Sunday, November 22, 2009

എന്റെ പുതിയ കഥകള്‍

ഞാനിന്ന് നീതുവിന്റെ കല്യാണത്തിന് ഭക്ഷണം കഴിക്കാ‍ന്‍ നില്‍ക്കെ എന്റെ മകന്റെ അമ്മായി അപ്പനെ കണ്ടു കുശലം പറയുന്നതിന്നിടക്ക് അദ്ദേഹം ചോദിച്ചു.
“ഇപ്പോ പുതിയ കഥകളൊന്നും ഇല്ലേ...?
പുതിയ കഥക്ക് വിഭവങ്ങളൊന്നും കാര്യമായി മനസ്സിലില്ല. പിന്നെ സമയക്കുറവും...
കല്യാണം കഴിഞ്ഞ് ഓഡിറ്റോറിയത്തിലിരുന്ന് കുടുംബക്കാരോടെ വെടി പറയുന്നിതിന്നിടെ ഒരു കഥ എന്നെത്തേടിയെത്തി...
“സംഗീതയുടെ പരിവേദനം” [ഈ പോസ്റ്റ് താമസിയാതെ പ്രതീക്ഷിക്കാം]
നീതുവിനെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി - താമസിയാതെ ഞാനും ബീനാമ്മയും 3 മണിയോടെ വീട്ടിലെത്തി....
ഞാന്‍ ഉച്ചയുറക്കെമെല്ലാം കഴിഞ്ഞ് “സംഗീതയുടെ പരിവേദനം” എഴുതാന്‍ തുടങ്ങുമ്പോള്‍ അടുക്കളഭാഗത്ത് നിന്നൊരു കശപിശ ഫോണിലും, പിന്നീട് നേരിലും...
ഹ ഹ്ഹ ഹഹാ.......... എന്തൊരു മറിമായം.

രണ്ടാമതൊരു കഥക്കുള്ള വകുപ്പ് കിട്ടി

“ കിട്ടീ ബീനാമ്മക്ക്.... വെല്‍ ഡണ്‍ കൊച്ചിക്കാരീ..........”

മേല്‍ പറഞ്ഞ രണ്ട് കഥകളും എന്റെ മകന്റെ അമ്മായിയപ്പന് ഡെഡിക്കേറ്റ് ചെയ്യുന്നു.




Friday, November 13, 2009

ശിശു ദിനാശംസകള്‍


കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച്ച, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14 എല്ലാ വര്‍ഷവും ശിശുദിനമായി ആഘോഷിക്കുന്നു.

Thursday, November 5, 2009

നാഴി കൊടുത്താല്‍ രണ്ടിടങ്ങഴി ഇങ്ങോട്ട്

സ്നേഹ സമ്പന്നനായ കുറുമാനെ കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുന്നത്. ബ്ലോഗ് ലോകത്ത് കുറുമാന്‍ ജീയെപ്പറ്റി അറിയാത്തവര്‍ വിരളം. ഇനി അഥവാ അറിയില്ലെങ്കില്‍ രണ്ട് വാക്ക്.

തൃശ്ശിവപേരൂര്‍ സിറ്റിക്കടുത്ത് ചിയ്യാരം ദേശത്ത് കുറുമാത്ത് ഉണ്ണികൃഷ്ണമേനോന്റെ മകനാണ് കുറുമാന്‍ എന്ന രാഗേഷ്.
ഞങ്ങള്‍ ബ്ലൊഗില്‍ കൂടി പരിചയപ്പെട്ടിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും നേരില്‍ ഇത്രയും ക്ലോസ്സ് ആയത് മൂന്ന് നാല് മാസം മുന്‍പാണ്. പലപ്പോഴും നാട്ടില്‍ വരുമ്പോള്‍ വരാം എന്ന് പറയാറുണ്ടെങ്കിലും കണ്ട് മുട്ടാറില്ല. അങ്ങിനെ കുറച്ച് നാള്‍ മുന്‍പ് ഞങ്ങള്‍ കണ്ടുമുട്ടി.

ഇത്രയും സ്നേഹസമ്പന്നനായ ഒരു വ്യക്തിയെ ഞാന്‍ അടുത്തൊന്നും കണ്ടിട്ടില്ല. ബ്ലോഗില്‍ കൂടി ഞാന്‍ അനവധി ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. പലരും നാട്ടില്‍ വരുമ്പോല്‍ എന്നെ എന്റെ വസതിയില്‍ വന്ന് കാണാറുണ്ട്.

ആദ്യമായി എന്നെ എന്റെ വീട്ടില്‍ വന്ന് കണ്ട ബ്ലോഗര്‍ ലക്ഷ്മിയായിരുന്നു. ഞാന്‍ ആ സമാഗമത്തിനെ കുറിച്ച് എന്റെ ബ്ലൊഗില്‍ എഴുതിയിരുന്നു. പിന്നെ എന്നെ വന്ന് കണ്ടത് കെ പി ബിന്ദുവായിരുന്നു. പിന്നെ കുട്ടന്‍ മേനോന്‍, കുറുമാന്‍, സന്തോഷ് സി നായര്‍, ഡി പ്രദീപ്കുമാര്‍ [ദൃഷ്ടിദോഷം], ബിലാത്തിപ്പട്ടണം, കവിത ബാലകൃഷ്ണ്‍, കൈതമുള്ള് [ശശിയേട്ടന്‍] മുതലായവര്‍.

ഇവരൊക്കെ എന്നെ കാണാന്‍ എന്റെ അരികില്‍ വന്നു. അതാണ് സൌഹൃദം. മേല്പറഞ്ഞവരില്‍ കെ പി ബിന്ദുവാണ് എന്നെ ബ്ലൊഗാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത്. എന്നെ ഒരു ബ്ലോഗറാക്കിയത് സന്തോഷ് സി നായരാണ്. അദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ല.

ഞാന്‍ ബ്ലോഗറാ‍യ കഥ വളരെ വലുതാണ്. അത് ഇപ്പോള്‍ ഇവിടെ പറയാന്‍ വയ്യ. പിന്നീടാകാം. അത്രമാത്രം വലുതാണ്.

നേരില്‍ കണ്ട ബ്ലോഗറില്‍ എനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവും തന്നത് ശ്രീമാന്‍ കുറുമാന്‍ തന്നെ. സ്നേഹിച്ച് കൊല്ലുക എന്ന് പറഞ്ഞ പോലെയാണ്. എന്നെക്കാളും ഏതാണ്ട് 37 വയസ്സ് താഴെയാണ് കുറുമാന്‍.

പ്രകാശേട്ടാ‍ എന്ന് വിളി കേട്ടാല്‍ തന്നെ ഞാന്‍ ഞാനല്ലാതെയാകും. അത്രമാത്രം സ്നേഹം കോരിവിളമ്പിത്തരുന്ന ഒരു മഹത് വ്യക്തിയാണ് കുറുമാന്‍ ജീ. നാട്ടില്‍ വരുമ്പോ കൂടെ കൂടെ എന്നെ ഫോണില്‍ വിളിക്കും. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലും എന്റെ വീട്ടിലും കൂടാറുണ്ട്. കമ്പനിയില്‍ കുട്ടന്‍ മേനോനും ഉണ്ടാകും.

ഞാന്‍ പണ്ട് ജര്‍മ്മനിയിലെ വീസ് ബാഡനില്‍ താമസിക്കുമ്പോല്‍ എനിക്ക് വിവിധ തരം സുഗന്ധദ്രവ്യങ്ങളുടെ ശേഖരണവും അതില്‍ ഒരു കമ്പവും ഉണ്ടായിരുന്നു. ഗിവഞ്ചി, ചാനല്‍, ഗോയ, അറാമിസ്, ടബാക്ക് തുടങ്ങിയ ബ്രാന്ഡുകളായിരുന്നു എനിക്ക് പ്രിയങ്കരം.

ചെറുപ്പത്തില്‍ എനിക്ക് ജലദോഷം, തലവേദന ഒക്കെ വരുമ്പോള്‍ എന്റെ രക്ഷിതാക്കള്‍ എനിക്ക് പരിശുദ്ധമായ കോളോണ്‍ കര്‍ച്ചീഫില്‍ നനച്ച് വലിക്കാന്‍ തരും. നിമിഷത്തിന്നുള്ളില്‍ എല്ലാം സുഖമാകും. ഞാന്‍ വിദേശത്തേക്ക് കുടിയേറുന്നതിന്‍ മുന്‍പ് എന്റെ പിതാവ് പരലോകം പ്രാപിച്ചിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ പാരമ്പര്യമായി ആണുങ്ങള്‍ അറുപതിന്നപ്പുറം കടക്കാറില്ല.

സിഡ്നി, സിങ്കപ്പൂര്‍, കൊളമ്പോ, മദ്രാസ് എന്നീ പട്ടണങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന നൂറുകണക്കിന് ഹോട്ടല്‍ ഏന്‍ഡ് റെസ്റ്റോറന്റുകളുടെ ജനറല്‍ മേനേജരായിരുന്നു എന്റെ പിതാവ്. കൊളംബോയിലെ ഹോട്ടല്‍ ഗോള്‍ഫേസ്, ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഇന്‍ കൊളംബോ ഏന്റ് മദ്രാസ് എന്നിവ ഞാന്‍ നല്ലവണ്ണം ഓര്‍ക്കുന്നു. കാരണം എന്റെ ബാല്യം കൊളംബോയിലായിരുന്നു.

പിതാവിന്റെ മരണശേഷം ഞങ്ങള്‍ക്ക് വിദേശനിര്‍മ്മിത സാധനങ്ങളൊന്നും കിട്ടിയിരുന്നില്ല. പാപ്പന്‍ സിങ്കപ്പൂരില്‍ വലിയ ബിസിനസ്സ് കാരനായിരുന്നു. അദ്ദേഹം 5 വര്‍ഷത്തില്‍ ഒരിക്കല്‍ വരും. ഒരു കൊല്ലം നാട്ടില്‍ താമസിക്കും. ചെറിയമ്മ ഒരു കുട്ടിയെ പെറും, പിന്നെ പോയിട്ട് വീണ്ടും 5 വര്‍ഷം കഴിഞ്ഞ് വരും, പിന്നേയും ചെറിയമ്മ പെറും, പിന്നീട് വീണ്ടും പോകും അങ്ങിനെയായിരുന്നു പാപ്പന്‍. പാപ്പന് സ്നേഹം ഉണ്ടായിരുന്നു. പക്ഷെ അച്ചനെ പോലെ അധികം സാധനങ്ങളൊന്നും കൊണ്ടത്തരില്ല.

ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ടര്‍ളിന്‍ ഷറ്ട്ടിന്റെ കാലമായിരുന്നു. ആ കാലത്ത് പാപ്പന്‍ എനിക്കൊരു ടര്‍ളിന്‍ ഷര്‍ട്ടും, പിന്നെ ഒരു സാധാരണ കോട്ടന്‍ ഷറ്ട്ടും തന്നതായി ഓര്‍ക്കുന്നു. പിന്നെ ഒന്നും തന്നിട്ടില്ല.
പാപ്പന്‍ ഇങ്ങിനെ 5 കൊല്ലം കൂടുമ്പോള്‍ വന്ന് വന്ന് എല്ലാ വരവിലും ചെറിയമ്മ ഓരോ കുട്ട്യോളെ പെറും. അവസാനത്തെ കുട്ടി പെറ്റ ഉടനെ മയ്യത്തായി എന്നാ എനിക്ക് തോന്നണേ.

അങ്ങിനെ ഇരിക്കേ പാപ്പനും വയസ്സായി എന്ന തോന്നലുണ്ടായി. അറുപതിന്നടുക്കും മുന്‍പേ കുറച്ച് കാലം നാട്ടില്‍ വന്ന് വിരാജിക്കണമെന്ന് തോന്നി. അങ്ങീനനെ സിങ്കപ്പൂര്‍ ഉപേക്ഷിച്ച് നാട്ടില്‍ വരുമ്പോള്‍ കൂടെ ഒരു കൊച്ചു ബാലികയെയും കൂടി കൊണ്ട് വന്നിരുന്നു.

ഊഹിക്കാമല്ലോ വീട്ടിലെ അങ്കലാപ്പ്. ചെറിയമ്മ ചീറ്റിയടുത്തു.
"ആരുടേയാ ഈ കുഞ്ഞ്...?
എന്റേത് തന്നെ.
"അപ്പോള്‍ നിങ്ങള്‍ക്ക് അവിടെ വേറെ ഒരു ഭാര്യ ഉണ്ടായിരുന്നോ..?
ഉണ്ടായിരുന്നു.
"അപ്പോള്‍ ഈ കുഞ്ഞ്.....?
ആ നമ്മുടേത് തന്നെ. നമ്മുടെ ആണ്‍കുട്ട്യോള്‍ക്ക് ഒരു കൊച്ചുപെങ്ങള്‍...
സുന്ദരിയായിരുന്നു ആ കൊച്ച്....
പാപ്പന്റെ ഗേള്‍ ഫ്രണ്ടിലോ അതോ അവിടുത്തെ ചൈനീസ് ഭാര്യയിലോ മറ്റോ ഉണ്ടായിരുന്നതായിരുന്നു ആ കൊച്ച്. എനിക്ക് അവളെ വളരെ ഇഷ്ടമായിരുന്നു. തങ്കക്കുടം പോലെയൊരു കൊച്ച്...
പക്ഷെ ആ കൊച്ച് ആറുമാസം കഴിയുന്നതിന് മുന്‍പ് മയ്യത്തായി....

എന്റെ അച്ചനും, പാപ്പനും പെണ്മക്കള്‍ ഉണ്ടായിരുന്നില്ല. വലിയച്ചന്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. വലിയച്ചനും സിലോണിലായിരുന്നു. അവിടെ ഡോക്ടറായിരുന്നു. വലിയമ്മ അവിടെ ഹെല്‍ത്ത് ഡിപ്പാറ്ട്ട്മെന്റില്‍ ഉദ്യോഗസ്ഥയായിരുന്നുവെന്നാണ് ഞാന്‍ കേട്ടിരുന്നത്.

എന്റെ ചേച്ചി എന്നെ പെറ്റതിന് ശേഷം, ശ്രീരാമനെ പെറ്റു, അതിന് ശേഷം മൂന്നാമതൊരു ആണ്‍ കുഞ്ഞിനെയും കൂടി പെറ്റു. അതും ഇത് പോലെ മയ്യത്തായി എന്ന് കേട്ടിട്ടുണ്ട്. ഞാനും എന്റെ അനുജന്‍ ശ്രീരാമനും[ഇപ്പോഴത്തെ ടിവി അവതാരകനും [വേറിട്ട കാഴ്ചകള്‍, നാട്ടാരങ്ങ് മുതലായവ] എഴുത്തുകാരനും, സിനിമാ/സീരിയല്‍ നടനുമായ വി. കെ. ശ്രീരാമന്‍] മകരമാസത്തിലെ ചോതി നക്ഷത്രത്തിലാണ് ജനിച്ചത്. എന്റെ ചേച്ചിക്ക് പിറന്ന മൂന്നാമത്ത ആണ്‍ സന്തതിയും മകരമാസത്തിലെ ചോതി നക്ഷത്രത്തിലായിരുന്നു ജനിച്ചത്. പക്ഷെ ജനിച്ച ഉടനെ മയ്യത്തായി.

ആ കുഞ്ഞ് ഇപ്പോള്‍ വേറെ എവിടെയെങ്കിലും വീണ്ടും ജനിച്ചിട്ടുണ്ടാകുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. ഞാന്‍ എന്റെ ആ അനുജനെ ചിലപ്പോള്‍ സ്വപ്നത്തില്‍ കാണാറുണ്ട്.

പാരമ്പര്യമായി ഞങ്ങളുടെ കുടുംബത്തില്‍ വലിയച്ചന്‍, അച്ചന്‍, പാപ്പന്‍ എന്നിവരെല്ലാം ജോലി ചെയ്തിരുന്നത് വിദേശത്തായിരുന്നു. എല്ലാവരും അറുപത് തികയുന്നതിന് മുന്‍പ് പരലോകം പ്രാപിച്ചു.

എന്റെ ചേച്ചിയും [ഞാന്‍ പെറ്റമ്മയെ ചേച്ചിയെന്നാ വിളിക്കാറ്] അച്ചനും സ്നേഹിച്ച് കല്യാണം കഴിച്ചവരാണ്. അത് വലിയൊരു കഥ. ഒരു വിപ്ലവം തന്നെയായിരുന്നു. എന്റെ ബ്ലോഗില്‍ ചിലയിടത്ത് ഞാന്‍ ആ കഥ വിവരിച്ചിട്ടുണ്ട്.

സ്നേഹസമ്പന്നനായ കുറുമാന്‍ എന്ന ബ്ലോഗറുടെ കഥ പറഞ്ഞ് എവിടെയോ ഒക്കെ പോയി. രണ്ട് വരിയും കൂടിയെഴുതി കുറുമാനിലേക്ക് മടങ്ങാം.

എന്റെ അച്ചനും ചേച്ചിയും പോലെ അത്രമാത്രം സ്നേഹിച്ച ഒരു ദമ്പതിമാരെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. നിറഞ്ഞ സ്നേഹത്തിന്റെ ഒരു പര്യായമായിരുന്നു അവര്‍. ഞാനും ബീനാമ്മയും വഴക്കടിക്കുന്ന പോലെയായിരുന്നില്ല എന്റെ മാതാപിതാക്കന്മാര്‍.

ഒരു വലിയ നോവലിന്റെ വ്യാപ്തിയുണ്ട് എന്റെ ചേച്ചിയുടെയും അച്ചന്റെയും ജീവിതം. ആരോഗ്യമുണ്ടെങ്കില്‍ ഞാന്‍ മരിക്കുന്നതിന്ന് മുന്‍പ് ഞാന്‍ അതും എഴുതും. എന്റെ തറവാട്ടിലെ ആണുങ്ങളെല്ല്ലാം അറുപത് വയസ്സില്‍ കൂടുതല്‍ ജീവിക്കാറില്ല.

ഞാന്‍ തന്നെ 4 പേര്‍ക്ക് കൊള്ളി വെച്ചിട്ടുണ്ട്. വലിയച്ചന്‍, അച്ചന്‍, പാപ്പന്‍, വലിയച്ചന്റെ മകന്‍, അടുത്ത ഊഴം തറവാട്ടില്‍ എന്റേതാണ്. ഞാന്‍ അറുപതിനോടടുക്കുമ്പോല്‍ എനിക്കറിയാമായിരുന്നു എന്റെ അന്ത്യത്തിന്റെ കാലടികള്‍. ആ അവസരത്തില്‍ ഞാന്‍ ഒരു ബ്ലോഗ് പോസ്റ്റെഴുതിയിരുന്നു. "കാളയും കയറും". ഞാനുറങ്ങുമ്പോള്‍ ഞാന്‍ കാതോര്‍ക്കും കാളയുടെ കുളമ്പടി. കാളപ്പുറത്ത് കയറുമായി വരുന്ന കാലനെ.

ഞാന്‍ ചെയ്ത് വെക്കേണ്ട കാര്യങ്ങളെല്ലാം ഒരു വിധം തീര്‍ത്ത് വെച്ചു. ബാങ്ക് പാസ്സ് ബുക്കുകളും, എഫ് ഡി ഡെപ്പോസിറ്റുകളും, ലോക്കര്‍ താക്കോലും എന്റെ മറ്റു സ്വത്ത് വിവരവും എല്ലാം എന്റെ എല്ലാമായ ബീനാമ്മക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു.

ആ കാലത്ത് ഒരു വിഷമം മാത്രം മനസ്സില്‍ അവശേഷിച്ചു. മോന് ഒരു കുടുംബജീവിതം പ്രദാനം ചെയ്ത് കൊടുക്കാന്‍ പറ്റിയില്ല എന്ന്. മോള്‍ ആ കാലത്ത് വിവാഹിത ആയിരുന്നു.

എന്തോ അച്ചടിപ്പിശകുപോലെ ഞാന്‍ ഇത് വരെ മയ്യത്തായില്ല. കാലന്‍ എന്നെത്തേടി ഇത് വരെ വന്നില്ല. എന്നാലും ഞാന്‍ രാത്രി കിടക്കാന്‍ നേരത്ത് ആലോചിക്കും,കാതോര്‍ക്കും കാളയുടെ കുളമ്പടി...

ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിരണ്ട്. ജീവിതത്തില്‍ എല്ലാ സുഖദു:ഖങ്ങളും ഞാന്‍ അനുഭവിച്ച് കഴിഞ്ഞു. എന്റെ ചിരകാല സ്വപ്നമായിരുന്നു എന്റെ മകന്റെ വിവാഹം. അത് നടന്നു. ഇനി എനിക്ക് ഒരു അഭിലാഷങ്ങളുമില്ല. എല്ലാം സാക്ഷാത്കരിച്ചിരിക്കുന്നു.

ശ്രീമാന്‍ ബില്‍ ഗേറ്റ്സിന് ഞാന്‍ നന്ദി പറയട്ടെ. ഈ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ ഞാന്‍ നിരവധി മുഖങ്ങളെ പരിചയപ്പെട്ടു. എല്ലാം നല്ലവര്‍. എന്നെ സ്നേഹിക്കുന്നവര്‍. തെറ്റിദ്ധാരണകൊണ്ട് ഒരു ബ്ലോഗ് സുഹൃത്തിനെ എനിക്ക് നഷ്ടപ്പെട്ടു. ഒരു ചെറിയപ്രശ്നം പെരുപ്പിച്ച് കാട്ടി മറ്റൊരു ബ്ലോഗര്‍.
നല്ല ഒരു സുഹൃത്തിനെ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമല്ല. പക്ഷെ നഷ്ടപ്പെടാന്‍ എളുപ്പമാണ്. എന്റെ ദു:ഖം ആരോട് പറയാന്‍.

കുറുമാന് ശേഷം ഞാന്‍ അടുത്ത് പരിചയപ്പെട്ട ബ്ലൊഗറാണ് കുട്ടന്‍ മേനോന്‍. ഞങ്ങളുടെ സൌഹൃദം ഒരു ബിസിനസ്സ് ശൃംഗലക്ക് തുടക്കമിട്ടിരിക്കയാണ് ഇപ്പോള്‍. ഈ സൌഹൃദം അരിക്കിട്ടുറപ്പിക്കാന്‍ ഏറ്റവും സഹായിച്ചത് കുറുമാന്‍ തന്നെ.

ഞാനും കുട്ടന്‍ മേനോനും ഇപ്പോള്‍ വെബ് സൈറ്റ് ഡെവലപ്പ്മെന്റിലും HR കണ്‍സല്‍ട്ടന്‍സിയിലും തൃശ്ശൂര്‍ സിറ്റിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. മിസ്റ്റര്‍ ബില്‍ ഗേറ്റ്സിന്‍ വീണ്ടും നന്ദി. ഒപ്പം കുറുമാനും.

തൊഴില്‍ രഹിതരായ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ ഞങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. തൊഴില്‍ രഹിതരായ ആര്‍ക്കും ഞങ്ങളെ സമീപിക്കാം. CV അയക്കൂ.... annvisionsolutions@gmail.com or jobs@annvision.com.
കഥയില്‍ നിന്ന് പോയി മറ്റെവിടേയോ സഞ്ചരിക്കേണ്ടിവന്നു. കുട്ടന്‍ മേനോന്‍ എന്ന ബ്ലോഗറെ കണ്ടുമുട്ടിയത് എന്റെ റിട്ടയര്‍മെന്റ് ജീവിതത്തില്‍ മറ്റൊരു നാഴികക്കല്ലാണ്, വഴിത്തിരിവാണ്. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കുക എന്നത് ഒരു മഹത്തായ കര്‍മ്മമാണ്. വിശന്ന് വലയുന്നവന് അന്നം കൊടുക്കുന്നതിന് തുല്യം.

വിദേശത്ത് ജോലിക്ക് വേണ്ടി അലയുന്ന ഒരു സഹോദരിക്ക് ജോലി കണ്ടെത്താന്‍ ഒരു ബ്ലോഗ് സഹോദരിയോട് സഹായം അഭ്യര്‍ത്ഥിച്ച കഥയാണ് ഒരു ബ്ലൊഗ് സഹോദരന്‍ ഒരു വിപ്ലവമായി വ്യാഖ്യാനിച്ച് എന്റെ വിലയേറിയ സൌഹൃദം നഷ്ടപ്പെടുത്തിക്കളഞ്ഞത്.

അവശരും നിരാലംബരുമായ സഹോദരീ സഹോദരന്മാര്‍ക്ക് പ്രതിഫലേഛയില്ലാതെയും ഞാന്‍ തൊഴില്‍ കണ്ടെത്തി ജീവിതമാര്‍ഗ്ഗം പ്രദാനം ചെയ്യുന്നുണ്ട്. എന്റെ ഈ പ്രസ്ഥാനം വഴി അഭ്യസ്ഥവിദ്യര്‍ക്കും, അല്ലാത്തവര്‍ക്കും തൊഴില്‍ പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം. ഗള്‍ഫ് പ്രവാസികളക്ക് സ്വാഗതം. ഞാനും ഒരു പ്രവാസിയാണല്ലോ!

[കഥയിലേക്ക് മടങ്ങണമെങ്കില്‍ ഇനി ഒരു പാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതിനാല്‍ അടുത്ത് തന്നെ ബാ‍ക്കി ഭാഗം എഴുതാം]