Sunday, January 31, 2016

കാഴ്ച

ഞന് ഇവിടെ വരാറില്ല കുറച്ച് നാളായി. ജരാനര ബാധിച്ച് കിടപ്പിലായ പ്രതീതി. വയസ്സ് എഴുപത്. അത് അധികമൊന്നും ആയിട്ടില്ലായെന്നാണ് പലരുടേയും നിഗമനം, പക്ഷെ എന്നെ സംബന്ധിച്ചിടത്തോ‍ളം ഞാനൊരു കിടപ്പുരോഗിയായ പോലെ. 10 കൊല്ലമായുള്ള രക്തവാതം കാലുകളെ അധികം കറങ്ങാ‍ന്‍ അനുവദിക്കുന്നില്ല.. 

അലോപ്പതിയും ആയുര്‍വ്വേദവും, ഹോമിയോപ്പതിയും മാറിമാറി ചികിത്സിച്ചുവെങ്കിലും രക്ഷയില്ല.. അതിന്നിടക്ക് നടക്കാന്‍ പോകുന്നതിന്നിടയില്‍ തട്ടിത്തടഞ്ഞ് വീണ് കാലിന്റെ പുറടിയുടെ മുകളില്‍ എല്ല് ചെറുതായി പൊട്ടിയ്തും കൂടി ആയപ്പോള്‍ വീട്ടുതടങ്കലിലെന്ന പോലെ ഇപ്പോള്‍. 

എന്താ ചെയ്യാ എല്ലാം സഹിക്കുക തന്നെ.. കണ്ണിനാണെങ്കില്‍ കാഴ്ചവൈകല്യവും, ഗ്ലോക്കോമ എന്ന മാരകരോഗം... കഴിഞ്ഞ ദിവസം ഉണ്ണാനിരുന്നപ്പോള്‍ മേശമേല്‍ വിരിച്ചിരുന്ന ഒരു ഗ്ലോസ്സി കടലാസ്സിലേക്ക് കണ്ണൂം നട്ട് ഇരുന്നുപോയി. ഫുഡ്ഡടിച്ച് വന്നപ്പോള്‍ കണ്ണില്‍ നിന്നും അവസാനം കണ്ട ഇമേജ് മായാതെ നില്‍ക്കുന്നു. 

ഞാന്‍ പേടിച്ച് വിറച്ചു, ഉടന്‍ മൂടിപ്പുതച്ച് ഭഗവാന്‍ അച്ചന്‍ തേവരെ ധ്യാനിച്ച് കിടന്നു... ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കാഴ്ച തിരിച്ച് കിട്ടി

Sunday, January 10, 2016

THE SILENT VISION KILLER - കാഴ്ചയുടെ നിശ്ശബ്ദ അപഹര്‍ത്താവ്

MEMOIR

എന്റെ കണ്ണുകള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ഗ്ലോക്കോമ നേത്ര രോഗങ്ങള്‍ക്ക് നല്ല ചികിത്സ എനിക്ക് ഇവിടെ ലഭിക്കുന്നു.. എന്താണ് ഗ്ലോക്കോമ [കാഴ്ചയുടെ നിശ്ശബ്ദ അപഹര്‍ത്താവ്] THE SILENT VISION KILLER.

കണ്ണിന്നുള്ളില്‍ അടങ്ങിയിരിക്കുന്ന ദ്രാവകമാണ് അക്വസ് ഹ്യൂമര്‍. ഈ ദ്രാവകത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത് മൂലം കണ്ണിന്നുള്ളില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം ഉണ്ടാകുന്നു. ഈ സമ്മര്‍ദ്ദം നേത്ര നാഡിയെ നശിപ്പിക്കുകയും ക്രമേണ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു.. 

ൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പിന്നിടെഴുതാം. എന്റെ ഒരു കണ്ണിന് ഭാഗികമായി കാഴ്ച ശക്തി ഞാന്‍ അറിയാതെ നഷ്ടപ്പെട്ടു.
തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഐവിഷന്‍ ആശുപത്രിയിലാണ് എനിക്ക് നേത്ര ചികിത്സ ലഭിക്കുന്നത്....


ഗ്ലോക്കോമ രോഗികളെ വിഷമപ്പെടുത്തുന്ന ഒരു പ്രശ്നമുണ്ട്, എന്തെന്ന് വെച്ചാല്‍ ഗ്ലോക്കോമ രോഗികള്‍ക്ക് ചില അലോപ്പതി മരുന്നുകള്‍ കഴിക്കാന്‍ പാടില്ല.. ഉദാഹരണത്തിന് വയറുവേദനക്ക് സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു മരുന്നുണ്ട്, പേര് ഓര്‍മ്മ വരുന്നില്ല, പകരം കോളിനോള്‍ കഴിക്കാം.. പക്ഷെ മറ്റേ മരുന്നാണ് ഉത്തമം. എന്തൊക്കെ മരുന്നുകള്‍ ഗ്ലോക്കോമ രോഗികള്‍ കഴിക്കാന്‍ പാടില്ല, എന്ന ഒരു ലിസ്റ്റ് കിട്ടിയാല്‍ ഉപകാരമായിരുന്നു. ചില ഡോക്ടര്‍മാര്‍ നെറ്റില്‍ നോക്കി പകരമുള്ള മരുന്നുകള്‍ പറഞ്ഞ് തരും. എന്റെ സര്‍ജ്ജറി 30 കൊല്ലം മുന്‍പ് ഒമാനില്‍ വെച്ചായിരുന്നു. അന്ന് സര്‍ജ്ജന്‍ പറഞ്ഞിരുന്നു മറ്റു ചികിത്സാവേളയില്‍ നമ്മുടെ രോഗവിവരം ഡോക്ടര്‍മാരോട് പറയണം എന്ന്.. എനിക്കിപ്പോള്‍ 70 വയസ്സായി, അല്ലറ ചില്ലറ രോഗങ്ങള്‍ കുറേ ഉണ്ട്.... ചിലപ്പോള്‍ സബ്സ്റ്റിറ്റ്യൂ ട്ട് മരുന്നുകള്‍ കിട്ടാറില്ല, അങ്ങിനെ ഉള്ള അവസ്ഥയില്‍ പാരസെറ്റാമോള്‍ കഴിച്ച് തൃപ്തിപ്പെടേണ്ടി വരാറുണ്ട്.

ഞാന്‍ കൂടുതല്‍ ഈ വിഷയത്തെപ്പറ്റി എഴുതാം പിന്നീട്. എനിക്ക് ഇപ്പോള്‍ കൂടുതല്‍ സമയം കമ്പ്യൂട്ടറില്‍ നോക്കിയിരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

 ഒരു GLAUCOMA ASSOCIATION  ഉണ്ടാക്കണമെന്നുണ്ട്. പ്രിയ വായനക്കാര്‍ ഗ്ലോക്കോമ രോഗികളെ കാണുകയാണെങ്കില്‍ ദയവായി ബന്ധപ്പെടുക..  ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നുകളെ കുറിച്ച അന്യോന്യം ബോധവല്‍ക്കരിക്കാനും മറ്റും സഹായിക്കും..  സാധാരണയായി ഗ്ലോക്കോമ രോഗികള്‍ ഉപയോഗിക്കുന്ന തുള്ളി മരുന്നാണ്  Alfagan P.  ഈ മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടുകിട്ടിയാല്‍ ഗ്ലോക്കോമ രോഗികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാന്‍ സാധിക്കും. തൃശ്ശൂര്‍ സിറ്റിയില്‍ ഞാന്‍ മരുന്നുഷോപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ  കണ്ണാശുപത്രികളും.