Thursday, December 29, 2011

നിന്നുടെ മുടിക്കെട്ടില്‍


നിന്നുടെ മുടിക്കെട്ടില്‍

“എള്ളെണ്ണ മണം വീശും നിന്നുടെ മുടിക്കെട്ടില്‍…………………
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ…………………“

എന്ന വരികളുള്ള പാട്ട് കേട്ടാല്‍ കൊള്ളാമായിരുന്നു.

“എന്റെ കലാലയ ജീവിതത്തില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഗാനമായിരുന്നു ഇത്.
എന്റെ റൂമേറ്റ് കെ പി ജോര്‍ജ്ജിന്റെ ഇഷ്ടസുഹൃത്ത് സുജാതക്ക് ഏറ്റവും പ്രിയമായിരുന്നത്രേ ഈ ഗാനം.

അന്നൊന്നും ടേപ്പ് റെക്കോര്‍ഡ് അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. വല്ലപ്പോഴും ആകാശവാണിയില്‍ ഈ ഗാനം വരുമ്പോള്‍ എന്നോട് ശബ്ദമുണ്ടാക്കാതെ ഇരിക്കാന്‍ പറയാറുണ്ടായിരുന്നു.

എനിക്ക് കേമ്പസ്സില്‍ താമസം കിട്ടിയിരുന്നില്ല. അപ്പോള്‍ ടെലഫോണ്‍സിലെ അന്റെ അങ്കിള്‍ മുഖാന്തിരം ആണ് എനിക്ക് ജോര്‍ജ്ജിന്റെയും സണ്ണിയുടേയും കൂടെ താമസിക്കാനായത്.

എനിക്ക് അന്ന് പ്രണയിനികള്‍ ആരുമുണ്ടായിരുന്നില്ല. എനിക്ക് പ്രേമിക്കാനുള്ള പ്രചോദനം കിട്ടിയത് ശരിക്കും പറഞ്ഞാല്‍ ജോര്‍ജ്ജിന്റെ കൂടെയുള്ള വാസത്തിലാണ്.


ഞാന്‍ അന്ന് എറണാംകുളം പത്മ ജംങ്ഷനിലുള്ള ഒരു ലോഡ്ജിലായിരുന്നു വാസം. വൈകിട്ട് പോഞ്ഞിക്കര പോയി അന്തിക്കള്ള് കുടിക്കാനും, പുകവലിക്കാനും ഒക്കെ പഠിച്ചത് പത്മക്ക് എതിര്‍വശത്തുള്ള ഒരു ലോഡ്ജിലെ കൂട്ടുകാരില്‍ നിന്നാണ്.

എല്ലാ‍ ദിവസവും സെക്കന്‍ഡ് ഷോ കാണും ബ്രോഡ് വെയിലുള്ള ഒരു തിയേറ്ററില്‍ നിന്ന്, ആ തിയേറ്ററിന്റെ പേര്‍ ഓര്‍മ്മ വരുന്നില്ല. അവിടെ അന്നൊക്കെ മിക്ക ദിവസവും ഇംഗ്ലീഷ് സിനിമ ആയിരുന്നു. അത് കഴിഞ്ഞ് മാര്‍ക്കറ്റ് റോഡ് മുതലായ റോഡുകളില്‍ കൂടി കറങ്ങി പാതിരയാകുമ്പോല്‍ പത്മക്കടുത്തുള്ള ഒരു റെസ്റ്റോറണ്ടില്‍ നിന്ന് സ്ട്രോങ്ങ് കട്ടന്‍ കാപ്പി കുടിച്ച്.. പമ്മി പമ്മി വന്ന് കതക് തുറന്ന് ഒറ്റ ഉറക്കം.

ജോര്‍ജ്ജ് എന്ന് അന്നൊക്കെ ഉപദേശിക്കാറുണ്ട്…” എടോ ജയപ്രകാ‍ശ് തന്റെ കളി കുറച്ച് കൂടുന്നുണ്ട്. ഞാന്‍ അങ്കിള്‍ വിജയരാഘവനോട് പറയും..”
“എനിക്ക് വിജയരാഘവനെ ഒട്ടും പേടിയില്ലാത്ത വിവരം പാവം ജോര്‍ജ്ജിന്നറിയുമായിരുന്നില്ല.”

ജോര്‍ജ്ജിനെ ഞാന്‍ കണ്ടിട്ട് വര്‍ഷങ്ങളായെന്ന് തോന്നുന്നു. എന്നെക്കാളും പത്ത് വയസ്സിന് മൂത്തതായിരുന്നെന്ന് തോന്നുന്നു ജോര്‍ജ്ജ്. പണ്ടൊരിക്കല്‍ അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് എന്നെ ക്ഷണിക്കാന്‍ വന്നതായി ഓര്‍ക്കുന്നു.

ഞാന്‍ പലപ്പോഴും പറയാറുണ്ടായിരുന്നു…” ഒരിക്കലെങ്കിലും എനിക്ക് സുജാതയെ കാണിച്ച് തരണമെന്ന്” പക്ഷെ എന്നെ ഒരിക്കലും കാണിച്ച് തന്നില്ല. അവരുടെ പ്രണയ സാഫല്യം എങ്ങിനെ അവസാനിച്ചുവെന്ന് ഐ ഹേവ് നോ ഐഡിയ.

ഇന്നെ ഞാന്‍ ഓഫീസില്‍ വന്നപ്പോള്‍ കുട്ടന്‍ മേനോന്‍ ഓഫായിരുന്നു. അപ്പോള്‍ യൂട്യൂബില്‍ ഒരു പാട്ട് കേട്ടു. പഴയ മലയാളം പാട്ട്. അപ്പോളാണെനിക്ക് ഓര്‍മ്മ വന്നത്. ഈ പാട്ടുകേട്ടാല്‍ കൊള്ളാമെന്നും….

അങ്ങിനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സുജാതയെ ഓര്‍ത്തു. ജോര്‍ജ്ജിനേയും.

Friday, December 23, 2011

Sunday, December 18, 2011

രോഗശാന്തിക്ക് വേണ്ടി നാരായണീയം


കുറച്ച് കാലങ്ങളായി വാതരോഗിയാണ്. ഒരു ദേവാലയങ്ങളിലും നഗ്നപാദത്തോട് കൂടി

പ്രവേശിക്കാന്‍ വയ്യാതെയായി. ഒരു മരുന്നിനും എന്റെ അസുഖത്തെ ഭേദപ്പെടുത്താന്‍ പറ്റിയില്ല.
അങ്ങിനെയിരിക്കെയാണ്‍ ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലുള്ള കൃഷ്ണപ്രിയയെ ഞാന്‍ 
പരിചയപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഭക്തയായ ആ മകളെന്നോട് പറഞ്ഞു നാരായണീയം ചൊല്ലി ഭഗവാന്‍ സമര്‍പ്പിക്കാന്‍.

അങ്ങിനെ ഇന്നുമുതലാണ് ഞാന്‍ നാരായണീയം ചൊല്ലിയും എഴുതിയും ഭഗവാന്‍ കൃഷ്ണന്‍ സമര്‍പ്പിക്കുന്നത്. മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ വാതരോഗം മറ്റിയ ഗുരുവായൂരപ്പന്‍ ഈയുള്ളവന്റെ അസുഖത്തിനും ഒരു പരിഹാരം നല്‍കുമല്ലോ.. 
ഞാന്‍ പൂര്‍ണ്ണ മനസ്സോടെ ക്ഷേത്രദര്‍ശനം നടത്തിയിട്ട് മാസങ്ങളോളമായി. പാദരക്ഷയില്ലാതെ വീട്ടിന്നകത്ത് പോലും നടക്കാന്‍ വയ്യാത്ത അവസ്ഥയിലായി ഇപ്പോള്‍.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പേരക്കുട്ടികളുടെ ചോറൂണിനും തുലാഭാരം
നട തള്ളല്‍ മുതലായ ചടങ്ങുകള്‍ക്ക് ഭഗവാനെ വിളിച്ചുകൊണ്ട് ഞാന്‍ രണ്‍ടും കല്പിച്ച് ക്ഷേത്രത്തിന്നുള്ളില്‍ പ്രവേശിച്ചു. 

വേച്ച് വേച്ച് നടന്നാണെങ്കിലും വലിയ പരുക്കില്ലാതെ തൊഴുതുമടങ്ങി. കൃഷ്ണാ ഗുരുവായൂരപ്പാ…….

അക്ഷരത്തെറ്റുകള്‍ തിരുത്തി വായിക്കാനപേക്ഷിക്കുന്നു.
ഓം നമോ ഭഗവതേ വാസുദേവായ
നാരായണീയം
ഒന്നാം ദശകം
ഭഗവാന്റെ സ്വരൂപവും മാഹാത്മ്യവും
1
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം
കാലദേശാവധിഭ്യാം
നിര്‍മ്മുക്തം നിത്യമുക്തം നിഗമശതസഹ-
സ്രേണ നിര്‍ഭാസ്യമാനം

അസ്പഷ്ടം ദൃഷ്ടമാ‍ത്രേ പനരുരുപുരുഷാര്‍-
ത്ഥാത്മകം ബ്രഫ്മതത്ത്വം
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ
ഹന്ത! ഭാഗ്യം ജനാനാം

Thursday, December 8, 2011

രാധേട്ടത്തി - RADHETTATHI

രാധേടത്തിയില്‍ നിന്ന് തുടങ്ങാം അല്ലേ..? ആരാണ് ഈ രാധേടത്തി. പെയിന്‍ & പാലിയേറ്റിവ് ക്ലിനിക്കിന്റെ ജീവനാഡി എന്ന് വേണമെങ്കില്‍ പറയാം. സുന്ദരിയും സുശീലയും ആണ് രാധേടത്തി. ഏട്ടത്തിയുടെ ജീവിതം ക്ലിനിക്കിലെ രോഗികള്‍ക്കായി ഉഴിഞ്ഞുവെച്ചിരിക്കുന്നു.

രാധേടത്തി എന്ന് വിളിക്കപ്പെടുവാനാണ് അവര്‍ക്കിഷ്ടം എന്ന് ആദ്യകൂടിക്കാഴ്ചയില്‍ തന്നെ പറഞ്ഞു. എനിക്ക് രാധേടത്തിയെക്കാളും പ്രായം കൂടുതലുണ്‍ടെന്നാണ് എന്റെ നിഗമനം. പിന്നെ ഏട്ടത്തി എന്ന് വിളിക്കുന്നത് പ്രായം കണക്കിലെടുത്തിട്ടില്ല. ഒരു ബഹുമാനവും സ്ഥാനവും കൊടുക്കുന്നു എന്നതാണ് അതിന്റെ പിന്നിലുള്ള അര്‍ത്ഥം.

എന്നെക്കാള്‍ പ്രായം കുറഞ്ഞവരെ ഞാന്‍ ഏട്ടനെന്ന് വിളിക്കാറുണ്ട്. എന്റെ ഉറ്റ സുഹൃത്ത് രവിയേട്ടനും വേണുവേട്ടനും എന്നേക്കാളും പ്രായക്കുറവുണ്ട്.

നമുക്ക് പെയിന്‍ & പാലിയേറ്റിവ് ക്ലിനിക്കിലേക്ക് മടങ്ങാം. എന്താണ്‍ ഈ പെയിന്‍ & പാലിയേറ്റിവ് ക്ലിനിക്ക്. ഒറ്റവാക്കില് പറയുകയാണെങ്കില്‍ “സാന്ത്വന ചികിത്സ” എന്ന് പറയാം. പാലിയേറ്റിവ് കെയറിനെ പറ്റി വിശദമായി പറയുകയാണെങ്കില്‍ ഇങ്ങിനെ വിവരിക്കാം.

ആധുനിക വൈദ്യശാസ്ത്രത്തിലെ പുതിയതും മൂന്നാമത്തേതുമായ ശാഖയാണ് പാലിയേറ്റിവ് മെഡിസിന്‍. പ്രിവന്റീവ് മെഡിസിനും ക്യൂറേറ്റീവ് മെഡിസിനും ആണ് പരിചിതമായ മറ്റു രണ്ട് ശാഖകള്‍.

ഇന്ന് അറിയപ്പെടുന്ന രോഗങ്ങളില്‍ വൈദ്യശാസ്ത്രത്തിന് പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാ‍നാകുന്നത് ഏതാണ്ട് മുപ്പത് ശതമാനം വരെയുള്ള രോഗങ്ങള്‍ മാത്രമാണ്. ഭൂരിഭാഗം വരുന്ന മറ്റു രോഗങ്ങള്‍ ജീവിതാവസ്ഥകളെ സങ്കീര്‍ണ്ണമാക്കുന്നതോ പരിമിതപ്പെടുന്നതോ ആണ്.

ഇത്തരം രോഗങ്ങള്‍ ബാധിച്ചവരില്‍ ചിലരും അവരുടെ കുടുംബങ്ങളും ജീവിതത്തിന്റെ ഗുണനിലവാരാത്തെ സാരമായി ബാധിക്കുന്ന തരത്തിലുള്ള ശാരീരിക സാമ്പത്തിക സാമൂഹികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.

ഈ പ്രശ്നങ്ങളെ പരിഹരിക്കുന്ന ക്രിയാത്മകവും സമ്പൂര്‍ണവുമായ പരിചരണമാണ് പാലിയേറ്റീവ് കെയര്‍.

പണ്ടൊക്കെ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇത്തരം പാലിയേറ്റിവ് കെയര്‍. ഇന്ന് ഭാരതമൊട്ടാകെ വ്യാപിച്ച് കിടക്കുന്നു പല സംഘടനകളിലൂടെ.

തൃശ്ശൂരിലും സമീ‍പ പട്ടണങ്ങളിലും ഗ്രാമങ്ങളിലും തൃശ്ശൂരിലെ പെയിന്‍ & പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ ശാഖകളുണ്‍ട്. തൃശ്ശൂരിലെ ആസ്ഥാനം ഇപ്പോള്‍ പാറമേക്കാവ് ക്ഷേത്രത്തിന്നടുത്ത് പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഫോണ്‍ നമ്പര്‍ 0487 2322128.

1997 ലാണ് തൃശ്ശൂരിലെ സാന്ത്വനചികിത്സാ കേന്ദ്രം ആരംഭിച്ചത്. കേന്‍സര്‍, മസ്തിഷ്കാഘാതം, പക്ഷാഘാതം, വൃക്കയുടെ തകരാറുകള്‍ തുടങ്ങിയ ദീര്‍ഘകാലരോഗങ്ങളാല്‍ ദുരിതപ്പെടുന്നവര്‍ക്ക് സാന്ത്വനം നല്‍കുകയാണ് സൊസൈറ്റി ചെയ്തുവരുന്നത്. 2006 ല്‍ പഴയ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നും ജില്ലാ പഞ്ചായാത്തിന്റെ അനുമതിയോടെ പഴയ ജില്ലാശുപത്രി കെട്ടിടത്തിലേക്ക് മാറി.

ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് നാലുമണി വരെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നു. ഒന്നാം നിലയില്‍ പത്ത് രോഗികളെ കിടത്തി ചികിത്സിക്കാവുന്ന ഇന്‍ പേഷ്യന്റ് വിഭാഗവും ഉണ്ട്.

രോഗികള്‍ക്ക് മരുന്ന്, മെഡിക്കള്‍ ഉപകരണങ്ങള്‍ എന്നിവ സൌജന്യമാണ്. നിര്‍ധനരായ ഗോഗികള്‍ക്ക് മാസം തോറും അരി, പയര്‍, കടല, പരിപ്പ് മുതലായ ഭക്ഷണ സാധനങ്ങളുടെ കിറ്റ് കൊടുക്കുന്നു. കൂടാതെ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുനരധിവാസ സഹായവും നല്‍കിവരുന്നുണ്ട്.

കിടത്തിചികിത്സ വിഭാഗത്തിലെ രോഗികള്‍ക്കും കൂട്ടുനില്‍ക്കുന്ന ഒരാളിനും ഭക്ഷണം സൌജന്യമാണ്. തീരെ കിടപ്പിലായ രോഗികളെ അവരുടെ വീടുകളില്‍ ചെന്ന് പരിചരിക്കാനുള്ള രണ്ട് യൂണിറ്റുകളും ഉണ്ട്.

സാന്ത്വനപരിചരണത്തില്‍ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും നേഴ്സുമാരായ സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവര്‍ക്കുള്ള ട്രെയിനിങ്ങ് ഇവിടെ തന്നെ കൊടുക്കുന്നു.

സൊസൈറ്റിയുടെ ഒരു മാസത്തെ പ്രവര്‍ത്തനച്ചിലവ് ഏകദേശം അഞ്ചുലക്ഷം രൂപയാണ്. ഉദാ‍രമതികളായ വ്യക്തികളും സ്ഥാപനങ്ങളുമാണ് മാസം തോറും ഇത്രയും തുക സംഭാവനയായി നല്‍കുന്നത്.

ഞാന്‍ ഇവിടെ ആറുകൊല്ലം മുന്‍പ് ഒരു വളണ്‍ടിയര്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും ട്രെയ്നിങ്ങ് കഴിഞ്ഞ് സന്നദ്ധപ്രവര്‍ത്തകനായി ഇന്നെലെ മുതല്‍ ചേര്‍ന്നു. ഇത്രയും കാലം ഞാന്‍ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ജീവിച്ചു. ഇനി ശിഷ്ടജീവിതത്തിന്റെ ഒരു നല്ല ഭാഗം വേദന അനുഭവിക്കുന്നവരും കേന്‍സര്‍ മുതലായ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മറ്റി വെച്ചിരിക്കുന്നു.

ഞാന്‍ ആറുകൊല്ലം മുന്‍പ് ഇവിടെ വളണ്ടിയറ് ആയി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് എനിക്ക് ട്രെയിനിങ്ങ് ലഭിച്ചിരുന്നില്ല. ഓഫീസില്‍ മാത്രം ഒതുങ്ങിയതായിരുന്നു എന്റെ പ്രവര്‍ത്തി മണ്ഢലം. ഇന്ന് എനിക്ക് ട്രെയിനിങ്ങ് ലഭിച്ചു, കൂടുതല് ആഴത്തില്‍ ഇവരിലേക്ക് കടന്ന് ചെല്ലാന്‍ ഞാന്‍ പ്രാപ്തനായി.

ട്രെയിനിങ്ങിന്റ്റെ ആദ്യദിവസം തന്നെ രാധേടത്തിയെ പരിചയപ്പെട്ടു. ഇവിടെ രാധേടത്തിയെ പോലെ ഡിവോട്ടട് ആയ മറ്റുചിലരും ഉണ്ട്. അതില്‍ പ്രധാനിയാണ് ഡോ അരവിന്ദാക്ഷനും, ഡോക്ടര്‍ ദിവാകരനും. പിന്നെ എപ്പോഴും എല്ലായിടത്തും ഓടി നടക്കുന്ന ശ്രീമാന്‍ ഗോകുല്‍ദാസ് മുതലായവരും പ്രസ്ഥാനത്തിന്റെ പിന്നിലുണ്‍ട്. രാധേടത്തി ജില്ലാശുപത്രിയില്‍ നിന്നും റിട്ടയര്‍ ചെയ്ത നഴ്സ് ആണ്. അവരാണ് നഴ്സുമാര്‍ക്കുള്ള ട്രെയിനേഴ്സില്‍ പ്രധാനി.

ഡോ: അരവിന്ദാക്ഷന്‍ ആണ്‍ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുക്കാന്‍ പിടിക്കുന്നതും ഈ പ്രസ്ഥാനത്തിന്റെ പ്രധാന ശില്‍പ്പികളില്‍ ഒരാളും എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അദ്ദേഹം തികഞ്ഞ ഒരു ഗാന്ധിയന്‍ കൂടി ആണ്.

ആദ്യദിവസം ശ്രീമാന്‍ ഗോകുല്ദാസിന്റെ ഒന്നര മണിക്കൂറുള്ള ക്ലാസ്സ് ആയിരുന്നു. സാന്ത്വനചികിത്സയുടെ വളരെ വിശദീകരിച്ച ഒരു അവലോകനം ആയിരുന്നു. കൂടെ സ്ലൈഡ് പ്രസന്റേഷനും ആയിരുന്നു. അതിന് ശേഷം ശ്രീമതി ഉഷ സ്കറിയയുടെ “കമ്മ്യൂണിക്കേഷന്‍” സബ്ജക്റ്റ് ആയിരുന്നു. അതിന് ശേഷം ശ്രീമതി സുശീലയുടെ കൌണ്‍സിലിങ്ങിനെ കുറിച്ചുള്ള ക്ലാസ്സ് ആയിരുന്നു.

വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് സിമ്പതി [അനുമ്പ] അല്ല മറിച്ച് എമ്പതി [സഹാനുഭൂതി] ആണ് വേണ്ടതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. “ഞങ്ങള്‍ കൂടെയുണ്‍ട്“ എന്ന സന്ദേശം രോഗികളില്‍ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.

ശ്രീമതി ഇന്ദിര ഗോപിനാഥിന്റെ നല്ല വാക്കുകളും തുടക്കത്തിലുണ്ടായിരുന്നു. ചില അസൌകര്യം മൂലം ഡോക്ടേര്‍സായ ചില ഫാക്കല്‍റ്റികള്‍ക്ക് എത്തിച്ചേരാനായില്ല. എന്നാലും അവസാന നിമിഷത്തില്‍ ഡോക്ടര്‍ സതീ‍ശ് എത്തിച്ചേര്‍ന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ നഴ്സിങ്ങ് കെയറിനെ പറ്റി രാധേടത്തിയുടെ ക്ലാസ്സ് ആയിരുന്നു. കത്തീറ്റര്‍ മാറ്റുന്നതും, രോഗിയുടെ മുറിവുകള്‍ ഡ്രസ്സ് ചെയ്യുന്നതും, കോട്ടന്‍ സ്റ്ററിലൈസേഷന്‍, ബെഡ് സോര്‍ വരാതിരിക്കുവാനുള്ള നിര്‍ദ്ദേശങ്ങളും, രോഗികളെ കുളിപ്പിക്കുന്നതും റേഡിയേഷന്‍ കഴിഞ്ഞ് വായില്‍ കൂടി ഭക്ഷണം കഴിക്കാന് സാധിക്കാത്തവര്‍ക്ക് ഭക്ഷണം നല്‍കുന്ന രീതികളിലും ക്ലാസ്സുകള്‍ എടുത്തു.

കൂടുതലും കേന്സര്‍ രോഗികള്‍ക്കുള്ള ചികിത്സകളാണ് ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നത്. കേന്‍സര്‍ രോഗികള്‍ക്ക് ഇപ്പോള്‍ ഉള്ള ചികിത്സകള്‍ സര്‍ജ്ജറി, റേഡിയേഷന്‍ അല്ലെങ്കില്‍ കീമോ തെറാപ്പി ആണ്. ഇത്രയും വേദന അനുഭവിക്കുന്ന മറ്റൊരു അസുഖം ഇന്നില്ലത്രെ. ഇവര്‍ക്ക് പ്രധാനമായും നല്‍കുന്നത് മോര്‍ഫിന്‍ ഗുളികള്‍ ആണ്. കൃത്യമായും കണിശവുമായ മാത്രയില്‍ ആയിരിക്കും ഇവര്‍ക്കുള്ള മരുന്നുകള്‍.

അവസാനമായി “എ ഗുഡ് ഡത്ത് ഫോര്‍ ലോംഗ് ടേം പേഷ്യന്റ്” എന്ന വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചയും ഉണ്ടായിരുന്നു. മറ്റൊരു ദിവസം ഹോം കെയര്‍ പേഷ്യന്റ്സിന് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാകുന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും ക്ലാസ്സുകളും ഉണ്ടായിരുന്നു.

എന്നെപ്പോലെ നിങ്ങളും ഈ രംഗത്തേക്ക് കടന്ന് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വരിക എന്നോടൊത്ത്. വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍..

അവിടെ കണ്ട ചില ചേട്ടന്മാരെയും ചേച്ചിമാരേയും നഴ്സിങ്ങ് ട്രെയിനികളേയും ഓഫീസ് സ്റ്റാഫുകളേയും ഇവിടെ പരിചയപ്പെടുത്താം.

ഡെപ്യൂട്ടി സെക്ട്രട്ടറി ശ്രീമതി ഇന്ദിര ചേച്ചി ഒരു നടിയും കൂടിയാണ്. അവര്അഭിനയിച്ച സിനിമയുടെ വിശദാംശങ്ങള്അടുത്ത ലക്കത്തില്എഴുതാം.

പിന്നെ മുതിര്‍ന്ന ഒരു വളണ്‍ടിയറായ ശിവദാസേട്ടന്‍ എന്നെ മുകളിലെത്തെ നിലയിലിരിക്കുന്ന നഴ്സുമാരായ ഷൈനി, ആശാലത പുഷ്പലത, ഫിമ തുടങ്ങിയവരേയും പരിചയപ്പെടുത്തി.

താഴത്തെ നിലയിലെ റിസപ്പ്ഷനിസ്റ്റ് ഗേള്‍ റിജി, ഓഫീസിലെ ഷീല, ഫോട്ടോ‍ കോപ്പി കൌണ്ടറിലെ ദേവസ്സിയേട്ടന്‍, അടുക്കളയിലെ നിര്‍മ്മല. കൂടാതെ വളണ്ടിയേഴ്സായ റാഫേലേട്ടന്‍, രഘുനന്ദനന്‍, ശ്യാമള, ലിസി ജോസഫ്, വിശാലാക്ഷി, ഷക്കീല, മീനാക്ഷി മുതല്‍ പേരേയും പരിചയപ്പെടുത്തി.

പണ്ട് ഞാന്‍ അറിയുന്ന ടോള്‍ ഗീതയും ഉണ്ണിയേട്ടനും ഇപ്പോളും അവിടെ ഉണ്ട്.

ഇനിയും കൂടുതല്‍ എഴുതാനുണ്ട്.


കടപ്പാട്: സാന്ത്വന ചികിത്സാരംഗാത്തുള്ള കേന്ദ്രങ്ങളുടെ ലഘുലേഖയിലെ ചില അംശങ്ങള്‍ ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്‍ട്.

ഒന്നോ രണ്ടോ അദ്ധ്യായങ്ങള്‍ കൂടി എഴുതിയാലേ ഇത് പൂര്‍ത്തിയാകുകയുള്ളൂ എന്നൊരു തോന്നല്‍.

[സൌകര്യം പോലെ തുടരാം.]


Sunday, December 4, 2011

അമ്പിളീ നീയവിടെ ഉണ്ടോ…ഭാഗം 2

അഛമ്മയും പാപ്പനും കൂടി ഞങ്ങളെ ചതിച്ചെന്നറിഞ്ഞപ്പോള്‍ എന്റെ സിരകളിലെ രക്തം തിളച്ചു. വീരശൂരപരാക്രമിയായ ഒരു അച്ചാച്ചന്റെ പേരക്കുട്ടിയായ എന്നില്‍ പ്രതികാരാഗ്നി ജ്വലിച്ചു. രണ്ടെണ്ണത്തിന്നേയും വെട്ടിനുറുക്കി വെട്ടിയാടന്‍ എന്ന പേര്‍ നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിച്ചു.

ഞങ്ങള്‍ ഞമനേങ്ങാട്ടുകാരായത് എങ്ങിനെയെന്നുവെച്ചാല്‍. അതൊരു ചരിത്രമായാണ്‍ ഞാന്‍ പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുള്ളത്. അന്ന് ഞമനേങ്ങാട്ട് ദേശത്ത് ഒരു നാഥനില്ലാ കളരിപോലെയായിരുന്നു. ആര്‍ക്കും എന്തും ചെയ്യാം എന്നൊരു സ്ഥിതി. അധികവും മാപ്പിള സമുദായക്കാരായിരുന്നു.

അവര്‍ പൊറുതിമുട്ടിയപ്പോള്‍ കടത്തനാട്ട് നിന്ന് ഒരു പടയാളിയും അഭ്യാസിയായ എന്റെ അച്ചാച്ചനെ കൊല്ലിനും കൊലക്കും അധികാരം നല്‍കി അവിടെ തണ്ടാനായി വാഴിച്ചു. ആറടി അഞ്ചിഞ്ച് ഉയരവും അതിനൊത്ത തടിയും, കാതില്‍ കടുക്കനും കുടുമയും ഉള്ള ഒരു അജാനബാഹുവായിരുന്നു എന്റെ അച്ചാച്ചനായ ചോഴി തണ്ടാന്‍.

ഞങ്ങളുടെ തറവാട് വലിയ ഒരു പാടത്തിന്റെ നടുവിലുള്ള ഒരു തറയില്‍ ആയിരുന്നു. അവിടെ കളരി ദൈവങ്ങളും, അമ്പലപ്പുരയും, പാന്‍പിന്‍ കാവും രക്ഷസ്സ്, കരിങ്കുട്ടി, ചാത്തന്‍ മുതലായ ദൈവങ്ങളും, ശവമടക്കാനുള്ള വലിയ ഒരു പറമ്പും ഉണ്ടായിരുന്നു. എന്റെ പൂര്‍വികന്മാരെക്കൂടാതെ എത്ര പേരെ അവിടെ അടക്കിയിട്ടുണ്ടെന്ന് എനിക്കറിയില്ല.

എല്ലാ വര്‍ഷവും അവിടെ പാന്മ്പിനാളം ഉണ്ടാകും. കളത്തിലിരുന്ന് ആടാനുള്ള കുമാരിമാരെ തറവാട്ടില്‍ തന്നെ പാര്‍പ്പിക്കും. ചുരുങ്ങിയത് ഏഴുദിവസം പാമ്പിന്‍ കളം ഉണ്ടായിരിക്കും. അന്ന് എല്ലാ ദിവസവും വൈകിട്ട് നാട്ടുകാര്‍ക്കെല്ലാം ഭക്ഷണവും നല്‍കിയിരുന്നു.

കോട്ടപ്പടിയിലെ പുള്ളുവരായിരുന്നു കാര്‍മ്മികത്വം വഹിച്ചിരുന്നത്. നേരം വെളുക്കുന്ന വരെ ഉണ്ടാകും കളം. ഞമനേങ്ങാട്ട് നാട്ടില്‍ ഞങ്ങളുടെ തറവാട്ടില്‍ മാത്രമെ അന്നത്തെ കാലത്ത് പാമ്പിനാളം നടത്തിക്കണ്ടിട്ടുള്ളൂ..

വെട്ടിയാട്ടില്‍ തണ്ടാന്‍ കുടുംബം ഞമനേങ്ങാ‍ട്ടും കൊച്ചനൂരും ആയി കുറച്ച് വീടുകള്‍ മാത്രമേ ഇപ്പോഴും ഉള്ളൂ. മൂലകുടുംബം കടത്തനാട്ടായതിനാല്‍ ഇവിടെ അംഗസംഖ്യ കുറവാ‍ണ്‍.

ഞങ്ങളുടെ കുടുംബക്കാര്‍ക്ക് ചില അവകാശങ്ങളുണ്‍ടായിരുന്നു കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തില്‍. ക്ഷേത്രത്തിന്റെ ചുറ്റുള്ള ഭൂമി മിക്കതും എന്റെ മാതാവിന്റെ പിതാവ് കല്ലായില്‍ മാക്കുണ്ണിയുടെ അധീനതിയില്‍ ആയിരുന്നു.

കൂടാതെ കപ്ലിയങ്ങാട് ഭരണി വേല നടക്കുന്ന സമയത്ത് ക്ഷേത്രമുറ്റത്ത് തട്ടിന്മേല്‍ കളിയുണ്ടാകും. 2 തട്ടുകളേ കെട്ടാന്‍ പാടുള്ളൂ. അതില്‍ തെ

ക്കേ മുറ്റത്തെ തട്ട് നിര്‍മ്മിക്കാനും സംരക്ഷിക്കാനും ഉള്ള അവകാശം എന്റെ കുടുംബത്തിന്നായിരുന്നു.

കപ്ലിയങ്ങാട് ഭരണി കുറച്ചുദിവസം നീണ്ട് നില്‍ക്കുന്നതാണ്‍. ആദ്യം പറയര്‍ വേലയാണ്‍. അന്ന് മൂക്കാന്‍ ചാത്തനും, കാളിയും കരിങ്കാളിയും ഒക്കെ ഉണ്ടാകും. പിറ്റേ ദിവസം ആണ്‍ ഭരണി വേല എന്ന് തോന്നുന്നു. അവിടെത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും പലതും ഓര്‍മ്മ വരുന്നില്ല.

ഭരണി വേലക്ക് തലേദിവസം നാട്ട് താലം ഉണ്ടായിരുന്നു. പെണ്ണുങ്ങള്‍ താലമെടുത്ത് അഞ്ചുപത്ത് കിലോമീറ്റര്‍ ദൂരത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് എത്തുമായിരുന്നു. അവരെല്ലാം പുലര്‍ച്ചയോടെ ക്ഷേത്രപരിസരത്തുള്ള പാടത്ത് വന്ന് തമ്പടിക്കും.

നേരം പുലരുമ്പോളേക്കും വെളിച്ചപ്പാട് തുള്ളി വന്ന് അവരെ അരിയെറിഞ്ഞ് അമ്പലമുറ്റത്തേക്ക് ആനയിക്കും. ആദ്യം കയറ്റുന്നത് വെട്ടിയാട്ടില്‍ തറവാട്ടിലെ നാട്ട് താലമായിരിക്കും. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ചുരുങ്ങിയത് 100 താലങ്ങള്‍ ചെണ്ട മേളത്തോടെ ആയിരിക്കും. വീട്ടില്‍ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്ററുണ്ട് അമ്പലത്തിലെക്ക്. രാത്രി പന്ത്രണ്‍ട് മണി കഴിഞ്ഞിട്ടായിരിക്കും താലം പുറപ്പെടുക. താലം എടുക്കുന്നവര്‍ക്ക് അന്ന് എന്റെ വീട്ടില്‍ നിന്നായിരിക്കും ഭക്ഷണം. അന്ന് ഒരു ഉത്സവം തന്നെ ആയിരിക്കും തറവാട്ടില്‍.

“ഇന്ന് ഈ തറവാട് പാപ്പന്‍ കൊള്ള്രുതാത്തവനായതിനാല്‍ അന്യാധീനപ്പെട്ടു എന്ന് പറയാം. എന്റെ പിതാവിനാണ്‍ തറവാട് ലഭിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകയാണ്‍ ഞാന്‍ ഇന്ന്!!”

എല്ലാം ഒരു യോഗം. നമ്മളാഗ്രഹിക്കുന്നത് പോലെ അല്ലല്ലോ ജീവിതം. എല്ലാം ദൈവനിശ്ചയമല്ലേ. ഞങ്ങളുടെ കുടുംബത്തിലെ എന്റെ ചില അമ്മായിമാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണം പിടിച്ചില്ല. അവരുടെ ജീവിതം പരിതാപകരമായിരുന്നു.

പരേതയായ എന്റെ അമ്മ പറയാറുണ്ട്.”ഉണ്ണ്യേ എത്രയോ ജീവിതങ്ങള്‍ പിടഞ്ഞ ഭൂമിയാണ്‍ നമ്മുടെ വെട്ടിയാട്ടില്‍ തറവാട്. അതിന്റെ അനന്തരഫലങ്ങള്‍ തലമുറകളാല്‍ അനുഭവിക്കപ്പെട്ടിരിക്കുന്നു..”

കഴിഞ്ഞ തലമുറക്കാര്‍ക്കായിരുന്നു ആ മുജ്ജന്മപാപഭാരമെല്ലാം. എല്ലാവര്‍ക്കുമില്ല, ചിലര്‍ക്ക് മാത്രം. ഈ തലമുറയിലുള്ളവര്‍ക്കെല്ലാം നല്ല വിദ്യാഭ്യാസവും അന്തസ്സും അഭിമാനവുമുള്ള ജോലിയും എല്ലാം ലഭിച്ചു.

“എന്റെ ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നൂറുനൂ‍റുപേജുകള്‍ എഴുതാനുണ്ട്. വാതരോഗവും കാഴ്ചക്കുറവും എന്നെ തളര്‍ത്തുന്നു. ഇനി എന്റെ പേരക്കുട്ടികള്‍ വലുതായി വരുന്നതിന്‍ മുന്‍പേ ഞാന്‍ കണ്ണടച്ചില്ലെങ്കില്‍ എല്ലാം എഴുതി വെക്കാമായിരുന്നു..”

എന്റെ അച്ചാച്ചന്‍ എന്തിനാ രണ്ട് പെണ്ണിനെ കെട്ടിയതെന്ന് എനിക്ക് എത്ര ഓര്‍ത്തിട്ടും മനസ്സിലായില്ല. ആരോഗ്യദൃഢഗാത്രനായ എന്റെ അച്ചാച്ചന്‍ സുന്ദരിയായ അഞ്ചടി ഒമ്പത് ഇഞ്ച് ഉയരമുള്ള വെളുത്ത കുമ്പളങ്ങപോലെ വലിയ മുലകളുള്ള ഒരു പെണ്ണുണ്ടായിരുന്നു. ആ നാട്ടിലെ സുന്ദരിയായിരുന്നത്രെ എന്റെ വെളുത്ത അച്ചമ്മയായ നാട്ടുകാര്‍ വിളിക്കുന്ന കാളിയമ്മായി. കാളിയമ്മായി മറുമറക്കാറില്ല.

അവര്‍ക്കും സുന്ദരമാരായ രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്മക്കളും. എന്റെ അഛനും പാപ്പനു ആറടിയില്‍ കൂടുതല്‍ ഉയരമുള്ള സുന്ദരമാരായിരുന്നു. അമ്മായിമാരില്‍ ഏറ്റവും സൌന്ദര്യം അവസാനത്തെ അമ്മായിക്കായിരുന്നു. അമ്മായിമരെല്ലാം ചെറുപ്പത്തില്‍ സിലോണില്‍ ആയിരുന്നു. [ഇപ്പോഴത്തെ ശ്രീലങ്ക] എന്റെ പിതാവ് കൊളംബോയിലുള്ള ഏതാനും ഹോട്ടലുകളുടെ ജനറല്‍ മേനേജര്‍ ആയിരുന്നു.

കൂടാതെ എന്റെ വലിയച്ചന്‍, [കറുത്ത അച്ചമ്മയുടെ മകന്‍] കൊളംബോയില്‍ ഡോ‍ക്ടര്‍ ആയിരുന്നു. അങ്ങിനെ വെട്ടിയാട്ടിലെ മിക്ക അംഗങ്ങളും അഛാച്ചനും അച്ചമ്മയും ഒഴിച്ച് ശ്രീലങ്കയിലായിരുന്നു. പാപ്പന്‍ സിലോണില്‍ പോകുന്നതിന്‍ പകരം മലയേഷ്യയില്‍ പോയി. അവിടെത്തെ വലിയ ബിസിനസ്സുകാരനായി. പാരമ്പര്യം കാത്ത് സൂക്ഷിക്കാനായി അവിടെ നിന്ന് ഒരു ചൈനക്കാരിയെ ജീവിതത്തിലേക്ക് കൂട്ടി. അവസാനക്കാലത്ത് നാട്ടില്‍ വന്ന് സെറ്റില്‍ ചെയ്യാന്‍ വന്നപ്പോള്‍ അതില്‍ നിന്നൊരു ചൈനീസ് പെണ്‍കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.

മകളായ ആ പെണ്‍കുട്ടിയുമായി നാട്ടില്‍ എത്തിയാലുണ്ടാ‍കുന്ന അങ്കം പിന്നെ പറയാനുണ്ടോ. ഇവിടുത്തെ പെണ്ണ് എങ്ങിനെ പ്രതികരിച്ചുവെന്ന്‍ ഞാന്‍ ഇവിടെ എഴുതുകയാണെങ്കില്‍ ഒരുപാട് എഴുതണം. ചുരുക്കത്തില്‍ ആ പെണ്‍കുട്ടി ഞങ്ങളുടെ കുടുംബത്തില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. ഇന്നൊക്കെയാണെങ്കില്‍ അതൊക്കെ അന്വേഷണവിധേയമാക്കാമായിരുന്നു. ഇന്ന് പാപ്പനും ചെറിയമ്മയും ആ താവഴിയില്‍ ആരും ജീവിച്ചിരുപ്പില്ല.

ചെയ്ത പാപങ്ങള്‍ക്കൊക്കെ ഉള്ള ശിക്ഷ ഏറ്റുവാങ്ങി നരകിച്ച് നരകിച്ചാണ്‍ ചെറിയമ്മ മരിച്ചത്. ഞാന്‍ കാണാനേ പോയില്ല. എന്റെ കൊച്ചുപെങ്ങള്‍ മരിക്കാന്‍ ഇടയായതില്‍ പിന്നെ ഞാന്‍ എന്റെ തറവാട്ടുമുറ്റത്ത് കാല്‍ കുത്തിയിട്ടില്ല. അതിന്‍ എത്രയോ മുന്നേ ഞങ്ങളെ അവിടെ നിന്ന് പടിയിറക്കിയിരുന്നെങ്കിലും ഞാന്‍ അവിടെ ഇടക്ക് പോകുമായിരുന്നു കുടുംബപരദേവതകളെ കാണാനും വിളക്ക് വെക്കാനും.

തറവാട് ലഭിച്ച ആള്‍ അമ്പലപ്പുരയും പാമ്പിന്‍ കാവും മറ്റു ദേവതകളേയും പരിപാലിക്കണമെന്നായിരുന്നു കരാറെങ്കിലും പാപ്പന്‍ മലയേഷ്യയിലും ചെറിയമ്മയും മക്കളും നാട്ടിലുമായിരുന്നു. ചെറിയമ്മയും മക്കളും അന്തിത്തിരി പോലും കൊളുത്തിയിരുന്നില്ല. അമ്പലപ്പുരക്ക് മെയിന്റനന്‍സ് ഒന്നും ചെയ്യാതെ അമ്പലപ്പുര നിലം പൊത്തി. പരദേവതകളുടെ ശാപം ഏറ്റുവാങ്ങി ഇഞ്ചിഞ്ചായി അവര്‍ യാത്രയായി.

ഇപ്പോഴത്തെ തലമുറയിലുള്ള രണ്ടാളില്‍ ഒരാള്‍ക്കാണ്‍ തറവാട്ടുഭൂമിയുടെ പകുതി ഭാഗം കിട്ടിയത്. പണ്ട് അമ്പലപ്പുരയും പാമ്പിന്‍ കാവും അതിനോട് ചേര്‍ന്ന ഭൂമിയും പൊതുസ്വത്തായി ആണ്‍ സംരക്ഷിക്കപ്പെട്ടിരുന്നത് എന്നാണ്‍ എന്റെ പിതാവ് പറഞ്ഞ എന്റെ ഓര്‍മ്മ.

ശേഷിച്ച പാമ്പിന്‍ കാവും ചിത്രകൂടവും രക്ഷസ്സിന്റെ തറയും പാപ്പന്റെ മക്കളിലൊരാല്‍ തകര്‍ത്തുതരിപ്പണമാക്കി ആ പുണ്യഭൂമി തരിശുനിലം പോലെ ആക്കി. ഇപ്പോള്‍ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തുവെന്നാണ്‍ നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരം.

അച്ചനമ്മമാര്‍ ചെയ്ത പാപഫലമായി ഇളയ സന്തതി മാനസികാസ്വാസ്ഥ്യം വന്നവനെപ്പോലെ ആരുമില്ലാതെ അലഞ്ഞ് നടക്കുന്നു. അവനായിരുന്നു തറവാട് വീട്. അത് അവനും അന്യാധീനപ്പെടുത്തി.

തറവാടിനോട് ചേര്‍ന്ന് കിടന്നിരുന്ന പാടത്ത് നാട്ടുകാര്‍ക്കെല്ലാം ഉപകാരമായി ഒരു സ്കൂ‍ള്‍ ഉയര്‍ന്നു. ആ തറവാട്ടിലെ കുറച്ച് മണ് തരികള്‍ക്ക് അങ്ങിനെ ഒന്നിന്‍ രൂപം കൊടുക്കാനായത് പുണ്യമായി.

ഞാന്‍ ജനിച്ചുവീണ എന്റെ തറവാട് ഒരു പൈതൃകസ്വത്തായി കൊണ്ട് നടക്കാഞ്ഞതിനാല്‍ എന്റെ മനസ്സിലെ തറവാട് എന്റെ അമ്മക്ക് സ്ത്രീധനമായി ലഭിച്ച ഭൂമിയില്‍ എന്റെ പിതാവ് പണിതുയര്‍ത്തിയ സ്മാരകമാണ്‍.

അമ്പത് കൊല്ലത്തെ പഴക്കമേ ഉള്ളുവെങ്കിലും ഞങ്ങളുടെ പുതിയ തറവാട് ഒരു ഇരുനൂറ് കൊല്ലമെങ്കിലും പഴക്കം തോന്നിക്കാവുന്ന ഗൃഹാതുരത്വം സൃഷ്ടിക്കുന്ന ഒരു സ്മാരകമായി നിലകൊള്ളുന്നു.

എന്നെ പ്രസവിച്ചത് എന്റെ പിതാവിന്റെ വീട്ടിലാണ്‍. സാധാരണ ഈഴവ കുടുംബങ്ങളില്‍ സ്ത്രീകള്‍ പ്രസവിക്കുക പെണ്ണുങ്ങളുടെ വീട്ടിലാണ്‍. എന്തുകൊണ്ട് ഞാന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രസവിക്കേണ്ടി വന്നു എന്നത് വലിയൊരു ചരിത്രമാണ്‍. ഞാന്‍ എന്റെ ബ്ലൊഗില്‍ തന്നെ ചിലയിടത്ത് ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്.

ചെറുവത്താനിയിലെ ഏറ്റവും ധനികനായ ഒരുത്തന്റെ മകളെ അത്രയും ധനശേഷിയില്ലാത്ത ഒരു കുടുംബത്തിലെ ഒരുത്തന്‍ പ്രേമിച്ച് സംഭവബഹുലമായ രീതിയില്‍ വിവാഹം കഴിച്ചോണ്ട് പോന്നു. അതായിരുന്നു അതിന്റെ തുടക്കം.!!!

അതൊക്കെ എഴുതിക്കഴിയുമ്പോള്‍ നമ്മുടെ അമ്പിളിയുടെ കഥ പറച്ചില് നീളും. അതിനാല്‍ ഇനി അടുത്ത ലക്കത്തിലേ അമ്പിളിയുടെ കഥയിലേക്ക് പ്രവേശിക്കാനാകൂ…….

Btw: ഇവിടെയും അക്ഷരപ്പിശാചുക്കളുണ്ട്. മലയാളം ടെപ്പ് ചെയ്ത് കോപ്പി & പേസ്റ്റ് ചെയ്യുമ്പോളുണ്ടാകുന്ന പ്രശ്നങ്ങളാണ്‍ ഇതൊക്കെ എന്ന് ബ്ലൊഗര്‍മാരല്ലാത്ത വായനക്കാര്‍ക്ക് മനസ്സിലാവില്ല. ഓണ്‍ലൈനില്‍ മലയാ‍ളം യൂണിക്കോഡ് ഫോണ്ടുകളെ ചേരൂ. അക്ഷരപ്പിശാചുക്കളെ താമസിയാതെ തുരുത്താം. സദയം ക്ഷമിക്കുക.

Saturday, December 3, 2011

അമ്പിളീ നീയവിടെ ഉണ്ടോ…….. part 1

വിളിച്ച് കൂവുന്നതല്ലാതെ ആര് കേള്‍ക്കാനാണാനെന്റെ വിലാപം. കപ്ലിയങ്ങാട്ട് അമ്പലത്തിലേക്ക് പോകുമ്പോള്‍ വിചാരിച്ചു മടക്കം അമ്പിളിയുടെ വീട്ടില്‍ കയറാമെന്ന്. കാലത്ത് ഒരു വീട്ടിലേക്ക് കേറിച്ചെല്ലാന്‍ പറ്റിയ സമയം അല്ലല്ലോ? അങ്ങിനെയൊന്നും ഇല്ല, എന്തെന്നാല്‍ അമ്പിളി എന്റെ മച്ചുണന്‍സ് വൈഫ് ആണ്. ബന്ധുക്കള്‍ക്ക് എപ്പോ വേണമെങ്കിലും ചെല്ലാമല്ലോ

അങ്ങിനെ ആലോചിച്ച് വടുതല സ്കൂളും കഴിഞ്ഞ് എന്റെ ശകടം പണ്ടത്തെ മാധവനുണ്ണി വൈദ്യരുടെ വൈദ്യശാല നിന്നിരുന്ന സ്ഥലത്ത് നിര്‍ത്തി. ഞാന്‍ വിചാരിച്ചു ഇനി നേരെ കപ്ലിയങ്ങാട്ടേക്ക് പോയാല്‍ ഞാന്‍ ഒരു പക്ഷെ വേറെ വല്ല ദിക്കിലേക്കും പോയാലോ എന്ന്.

ഞാന്‍ എന്റെ ചെറുവത്താനി ഗ്രാമത്തിലെത്തിയാല്‍ രണ്ടോ മൂന്നോ ദിവസം തറവാട്ടില്‍ തങ്ങും. അവിടെ കിട്ടനും ചുക്കിയും അല്ലെങ്കില്‍ കിട്ടന്‍ മാത്രമായാലും ചിലപ്പോള്‍ ഒന്ന് രണ്‍ട് ദിവസം കൂടുതലും തങ്ങിയേക്കാം.

കാലത്ത് കുളിയും തേവാരവും കഴിഞ്ഞാല്‍ ഗീത നല്ല അടിപൊളി പാല്‍ചായ ഉണ്ടാക്കിത്തരും. ബ്രേക്ക് ഫാസ്റ്റ് അല്പം കഴിഞ്ഞേ കിട്ടുകയുള്ളൂ. അപ്പോളെക്കും ഞാന്‍ വസ്ത്രം മാറി പുറത്തേക്കിറങ്ങാന്‍ തയ്യാറായിട്ടുണ്ടാകും. ഗീതയുടെ വിളി വന്നാല്‍ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ശകടവുമായി കറങ്ങാന്‍ പോകും.

ശകടം വീട്ടില്‍ നിന്ന് സ്റ്റാര്‍ട്ടാക്കിയിട്ടാകും എങ്ങോട്ട് പോകണമെന്ന് പലപ്പോഴും ചിന്തിക്കുക. പടിഞ്ഞാറോട്ടാണെങ്കില്‍ വടുതല്‍, വട്ടം പാടം, കൊച്ചനൂര്‍ അല്ലെങ്കില്‍ ചമ്മണൂര്‍ ഓര്‍ കപ്ലിയങ്ങാട്, ഇനി അതുമല്ലെങ്കില്‍ വട്ടം പാടത്ത് നിന്ന് നേരെ ചിറളിപ്പുഴ, പെങ്ങാമുക്ക്, പഴഞ്ഞി കാട്ടകാമ്പാല്‍ ഒക്കെ ചുറ്റി കുന്നംകുളത്തെത്തും. തിരിച്ച് ചെറുവത്താനിയിലെത്തുമ്പോളെക്കും ഗീതയുടെ വിളി വരും

”ഏട്ടനെവിടെയാ. ചോറുണ്ണാനെത്തില്ലേ?” ആ വിളി കേട്ടാല്‍ പിന്നെ ഞാന്‍ ധൃതി പിടിച്ച് ചെറുവത്താനിയിലെത്തും. ഇതൊക്കെയാ എന്റെ നാട്ടിലെ വിസിറ്റ് സമ്പരദായം.
നാട് ചുറ്റാന്‍ പോകുമ്പോള്‍ പാറുകുട്ടിക്ക് വേറെ പണിയൊന്നുമില്ലെങ്കില്‍ ഓളെയും എന്റെ വാഹനത്തില്‍ കയറ്റും. ഊരുചുറ്റുന്നതിന്നിടയില്‍ ചിലപ്പോള്‍ ബസ്സ് കാത്ത് 

നില്‍ക്കുന്നവരെയും ചിലപ്പോള്‍ ശകടത്തില്‍ കയറ്റാന്‍ മറക്കില്ല.
തറവാട്ടില്‍ നിന്ന് പുട്ടും കടലയും പപ്പടവും കഴിച്ചപ്പോള്‍ ഏതാണ്ട് വലിയ ലോഡായ പോലെ തോന്നി. ഗീതയുടെ ചിരട്ടപ്പുട്ട് എന്റെ ശ്രീമതിയെക്കാളും രണ്‍ടിരട്ടി ഉണ്‍ട്.

 കാലത്തെ ചായ കൂടാതെ പിന്നെയും പലഹാരത്തിന്റെ കൂടെ ഒരു ചായ വീണ്ടും ഗീത തരും ചിലപ്പോള്‍. അതും കുടിക്കും ഒരു ഗ്ലാസ്സ് വെള്ളത്തിന്റെ കൂടെ. അവിടെ ശ്രീരാമന്‍ കുടിക്കാന്‍ സ്പെഷല്‍ ഹെര്‍ബല്‍ ഡ്രിങ്കിങ്ങ് വാട്ടര്‍ ഉണ്ട്. അത് എനിക്കും മറ്റു ചില വിഐപ്പിക്കള്‍ക്കും മാത്രം ലഭിക്കും ആ വീട്ടില്‍.

എല്ലാം കഴിക്കുമ്പോളേക്കും എന്റെ വയറ് പൊട്ടാറായ പോലെ തോന്നും. തറവാട്ടില്‍ പോകുമ്പോളാണ്‍ എന്റെ ശരിയായ ഭക്ഷണം. നല്ല കുത്തരിച്ചോറും, മീന്‍ കറിയും, പരിപ്പും മാങ്ങയും അല്ലെങ്കില്‍ മുരിങ്ങ ഇലയും മാങ്ങയും ചേര്‍ത്ത് വെച്ച കറിയും, കയ്പക്കാ കൂട്ടാനും, മീന്‍ പൊരിച്ചതും ഒക്കെ ഞാന്‍ പണ്‍ട് കാലത്ത് കഴിച്ച രുചിയില്‍ തന്നെ കിട്ടും.

എന്റെ പെണ്ണുമ്പിള്ളയുടെ നാട് ചേറ്റുവ ഏങ്ങണ്ടിയൂര്‍ ആണ്‍. അവള്‍ക്കവിടുത്തെ സ്റ്റൈല്‍ അല്ലേ അറിയുകയുള്ളൂ. അവളുടെ മീന്‍ കറി റൊമ്പം ടേസ്റ്റി ആണ്‍. പിന്നെ മോരുകറിയും കൊള്ളാം. അവള്‍ക്ക് ഒരു ദോഷമെന്തെന്ന് വെച്ചാല്‍ എരുവ് കൂടുതലാണ്‍. മെഴുക്കുപുരട്ടി, ഉപ്പേരി എന്നിവ ഉണ്ടാക്കുമ്പോള്‍ വലിയ എരുവുമയമാണ്‍.

ഞാന്‍ തുടരെ തുടരെ ചീത്ത വിളിക്കുമ്പോള്‍ എനിക്ക് മുളക് കാച്ചുന്നതിന്‍ മുന്‍പ് അല്പം കോരി വെക്കും. അതൊക്കെ എന്നും നടപ്പില്ലായെന്നും പറഞ്ഞ് പിന്നേയും പഴയ പടിയില്‍ തന്നെ ആക്കും. എനിക്ക് അല്ലെങ്കില്‍ എന്റെ വയറ് കേടാക്കിയ ആളാണ്‍ എന്റെ അലെങ്കീ ഞാന്‍ ബീനാമ്മയെന്ന് ഓമനപ്പേരില്‍ വിളിക്കുന്ന എന്റെ പെണ്ണമ്മ.

ബീനാമ്മ കറുത്തിട്ടാണെങ്കിലും സുന്ദരിയായിരുന്നു. ഇപ്പോള്‍ എന്റെ അത്ര ഗ്ലാമര്‍ ഇല്ല. എന്നാലും ഞാന്‍ കൊണ്ട് നടക്കുന്നു. പാവം ബീനാമ്മ. ഇനി അവള്‍ക്കാരെ കിട്ടാനാണ്‍.

ഞാന്‍ അവളെ കെട്ടിയത് എനിക്കവളോട് പാവം തോന്നിയിട്ടാണ്‍. പിന്നെ അവള്‍ക്കൊരു ആകര്‍ഷണം ഉണ്ടായിരുന്നത് അവളുടെ തന്ത ഒരു വലിയ പണക്കാരനായിരുന്നു. എന്തെങ്കിലും അവളുടെ തന്ത ജീവിച്ചിരുപ്പുള്ളപ്പോളോ ചാവുമ്പോളോ കിട്ടുമെന്ന് വിചാരിച്ചു.
പക്ഷെ ഒന്നും കിട്ടിയില്ല, അവള്‍ക്ക് കിട്ടാനുള്ളതെല്ലാം അവള് അവളുടെ ആങ്ങിള്‍മാര്‍ക്ക് എഴുതിക്കൊടുത്തു.

അന്ന് അവളുടെ കെട്ടിയോന്‍ രാജകീയ പ്രൌഢിയില്‍ ഗള്‍ഫില്‍ വിരാജിക്കുകയായിരുന്നു. അയാളുടെ ഇന്നെത്തെ സ്ഥിതി പരിതാപകരമാണ്‍.

ഇപ്പോ അവളുടെ ആങ്ങിളമാരാണെങ്കിലോ വലിയ പണക്കാരും, ബിസിനസ്സുകാരും ആയി. ഈ പാവം പെങ്ങളുടെ ദാരിദ്ര്യം കണ്‍ട് പുഛിക്കുകയും ചെയ്യുന്നു. അവളുടെ തന്ത ചാകുന്നതിന്‍ കുറച്ച് കൊല്ലം മുന്‍പ് അവളുടെ പേരില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്കൂളും ചുറ്റുപാടുള്ള പറമ്പും എഴുതി വെച്ചിരുന്നു.

അത് വിറ്റ് കിട്ടുന്ന പണം ഞങ്ങള്‍ക്ക് തരാമെന്ന് വന്ന് പറയുകയും ചെയ്തു. അവസാനം എന്തുണ്ടായി ആങ്ങിളമാരില്‍ ഒരാള്‍ എന്തോ കുതന്ത്രങ്ങള്‍ മെനഞ്ഞ് ഈ പെങ്ങളുടെ കയ്യില്‍ നിന്ന് ആ പണം തട്ടിയെടുത്തു. ഈ ദരിദ്രവാസിയാണെങ്കിലോ തറവാട്ടില്‍ നിന്ന് ഒന്നും വാങ്ങിയില്ല. ഞാന്‍ അവളെ അവളെ വീട്ടില്‍ കൊണ്ട് ചെന്നാക്കിയാലോ എന്നും കൂടി ആലോചിച്ചു. അങ്ങിനെ വന്നാല്‍ ഇവിടെ അടുക്കളപ്പണിക്ക് ആളില്ലാതെ വരുമല്ലോ എന്നോര്‍ത്ത് അങ്ങിനെ ഒന്നും ചെയ്തില്ല.

ആ കഥ അങ്ങിനെ പോകട്ടെ. നമുക്ക് ചെറുവത്താനി അമ്പിളിയുടെ കഥയിലേക്ക് മടങ്ങാം.

തറവാട്ടില്‍ നിന്ന് ഗീത തന്ന പ്രാതലും കഴിച്ച് ഞങ്ങളുറ്റെ പ്രൈവറ്റ് റോഡ് അവസാനിക്കുന്ന സ്ഥലത്ത് നിന്ന് ആലോചിച്ചു. പടിഞ്ഞാറോട്ട് പോകണമോ കിഴക്കോട്ട് കുന്നംകുളം വഴിക്ക് പോകണമോ എന്ന്. അവിടെ ശകടം ന്യൂട്രലാക്കി പാര്‍ക്ക് ചെയ്തു. പാറുകുട്ടിയോട് ഫോണില്‍ പേശി. “ഏടീ പാറൂട്ട്യേ…….. എന്റെ കൂടെ നാട് തെണ്ടാന്‍ പോരുന്നോ..?”

“ഇല്ലാ ഉണ്ണ്യേട്ടാ. എന്റെ കാലത്തെ കുളിയും തേവാരമൊന്നും കഴിഞ്ഞിട്ടില്ല. ഇവിടെ വന്നിരുന്നോ. ഒരു പത്തര വരെ ഇവിടെ ഇരുന്നാല്‍ ഞാന്‍ കൂടെ പോരാം.”

“എന്റെ പാറൂട്ടിക്ക് കുളിക്കാന്‍ അത്ര നേരമൊന്നും വേണ്ട. അവളുടെ കുളിയെങ്ങിനെയാണെന്നറിയാമോ..? ഒരു പാട്ട വെള്ളമേ വേണ്ടൂ‍ അവള്‍ക്ക്. അതില്‍ നിന്ന് ആദ്യം രണ്‍ട് മഗ്ഗ് വെള്ളം തലയില്‍ കൂടി ഒഴിക്കും. എന്നിട്ട് അവിടെയും ഇവിടെയും ചെറുതായി സോപ്പ് തേക്കും, ശേഷിച്ച വെള്ളം മുക്കി മേലില്‍ക്കൂടി ഒഴിക്കും. കുളി കഴിഞ്ഞു. ഇതൊക്കെ രണ്ട് മിനിട്ട് കൊണ്ട് നടക്കും..”

“ഈ ആ‍ളാ പറേണ്‍ പത്തര മണി വരെ അവിടെ ഇരിക്കാന്‍..”
“എനിക്ക് സൌകര്യമില്ല എന്റെ പാറൂട്ട്യേ അന്റെ വീട്ടില് വന്ന് അന്റെ കുളി കഴിയുന്നവരെ ഇരിക്കാന്‍..”

ഞാന്‍ അതും പറഞ്ഞ് പടിഞ്ഞാറോട്ട് ശകടം പായിച്ചു. മടക്കം അമ്പിളിയുടെ വീട്ടില് കയറാമെന്ന് വിചാരിച്ചിട്ട്. കൊച്ചന്നൂരെത്തിയപ്പോള്‍ കപ്ലിയങ്ങാട്ടമ്മക്ക് എണ്ണയും മറ്റു ദ്രവ്യങ്ങളും വാങ്ങി താമസിയാതെ കപ്ലിയങ്ങാ‍ട്ടെത്തി.

ഞങ്ങള്‍ ചെറുവത്താനിക്കാരാകുന്നതിന്‍ മുന്‍പ് ഞമനേങ്ങാട്ടുകാരായിരുന്നു. അവിടെ നിന്ന് ഞങ്ങളെ കുടിയിറക്കിയതായിരുന്നു ദുഷ്ടയായ എന്റെ അച്ചമ്മ. അച്ചമ്മ്ക്ക് കൂട്ടുനിന്നതോ എന്റെ പാപ്പനും അല്ലെങ്കില്‍ പാപ്പന്‍ കൂട്ടായി അചച്മ്മയും.

പാപ്പന്‍ മലായയിലും അഛന്‍ സിലോണിലും ആയിരുന്നു. പാപ്പന്‍ പണമയക്കില്ല, നാട്ടില്‍ വരില്ല. എല്ലാം പെങ്ങമ്നാരെയും [ ഏതാണ്ട് പത്തുപേര്‍ ] അച്ചനാണ്‍ കെട്ടിച്ചയച്ചത്. ഓലപ്പുര ഓട് മേഞ്ഞു, വര്‍ഷാ വര്‍ഷവും കിണര്‍ കുത്തണമായിരുന്നു. അതില്‍നിന്ന് രക്ഷപ്പെടാനായി ആ നാട്ടിലെ ജനങ്ങള്‍ക്കെല്ലാം ഉപകാരമായി ആദ്യമായി ആ നാട്ടിലൊരു കല്‍ക്കിണര്‍ പണിതുയര്‍ത്തി. 

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന എന്റെ പിതാവിനെ ഈ തെണ്ടികള്‍ ഒരു പാതിരാക്ക് കുടിയിറക്കി.

അതൊരു വലിയ കഥ. എന്റെ അച്ചന്റെ അഛന്‍ അതായത് എന്റെ അച്ചാച്ചന്‍ രണ്ട് ഭാര്യമാരുണ്‍ടായിരുന്നു. ആദ്യത്തെ ഭാര്യ കാളിയുടെ മകനാണ്‍ എന്റ്റെ പിതാവ്. കാളി വെളുത്ത് സുന്ദരിയായിരുന്നു. കാളിക്ക് എന്റ്റെ പിതാവ് കൂടാതെ ഒരു അനുജനും 3 പെങ്ങളുകളും ഉണ്ടായിരുന്നു. എല്ലാവരും സുന്ദര്‍ന്മാരും സുന്ദരികളും ആയിരുന്നു.

രണ്ടാമത്തെ ഭാര്യ ലക്ഷ്മി കറുത്തതും സൌന്ദര്യം കുറഞ്ഞതും ആയിരുന്നു. ലക്ഷ്മിക്ക് ഒരു ആണും അഞ്ചുപെണ്ണും ഉണ്ടായി. ഞാന്‍ കാളിയെ വെളുത്ത അച്ചമ്മ എന്നും ലക്ഷ്മിയെ കറുത്ത അച്ചമ്മയെന്നും വിളിച്ചു. എനിക്കിഷ്ടം കറുത്ത അച്ചമ്മയോടായിരുന്നു.

അടുക്കളയുടെ കണ്ട്രോള്‍ കറുത്ത അച്ചമ്മക്കായിരുന്നു. പേരക്കുട്ടികളായി ഞാനും എന്റെ അനുജനും പാപ്പന്റെ രണ്ട് ആണ്മക്കളും, മൂത്ത അമ്മായിയുടെ 5 പെണ്മക്കളും, മറ്റു തറവാട്ടില്‍ നിന്നിരുന്ന ചില അമ്മായിമാരുടെതായ പത്തില്‍ കൂടുതല്‍ സന്താനങ്ങളും ആയിരുന്നു വെട്ടിയാട്ടില്‍ തറവാട്ടിലെ അന്തേവാസികള്‍. എന്റെ ബാല്യം അതുകൊണ്ട് സംഭവബഹുലവും ഒട്ടേറെ സുന്ദരസ്മരണകളും നിറഞ്ഞതായിരുന്നു.

ഉണ്ണാന്‍ നെല്ലും, അരക്കാന്‍ നാളികേരവും മറ്റു വിളകളും കൊണ്ട് സമൃദ്ധമായിരുന്നു ഞങ്ങളുടെ തറവാട്. ഓലമേഞ്ഞ നാല്‍കെട്ടിന്റെ പ്രൌഡി ഒന്ന് വേറെ തന്നെയായിരുന്നു.

വട്ടന്‍ പാടത്തെ കൊയ്ത് കഴിഞ്ഞാല്‍ എള്ള് വിതക്കും. കണ്ടം പൂട്ടാന്‍ നല്ലയിനം 3 ഏറ് കന്നുകളുണ്ടായിരുന്നു. പിന്നെ അഞ്ചില്‍ കൂടുതല്‍ പശുക്കളും പത്തില്‍ കൂടുതല്‍ ആടുകളും. തറവാട്ടിലെ ഇത്രയും അംഗങ്ങളെ തീറ്റിപ്പോറ്റാന്‍ പണം പോരാതെ വന്നാല്‍ എന്റെ അഛന്‍ സിലോണില്‍ നിന്ന് അയക്കും. പാപ്പന്‍ നാലണ പോലും അയച്ചില്ല.

എല്ലാം ചുമതകളും കഴിഞ്ഞപ്പോള്‍ ഏട്ടനനിയന്മാര്‍ക്ക് ഭാഗം വെച്ച് പിരിയാം എന്ന് അഛമ്മ പറഞ്ഞു. തോമ്മാപ്പിളയെ വരുത്തി ഭാഗാധാരം ഉണ്ടാക്കി. കുണ്ടും കുഴിയും നിറഞ്ഞ പാട്ടഭൂമികളും, കുടികിടപ്പുകാര്‍ താമസിക്കുന്ന പറമ്പും കുളവും തോടും നിറഞ്ഞ പറമ്പും എല്ലാം എന്റെ പിതാവിനും നല്ല കരഭൂമിയും നല്ല വിളവുകള്‍ ലഭിക്കുന്ന പാടവും എല്ലാം പാപ്പനും. അച്ചമ്മ പറഞ്ഞ പ്രകാരം തോമാപ്പിള ഭാഗാധാരം ഉണ്ടാക്കി.

തറവാട്ട് അമ്പലപ്പുരയും, പാന്‍പിന്‍ കാവും, രക്ഷസ്സ് തറയും, ശവമടക്കാനുള്ള പറന്‍പും പൊതുസ്വത്തായി സംരക്ഷിക്കപ്പെട്ടു. 

തറവാട്ടില്‍ കല്യാണം കഴിക്കാതെ നിന്നുപോയ ഒരു അമ്മായിക്ക് ഒന്നും നീക്കിവെക്കാന്‍ പാപ്പന്‍ സമ്മതിച്ചില്ല. പക്ഷെ അച്ചന്റെ നിര്‍ബ്ബന്ധത്തിന്‍ വഴങ്ങിയാണ്‍ പാപ്പന്‍ അതിന്‍ സമ്മതിച്ചത്.
ഒരു ദിവസം വൈകുന്നേരം ഭാഗാധാരം ഒപ്പിടാന്‍ എത്തിച്ചു. അച്ചന്‍ ആധാരം എഴുത്തുകാരനെ വിശ്വസിച്ചു ഒപ്പിട്ടു,

 പാപ്പന്‍ ഒപ്പിട്ടില്ല. “ഏട്ടന്‍ ഇന്ന് തന്നെ വീടൊഴിഞ്ഞാലേ ഞാന്‍ ഒപ്പിടൂ എന്നായിരുന്നു പാപ്പന്‍” തറവാടും ചുറ്റുപാടും പാപ്പനായിരുന്നു.

അച്ചമ്മയും പാപ്പനും ചെയ്ത ചതി അറിഞ്ഞത് ഭാഗാധാരം റജിസ്റ്റര്‍ ചെയ്ത് ആധാ‍രത്തിന്റെ കോപ്പി കൈപ്പറ്റിയപ്പോളാണ്‍. തന്നെയുമല്ല തറവാട്ടില്‍ നിന്നിരുന്ന അമ്മായിയുടെ സ്വത്തും പാപ്പന്‍ എന്തോ തന്ത്രങ്ങള്‍ പറഞ്ഞ് എഴുതി വാങ്ങി.

ഇതെല്ലാം നടക്കുമ്പോള്‍ എനിക്ക് പത്തോ പന്ത്രണ്‍ടോ വയസ്സ് കാണും. എന്റെ മനസ്സിനെ നേരിയ തോതില്‍ മഥിക്കുന്ന കാര്യങ്ങളാണ്‍ ഞാന്‍ അന്ന് അവിടെ കണ്ടത്. എനിക്ക് പ്രതികരിക്കാനാവും വിധം ഞാന്‍ വളര്‍ന്നിരുന്നില്ല. അതിനാല്‍ പാപ്പനും അച്ചമ്മയും രക്ഷപ്പെട്ടു.

അമ്പിളിയുടെ കഥ പറഞ്ഞ് ഞാന്‍ എങ്ങോട്ടോ പോയി. അമ്പിളിയുടെ വീട്ടുവിശേഷം അടുത്ത അദ്ധ്യായത്തില്‍ എഴുതാം.
[അച്ചടിപ്പിശാചുക്കളുണ്ട്. താമസിയാതെ തുരത്താം.]