ന് കായല്‍ മീന്‍ മാങ്ങയിട്ട് വെച്ചതും, ഇഞ്ചിമ്പുളി, വടൊപുളി നാരങ്ങാ അച്ചാര്‍, പയറും, കയ്പയും കൊണ്ടാട്ടം, ഓലന്‍, മോര് കാച്ചിയത്, മുരിങ്ങയിലക്കറി... അങ്ങിനെയുള്ളതൊക്കെ ഉണ്ടാക്കിയിട്ടിട്ടുണ്ട്..."

"ഇതില്‍ നിന്റെ പാചകമെന്താണ്..?"
"ഞാന്‍ ഇന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല..."
"എന്നാ എനിക്കൊന്നും വേണ്ട.."
"ഉണ്ണ്യേട്ടാ ങ്ങ്നെയൊന്നും പറയാന്‍ പാടില്ലാട്ടോ..."
പാര്‍വ്വതിയുടെ ചെവി പിടിച്ചും കൊണ്ട് ഉണ്ണി.. "പിന്നെങ്ങെനാ പറ്യാ..?"
പാര്‍വ്വതി പിന്നേയും ആലോചനയില്‍ മുഴുകി... ആരാണീ നിര്‍മ്മല... എന്തിനാ ഈ ജോലിക്കാരികളെല്ലാം ഇത്ര സുന്ദരികള്‍?.. എന്നെ എന്താ ആപ്പീസിലേക്ക് ഇത് വരെ കോണ്ടോവാത്തത്...
"പാര്‍വ്വതീ..." അല്പം ഉച്ചത്തില്‍ ഉണ്ണി.."എന്താ നീ കാര്യമായാലോചിക്കുന്നത്.?"
"ഒന്നുമില്ലാ ഉണ്ണ്യേട്ടാ...ഉണ്ണ്യേട്ടന് ഞാന്‍ നല്ല ഉശിരന്‍ ചമ്മന്തി കോരികയില്‍ അരച്ച് തരാം.."
"ഹൂം...... എന്നാ ചെല്ല്...ചമ്മന്തി അരച്ച് വേഗം ഇങ്ങോട്ട് വാ..."
അര മണിക്കൂര്‍ കഴിഞ്ഞ് പാര്‍വ്വതി അടുക്കളയില്‍ നിന്നെത്തി. റേഡിയോവില്‍ നിന്നുള്ള വാര്‍ത്തകള്‍ ശ്രവിച്ചുകൊണ്ടിരുന്ന ഉണ്ണിയുടെ കസേരക്കരികില്‍ വന്ന് നിന്നു. അത് ശ്രദ്ധിക്കാതിരുന്ന ഉണ്ണി വിളിച്ചു..
"പാര്‍വ്വതീ......"
"ദേ........ ഞാനിവിടുണ്ട് ഉണ്ണ്യേട്ടാ.."
"അപ്പോ നീ ഇവിടെ വന്ന് മിണ്ടാട്ട് നിക്കാ.?"
"എനിക്ക് ഉണ്ണ്യേട്ടനെ ഇപ്പോ പേടിയാ...ഒന്നും ചോദിക്കാനോ, പറയാനോ ഒന്നിനും ഒരു ധൈര്യം ഇല്ലാത്ത പോലെ......"


"അതിന് ഞാന്‍ എന്തെങ്കിലും ചെയ്തോ നിന്നെ പാര്‍വ്വതീ?ദേഹോപദ്രവം ഒന്നും ചെയ്തില്ലല്ലോ."
"ഉപദ്രവമായിരുന്നു പിന്നേയും നല്ലത്...."
"അതെന്താ നീ അങ്ങനെ പറെണ് എന്റെ കുട്ട്യേ..നീ ഇങ്ങട്ട് അടുത്ത് വന്നേ...ഉണ്ണ്യേട്ടന്റെ മടിയില്‍ ഇരിക്ക്......"
പേടിച്ച് വിറച്ച് പാര്‍വ്വതി അവിടെ തന്നെ നിന്നതേ ഉള്ളൂ....ഉണ്ണി പാര്‍വ്വതിയെ പിടിച്ച് മടിയിലിരുത്തി.'
"പാര്‍വ്വതീ.... ഇങ്ങോട്ട് നോ‍ക്ക്.. ഉണ്ണ്യേട്ടന്റെ മുഖത്തേക്ക്..."വിഷമിച്ച മുഖം കണ്ട് ഉണ്ണിക്ക് സഹതാപം തോന്നാതിരുന്നില്ല..
"എന്തിനാ പാര്‍വ്വതീ‍ നീ ഇങ്ങനെ ദു:ഖിച്ചും കൊണ്ടിരിക്കണ്...?എന്താ നിനക്ക്?
എന്തെങ്കിലും പ്രശ്നമുണ്ടോ? ഇന്നെലെത്തെ കാര്യങ്ങളാലോചിക്കുകയാണോ?
അതൊക്കെ കഴിഞ്ഞില്ലേ? ഇനി അത്തരം സംന്ദര്‍ഭങ്ങളുണ്ടാവാതിരിക്കാന്‍ ശ്രമിക്കുക.
ഊണ് കഴിക്കാനിനിയും നേരമുണ്ടല്ലോ... ഒരു കട്ടന്‍ ചായ കിട്ടിയാല്‍ തരക്കേടില്ല.."
ഉണ്ണി എന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പ് ഓടുന്ന പാര്‍വ്വതി, ഒന്നും കേള്‍ക്കാത്ത പോലെ അവിടെ തന്നെ ഇരുന്നു.
"പാര്‍വ്വതീ‍...." ഞെട്ടിയുണര്‍ന്ന പാര്‍വ്വതിയോട് ഉണ്ണി. "പാര്‍വ്വതീ...
എന്താ നിനക്ക്.?
സംതിങ്ങ് റോങ്ങ് വിത്ത് യു ! ടെല്‍ മി വാട്ട് ഈസ് യുവര്‍ പ്രോബ്ലം..?"
ഉണ്ണ്യേട്ടന് എന്തും എപ്പോഴും ചോദിക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ടല്ലോ.ഒരു വീടായാല്‍ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കും ആളുകള്‍ തമ്മില്‍...പാര്‍വ്വതീ...."
"എന്താ ഉണ്ണ്യേട്ടാ..?"
"പറയൂ........... എന്താ പ്രശ്നമെന്ന്.."
"നിക്ക് പേട്യാ പറയാനും ചോദിക്കാനും..."
"അപ്പോ എന്തോ കാര്യം ഉണ്ട്.... എനിക്കറിയാം നിന്നെ കണ്ടാല്‍.....
നിന്റെ എല്ലാ ചലനങ്ങളും അറിയുന്ന ഒരാളെ ഉള്ളൂ ഈ ലോകത്തില്‍.. ഈ ഞാന്‍"
"നിക്ക് പറയാന്‍ പേട്യാ ഉണ്ണ്യേട്ടാ.അത് ഞാന്‍ ചോദിച്ചാല്‍ ഉണ്ണ്യേട്ടനെന്നെ തല്ലും..."
പാര്‍വ്വതി ചോദിക്കാനുദ്ദേശിക്കുന്ന കാര്യം ഉണ്ണിക്കറിയാമായിരുന്നു. പക്ഷെ അത് അവളില്‍ നിന്ന് തന്നെ കേള്‍ക്കാനാണ് ഉണ്ണി ഇഷ്ടപ്പെട്ടിരുന്നത്... ആരാണീ നിര്‍മ്മല?. അവള്‍ക്ക് ഉണ്ണിയുമാ‍യുള്ള അടുപ്പം ഏത് തരത്തിലുള്ളതാണെന്നെല്ലാം... പക്ഷെ പാര്‍വ്വതി ഒന്നും ചോദിച്ചില്ല ഉണ്ണിയോട്. അവളുടെ ഉള്ളില ഭയം കൂടി കൂടി വന്നു. സമനില തെറ്റുമോ എന്ന് പാര്‍വ്വതി ശങ്കിച്ചു'
"പാര്‍വ്വതീ...നീയൊന്നും പറഞ്ഞില്ലല്ലോ..!"
പാര്‍വ്വതി ഉണ്ണിയുടെ മാറില്‍ തല ചായ്ച് കണ്ണീരൊഴുക്കി അങ്ങിനെ കുറച്ച് നേരം കഴിച്ചു...
"പാര്‍വ്വതീ.......നീയിങ്ങനെ കുഞ്ഞ്യേ കുട്ട്യോള്‍ടെ പോലെ ഇങ്ങനെ എന്റെ മടീലിരുന്ന് കൊഞ്ചുവാണോ..
നീയെന്താ എന്നോട് ചോദിക്കാന്‍ പോണതെന്ന് ഞാന്‍ പറയട്ടെ?."
വളരെ ഉത്സാഹത്തോടെ പാര്‍വ്വതി ഉണ്ണിയുടെ കാതോര്‍ത്തു.
"പാര്‍വ്വതീ...."
"എന്താ.?"
"മണി ഒന്നാവാറായില്ലേ.?"
"ഹൂം...."
"നമുക്ക് ഊണ് കഴിക്കാം.........."
"അപ്പോ എന്നോട് പറയാമെന്ന് പറഞ്ഞത്......."
"അത് നിനക്കറിയാകുന്ന കാര്യമല്ലേ..അത് ഇത്ര ധൃതിപ്പെട്ട് പറയാനെന്തിരിക്കുന്നു.?
നീ പോയി ഭക്ഷണം എടുത്ത് വെക്ക്....."
പാ‍ര്‍വ്വതിക്ക് തെല്ലൊരാശ്വാസം കിട്ടിയെങ്കിലും, മനസ്സ് സ്വസ്ഥമല്ല. എന്തായിരിക്കും ഉണ്ണി പറയാമെന്ന് പറഞ്ഞത്. നിര്‍മ്മയുടെ കാര്യം തന്നെയാണോ... അതോ വേറെ ബന്ധമില്ലാത് വല്ലതുമാകുമോ?.... പാര്‍വ്വതിയുടെ മനസ്സിനെ പലതും മദിച്ചുകൊണ്ടിരുന്നു. ഉണ്ണിയുടെ കൂടെ അന്തിയുറങ്ങിയിട്ടും ഉണ്ണിയെ മനസ്സിലാക്കാതെ പോയി പാവം പെണ്‍കുട്ടി'
ഭക്ഷണമെല്ലാം മേശമേല്‍ നിരത്തിക്കൊണ്ടിരുന്നെങ്കിലും, പാര്‍വ്വതിയുടെ മനസ്സ് വിദൂരത്തിലായിരുന്നു. ചിന്തയിലാണ്ട പാര്‍വ്വതി അടുക്കളയില്‍ നിന്ന് പലതും മേശപ്പുറത്തേക്കെടുക്കുവാന്‍ മറന്നു.
"ഉണ്ണ്യേട്ടാ....വന്നോളൂ...എല്ലാം റെഡി...."
കൈ കഴുകി ഉണ്ണി ഉണ്ണാനിരുന്നു...പാര്‍വ്വതി വിളമ്പിക്കൊടുത്തു......നേരത്തെ പറഞ്ഞ പോലെ പലതും മേശപ്പുറത്ത് കാണാതെ ഉണ്ണി കരുതിക്കൂട്ടി ഒന്നും അറിയാത്ത പോലെ കഴിക്കാന്‍ തുടങ്ങി. എല്ലാ കറികളും ഉണ്ടായിരുന്നു. പ്രധാന ഇനമായ കായല്‍ മീന്‍ കറി കണ്ടില്ലാ... പിന്നെ കൊണ്ടാട്ടവും..
ഊണ് പകുതിയായിക്കാണും.... അവളുടെ അമ്മയുടെ നീട്ടിയുള്ള വിളി...
"പാര്‍വതീ..................."
അപ്പോളാണവള്‍ക്ക് ഓര്‍മ്മ വന്നത് കറിയെടുക്കാന്‍ മറന്ന കാര്യം.....
അവള്‍ അടുക്കളേലിക്ക് ഓടും മുന്‍പെ ഉണ്ണി പറഞ്ഞു അവിടെ ഇരിക്കാന്‍.. കഴിച്ചു കഴിഞ്ഞ് പോയാല്‍ മതിയെന്ന്. പാര്‍വ്വതിക്ക് ഉണ്ണിയെ അനുസരിക്കേണ്ടി വന്നു."
അവളുടെ അമ്മ, മകളെ കാണാതെ കറിയും, കൊണ്ടോട്ടവുമായെത്തി. അത് തിരികെ കൊണ്ടുപോയിക്കൊള്ളാന്‍ ഉണ്ണി പറഞ്ഞതും, അവര്‍ അപ്രത്യക്ഷമായി. ഇനി ഇതിനെന്ത് പ്രത്യാഘാതമാണുണ്ടാകുക എന്നറിയാതെ അമ്മയും മോളും കുഴങ്ങി. ഉണ്ണി എല്ലാം നിയന്ത്രിച്ചു.....
പാത്രങ്ങളുമായി അടുക്കളയിലെത്തിയ പാര്‍വ്വതിയും അമ്മയും തമ്മില്‍ തര്‍ക്കം ഉണ്ടായി... ഞാന്‍ കറിയെടുക്കാന്‍ മറക്കാന്‍ പാടില്ലാത്തതായിരുന്നു... അമ്മ അതൊക്കെ നോക്കേണ്ടതല്ലേ.. ഉണ്ണ്യേട്ടനോട് വിഭവങ്ങളെപ്പറ്റി പറഞ്ഞതിന് ശേഷം കൊടുക്കാഞ്ഞത് വളരെ നാണക്കേടായിപ്പോയി.. ഓരോ വേണ്ടാത്തത് ഈ വീട്ടിലുണ്ടായികൊണ്ടിരിക്കുന്നു. എന്തൊ മുജ്ജന്മസുകൃതം ഉണ്ണിക്ക് കലികയറിയില്ല. ഇത്തരത്തില്‍ തുടര്‍ന്ന് പോയാല്‍ തുപ്രമ്മാന്‍ പറഞ്ഞിടത്തേക്ക് കൊണ്ടെത്തിക്കും...
"അമ്മ നാളെ കാലത്ത് തന്നെ അച്ചന്റെ അടുത്തേക്ക് പൊയ്കൊ.. ഞാന്‍ ഇവിടെ എല്ലാം സഹിച്ച് കഴിഞ്ഞോളാം."
"അങ്ങിനെ നീ മാത്രമായി ഇവിടെ കഴിയേണ്ട. ഞാന്‍ പോകണമെങ്കില്‍ നീയും കൂടി വരണം."
"ഞാനേതായാലും എന്റെ ഉണ്ണ്യേട്ടനെ വിട്ട് എങ്ങോട്ടും പോകില്ല..ഈ അമ്മയാ ഇവിടെ ഓരോരോ പ്രശ്നങ്ങളുണ്ടാക്കുന്നത്..."
"അത് ശരി ഇപ്പോ എന്നെക്കൊണ്ട് നിനക്ക് ശല്യമായി അല്ലേ.?നീയെന്ത് ഭാവിച്ചാ ഇവിടെ കാലാകാലം കഴിയണ്...നിനക്ക് ഇപ്പോഴേ പെണ്ണാലോചനകള്‍ വരുന്നുണ്ട്..."

"എന്നെ അങ്ങനെ ആരും കെട്ടിക്കൊണ്ടേണ്ട...ഉണ്ണ്യേട്ടന്‍ പറഞ്ഞിട്ടുണ്ട് എന്നെ കുറഞ്ഞത് ബി കോം ഡിഗ്രി വരെയെങ്കിലും പഠിപ്പിക്കണമെന്ന്. അത് കഴിയാതെ ഞാന്‍ എവിടെക്കും ഇല്ലാ.. എന്നെ ആരും മോഹിക്കുകയും വേണ്ട, കെട്ടിക്കോണ്ടോകുകയും വേണ്ട.. ഈ വക കാര്യങ്ങളൊക്കെ അമ്മ വേണമെങ്കില്‍ ഉണ്ണ്യേട്ടനോടെ നേരിട്ട് അങ്ങ് ഉണര്‍ത്തിച്ചോളണം. അമ്മേടെ ഒരു പൂത്യേ... അത് മനസ്സിലിരുന്നാല്‍ മതി...
എന്നെ ഇത് വരെ പഠിപ്പിച്ചതും, എനിക്ക് വേണ്ടതെല്ലാം വാങ്ങിത്തന്നതും എല്ല്ലാം ഉണ്ണ്യേട്ടനല്ലേ.. എന്റെ അച്ചനെന്ന് പറയുന്ന ഒരാളുണ്ടല്ലോ ഈ ഭൂമിയില്‍... എനിക്കെന്തെങ്കിലും വാങ്ങിത്തന്നിട്ടുണ്ടോ ഇത് വരെ. ഓര്‍മ്മ വെച്ചതിന് ശേഷം ഉടുതുണി പോലും വാങ്ങിത്തന്നിട്ടുണ്ടോ നിങ്ങള്‍ രണ്ട് പേരും?. ഉണ്ണ്യേട്ടന്‍ എന്നെ തല്ലിയാലും, കൊന്നാലും വേണ്ടില്ലാ... എനിക്ക് ഉണ്ണ്യേട്ടനെ വെറുക്കാന്‍ കഴിയില്ലാ.... പുഞ്ച്പ്പണിയാകുമ്പോള്‍ വരും അച്ചന്‍ ഉണ്ണ്യേട്ടനോട് തെണ്ടാന്‍...പുഞ്ചപണിയാന്‍ കാശില്ലാ. കൊയ്തു കഴിഞ്ഞാല്‍ പണമായി വരാമെന്നെല്ലാം. കൊയ്ത് കഴിഞ്ഞാല്‍ മടക്കിക്കൊടുക്കാന്‍ പണവുമില്ലാ, നെല്ലുമില്ലാ....എന്നിട്ടും മുടങ്ങാതെ അച്ചന്‍ എല്ലാ കൊല്ലവും എത്തും... ഉണ്ണ്യേട്ടന്‍ പിന്നേയും കൊടുക്കും... അതൊക്കെ എന്നോടുള്ള സ്നേഹം കോണ്ടാ... അതല്ലാതെ ഒന്നുമല്ല...."
"പാര്‍വ്വതീ......."
ഉണ്ണിയുടെ വിളികേട്ട പാര്‍വ്വതി അങ്ങോട്ടോടി...നീ കുറെ നേരമായല്ലോ പാത്രവുമായി പോയിട്ട്.... കായല്‍ മീനെല്ലാം കായലിലേക്ക് തന്നെ പോയി അല്ലേ.?"
പാര്‍വ്വതി മുഖം താഴെക്ക് പിടിച്ച് നിന്നു...
"പാര്‍വ്വതീ....സാരമില്ലാ...നമുക്ക് അത്താഴത്തിന് എടുക്കാം...."
"എന്തൊരു ചൂടാ ഇവിടെ..."
സാധാരണ പകല്‍ സമയം സ്വന്തം കുടുംബത്തില്‍ കഴിയാത്ത ഉണ്ണിക്ക് ഉഷ്ണം സഹിക്കാന്‍ പറ്റുന്നില്ല... പൂര്‍ണ്ണമായും ശീതീകരിച്ചതാ ഉണ്ണിയുടെ പട്ടണത്തിലെ ഓഫീസ് മുറി. വലിയ ബംഗ്ലാവെല്ലാം എടുത്ത് പട്ടണത്തില്‍ തന്നെ താമസിക്കാനുള്ള സാമ്പത്തിക സ്ഥിതിയുള്ള ഉണ്ണി, തറവാട്ടിലുള്ള തന്റെ പ്രിയപ്പെട്ടവളായ പാര്‍വ്വതിയുടെ സാമീപ്യം ഇഷ്ടപ്പെടുന്നതിനാലാണ് നാട്ടിന്‍ പുറത്ത് തന്നെ കൂടിയിരിക്കുന്നത്.. പാര്‍വ്വതിയോടുള്ള യഥാര്‍ത്ഥ സ്നേഹം ഇത് വരെ ഉണ്ണി പാര്‍വ്വതിയെ അറിയിച്ചിട്ടില്ല..
"പാര്‍വ്വതീ....നമ്മുടെ കിടപ്പ് മുറിയില്‍ ഒരു ഏസി വെക്കണം..."
"അതെന്താ ഉണ്ണ്യേട്ടാ ഏസി എന്ന് വെച്ചാല്‍..?"
"അതേ... അത് എന്താന്നെച്ചാല്‍ എയര്‍ കണ്ടീഷന്റ് മുറി എന്ന് കേട്ടിട്ടില്ലേ.?അതെന്നെ.!"
"ഏയ് അതൊന്നും വേണ്ടാ ഉണ്ണ്യേട്ടാ.........."
"അത് നല്ലതല്ലേ എന്റെ പാര്‍വ്വതീ.?"
"ഹൂം......"
"നിനക്കെന്താ ഒരു സന്തോഷമില്ലായ്മ...".
"ഒന്നൂലാ...."
ഏസിയൊക്കെ വെച്ചാല്‍ പാര്‍വ്വതി പുറത്താകുമോ എന്ന ഭീതി ആ കുട്ടിയുടെ മനസ്സില്‍ ആഞ്ഞടിച്ചു.
"പാര്‍വ്വതീ..... നാളെ ഞാന്‍ ഓഫീസില്‍ നിന്ന് ഒരു കല്ലാശാരിയെ വിടാം.പ്ലാന്‍ വരച്ച് കൊടുക്കുന്നുണ്ട്...നമുക്ക് ഈ മുറിയെ വിടാം. ഒരു പുതിയ മുറി പണിയാം... പിന്നിലെ ഉമ്മറത്തിന്റെ അറ്റത്ത് ഒരു കൊച്ചുമുറിയെടുക്കാം. അപ്പോ രണ്ട് ഭാഗത്ത് ഭിത്തി കെട്ടിയാല്‍ മതി.. നാലു ദിവസം കൊണ്ട് മുറി തീരും... പ്ലാസ്റ്ററിങ്ങും, പെയിന്റിങ്ങും, വയറിങ്ങ് മുതലായ പണികള്‍ക്ക് ഒരു രണ്ട് ദിവസം.. പിന്നെ ഏസി വെക്കാനൊരു ദിവസം മതി.... ഒരാഴ്ചകൊണ്ട് നമ്മുടെ ഗ്രാമത്തിലും ഒരു എയര്‍കണ്ടീഷന്റ് മുറി വരും..പാര്‍വ്വതിയുടെ സ്കൂളടക്കുമ്പോളെക്കും നമ്മുടെ വീട്ടിലേക്ക് ഒരു ഫോണ്‍ കണക്ഷനും കിട്ടും. അപ്പോ എല്ലാമായി അല്ലേ പാര്‍വ്വതീ‍...?"

"ഫോണെവിടെയാ വെക്കാ ഉണ്ണ്യേട്ടാ..?'
"ഫോണ്‍ നമ്മുടെ മുറീല്....."
"പിന്നെ അതിന്റെ ഒരു എക്സ്റ്റന്‍ഷന്‍ പൂമുഖത്ത് വെക്കാം.. ഞാനില്ലാത്തപ്പോള്‍ വീട്ടിലുള്ളോര്‍ക്കെടുക്കമല്ലോ...."
"ശരിയാ ഉണ്ണ്യേട്ടാ...."
അപ്പോ ഈ ഗ്രാമത്തില് ആദ്യം കാറ്, റേഡിയോ മുതലായവ ആദ്യം വാങ്ങിയത് ഈ വീട്ടില്‍.... ആദ്യം കറന്റ് വന്നതും ഇവിടേ..ഇനി ഏസി മുറിയും ഫോണും ഇവിടെ തന്നെ... ഉണ്ണ്യേട്ടന്‍ ഭാഗ്യവാനാണല്ലേ... ഉണ്ണ്യേട്ടനെ വലിയ മുതല്‍ക്കൂട്ട് ഉണ്ണ്യേട്ടന് തലക്കനമോ അഹന്തയോ ഇല്ലാ...
ഉണ്ണിയുടെ പല നല്ല ഗുണങ്ങളും പാര്‍വ്വതിക്ക് ജീവിതത്തില്‍ പകര്‍ത്താനായില്ല. ആ ഇനിയും സമയമുണ്ടല്ലോ എന്ന വിശ്വാസത്തില്‍ പാര്‍വ്വതി പലതും ആലോചിച്ചും കൊണ്ടിരുന്നു....
"പാര്‍വ്വതീ...."
"എന്തോ....."
"ഞാനൊന്നുറങ്ങട്ടെ...നിനക്കുറങ്ങണമെങ്കില് കിടന്നോളൂ ഇവിടെ...."
"ഞാന്‍ കിടക്കാം... പക്ഷെ എനിക്ക് പകല്‍ ഉറക്കം വരില്ല...."
"ഞാനും പകല്‍ ഉറങ്ങാറില്ല..ഓഫീസില്‍ ഊണ് കഴിഞ്ഞാല്‍ ചെറിയതായൊന്ന് മയങ്ങും.. അത്രമാത്രം...."
"ഹൂം......."
"പാര്‍വ്വതീ.... എന്റെ കണ്ണില്‍ ഇന്നെലെ വിറക് പുരയുടെ അടുത്ത് നിന്ന് ഓലക്കുടിയോ മറ്റോ കണ്ണില്‍ തട്ടിയപോലെ തോന്നി.. ഇപ്പളാ ചെറിയ വേദനയും ചുവപ്പും തുടങ്ങിയത്.. എന്താ ഇപ്പോ ചെയ്യാ....കാലത്ത് ഡോക്ടര്‍ വരുമ്പോള്‍ ഒന്നും തോന്നിയിരുന്നില്ലാ..പട്ടണം വരെ വണ്ടിയോടിക്കാന്‍ വയ്യാ എനിക്ക്......"

"ആ അതിനൊരു മരുന്നുണ്ട്...മുലപ്പാല് ഒഴിച്ചാല്‍ മതി...."
"എന്നാ ഒഴിച്ചോ....... ഞാനിവിടെ കിടന്ന് തരാം.."
"എന്താ ഉണ്ണ്യേട്ടാ‍ കളിയാക്കണ്..എന്റെ മുലേല് പാലൊന്നും ഇല്ലാ..അത് പെറ്റ് കെടക്കണ പെണ്ണുങ്ങളുടെ മുലേലല്ലേ പാലുണ്ടാകൂ.."
"അപ്പൊ നീയെന്തിന്നാ ഈ വേണ്ടാത്തരമൊക്കെ എന്നോട് പറഞ്ഞ് മോഹിപ്പിച്ചത്..?
ഇനി എവിടുന്നാ പെറ്റ് കെടക്കണ പെണ്ണുങ്ങളെ നോക്കാന്‍ പോണ്.?നാളെ കാലത്ത് വരെ കൊഴപ്പം ഒന്നും ഉണ്ടാകാതിരുന്നാല്‍ മതി.."
"അതെയ്...... നമ്മുടെ പടിഞ്ഞാറെ തൊടീല് കുടിലില്‍ താമസിക്കുന്ന ചെറമിപ്പെണ്ണ് പെറ്റ് കിടക്ക്ണ്ണ്ട്.... അവിടെ നിന്ന് സംഘടിപ്പിക്കാം.."
"എന്നാ വാ നമുക്കങ്ങോട്ട് പോകാം.."
"ഉണ്ണ്യേട്ടന്‍ അങ്ങോട്ട് പോകേണ്ട..."
"ഞാന്‍ പോയി വാങ്ങിക്കൊണ്ട് വരാം..."
പാര്‍വ്വതി ചെറമിയുടെ വീട്ടിലെത്തി വിവരം ധരിപ്പിച്ചു...ചെറമിപ്പെണ്ണ് പറഞ്ഞു ..
"നിക്ക് പാല് കുറവാ...മോന് കുടിക്കാന്‍ തെകേണില്ലാ.... തന്നയക്കാനൊന്നും ഇല്ല... വേണെങ്കില് ഉണ്ണിച്ചേനാരോട് അട്യേന്റെ കുടീലിക്ക് വന്നാല്‍ കണ്ണിലൊറ്റിച്ച് കൊടുക്കാമെന്ന് പറഞ്ഞോളീന്‍..."
പാര്‍വ്വതി അതും കേട്ട് തിരിച്ച് പോന്നു...
ഏയ് ഉണ്ണ്യേട്ടനെയൊന്നും അങ്ങ്ട്ട് കൊണ്ടോണ്ട.....പാര്‍വ്വതി ഉണ്ണിയുടെ മുന്നിലെത്തി...
"പാലെവിടെ പാര്‍വ്വതി........"
"അവളവിടെ ഇല്ലാ....." പാര്‍വ്വതി കള്ളം പറഞ്ഞ് രക്ഷപ്പെട്ടു...
ഉണ്ണി അവിടെ കിടന്ന് ഉറങ്ങിത്തുടങ്ങി.... പാര്‍വ്വതി അല്പം കഴിഞ്ഞ് അവിടെനിന്നെണീറ്റ് പോയത് ഉണ്ണി അറിഞ്ഞില്ല....
ഉറക്കമൊന്നും കണ്ണിലെ അസുഖം കാരണം ശരിയാകാഞ്ഞ ഉണ്ണി എണീറ്റ് നേരെ തുപ്രമ്മന്റെ വീട്ടിലെത്തി കാര്യങ്ങളെല്ലാം പറഞ്ഞു...
"മോനെ നീ ഇവിടെ തന്നെ നിക്ക്... ഞാന്‍ പോയി ചെറമിപ്പെണ്ണിനെ ഇങ്ങ്ട്ട് വിളിച്ചോണ്ട് വരാം.. നമ്മടെ പറമ്പില് താമസിക്കുന്നവരെല്ലാം മോന്‍ എന്ത് ചോദിച്ചാലും തരുന്നവരാ..."
അല്പസമയത്തിനുള്ളില്‍ പെറ്റ് കിടക്കുന്ന അമ്മയും കുഞ്ഞുമായി തുപ്രമ്മാനെത്തി. ഒരു പ്ലാവില കുത്തി അതില്‍ പാല്‍ പിഴിഞ്ഞു കൊടുത്തു പെണ്ണ്..
"മോനെ..... നീയ് ഉമ്മറത്ത് കെടക്ക്......."
തുപ്രമ്മാന്‍ മുലപ്പാല് ഉണ്ണിയുടെ കണ്ണില്‍ ഒഴിച്ച് കൊടുക്കുന്നത് വരെ ചെറമി പെണ്ണ് അവിടെ തന്നെ നിന്നു. സോക്കേട് ഭേദമായില്ലെങ്കില്‍ അടിയന്‍ ഇനിയും വന്നോളാം..ചെറമിപ്പെണ്ണ് അവളുടെ കുടിലിലേക്കും, ഉണ്ണി അവന്റെ വീട്ടിലേക്കും തിരിച്ചു..ഉണ്ണി തിരികേ വീട്ടിലെത്തി ആറ് മണി വരെ വീണ്ടും ഉറങ്ങി.
ഉറക്കമെണീറ്റ് പാടത്ത് നടക്കാന്‍ പോയി. കളപറിക്കാനും, മരുന്നടിക്കാനും, പള്ളിയേയും അടിമയെയും ചുമതലപ്പെടുത്തി. തിരിച്ച് വരുന്ന വഴി തിരുത്തിന്മേലെത്തെ ഗംഗുവിനെ കണ്ട് അയ്യപ്പന്‍ കാവില്‍ വിളക്ക് വെക്കുന്ന കാര്യം ഓര്‍മ്മപ്പെടുത്തി. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മണി ഏഴ് കഴിഞ്ഞിരുന്നു. പാര്‍വ്വതി ഉണ്ണിയെയും കാത്ത് ഉമ്മറപ്പടിയില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു.
"ഉണ്ണ്യേട്ടന്‍ പാടത്തേക്ക് പോകുമ്പോള്‍ എന്നെ കൊണ്ടോയില്ലാ അല്ലെ.?"
"അതിന് ഞാന്‍ എണീറ്റപ്പോ നിന്നെ കണ്ടില്ലല്ലൊ.."

"എന്നെ വിളിച്ചാ ഞാന്‍ വന്നേരുന്നില്ലേ..ഞാനവിടെ അടുക്കളെല് ചപ്പാത്തിക്ക് കൊഴക്കേരുന്നു.."
"എനിക്കിന്ന് നേരത്തെ അത്താഴം കഴിച്ച് എട്ട് മണിക്കുറങ്ങണം. കാലത്ത് നേരത്തെ ഓഫീസിലെത്തണം. പണി കുറച്ചധികം ഉണ്ട്.."
പറഞ്ഞപോലെ തന്നെ നേരത്തെ ഭക്ഷണവുമായെത്തി പാര്‍വ്വതി.
"ഇന്നെന്താ പാര്‍വ്വതി നിനക്ക് ചോറില്ലേ..?"
"ഇല്ലാ .... ഞാനും ചപ്പാത്തിയാക്കി ഇന്ന് മുതല്‍..ഇന്ന് മുതല്‍ ഈ മേശപ്പുറത്ത് രണ്ട് തരം വിഭവങ്ങളില്ല.ഉണ്ണ്യേട്ടന്‍ കഴിക്കുന്നത് തന്നെ എനിക്കും.."
"നീ ആള് കൊള്ളാലോടീ....."പാര്‍വ്വതി ചിരിച്ചു....
രണ്ട് പേരും പറഞ്ഞ പോലെ നേരത്തെ കിടന്നു....
"പാര്‍വ്വതീ......നീയെന്താ ആ പുതപ്പ് അങ്ങോട്ട് വലിച്ചിട്ട് അത് നിലത്തേക്ക് വീഴുന്നു... എനിക്ക് പുതക്കാന്‍ കിട്ടണില്ല്യാ..ഇനി വേറെ വേറെ പുതപ്പ് മേടിക്കണോ..?"
"വേണ്ട ഉണ്ണ്യേട്ടാ‍.... ഇത് വലിയ പുതപ്പല്ലേ.... ഇത് തന്നെ ധാരാ‍ളം.എനിക്കില്ലെങ്കിലും വേണ്ടില്ലാ.... ഉണ്ണ്യെട്ടന്‍ പുതച്ചോ..."
"പുതപ്പങ്ങ്ട്ട് വീഴാതിരിക്കാനൊരു സൂത്രം ഉണ്ട്...പാര്‍വ്വതി ചെമരിന്റെ അടുത്തേക്ക് കിടന്നോ.."
ഉണ്ണി പാര്‍വ്വതിയെ കിടന്ന് തന്നെ പൊക്കി വലത്തെ സൈഡിലേക്ക് കിടത്തി....
"പാര്‍വ്വതീ......"
"എന്താ‍......"
"ഞാന്‍ നിന്നോട് എത്രപ്രാവശ്യമായി പറേണ് നിന്റെ ബ്ലൌസിന്മേല് ഈ സൂചി കുത്തരുതെന്ന്.. എപ്പോ നോക്കിയാലും എന്റെ വിരലിന്മേല്‍ കുത്താനെ നേരമുള്ളൂ...."
പാര്‍വ്വതി ഉണ്ണിയുടെ വിരല്‍ വായിലിട്ടു...
"എന്താ പാര്‍വ്വതി നീ കാണിക്കണ്..?"
"ചോര വന്നയുടനെ വായിലിട്ടാ പിന്നെ മുറി കൂടുമത്രെന്ന് ജാനുവാ പറഞ്ഞെ.."
"അങ്ങിനെയാണെങ്കില് ഞാനെന്റെ വായിലല്ലേ ഇടേണ്ടത്..?"
"അതെ സാരല്ല്യാ.... എന്റെതിലായാലും കൊഴപ്പമില്ല...."
"നാളെ നിന്റെ എല്ലാ ബ്ലൌസുകളും എടുത്ത് എന്റെ കാറില് കൊണ്ട് വെക്ക്... നിര്‍മ്മലയെ പറഞ്ഞയച്ച് അതിനൊക്കെ ഹുക്ക് വെപ്പിക്കാം. നിര്‍മ്മലയും മറ്റുള്ളവരുമൊന്നും നിന്നെപ്പോലെ ഈ സൂചി കുത്തിക്കൊണ്ട് നടക്കറില്ല... കാലം മാറിയില്ലെ.. കുറച്ച് ഫേഷനബിള്‍ ആകേണ്ടെ എന്റെ പാറുകുട്ടീ..!"
പാറുകുട്ടിയുടെ ചങ്ക് പിന്നെയും ഇടിക്കാന്‍ തുടങ്ങി... ഈ ഉണ്ണ്യേട്ടനെങ്ങിനെ അറിയാം ഈ നിര്‍മ്മലയുടെയും മറ്റും ബ്ലൌസിനെ പറ്റി.. സൂചിക്ക് പകരം ഹുക്കാണെന്ന്.... പാര്‍വ്വതിക്കന്ന് ഉറങ്ങാനായില്ല...
പിറ്റേ ദിവസം കാലത്തെക്ക് ഉണ്ണിയുടെ കണ്ണിലെ ദീനം തീര്‍ത്തും ശമിച്ചു. എങ്ങിനെയോ നടന്ന വിവരങ്ങളെല്ലാം പാര്‍വ്വതി അറിഞ്ഞു. പാര്‍വ്വതിയാകെ അങ്കലാപ്പിലായി... എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി.. പാര്‍വ്വതി നുണ പറഞ്ഞ കാര്യം ഉണ്ണി അറിഞ്ഞിരിക്കാനിടയായൊ എന്ന ഭീ‍തി അവളെ നൊമ്പരപ്പെടുത്തി...
ഏതായാലും ഞാ‍ന്‍ പറഞ്ഞ കാര്യം കൊണ്ട് അസുഖം ഭേദമായല്ലോ എന്നോര്‍ത്ത് ചെറിയ ആശ്വാസം ഉണ്ടായി...
പക്ഷെ നിര്‍മ്മലയുടെ ബ്ലൌസിന്റെ ഹുക്കിന്റെ കാര്യം ഓര്‍ത്ത് പാര്‍വ്വതിക്ക് എവിടെയും എത്താനായില്ല... ദുഷിച്ച ചിന്തകള്‍ പാര്‍വ്വതിയുടെ ഇളം മനസ്സിനെ വേട്ടയാടി..........

[തുടരും]

Copyright 2009. All Rights Reserved


Friday, January 23, 2009

എന്റെ പാറുകുട്ടീ...... [ഭാഗം 15]

പതിനാലാം ഭാഗത്തിന്റെ തുടര്‍ച്ച ..>>>>

“പാറുകുട്ടീ......... ഇങ്ങനെ കിടന്നാല്‍ മതിയോ?ഒരനക്കോം ഇല്ലല്ലോ..”
ഉണ്ണി മെല്ലെ മെല്ലെ ശബ്ദമുണ്ടാക്കാതെ അവളുടെ കവിളില്‍ ഒരു കൊച്ചു കടി കൊടുത്തതും പാര്‍വ്വതി ചാടിയെണീറ്റു. “ഉണ്ണ്യേട്ടാ ഞാന്‍ സന്തോഷത്തില്‍ മയങ്ങിപ്പോയി. ഞാന്‍ ജീവിതത്തില്‍ ഇത്രയും സന്തോഷിച്ച ദിവസങ്ങളുണ്ടായിട്ടില്ല. സംഗതി ഉണ്ണ്യേട്ടന്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്നിട്ടുണ്ട്. ഞാന്‍ ഉണ്ണ്യേട്ടനെ എന്നാല്‍ കഴിയുംവിധം സന്തോഷിപ്പിച്ചിട്ടിട്ടുമുണ്ട്. പക്ഷെ വീട്ടിന്ന് പുറത്ത് എനിക്കൊരംഗീകാരം ഇന്നാ ലഭിച്ചത്. എന്നെ കാറില്‍ കയറ്റി, അമ്പലത്തില്‍ കൊണ്ടോയി, പലഹാരം വാങ്ങിത്തന്നു..”
“പാര്‍വ്വതീ....”
“എന്തോ ഉണ്ണ്യേട്ടാ...”
“നേരം എത്രയായിന്നറിയുമോ നിനക്ക്....”
“ഇല്ലാ....”
നേരം മണി 8 കഴിഞ്ഞു....
“അയ്യോ....... ഇത്ര സമയമായോ.?”
“ഉണ്ണ്യേട്ടാ എന്നെ പിടിച്ചെഴുന്നേറ്റിപ്പിക്ക്...”.
“എന്താ പറഞ്ഞേ..?നിന്നെ എഴുന്നേല്‍പ്പിക്കാനോ...ഇവിടെ ഒരു വടി വെച്ചിരുന്നല്ലോ...”
അത് കേള്‍ക്കേണ്ട താമസം പാര്‍വ്വതി അടുക്കളയിലേക്കോടി. ഇന്നേതാ‍യാലും നല്ല ദിവസമല്ലേ. അടിയൊന്നും വാങ്ങേണ്ട. ഉണ്ണ്യേട്ടനെ ഒട്ടും ദ്വേഷ്യം പിടിപ്പിക്കാന്‍ പാടില്ല. എന്താ ഉണ്ണ്യേട്ടനിന്ന് സ്പെഷല്‍ ആയി കൊടുക്കുക. പാര്‍വ്വതി ആലോച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. വടക്കെപ്പുറത്തിരുന്ന പാര്‍വ്വതിയുടെ അമ്മ അടുക്കളയിലെത്തി. പാര്‍വ്വതിയുടെ നിപ്പ് കണ്ടിട്ട്’.
“എന്താ പെണ്‍കുട്ടീ ... കുറച്ച് നേരായല്ലോ നിന്നാലോചിക്ക്ണ്...”
പാര്‍വ്വതി അമ്മയെ കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് തുള്ളിച്ചാടി. അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു..
“അമ്മേ...... ഇന്ന് ഉണ്ണ്യേട്ടന്‍ എന്നെ സ്കൂളില്‍ വന്ന് കാറില്‍ കയറ്റി വീട്ടിലേക്ക് കൊണ്ട് വന്നു. പിന്നെ കപ്ലേങ്ങാട്ട് അമ്പലത്തില്‍ കൊണ്ട് പോയി. വഴിപാടെല്ലാം കഴിപ്പിച്ചു. ഭണ്ഡാരത്തില്‍ ഇടാന്‍ കാശ് തന്നു. മഞ്ഞളും കുങ്കുമവും അണിയിച്ച് തന്നു. എനിക്കിത്രമാത്രം സന്തോഷം ഒരിക്കലും ഉണ്ടായിട്ടില്ല..”
“ഇതാണോ ഇപ്പൊ ഇത്ര വലിയ കാര്യം. ഇതിലും വലിയതൊന്നും ഈ വീട്ടില്‍ നടക്കുന്നില്ലേ?.”
പാര്‍വ്വതിയുടെ അമ്മയുടെ അര്‍ത്ഥം വെച്ചുള്ള ചോദ്യം ആ പൊട്ടിപ്പെണ്ണിന് മനസ്സിലായില്ലാ എന്നറിഞ്ഞു ആ അമ്മ നൊമ്പരപ്പെട്ടു. ഉണ്ണിയോട് എന്തെങ്കിലും ചോദിക്കാനോ, ആജ്ഞാപിക്കാനോ, ഉപദേശിക്കാനോ ഉള്ള കരുത്ത് അവര്‍ക്ക് ഇന്നേ വരെ ഉണ്ടായിട്ടില്ല. അതിന്റെ പൊരുള്‍ മകള്‍ക്കും അറിവില്ലായിരുന്നു..
“പാര്‍വ്വതീ........”. ഉണ്ണിയുടെ നീട്ടിയുള്ള വിളി കേട്ട് പാര്‍വ്വതി ഞെട്ടി..പാര്‍വ്വതി ഓടിക്കിതച്ചെത്തി.
“എന്താ ഉണ്ണ്യേട്ടാ..?”.
“നീ എന്തെടുക്കുകയായിരുന്നു...?”
“ഞാന്‍ ഉണ്ണ്യേട്ടന് എന്താ സ്പെഷല്‍ ഉണ്ടാക്കേണ്ടതെന്ന് ചിന്തിക്കുകയായിരുന്നു..”
“ചിന്തിക്കാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂറായല്ലോ..നീ വേഗം പോയി എന്തെങ്കിലും എടുത്ത് വെക്ക്..എനിക്ക് വിശക്കുന്നു..”
“ശരി ഉണ്ണ്യേട്ടാ..”
പാര്‍വ്വതിക്ക് ഉണ്ണിക്ക് പ്രത്യേകിച്ചൊന്നും ഉണ്ടാക്കാനായില്ല. ദോശയും ചട്ണിയും, പിന്നെ കുറച്ചവിയലും മാത്രം. അടുക്കളയില്‍ ഓരോന്നോര്‍ത്ത് സമയം കളഞ്ഞ പാര്‍വ്വതി ദു:ഖിച്ചു. പ്രത്യേകിച്ചൊന്നും ഉണ്ണി പാര്‍വ്വതിയോടാവശ്യപ്പെടാറില്ല. കൊടുത്തതെന്തും കഴിക്കും. ഇനി എന്തെങ്കിലും പ്രത്യേകിച്ചാവശ്യപ്പെട്ടിരുന്നെങ്കില്‍ കുടുങ്ങിയേനെ എന്ന് പാര്‍വ്വതിക്കറിയാമായിരുന്നു. പാര്‍വ്വതി ഭക്ഷണമെല്ലാം മേശമേല്‍ നിരത്തി. പാര്‍വ്വതിക്ക് ചോറും, വിശേഷപ്പെട്ട മുളകുഷ്യവും, തീയലും, പിന്നെ ഉച്ചത്തെ ബാക്കിയുള്ള ചെമ്മീന്‍ കറിയും, കൊണ്ടാട്ടം, പപ്പടം, അച്ചാര്‍ മുതലായവയും.
“ഉണ്ണ്യേട്ടാ നമുക്ക് കഴിക്കാം..“.
ഉണ്ണി കൈ കഴുകി ഇരുന്നു..പാര്‍വ്വതി വിളമ്പിക്കൊടുത്തു...........
“ഇന്നെന്താ സ്പെഷല്‍ എനിക്ക് പാര്‍വ്വതി.?”
“പ്രത്യേകിച്ചൊന്നും ഉണ്ടാക്കാന്‍ സമയം കിട്ടിയില്ലല്ലോ ഇന്ന്..”
“അത് ശരിയാ... ഞാ‍നങ്ങ് മറന്നു അതെല്ലാം..”
ഉണ്ണി ഭക്ഷണം കഴിക്കാന്‍ തുടങ്ങി....പാര്‍വ്വതിയുടെ കിണ്ണത്തിലേക്ക് നോക്കിയപ്പോള്‍ സഹിച്ചില്ല... എന്തെല്ലാം വിഭവങ്ങള്‍.. ഉണ്ണിയുടെ നോട്ടം കണ്ടപ്പോള്‍ പാര്‍വ്വതിയാകെ ചൂഴ്ന്ന് പോയി.. അല്പം ഭയവും ഇല്ലാതിരുന്നില്ല. ഒരു നിമിഷം മതി.... എല്ലാം തട്ടിത്തകരാന്‍...... ഉണ്ണിക്ക് കലികയറിയാല്‍ പാര്‍വ്വതിയുടെ അമ്മയെയും കൈവെക്കും... പണിക്കാരി ജാനുവിന്നും അറിയാം ഉണ്ണിയുടെ കൈ തരിപ്പ്. പാര്‍വ്വതി കണ്ണടച്ച് എല്ലാ ദൈവങ്ങളേയും വിളിച്ചു. ഒന്നും വരുത്തല്ലേ തേവരേ.
“പാര്‍വ്വതീ.......” ഉണ്ണി ഉച്ചത്തില്‍ വിളിച്ചു. പാര്‍വ്വതിയുടെ വിളി അവളുടെ ദൈവങ്ങള്‍ കേട്ടു. ഉണ്ണിയുടെ കലി പെട്ടെന്ന് അവസാനിച്ചു... കലിയടങ്ങാന്‍ ഉണ്ണി മുഷ്ടി ചുരുട്ടുന്നത് കണ്ട പാര്‍വ്വതി പെട്ടെന്ന് ഇരുന്ന സ്റ്റൂളില്‍ നിന്ന് പിന്നോട്ട് മറിഞ്ഞു. ഉണ്ണി മുഷ്ടി കിണ്ണത്തിലിടിച്ചു. ഇടിയുടെ ആഘാതത്താല്‍ മറ്റു പാത്രങ്ങളൊക്കെ മേല്‍പ്പോട്ട് പറന്നു. ഉണ്ണി വീടിന്ന് പുറത്തിറങ്ങി ഉണ്ണിയുടെ ചേച്ചിയുടെ അസ്ഥിത്തറയിനടുത്തുള്ള കല്ലില്‍ പോയിരുന്നു. ഉണ്ണി പോയതും പാര്‍വ്വതി പിടഞ്ഞെഴുന്നേറ്റു, ജീവനും കൊണ്ടോടി. പാര്‍വ്വതിക്കറിയാം ഉണ്ണി ഈ ദിവസമായതിനാലാണ് ക്ഷമിച്ചതെന്ന്. അല്ലെങ്കില്‍ വീട്ടിലുള്ള മൂന്നെണ്ണത്തിനെയും തല്ലിച്ചതക്കും. പാത്രങ്ങളെല്ലാം എറിഞ്ഞുടക്കും. എതിര്‍ത്തവരെയൊന്നും വെറുതെ വിടില്ല. ഏറ്റവും കൂടുതല്‍ പ്രഹരം കിട്ടുക പാര്‍വ്വതിക്ക് തന്നെ’
‘എന്റെ തേവരേ......... പാര്‍വ്വതി നെടുവീര്‍പ്പിട്ടു. ഇനി എന്തൊക്കെയാ സംഭവിക്കാന്‍ പോണതെന്നറിയുകയില്ലല്ലോ... പാര്‍വ്വതി തേങ്ങി. നല്ലകാലം അമ്മയും ജാനുവും ഒന്നും അറിഞ്ഞില്ല ഇവിടുത്തെ കോലാഹലം.. ഇനി അവരറിഞ്ഞാല്‍ തന്നെ അവരൊന്നും മിണ്ടുകയുമില്ല. അവര്‍ക്കറിയാം പ്രതികരിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്’.
പേടിച്ചരണ്ട പാ‍ര്‍വ്വതി മെല്ലെ വന്ന് ഊണ് മേശയും, മുറിയെല്ലാം കഴുകി തുടച്ച് വൃത്തിയാക്കി. ഭക്ഷണമെല്ലാം പോയി. പരിപ്പു വടയും പഴവും കഴിച്ചതിനാല്‍ വലിയ വിശപ്പില്ല. ഉണ്ണി പട്ടിണി കിടക്കേണ്ടി വരുമെന്ന ദു:ഖം അവളെ വല്ലാതെ അലട്ടി. ഉണ്ണി ചിലപ്പോള്‍ പുലരും വരെ ആ മരച്ചോട്ടില്‍ ഇരുന്നെന്ന് വരാം. ഉണ്ണിയുടെ സ്വഭാവം ആ വീട്ടില്‍ ഏറ്റവും കൂടുതലറിയുന്നതും പാര്‍വ്വതിക്കാണ്.‘ പാര്‍വ്വതി ഇപ്പോഴും ഓര്‍ക്കുന്നു, തല്ല് കൊണ്ട് കരയുന്ന എന്നെ പിടിച്ചുമാ‍റ്റാന്‍ വന്ന അമ്മയുടെ മുടിക്കെട്ട് പിടിച്ച് തെങ്ങിന്മേല്‍ ഇടിച്ചത്. വേദന കൊണ്ട് പുളഞ്ഞ അമ്മയെ ചവിട്ടാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ഉണ്ണിയോട്... പെട്ടെന്ന അവിടെ എത്തിയ തുപ്രമ്മാന്‍.......
“മോനേ........... എന്റെ ഉണ്ണിയേ.......”
എന്ന ദീന രോദനം കേട്ട ഉണ്ണി പിന്മാറി... തുപ്രമ്മാന്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്ന് എന്റെ അമ്മ ജീവനോടില്ല. അമ്മയും മകളും തന്നെയായിരുന്നു അന്നും കുറ്റക്കാര്‍. അന്ന് തുപ്രമ്മാന്‍ പറഞ്ഞതായിരുന്നു എന്റെ അമ്മയോട് എന്നെയും കൊണ്ട് സ്ഥലം വിട്ടോളാന്‍. എന്റെ ഒരേ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാ അമ്മ അന്ന് പോകാഞ്ഞെ.
‘എനിക്കെന്റെ ഉണ്ണ്യേട്ടനെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല. ഉണ്ണ്യേട്ടന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഒരു തെറ്റ് വരില്ല.. എപ്പോഴും കാരണക്കാരികളായിട്ട് ഞാനും അമ്മയുമായിരിക്കും. അല്ലെങ്കില്‍ ജാനു.’
‘എനിക്ക് പേടിയാകുന്നു എന്റെ തേവരേ... ഉണ്ണിയേട്ടന്‍ വീട്ടിനകത്തെക്ക് വരുന്നത് വരെ ഒരു സമാധാനവുമില്ലല്ലോ.... ആരാ എന്റെ സങ്കടം കേക്കാനുള്ളത്. ഉണ്ണ്യേട്ടന്റെ കലിയടങ്ങിയേ അകത്തേക്ക് വരുകയുള്ളൂ... പോയി വിളിച്ചാലോ?.... ചിലപ്പോള്‍ ഒറ്റ അടിക്കെന്റെ കഥ കഴിക്കും... എന്നാലും വേണ്ടില്ല.... ആ കൈകൊണ്ടല്ലേ........ ‘
‘പാര്‍വ്വതി ഉമ്മറപ്പടിയില്‍ ഇറങ്ങി നിന്നു... കൂരാകൂരിരുട്ട്...... മാവിന്‍ ചുവട് വരെ പോകണമെങ്കില്‍ കുറച്ചങ്ങ്ട്ട് നടക്കണം.. പേടിയായിട്ടും വയ്യല്ലോ എന്റെ തേവരേ. എന്ത് വന്നാലും വേണ്ടില്ല... പാര്‍വ്വതി അസ്ഥിത്തറ ലക്ഷ്യമാക്കി നടന്നു... കാലൊച്ച കേട്ട ഉണ്ണി അപ്പുറത്തെ പ്ലാവിന്‍ ചുവട്ടിലൊളിച്ചു നിന്നു. പാര്‍വ്വതി ലക്ഷ്യസ്ഥാനത്തെത്തിയിട്ടും ഉണ്ണിയെ കാണാഞ്ഞതില്‍ പരിഭ്രമിച്ചു. അവള്‍ ആകെ പേടിച്ചുവിറച്ചു... ഇനി തിരികെ വീട്ടിലെക്കെത്താനുള്ള ഭയവും....
ഉണ്ണിയുടെ അമ്മയുടെ അസ്ഥിത്തറയിന്നടുത്ത് നിന്ന് പൊട്ടിക്കരയുന്ന പാര്‍വ്വതിയുടെ തോളില്‍ ഒരു ഹസ്തം പതിഞ്ഞു. വാ വീട്ടിലേക്ക് പോകാം. പാര്‍വ്വതി ഒരു കൊച്ചുകുട്ടിയെ പോലെ വീട്ടിലെത്തപ്പെട്ടു. തിരിഞ്ഞ് നോക്കിയപ്പോള്‍ ഉണ്ണിയെ കാണാനില്ല. പാര്‍വ്വതിയുടെ പേടിച്ച നിലവിളി കേട്ട് പാര്‍വ്വതിയുടെ അമ്മയും, അയലത്തുകാരും ഓടിക്കൂടി. നിര്‍ത്താതെ കരയുന്ന പാര്‍വ്വതിയെ കരയുന്ന പാര്‍വ്വതി... ഇരുട്ടിലേക്ക് കൈ ചൂണ്ടി.....
“എന്റെ ഉണ്ണ്യേട്ടന്‍............... എന്റെ ഉണ്ണ്യേട്ടന്‍........... ഉണ്ണ്യേട്ടാ‍......... ഉണ്ണ്യേട്ടാ.......”എന്ന് അലമുറിയിട്ടുകൊണ്ടിരുന്നു...കണ്ടു നിന്നവര്‍ക്കൊന്നും മനസ്സിലായില്ല... അവര്‍ മുറിക്കകത്തെക്ക് നോക്കിയപ്പോള്‍ ഉണ്ണിയെ കണ്ടില്ല... വീട്ടുകാര്‍ക്കും, അയലത്തുകാര്‍ക്കും പരിഭ്രമമായി.........
“എടീ ........ ജാനു...........നീയാ ചൂട്ടുകത്തിച്ച് എന്റെ കൂടെ വാ...നമുക്ക് തുപ്രേട്ടനെ വിളിച്ചിട്ട് വരാം..”
നാട്ടുകാരൊക്കെ ഏതാണ്ട് ഉറങ്ങാന്‍ കിടക്കുന്ന സമയം... മാധവിയുടെ വരവ് കണ്ട തുപ്രന്‍ മനസ്സില്‍ കുറിച്ചു.. എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ട്...’
“ആ കുട്ടിക്കെന്തെങ്കിലും വന്നാലുണ്ടല്ലോ...ഇനി മാധവിയെയും മോളെയും കൈ വെക്കുന്നത് ഞാനാണെന്ന മട്ടില്‍ തുപ്രനിരുന്നു”
മാധവി പെട്ടെന്ന് കാര്യങ്ങള്‍ തുപ്രേട്ടനോട് ബോധിപ്പിച്ചു’ പെട്ടെന്ന് ക്ഷുബിതനായ തുപ്രേട്ടനോതി മാധവിയോട്.... “
“നീയും നിന്റെ മോളും കൂടി സ്ഥലം വിട്ടോണം നാളെ കാലത്ത് തന്നെ. ഇനി മേലാല്‍ വക്കാലത്തിന് വേണ്ടി എന്റെ മുറ്റത്ത് ചവിട്ടിപ്പോകരുത്’.”
“ഇനി മേലാല്‍ അങ്ങിനെ ഉണ്ടാവില്ല തുപ്രേട്ടാ... ന്റെ ഉണ്ണീനെ എങ്ങിനെയെങ്കിലും ഒന്ന് കാണിച്ചു തരൂ എനിക്ക് തുപ്രേട്ടാ...” മാധവി നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി.... മാധവിയുടെ കരച്ചില്‍ കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല തുപ്രന്.
“നിങ്ങള് നടന്നോ....ഞാന്‍ ടോര്‍ച്ചെടുത്ത് വരാം ഇപ്പോള്‍....”
ഉണ്ണിയുടെ അച്ചന്‍ പണ്ട് കൊളംബില്‍ നിന്ന് കൊടുന്ന് കൊടുത്ത് 3 കട്ട വിഞ്ചെസ്റ്റര്‍ ടോര്‍ച്ച് നിധി പോലെ സൂക്ഷിച്ച് വെച്ചിരുന്നു തുപ്രന്‍. അതെടുത്ത് ഉണ്ണിയെ തിരയാന്‍ പറമ്പിലേക്ക് പോയി..കണ്ണെത്താ ദൂരമുള്ള തെങ്ങിന്‍ തോപ്പാണ് ഉണ്ണിയുടെ....
“ഉണ്ണ്യേ........ മോനെ......... ഇങ്ങോട്ട് വാ........ കുട്ട്യേ......തുപ്രമ്മാന് അധികം നടക്കാന്‍ ഉള്ള ആവ്ത് ഇല്ല്ല്ലാ മോനെ....”
‘ഉണ്ണ്യേ എന്നുള്ള തുപ്രമ്മാന്റെ കരഞ്ഞുള്ള വിളി കേട്ട ഉണ്ണി വിളി കേട്ടു... തുപ്രമ്മന് സന്തോഷമായി.... വിളി കേട്ടയിടത്തേക്ക് തുപ്രമ്മാന്‍ പോയി... ടോര്‍ച്ചടിച്ചു മുഖത്തെക്ക് നോക്കിയപ്പോള്‍ നെറ്റിയിലും മുഖത്തും ചോര കണ്ട തുപ്രമ്മാന്റെ നെഞ്ചിടിച്ചു”
“എന്റെ മോനെ.... ആ അമ്മയും മോളും കൂടി നിന്നെ കൊല്ലാന്‍ ഒരുമ്പെട്ടോ... സ്വത്തിന് വേണ്ടി ഒന്നിനും മടിക്കുന്നവരല്ല ഇപ്പോ ആളുകള്... മോന്‍ വാ....”
തുപ്രമ്മാന്‍ അനുനയത്തില്‍ ഉണ്ണിയെ വീട്ടിലെത്തിച്ചു’
“എടീ മാധവീ......... തുപ്രന്‍ അലറി........”
മാധവി വിറച്ചു.............’
“എന്താ നിന്റെയും മോളുടെയും വിചാരം?എന്റെ കുട്ടീനെ ങ്ങള് കൊല്ലൂലോ ഇക്കണക്കിന്...?”
തല വിറക് പുരയുടെ മതിലിലിടിച്ചതെന്ന് പറയാന്‍ ശ്രമിച്ചുകോണ്ടിരുന്ന ഉണ്ണിയെ ഒന്നും ഉരിയാടാന്‍ തുപ്രമ്മാന്‍ സമ്മതിച്ചില്ല.
“എങ്ങിനെച്ചാ ഞാന്‍ എന്റെ കുട്ടീനെ ഈ വീട്ടില്‍ ഇനി താമസിപ്പിക്കാ...ഇന്ന് എന്റെ കുടിലില്‍ ഉറങ്ങിയാല്‍ മതി ഇവന്‍ ഈ ഉമ്മറത്ത് കിടന്നാ അവന്റെ തള്ള അന്ത്യ ശ്വാസം വലിച്ചേ..ഇവിടെ നിക്കണ ചിലര്‍ക്കൊക്കെ അറിയില്ലേ... അവന്റെ തള്ള എന്താ മരിക്കണ നേരത്ത് എന്റെ കൈ പിടിച്ച് പറഞ്ഞേ.....‘തുപ്രേട്ടാ...... ന്റെ ഉണ്ണീനെ നോക്കണേ... ന്റെ ഉണ്ണിക്ക് ഇനി ആരൂല്ല്യാ... എന്നും പറഞ്ഞു എന്റെ കൈ മുറുകെ പിടിച്ചാ ഓള് പോയത്...”
തുപ്രമ്മാന്റെ കണ്ണ് നനഞ്ഞു... അത് കണ്ട് കൂടി നിന്നവരെല്ലാം കരയാന്‍ തുടങ്ങി.
“എടോ തുപ്രാ..... എട്ടാം തറയിലെ സുലൈമാന്‍ പറഞ്ഞു.. ങ്ങള് ഉണ്ണീനെ ഇപ്പോ എങ്ങ്ട്ടും കൊണ്ടോണ്ട... ആ പെണ്‍കുട്ടീണ്ടല്ലോ ഇവിടെ..... പാറുകുട്ടി..... അവള് തല തല്ലി ചാവും ഇന്ന്...”
“ഇനി എന്തൊക്കെ കാണണം എന്റെ തേവരേ... ന്നാ ഞാന്‍ ഇവിടെ കോലായില്‍ കിടന്നോളാം.. എനിക്ക് എന്റെ വീട്ടീ കെടന്നാ സമാധാനം ഉണ്ടാവില്ല..”
‘എന്നാ അങ്ങിനെയാവട്ടെ.’ എന്ന് പറഞ്ഞ് നാട്ടുകാരെല്ലാം പിരിഞ്ഞു. തുപ്രന്‍ കിടന്നാലോചിച്ചു... നാളെ കാലത്ത് ഉണ്ണിയുടെ അച്ചന്റെ തറവാട്ടില്‍ ചെന്ന് അവന്റെ പാപ്പനോടും, വലിയച്ചനോടും പറഞ്ഞാലൊ കാര്യങ്ങള്‍?.... വേണ്ട.. അത്........ അത് അതിലേറെ കൊഴപ്പമാകും...... ഉണ്ണിയുടെ പാപ്പന്‍ ഇപ്പോഴും അരയില്‍ ചുരികയും വെച്ച് നടക്കുന്ന പടയാളിയാ..അയാള്‍ക്ക് ഒരടി വെച്ചാല്‍ പിന്നെ പിന്നോട്ടെടുക്കുന്ന പ്രകൃതക്കാരനല്ല.... നല്ല കടത്തനാടന്‍ പടയാളിയാ..ഉണ്ണിയെപ്പോലെ തന്നെ ശൌര്യത്തിന് ഒട്ടും പിന്നിലല്ല അയാള്‍..തള്ളയെയും മോളെയും കുത്തി മലര്‍ത്തും അയാള്‍..അയാളുടെ രക്തം തിളക്കും ഇത് കേട്ടാല്‍.... പിന്നീട് വല്ലപ്പോഴും പറയാം..ആ ചെക്കന് പെണ്ണ് കെട്ടേണ്ട സമയമായല്ലോ ഇപ്പോള്‍... ഈ കാര്യത്തിലൊക്കെ സ്വന്തം തീരുമാനം മാത്രം പോരല്ലോ ഇപ്പോള്‍....സൌകര്യം പോലെ പോയി കാര്‍ന്നന്മാരോട് പ്രശ്നങ്ങള്‍ ഉന്നയിക്കാം...
ഉണ്ണിക്കും പണവും പ്രതാപവും ഒക്കെ ഉണ്ടായാലും.. പല കുറവുകളും ഉണ്ടല്ലോ... ഇനി എന്റെ കാലം കൂടി കഴിഞ്ഞാല്‍ പിന്നെ അവനാരുണ്ട്.... ആ.... അതിന്ന് മുന്‍പ് അവന്റെ തറവാട്ടില്‍ പോയി കാര്യങ്ങളെല്ലാം ബോധിപ്പിക്കണം.
നൂറായിരം പെണ്ണുങ്ങളുണ്ടാകും അവനെ കെട്ടാന്‍...വിനയവും, വിദ്യാഭ്യാസവും, ധാരാളം പണവും, പട്ടണത്തിലെ മികച്ച കച്ചവടക്കാരനുമായ അവനാണോ പെണ്ണിനെ കിട്ടാന്‍ ബുദ്ധിമുട്ട്...വിവരം നാലാളറിഞ്ഞാല്‍ മതിയല്ലോ... പെണ്‍പിള്ളേരുടെ പണക്കാരായ തന്തമാര്‍ വീട്ടു പടിക്കല്‍ നിന്ന് പോവില്ല..ഉണ്ണീടെ കല്യാണം നടന്ന് കാണണമെന്നുണ്ട് ഈ തുപ്രന് എന്റെ കണ്ണടക്കും മുമ്പെ
ഉണ്ണിയുടെ മുറിയില്‍ പ്രവേശിക്കാന്‍ ധൈര്യമില്ലാതെ പാര്‍വ്വതി മുറിക്ക് പുറത്ത് പായയില്‍ കിടന്നു. പാതി ഉറക്കത്തിലായ ഉണ്ണി പാര്‍വ്വതിയെ വിളിച്ചു
“പാര്‍വ്വതീ..........”‘
“എന്തോ.......”
“നീ പോയി തുപ്രമ്മാനോട് വീടിന്റെ ഉള്ളിലേക്ക് കിടന്നോളാന്‍ പറാ.പിന്നെ പുതക്കാന്‍ പുതപ്പും, നല്ല തലയിണയും കൊണ്ട് കൊടുക്ക്..നല്ല തണുപ്പാ പുറത്ത്...അതൊക്കെ കണ്ടറിഞ്ഞ് ചെയ്യേണ്ടേ? എന്താ മിണ്ടാത്തെ...കേട്ടില്ലാന്നുണ്ടോ ഇനി?”
“കേട്ടു.........”
“എന്നാ പോയി ചെയ്യ് ഞാന്‍ പറഞ്ഞത്..”
പാര്‍വ്വതിക്ക് തെല്ലൊരാശ്വാസമായി....പാര്‍വ്വതി പറഞ്ഞപോലെ കാര്യങ്ങളൊക്കെ ചെയ്ത് ഉണ്ണിയുടെ മുറിയുടെ വാതില്‍ക്കല്‍ വന്ന് നിന്നു... വിളിച്ചാല്‍ അകത്തേക്ക് കയറാമെന്ന മട്ടില്‍..പാവം പെണ്‍കുട്ടി... അതിന്റെ നെഞ്ചിലെ ചൂടെ അതിനല്ലേ അറിയൂ..
ഉണ്ണി ഉറക്കമായി....... ആദ്യമായി സ്വന്തം വീട്ടില്‍ അത്താഴപ്പട്ടിണി... എല്ലാം ഒരോ യോഗം......മൂത്രമൊഴിക്കാന്‍ എണീറ്റ ഉണ്ണി പാര്‍വ്വതിയെ കണ്ടില്ല അടുത്ത്. അപ്പോഴാ ശ്രദ്ധിച്ചത് ആ കാര്യം.. അവളടുത്തില്ലാ എന്ന്. പോയി വിളിച്ചാല്‍ അവള്‍ ചിലപ്പോള്‍ പേടിച്ച് വന്നില്ലാ എന്ന് വരാം. “ഉണ്ണിയുടെ കലിയെല്ലാം കെട്ടിരുന്നു. രണ്ടാള്‍ രണ്ടിടത്ത് ഉറങ്ങാതെ കിടക്കുന്നു. “
“പാര്‍വ്വതീ......”. ഉണ്ണി വിളിച്ചു..പാര്‍വ്വതി ഉണ്ണിയുടെ കട്ടിലിന്നരികിലെത്തി........
“നീ ഇവിടെത്തന്നെ കിടന്നോ.....”
പാര്‍വ്വതിക്ക് സമാധാനമായി......കുറച്ച് നേരത്തെക്കുള്ള നിശ്ശബ്ദതയെ മുറിച്ചും കൊണ്ട് ഉണ്ണി........
“എനിക്ക് കുടിക്കാന്‍ കുറച്ച് വെള്ളം കൊണ്ട് വാ....”
പാര്‍വ്വതി വെള്ളവുമായെത്തി... ധാരാളം വെള്ളം കുടിച്ച ഉണ്ണി പിന്നെയും നിദ്രയിലാണ്ടു...തന്റെ ഇഷ്ട ദേവന്റെ സന്നിധിയില്‍ കിടക്കാന്‍ കഴിഞ്ഞുവെങ്കിലും പാര്‍വ്വതിക്കുറങ്ങാനായില്ല...ഉണ്ണിയാണെങ്കിലോ വിശപ്പും സഹിച്ചു നിദ്രയിലാണ്ടു.....
പാര്‍വ്വതി പതിവിലും നേരത്തെ കാലത്തെണീറ്റു...കുളിച്ച്... ചന്ദനക്കുറിതൊട്ട്, ഉണ്ണിക്കേറ്റവും ഇഷ്ടമുള്ള ചുവന്ന കരയുള്ള കോടിമുണ്ടും ബ്ലൌസുമിട്ട് തിരികെ മുറിയിലെത്തി...ഉണ്ണ്യേട്ടനെനീക്കാന്‍ ഇനിയും ഒരു മണിക്കൂര്‍ കഴിയണം... ഉണ്ണ്യേട്ടന്‍ വായിക്കാറുള്ള ദേവീമഹാത്മ്യം വായനയില്‍ മുഴുകി.അല്പം നേരത്തെ ഉണ്ണിയും ഉണര്‍ന്നു... അതനുസരിച്ച് പാര്‍വ്വതി ഉണ്ണിക്ക് ചായയുണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയി.. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ ഒന്നുമറിഞ്ഞില്ലാത്ത മട്ടില്‍ രണ്ടാ‍ളും അവരുടെ പണിയില്‍ മുഴുകി. തുപ്രമ്മാന്‍ കാലത്തെ എഴുന്നേറ്റ് പോയിരുന്നു .. ചായ കുടിക്കുന്നതിന്നിടയില്‍ ഉണ്ണി പാര്‍വ്വതിയോട്..
“എന്റെ തലയെല്ലാം വേദനിക്കുന്നു..നീ 9 മണിക്ക് തുപ്രമ്മാനെയും കൂട്ടി തെക്കെ മുക്കില്‍ പോയി എന്റെ ഓഫീസിലേക്ക് ഫോണ്‍ ചെയ്യണം..ശങ്കരേട്ടനോട് പറയണം...അത്യാവശ്യമായി ഒപ്പിടാനുള്ള കടലാസ്സുകളും, ചെക്കുകളും വീട്ടിലേക്ക് കൊടുത്തയക്കാന്‍. പിന്നെ ലൂവീസ് ഡൊക്ടറെ വീട്ടിലേക്ക് കൊണ്ട് വരാന്‍ ഏര്‍പ്പാടാക്കുവാനും പറയണം.....“
പാര്‍വ്വതി പറഞ്ഞ പോലെ കാര്യങ്ങളെല്ലാം ചെയ്ത് വന്നു..പത്ത് മിനിട്ടിനുള്ളില്‍ ഡോക്ടറുമായി ശങ്കരേട്ടനെത്തി..മുറിവുകള്‍ ഡ്രസ്സ് ചെയ്ത് ഒരു ഇഞ്ചക്ഷനും എടുത്ത് ഡോക്ടര്‍ യാത്രയായി...ശനിയാഴ്ചയായതിനാല്‍ പാര്‍വ്വത്ക്ക് സ്കൂള്‍ അവധിയായിരുന്നു അല്പം കഴിഞ്ഞപ്പോളേക്കും വേറെ ഒരു കാറ് വീട്ടിന്റെ മുറ്റത്ത് വന്ന് നിന്നു.. അതില്‍ നിന്ന് സുന്ദരിയായ ഒരു പെണ്ണും ഒരു മദ്ധ്യവയസ്കനും ഇറങ്ങി വന്നു.. ഉണ്ണി സാറിന്റെ വീടാണൊ എന്ന് ചോദിച്ചു.
അതെ എന്ന പറഞ്ഞ പാര്‍വ്വതി അവരോട് അകത്തേക്ക് കയറി ഇരിക്കാന്‍ ക്ഷണിച്ചു. സാറിനെ കാണിക്കാന്‍ ചില കടലാസ്സുകള്‍ കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞു. പാര്‍വ്വതി ആ പെണ്ണിനെ അകത്തെക്ക് കൂട്ടിക്കൊണ്ട് പോയി ഉണ്ണ്യേട്ടന്റെ വീട്ടിലെ ഓഫീസ് മുറിയിലിരുത്തിയിട്ട് കാര്യം പോയി പറഞ്ഞ് തിരിക ഉമ്മറത്തുള്ള വയസ്സന്റെ അടുത്തേക്ക് പോയി....
“ആരാ മോളെ നീ..?” ആഗതന്‍ പാര്‍വ്വതിയോട്.....
“ഞാന്‍ പാര്‍വ്വതി.....ഇവിടുത്തെ സാറിന്റെ അമ്മയിയുടെ മകളാ....അങ്കിളിന്റെ കൂടെ വന്ന പെണ്ണിനെ കാണാന്‍ എന്ത് ചന്തമാണല്ലേ..?”
“ഞങ്ങളുടെ ആപ്പീസിലെ പെണ്ണുങ്ങളെല്ലാം നല്ല സൌന്ദര്യമുള്ളവരാ..ഇവളെ കണ്ടിട്ട് ഇത്രയധികം സൌന്ദര്യം ഉണ്ടെന്ന് പറഞ്ഞാല്‍......നിര്‍മ്മലയെ കണ്ടാലെന്ത് പറയും...?”
“ആരാ അങ്കിളേ ഈ നിര്‍മ്മല....?”
“നിര്‍മ്മല സാറിന്റെ വലം കൈയാണ് ആപ്പീസിലെ...ഇപ്പോ അഡ്മിനിസ്ട്രേഷന്‍ മേനേജര്‍ കൂടിയാണ്...പെണ്ണുങ്ങള്‍ പോലും നോക്കി നിന്ന് പോകും..അത്രയും സൌന്ദര്യവതിയാ നിര്‍മ്മല..പട്ടണത്തില്‍ അത്രയും സൌന്ദര്യമുള്ള ഒരു പെണ്ണുണ്ടെന്ന് തോന്നുന്നില്ല...നിര്‍മ്മലയെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നാ എത്രയോ പേരുണ്ടന്നറിയാമോ മോളെ...പക്ഷെ സാറിന്റെ മുന്നില്‍ മുട്ടിടിക്കും നിര്‍മ്മലക്കും, എനിക്കും എല്ലാര്‍ക്കും.... അത്ര സ്ട്രിക്റ്റാ ആപ്പീസില്‍...സ്റ്റാഫ് റൂമില്‍ നിന്ന് കരയുന്നത് കണ്ടിട്ടുണ്ട് നിര്‍മ്മല ഞാന്‍ പലപ്പോഴും..... സാറിന്റെ ചീത്ത കേട്ടിട്ട്........എന്നാലും സാറിനെ എല്ലാര്‍ക്കും ബഹുമാനമാ...അതാണ് സാറിന്റെ വിജയം....അതാണ് ഞങ്ങളുടെ കമ്പനിയുടെ വിജയ ഗാഥ...കച്ചവടത്തില്‍ ഞങ്ങളുടെ കമ്പനിയെ വെല്ലാന്‍ ഒരു സ്ഥാപനവും ഇല്ല ഈ നാട്ടില്‍...ഉണ്ണിയെന്ന് കേട്ടാല്‍ വിറക്കും......
കുളിക്കാതെ, പെര്‍ഫ്യൂം അടിച്ച് വന്ന നിര്‍മ്മലയെ കരണ്‍ക്കുറ്റിക്കടിക്കുന്നത് ഞാനൊരു ദിവസം കാണാനിടയായി...“ സാറിന്റെ ആപ്പിസ് മുറിയില്‍ സമ്മതമില്ലാതെ കയറാന്‍ നിര്‍മ്മലക്ക് മാത്രമേ അധികാരമുള്ളൂ......സാറിന്റെ അമ്മയുടെ ഫൊട്ടൊവിന്ന് മുന്നില്‍ വിളക്ക് വെക്കുന്നത് എന്നും നിര്‍മ്മലയാ..നിര്‍മ്മല അവധിയാണെങ്കില്‍ സാറ് തന്നെ ചെയ്യും അതൊക്കെ...പിന്നെ സാമിയുടെ ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണം കൊണ്ട് വന്നാല്‍ നിര്‍മ്മലയാണ് സാറിന് വിളമ്പിക്കൊടുക്കുക..എല്ലാവരും ഭക്ഷണം കഴിച്ചേ സാറ് കഴിക്കുകയുള്ളൂ...ആപ്പിസിലെ ചിട്ടകളഭ്യസിച്ചാല്‍ ജീവിതകാലം മുഴുവനും നല്ല കാലമായിരിക്കും ഏതൊരാള്‍ക്കും...വീട്ടിലും അങ്ങിനെ തന്നെയാണല്ലോ?”
അതെയെന്ന് പാര്‍വ്വതി തലയാട്ടി....നിര്‍മ്മലയുടെ കാര്യങ്ങളറിഞ്ഞു സ്തംഭിച്ചു നിന്നുപോയി പാര്‍വ്വതി..നിര്‍മ്മലയെ ഒരു നോക്ക് കാണാന്‍ ആ പിഞ്ചു മനസ്സ് കൊതിച്ചു...ഒപ്പം ഒരു ഉള്‍ഭയവും...............

[തുടരും]

Copyright 2009. All Rights Reserved

Sunday, January 18, 2009

എന്റെ പാറുകുട്ടീ.......... [ഭാഗം 14]

പതിമൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച..>>>>

നേരം വെളുത്തിട്ടും പാര്‍വ്വതി എഴുന്നേറ്റില്ല. ഉണ്ണി വിളിച്ചതും ഇല്ല. ഉണ്ണിക്കറിയാം ആ പിഞ്ചുമനസ്സിന്റെ വേദന. നല്ലോണം കിടന്നുറങ്ങട്ടെ. ഉണ്ണി ടോയലറ്റില്‍ പോയി പല്ലുതേപ്പും കുളിയുമെല്ലാം കഴിഞ്ഞിട്ടും പാര്‍വ്വതി എഴുന്നേല്‍ക്കുന്ന മട്ട് കണ്ടില്ല. കുളി കഴിഞ്ഞാല്‍ സാധാരണ പാര്‍വ്വതിയാണ് ചായയുമായെത്തുക. ഇന്ന് ഉണ്ണിക്ക് ചായ കൊടുക്കാന്‍ ആരും ഇല്ല. സമയം ഇത്രയായിട്ടും പാര്‍വ്വതി എഴുന്നേല്‍ക്കാഞ്ഞതിനാല്‍ ഉണ്ണി പെട്ടെന്ന് ഒരു ഷര്‍ട്ടെടുത്ത് പാടത്തേക്ക് നടക്കാന്‍ പോയി. പോകുന്ന വഴിയില്‍ തുപ്രമ്മാന്റെ വീട്ടില്‍ കയറി’
ഇതാരാ വരുന്നേന്ന് നോക്ക്യേ ങ്ങ് ള് ... ചക്കിക്കുട്ട്യേടത്തി തുപ്രമ്മാനോടോതി........
“ആ ഉണ്ണിയോ? എന്താ മോനെ ഇന്ന് ആപ്പീസില്ലേ.?”
“ഉണ്ട് തുപ്രമ്മാനെ..പുഞ്ചപ്പാടത്ത് പോയിട്ട് കുറെ നാളായി, അവിടെ കള പറിക്കലും മറ്റും എന്തായി എന്ന് നോക്കാന്‍ പറ്റിയില്ല ഇത് വരെ.”
“അപ്പോ നിന്റെ വാലോ?”
“അതാരാ ?”
“നിന്റെ പാറുകുട്ടീ.”
“അവളെഴുന്നേറ്റിട്ടില്ല ഇത് വരെ..”
“അവളെഴുന്നേറ്റില്ലെങ്കില് അണക്ക് വിളിപ്പിച്ചെണീപ്പിച്ചു കൂടെ ഉണ്ണ്യേ..”
“ഹൂം...... ശരിയാ! അവള് ഇന്നെലെ ശരിക്കും ഉറങ്ങിയിട്ടില്ലാ.
അപ്പോ ഞാന്‍ അവളെ വിളിച്ചില്ല.”
“അതാണ് കാര്യം അല്ലേ.?അപ്പൊ മോനിന്ന് കാപ്പിയൊന്നും കിട്ടീട്ടുണ്ടാവില്ലാ അല്ലെ?”
“ശരിയാ.”
“ഇബ് ട്ന്ന് കുറച്ച് കാപ്പി കുടിക്കണാ അണക്ക് ഉണ്ണ്യേ?”
“അതിനെന്താ . കുടിക്കാലോ..”
“പിന്നേയ് ഇവിടെ ശര്‍ക്കര കാപ്പിയാ.”
“അതൊന്നും സാരമില്ല. ന്റെ ചെറുപ്പത്തില് ഞാന്‍ എന്തോരം ശര്‍ക്കര കാപ്പി ഇവിടുന്ന് കുടിച്ചിട്ടിട്ടുണ്ട്... ഞാന്‍ അതൊന്നും മറന്നിട്ടില്ല..”
“എന്നാ മോന്‍ കേറിയിരിക്ക്.”
“ഞാന്‍ ഈ തിണ്ണേമെല്‍ ഇരുന്നോളാം.”
“ഇയ്യ് ഈ കസേരെമ്മല് ഇരിക്ക് ഉണ്ണ്യേ.”
“വേണ്ട തുപ്രമ്മാനെ. കസേരേല് അമ്മാന്‍ തന്നെ ഇരുന്നോളൂ.
എനിക്ക് ഈ തിണ്ണേമ്മല് ഇരിക്കണൊണ്ട് കൊഴപ്പോന്നൂല.”
“എടി പെണ്ണേ....... മ്മ്ടെ ഉണ്ണിക്ക് കൊറച്ച് കാപ്പിണ്ടാക്ക്.”
“ഞങ്ങടെ കാപ്പി കുടിയെല്ലാം കഴിഞ്ഞു..അവള് പാടത്ത് പണിക്ക് പോകാറായി, ഞാന്‍ ഇന്ന് അങ്ങാടീല് പോണില്ലാ.
ഈ കാറ്റ് കാലായതിനാല്‍ ശരീര സുഖം ഇല്ലാത്ത പോലെ തോന്ന്ണ്.”
“ദാ മോനെ.. കാപ്പി കുടിച്ചോ.ഉണ്ണ്യേ.... അണക്ക് കൊള്ളിക്കെഴങ്ങ് വേണോ..?”
“ഇപ്പോ വേണ്ട ചക്കിക്കുട്ട്യേട്ടത്തീ..”
“ഞാന്‍ വേറെ ഒരു ദിവസം വൈകിട്ട് വരാം.”
ഉണ്ണിക്ക് ശര്‍ക്കര കാപ്പീം കൊള്ളിക്കിഴങ്ങും ഇഷ്ടമാണെന്ന് അവര്‍ക്കറിയാം. ഉണ്ണിയുടെ വീട്ടിലിതൊന്നും ഉണ്ടാ‍ക്കാറില്ല സാധാരണ. പാറുകുട്ടി എണീക്കുമ്പോ എട്ട് മണിയായിക്കാണും. അവളുടെ അമ്മ അവളെ അന്വേഷിച്ചതെ ഇല്ല.സാധാരണ അവര്‍ ഉണ്ണിയുടെ മുറിയുടെ ഭാഗത്തെക്ക് വരാറെ ഇല്ല. പാര്‍വ്വതി ഉണ്ണിയെ കാണാതെ വിഷമിച്ചു. ഗേരെജില്‍ പോയി നോക്കിയപ്പോള്‍ കാറുണ്ടവിടെ. പാറുകുട്ടിക്ക് സമാധാനമായി. എന്നാലും അവളെ വിളിച്ചെഴുന്നേല്‍പ്പിച്ചില്ലല്ലോ എന്ന ഒരു വിഷമം അവള്‍ക്കുണ്ടാ‍യി’
“ഉണ്ണ്യേട്ടനെ കണ്ടൊ അമ്മേ.?”
“കണ്ടില്ലല്ലോ മോളെ.നീ പറമ്പില് നോക്കിയോ.?”
“അടുത്തൊക്കെ നോക്കീ.”
“ന്ന്ന്നാ പാടത്ത് പോയിട്ടുണ്ടാകും.”
“നീയെന്തെ അവന് കാപ്പി കൊടുക്കാഞ്ഞേ?”
“ഞാന്‍ എണീക്കാന്‍ വൈകി അമ്മേ.”
“അപ്പോ അവന്‍ നിന്നെ വിളിച്ചില്ലേ?”
“എന്നെ വിളിച്ചമാതിരി എനിക്ക് തോന്നിയില്ല.”
പാറുകുട്ടിക്ക് വിഷമമായി. എഴുന്നേല്‍ക്കാന്‍ നേരം വൈകി. കാപ്പി കൊടുത്തില്ല. ഇനി അതും പറഞ്ഞു കലഹിക്കാന്‍ വരുമോ ആവോ. പാറുകുട്ടി ആകെ ആശയകുഴപ്പിത്തിലായി. ഉണ്ണിയുടെ കൈയില്‍ നിന്ന് തല്ല് കൊള്ളാനുള്ള മാനസികാരോഗ്യവും അവള്‍ക്കില്ല.
ഉണ്ണി പാടം മുഴുവനും നടന്ന്, തിരുത്തിന്റെ മറുകരെ എത്തി. കൈത്തോട്ടില്‍ നില്‍ക്കുന്ന താമരപ്പൂ പോലെയുള്ള ആമ്പല്‍ പൂവ് രണ്ട് നാലെണ്ണം പൊട്ടിച്ച് ഒരു പാളയില്‍ കെട്ടി പാര്‍വ്വതിക്ക് കൊടുക്കാന്‍ കൊണ്ട് പോന്നു. സമയം ഏറെയായതിനാല്‍ വേഗം നടന്നു. വീട്ട് പടിക്കെലെത്തിയപ്പോള്‍ അവിടെ ആളനക്കമൊന്നും കേട്ടില്ല. ഉണ്ണി കാല്‍ കഴുകി നേരെ മുറിയില്‍ പ്രവേശിച്ചിട്ട് പാര്‍വ്വതിയെ വിളിച്ചു.
“പാര്‍വ്വതീ..”
പാര്‍വ്വതി ഓടിക്കിതച്ച് വന്നു...........
“ന്തേ.......ണീക്കാന്‍ വൈക്യേ?”
“ന്നെ ഉണ്ണ്യേട്ടന്‍ വിളിച്ചില്ലാ അല്ലേ.?”
“ക്ഷീണിച്ചുറങ്ങുന്ന ആളെ എങ്ങിനെയാ വിളിക്കുന്നതെന്നറിയാതെ ഞാന്‍ നിന്നെ വിളിച്ചില്ല. തലേന്നാല്‍ ശരിക്കുറങ്ങിയില്ലാ നീ എന്നെനിക്കറിയാം.”
“ഉണ്ണ്യേട്ടന് കാപ്പി കിട്ടാതെ എന്നോട് വെറുപ്പ് തോന്നിയിട്ടുണ്ടാകും. പിന്നെ അമ്മേം ഉണ്ണ്യേട്ടന്റെ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല”
“എനിക്ക് നിന്നോട് യാതൊരു വെറുപ്പും ഇല്ല. ഞാന്‍ നിനക്ക് പാടത്ത് നിന്നൊരു സാധനം കൊട്ന്ന്ട്ടുണ്ട്.”
“എന്താ ഉണ്ണ്യേട്ടാ പാടത്തൂന്ന്........ കണ്ണന്‍ മീനാണൊ?”
ഉണ്ണ്യേട്ടന് കണ്ണന്‍ മീന് പച്ചമാങ്ങയിട്ട് വെച്ച കറി വലിയ ഇഷ്ടമാ.. ഇക്കൊല്ലം ഇതു വരെ എനിക്ക് വെച്ചുകൊടുക്കാനായില്ല. നാളെ ത്തന്നെ അമ്മെനെ പറഞ്ഞയച്ച് മീന്‍ വാങ്ങി, വെച്ചു കൊടുക്കണം.
ഈ ഉണ്ണ്യേട്ടന്‍ ഒന്നും ചോദിക്കില്ല. ഉണ്ണ്യേട്ടന്റെ വീടല്ലേ.. ഞാന്‍ എന്താ കൊട്ക്ക്ണേച്ചാല്‍ അത് കഴിക്കും. ഇവിടുത്തെ എല്ലാം ചെലവുകളും നോക്കണ് ഉണ്ണ്യേട്ടന്‍ തന്നെയല്ലേ?
“ഉണ്ണ്യേട്ടാ എന്താ കൊണ്ട് വന്നെ.... തന്നോളൂ …”
“ആ‍......... ആമ്പല്‍ പൂ.”
“എനിക്ക് സന്തോഷാ‍യി ഉണ്ണ്യേട്ടാ.!”
പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ചു. കണ്ണില്‍ നിന്ന്‍ സന്തോഷാശ്രുക്കള്‍ വീണു.
“ഞാന്‍ പോയി കാപ്പി എടുത്തോണ്ട് വരാം.”
“നീ പലഹാരം കൊണ്ട്ന്ന് വെക്ക്.”
“ഞാന്‍ കാപ്പി പോണ വഴീന്ന് കുടിച്ചു..”
“എവിടുന്നാ കുടിച്ചേ?”
“തുപ്രമ്മാന്റെ വീട്ടീന്ന്..”
“അവിടുന്ന് കുടിക്കാറില്ലല്ലോ.”
“ലത്ത് വയറ് കാളിയിരുന്നു.. അതിനാലാണ് അവിടെ നിന്ന് കുടിച്ചത്. പിന്നെ അവര്‍ കണ്ടറിഞ്ഞു തന്നതാ... അതിനാല്‍ നിരസിച്ചില്ല.. പിന്നെ പണ്ട് ഞാന്‍ അവിടെ നിന്ന് നല്ലോണം കാപ്പിയും മുറ്റും കഴിക്കാറുണ്ട്.”
“എന്നെ ഒരു തട്ട് തരാമായിരുന്നില്ലേ..ഞാന്‍ അപ്പോ എണീക്കുമായിരുന്നല്ലോ!”
“ഏയ് അതൊന്നും എനിക്ക് തോന്നിയില്ല...
സുഖമായി കിടക്കുന്നവരെ വേദനിപ്പിക്കുന്നത് ശരിയല്ലല്ലോ..”
പാര്‍വ്വതി ചായയും പലഹാരവുമായെത്തി. ഇടിമിന്നിയും തേങ്ങാപാലും. ഉണ്ണിക്ക് ഇടിമിന്നിയും തേങ്ങാപാലില്‍ ചെറിയ ഉള്ളി ചതച്ചിട്ടതും ഇഷ്ട വിഭവമാണ്..”
“ഇന്നെന്താ പാര്‍വ്വതി സ്പെഷലുണ്ടല്ലോ.ആരാ ഇടിമിന്നി ഉണ്ടാക്കിയേ.?”
“ഞാന്‍ തന്നെ..ന്നോട് പറഞ്ഞിട്ടില്ലേ... ഈ കൈ കൊണ്ട് കുഴച്ചുണ്ടാ‍ക്കുന്ന പലഹാരങ്ങള്‍ ഞാന്‍ ഉണ്ടാക്കിയത് മാത്രമെ കഴിക്കുകയുള്ളൂന്ന്. അമ്മക്കും ജാനൂനുമുള്ളത് ജാനു ഉണ്ടാക്കി.”
“അത് കൊണ്ട് തന്നെയാ ഞാന്‍ ചോദിച്ചേ.ഇന്നാ ഇരിക്ക് നമുക്ക് കഴിക്കാം.”
പാര്‍വ്വതിയും ഉണ്ണിയും പ്രാതല്‍ കഴിക്കാന്‍ തുടങ്ങി. കാക്കകളുടെ ഒരേ കരച്ചില്‍.
“പാര്‍വ്വതീ...നീ കുറച്ച് പലഹാരം കാക്കകള്‍ക്ക് കൊടുത്തിട്ട് വന്നേ.”
“ശരി ഉണ്ണ്യേട്ടാ…”
തിരിച്ച് വന്ന പാര്‍വ്വതി ഭക്ഷണം കഴിച്ച് മേശ വൃത്തിയാക്കുന്നതിന്നിടയില്‍ ചോദിച്ചു. എന്തിനാ കാക്കകള്‍ക്ക് പലഹാരം കൊടുത്തതെന്നു
“ആ കാക്കകളില്‍ ഒരു കാക്ക എന്റെ ചേച്ചിയായിരുന്നു. ചേച്ചിയുടെ ചാത്തം അടുക്കാറായി. ഓര്‍മ്മിക്കാന്‍ വന്നതായിരിക്കും.”
ചേച്ചിയെ പറ്റി പറയുമ്പോഴെല്ലാം ഉണ്ണിയേട്ടന്‍ കരയുന്നത് പാര്‍വ്വതി ശ്രദ്ധിക്കാറുണ്ട്. പാര്‍വ്വതി അത് ശ്രദ്ധിക്കാത്ത മട്ടില്‍ പാത്രങ്ങളുമായി അടുക്കളയിലേക്ക് നീങ്ങി. ഉണ്ണി ഓഫീസിലിലേക്കുള്ള യാത്രക്കൊരുങ്ങി. ഇന്നെന്താ പേന്റ്സിന് പകരം മുണ്ട്. ഉണ്ണി ചിന്തിച്ചു..”
“പാര്‍വ്വതീ…”
“എന്തോ.. ദാ എത്തീ...എന്താ ഉണ്ണ്യേട്ടാ.”
“ഇതെന്താ മുണ്ടെടുത്ത് വെച്ചിരിക്കണ്.?”
“ഇന്ന് അംമ്പലത്തീ കേറീട്ട് പോയാല്‍ മതി.”
“എന്താ വിശേഷം.?”
“നാളെ എന്റെ പരീക്ഷയല്ലേ.... ഉണ്ണ്യേട്ടന്‍ എനിക്ക് വേണ്ടി പ്രത്യക വഴിപാടും മറ്റും ചെയ്ത് പ്രാര്‍ഥിക്കാമെന്ന് പറഞ്ഞിരുന്നല്ലോ…”
“ഞാനത് മറന്നു പാര്‍വ്വതി..എന്നാ നീയും കൂടെ പോന്നോ..”
“അപ്പോ ക്ലാസ്സില് ലേറ്റാകില്ലേ.?”
“അതും ശരിയാ....എന്നാ ഞാന്‍ പോയെക്കാം..”
ഉണ്ണ്യേട്ടന്റെ കൂടെയുള്ള ഒരു യാത്ര ഞാനായിട്ട് കളഞ്ഞു. എന്നെ കാറീ കേറ്റീട്ട് കൊണ്ടോയീനെ.. നിക്ക് അതിന്നുള്ള യോഗം ഉണ്ടാവില്ലാ എന്നാ തോന്നണേ.
മുണ്ടുടുത്ത് ചന്ദനക്കുറിയിട്ട് വന്ന മുതലാളിയെ കണ്ടപ്പോ ഓഫീസിലെ ജോലിക്കരെല്ലാം അത്ഭുതപ്പെട്ടു. ആര്‍ക്കും ഒന്നും ചോദിക്കാനുള്ള ധൈര്യം അവിടെ ഇല്ലല്ലോ.
കേബിന്നുള്ളില്‍ കയറും മുന്‍പ് ഉണ്ണി നേരെ ശങ്കരേട്ടന്റെ മുറിയിലേക്ക് പോയി. ശങ്കരേട്ടനോട് പാര്‍വ്വതിയുടെ പരീക്ഷാ കാര്യമെല്ലം പറഞ്ഞു. ഉണ്ണിയെ ഈ വേഷത്തില്‍ ഓഫീസിലാരും കണ്ടിട്ടില്ല. ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് എല്ലാവരോടും കോണ്‍ഫറന്‍സ് റൂമിലേക്ക് വരാന്‍ പറഞ്ഞേല്‍പ്പിച്ചു. എന്താ സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ സ്റ്റാഫെല്ലാം കുഴങ്ങി.
ഉണ്ണി നിര്‍മ്മലയെ ഫോണില്‍ വിളിച്ചൂ.........
“സര്‍.... മെ ഐ കം ഇന്‍.”
“യെസ്.......നിര്‍മ്മല..നീ ശങ്കരേട്ടന്റെ കൂടെ പോയി 2 നല്ല് സെറ്റു മുണ്ട് വാങ്ങണം...അതില്‍ ഒന്ന് കസവുള്ളതായിരിക്കണം. മുന്തിയ തരം വേണം. പിന്നെ ഇന്നാള് ബ്ലൌസ് തൈപ്പിച്ച കടയില്‍ നിന്ന് അതിന്നുള്ള മേച്ചിങ്ങ് ബ്ലൌസും കൊണ്ട് വരണം.”
“സര്‍.. ഒരു ദിവസം കൊണ്ട് ബ്ലൌസ് കിട്ടാന്‍ ബുദ്ധിമുട്ടാ..”
“അതൊന്നും എന്നോട് പറയേണ്ട.. യു ഹാവ് ടു മേനേജ് ഇറ്റ്...
ആന്റ് ബീ ഹിയര്‍ റെഡി ഫോര്‍ ദി മീറ്റിങ്ങ്..”
മീറ്റിങ്ങിനെത്തിയില്ലെങ്കില്‍ ശകാരം ഉറപ്പ്, പറഞ്ഞ സാധനം കിട്ടിയില്ലെങ്കില്‍ എന്താ സംഭവിക്കുകയാ എന്ന് അറിയില്ല. സമയം അടുത്തു തുടങ്ങി. നിര്‍മ്മലക്ക് വെപ്രാളം. ശങ്കരേട്ടനോട് ചോദിച്ചു. ഒന്നുമറിയാത്ത മട്ടില്‍ ശങ്കരേട്ടന്‍. ബ്ലൌസ് കിട്ടുന്ന ലക്ഷണമില്ല. നിര്‍മ്മല വെറും കയ്യോടേ കോണ്‍ഫറന്‍സ് റൂമിലെത്തി.ഉണ്ണിയെ കണ്ട് എല്ലാവരും എഴുന്നേറ്റ് നിന്നു. ഉണ്ണി എല്ലാവരോടും ഇരുന്നോളാന്‍ പറഞ്ഞു.
“പ്രിയപ്പെട്ട സഹപ്രവര്‍ത്തകരേ.......
നമ്മുടെ സ്ഥാപനം തുടങ്ങിയിട്ട് 12 വര്‍ഷം തികയുകയാണ്, അടുത്ത മാസം നാലാം തീയതി. നമുക്ക് പതിവിലും ഭംഗിയായി ആ സുദിനം കൊണ്ടാടണം. നമ്മുടെ സ്റ്റാഫ് മാത്രം പങ്കെടുക്കുന്ന കലാപരിപാടികളും വേണം. അതിന്റെ കോ ഓര്‍ഡിനേറ്ററായി ഞാന്‍ ഹേമ മാലിനിയെ ഏല്‍പ്പിക്കുന്നു. അന്ന് പെണ്ണുങ്ങളെല്ലാവരും പ്രത്യേകം ഓര്‍ഡര്‍ ചെയ്തിട്ടുള്ള സെറ്റ് മുണ്ട് ധരിക്കേണ്ടതാണ്. ആണുങ്ങള്‍ക്കും പ്രത്യേക വസ്ത്രങ്ങള്‍ ഉണ്ടായിരിക്കും. എല്ലാവരും സിറ്റി കാസിലിലെ റൂം നമ്പര്‍ 14ല്‍ പോയി അളവ് കൊടുക്കേണ്ടതാണ്.
പിന്നെ ഈ വാര്‍ഷികത്തിന്ന് മുന്നോടിയായി എല്ലാ സ്റ്റാഫുകള്‍ക്കും ശമ്പളത്തിന്റെ 24% ഇങ്ക്രിമെന്റ് ലഭിക്കുന്നതാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ് നമ്മുടെ നാട്ടില്‍ ഇത്ര വലിയ ശമ്പളം എവിടെയുമില്ലെന്ന്. നിങ്ങളെല്ലാവരും കൂടുതല്‍ നിങ്ങളുടെ സേവനത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
പിന്നെ ഈ സ്ഥാപനത്തിലെ എന്റെ വലം കൈയായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മലയെ ഞാന്‍ അഡിമിനിസ്ട്രേഷന്‍ മേനേജരായി ഉദ്യോഗ കയറ്റം കൊടുക്കുന്നു. അത് പോലെ എന്റെ നിഴലായി എന്നോടൊപ്പമുള്ള ശങ്കരേട്ടനെ ഈ സ്ഥാപനത്തിലെ ജനറല്‍ മേനേജരായി പ്രമോഷന്‍ കൊടുക്കുന്നു.
എന്റെ പ്രശംസ കൂടുതല്‍ പിടിച്ച് പറ്റിയിട്ടുള്ള എല്ലാ സഹപ്രവര്‍ത്ത്കര്‍ക്കും തക്കതായ സ്ഥാന കയറ്റം കിട്ടുന്നതായിരിക്കും. ആ സന്തോഷ വാര്‍ത്ത നമ്മുടെ വാര്‍ഷിക ചടങ്ങില്‍ വെളിപ്പെടുത്തുന്നതായിരിക്കും.
പിന്നെ നിര്‍മ്മലയുടെ പ്രത്യേക റിക്വസ്റ്റിനെ മാനിച്ച് പിരിച്ച് വിട്ട ശകുന്തളയെ ശമ്പളത്തിന്റെ 15% കുറവോടെ തിരിച്ചെടുക്കുന്നു.
പിന്നെ എന്റെ ഒരു ബന്ധു ഈ പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നു. നിങ്ങളെല്ലാവരും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.
എല്ലാവര്‍ക്കും നന്ദി. നമസ്കാരം.
“ദിസ് മീറ്റിങ്ങ് ഈസ് അഡ്ജേര്‍ണ് ഡ് ഫോര്‍ ഫെല്ലോഷിപ്പ് ആന്‍ഡ് റെഫ്രഷ്മെന്റ്സ്.
“സര്‍‌......”
“എന്താ നിര്‍മ്മല...സന്തോഷമായല്ലോ.?”
“വളരെ സന്തോഷം…”
നിര്‍മ്മല ഉണ്ണിയുടെ കാല് തൊട്ട് വന്ദിച്ചു.. ഒരു സ്ത്രീക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്ഥാനമാണ് ഈ പദവി.
ഒരഛന്റെ സ്ഥാ‍നം കല്പിക്കുന്ന ശങ്കരേട്ടനെ അങ്ങോട്ട് ചെന്നഭിനന്ദിച്ചു.. നിര്‍മ്മല ഉണ്ണിയെ കണ്ട് ഷോപ്പിങ്ങിന്റെ കാര്യം സൂചിപ്പിച്ചു... ഒരു നല്ല ദിവസമായതിനാല്‍ ഉണ്ണി ഒന്നും പറഞ്ഞില്ല. പിന്നീടാകാം എന്ന് പറഞ്ഞു..
റെഫ്രഷ്മെന്റ്സിന് ശേഷം എല്ലാം സ്റ്റാഫും പിരിഞ്ഞു..
നിര്‍മ്മല കുറച്ച് കഴിഞ്ഞു ഉണ്ണിയുടെ ഓഫീസിലെത്തി...
“എന്താ നിര്‍മ്മല.?”
“ഞാനൊരു കാര്യം ചോദിച്ചോട്ടെ.സാറിന് അലോഗ്യം തോന്നരുത്...സ്റ്റാഫെല്ലാം ചോദിക്കുന്നു..ഏതാ ആ കുട്ടീ എന്ന്...........
“ഇപ്പോത്തന്നെ പറയണോ...പിന്നീട് മതീല്ലേ?”
“സര്‍ പ്രാര്‍ത്ഥിക്കേണ്ട കാര്യമല്ലേ?”
“ദാ എന്റെ മേശപ്പുറത്തിരിക്കുന്ന ഈ പെണ്‍കുട്ടിക്ക് വേണ്ടി..”
“ഈ കുട്ടിക്കല്ലേ പണ്ട് ഞങ്ങള്‍ ഡ്രസ്സ് വാങ്ങിയത്,വളയും മറ്റും.”
“ആ‍....... അവള്‍ തന്നെ.!”
“ഇന്നൊരു സുദിനമല്ലേ സര്‍... ഒന്നും കൂടി ചോദിച്ചോട്ടെ സര്‍....ഈ കുട്ടിക്ക് പ്രായം വളരെ കുറവാണല്ലേ... കണ്ടാല്‍ പത്തിരുപത് വയസ്സ് തോന്നിക്കും. അല്പം നിറക്കുറവുണ്ടെങ്കിലും എന്തൊരു തേജസ്സാ ആ മുഖത്ത്.സുന്ദരിയും.എന്താ ഈ കുട്ടിയുടെ പേര്....”
“പാര്‍വ്വതി....”
“സര്‍....... ആരാണീ കുട്ടീ..?”
“താമസിയാതെ പറയാം....പോയി ജോലി ചെയ്തോളൂ…”
നിര്‍മ്മല വര്‍ഷങ്ങളായി ചോദിക്കാനിരുന്നതാണ് ഈ ഫോട്ടൊയിലെ കുട്ടിയെപ്പറ്റി.. എല്ലാ വാര്‍ഷികത്തിനും ഈ കുട്ടിയുടെ പുതിയ ഫോട്ടോ ഓഫീസില്‍ മാറ്റി വെക്കാറുണ്ട്.
നിര്‍മ്മലയെ ഉണ്ണി ഫോണില്‍ വിളിച്ചു......
“യെസ് സാര്‍....”
“ഞാനീ പറഞ്ഞ കാര്യങ്ങളൊന്നും ആരോടും പറയരുത്.. ശങ്കരേട്ടനോഴികെ..പിന്നെ ഒരു കാര്യം വാര്‍ഷികത്തിന് മുന്‍പ് നമ്മുടെ മെയിന്‍ റിസപ്ഷന്‍ ലോഞ്ചില്‍ ഈ കുട്ടിയുടെ ഫോട്ടോ എന്‍ലാര്‍ജ് ചെയ്ത് വെക്കണം.. ഒരു 70 x 100 cm ല്‍ ആയിക്കോട്ടെ. കിഴക്കേ ഭാഗത്ത് വെച്ചിട്ടുള്ള ഒരു പൂവിന്റെ ഫോട്ടൊയുണ്ടല്ലോ, അതിന്റെ സ്ഥാനത്ത് ഇതിനെ പ്രതിഷ്ടിക്കുക..”
“യെസ് സാര്‍.....”
“ ഹേമാ മാലിനിയോടും പറയുക.”
ഉണ്ണി വീട്ടിലേക്ക് അല്പം നേരത്തെ യാത്രയായി.
പോകുന്ന വഴിക്ക് പാര്‍വ്വതിയുടെ സ്കൂളില്‍ കയറി...
ഹെഡ് മിസ്ടസ്സിനെ വണങ്ങിയ ശേഷം പാര്‍വ്വതിയുടെ ക്ലാസ്സ് ടീച്ചറെ കാണാന്‍ പോയി... ഉണ്ണിയെ കണ്ട പാര്‍വ്വതി അന്തം വിട്ടു.. അവള്‍ക്ക് സന്തോഷവുമായി. എങ്ങിനെയുണ്ട് പാര്‍വ്വതിയുടെ പഠിപ്പൊക്കെ..
സാര്‍ അന്ന് വന്നതില്‍ പിന്നെ വളരെ മിടുക്കിയാ...
ഇപ്പോള്‍ ഈ സ്കൂളില്‍ തന്നെ ഫസ്റ്റ് ആണ് പാര്‍വ്വതി....
ഒട്ടും മടിയില്ല... വളരെ കാര്യപ്രാപ്തി ഉണ്ടവള്‍ക്ക്...
ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണെന്നാണ് പാര്‍വ്വതിയെപറ്റി ക്ലാസ്സ് ടീച്ചര്‍ പറഞ്ഞതെ ഉണ്ണിയോട്...
ഉണ്ണിയുടെ കണ്ണ് നിറഞ്ഞു...
ടീച്ചര്‍..... ഞാനിവളെ അല്പം നേരത്തെ കൊണ്ട് പൊയ്കോട്ടെ..
ഹെഡ് മിസ്ട്രസ്സിനൊട് ചോദിച്ച് കൊണ്ട് പോയ്കോളൂ....
“പാര്‍വ്വതി..മോള് പൊയ്കോളൂ....”
പാര്‍വ്വതിക്കുള്ള സന്തോഷം പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത വിധമായിരുന്നു.
“ഞാന്‍ നടന്ന് വന്നോളാം ഉണ്ണ്യേട്ടാ....”
പാര്‍വ്വതിയുടെ നിഷ്കളങ്കത കണ്ടിട്ട് ഉണ്ണിക്ക് ചിരി വന്നു. ഉണ്ണിയോട് നൂറു വട്ടമെങ്കിലും കാറില്‍ കയറ്റുമോ എന്ന് ചോദിച്ചിട്ടിട്ടുണ്ട്. എപ്പോ ചോദിച്ചാലും സമയമായിട്ടില്ലെന്നെ ഉണ്ണി പറയാറുള്ളൂ..പാര്‍വ്വതിയെ ഉണ്ണി കാറിന്റെ മുന്‍സീറ്റില്‍ തന്നെ ഇരുത്തി..വേഗം വീട്ടിലെത്തി. പാര്‍വ്വതി ഏതോ അത്ഭുത ലോകത്തിലെന്ന പോലെയായി.. കാറിലിരുന്ന് ഒന്നും ചോദിക്കാനായില്ല...
“ഹലോ...... നമ്മള്‍ വീട്ടിലെത്തി..
നീ വേഗം പോയി മേല്‍ കഴുകി ഈ യൂണിഫോമെല്ലാം മാറ്റി മുണ്ടടുത്തോണ്ട് വാ.. നമുക്ക് കപ്ലേങ്ങാട്ട് അംബലത്തില് പോകാം.”
“ശരി ഉണ്ണ്യേട്ടാ... ഞാന്‍ ഒരു പത്ത് മിനിട്ടിന്നകം വരാം..”
ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് അംമ്പലത്തിലെത്തി.
പാര്‍വ്വതി സന്തോഷം കൊണ്ട് തുള്ളിച്ചാടി. പരിസരബോധം നഷ്ടപ്പെട്ട പോലെ അവള്‍ കൊച്ചുകുട്ടിയെപ്പോലെ ഉണ്ണിയുടെ കയ്യില്‍ തൂങ്ങി നടന്നു.
ഉണ്ണ്യേട്ടാ അതെന്താ ........ഇതെന്താ എന്നെല്ലാം ചോദിച്ചും കൊണ്ട്...
പാര്‍വ്വതിയെ കൊണ്ട് അമ്മയേ നല്ലവണ്ണം തൊഴീപ്പിച്ചു...
ഭണ്ഡാരത്തിലിടാന്‍ കാശ് കൊടുത്തു... ഉണ്ണി അവളെ ദേവിയുടെ നടയില്‍ നിന്ന് മഞ്ഞളും കുങ്കുമവും അണിയിച്ചു. അമ്മയോട് പാര്‍വ്വതിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു..
വീട്ടിലേക്ക് വരും വഴി പാര്‍വ്വതിക്ക് വടുതല സ്കൂളിന്റെ അടുത്തുള്ള കടയില്‍ നിന്ന് പരിപ്പുവടയും പഴവും വാങ്ങിക്കൊടുത്തു..
വീട്ടില്‍ പ്രവേശിച്ചതിന് ശേഷം ബേഗ് അലമാരയില്‍ വെക്കുന്ന സമയം പാര്‍വ്വതി അകത്ത് കടന്ന് ഉണ്ണിയെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. പാര്‍വ്വതിയുടെ കണ്ണ് നിറഞ്ഞു.
“എന്റെ ഉണ്ണ്യേട്ടാ..... ഇന്നാണെനിക്ക് മനസ്സിലായത് ഉണ്ണ്യേട്ടനെന്നെ എത്രമാത്രം സ്നേഹിക്കുന്നെന്ന്... ഇനി എന്നെ എത്ര വേണമെങ്കിലും തല്ലിക്കോ...... ഞാനൊന്നും പറയില്ല... കരയില്ലാ.........
അയ്യോ ഉണ്ണ്യേട്ടന്റെ ഷര്‍ട്ടില്‍ മഞ്ഞളും കുങ്കുമവും ആയി... എന്നെ തല്ലിക്കോളൂ…”
അവള്‍ നിന്നു കൊടുത്തു…
ഉണ്ണി പാറുകുട്ടിയെ വാരിക്കോരിയെടുത്ത് കട്ടിലില്‍ കിടത്തി.. താടിയെല്ലില്‍ നല്ല ഒരു കടി കൊടുത്തു......
[തുടരും]


Copyright 2009. All Rights Reserved

Friday, January 16, 2009

എന്റെ പാറുകുട്ടീ........ [ഭാഗം 13]

പന്ത്രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച.
"പാറുകുട്ടീ... ഇന്നെനിക്ക് നേരത്തെ കിടക്കണം. ഭക്ഷണം അതനുസരിച്ചായിക്കോട്ടെ"
"പ്രത്യേകിച്ചെന്തെങ്കിലും വേണോ ഉണ്ണ്യേട്ടാ.?"
"എന്താ എനിക്ക് തരാനുള്ളത് പ്രത്യേകിച്ച്."
"എന്ത് വേണമെങ്കിലും തരാം."
"എന്തും?.... എന്നാ താ.....പിന്നെപ്പളാ തരിക?......"
"എന്താ ഉണ്ണ്യേട്ടാ ഇത്.?പറയ് വേഗം....
അമ്മ അടുക്കളെന്ന് പോകുന്നതിന് മുന്‍പ് പറയണം.."
"ന്നാ നിക്കൊന്നും വേണ്ട......"
"ദാ ഇപ്പോ നന്നായെ?......."
"ഈ ഉണ്ണ്യേട്ടനെന്നോടൊരിഷ്ടവും ഇല്ലാ......"
"നിന്നോടിഷ്ടമുണ്ടെന്നാരാ പറഞ്ഞേ?.. നിന്നെക്കാളും എത്രയോ ഭംഗിയുള്ള പെണ്‍കുട്ട്യോള് പട്ടണത്തിലുണ്ടല്ലോ..."
ഇത് കേട്ട് പാര്‍വ്വതി പുറത്തേക്ക് പോയി. പാര്‍വതിയുടെ മനസ്സ് വേദനിച്ചു. കോണിച്ചുവട്ടില്‍ പോയി നിന്ന് കരയാന്‍ തുടങ്ങി
ഭക്ഷണം എടുത്ത് വെക്കാന്‍ പോയ പാര്‍വ്വതിയെ കാണാതെ ഉണ്ണി അടുക്കള ഭാഗത്തേക്ക് കേള്‍ക്കും വിധം ഉറക്കെ വിളിച്ചു,
"പാര്‍വ്വതീ‍...."
ഒരനക്കവും ഇല്ലാ.....ഉണ്ണി വീണ്ടും വിളിച്ചു.
"പാര്‍വ്വതീ...."
വിളികേട്ടു പാര്‍വ്വതിയുടെ അമ്മ, പാര്‍വ്വതിയെ എല്ലായിടത്തും തിരഞ്ഞു. അവസാനം കോണിച്ചുവട്ടില്‍ നിന്ന് കരയുന്ന മകളെ കണ്ടിട്ട് ആ അമ്മക്ക് പ്രത്യേക വികാരം ഒന്നും തോന്നിയില്ല. ..
"നിന്നെ ഉണ്ണി വിളിക്കുന്നത് കേട്ടില്ലേ. എന്താ എന്ന് പോയി ചോദിച്ചിട്ട് വന്നേ. ഇന്നിട്ട് വന്ന് അവനുള്ളതെല്ലാം ഉണ്ടാക്കി വെക്ക്. വയ്യാത്ത ചെക്കനാ രണ്ട് ദിവസമായിട്ട്... നീ അവന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടെ?..."
പാര്‍വ്വതി കരഞ്ഞു കലങ്ങിയ കണ്ണുമായി ഉണ്ണിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പുസ്തകം വായിച്ച് കൊണ്ടിരിക്കുന്ന ഉണ്ണി പാര്‍വ്വതിയുടെ ആഗമനം ശ്രദ്ധിച്ചില്ല
പാര്‍വ്വതി മൃദുവായ സ്വരത്തില്‍ ഉണ്ണിയെ വിളിച്ചു...
"ഉണ്ണ്യേട്ടാ..."
‘വായനയില്‍ മുഴുകിയ ഉണ്ണി പാര്‍വ്വതിയുടെ വിളി കേട്ടില്ല.
പെട്ടെന്നുള്ള കരച്ചില്‍ കേട്ട് ഉണ്ണി നോക്കിയപ്പോള്‍ കരഞ്ഞ് വീര്‍ത്ത് മുഖവും കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന പാര്‍വ്വതിയെയാണ് ‘
"നീ എവിടെയായിരുന്നു പാര്‍വ്വതി. ഞാന്‍ നിന്നെ എത്ര വിളിച്ചു. ഈ വീട്ടിലാരും ഉണ്ടായിരുന്നില്ലേ. ആരും ഇങ്ങോട്ട് വന്നില്ലല്ലോ.."
"എന്തിനാ നീ കരേണ്. നിന്നെ അമ്മായി ചീത്ത പറഞ്ഞോ?"
പെട്ടെന്ന് ഉണ്ണിക്ക് ഒന്നും മനസ്സിലായില്ല. അവള്‍ക്ക് കരയാനുള്ള വകുപ്പൊന്നും ഉള്ളതായി ഉണ്ണിക്കൂഹിക്കാനും ഒത്തില്ലാ.
"ങ്ങ്ട്ടടുത്തേക്ക് വന്നേ. ഉണ്ണ്യേട്ടന്‍ ചോദിക്കട്ടെ..വാ......... ഉണ്ണ്യേട്ടന്റെ അടുത്തിരിക്ക്...,"
പാര്‍വ്വതി കൊച്ചു കുട്ടിയെ പോലെ വിതുമ്പിക്കൊണ്ട് ഉണ്ണിയുടെ ലാളന ഏറ്റുവാങ്ങി ഉണ്ണിയുടെ അടുത്തിരുന്നു. ഉണ്ണിയുടെ തോളില്‍ തല ചായ്ച്ചു വീണ്ടും വിതുമ്മി.
"എന്തേ ഉണ്ടായി പാര്‍വതീ...എന്തിന്നാണ് നീ കരഞ്ഞെതെന്ന് പറാ ഉണ്ണ്യേട്ടനോട്.....എല്ലാത്തിനും നമുക്ക് പോംവഴി കണ്ടെത്താം."
പാര്‍വ്വതി തേങ്ങിക്കൊണ്ടിരുന്നു. ഉണ്ണിയുടെ വസ്ത്രമെല്ലാം കണ്ണീരില്‍ കുതിര്‍ന്നു. ഉണ്ണി ആലോചിച്ചു എന്തായിരിക്കാം കാരണം?
ആ‍ പിടി കിട്ടി............
"പാര്‍വ്വതീ........... തലയുയര്‍ത്ത്.......... നോക്ക്യേ ഉണ്ണ്യേട്ടനെ നോക്ക്... പാര്‍വ്വതിയുടെ മുഖം പിടിച്ചുയര്‍ത്തി ഉണ്ണി..
ഇതിന്നാണോ നീ കരഞ്ഞേ?.... ഞാന്‍ ഒരു തമാശ പറഞ്ഞതിനാണോ?."
അതെ എന്ന ഭാവത്തില്‍ പാര്‍വ്വതി തലയാട്ടി.
"എടീ പൊട്ടിപ്പെണ്ണേ......... നീ ഇത്ര മണ്ടിയായല്ലോ........ എന്നോട് തല്ലുകൂടുന്ന ആളല്ലേ നീ........ നിന്റെ ശൌര്യമെല്ലാം എവിടെ പോയി. ചിലപ്പോള്‍ പാടത്തും പറമ്പിലെല്ലാം എന്നെ ഓടിക്കും. എന്തെല്ലാം വികൃതി കാണിച്ച് എന്നെ ചിലപ്പോള്‍ തമാശ കളിപ്പിക്കുന്ന ആളാ.. എന്നിട്ട് ഈ നിസ്സാര കാര്യത്തിന് നിന്നിട്ട് മോങ്ങുന്നു!
ഉണ്ണ്യേട്ടന്‍ തമാശക്ക് പറഞ്ഞതല്ലേ?.... ഉണ്ണ്യേട്ടന് നിന്നെ മാത്രമേ ഇഷ്ടമുള്ളൂ.... നിന്റെ മനസ്സിന്റെ സൌന്ദര്യമാണെനിക്കിഷ്ടം... ബാഹ്യമായ സൌന്ദര്യം ഈ ഉണ്ണ്യേട്ടനാസ്വദിക്കാനറിയില്ല. ചിലപ്പോള്‍ രണ്ട് സൌന്ദര്യങ്ങളും കൂടി ഈശ്വരന്‍ ചിലര്‍ക്ക് കൊടുത്തേക്കാം. അത് വളരെ കുറവായെ കാണാറുള്ളൂ..'
നിക്കൊന്നും മനസ്സിലാവിണില്ല്യാ ഉണ്ണ്യേട്ടന്‍ പറേണത്...

"നീ പോയിട്ട് വേഗം ഭക്ഷണം എടുത്തോണ്ട് വാ......... ഞാന്‍ പറഞ്ഞിട്ടെത്ര നേരമായി.. എനിക്ക് നേരത്തെ ഉറങ്ങേണ്ടതയായിരുന്നെന്നു ഇന്ന്.. എല്ലാം തെറ്റിച്ചില്ലേ.?വേഗം കൊണ്ട്ന്ന് വെക്ക്.."
അല്‍പനേരത്തിന്നുള്ളില്‍ ഭക്ഷണമെല്ലാം ഒരുക്കി വെച്ച് പാര്‍വ്വതി ഉണ്ണിയെ ഉണ്ണാന്‍ വിളിച്ചു.
"എന്താ പാര്‍വ്വതി നിനക്കുണ്ണാനുള്ള കിണ്ണം കാണാനില്ലല്ലോ?.."
"എനിക്കിന്ന് വൃതമാണ്........ തികളാഴ്ച വൃതം...”
“അതെന്തിനാ ഈ തിങ്കളാഴ്ച വൃതമെടുക്കുന്നത്...നിനക്ക് വിശക്കില്ലേ?..”
“ഇല്ലാ....അമ്മ പറഞ്ഞിട്ടാ...”
“ഈ തിങ്കളാഴ്ച മാത്രമാ‍ണോ?...”
“അല്ല...... അമ്മ പറയും വരെ തുടരണമെന്നാ പറഞ്ഞത്...”
“എന്നാ ഞാനും കൂടാം വൃതത്തിന്...”
“ഏയ് അത് പാടില്ല........ ഉണ്ണ്യേട്ടന് വൃതത്തിന്റെ ആവശ്യമില്ലാ..”
പാര്‍വ്വതി ദോശയെടുത്ത് ഉണ്ണിയുടെ കിണ്ണത്തിലിട്ട് കൊടുത്തു... മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണു തുടച്ചു. ഉണ്ണിയോട് കഴിക്കാന്‍ പറഞ്ഞുകൊണ്ട് ഉണ്ണിയുടെ അടുത്തിരുന്നു.. പാര്‍വ്വതിയുടെ ഉള്ളിലെ തീ അണഞ്ഞിരുന്നില്ലാ..
"പാര്‍വ്വതീ......... നിനക്ക് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എനിക്കും പറ്റില്ല.. എനിക്ക് ജീവിതത്തില്‍ ആകെയുള്ള ഒരാശ്വാസം നീയാണ്. നീ വിഷമിച്ചിരിക്കുന്ന അവസ്ഥയിലും, പട്ടിണി കിടക്കുന്ന സമയത്തും, നിന്റെ മുന്നില്‍ നിന്നെനിക്ക് കഴിക്കാനാവില്ല."
ഇത് കേട്ട് തെല്ലൊരാശ്വാസം അനുഭവപ്പെട്ട പാര്‍വ്വതി ഉണ്ണിയോട് പറഞ്ഞു.. ഉണ്ണ്യേട്ടന് പട്ടിണി കിടക്കാന്‍ പാടില്ല. മരുന്നുകളൊക്കെ കഴിക്കേണ്ടതല്ലേ. ആ സമയത്ത് പട്ടിണി പാടില്ല.
“പാര്‍വ്വതി... നീ ഇതെല്ലാം അടുക്കളയില്‍ കൊണ്ട് വെച്ചൊ.. ഞാന്‍ ഉറങ്ങാന്‍ പോവാ..”
“ഉണ്ണ്യേട്ടാ......... എന്താ ഇങ്ങിനെയൊക്കെ? എനിക്ക് വിഷമിക്കാനെ നേരമുള്ളൂ.. ഒന്ന് ഉള്ള് തുറന്ന് ചിരിച്ചാല്‍.. ഒരു ദിവസം ഉണ്ണ്യേട്ടനോടോത്ത് കളിച്ച് ചിരിച്ച് സുഖിച്ചാല്‍ പിറ്റേ ദിവസം എനിക്ക് സങ്കടപ്പെടാനേ നേരമുള്ളൂ...”
“അതൊക്കെ നിന്റെ തോന്നലാ പാര്‍വ്വതീ..”
“ഇതൊക്കെ അടുക്കളയിലേക്ക് കൊണ്ട ചെന്നാല്‍ അമ്മ എന്നെ ശരിയാക്കും..”
ചെകുത്താനും കടലിനും ഇടക്കായ പോലെയായി പാര്‍വ്വതി.. ആ മനസ്സിന്റെ മുറിവുണക്കാന്‍ ആക്കും കഴിയുന്നില്ലല്ലോ...
“ഉണ്ണ്യേട്ടാ‍ എനിക്കിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.”
“വേണ്ട. എനിക്കൊരു പ്രശ്നവുമില്ലാ...നിനക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ട.പാര്‍വ്വതി..... ഞാനൊരു കാര്യം ചെയ്യാം..ഞാന്‍ ഇന്ന് മുതല്‍ എല്ലാ തിങ്കളാഴ്ചയും ഓഫീസില്‍ താമസിച്ച് കൊള്ളാം. അപ്പോ നിന്നെ കാണേണ്ടല്ലോ... നീ ഇങ്ങനെ ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്ഥ എനിക്ക് സഹിക്കാതെ കഴിയുമല്ലോ."
“എന്റെ തേവരേ... എന്നെ സഹായിക്കാനാരുമില്ലേ?”
എന്താ ചെയ്യേണ്ടതറിയാതെ പാര്‍വ്വതി നെടുവീര്‍പ്പിട്ടു. എനിക്ക് വേണ്ടി വക്കാലത്ത് പറയാന്‍ ഈ വീട്ടിലാരുമില്ലേ?
“ഉണ്ണ്യേട്ടാ... പ്ലീസ്... ഇന്നെന്നെ വിടൂ..അടുത്ത ആഴ്ച നമുക്കൊരു നിവൃത്തിയുണ്ടാക്കാം..”
“പാര്‍വ്വതീ.”....... ഉണ്ണിയുടെ സ്വരം കയര്‍ത്തു.....“ഞാനൊരു കാര്യം പലവട്ടം പറയില്ലാ....ഈ സന്ധ്യാ നേരത്ത് നിന്നോട് വഴക്കടിക്കാനും വയ്യാ...”
“ന്നാ ശരി........ ഉണ്ണ്യേട്ടന്‍ പറയുന്നത് ഞാനനുസരിക്കാം...”
ഉണ്ണി ദോശ ഒരു കഷണമെടുത്ത് പാര്‍വ്വതിയുടെ വായില്‍ വെച്ച് കൊടുത്തു...
അമ്മയെ ധിക്കരിച്ച്, ഉണ്ണിയെ അനുസരിക്കേണ്ടി വന്നു. ഉണ്ണി ഈശ്വര ഭക്തനാണെങ്കിലും, പല അനാചാരങ്ങളും ഉണ്ണിക്കിഷ്ടമല്ല.. ജ്യോത്സ്യം തീരെ വെറുപ്പാ... കുടുംബത്തില്‍ ആര്‍ക്കും ജാതകം എഴുതിപ്പിക്കാന്‍ പാടില്ല. ജാതകം നോക്കി വിവാഹം നടത്താന്‍ പാടില്ല. അങ്ങിനെ പലതും. ഉണ്ണിയുടെ പിതാമഹന്മാരും ഇത്തരം വിശ്വാസികളായിരുന്നു. ഉണ്ണി കഴിക്കുന്നതിനൊപ്പം പാര്‍വ്വതിയെയും ഉണ്ണി ഊട്ടി. കുട്ടികള്‍ക്ക് വാരിക്കൊടുക്കുന്ന പോലെ അവള്‍ക്ക് വാരിക്കൊടുത്തു.. ഇടക്ക് വെള്ളം കുടിക്കാനും കൊടുത്തു. പാര്‍വ്വതിക്ക് അലോഗ്യം തോന്നുന്ന കാര്യങ്ങളൊന്നും രണ്ട് ദിവസത്തെക്ക് സംഭവിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു’

“പാര്‍വ്വതീ......”
“എന്താ ഉണ്ണ്യേട്ടാ‍.?”
“അപ്പൊ നിനക്ക് വെശക്ക്ണ് ണ്ടായിരുന്നു അല്ലേ ? ഞാന്‍ തന്നതെല്ലാം കഴിച്ചു.. നല്ല കുട്ടി ! ഇനി പാത്രങ്ങളെല്ലാം കൊണ്ട് പോയി വെച്ച് വായോ...
പിന്നേയ്....... ഇന്ന് എനിക്ക് കുടിക്കാന്‍ കുറച്ചധികം വെള്ളം എടുത്തോളൂ.... പിന്നെ ജാനുവിനെ വിട്ട് എനിക്ക് കുറച്ച് തുളസീടെ ഇലയും കൊണ്ട് വരണം.. നീ മുറ്റത്തൊന്നും ഇറങ്ങേണ്ട കേട്ടോ..”
“ശരി ഉണ്ണ്യേട്ടാ....”
പാര്‍വ്വതി പാത്രമെല്ലാം കഴുകിവെച്ച്.. വെള്ളവും തുളസിയിലയുമായി തിരികെയെത്തി.. തത്സമയം ഉണ്ണി ദേവീ മഹാത്മ്യം വായിച്ചും കൊണ്ടിരുന്നു..ഉണ്ണിയുടെ മനസ്സ് ചഞ്ചലമാണെന്ന് പാര്‍വ്വതിക്ക് മനസ്സിലായി. ഉണ്ണിയുടെ അങ്ങിനെയുള്ള അവസ്ഥയില്‍ എപ്പോഴും കിടക്കക്കരികെയുള്ള നാരായണീയം, ദേവീമഹാത്മ്യം, ഭഗവത് ഗീത എന്നീ ദൈവീക ഗ്രന്ഥങ്ങള്‍ എടുത്ത് നോക്കുന്നത് കാണാം. ഓഫീസില് മേശപ്പുറത്ത് ഇത്തരം പുസ്തകങ്ങള്‍ കണ്ടിട്ടുണ്ടെന്ന് ഒരിക്കല്‍ തുപ്രമ്മാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. തുപ്രമ്മാന്‍ എപ്പോഴും പറയും....... ഈ ഗ്രാമത്തില്‍ ഈശ്വര വിശ്വാസമുള്ള ആകെയുള്ള ഒരു ചെറുപ്പക്കാരനാ ഉണ്ണി എന്ന്.
“ഉണ്ണ്യേട്ടാ‍ ഞാനെത്തി....”
“ശരി കിടന്നോളൂ....”
“ഉണ്ണ്യേട്ടന്റെ വായന കഴിയുന്നത് വരെ ഞാന്‍ ഇരിക്കാം.. എനിക്ക് ലൈറ്റണക്കാതെ ഉറക്കം വരില്ല...”
പാര്‍വ്വതി ഉണ്ണിയുടെ അലമാരയിലുള്ള തുണികളെല്ലാം അടുക്കി വെക്കാന്‍ തുടങ്ങി.. പൊതുവേ സ്കൂളില്‍ നിന്ന് വന്നാലാണ് ഇതൊക്കെ ചെയ്യാറ് .
“പാര്‍വ്വതീ......നിനക്കുറങ്ങാറായോ..?”
“എനിക്ക് തിരക്കില്ല....നമ്മളിന്ന് നേരത്തെ അല്ലേ..?”
“ശരിയാ.......എനിക്ക് നാളെ കുറച്ച് നേരത്തെ ഓഫീസില്‍ പോകണം... അപ്പോള്‍ കിടക്കാം...ഇന്ന് തണുപ്പ് കൂടുതലാണല്ലേ.... ഈ കാറ്റ് കാലം എന്നാ തീരുക.?”
“മകരം കഴിയണമെന്നാ അമ്മ പറയാറ്....”
ഉണ്ണി മൂടിപ്പുതച്ച് ഉറങ്ങാന്‍ തുടങ്ങി...
“പാര്‍വ്വതീ....”
“നിനക്ക് തണുക്ക്ണുണ്ടോ...?എന്നാ ഈ പുതപ്പ് അങ്ങോട്ട് നീട്ടിയിട്ടോ....”
കിടക്ക കാണും മുന്‍പേ ഉറക്കം തുടങ്ങും ഉണ്ണി.. തെല്ലിട നേരം കൊണ്ട് ഉണ്ണി ഗാഢനിദ്രയിലാണ്ടു. പാര്‍വ്വതി തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഉറങ്ങാന്‍ കഴിഞ്ഞില്ലാ..
ഉറക്കത്തിന്നിടക്ക് രണ്ട് പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കാന്‍ എണീക്കുന്ന ആളാ ഉണ്ണി. തണുപ്പുകാലമായാല്‍ എണ്ണം കൂടും. എണീറ്റ് തപ്പിത്തടഞ്ഞ് ടോയ് ലറ്റിലേക്ക് പോകും. ലൈറ്റിട്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കില്ല.
ഉണ്ണി കിടന്നിട്ട് അധികം താമസിയാതെ മൂത്രമൊഴിക്കാന്‍ എണീറ്റു.. നിലാവുള്ള രാത്രിയായതിനാല്‍ മുറിക്കുള്ളിലേക്ക് നേരിയ പ്രകാശം പരന്നിരുന്നു. ടോയ് ലറ്റില്‍ നിന്ന് തിരികെയെത്തിയ ഉണ്ണി വെള്ളം കുടിക്കാന്‍ മൊന്ത എടുക്കുമ്പോള്‍ ഉറങ്ങാതെ കിടക്കുന്ന പാര്‍വ്വതിയെ ശ്രദ്ധിച്ചു. ഉണ്ണി വീണ്ടും ഉറങ്ങാന്‍ കിടന്നു. തിരിഞ്ഞു കിടന്ന് പാര്‍വ്വതിയെ നോക്കിയിട്ട് അവള്‍ ഉറങ്ങിയിട്ടില്ലാ എന്ന് ഉറപ്പു വരുത്തി.
“പാര്‍വ്വതീ.......”
“എന്തോ.....”
“നീയെന്താ ഉറങ്ങാത്തത്..?”
വിഷമവും സങ്കടവും ഉള്ളിലൊതുക്കി പാര്‍വതി ഉണ്ണിയുടെ മാറോട് ചേര്‍ന്നു കൊച്ചുകുട്ടിയെപ്പോലെ തേങ്ങി.....
[തുടരും]


Copyright 2009. All Rights Reserved

Sunday, January 11, 2009

എന്റെ പാറുകുട്ടീ....... [ഭാഗം 12]

പതിനൊന്നാം ഭാഗത്തിന്റെ തുടര്‍ച്ച.....

'നേരം വെളുത്തപ്പോള്‍ ഉണ്ണിക്ക് വളരെ ആശ്വാസം തോന്നിയിരുന്നു. കൈയിലെ നീര് നിശ്ശേഷം തോര്‍ന്നു. പനിയും വിട്ടുമാറി. തലേ രാത്രീല് പാര്‍വ്വതി കണ്ണടച്ചിട്ടില്ലാ എന്ന് ഉണ്ണിക്കറിയാം. ഉണ്ണി അവളെ എഴുന്നേല്‍പ്പിക്കാതെ പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിച്ച്, കുളിക്കാനുള്ള പരിപാടിയിലേക്ക് നീങ്ങി. സുദീര്‍ഘമായൊരു കുളിയും കഴിഞ്ഞ് തിരിച്ച് മുറിയിലെത്തി. തളര്‍ന്നുറങ്ങുന്ന പാര്‍വ്വതിയെ കണ്ട് ഉണ്ണി വേദനിച്ചു. എന്ത് കുറുമ്പു കാട്ടിയാലും അവളുടെ ഉള്ളം പരിശുദ്ധമാണ്. എന്നോട് ആര് കൂടുതല്‍ അടുക്കുന്നതും അവള്‍ക്കിഷ്ടമില്ല. അവളോടല്ലാതെ ഒരു കാര്യവും ഞാന്‍ ഈ വീട്ടില്‍ ആരോടും ചോദിക്കരുതേ എന്നാ അവളുടെ പ്രാര്‍ത്ഥന. എനിക്ക് വയറ് കാളിയിട്ട് വയ്യാ. തലേ ദിവസത്തെ മരുന്നുകളും അധികം ഭക്ഷണമില്ലാത്ത വയറും. ഉടനെ ഒരു കാപ്പി കിട്ടണം. പിന്നെ കടിക്കാന്‍ എന്തെങ്കിലും. നേരെ അടുക്കളയില്‍ ചെന്ന് അമ്മായിയോട് പറഞ്ഞാലോ? അതോ പാര്‍വ്വതിയെ തട്ടി വിളിച്ചാലോ?.... വേണ്ട തല്‍ക്കാലം കുറച്ച് വെള്ളം കുടിച്ച് സമാധാനിക്കാം."
പാര്‍വ്വതി എഴുന്നേല്‍ക്കുന്നത് വരെ ഉണ്ണി അവിടെ അവളുടെ അടുത്തിരുന്നു. അവളെ ചെറുതായി ഇക്കിളിയാക്കി ഉണര്‍ത്തിയാലോ. വയറെരിയുന്നു.
"പാര്‍വ്വതീ........" ഉണ്ണി മെല്ലെ നീട്ടി വിളിച്ചു.പാര്‍വ്വതി വിളി കേള്‍ക്കേണ്ട താമസം ഞെട്ടിയെണീറ്റു....
"എന്താ ഉണ്ണ്യേട്ടാ....."
ഉണ്ണി അവളെ കെട്ടിപ്പുണര്‍ന്നു.
"എന്റെ പാറുകുട്ടീ... ഉണ്ണ്യേട്ടന്റെ സോക്കേടെല്ലാം മാറി....."
പാര്‍വ്വതി കൈ പിടിച്ചു നോക്കി. നെറ്റിയില്‍ കൈ വെച്ചു നോക്കി. പാര്‍വ്വതിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഇത്ര വേഗം സുഖപ്പെടുവെന്ന്.പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. എല്ലാം ഞാന്‍ വരുത്തി വെച്ചതാണല്ലോ എന്ന് പറഞ്ഞു കൊച്ചുകുട്ടിയെ പോലെ തേങ്ങി.
"പാര്‍വ്വതീ......നീ കരുതിക്കൂട്ടി ചെയ്തതൊന്നുമല്ലല്ലോ..അങ്ങിനെ സംഭവിച്ചതല്ലേ?"
"അപ്പോ ഉണ്ണ്യേട്ടനെന്നോട് ദ്വേഷ്യമില്ലേ.?"
"ഏയ് ഒട്ടുമില്ല്ലാ...ഉണ്ണ്യേട്ടന് ചില സമയത്ത് നിന്നോടങ്ങിനെ ചെയ്യുന്നതല്ലേ.?"
"ഉണ്ണ്യേട്ടന്‍ വെറുതെ പറയാ....എന്നെ വെറുപ്പാ അല്ലേ ?"
"നിന്നെ ഞാന്‍ എപ്പോഴെങ്കിലും വെറുത്തിട്ടുണ്ടോ.?'
.
"ഇല്ലാ..."
"പിന്നെന്താ ഇപ്പോ അങ്ങനെ തോന്നിയത്..?"
"ഇത്രേം ഒച്ചപ്പടുണ്ടാക്കിയ ഒരു സംഭവം ഞാന്‍ കാരണം ഈ വീട്ടിലുണ്ടായിട്ടില്ലല്ലോ?.........
അതോണ്ട് ഈ പാര്‍വ്വതിയെ ആര്‍ക്കും കണ്ടുകൂടാ..ഇനി ഉണ്ണ്യേട്ടനും കൂടി എന്നെ വെറുത്താല്‍, പിന്നെ ഞാന്‍ ഞങ്ങടെ വീട്ടിലേക്ക് പോകും.."
"നീ എവിടെക്കും പോകേണ്ട.."
"എന്നോട് തീരെ വെറുപ്പില്ലാ എന്ന് പറാ.."
"ഞാന്‍ പറഞ്ഞുവല്ലോ.."
"അത് വെറുതെ ഒരു ഒഴുക്ക് പോലെയല്ലേ ഉള്ളൂ."
"പിന്നെങ്ങനാ പറയാ.."
"നല്ലോണം ചിരിച്ച്.... സന്തോഷത്തോടെ..."
"അങ്ങിനെത്തന്നെയല്ലേ ഞാനിപ്പോ പറഞ്ഞേ.?"
പാര്‍വ്വതിക്ക് ഉണ്ണി പറഞ്ഞതൊന്നും ബോധിച്ചിട്ടില്ല. പാര്‍വ്വതിയുടെ ഉള്ളില്‍ ഭീതിയുളവാക്കിയിരുന്നു. ഉണ്ണി അവളില്‍ നിന്നകലുമോ എന്ന്. കൂടാതെ നിര്‍മ്മല എന്ന പെണ്ണ് ആരാ എന്ന ജിജ്ഞാസയും, അവള്‍ക്ക് ഉണ്ണിയോടുള്ള കാഴ്ചപ്പാട് എന്തെല്ലാം എന്നുള്ള ആശങ്കയും ആ കൊച്ചുമനസ്സിന്റെ താളം കെടുത്തിയിരുന്നു.'
"ഉണ്ണ്യേട്ടാ പറഞ്ഞില്ലല്ലോ എന്നോട്...."
"എനിക്ക് പറ്റുന്ന പോലെ ഞാന്‍ പറഞ്ഞല്ലോ എന്റെ കുട്ടീ! നീ പോയി എനിക്ക് കാപ്പി കൊണ്ടു വാ......വയറെരിയുന്നു.എന്തെങ്കിലും ചെറിയ കടിയും..."
പാര്‍വ്വതി വായും മുഖവും കഴുകി അടുക്കളയിലേക്കോടി. ഞൊടിയിടയില്‍ കാപ്പിയും ബിസ്കറ്റുമായെത്തി.
"വരട്ടെ ഉണ്ണ്യേട്ടാ... ഞാന്‍ പിടിച്ച് തരാം.. ഇന്നേക്ക് കയ്യിന് വിശ്രമം കൊടുക്കണം..."
"എല്ലാം ശരിയായി.... ഇനി കയ്യിന് വ്യായാമം വേണം.."
ഉണ്ണി കാപ്പിയും ബിസ്കറ്റും കഴിച്ചു.
"ഉണ്ണ്യേട്ടനെന്നെ വിളിക്കാണ്ട് കുളിയും മറ്റും കഴിച്ചുവല്ലേ.? ഞാന്‍ കുളിപ്പിച്ച് തരില്ലാ എന്നും,
ചോറ് വാരിത്തരില്ലാ എന്നും തമാശക്ക് പറഞ്ഞതല്ലേ. പാര്‍വ്വതി ഉള്ളം നൊന്തു.
എന്നോടിപ്പളും ഉണ്ണ്യേട്ടന് വെറുപ്പെന്ന്യാ..."
"അങ്ങിനെ ഒന്നും ഇല്ലാ എന്റെ പെണ്‍കുട്ടീ..."
"എന്നോട് ഒട്ടും ദ്വേഷ്യമില്ലെങ്കില്‍ എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ താ..."
ഉണ്ണി പാര്‍വ്വതിയുടെ ഇംഗിതം സാധിച്ചു കൊടുത്തു. പാര്‍വ്വതിക്ക് സമാധാനമായി തല്‍ക്കാലം.
"ഇനി എന്താ വേണ്ടേ പാര്‍വ്വതീ.?"
"എനിക്ക് തൃപ്തിയായി........... ഉണ്ണ്യേട്ടാ‍.."
"പാര്‍വ്വതി എനിക്ക് ഓഫീസില്‍ പോകണം.. അല്പം വൈകിയേ പോകുന്നുള്ളൂ...... ഡ്രസ്സുകളൊക്കെ എടുത്ത് വെക്ക്. ഷൂ ഇടാന്‍ പറ്റുമോ എന്ന് തോന്നുന്നില്ല... കപ്പ്ബോര്‍ഡില്‍ മുകളിലെത്തെ തട്ടില്‍ ഒരു പുതിയ ബ്രൌണ്‍ നിറത്തിലുള്ള ചെരിപ്പുണ്ട്. അതെടുത്ത് പോളീഷ് ചെയ്ത് വെക്ക്.."
പാര്‍വ്വതിക്ക് ഇന്ന് ഉണ്ണിയെ ഓഫീസില്‍ വിടാന്‍ തീരെ ഇഷ്ടമില്ല. പോണ്ട എന്ന് പറയാനുള്ള ധൈര്യം ഇല്ല. പാര്‍വ്വതി ചിന്തയിലാണ്ടു. കോലായിലിരുന്ന് പത്രം വായിച്ചു കഴിഞ്ഞു തിരികെ മുറിയില്‍ എത്തിയ ഉണ്ണി കണ്ടത്... താടിയില്‍ കൈയും കുത്തിയിരിക്കുന്ന പാര്‍വ്വതിയെയാണ്. മുറിയിലെത്തിയ ഉണ്ണിയെ പാര്‍വ്വതി കണ്ടില്ല..പറഞ്ഞ പണിയൊന്നും ചെയ്യാതിരുന്ന പാര്‍വ്വതിയോട് ഉണ്ണിക്ക് ഇന്ന് ദ്വേഷ്യമൊന്നും തൊന്നിയില്ല.. പേന്റും ഷര്‍ട്ടും എടുത്ത് വെച്ചിട്ടില്ല.. ചെരിപ്പെടുത്തിട്ടില്ല... അവള്‍ കുളിച്ചിട്ടുപോലുമില്ലാ..പാര്‍വ്വതിയോട് ഉണ്ണി ഒന്നും ഉരിയാടാതെ ഓഫീസിലേക്കുള്ള ഒരുക്കങ്ങളായി...പെട്ടെന്ന് പാര്‍വ്വതി...
"ഉണ്ണ്യേട്ടാ.......... ഞാന്‍ ചായയും പലഹാരവും എടുത്ത് വെക്കട്ടെ?"
"വെച്ചോളൂ.....നമുക്കൊന്നിച്ച് കഴിക്കാം..."
"ഉണ്ണ്യേട്ടാ ഞാനൊരു വെറുംകുളി കുളിച്ചിട്ട് വരാം..."
കുളി കഴിഞ്ഞ് പാര്‍വ്വതി ഭക്ഷണവുമായെത്തി. ഉണ്ണിക്കിഷ്ടപ്പെട്ട ദോശയും, ചാറുള്ള കടലക്കറിയും, കണ്ണിമാങ്ങയുടെ ചാറും, ഇഷ്ടവിഭവം കണ്ട് ഉണ്ണിക്ക് സന്തോഷമായി. ചൂടു ദോശയും കടലക്കറിയും സ്വാദോടെ കഴിച്ചു ഉണ്ണി. ഒരു കഷണം ദോശ കടലക്കറി ചേര്‍ത്തു പാര്‍വ്വതിയുടെ വായില്‍ വെച്ചു കൊടുത്തു ഉണ്ണി. പാര്‍വ്വതിക്ക് വളരെ സന്തോഷമായി..
"ഉണ്ണ്യേട്ടനപ്പോ എന്നോട് ദ്വേഷ്യമില്ലാ അല്ലേ ?"
"ഇല്ലാ പാര്‍വ്വതീ... ഒട്ടും ഇല്ലാ...നീ എന്താ പിന്നെയും പിന്നെയും ഇങ്ങിനെ ചോദിക്കണെ.?'
നിന്റെ മനസ്സിലെന്തെങ്കിലും ഉണ്ടെങ്കില്‍ തെളിച്ചു പറാ....."
ഉണ്ണി പിന്നേയും ഒരു കഷണം ദോശയും കൂടി പാര്‍വ്വതിയുടെ വായില്‍ വെച്ചു കൊടുത്തു. കൊച്ചു കുട്ടിയെ പോലെ പാര്‍വ്വതി കൊടുക്കുന്നതെല്ലാം കഴിച്ചു. അവസാനം ഉണ്ണിയുടെ അടുത്ത് നിന്ന് പകുതി ചായയും വാങ്ങിക്കഴിച്ചു. പാര്‍വ്വതിക്ക് ഏറെ തൃപ്തിയായി.
ഉണ്ണി ബേഗുമെടുത്ത് കാറില്‍ കയറാന്‍ പോയി. പാര്‍വ്വതി കൂടെ കാറിന്റെ അടുത്ത് വരെ ചെന്നു. ശ്രദ്ധിച്ച് വണ്ടി ഓടിക്കുവാന്‍ പറഞ്ഞു. കൈ മുഴുവനും ശരിയാകുന്നതല്ലേ ഉള്ളൂ..
പാര്‍വ്വതിക്കെന്തോ പറയാനുള്ളത് പോലെ ഉണ്ണിക്ക് തോന്നി.
“എന്താ പാര്‍വ്വതീ..? നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ?”
“ഉവ്വ്.....”
“എന്നാ പറാ..”
“എന്നെ ചീത്ത പറയോ.?”
“ചീത്ത പറഞ്ഞാലും ഞാനല്ലേ.. പുറമേ ആരുമല്ലല്ലോ!”
“എന്നാ പറയാം......ഉണ്ണ്യേട്ടനിന്ന് നേരത്തെ വരണം...5 മണിക്കെങ്കിലും വീട്ടിലെത്തണം..”
“ശരി ഏറ്റു....”
പാര്‍വ്വതി സന്തോഷത്തോടെ വീട്ടിലേക്കോടി......
ഉണ്ണ്യേട്ടന്‍ പറഞ്ഞ വാക്ക് ഒരിക്കലും തെറ്റിക്കില്ല.. കൂടെ കിടന്നിട്ടും എനിക്കാ സ്വഭാവം ഇത് വരെ കിട്ടിയില്ല. ഉണ്ണ്യേട്ടന്റെ സ്ട്രിക്നെസ്സും, പഞ്ച്വാലിറ്റിയും എല്ലാം കണ്ട് പഠിക്കണമെന്ന് ഹെഡ് മിസ്ട്രസ്സ് എന്നോട് പറയാറുണ്ട്.

ഇത്ര വലിയ സ്ഥാ‍പനവും ഈ വീടും എല്ലാം എത്ര ചിട്ടയോടെയാ കൊണ്ട് പോകുന്നത്. ഞാന്‍ ഇനി കുട്ടിക്കളി നിര്‍ത്തി, കാര്യങ്ങളൊക്കെ പഠിക്കണം. പാര്‍വ്വതി ഉള്ളില്‍ പറഞ്ഞു.
പാര്‍വ്വതി നാലര മണിക്ക് തന്നെ സ്കൂളില്‍ നിന്നെത്തി. കുളിച്ച് പുതിയ സെറ്റുമുണ്ടും ബ്ലൌസും അണിഞ്ഞു. തുളസി കതിര്‍ മുടിയില്‍ ചൂടി. ഉണ്ണ്യേട്ടന്റെ വരവും കാത്തിരുന്നു.
കൃത്യസമയത്ത് തന്നെ ഉണ്ണ്യേട്ടന്റെ കാറിന്റെ ഹോണ്‍ കേട്ടു. പാര്‍വ്വതി കാറിന്റെ അടുത്തേക്ക് ഓടിയെത്തി. കാറില്‍ നിന്ന് ബേഗുമെടുത്ത് ഉണ്ണിയുടെ കൂടെ കോലായിലേക്ക് കയറി.
“എന്താ മോനെ ഇന്ന് നേരത്തെ പോന്നുവല്ലേ ഓഫീസില്‍ നിന്ന്. അത് നന്നായി. ശരീരസുഖം വരുമ്പോള്‍ നേരത്തെ ഓഫീസില്‍ പോകാം ഇനി. ഉണ്ണിയുടെ അമ്മായി ഉണ്ണിയോടിത്രയും പറഞ്ഞു വടക്കോര്‍ത്തെക്ക് പോയി. അടുക്കളപ്പണിയില്‍ മുഴുകി.”
“പാര്‍വ്വതീ.......”
“നേരത്തെ വന്നത് നന്നായി.......അപ്പോ നന്നായി എണ്ണ തേച്ച് കുളിച്ച്, ഭക്ഷണവും കഴിച്ച് ഇന്ന് നേരത്തെ തന്നെ കിടന്നുറങ്ങാം അല്ലേ.?”
“അതൊന്നും പറ്റില്ലാ....”
“ഉണ്ണ്യേട്ടന്‍ വേഗം കുളിക്ക്.....നമുക്കൊരു സ്ഥലത്തേക്ക് പോകാനുണ്ട്.....”
“ഈ നേരത്ത് അംമ്പലത്തിലേക്കാണോ ?”
“ഹൂം........”
“ഇന്ന് തന്നെ പോണോ..?”
“ഇന്ന് തന്നെ പോണം....... അതിനല്ലേ ഞാന്‍ നേരത്തെ വരാന്‍ പറഞ്ഞേ...”
“എന്നാ ഇനി വൈകിക്കേണ്ട......... വേഗം നടക്കാം.”
“കൊറെ നടക്കേണ്ടെ ഉണ്ണ്യേട്ടാ .? മ്മ്ക്ക് കാറില് പോകാം......”
“കാറീ പോകാനുള്ള വഴിയൊന്നുമില്ലാ...”
“നമുക്ക് നടന്ന് പോകാം...... അപ്പോ വഴിയില് ആളുകളെ ഒക്കെ കണ്ടിട്ടും വര്‍ത്തമാനം പറഞ്ഞിട്ടും അങ്ങിനെ മെല്ലെ മെല്ലെ നീങ്ങാം.”
പാര്‍വ്വതിക്ക് അതൃപ്തി തോന്നിയില്ല. പാര്‍വ്വതിയുടെ ആവശ്യം അവള്‍ ഉണ്ണിയുടെ കൂടെ പോകുന്നത് മറ്റുള്ളവര്‍ കാണണം എന്നായിരുന്നു. കാറിലായാല്‍ വളരെ കേമമായി. നടന്നാലും വേണ്ടില്ലാ എന്നും തോന്നുന്നു ഇപ്പോള്‍.
“അപ്പോ നമുക്ക് പാര്‍വ്വതീ..... തെക്കെ മുക്കിലേക്ക് ഒരു എളുപ്പ വഴിയുണ്ട്. നമ്മുടെ കുഞ്ഞിപ്പായുടെ മുറ്റത്തീക്കൂടെ നടന്ന്, പള്ളീലച്ചന്റെ വീട്ടിന്റെ മുന്നീക്കൂടെ പോയി, ദിവാകരന്റെ വീട്ടിനടുത്തു കൂടി വന്ന് റോഡില്‍ കയറാം.”
“ആ വഴിയിലുള്ള വീട്ടുകാരെയെല്ലാം കാണുകയും ആകാമല്ലോ. കുഞ്ഞിപ്പായുടെ ഉമ്മ അവിടെയുണ്ടെങ്കില്‍ തിന്നാനും കുടിക്കാനും എന്തെങ്കിലും തരാതിരിക്കില്ലാ..”
“ഈ ഉണ്ണ്യേട്ടനെന്താ പോണ വഴിയിലുള്ള സ്ഥലങ്ങളീല്‍ നിന്നൊക്കെ വല്ലതും തിന്നാന്‍ കിട്ടണമെന്നു. എവിടുന്നും ഒന്നും തിന്നണ്ട. വൈകുന്നേരം ഞാന്‍ തരുന്നത് മാത്രം തിന്നാല്‍ മതി. ഇന്ന് ഞാന്‍ പ്രത്യേക ചപ്പാത്തിയും, കുറുമയും വെച്ചിട്ടുണ്ട്.”
“എന്നാല്‍ നടക്ക് വേഗം... ദീപാരാധനയുടെ നേരത്ത് അംമ്പലത്തില്‍ എത്തണം...”
“നിനക്ക് വഴി അറിയോ പാര്‍വ്വതീ...?”
“എനിക്ക് ഈ കുറുക്കു വഴിയൊന്നും അറിയില്ലാ....”
“എന്നാ നീ എന്റെ പിന്നാലെ നടന്നോ....”
ശങ്കരകുട്ടി ഏട്ടന്റെ മുറ്റത്തൂടെ നടന്ന് കുഞ്ഞിപ്പായുടെ വീട്ടു മുറ്റത്തെത്തി രണ്ട് പേരും. അവരുടെ വരവ് കുഞ്ഞിപ്പായുടെ ഉമ്മ നോക്കി നിന്നിരുന്നു.
“എവിടെക്കാ ഉണ്ണ്യേ രണ്ടാളും കൂടി പോണെ... ഇങ്ങ്ട്ട് കേറി ഇരിക്ക്..ബെള്ളം കുടിച്ചിട്ട് പോകാം.”
“ഇപ്പോ വേണ്ട ഉമ്മാ...... ഞങ്ങള് മടക്കം ഇവിടെ കേറാം..”
“ഇയ്യ് ഇങ്ങ്ട് കേറി ഇരിക്കടാ ഹമുക്കെ...ന്റെ മുറ്റത്ത് ബന്ന അണക്ക് ഞാന്‍ ഇത്തിരി ബെള്ളം തന്നിട്ടെ ബിടൂ...അന്റെ കൂടെ ഉള്ള ഓള്ക്ക് തെരക്കുണ്ടെങ്കീ ഓള് പോട്ടെടാ...”
ഉണ്ണി കോലായിലേക്ക് കയറി. അമാന്തിച്ചു നിന്ന പാര്‍വ്വതിയും ഉണ്ണിയെ അനുഗമിച്ചു.
“ ഈ മുറ്റത്ത് കിടന്ന് കളിച്ചുവളര്‍ന്നതാ....... ഈ മോന്‍. നിനക്കതറിയുമോ പെണ്ണേ...... ന്റെ മോന്‍ കുഞ്ഞിപ്പായും ഉണ്ണീം രണ്ട് വയസ്സിന്റെ വ്യത്യാസമെ ഉള്ളൂ...കുഞ്ഞിപ്പാക്ക് ഇവനെക്കാളും രണ്ട് വയസ്സ് മൂപ്പ്....കുഞ്ഞിപ്പ പേര്‍ഷ്യെല് പോയി.....ഉണ്ണി നാട്ടില് പണിയെടുക്കുന്നു...പടച്ചോന്‍ കാത്താല്‍ ഉണ്ണീനേം കുഞ്ഞിപ്പാ പേര്‍ഷ്യേല്‍ക്ക് കൊണ്ടോയിക്കോളും..എടീ പാറൊതീ...... ഇയ്യ് ഓന്റെ അരീത്തിരുന്നോ....ആ ബെള്ളം കുടിക്ക്...നിക്ക് നിസ്കരിക്കേണ്ട നേരായി...മക്കള് അതൊക്കെ കുടിച്ചിട്ട് പൊയ്കോ.....മടക്കം വന്നാല്‍ കഞ്ഞി കുടിച്ചിട്ട് പോകാം......”
അതും പറഞ്ഞ് കുഞ്ഞിപ്പായുടെ ഉമ്മ കുടീന്റെകത്തെക്ക് പോയി.
“ഉണ്ണ്യേട്ടാ എന്താ നോക്കി നിക്ക്ണ്.. വേഗം വാ....”
പാര്‍വ്വതിയും ഉണ്ണിയും വലിഞ്ഞു നടന്നു. സമയത്തിന് തന്നെ അംമ്പലമുറ്റത്തെത്തി. വിളക്കിലെണ്ണ ഒഴിച്ച് കത്തിച്ചു. പാര്‍വ്വതി തേവരോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. എന്റെ ഉണ്ണ്യേട്ടനെ കാക്കണെ തേവരേ. എനിക്ക് ഉണ്ണ്യേട്ടനല്ലാതെ ആരുമില്ല. ഉണ്ണി പാര്‍വ്വതിക്ക് കാശ് കൊടുത്തിട്ട് ഭണ്ഡാരത്തില്‍ ഇടാന്‍ പറഞ്ഞു. അംമ്പലത്തിന്നുള്ളില്‍ കയറി തൊഴുത് , വലം വെച്ചു, നാഗങ്ങളെയും, മറ്റു ഉപദേവതകളെയും വണങ്ങി പുറത്ത് കടന്നു. നേരം സന്ധ്യ മയങ്ങിയിരുന്നു. തണുപ്പ് കാലമായതിനാല്‍ പെട്ടെന്ന് രാത്രിയായി.
“ഉണ്ണ്യേട്ടാ..... ഇരുട്ടായല്ലോ....”
“സാരമില്ല.....നമുക്ക് മടക്കം റോട്ടില്‍ കൂടെ നടക്കാം അല്ലേ?”
“ശരി പാര്‍വ്വതി എളുപ്പ വഴിയില്‍ കൂടെ പോണ്ട....പാമ്പും ചേമ്പുമെല്ലം ഊട് വഴിയില്‍ കാണും...”
“പാമ്പിനെ ഒന്നും നീ പേടിക്കേണ്ട..അതിനെയൊക്കെ നമ്മുടെ തേവര് നോക്കിക്കൊള്ളും.
നമ്മുടെ നാട്ടില് ഇന്നെ വരെ പാമ്പ് കടിയേറ്റ് ആരും മരിച്ചിട്ടില്ലത്രെ.തേവരുടെ തുണയാ..”
പാര്‍വ്വതി അല്പം ഭയത്തോടെ ഉണ്ണിയുടെ കൈ വിടാതെ നടന്നു. നേരം വൈകിയെത്തിയതിനാല്‍ പാര്‍വ്വതിയുടെ അമ്മക്കൊട്ടും വേവലാതിയുണ്ടായിരുന്നില്ല.. ഉണ്ണിയുടെ കൂടെയാണല്ലോ പോയിരിക്കുന്നതെന്നതിനാല്‍.
“ആ മക്കള് എത്തിയോ. പാര്‍വ്വതീടമ്മ തിരക്കി... പോണ വഴീല് കുഞ്ഞിപ്പാടെ കുടീല് കേറി ഇല്ലേ. ഞാന്‍ നിരീച്ചു... അതായിരിക്കും വൈകിയെന്ന്..”
പാര്‍വ്വതിക്ക് സന്തോഷമായി അവളുടെ ഉണ്ണ്യേട്ടനെ തേവരുടെ നടക്കല്‍ കൊണ്ടോയി തൊഴീക്കാന്‍ കഴിഞ്ഞതില്‍. ഇനി കപ്ലേങ്ങാട്ടും കൊണ്ടോണം. ഭഗവതിയോടും പ്രാര്‍ഥിക്കണം.
“പാര്‍വ്വതീ......... നീ പോയി നാമം ചൊല്ലിക്കോ.. അത് മുടക്കേണ്ട..ഞാനപ്പോഴെക്കും കുളത്തില്‍ പോയി ഒന്ന് മുങ്ങീട്ട് വരാം...”
“ഈ സന്ധ്യാ നേരത്ത് കുളത്തിലൊന്നും പോണ്ട ഉണ്ണ്യേട്ടാ.....”
“എടീ പാറൂ... ഈ കുളവും, കുളക്കരയും ഞാന്‍ രണ്ട് വയസ്സുള്ളപ്പോള്‍ കണ്ട് തുടങ്ങിയതാ... എനിക്ക് ഒരു പേടിയും ഇല്ലാ..... ഞാന്‍ നീന്തല്‍ പഠിച്ചത് ഈ കുളത്തീല്ന്നാ...പണ്ടൊക്കെ ഇവിടെ പോത്തുങ്ങളെയും കുളിപ്പിക്കും.. ഞാനൊക്കെ പോത്തിന്റെ പുറത്ത് കയറി, പിന്നെ വെള്ളത്തില്‍ ഊളയിടും. ചിലപ്പോള്‍ പൊന്തി വരുന്നത് പൊത്തിന്റെ വയറുഭാഗത്തായിരിക്കും. വെള്ളത്തില്‍ വെച്ച് പോത്തിന്റെ ചവിട്ട് കൊള്ളുമ്പോള്‍ വേദന ഉണ്ടാവില്ലാ...ഒരു ദിവസം ഞാന്‍ കുളിയെല്ലാം കഴിഞ്ഞ് തോര്‍ത്തി, കുളപ്പടവില്‍ തോര്‍ത്തുമുണ്ട് കുത്തിപ്പിഴിയുകയായിരുന്നു... എന്റെ തലേലിക്ക് ഒരു എരുമ മൂത്രമൊഴിച്ചു...ഞാനത് എരുമ മൂത്രമാണെന്നറിഞ്ഞില്ല.. പിള്ളേര് പാളെല് വെള്ളം കൊണ്ട് പോയി പാടത്ത് നട്ടിട്ടുള്ള മത്ത, വെള്ളരി എന്നിവക്ക് നനക്കാറുണ്ട്. അത് തമാശക്ക് തൂറ്റിച്ചതാണെന്ന് കരുതി. പിന്നെ കുറച്ച് കഴിഞ്ഞിതാ വരുന്നു തലയിലേക്ക് ചാണകം ഇട്ടു എരുമ... ഞാനപ്പൊ കുളത്തിലേക്കെടുത്തു ചാടി. അപ്പോ പേടിച്ച് എരുമയും അവിടെ ഉള്ള പോത്തുങ്ങളെല്ലാം ചാടി കുളമെല്ലാം കലക്കി മറിച്ചു. ഒരു മുടിയന്‍ കോലെടുത്ത് എന്റെ തലേല് അഭിഷേകം ചെയ്ത എരുമയെ അടിച്ച് ഓടിച്ചു..”
“ഞാനന്ന് കുട്ടിയല്ലെ... എനിക്ക് വിവരമില്ലല്ലോ... വീട്ടില്‍ വന്നപ്പോ കുളത്തിലെ വിശേഷങ്ങളെല്ലാം ചേച്ചി അറിഞ്ഞിരുന്നു. കിട്ടി പൊതിരെ തല്ല്.. ഞാന്‍ അച്ചാച്ചന്റെ അടുത്തേക്ക് ഓടി. അവിടെക്ക് ചേച്ചി വരില്ലാ..”
“നിക്ക് ചിരിക്കാന്‍ വയ്യാ എന്റെ അമ്മേ.. ഈ ഉണ്ണ്യേട്ടന്‍ ചെറുപ്പത്തിലും വലിയ കുറുമ്പനായിരുന്നല്ലേ. പാര്‍വ്വതി ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി.”
“ആ കുളത്തിലേക്കാടീ ഞാന്‍ മുങ്ങിക്കുളിക്കാന്‍ പോണെ.. ഇപ്പോ വരാം..”
“ശരി ശരി........ പോയിട്ട് വാ.......ഞാന്‍ ഉമ്മറത്ത് തന്നെ നിക്കാം..”
കൈയോണ്ട് വയ്യാത്ത ആളാ നീന്തിക്കുളിക്കാന്‍ പോണത്.. ഞാനും കൂടി പോയാലോ കുളക്കരേലിക്ക്. വേണ്ട ഞാന്‍ തപ്പി തടഞ്ഞു വീഴും. ഉണ്ണിയേട്ടന് ഈ നാടാകെ പരിചയമാ...
ഏത് കൂരിരുട്ടത്തും വെളിച്ചമില്ലാതെ നടക്കാനറിയാം.ഈ ഉണ്ണ്യേട്ടനു കുറച്ചഹമ്മതി കൂടുതലാ... ഇപ്പോ.....ആരാ ധൈര്യപ്പെട്ട് പറയാ........
തുപ്രമ്മാന്‍ ഇപ്പോ നാ‍മം ചൊല്ലാനിരുന്നിട്ടുണ്ടാകും. അല്ലെങ്കില്‍ പോയി വിളിക്കാമായിരുന്നു. എന്റെ വിഷമം എന്താ മനസ്സിലാക്കാത്തെ ഈ ഉണ്ണ്യേട്ടന്‍. അഞ്ചു മിനിട്ട് കഴിഞ്ഞ് വന്നില്ലെങ്കില് ഇവിടെ നിന്ന് കൂക്കാം.....പെണ്ണുങ്ങളുടെ കൂകല്‍ കേട്ടാല്‍ അയലത്തെ രാഘവേട്ടന്‍ കളിയാക്കും നാളെ...
സാരമില്ലാ...ഇവിടെ നിന്ന് കൂകിയാല്‍ കേള്‍ക്കില്ല...പടിഞ്ഞാറെ തൈവെപ്പീലിന്ന് കൂകാം..
നിക്ക് പേട്യാ അവിടെക്ക് ഒറ്റക്ക് പോകാന്‍.....ജാനുവിനെ വിളിച്ചാലൊ.....
ഹാവൂ........... ഉണ്ണ്യേട്ടനെത്തി....
“പാര്‍വ്വതീ കുറെ നാളായി നീന്തി കുളിച്ചിട്ട്...എന്തൊരു സുഖമാണ് നീന്തിക്കുളിക്കാന്‍...”
“പണ്ടൊക്കെ ഞങ്ങള്‍ കുളിക്കാന്‍ പോകുമ്പോള്‍ കുളപ്പടവില് കള്ളിമുണ്ടും ബീഡിയും വെച്ച് കുളത്തിലിറങ്ങുന്ന വാല്യക്കാരുടെ ബീഡി കട്ടു വലിക്കും. ചിലപ്പോള്‍ അവരുടെ കള്ളിമുണ്ട് വെള്ളത്തിലെറിഞ്ഞിട്ട് ഓടും.അങ്ങിനെ എന്തെല്ല്ല്ലാം കുസൃത്തിത്തരങ്ങള്‍ കാണിക്കുമയിരുന്നു. വീട്ടിലറിഞ്ഞാല്‍ പിന്നെ അടി പൂരം തന്നെ. അതൊന്നും ഞങ്ങള്‍ക്ക് പ്രശ്നമല്ലാ...”
ഞങ്ങളുടെ നാട്ടില് പണ്ടൊക്കെ പുര മേയാനുള്ള ഓല പെണ്ണുങ്ങള്‍ ചുമന്നാണ് അങ്ങാടീലിക്ക് കൊണ്ടോകാ....ഇടക്കവര്‍ ഓലക്കെട്ട് അത്താണിയിന്മേല്‍ ഇറക്കി വെച്ച് വിശ്രമിക്കും. ഞങ്ങളെ കണ്ടാല്‍ പറയും.. പിള്ളേരെ ഈ ഓലക്കെട്ടൊന്ന് താങ്ങിത്തരാന്‍... ആരെങ്കിലും പിടിച്ച് കൊടുക്കണം തലയിലേക്ക്, അല്ലെങ്കില്‍ അനായാസം എടുക്കാന്‍ പറ്റില്ല..ഞങ്ങള്‍ കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കും... അത് കഴിഞ്ഞവര്‍ ഞങ്ങളെ തെറി വിളിക്കുകയും ചെയ്യും...”
“ഉപകാരം ചെയ്യുന്നവരെ തെറി വിളിക്കുകയോ....അത് തെറ്റല്ലേ ഉണ്ണ്യേട്ടാ..?”
“സംഗതി തെറ്റു തന്നെ...പക്ഷെ തെറ്റ് ചെയ്യുന്നത്............”
“പറേയ് ഉണ്ണ്യേട്ടാ........ എന്താ നിര്‍ത്ത്യേ..?”
കെട്ക്കുമ്പോ പറഞ്ഞ് തരാം..............
[തുടരും]


Copyright © 2009 All Rights Reserved

Saturday, January 10, 2009

എന്റെ പാറുകുട്ടീ. [ഭാഗം 11]

പത്താം ഭാഗത്തിന്റെ തുടര്‍ച്ച.......>>>

വൈകുന്നേരമായിട്ടും വാതില്‍ തുറക്കാതെ ഉണ്ണിയുടെ അമ്മായിയും, പാര്‍വ്വതിയും മറ്റുമെല്ലാം പരിഭ്രമിച്ചു. ഉണ്ണിക്ക് ശരീര സുഖം പോരാത്തതിനാലായിരുന്നു അമ്മായിക്ക് ഏറെ ഉല്‍ക്കണ്ഠ.
"മോനെ ഉണ്ണ്യേ.. വാതില്‍ തുറക്ക്..നേരം സന്ധ്യയായി മോനെ വാതില്‍ തുറക്ക്..
ഉണ്ണ്യേ.., എന്റെ മോനേ!."

അമ്മായി ഉച്ചത്തില്‍ വിളിച്ചു..ആ വിളി കേട്ട് ആ നാടാകെ നടുങ്ങി.കൂട്ടത്തില്‍ പാര്‍വ്വതിയുടെ കരച്ചിലും.എന്തോ പന്തികേടുണ്ടെന്ന് തോന്നി, അയല്‍ക്കാര്‍ തടിച്ചു കൂടി.
"എന്താ മാധവ്യേച്ച്യേ....?ഇവിടെ പ്രശ്നം..?"
വീട്ടില്‍ വന്നവരോട് അവര്‍ ചുരുക്കത്തില്‍ കാര്യങ്ങളെല്ലാം പറഞ്ഞു.
"എടീ ജാനു നീ പോയി നമ്മടെ തുപ്രേട്ടനെ ഇങ്ങ്ട്ട് വിളിക്ക് . വേഗം വരാന്‍ പറയണം.. തുപ്രേട്ടന്‍ നാമം ചൊല്ലനിരുന്നിട്ടുണ്ടെങ്കിലും കാര്യം പറഞ്ഞ് വേഗം കൂട്ടിക്കൊണ്ട് വരണം.
തുപ്രമ്മാന്‍ നാമം ചൊല്ലുന്നിടത്ത് നിന്ന് ഓടി വന്നു. ഈ നാട്ടില്‍ തുപ്രമ്മനെ മാത്രമെ ഉണ്ണിക്ക് ആദരവും, ബഹുമാനവും ഉള്ളൂ. എന്ന് വെച്ച് തുപ്രമ്മാന്‍ പറയുന്നതെന്തും ഉണ്ണി അനുസരിക്കും എന്നല്ല. തുപ്രമ്മാന്‍ കതക് മുട്ടി വിളിച്ചു.
"ഉണ്ണ്യേ! എന്താ ഇതൊക്കെ..മോന്‍ വാതില്‍ തുറന്ന് പൊറത്തേക്ക് വാ..നേരം വെളക്ക് കത്തിക്കാറായില്ലേ? ഒരനക്കവുമില്ലല്ലോ എന്റെ തേവരേ!
തുപ്രമ്മാനും വെപ്രാളമായി.
"മാധവീ... നീ കയ്യാലയില്‍ പോയി ആ കമ്പിപ്പാര ഇങ്ങട്‌ എടുക്ക്...
ഞാന്‍ വാതില്‍ പൊളിക്കാം..എനിക്കെന്റെ കുട്ടീനെ കാക്കണം..തള്ളേം തന്തേം ഇല്ലാത്ത കുട്ടിയാ.ആ ചെക്കനെന്തെങ്കിലും വന്നാലുണ്ടല്ലോ..ഈ നാട്ടുകാര്‍ അമ്മേം മോളേം തല്ലിക്കൊല്ലും..."
"അങ്ങിനെത്തെ പ്രശ്നമൊന്നും ഉണ്ടാവില്ല എന്റെ തുപ്രേട്ടാ. അവന്റെ കൈയിന്ന് സ്വാധീനക്കുറവുണ്ടാ‍കും ഈ സമയത്ത് അതാവും. മാധവി നെടുവീര്‍പ്പിട്ടു.
എന്റെ കുട്ടീനെ കാക്കണേ എന്റെ പരദൈവങ്ങളെ. ഇതാ കമ്പിപ്പാര"
"കമ്പിപ്പാരയിട്ടൊന്നും പൊളിക്കേണ്ട തുപ്രമ്മാനെ.. പാര്‍വ്വതി കേണപേക്ഷിച്ചു.. പാരയിട്ട് പൊളിച്ചാല്‍ ചെലപ്പോ വാതില്‍ എന്റെ ഉണ്ണ്യേട്ടന്റെ മേലങ്ങാനും വീണാലോ"
തെക്കോട്ടുള്ള ചെറിയ ജനവാതില്‍ ഞാന്‍ തുറന്നിട്ടുണ്ടായിരുന്നു. ആ വേലീടെ അപ്പുറത്തേക്ക് ചാടിയാല്‍, ഒരു ചെറിയ കോണി വെച്ചാല്‍ മുറീലുള്ള് കാണും. ആ ജനലേല്‍ക്കൂടി ഒരു തോട്ടി കൊണ്ട് വാതിലിന്റെ ഓടാമ്പല്‍ തട്ടിയാല്‍ വാതില്‍ തുറക്കും. പാര്‍വ്വതി അഭിപ്രായപ്പെട്ടു..
"ചെറുപ്പക്കാര്‍ പിള്ളേരുണ്ടല്ലോ ഇവിടെ..ആ വേലിയുടെ അപ്പുറം ചാടി ഈ കുട്ടി പറഞ്ഞ പോലെ ചെയ്യ്.... ടാ... കുഞ്ഞയ്മോ ഇയ്യ് ഞാന്‍ പറേണ പോലെ അങ്ങ്ട്ട് ചെയ്യ്."
"ശരി തുപ്രാ..."
കുഞ്ഞയ്മു ഉടന്‍ പറഞ്ഞ പോലെ ആ വേലിയുടെ അപ്പുറം ചാടി ..വാതില്‍ തുറന്നു. എല്ലാരും കൂടി മുറിക്കുള്ളിലേക്ക് കേറി...തളര്‍ന്ന് കിടക്കുന്ന ഉണ്ണിയെ കണ്ടിട്ട് വിഷമമായി...
"അയ്യോ തീ പൊള്ളുന്ന പനി.. ആള് വിറക്കുന്നുണ്ടല്ലോ തുപ്രമ്മാനെ..."
"ദേ നൊക്ക്യേ....... കൈ നീരു വന്ന് വീര്‍ത്തിരിക്കുന്നത് കണ്ടില്ലേ ?"
ഉണ്ണിക്ക് ഒരു ഞരക്കം മാത്രമെ ഉള്ളൂ........
"മോനെ അപ്പുണ്ണ്യേ.......... മോന്‍ പോയി നമ്മുടെ കുട്ടി വൈദ്യരോട് വരാന്‍ പറാ."
മാധവി ഏടത്തി അപ്പുണ്ണിയെ വൈദ്യരുടെ അടുത്തേക്ക് വിട്ടു. എന്ത് തിരക്കുണ്ടായാലും കുട്ടി വൈദ്യര്‍ വരും.. ഉണ്ണീടച്ചന്റെ കൂട്ടുകാരനാ കുട്ടി വൈദ്യര്‍.. വീട്ടിലെ തിരക്കൊന്നൊഴിഞ്ഞു. പാര്‍വ്വതി ഉണ്ണിയുടെ അടുത്ത് വന്നിരുന്നു. പാര്‍വ്വതിയുടെ സാമീപ്യം ഉണ്ണിക്ക് ആശ്വാസം പകര്‍ന്നു..
"ഉണ്ണ്യേട്ടാ......... ഉണ്ണ്യേട്ടാ......."

പാര്‍വ്വതിയുടെ വിളികേട്ട് ഉണ്ണി കണ്ണ് തുറന്നു
"ഉണ്ണ്യേട്ടന് കുടിക്കാനെന്തെങ്കിലും വേണോ..."
"ഹും.....എനിക്ക് തുളസിയുടെ ഇല ഇട്ട കരിപ്പട്ടിക്കാപ്പി മതി....."
"ഞാനിപ്പൊ കൊണ്ട് വരാം..."
"വേണ്ട നീയിവിടെ ഇരുന്നോ..."
"അമ്മായി കൊണ്ടന്നോളും..എനിക്ക് തണുക്ക്ണുണ്ട്..."
"ഞാന്‍ പുതപ്പിച്ച് തരാം...കാപ്പി കുടിക്കുമ്പോള്‍ പനി വിടും..."
"പാര്‍വതീ .... എന്റെ കയ്യ് കടഞ്ഞിട്ട് വയ്യാ..."
"വൈദ്യര് ഇപ്പൊ വരും....ദാ കാപ്പി...."
പാര്‍വ്വതി കാപ്പി കുറേശ്ശെ ഉണ്ണിയുടെ വായിലേക്കൊഴിച്ചു കൊടുത്തു.
"ദേ കുറച്ചും കൂടി ഉണ്ട്... അത് മുഴുവനും കുടിക്കണം."
"ഹുമ്മ്......എന്റെ ചേച്ച്യേ....വേദന സഹിക്ക്ണ് ല്ല്യല്ലോ..."
പാര്‍വ്വതി മെല്ലെ തടവി കൊടുത്തു. കുട്ടി വൈദ്യര്‍ എത്തി.. മരുന്ന് ബേഗും മറ്റുമായി ഉണ്ണിയുടെ മുറിയിലേക്ക് കേറി .പാര്‍വ്വതിയെ കണ്ടിട്ട് വൈദ്യര്‍,
"നീയ്യാണോ എന്റെ മോനെ തിണ്ണയില്‍ നിന്ന് തട്ടിയിട്ടത്.. നിന്റെ കുറുമ്പെല്ലാം ഞാന്‍ മാറ്റി ത്തരാം. ഉണ്ണ്യേ........ എന്നെ അറിയോ നിനക്ക്?"
വൈദ്യരുടെ ചോദ്യം കേട്ട് ഉണ്ണി മന്ദഹസിച്ചു. പരിശോധക്ക് ശേഷം.. വൈദ്യര്‍ പറഞ്ഞു

"പേടിക്കാനൊന്നും ഇല്ലാ.. നീര്‍ വലിയുന്നതിന്നുള്ള മരുന്നെല്ലാം തരാം. പനിക്കും.നാളെ വൈകുന്നേരമാകുമ്പോഴേക്കും എല്ലാം മാറും.."
"വൈദ്യര്‍ യാത്രയായി..അന്ന് വൈകുന്നേരം ഉണ്ണിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പാര്‍വ്വതി ഇമ വെട്ടാതെ അവളുടെ എല്ലാമായ ഉണ്ണേട്ടനെ പരിചരിച്ചിരുത്തി...
എന്റെ ചേച്ച്യേ... എന്നുള്ള കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ക്ക് പോലും സങ്കടമായി. രാത്രിയുടെ നിശ്ശബ്ദയില്‍ ആ രോദനം അയല്‍ വീടുകളില്‍ വരെ ആഞ്ഞടിച്ചു.
[തുടരും]


copy right - 2009- reserved

Thursday, January 8, 2009

എന്റെ പാറുക്കുട്ടി……. [ഭാഗം 10]

ഒന്‍പതാം ഭാഗത്തിന്റെ തുടര്‍ച്ച….. >>>>

നേരം വെളുത്തത് രണ്ട് പേരും അറിഞ്ഞില്ല. ഉണ്ണിയാണാദ്യം എഴുന്നേറ്റത്. പാര്‍വ്വതിയെ തട്ടി വിളിച്ചു. പാര്‍വ്വതി ചാടിയെണീറ്റു. ഉണ്ണ്യേട്ടനെ മെല്ലെ ടൊയ് ലറ്റില്‍ കൊണ്ടിരുത്തി. എന്താവശ്യമുണ്ടേങ്കിലും വിളിക്കാന്‍ പറഞ്ഞു പാര്‍വ്വതി കതകിന്റെ അടുത്ത് തന്നെ നിന്നു. പുറത്തേക്ക് വന്ന ഉണ്ണിയെ പല്ല് തേച്ച് കൊടുത്തു."
"ഞാന്‍ കാപ്പി കൊണ്ടു വരട്ടെ?."
"കുളിക്കാതെ ഞാന്‍ കാപ്പി കുടിക്കാറില്ലാ എന്ന് നിനക്കറിയില്ലേ പാറുകുട്ട്യേ."
"ഞാന്‍ കുളിപ്പിച്ച് തരട്ടേ."
"എന്നെക്കൊണ്ട് നിനക്കാകെ ബുദ്ധിമുട്ടായി അല്ലേ പാറുകുട്ടീ.?"
"ഒരിക്കലും ഇല്ല.. ഉണ്ണ്യേട്ടാ. ഉണ്ണ്യേട്ടനെ അത്രക്കും ഇഷ്ടമുള്ളത് കൊണ്ടല്ലേ, എന്നെ എന്തു ചെയ്താലും ഞാന്‍ ഇവിടെ തന്നെ കഴിഞ്ഞുകൂടുന്നത്.അല്ലെങ്കീ ഞങ്ങളെന്നേ ഇവിടുന്ന് പോയേനെ.!ഉണ്ണ്യേട്ടനെണീക്ക്.. ഞാന്‍ കുളിമുറീല് ഒരു സ്റ്റൂള്‍ കൊണ്ടിട്ടിട്ട് വരാം..."
"എന്നെ മുറുകെ പിടിച്ചോ ഉണ്ണ്യേട്ടാ...മെല്ലെ....മെല്ലെ....നടക്ക്..."
"നി ഇവിടെ ഇരിക്ക്.."
"ആ കള്ളിമുണ്ട് അഴിച്ചെടുക്കാം..ഈ തോര്‍ത്ത് മുണ്ടുടിപ്പിക്കാം.."
"നീ അമ്മായിയോട് പറഞ്ഞോ നമ്മള്‍ കെട്ടിമറിഞ്ഞു വീണ കാര്യം.."
"ആ‍........ചെറുതായി സൂചിപ്പിച്ചു..."
"ഇനി അവിടെ ഇരുന്നോ ഉണ്ണ്യേട്ടന്‍..."
"പാര്‍വ്വതി വെള്ളം കോരി ഉണ്ണിയെ തലയിലൊഴിച്ച് ഒരു കൊച്ചുകുട്ടിയെ കുളിപ്പിക്കുന്ന ലാഘവത്തോടെ എല്ലാം ചെയ്തു.. തല നല്ലവണ്ണം തോര്‍ത്തി.. ഉണ്ണിയെ എഴുന്നേല്‍പ്പിച്ച് വേറെ ഉണങ്ങിയ മുണ്ടുടുപ്പിച്ചു. മെല്ല പിടിച്ച് നടത്തി കോലായില്‍ കൊണ്ടിരുത്തി.."
ഞാന്‍ കാപ്പിയുമായി ഇപ്പോള്‍ എത്താം.......
അതിന്നിടക്ക് പാര്‍വ്വതി ഉണ്ണിയുടെ തലയില്‍ രാസ്നാദി പൊടി തിരുമ്മിക്കൊടുത്തു........
"കുളിച്ച് കഴിഞ്ഞപ്പോള്‍ ഉണ്ണിക്ക് ഒരു ഉന്മേഷം തോന്നി.. പാര്‍വ്വതിയെ ഒരു പാട് തല്ലാറുണ്ട്.. എന്നിട്ടും അവളുടെ സ്നേഹം കണ്ടിട്ട് ഉണ്ണിക്കതിശയമായി. എന്നെ ഇത്രമാത്രം അവളെന്തിനാ ഇഷ്ടപ്പെടുന്നത് ഉണ്ണി സ്വയം ചോദിച്ചു. സംഗതികളൊന്തെക്കെയായാലും ഇടക്ക് പാര്‍വ്വതിക്ക് തല്ല് കൊള്ളാറുണ്ട്."
"ദാ..... കാപ്പി."
ഉണ്ണിയുടെ ഇടത് കയ്യിന് വലിയ കുഴപ്പമില്ലാ..കാപ്പി വാങ്ങി കുടിച്ചു....പത്രം വായിച്ചു...
"പാര്‍വ്വതീ........."
"എന്താ ഉണ്ണ്യേട്ടാ..."
"നീ പോയി വേഗം കുളിച്ചിട്ട് വാ..."
ഉണ്ണി നാളെത്തെ ജോലിക്കാര്യങ്ങളെക്കുറിച്ച് ആലോചിക്കുവാന്‍ തുടങ്ങി. കൈ ശരിയായില്ലെങ്കില്‍ എങ്ങിനെ ഓഫീസിലെത്തും. ഒന്ന് ഫോണ്‍ ചെയ്യണമെങ്കില്‍ തെക്കേമുക്ക് വരെ പോകണം. അതോ തുപ്രമ്മാനെ പറഞ്ഞയച്ച് ഓഫീസില്‍ നിന്ന് വണ്ടി കൊടുത്തയക്കാന്‍ പറയേണോ. ഒരു തീരുമാനത്തിലെത്താന്‍ പറ്റുന്നില്ല.
അനന്തതയില്‍ കണ്ണും നട്ടിരിക്കുന്ന ഉണ്ണിയുടെ ചെവിട്ടില്‍ മുഴങ്ങും വിധം പാര്‍വ്വതി ഉച്ചത്തില്‍ പറഞ്ഞു...
"ഞാന്‍ കുളികഴിഞ്ഞെത്ത്യേ......."
ഉണ്ണി ഞെട്ടിതിരിഞ്ഞു . അടിക്കന്‍ കൈ ഓങ്ങിയപ്പോള്‍ അസഹ്യമായ വേദന...
ഉണ്ണി വിഷണ്ണനായി ആ പെണ്‍കുട്ടിയെ നോക്കി അവിടെ ഇരുന്നു.അവളുടെ ഭാഗ്യം. ഇനി അവള്‍ അറിഞ്ഞും കൊണ്ട് ചെയ്തതാകുമോ?.. വിവരമില്ല്ലാത്ത പൊട്ടിപ്പെണ്ണല്ലേ.!
"പാറുകുട്ടീ......."
"എന്താ ഉണ്ണ്യേട്ടാ....."
"നീയെന്തിനാ എന്റെ ചെവിയില്‍ ഇങ്ങനെ ഒച്ച വെച്ചേ....?"
"തമാശക്കാ...."
"ഈ വയ്യാതിരിക്കുമ്പോഴാണോ തമാശ..?"
"പിന്നെ വയ്കുമ്പോ പറ്റുമോ? എന്നെ ഓടിപ്പിച്ച് തല്ലിച്ചതക്കില്ലേ?"
"പാറുകുട്ടീ..... നീ പോയി ഒരു പുല്ലായ എടുത്ത് വാ...."
"ദാ പുല്ലായ..."
"അത് നല്ലവണ്ണം കാറ്റ് ഉള്ള സ്ഥലത്ത് വിരിക്ക്. ഇനി ഞാന്‍ അവിടെ കിടക്കട്ടെ.."
"ഞാന്‍ തലോണ എടുത്ത് വരാം..."
"തലോണ വേണ്ട..."
"ഞാന്‍ നിന്റെ മടീല് തല വെച്ചോളാം.."
"ഹൂം...... ന്നാ ഞാനങ്ങ്ട്ട് ഇരിക്കാം..."
"ണ്ണ്യേട്ടന് വീശിത്തരണോ.?"
“ഏയ് വേണ്ട , ഈ കാറ്റ് മതി..”
“ഉണ്ണ്യേട്ടാനി ഉറങ്ങണ്ട. രാത്രീല് ഉറക്കം വരില്ലാ..ഉണ്ണ്യേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ?”
“ഹൂം...........”
“ആരാ ഈ നിര്‍മ്മല?”
“നിര്‍മ്മലയെ പറ്റി മുഴുവനും പറയണമെങ്കില്‍ എനിക്ക് പൂര്‍ണ്ണ ആരോഗ്യം വരട്ടെ...” “കുറച്ച് പറഞ്ഞാല്‍ മതി...”
“അതേ നിര്‍മ്മല.....”
“ആ പറേയ്.......”
“ഇപ്പോ പറേണില്ലാ.......”
പാര്‍വ്വതി ഉണ്ണിയോട് കെഞ്ചി........ “പറാ ഉണ്ണ്യേട്ടാ....”
“നിര്‍മ്മല എന്റെ ഓഫീസിലെ പണിക്കാരിയാ...”
“എന്താ അവരുടെ പണി..?”
“അതൊക്കെ പറയണമെങ്കീ , ഞാന്‍ പറഞ്ഞില്ലേ, എനിക്ക് പൂര്‍ണ്ണ ആരോഗ്യം വരണം..”
“നിര്‍മ്മലക്കെത്ര വയസ്സായി?”
“ഏതാണ്ട് 25 വയസ്സുകാണും.”
“കല്യാണം കഴിഞ്ഞോ?”
പാര്‍വ്വതീ.........”ഉണ്ണിയുടെ സ്വരം മാറി..........
ഉണ്ണി അവിടെ കിടന്നുറങ്ങി പാര്‍വ്വതിയുടെ മടിയില്‍ തല ചായ്ച്ച്. പാര്‍വ്വതിയും അവിടെ ചുമരില്‍ ചാരി ഒന്ന് മയങ്ങി. മണി ഒന്നര കഴിഞ്ഞിരുന്നു. രണ്ട് തവണ ഭക്ഷണം കഴിക്കാന്‍ അവരെ അടുക്കള ഭാഗത്തൂന്ന് പാര്‍വ്വതിയുടെ അമ്മ വിളിച്ചിരുന്നു. അവര്‍ കിഴക്കെ കോലായിലേക്ക് അങ്ങിനെ വരാറില്ല. ഇന്ന് കാലത്ത് ഉണ്ണിയുടെ കാര്‍ പുറത്തേക്കെടുക്കാഞ്ഞതിനാല്‍ ഗേറ്റ് അടഞ്ഞു തന്നെ കിടന്നു. ആരൊക്കെ വന്നു പോയിരിക്കണ് ന്ന് ആര്‍ക്കും ഒന്നും അറിയില്ലാ. ഉണ്ണി ഇപ്പോഴും നല്ല ഉറക്കം. പാര്‍വ്വതി ഉണ്ണിയെ തട്ടി വിളിച്ചു......
“ഉണ്ണ്യേട്ടാ നമുക്ക് ആഹാരം കഴിക്കാം..”
“എനിക്ക് വിശപ്പില്ല...നീ പോയി കഴിച്ചോ....ഞാന്‍ അകത്ത് പോയി കിടക്കാം..ആ കിടക്ക വിരിച്ചിട്.....”
പാര്‍വ്വതിക്ക് വിശപ്പുണ്ട്. ആരെങ്കിലും ഒരു മിഠായി കൊടുന്നു കൊടുത്താല്‍ തന്നെ കുറച്ച് ഉണ്ണിക്ക് മാറ്റി വെക്കും അവള്‍. ഉണ്ണിക്ക് അസുഖം കാരണം വിശപ്പുണ്ടാവില്ല. പക്ഷെ ഉണ്ണി കഴിക്കുന്നില്ല്ലെങ്കില്‍ പാര്‍വ്വതി ഉപവാസം അനുഷ്ടിക്കും.
“ഉണ്ണ്യേട്ടന് ഞാന്‍ വാരിത്തരാം......വായോ ഉണ്ണ്യേട്ടാ.....നിക്ക് വെശക്ക്ണ്ണ്ട്.....”
‘നീ കഴിച്ചോ എന്റെ പാറുകുട്ടീ....”
“നിക്ക് ഉണ്ണ്യേട്ടന് തരാണ്ട് ഇറങ്ങുകയില്ലാ.....വായോ ഉണ്ണ്യേട്ടാ...ഊണു മുറീലിക്ക് വരാന്‍ പറ്റ്ണ് ല്ലെങ്കില് ഞാന്‍ ഇങ്ങ്ട്ട് എട്ത്തോണ്ട് വരാം...”
ശരീര സുഖം പോരാത്ത ഉണ്ണി പിന്നേയും അവിടെ ചുരുണ്ട് കൂടി കിടന്നു. പാര്‍വ്വതിയാണെങ്കില്‍ ധര്‍മ്മ സങ്കടത്തിലും.
“എന്നാ നീ ഇങ്ങോട്ടെടുത്തോണ്ട് വായോ....”
പാര്‍വ്വതി ഭക്ഷണവുമായെത്തി. ഞായറാഴ്ചയായതിനാല്‍ വിഭവങ്ങള്‍ കൂടുതലുണ്ടായിരുന്നു. മീന്‍ കറിയും, മീന്‍ വറുത്തതും, പപ്പടം, കൊണ്ടാട്ടം മുതലായവ’
“പാര്‍വ്വതീ എനിക്ക് കുറച്ച് ചോറ് തൈരും കൂട്ടി കുഴച്ചു തന്നാല്‍ മതി.. .”
“ശരി ഉണ്ണ്യേട്ടാ.....”
“ണീച്ചിരിക്ക്..... എന്താ പിന്നേം കിടക്ക്ണ്... ഭക്ഷണമൊക്കെ കഴിച്ച് ചൊടി വരേണ്ടേ?...”
തൈര് കൂട്ടി കുഴച്ച ചോറ് ഉണ്ണിക്ക് വാരി കൊടുത്തു.....രണ്ടുരുള തിന്നപ്പോഴെക്കും
“മതീ പാര്‍വ്വതീ........നിക്ക് ഇനി വേണ്ട.....”
“ഒരു ഉരുളയും കൂടി.......”
ദാ അങ്ങട്ട് നോക്ക്യേ ഒരു അണ്ണാരക്കണ്ണന്‍. പാര്‍വ്വതി കൊച്ചുകുട്ട്യോളോട് പറേണ പോലെയൊക്കെ പറഞ്ഞു കുറച്ചും കൂടി ചോറ് ഉണ്ണിയെ കൊണ്ട് തീറ്റിച്ചു. പാര്‍വ്വതി അവിടെ തന്നെ ഇരുന്ന് അവശേഷിച്ച ചോറും, കുറച്ച് കറികളും കഴിച്ച് ഉണ്ണിയെ അകത്ത് കൊണ്ട് വന്ന് കിടത്തി. ഉണ്ണി വീണ്ടും ഉറക്കമായി..
“ഇനി ഉറങ്ങേണ്ട, രാത്രി ഉറക്കം വരില്ല... പിന്നെ എന്നേയും ഉറക്കില്ലാ.....ണീറ്റിരിക്ക് ഉണ്ണ്യേട്ടാ.....”
പാര്‍വ്വതി ഉണ്ണീടരികില്‍ ഇരുന്ന് കൊണ്ട് കൈയില്‍ തട്ടാതെ ഉണ്ണിയെ കിക്കിളിയാക്കി...
അങ്ങിനെ ഓരോന്ന് ചെയ്ത് ഉണ്ണിയുടെ ഉറക്കം കളഞ്ഞു. ഉണ്ണിയോട് ഓരോന്ന് പറഞ്ഞും കൊണ്ടിരുന്നു. കളിയും തമാശയും, ചിരിയുമൊക്കെ ആയി. ഉണ്ണി പിന്നേയും കിടക്കയിലേക്ക് ചാഞ്ഞു. പാര്‍വ്വതി ഉണ്ണിയുടെ താടിയെല്ലില്‍ ചെറിയ
ഒരു കടി കൊടുക്കാന്‍ വന്നു. എന്നാലെങ്കിലും ഉറക്കത്തിന്ന് ഭംഗം വരട്ടെ എന്നാശിച്ചും കൊണ്ട്.
ചിലപ്പോള്‍ അടി കിട്ടിയെന്ന് വരാം. എന്നാലും കുഴപ്പമില്ലാ എന്ന മട്ടില്‍. പെട്ടെന്ന് ഉണ്ണി. ..
“എടീ പാര്‍വ്വതി, നിന്നോടാരാ ബ്ലൌസിന്റെ കഴുത്തിന് ഇത്ര വട്ടം വെക്കാന്‍ പറഞ്ഞേ?
എന്നിട്ട് അതിന്നുള്ളിലുള്ളതൊക്കെ പുറത്ത് കാണിക്കാന്‍....”
“ഞാനതിന് ഇത് പുറത്ത് പോകുമ്പോളൊന്നും ഇടില്ല....”
“പിന്നെ?.”
“വീട്ടിനുള്ളില്‍ മാത്രമെ ഇടുള്ളൂ.. സാധാരണ വൈകുന്നേരം മാത്രെ ഇങ്ങനെത്തെ പഴയതൊക്കെ ഉപയോഗിക്കാറുള്ളൂ..”
“ അമ്മേടെ കൂടെ അങ്ങാടീ പോയപ്പോ ഞാന്‍ തന്നെ എടുത്തതാ...”
“ഇന്നെലെ ഞാന്‍ കൊണ്ട് വന്ന തുണിത്തരങ്ങളുടെ കൂടെ ഉണ്ടായിരുന്നല്ലോ സാധാരണ എല്ലാവരും ഉപയോഗിക്കുന്ന തരം.
വേഗം അതെടുത്ത് മാറ്റിയിട്..”
“ശരി......... ഞാനിപ്പോ മാറ്റിക്കൊള്ളാം....”
“എടീ നിനക്കാ ജനലൊന്ന് അടച്ചുകൂടെ വസ്ത്രം മാറുമ്പോള്‍..”
“അതിന്ന് ഇവിടെക്കാരും വരില്ലല്ലോ.!”
“എന്നാലും അങ്ങിനെയല്ലല്ലോ.. പരിസരബോധമൊക്കെ വേണ്ടേ.?”
പാര്‍വ്വതി വിചാരിച്ചു, ഇതും പറഞ്ഞ് ഇനി തല്ല് പിടിക്കുമെന്ന്. നല്ല കാലത്തിന് ഒന്നും ഉണ്ടായില്ല’
പാര്‍വ്വതി ഉണ്ണിക്കിഷ്ടമുള്ള രീതിയില്‍ ഡ്രസ്സ് ചെയ്തു...
“ഹാ.... ഇപ്പോള്‍ എത്ര ഭംഗിയായിരിക്കുന്നു. !ഇനി നീയൊന്ന് പോയിത്തരൂ.....ഞാനൊന്ന് ഉറങ്ങട്ടെ.....”
“അങ്ങിനെ സുഖിക്കണ്ട ഇപ്പോ.....”
“ഞാന്‍ വയ്യാണ്ടിരിക്കയല്ലേ? എനിക്കാണെങ്കില് ഇപ്പോ ഒന്നും ചെയ്യാനും പറ്റില്ല..അപ്പോ ഉറങ്ങല്ലാണ്ടെന്താ പിന്നെ ചെയ്യാ?”
“ഉറങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല..”
“എന്നാ നീ എന്തെങ്കിലും പറാ....”
“ഉണ്ണ്യേട്ടന്‍ എനിക്കൊരു കാര്യം സാധിച്ചു തരുമോ?”
“കാര്യം പറാ......പറ്റുമോന്ന് നോക്കട്ടെ...”
“പറ്റുന്ന കാര്യമാ..”
“എന്നാ പറാ...”
“അതെയ് എന്നെ ഉണ്ണ്യേട്ടന്‍ കാറില്‍ കയറ്റിക്കൊണ്ട് പോകാമോ?” ഞാനിത് വരെ ഉണ്ണ്യേട്ടനെ കാറില്‍ കയറിയിരുന്നിട്ടില്ല.
“നീ എല്ലാ ദിവസവും അതിന്നുള്ളില്‍ ഇരിക്കാറുണ്ടല്ലോ...”
“അത് ......... ഞാന്‍ കാറ് തുടക്കുമ്പോഴല്ലേ? .”
“പിന്നെ എങ്ങിനെയാ വേണ്ടെ.?” തെളിച്ച് പറാ.........
“എന്നെ കാറീ കേറ്റി എങ്ങട്ടെങ്കിലും ചുറ്റിക്കറക്കി കൊണ്ടാകാമോ എന്ന്...”
“ഞാനാരെയും എന്റെ കാറില് കേറ്റാറില്ല എന്ന് നിനക്കറിയില്ലേ?”.
“അത് ശരിയാ...” പക്ഷെ ഞാന്‍ അങ്ങിനെയുള്ള ആളലല്ലല്ലോ?.”
“നിനക്കെന്താ പിന്നെ കൊമ്പുണ്ടോ?”
“കളിയാക്കല്ലേ ഉണ്ണ്യേട്ടാ.. എന്റെ ഒരാഗ്രഹമല്ലേ.?”
“ഇപ്പൊ സൌകര്യപ്പെടില്ലാ...”
“പിന്നെപ്പോഴാ.?”
“അതിപ്പോ പറയാന്‍ പറ്റില്ല...”
“ഞാന്‍ പിണങ്ങും... എന്നെ കാറില്‍ കയറ്റിയില്ലെങ്കില്‍.
ഞാന്‍ ചോറ് വാരിത്തരില്ല..
ഞാന്‍ കുളിപ്പിച്ച് തരില്ല.
“അങ്ങിനെയാ.... എന്നാ നിന്നെ ഞാന്‍ ഈ മുറീന്ന് ഇറക്കി വിടും..പിന്നെ ഈ മുറീല് കയറ്റില്ല....”
“ഞാന്‍ വെറുതെ പറഞ്ഞതല്ലേ ഉണ്ണ്യേട്ടാ.?”
“മനുഷ്യന്‍ വയ്യാണ്ട് കിടക്കുമ്പോഴാ തമാശ പറേണ്...നീ പോയേ ഇവിടുന്ന്...പോടീ ഇവിടുന്ന്....
നീ പോവില്ലേ.?”
ഉണ്ണിക്ക് ദ്വേഷ്യം വന്നു.. തലയിണ എടുത്തവളെ എറിഞ്ഞു..അവള്‍ പോകുന്ന ലക്ഷണമില്ലാ എന്ന് കണ്ടപ്പോ വെള്ളം കൊണ്ട് വരുന്ന മൊന്ത എടുത്ത് ഒരേറ് കൊടുത്തു പാര്‍വ്വതിയെ.
സ്വാധീനമില്ലാത്ത കൈകൊണ്ടെറിഞ്ഞതിനാല്‍ മേല് കൊണ്ടില്ല......
അവള്‍ രക്ഷപ്പെട്ടു.
ഉണ്ണി വാതില്‍ കൊട്ടിയടച്ചു’

[തുടരും]


Copyright © 2009 All Rights Reserved