Monday, June 30, 2014

മരണങ്ങളുടെ വഴിയില്‍


================= ഞാനെന്നും പോകുന്ന ശിവക്ഷേത്രത്തിന്റെ അരികിലുള്ള ഫ് ളാറ്റിലെ വിജയേട്ടന്റെ അമ്മ മരിച്ചിട്ട് ആരും പറഞ്ഞില്ല.. പറഞ്ഞു ഒരാള്‍, മോളിച്ചേച്ചി. അവര്‍ തലേദിവസം അവിടെ പോയ കഥയാണ് പറഞ്ഞത്. വളരെ സങ്കടം തോന്നി. ഇത്രയടുത്തുള്ള ഞാന്‍ അറിഞ്ഞില്ലല്ലോ..?

ആ അമ്മ മറവി രോഗം ബാധിച്ച് കുറച്ച് നാളായി കിടപ്പിലായിരുന്നു. കഴിഞ്ഞ കൊല്ലം ഇടക്കൊക്കെ അമ്പലത്തില്‍ കൊണ്ടുവരുമായിരുന്നു. എന്നോട് വിശേഷം പറയുമായിരുന്നു. അവര്‍ ടീച്ചറായിരുന്ന കാലത്തെ വിശേഷങ്ങള്‍ പങ്കുവെക്കുമായിരുന്നു. വിജയേട്ടന്റെ ഫ് ളാറ്റില്‍ ഞാന്‍ പോയിട്ടില്ല.

കഴിഞ്ഞ ദിവസം ആ കെട്ടിടത്തില്‍ താമസിക്കുന്ന ഉഷയെ കാണാന്‍ പോയിരുന്നു. അപ്പോള്‍ ഈ അമ്മയുടെ വിശേഷം ഞാന്‍ തിരക്കിയിരുന്നു, പക്ഷെ പോയി കാണാന്‍ തോന്നിയില്ല, മറ്റൊരുദിവസം ആകാമെന്ന് വെച്ചു...  ഇതാണ് പട്ടണത്തിലെ വിശേഷം. നാട്ടിന്‍ പുറത്താണെങ്കില്‍ രണ്ടുമൂന്ന് കിലോമീറ്ററിന്നുള്ളില്‍ ആരു മരിച്ചാലും അറിയും.. ശ്രീനാരായണ ക് ളബ്ബ് മെംബര്‍ ആയ ദുഷ്യന്തന്റെ പത്നി മരിച്ചിട്ട് ഞങ്ങള്‍ എക്സിക്യുട്ടീവ് മെംബേര്‍സ് പോയി റീത്ത് വെച്ചു..

ഇന്ന് കാലത്ത്  മേല്‍ പറഞ്ഞ ശിവക്ഷേത്രത്തില്‍ [അച്ചന്‍ തേവര്‍ ക്ഷേത്രം] എന്നും വന്നിരുന്ന അമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ താമസിക്കുന്ന ആയിഷച്ചേച്ചിയും മരിച്ചു.. ആരും അറിയിച്ചില്ല, സുകുമാരേട്ടന്‍ എന്നെ ഫോണില്‍ വിളിച്ചത്രേ.. നമ്പര്‍ തെറ്റായിരുന്നു. ഞാന്‍ അറിഞ്ഞപ്പോളേക്കും ശവസംസ്കാ‍രം കഴിഞ്ഞിരുന്നു. ശവം കാണാനായില്ല..

 ഇന്ന് എന്റെ പ്രിയ സുഹൃത്ത് കുന്നംകുളത്തെ റേഡിയോ പുഷ്കരേട്ടന്‍ മരിച്ച വിവരം തറവാട്ടില്‍ നിന്നും അനിയത്തി ഗീത അറിയിച്ചു. ശവസംസ്കാരം രണ്ട് മണിക്കൂറിന്നുള്ളില്‍ നടക്കുമെന്ന് പറഞ്ഞതിനാലും എനിക്ക് അത്ര പെട്ടെന്ന് ഇന്നെത്തെ മഴയില്‍ അവിടെ വരെ വണ്ടി ഓടിക്കാന്‍ പറ്റാത്തതിനാലും ഞാന്‍ പോയില്ല. വളരെ അടുത്തവരുടെ മൃതശരീരം കാണാന്‍ എനിക്ക് വിഷമവും ആണ്..

അങ്ങിനെ മരണങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍... ഈ മഴക്കാലം മരിക്കാന്‍ കിടക്കുന്നവരെ കൊണ്ടുപോകാന്‍ കാലന്‍ കാളയുമായെത്തുന്ന ദിനങ്ങളാണ്...

ഇന്ന് മരിച്ച ആയിഷേച്ചിയും, പുഷ്കരേട്ടനും എന്റെ സമപ്രായക്കാ‍രാണ്.. വിജയേട്ടന്റെ അമ്മ എന്റെ അമ്മയുടെ പ്രായക്കാരിയാണ്..  പുഷ്കരേട്ടന് കേന്‍സര്‍ ആയിരുന്നു, ആയിഷേച്ചിക്ക് കാലങ്ങളായി ശ്വാസം മുട്ടും.. ഇവരെ ഈശ്വരന്‍ ഇപ്പോളെങ്കിലും വിളിച്ചുവല്ലോ..?

കേന്‍സര്‍ ബാധിച്ച അനവധിപേര്‍ മരണത്തിന് കീഴടങ്ങാതെ, അല്ലെങ്കില്‍ ഈശ്വരന്‍ അവരെ വിളിക്കാതെ അല്പപ്രാണരായി ഒന്നും ചെയ്യാന്‍ പറ്റാതെ കിടക്കുന്നു.

എന്റെ അച്ചനും, പാപ്പനും, വലിയച്ചനും, വലിയച്ചന്റെ മകന്‍ ചന്ദ്രേട്ടനും അറുപതില്‍ പോയി.ഞാന്‍ അറുപതിന്നടുത്തപ്പോള്‍ രാത്രികളില്‍ കാലന്‍ കാളയുടെ കുളമ്പടി ശബ്ദം ചെവിയോര്‍ത്ത് കിടന്നിരുന്നു..  എന്നെ കൊണ്ടോകാന്‍ കാലന്‍ വന്നില്ല.. കണക്കുകള്‍ എവിടേയോ ആര്‍ക്കോ പിഴച്ചു.  ഞാന്‍ ഇപ്പോ അറുപതും താണ്ടി എഴുപതിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു...

ജനനമരണങ്ങള്‍ നിശ്ചയിക്കുന്നത് നമ്മളല്ല, എങ്കിലും മരിക്കാനായി കാത്ത് കിടക്കുന്നവരായ  മാറാവ്യാധിയുള്ളവരെ കൊണ്ടോകാന്‍ കാലന്‍ - കാളയും കയറുമായി വരുമല്ലോ ഈ  മഴക്കാലത്ത്  വേഗം തന്നെ.

Saturday, June 28, 2014

വടമാല


ഇന്ന് ദീപാരാധനക്ക് ഞാനെന്നും പോകുന്ന ശിവക്ഷേത്രത്തില്‍ അല്പം നേരെത്തെ തന്നെ പോയി. ദീപം തൊഴുത് ആല്‍ത്തറയിലിരുന്ന് കാറ്റുകൊണ്ടു കുറച്ചുനേരം.. ഇന്ന് നേരിയ തലവേദന ഉള്ളതിനാല്‍ ഈ ആലിന്റെ കാറ്റ് അതിന് സുഖം പകരുമെന്ന വിശ്വാസം എനിക്കുണ്ട്.. 

“ എന്തിനാ ഇവിടെ ഇരുന്ന് കൊതുകടി കൊള്ളുന്നതെന്ന് പത്മജ ടീച്ചര്‍ ചോദിച്ചുവെങ്കിലും ഞാന്‍ അവിടെ തന്നെ ഇരുന്നു..” വഴിയെ വന്ന ചേച്ചിമാരില്‍ മീരച്ചേച്ചി മാത്രം എനിക്ക് ഒരു വട തന്നു.. അപ്പോളാണ് ഞാന്‍ ഓര്‍ത്തത് ഇന്ന് മുപ്പെട്ട് ശനിയായിരുന്നുവെന്ന്. ഹനുമാന്‍ സ്വാമിക്ക് വടമാല ഇന്ന് നിവേദിക്കും.

ആദ്യം അറിഞ്ഞിരുന്നെങ്കില്‍ കാലിലെ വേദന സഹിച്ച് സോപാനത്തിന്നരികില്‍ ചെന്നുനിന്നുവെങ്കില്‍ തിരുമേനി എനിക്കും നിവേദിച്ച വട തരുമായിരുന്നു. എല്ലാര്‍ക്കും കൊടുക്കുന്നതിലും അധികം എനിക്ക് അദ്ദേഹം തരികയും ചെയ്യും,

നൈവേദ്യങ്ങള്‍ക്ക് ഞാന്‍ കൊതിയനാണ്.ആല്‍ത്തറയിലിരുന്ന് കാറ്റുകൊള്ളാന്‍ എനിക്ക് കൂട്ടായി ആരും വന്നില്ല, ബിജു ആവഴിക്ക് പോകുന്ന വഴി എന്നോട് കുശലം പറഞ്ഞു.

“എനിക്ക് മോളെ വീട്ടില്‍ കൊണ്ടുചെന്നാക്കീട്ട് വടക്കുന്നാഥനില്‍ തൃപ്പുക തൊഴാന്‍ പോകണം..”

ബിജുവിന്റെ കൂടെ പോകുകയാണെങ്കില്‍ വടക്കുന്നാഥനില്‍ നിന്ന് ഒറ്റയപ്പത്തിന്റെ ഒരു തുണ്ടോ, നല്ല കട്ടിയുള്ള ശര്‍ക്കരപ്പായസത്തിന്റെ നാലുവറ്റോ കിട്ടുമായിരുന്നു. പക്ഷെ ഞാന്‍ പോയില്ല. എനിക്കിന്ന് വയ്യായിരുന്നു. ഇന്നുമൊത്തം വീട്ടിലിരുപ്പായിരുന്നു.

കാലത്തെണീക്കാന്‍ വൈകി. വീട്ടുകാരിയുമായി രണ്ടുദിവസമായി സൌന്ദര്യപ്പിണക്കത്തില്‍ ആണ്,അതിനാല്‍ കാലത്ത് അവള്‍ ദോശ ചുട്ടുതന്നില്ല. ഒരു ഉണങ്ങിയ ഉപ്പുമാവ്..
“വേണമെങ്കില്‍ തിന്നോ എന്ന മട്ടില്‍...”

അവള്‍ക്ക് വയസ്സ് 60, ഞാനവളേക്കാളും പത്തുവയസ്സ് മൂത്തത്, അപ്പോള്‍ ഞാന്‍ നാലുചീത്ത വിളിച്ചെന്ന് വിചാരിച്ച് ഇങ്ങനെയുള്ള പീഡനം കാണിക്കാമോ...?

ഞാനെന്റെ കാമുകി പാറുകുട്ടിയെ ഓര്‍ത്തു. അവളുടെ അടുത്ത് പോയാല്‍ അവള്‍ എനിക്കിഷ്ടമുള്ളത് ഉണ്ടാക്കിത്തരും, പക്ഷെ അവിടെ വരെ ബസ്സില്‍ യാത്ര ചെയ്യാന്‍ എനിക്ക് വയ്യായിരുന്നു. കാറോടിക്കാനാണെങ്കില്‍ കുറച്ചുദിവസമായി കാലില്‍ കഴപ്പും തരിപ്പും. ക്ളച്ച് ചവിട്ടാന്‍ കെല്പില്ല. അവളെനിക്ക് ഒരു ഓട്ടോമേറ്റിക്ക് കാറ് വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്..

വരുന്ന തിരുവാതിര ഞാറ്റുവേലക്ക് ഞാന്‍ മയ്യത്തായില്ലെങ്കില്‍ അതോടിച്ച് ഇടക്ക് അവളുടെ അടുത്തെത്താം... അപ്പോ എനിക്ക് എന്റെ വീട്ടുകാരിയുടെ മോന്തായം കാണാണ്ടിരിക്കാം ഇങ്ങനെ അവള്‍ സമരം പിടിക്കാന്‍ വന്നാല്‍..

ഇന്ന് ഉച്ചക്ക് വീട്ടുകാരി അയല വറുത്തതും കൊഴുവക്കറിയും ഒക്കെ തന്നുവെങ്കിലും അതിലൊന്നും ഞാന്‍ വീണില്ല, ഞാനും സമരത്തിലാണ്. എന്താ എനിക്കും സമരം ചെയ്തുകൂടെ...?

എനിക്ക് ഒന്നും തന്നില്ലെങ്കിലും വേണ്ട, കാലത്ത് 5 ദോശ വേണം. പിന്ന് ഉച്ചക്ക് പട്ടിണിയായാലും വേണ്ടില്ല, പിന്നെ രാത്രി 6 ചപ്പാത്തിയും കടലക്കറിയോ ചിക്കന്‍ കറിയുടെ ചാറോ ആയാലും മതി... എന്റെ കാര്യം നോക്കാനാരുമില്ല, വയസ്സായി വയ്യാണ്ടായി...

കൃഷ്ണാ ഗുരുവായൂരപ്പാ... എന്നേക്കാളും എത്രയോ മാരകമായ രോഗികള്‍ ഈ ലോകത്തുണ്ട്, അപ്പോള്‍ എനിക്കൊന്നും ഇല്ല. എന്നെ ഗള്‍ഫില്‍ കൊണ്ടുപോയി എനിക്ക് നാലുകാശ് ഉണ്ടാക്കിത്തന്ന മഹാത്മാവ് ഇന്ന് കേന്‍സര്‍ രോഗബാധിതനാണ്. അദ്ദേഹത്തിന്റെ രോഗം മാറ്റിക്കൊടുക്കേണമേ.. എനിക്കാരും ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല, ഒരു നേരം പട്ടിണി കിടന്നാലും വേണ്ടില്ല, അദ്ദേഹത്തിന് സൌഖ്യവും സമാധാനവും രോഗശാന്തിയും പ്രദാനം ചെയ്യേണമേ ഗുരുവായൂരപ്പാ..

Sunday, June 15, 2014

പ്രമീള

 ഓര്‍മ്മക്കുറിപ്പ്
===========

 ഓരോദിവസവും ഓരോ റൂട്ടിലാണ് നടത്തം. കാലിലെ വാതം കാരണം  ചുരുങ്ങിയത്  5 കിലോമീറ്ററെങ്കിലും നടന്നില്ലെങ്കില്‍ അന്ന് മൊത്തം സുഖമുണ്ടാവില്ല.. ഇന്നെലെത്തെ നടത്തത്തിന്നിടയില്‍ പ്രമീള ചോദിച്ചു, എന്താ ഇപ്പോള്‍ വായനാസുഖമുള്ളതൊന്നും എഴുതാത്തേ..?

പ്രമീളയുടെ ചോദ്യത്തില്‍ ഒളിഞ്ഞുകിടക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാനും അവളുമായി ഒരു ചിരിയിലൊതുക്കിയ പരിചയം മാത്രമേ ഉള്ളൂ. ഒരിക്കല്‍ ഞാന്‍ നടക്കുമ്പോള്‍ അവളുടെ വീട്ടിലെ ഒരു കുട്ടി എന്റെ ഉടുപ്പില്‍ ചളി തെറിപ്പിച്ചു..

പ്രമീള ക്ഷമാപണം പറയാന്‍ ഗേറ്റ് തുറന്ന് വന്നു.. വസ്ത്രത്തിലെ ചെളി കഴുകി കളഞ്ഞുതരാമെന്നും വീട്ടില്‍ കയറിയിരിക്കാനും പറഞ്ഞു..പക്ഷെ ഞാന്‍ അവളുടെ വീട്ടില്‍ കയറാതെ പോയി.

പിന്നീടൊരിക്കല്‍ അവളെ പാറമേക്കാവ് അമ്പലത്തിലെ വേലക്ക് കണ്ടു. അന്നും അവളെന്നെ നോക്കി ചിരിച്ചു. ഞാന്‍ പോയി പരിചയപ്പെടാനൊരുങ്ങുമ്പോളാണ് മേളം തുടങ്ങാനായി ആളുകള്‍ ഒരുങ്ങുന്നത് കണ്ടത്. അങ്ങോട്ട് പോകുന്നതിന്നിടയില്‍ പ്രമീള എവിടേയോ മിന്നിമറഞ്ഞു..

എന്റെ ഈ മേളക്കമ്പം കാരണം പലതും നഷ്ടപ്പെടാറുണ്ട്.. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് കാലന്‍ കുടക്ക് പകരം ആനന്ദവല്ലിയുടെ   കൊച്ചുകുട വാങ്ങി  ട്രൌസറിന്റെ പോക്കറ്റി വെച്ച് പൂരം കാണാന്‍ പോയി.. ശ്രീമൂലസ്ഥാനത്ത് നിന്ന് ഞാന്‍ മേളം അസ്വദിക്കുന്നതിന്നിടയില്‍ ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും കുട പോയത് ഞാന്‍ അറിഞ്ഞില്ല..

അവിടെ നിന്ന് മഠത്തില്‍ വരവ് കാണാന്‍ പഴയ നടക്കാവില്‍ കൂടി തെക്കേ മഠത്തിലെത്തി. അപ്പോള്‍ ചെറിയ ചാറല്‍ മഴയുണ്ടായിരുന്നുവെങ്കിലും ഞാന്‍ എന്റെ ട്രൌസറിന്റെ പോക്കറ്റില്‍ ചൂടുപിടിച്ച് കിടന്നുറങ്ങുന്ന കുടയെ അന്വേഷിച്ചില്ല.

 അവിടെ നിന്ന് കുറച്ച് മേളമാസ്വദിച്ചപ്പോള്‍ വലിയ ദാഹം. വഴിയില്‍ ഫ്രീ സാംഭരം ഉണ്ടായിരുന്നു. കുടിച്ചില്ല... “ കഴിഞ്ഞ പൂരത്തിന് എല്ലാ സാംഭാര കൌണ്ടറില്‍ നിന്നുമായി 4 ലിറ്റര്‍ സാംഭാരവും 2 ലിറ്റര്‍ ചുക്കുവെള്ളവും ഞാന്‍ സേവിച്ചിരുന്നു..

ആ കൊല്ലം എനിക്ക് വെടിക്കെട്ട് കാണാന്‍ പറ്റിയില്ല. അതിസാരം പിടിപെട്ടു.. വില്വാദി ഗുളിക കഴിച്ച് വിശ്രമിച്ചു.. കുടമാറ്റം കാണാന്‍ പോയപ്പോള്‍ വയറിളകുമോ എന്ന് പേടിച്ച് എലൈറ്റ് ഹോട്ടലിന്റെ മട്ടുപ്പാവില്‍ കയറി നിന്നു. ആ ഹോട്ടലില്‍ ഞങ്ങള്‍ പല കളബ്ബുകാര്‍ മീറ്റിങ്ങ് നടത്തുന്നിടമാണ്. അതിനാല്‍ എനിക്ക് സധൈര്യം എതുടോയലറ്റിലും കയറിയിരിക്കാം.

അങ്ങിനെ അങ്ങിനെ എന്റെ നടത്തത്തിന്നിടയില്‍ ഇന്നാണ് പ്രമീളയെ വീണ്ടും കാണുന്നത്. ഞാന്‍ ഒരു മാസത്തില്‍ ചുരുങ്ങിയത് 10 പോസ്റ്റ് മിനിമം എഴുതുന്ന ആളാണ്, എന്നിട്ടും അവളുടെ ചോദ്യത്തിന്റെ അര്‍ഥം  എനിക്ക് ഊഹിക്കാനായില്ല. പ്രമീളയോട് അതിനെ പറ്റി ചോദിക്കണമെങ്കില്‍ ആ വഴിക്ക് പോകണം.

അങ്ങിനെ അവളുടെ റൂട്ടിലേക്ക് പോകാനായി ഞാന്‍ ആദ്യം വടക്കുന്നാഥനില്‍ പോയി തൊഴുത്, നായ്ക്കനാല്‍ വഴി വടക്കോട്ട് നടന്നു.. പോണ വഴിക്ക് ജയാമിസ്സിന്റെ വീട്ടില്‍ കയറേണ്ട ഒരു കാര്യമുണ്ടായിരുന്നു.. അതൊക്കെ മനസ്സില്‍ കുറിച്ച് മേല്പോട്ട് നോക്കി നടക്കുന്നതിന്നിടയില്‍ പെട്ടെന്നൊരു കാറിന്റെ ഹോണ്‍ എന്റെ കര്‍ണ്ണം തകര്‍ത്തു..  

കണ്ണുമിഴിച്ചുനോക്കിയപ്പോള്‍ ആ കാറോടിച്ചിരുന്നത് പ്രമീളയാണെന്ന് മനസ്സിലായി.. ദിവാസ്വപ്നങ്ങള്‍ കണ്ട് ഞാന്‍ ഫൂട്ട്പാത്തില്‍ നിന്നും അറിയാതെ റോഡിലേക്ക്  തെന്നിയതറിഞ്ഞില്ല..

പ്രമീള കാറ് സൈഡാക്കി കുശലം ചോദിച്ചു. എന്നെ അവളുടെ കാറില്‍ കയറ്റി. ഞങ്ങള്‍ ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്നടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി.

[to be continued]


Tuesday, June 10, 2014

ശ്രീമാന്‍ തലവേദന

MEMOIR 

ഇന്ന് ചൊവ്വാഴ്ച. ഞാന്‍ എന്റെ പേരക്കുട്ടികളായ കുട്ടാപ്പുവിനേയും നിവേദ്യയേയും കാണാന്‍ കൊച്ചിക്ക് പോകാനുള്ള പരിപാടിയിലായിരുന്നു. കൊച്ചി സന്ദര്‍ശനത്തിന്നിടയില്‍ എന്റെ പുതിയ ഒരു കൊച്ചിക്കാരി ഫ്രണ്ട് ഷൈനിയേയും കാണാനുള്ള പരിപാടിയുണ്ടായിരുന്നു.

അവിടെ മറ്റൊരു ഫ്രണ്ടായ ഇന്ദു ഉണ്ട്. അവള്‍ എന്റെ മൂന്നുനാലുകൊല്ലമായ സുഹൃത്താണെങ്കിലും നേരില്‍ കണ്ടിട്ടില്ല. ഞാന്‍ കണ്ടില്ലെങ്കിലും അവളെന്നെ ഒരു ദിവസം ജോഗ്ഗിങ്ങിന്നിടയില്‍ കണ്ടെന്നുപറഞ്ഞു.  സന്തോഷം അവള്‍ക്കത് സാധിച്ചുവല്ലോ.?

എനിക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടക്ക് തലവേദന വരാറുണ്ടായിരുന്നു.. മസ്കറ്റിലായിരുന്നപ്പോള്‍ ഇടക്ക് വന്നിരുന്നു. അത് അന്ന് സ്മോള്‍ അടി കൂടുതലായിരുന്നു.  സാധാരണ കുടിക്കാത്ത ബ്രാന്‍ഡ് കുടിക്കുമ്പോഴും, നാനൂറില്‍ കൂടുതല്‍ കിലോമീറ്റര്‍ വാഹനം ഒരു ദിവസം ഓഫീസ് കാര്യങ്ങള്‍ക്കായി ഓടിക്കുമ്പോഴും, അമിത ജോലിയുള്ളപ്പോഴുമൊക്കെ വന്നിരുന്നു എന്ന് ഇപ്പോള്‍ എന്റെ ശ്രീമതി പറയുന്നു. പക്ഷെ എനിക്കതൊന്നും, അതായത് പണ്ടത്തെ കാര്യങ്ങളൊന്നും ഓര്‍മ്മയില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള അസഹ്യമായ വേദനയാണ് ഞാന്‍ പറഞ്ഞുവരുന്നത്. നാലുദിവസം തുടര്‍ച്ചയായി പാരസെറ്റാമോള്‍ കഴിച്ചാലും മാറാത്ത തലവേദന. മസ്കറ്റ് ഹെഡ് ഏക്ക് കിടക്കാന്‍ നേരം ഒരു ഡബ്ബിള്‍ പനാ‍ഡോള്‍ അടിച്ച് കിടന്നാല്‍ നേരം പുലരുമ്പോളേക്കും ഓക്കെ ആയിരിക്കും. ഏതാണ്ട് ആറുമാസം മുന്‍പ് ഇതുപോലെ അസഹ്യമായ തലവേദന വന്നു. ഞാന്‍ എന്റെ വീട്ടിന്റെ മുന്നിലുള്ള മെട്രോ ആശുപത്രിയില്‍ എന്റെ പെണ്ണിനേയും കൂട്ടി പോയി.

സാധാരണ ഞാന്‍ ആശുപത്രിയില്‍ പോകുമ്പോള്‍ ആരേയും തുണക്ക് കൂട്ടാറില്ല, പ്രത്യേകിച്ച് എന്റെ പെണ്ണിനെ, എന്തെന്നാല്‍ അവളുപ്പോള്‍ എനിക്ക് അവിടുത്തെ നഴ്സുമാരുമായും ഡോക്ടര്‍മാരുമായും ലൈനടിക്കാന്‍ പറ്റില്ല..

പക്ഷെ ഈ അസഹ്യമായ തലവേദന വന്നപ്പോള്‍ ഞാന്‍ അവളെ കൂട്ടി, കാരണം ഓപിയില്‍ പണമടക്കാനും മറ്റും എനിക്ക് ഓടിനടക്കാനുള്ള കെല്പുണ്ടായിരുന്നില്ല അന്ന്.ആശുപത്രിയില്‍ കേഷ്വാലിറ്റിയില്‍ ഞാന്‍ അറിയുന്ന ലേഡീ ഡോക്ടറായിരുന്നു ഡ്യൂട്ടി. അവരോട് സംഗതി പറഞ്ഞു, അവര്‍ എന്നെ വിശദമായി പരിശോധിച്ചു. “പനിയുണ്ട് - വളരെ കൂടുതലാണ്, ഒരു ഇഞ്ചെക്ഷന്‍ തരാം. അതുകഴിഞ്ഞ് ഫിസിഷ്യനെ കാണണം. ഞാന്‍ പറഞ്ഞതെല്ലാം ഓക്കെയെന്ന മട്ടില്‍ തലയാട്ടി ഫിസിഷ്യനെ കാണാന്‍ കാത്തിരിക്കുന്നതിന്നിടയില്‍ തലചുറ്റി ബോധം കെട്ട് വീണു ആശുപത്രി ഇടനാഴിയില്‍. എന്റെ പെണ്ണ് ശരിക്കും പേടിച്ചു, അപ്പോളേക്കും എമര്‍ജന്‍സി സ്റ്റാഫ് വന്ന് എന്നെ ഐസിയുവില്‍ കയറ്റി.. അവിടെ എന്നെ വൈകുന്നേരം വരെ ഒബ്സര്‍വ്വേഷന്‍ ചെയ്ത്, ഫിസിഷ്യന്‍ കഴിക്കാനുള്ള ആന്റിബയോട്ടിക്ക് മരുന്നുകളെല്ലാം കുറിച്ചുതന്നു. ആ മരുന്ന് 5 ദിവസത്തിന്നുള്ളതായിരുന്നു.  പിറ്റേ ദിവസം തന്നെ ഞാന്‍ ഓക്കെ ആയിരുന്നു.

അങ്ങിനെ എന്റെ തലവേദന തീര്‍ത്തും മാറിയെന്ന് വിചാരിച്ചിരിക്കുമ്പോള്‍ വീണ്ടും വന്നു ആ ഭയങ്കരന്‍ എന്ന തലവേദന. അങ്ങിനെ ഞാന്‍ പിന്നേയും ഇതേ ഫിസിഷ്യനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അപപോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല, പക്ഷെ അദ്ദേഹത്തിന്റെ മകള്‍ ഡോക്ടര്‍ രേഖയോട് ഞാന്‍ വിവരം പറഞ്ഞപ്പോള്‍ ...” അച്ചന്‍ എഴുതിയ മരുന്ന് തന്നെ വീണ്ടും കഴിച്ചാല്‍ മതിയെന്നുപറഞ്ഞു.” അതനുസരിച്ച് ഞാന്‍ അത് കഴിച്ചപ്പോള്‍ വീണ്ടും  തലവേദന മാറി. ഞാന്‍ ഉഷാറായി..

കുറച്ച് നാളുകള്‍ കഴിഞ്ഞു, വീണ്ടും ഈ ഭയങ്കരന്‍ തലപൊക്കി. അപ്പോള്‍ ഞാന്‍ വിചാരിച്ചു,  ഒരു ഡീറ്റെയില്‍ഡ് കണ്‍സല്‍ട്ടേഷന്‍ ചെയ്യാം ന്യൂറോ ഫിസിഷ്യന്റെ അടുത്ത്. ഞാന്‍ ഏതായാലും കാലിലെ വാതത്തിന് കഴിഞ്ഞ അഞ്ചാറുകൊല്ലമായി ന്യൂറോ ഫിസിഷ്യന്മാരുടെ നിരീക്ഷണത്തിലും ചികിത്സയിലുമാണ്..

അങ്ങിനെ എന്നെ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍ മേനോന്റെ അടുത്ത് പോയി... മൂപ്പര്‍ ഒരു SOS മരുന്ന് തന്നു. പക്ഷെ അത് കയ്യില്‍ വെച്ചുഞാന്‍ 3 ദിവസം, തലവേദന കാര്യമായാല്‍ കഴിക്കാമെന്ന മട്ടില്‍, പക്ഷെ മരുന്ന് എന്റെ കയ്യിലുണ്ടെന്ന് കണ്ടപ്പോള്‍ ആ ഭീകരന്‍ പിന്നെ എന്നെത്തേടി വന്നില്ല. ഡോക്ടര്‍ മേനോന്‍ എന്നോട് ചില ലാബോറട്ടറി ടെസ്റ്റുകള്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. അതിന്റെ റിസല്‍ട്ടുമായി ഞാന്‍ ഇന്നെലെ അദ്ദേഹത്തെ കാണാന്‍ പോയി....

തൃശ്ശൂരിലെ ഏറ്റവും മികച്ച ആശുപത്രിയില്‍ ആണ് ഡോ. മേനോന്‍ പ്രാക്ടീസ് ചെയ്യുന്നത്.. തിരക്കുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാരെ കാണണമെങ്കില്‍ ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും പിടിക്കും.. ഈ ആശുപത്രി എന്റെ കൂട്ടുകരന്റേതായ കാരണം എനിക്ക് സൌമ്യയും അപ്പുച്ചേട്ടനുമൊക്കെ സഹായ ഹസ്തമായി എപ്പോഴും ഉണ്ട്.

അങ്ങിനെ സൌമ്യ എനിക്ക് മേനോനെ ഫസ്റ്റ് പേഷ്യന്റായിട്ട് ടോക്കണ്‍ തന്നിരുന്നു. ... എന്റെ തലവേദന പിന്നെ വന്നിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി, കൂടാതെ ചോരയുടെ ടെസ്റ്റുകള്‍ എല്ലാം നോര്‍മ്മല്‍ ആയിരുന്നു.. ഇനി ഇത്തരം ഭീമന്‍ തലവേദന വന്നാല്‍ കഴിക്കാനുള്ള ഒരു ഗുളികയും ഗുളിക ഫലിച്ചില്ലെങ്കില്‍ ഒരു പൊടിയും പ്രിസ്ക്രൈബ് തന്നു. അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും ഒരു പൊടിയുടെ പേക്കറ്റ് എനിക്ക് കാണിച്ചുതന്നു, അദ്ദേഹവും എന്റെ സോക്കേടുകാരനാണത്രേ..?... ഞങ്ങള്‍ കൂട്ടുകാരെപ്പോലെയാണ്. എനിക്ക് ആശുപത്രിയിലെ വാച്ച്മേന്‍ തൊട്ട് മുതലാളിവരെ കൂട്ടുകാരാണ്. നമ്മള്‍ പെരുമാറുന്നത് പോലിരിക്കും നമുക്കെവിടെയും നല്ല സുഹൃത്തുക്കളെ കിട്ടുക..

ഞാന്‍ ഡോ. മേനോന്റെ ക്ളിനിക്ക് വിടുന്നതിനുമുന്‍പ് പറഞ്ഞു,..”എനിക്ക് ഇന്നെലെ കട്ടിലില്‍ നിന്നെണീക്കുമ്പോള്‍ ഇടത്ത് കാലിന്റെ അടി മുതല്‍ മുടി വരെ ഒരു ചെറിയ ചിന്നലും വേദനയും..” അതുകേട്ടതും എന്നെ കട്ടിലില്‍ കിടത്തി കാലുകള്‍ പൊക്കാനും താഴ്ത്താനും, മറ്റു ചില ടെസ്റ്റുകളും ചെയ്തപ്പോള്‍ പറഞ്ഞു...”

”ജെ പി രണ്ടുദിവസം ബെഡ് റെസ്റ്റ് എടുക്കണം, കുളിമുറിയിലും മറ്റും കുനിയാന്‍ പാടില്ല. ഷവറ് ഉപയോഗിച്ച് കുളിച്ചാല്‍ മതിയെന്നൊക്കെ.. അങ്ങിനെ ഞാന്‍ ഇപ്പോള്‍ ബെഡ് റെസ്റ്റിലാണ്.. നാളത്തെ കഴിഞ്ഞാല്‍ ഞാന്‍ കൂടുതല്‍ ഉഷാറാകും.. അത് വരെ എല്ലാവര്‍ക്കും ഗുഡ് ബൈ.

Monday, June 2, 2014

നമുക്ക് കോവിലനെ സ്മരിക്കാം


ഇന്ന് കോവിലന്റെ നാലാം ചരമവാര്‍ഷികം ആണ്.. എനിക്ക് കോവിലനുമായി വളരെ അടുപ്പം ഉണ്ട്. കോവിലന്റെ തട്ടകമായ കണ്ടാണശ്ശേരി എന്റെ ഗ്രാമത്തില്‍ നിന്നും അധികം ദൂരത്തിലല്ല... 

കോവിലന്റെ ഭാര്യ ജാനകിട്ടീച്ചര്‍ എന്റെ ഗ്രാമത്തിലെ വടുതല സ്കൂളില്‍ ടീച്ചര്‍ ആയിരുന്നു. എന്റെ അമ്മയും അവരുടെ സഹപ്രവര്‍ത്തക ആയ ടീച്ചര്‍ ആയിരുന്നു..

കോവിലന്റെ “തട്ടകം” എന്ന നോവല്‍ മാതൃഭൂമിയില്‍ വന്നപ്പോള്‍ എന്റെ അമ്മ വായിക്കുമായിരുന്നു. അന്ന്‍ ഞാന്‍ വായനയുടേയും എഴുത്തിന്റേയും ലോകത്തിലായിരുന്നില്ല. എന്നാലും എനിക്കറിയാമായിരുന്നു എന്റെ അമ്മയിലൂടെ കോവിലന്‍ എന്ന എഴുത്തുകാരന്റെ തൂലികയെപ്പറ്റി....

കോവിലന്‍ ഒരു പട്ടാളക്കാരനായിരുന്നു.. ആ ജീവതത്തിന്റെ പശ്ചാത്തലത്തിലായിരുന്നുവോ എന്നറിയില്ല “തട്ടകം”എന്ന നോവല്‍ പിറവിയെടുത്തത്..? കോവിലന്റെ ചരമദിനത്തില്‍ ഞാനും എല്ലാ മലയാളികളായ എഴുത്തുകാരോടും നാട്ടുകാരോടും പങ്കുചേരുന്നു.