Thursday, April 5, 2018

ശാസ്ത്രജ്ഞൻ


ചെറുകഥയായിട്ടെഴുതുന്നു - ചിലപ്പോൾ നോവൽ ആയി പരിണമിക്കാം

ഗോമതി  അമ്മ  സ്വീകരണ മുറിയിലേക്ക്  ഓടിയെത്തിയത്  അവിടെയിരുന്ന് ലഹള വെച്ചിരുന്ന പിള്ളേർ അറിഞ്ഞില്ല പിള്ളേർ എന്ന് പറഞ്ഞാൽ ഗോമതിയുടെ മക്കളും മരുമകളും തന്നെ .

അടുക്കളയിലൊരാൾ സഹായത്തിന് പിള്ളേരെ വിളിച്ചാൽ ഉണ്ണിക്കുട്ടനൊഴികെ ആർക്കും നേരമില്ല . അമ്മേടെ ഉണ്ണിക്കുട്ടനെ ഒരു കല്ല്യാണം  കഴിപ്പിക്കണമെന്ന വിചാരം ഗോമതിക്കും ആഗ്രഹം . ഉണ്ണിക്കുട്ടൻെറ ഏട്ടനെ കല്ല്യാണം കഴിപ്പിച്ചു.  അവന്റെ ഭാര്യയെ അവൻ ഇംഗ്ലണ്ടിലേക്ക്കൊണ്ടു  പോയെങ്കിലും അവൾക്കു അവിടത്തെ കാലാവസ്ഥ പിടിക്കാതെ ഒരു മാസത്തിനുള്ളിൽ തിരികെ പോന്നു. അവൾക്ക് അവളുടെ വീട്ടിലാണ് നിൽക്കാൻ താൽപ്പര്യം.എങ്കിൽ അവിടെ നിന്നോളാൻ ഗോമതി പറഞ്ഞെങ്കിലും അവൾ ഭർതൃ ഗൃഹത്തിൽ നിന്നു പോയില്ല.

 ഗോമതിയമ്മക്ക് രണ്ട് ആൺമക്കളും ഒരു പെണ്ണും മൂത്തവൻ മാത്രമേ കല്ല്യാണം കഴിച്ചിട്ടുള്ളൂ. മറ്റു രണ്ടാൾക്കും കല്ല്യാണപ്രായം ആയി വരുന്നതേയുള്ളൂ. ഇംഗ്ലണ്ടിലുള്ള മൂത്തവൻ അവിടെ ന്യൂറോ സർജൻ ആണ്.നാട്ടിലുള്ള മറ്റേ പുത്രൻ സൈന്റിസ്റ്റ് ആണ് ഇളയതായ പെൺകുട്ടി പാത്തോളജിസ്റ്റ് ആണ്. ഗോമതിയുടെ മരുമകൾ എഞ്ചിനീയറിംഗ് ബിരുദധാരിയാണെങ്കിലും പണിക്ക് പോകുന്നില്ല. ബോണ്ട് കൊടുത്തിട്ട് പോകേണ്ട എന്നതാണ് ഭർത്താവിെൻറ ഓർഡർ. അവൾക്കാണെങ്കിൽ പണിക്ക് പോകണമെന്നും ഇല്ല. ഇളയമകൻ ഉണ്ണിക്കുട്ടൻ ഒരു അമേരിക്കൻ ഫേമിൽ സൈന്റിസ്റ്റ് ആണ്. ആഴ്ചയിൽ 5 ദിവസമേ പണിയുള്ളൂവെങ്കിലും അവൻ സദാസമയവും ഓഫീസിലാണ്. അല്ലെങ്കിൽ വീട്ടിലെ പരീക്ഷണശാലയിലും.

അവൻെറ കുഞ്ഞിപ്പെങ്ങൾ ആശുപത്രിയിൽ നിന്ന് വന്നാൽ പിള്ളേർസ് മൂന്നെണ്ണം അടിയും പിടിയും ലഹളയുമാണ്.  ചിലപ്പോൾ അവരോടൊപ്പം ഗോമതിയും കൂടും.  അടുക്കളയിൽ ഫുൾടൈം ജോലിക്കാരിയുണ്ട്.  അതിനാൽ അവർക്ക് അങ്ങോട്ട് പോകേണ്ടതില്ല.  എന്നാലും അവരുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടായിരിക്കും.  മകൾ ശാലിനിക്കും മരുമകൾ വിദ്യക്കും കഴിക്കാൻ എന്തായാലും മതിയെങ്കിൽ ഉണ്ണിക്കുട്ടൻെറ പ്രകൃതം വേറെയാണ്. എരിവ് അധികം പറ്റില്ല.  രാത്രി ചപ്പാത്തി തന്നെ വേണം.  ഇറച്ചിയും മീനും നിർബന്ധമില്ലെങ്കിലും ചാള, വെളൂരി, മുള്ളൻ, മാന്തൾ  മുതലായ  ചെറുമീൻ കറികൾ ഇഷ്ടമാണ്.  വറവ് സാധനങ്ങൾ  മീൻ, പപ്പടം,  കൊണ്ടാട്ടം ഇവയൊന്നും താൽപര്യമില്ല.  ഇനി അഥവാ കഴിക്കുകയാണെങ്കിൽ കയ്പ്പക്ക കൊണ്ടാട്ടം ആകാം.  രാത്രി പത്തുമണിവരെ വീട്ടുകാരൊത്ത് ഇരിക്കും.  പത്ത് കഴിഞ്ഞാൽ  11 നകം അവൻെറ പണിമുറിയിലേക്ക് പോകും. 11.30 മണിക്ക് ഉറക്കം.

4 ബെഡ്റൂം വീട്ടിൽ - ഡൈനിങ്ങ് + വിസിറ്റേഴ്സ് മുറി + പൂജാമുറിയൊക്കെ വേറെ ഉണ്ട്. കൂടാതെ സ്റ്റോർ +മെയ്ഡ്സ് റൂം + സെർവെൻറ് ടോയ്ലറ്റ് ഒക്കെ ഉണ്ട്. ഇരുനിലവീടിൻെറ താഴത്തെ നില മൊത്തം ഉണ്ണിയുടെ പരീക്ഷണശാലയാണ്. മുകളിലത്തെ നിലയിലെ ഓപ്പൺ ടെറസ്സ് മുഴുവൻ പെൻറ് ഹൗസ് പോലെ കെട്ടിയിരിക്കുന്നു. ഉണ്ണിയുടെ ബെഡ്റൂമിൽ നിന്നാണ് അങ്ങോട്ടൊക്കെ വഴി.  അവൻെറ കിടപ്പുമുറിയിലേക്കോ, അതിനടുത്ത പൂന്തോട്ടത്തിലേക്കോ ആർക്കും പ്രവേശനമില്ല. പെറ്റമ്മക്കുപോലും.

അവൻെറ ബെഡ്റൂമും - ടോയ്ലെറ്റുമെല്ലാം അവൻ സ്വയം വൃത്തിയാക്കും. ബെഡ്റൂം കൂടാതെ അതിനോട് ചേർന്ന് രണ്ട് മുറികൾ കൂടി ഉണ്ട്.എല്ലാം ശീതീകരിച്ച മുറികൾ. വീട്ടിലെ മറ്റു മുറികൾക്കൊന്നും ശീതീകരണ സംവിധാനം ഇല്ല. അവൻെറ മുറികളിലും ടെറസ്സിലുമായി കുറഞ്ഞത് 1500 ചെടിച്ചട്ടികളെങ്കിലും കാണും.  എല്ലാത്തിലും വിവരങ്ങൾ കോഡ് ചെയ്ത് ടാഗ് ഉണ്ട്.  

ആരെങ്കിലും അനധികൃതമായി അവൻെറ സഞ്ചാരപഥത്തിൽ പ്രവേശിക്കുകയാണെങ്കിൽ 10 കി.മീ അകലെയുള്ള ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നും നടപടികൾ ഉണ്ടാകും. അതിനാൽ അമ്മ പെങ്ങമ്മാരും ആരും അവിടെ അറിഞ്ഞോ, അറിയാതെയോ പ്രവേശിക്കുകയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അവൻെറ ഒരു മുറികളും ടെറസ്സും പൂട്ടിയിടാറില്ല. ഇനി അഥവാ പൂട്ടണമെങ്കിൽ റിമോട്ട് ലോക്കിങ് സംവിധാനമുണ്ട്.

ഉണ്ണിക്കുട്ടൻ കാലത്ത് 8.30 ആയാൽ  ഓഫീസിലേക്ക് പുറപ്പെടും. കമ്പനിവക ലേറ്റസ്റ്റ് BMW കാർ ഉണ്ട്. ഉച്ചക്കുണ്ണാൻ വീട്ടിലെത്താൻ പറ്റാത്ത അവസരങ്ങളിൽ ചൂടുചോറും കറികളും ഓഫീസിലേക്ക് കൊടുത്തയക്കും. വീട്ടിലെ സ്ഥിരം പണിക്കാരൻ ഗോവിന്ദൻനായർ ഓഫീസിലേക്ക് ലഞ്ച് കൊണ്ട് പോകും. ഉച്ചഭക്ഷണം വാഴയിലയിൽ ഉണ്ണാനാണിഷ്ടം. ഓഫീസിലേക്ക് ഭക്ഷണം കൊടുത്തയക്കേണ്ട ദിവസം ഗോമതിക്ക് വെപ്രാളമാണ്. 12 .30 മണിക്ക് ഭക്ഷണം ഓഫീസിലെത്തിയില്ലെങ്കിൽ അവൻ കഴിക്കില്ല. തിരിച്ച് കൊണ്ടുപൊയ്ക്കൊള്ളാൻ പറയും. . ഓഫീസിൽ സെൽഫ് സർവീസ് പാന്ററി ഉണ്ട്. അവിടെനിന്നും പിസ, ബർഗർ, മുതലായവ കഴിക്കും

ഓഫീസിൽ 1.30 - 2 വരെ ലഞ്ച് ബ്രേക്ക് ആണ്. ഡൈനിങ്ങ് റൂമിൽ ചിലർ ഉണ്ണിക്കുട്ടൻ വരുന്നത് വരെ കാത്തിരിക്കും. ഉണ്ണിക്കുട്ടൻെറ ടിഫിൻ ക്യാരിയറിൽ നിന്നും എന്തെങ്കിലും ചിലർക്ക് വേണം.   അയാൾക്ക് അതെല്ലാം ഷെയർ ചെയ്യാൻ താല്പര്യക്കുറവില്ല. ചിലർ അയാൾക്ക് അവരുടേതിൽ നിന്നും കൊടുക്കും. ഓഫീസിൽ ഇലയിൽ ലഞ്ച് കഴിക്കുന്നത് ഉണ്ണിക്കുട്ടൻ മാത്രം.സിസ്റ്റംസിലെ ഗായത്രി വിളമ്പിക്കൊടുക്കും.  അദ്ദേഹത്തിൻെറ ഊണ് കഴിഞ്ഞാൽ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി വെക്കും അവൾ. ഉണ്ണിക്കുട്ടന് ചില ദിവസം പാൽപായസം കാണും. സാധാരണ വെള്ളിയാഴ്ച്ചയാണ് പതിവ്.

ഒരു ദിവസം ഉണ്ണിക്കുട്ടൻ ഊണ് കഴിഞ്ഞ് എന്തോ മറന്ന് വെച്ചത് എടുക്കാൻ വന്നപ്പോൾ കണ്ട കാഴ്ച്ച അയാളെ അദ്ഭുതപ്പെടുത്തി.

[will be continued shortly]
അക്ഷരത്തെറ്റുകൾ ഉണ്ടായേക്കാം,  സദയം ക്ഷമിക്കുക.