Thursday, June 30, 2011

നിളാതീരത്തെ ഊത്തപ്പം


ഞാന്‍ ഇന്ന് ഓഫീസിലെത്തിയപ്പോള്‍ എന്റെ പാറൂട്ടിയെ കുറേ ഓര്‍ത്തു. അവള്‍ക്ക് സാധാരണ പെണ്ണുങ്ങള്‍ക്ക് വരാറുള്ള ഒരസുഖം പിടിച്ച് കിടപ്പാണെന്നറിഞ്ഞു. ഓളെ പോയി കാണാനോ ആശ്വസിപ്പിക്കാനോ അവളാല്‍ എനിക്ക് തല്‍ക്കാലത്തേക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. അവള്‍ക്കെന്നെ കാണാനും സംസാരിക്കാനും ഒക്കെ ആഗ്രഹം ഉണ്ടെന്നറിയാം. പക്ഷെ അന്ത:രീക്ഷം അനുയോജ്യമല്ല.

അവളുടെ ആയുരാരോഗ്യ സൊഖ്യത്തിന്നായി അച്ചന്‍ തേവരോട് പ്രാര്‍ഥിച്ചു. അതല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനായില്ല. ഞാനിങ്ങനെ ആലോചനാമഗ്നനായി ഇരിക്കുകയായിരുന്നു. ഒരു ഉഷാറിന് വേണ്ടി ഓഫീസിനുമുന്നിലെ വെജിറ്റേറിയന്‍ റെസ്റ്റോറണ്ടില്‍ പോയി ഒരു ചായ കുടിച്ചു ഉന്മേഷം വീണ്ടെടുത്തു.

ഈ റെസ്റ്റോറണ്ടില്‍ ഞാന്‍ പലപ്പോഴും പോകാറുണ്ട്. എന്റെ പെണ്ണ് അടുക്കളയില്‍ സമരം പിടിക്കുമ്പോള്‍ ഞാന്‍ ഇവിടുന്നാ ഭക്ഷണം കഴിക്കാറ്. അവള്‍ ഓക്കെ ആണെങ്കിലും ഞാന്‍ ചിലപ്പോള്‍ ഇവിടെ നിന്ന് എന്തെങ്കിലും കഴിക്കാറുണ്ട്.

ഈ റെസ്റ്റോറണ്ടിന്റെ നടത്തിപ്പുകാര്‍ ഒരു തുളു ബ്രാഫ്മണനും അദ്ദേഹത്തിന്റെ പത്നിയും ആണ്. ആദ്യമൊക്കെ അദ്ദേഹത്തിന്റെ അഛന്‍ വരുമായിരുന്നു. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും ആണ് ഈ സ്ഥാപനത്തിന്റെ ജീവനാടി. രണ്ടുപേരുമായി ഞാന്‍ ചങ്ങാത്തത്തിലാണ്.

ഈ ദമ്പതികളും അവിടെ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ തന്നെ കഴിക്കുന്നു. അതിനാല്‍ നമുക്ക് വിശ്വസിച്ച് കഴിക്കാം അവിടുത്തെ ഭക്ഷണം.

ഞാനിന്ന് അവിടെ ചായ കുടിക്കാന്‍ പോയപ്പോള്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഡൈനിങ്ങ് ഹോളില്‍. അപ്പോള്‍ എന്റെ മനസ്സ് ഒരു ഇടവേളയായി എന്റെ ഭൂതകാലത്തേക്ക് സഞ്ചരിച്ചു.

ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചിലാണെന്ന് തോന്നുന്നു. എന്റെ മാതാവിന് ഞാനൊരു ആയുര്‍വ്വേദ ഡോക്ടറായി കാണണമെന്ന ആഗ്രഹം ഉടലെടുത്തത്. അന്ന് ഇപ്പോഴത്തെ പഞ്ചകര്‍മ്മ സ്പെഷല്‍ ആയുര്‍വ്വേദ ആശുപത്രിയുടെ ചീഫ് ഫിസിഷ്യന്‍ എന്റെ മാതാവിന്റെ ആങ്ങിളയായിരുന്നു. അദ്ദേഹത്തോട് അമ്മ കാര്യം പറഞ്ഞപ്പോള്‍ എന്നെ അങ്ങോട്ടയക്കാനും വേണ്ട കാര്യങ്ങള്‍ അദ്ദേഹം ചെയ്ത് തരാമെന്നും പറഞ്ഞു.

ഞാന്‍ പണ്ടും അദ്ദേഹത്തിന്റെ വസതിയില്‍ പോയി താമസിക്കാറുണ്ടായിരുന്നു. അന്നത്തെ നിളാതീരത്തിന്റെ ഭംഗി ഇപ്പോള്‍ ഇല്ല. അന്ന് പഴയ പാലത്തിന്റെ ചുവട്ടിലെ പടവുകളിലായിരുന്നു ഞങ്ങള്‍ കുളിക്കാന്‍ പോകാറ്. എനിക്കവിടുത്തെ കുളി ആനന്ദം പകര്‍ന്നിരുന്നു. മേല്‍ മുണ്ടില്ലാതെ മാറ് മറക്കാതെ കുളിക്കുന്ന പെണ്ണുങ്ങളെ ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. അവിടെയും പാലക്കാടിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും ഒക്കെയാണ് ഞാന്‍ ഇങ്ങിനെ കണ്ടിട്ടുള്ളൂ..

പുഴയുടെ പാലത്തിന്റെ തൂണുകള്‍ക്കിടയിലും കുളിക്കുന്ന പടവുകളില്‍ക്കിടയിലും വരാലിന്റെ പിടിക്കുന്ന ബാലന്മാരേയും കാണാറുണ്ട്. ഒരിക്കല്‍ വരാലിനെ വാങ്ങി നിളാതീരത്ത് തന്നെ ചുട്ടുതിന്നു. എന്റെ ഒപ്പം ഉള്ള സഹചാരിയായ എന്റെ ഏട്ടന്റെ മകന്‍ ഇന്ന് ജീവിച്ചിരുപ്പില്ല. അവരുടെ കുടുംബത്തില്‍ ആണുങ്ങള്‍ക്കൊക്കെ പാരമ്പര്യമായി ഹൃദ്രോഗം ആണ്‍. അവരൊക്കെ അകാലത്തില്‍ ചരമമടയുന്നു.

പുഴയില്‍ വെള്ളം കുറവാകുമ്പോള്‍ ഉള്ള നീര്‍ച്ചാലുകള്‍ തന്നെ സാമാന്യം ഒഴുക്കുള്ള കൊച്ചു പുഴകളായി രൂപം കൊള്ളും. ചിലപ്പോള്‍ അമ്മക്ക് അവിടെയുള്ള ആശുപത്രിയില്‍ ഉഴിച്ചിലിനും മറ്റുമുള്ള ചികിത്സക്കായി വരാറുണ്ട്. അപ്പോള്‍ ഞാന്‍ കൂടെ പോകും ബൈ സ്റ്റാന്‍ഡറായി.

അന്നവിടെ ഉള്ള പേവാര്‍ഡുകളില്‍ അടുക്കളയും ഉണ്ടായിര്‍ന്നു. ഭക്ഷണം വേണമെങ്കില്‍ പാലം കടന്ന് ഷൊര്‍ണൂരിലേക്ക് പോകണം. അതിനാല്‍ മിക്കവരും ആശുപത്രിയില്‍ തന്നെ പാചകം ചെയ്യാറാണ് പതിവ്. ഞങ്ങള്‍ക്ക് ഏട്ടന്റെ വീട്ടീന്ന് ഭക്ഷണം ലഭിക്കും.

ഞാന്‍ ആയുര്‍വ്വേദ കോളേജില്‍ ചേര്‍ക്കപ്പെട്ടു. എനിക്ക് ഹോസ്റ്റലിലെ അന്തരീക്ഷം ഒട്ടും പിടിച്ചില്ല. രാജകീയമായിരുന്ന ഗൃഹാന്തരീക്ഷം എനിക്കവിടെ ലഭിച്ചില്ല. അതിനാല്‍ ഞാന്‍ ഏട്ടന്റെ കൂടെയും ലോഡ്ജിലുമായി കുറച്ച് നാള്‍ കഴിഞ്ഞു. ഞാന്‍ സംസ്കൃതം ഐഛിക വിഷയമായി പഠിച്ചിരുന്നതിനാല്‍ എനിക്ക് മറ്റു കുട്ടികളേക്കാള്‍ മുന്‍പന്തിയില്‍ എത്താന്‍ കഴിഞ്ഞെങ്കിലും ഞാന്‍ പല ക്ലാസ്സുകളില്‍ നിന്നും ഉഴപ്പിയിരുന്നു.

ഏട്ടന്റെ വീട്ടില്‍ ഏട്ടനും ഏട്ടത്തിയും എല്ലാം രാത്രി മരുന്നുകഞ്ഞിയാണ് കഴിച്ചിരുന്നത്. എനിക്ക് അത് ദീര്‍ഘകാലം ഇഷ്ടപ്പെട്ടില്ല. അപ്പോള്‍ ഞാനും ഏട്ടന്റെ മകനും കൂടി പാലത്തിന്നപ്പുറത്ത് പോയി അവിടുത്തെ ഒരു സ്വാമിയുടെ ഹോട്ടലില്‍ നിന്ന് ഊത്തപ്പം കഴിക്കും.

ആ സ്വാമിയുടെ കടയിലെ ഊത്തപ്പത്തിന്റെ രുചി ഇപ്പോഴും എന്റെ നാവില്‍ ഉണ്ട്. ഞാന്‍ ഭാരതം മുഴുവ്ന്‍ സഞ്ചരിച്ചിട്ടും ഇത്ര രുചിയോട് കൂടിയ ഊത്തപ്പം ഞാന്‍ കഴിച്ചിട്ടില്ല.

അന്നൊന്നും ഗ്യാസും ഇലക്ട്രിക്ക് ഓവനും മൈക്രൊ വേവും ഒന്നും ഇല്ലാത്ത കാലമാണല്ലോ? സ്വാമിയുടെ അടുക്കളയില്‍ വിറകടുപ്പില്‍ ശുദ്ധമായ എള്ളെണ്ണ ഒഴിച്ചുണ്ടാക്കുന്ന ഊത്തപ്പം വയറുനിറയെ കഴിക്കും. എന്നിട്ട് പാലം കടന്ന് തിരികേ നടന്ന് വരും.

മിക്കവാറും ഈവനിങ്ങ് കുളി കഴിഞ്ഞായിരിക്കും ഞങ്ങള്‍ ഷൊര്‍ണ്ണൂരേക്ക് തെണ്ടാന്‍ പോകുക. മടങ്ങി വന്നാല്‍ ആശുപത്രിയുടെ അടുത്ത് പുഴക്കരികിലുള്ള പെട്ടിക്കടയില്‍ നിന്ന് സിസ്സേര്‍സ് സിഗരറ്റ് വാങ്ങി ആശുപത്രി മതിലിന്മേല്‍ ഇരുന്ന് വലിക്കും.

ഈ കാലത്താണ് മുറപ്പെണ്ണ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് നിളാതീരത്ത് നടന്നിരുന്നത്. അഭിയനയിക്കുന്നവര്‍ ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൊസിലായിരുന്നു താമസം. ഞങ്ങള് അവിടെ പോയി ചിലരെ കണ്ടിരുന്നതായി ഓര്‍ക്കുന്നു.

അങ്ങിനെ നിരന്തരമുള്ള ഭാരതപ്പുഴയിലെ കുളിയും, ഊത്തപ്പം സാപ്പിടലും, ബീഡി വലിയുമൊക്കെ ആയി കാലങ്ങള്‍ കൊഴിഞ്ഞുപോയി. എന്റെ പഠിപ്പ് ഇടക്ക് വെച്ച് നിര്‍ത്തി.

എന്റെ പിതാവിന് എന്നെ എഞ്ചിനീയറാക്കാനും അമ്മക്ക് ഡോക്ടറാക്കാനുമുള്ള പിടിവലിയില്‍ ഈ പാവം ഞാന്‍ ശ്വാസം മുട്ടി. മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിങ്ങ് കോളേജിലും ഒക്കെയായി എന്റെ ബാല്യം അവസാനിച്ചു.

എവിടെ പഠിച്ചാലും ഞാന്‍ നിളാതീരം മറന്നില്ല. സമയം കിട്ടുമ്പോളൊക്കെ ഷൊര്‍ണ്ണൂരില്‍ പോയി സ്വാമിയുടെ കടയില്‍ നിന്ന് ഊത്തപ്പം വാങ്ങിക്കഴിക്കുമായിരുന്നു. നമ്മള്‍ കഴിക്കുന്നതിന്നനുസരിച്ച് ചുടു ഊത്തപ്പം സ്വാമി ഇലയില്‍ ഇങ്ങനെ ഇട്ടുകൊണ്ടിരിക്കും.

ഹാ! സ്വാദുള്ള ഊത്തപ്പത്തിനെ ഒരിക്കലും മറക്കില്ല.

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഇന്ന് ഓഫീസിലെത്തിയപ്പോള്‍ എന്റെ പാറൂട്ടിയെ കുറേ ഓര്‍ത്തു. അവള്‍ക്ക് സാധാരണ പെണ്ണുങ്ങള്‍ക്ക് വരാറുള്ള ഒരസുഖം പിടിച്ച് കിടപ്പാണെന്നറിഞ്ഞു. ഓളെ പോയി കാണാനോ ആശ്വസിപ്പിക്കാനോ അവളാല്‍ എനിക്ക് തല്‍ക്കാലത്തേക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്.

അവള്‍ക്കെന്നെ കാണാനും സംസാരിക്കാനും ഒക്കെ ആഗ്രഹം ഉണ്ടെന്നറിയാം. പക്ഷെ അന്ത:രീക്ഷം അനുയോജ്യമല്ല.

ജയിംസ് സണ്ണി പാറ്റൂർ said...

ഊത്തപ്പം പോലെ ഏറെ രുചികരം

keraladasanunni said...

കൊതിയൂറുന്ന ഊത്തപ്പം.

Sukanya said...

വായിക്കുന്നവരെ ഒക്കെ കൊതിപ്പിക്കുന്നുണ്ട്. അങ്കിള്‍, പാറുകുട്ടിയെ കുറിച്ച് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, നോവല്‍ പ്രസിദ്ധീകരണം എന്തായി?

Kalavallabhan said...

ഭാരതപ്പുഴയിലെ കുളിയും, ഊത്തപ്പം സാപ്പിടലും, ബീഡി വലിയുമൊക്കെ ആയി കാലങ്ങള്‍ കൊഴിഞ്ഞുപോയി.

ജെ പി വെട്ടിയാട്ടില്‍ said...

സുകന്യക്കുട്ടീ

“എന്റെ പാറുകുട്ടീ” നോവല്‍ പ്രസിദ്ധീ‍കരണം എവിടെയുമായില്ല. ഞാന്‍ അത് ഒരു ടെലിഫിലിം ആക്കാനുദ്ദേശിക്കയായിരുന്നു. അപ്പോള്‍ ഞാന്‍ അതിന് മനസ്സില്‍ സങ്കല്‍പ്പിച്ച സംവിധായകന്‍ സോഹന്‍ ലാല്‍ പറഞ്ഞു ആദ്യം പുസ്തകമാക്കാന്‍ അദ്ദേഹം സഹായിക്കമെന്നും പിന്നീട് സിനിമയോ ടെലിഫിലിമോ ഒക്കേ ആക്കുന്നതിന് ചിന്തിച്ചാല്‍ മതിയെന്ന അഭിപ്രായം പറഞ്ഞു.

അതിനാല്‍ വീണ്ടും പുസ്തകമക്കാനുള്ള ആഗ്രഹം മനസ്സില്‍ പതിഞ്ഞു.

എനിക്ക് വാസ്തവത്തില്‍ ഇതിന്റെ പിന്നാലെ നടക്കാന്‍ നേരമില്ലാത്തതിനാലാണ് ഞാന്‍ അതില്‍ നിഞ്ഞും പിന്‍ വലിഞ്ഞത്.

കുട്ടന്‍ ചേട്ടായി said...

പണ്ടത്തെ ഒരു ഭക്ഷണത്തിന്റെയും രുചി ഇപ്പോള്‍ കിട്ടുമെന്ന് തോന്നുന്നില്ല എന്തെന്നാല്‍ ഇപ്പോള്‍ എല്ലാം തന്നെ മായമല്ലേ. പണത്തെ രുചി അയവിറക്കി ഇരിക്കാം എല്ലാവര്ക്കും