Tuesday, January 24, 2012

ചാക്കപ്പായിയേട്ടന്റെ സൈക്കിള്‍ കട


ചെറുപ്പത്തില്‍ പത്താംക്ലാസ്സ് പഠിത്തം കഴിയുന്നതിന് മുന്‍പുള്ള ഒരു ആഗ്രഹമായിരുന്നു ചാക്കപ്പായിയേട്ടന്റെ സൈക്കിള്‍ കട പോലുള്ള ഒരു കട തുടങ്ങാന്‍. അന്നത്തെ കാലത്തൊക്കെ എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെയായിരുന്നു വലിയ സ്വപ്നങ്ങള്‍.
അന്നൊക്കെ സ്വന്തമായി ഒരു സൈക്കിള്‍ വളരെ അപൂര്‍വ്വം വീടുകളിലേ ഉണ്ടായിരുന്നുള്ളൂ… എനിക്കാണെങ്കില്‍ ആദ്യ്മായി അച്ചന്‍ വാങ്ങിച്ച് തന്നതുതന്നെ ഒരു ഇംഗ്ലണ്ട് റാലി സൈക്കിളായിരുന്നു. സൈക്കിളില്‍ രാജാവായിരുന്നു ഇംഗ്ലീഷ് റാലി. നാട്ടില്‍ അന്ന് ഹീറോ, ഇന്ത്യന്‍ റാലി, ഹെര്‍ക്കുലീസ്, ആര്‍മി മുതലായ മെയ്ക്കുകളായിരുന്നു ഫേമസ് ബ്രാന്‍ഡുകള്‍.

എനിക്ക് അച്ചന്‍ സിലോണില്‍ നിന്ന് ഇറക്കുമതി ചെയ്ത് തന്നതാണ്. കൊച്ചിയില്‍ നിന്ന് തൃശ്ശൂരിലെ കെ ആര്‍ ബിസ്കറ്റ് കമ്പനിയില്‍ ആരോ എത്തിച്ചുകൊടുത്തു. ഞാന്‍ അവിടെ നിന്ന് അത് എന്റെ കുന്നംകുളം വീട്ടിലേക്ക് ചവിട്ടി.

തൃശ്ശൂരിലെ K R Buscuit Company യിലെ കെ ആര്‍ മാമന്‍ ആയിരുന്നു അന്ന് ഞങ്ങളുടെ കാര്യങ്ങളെല്ലാം ചെയ്ത് തന്നിരുന്നത്. ചേച്ചിയുമായി തൃശ്ശൂര്‍ വരുമ്പോള്‍ ആദ്യം കെ ആര്‍ മാമനെ കണ്ടതിനുശേഷമേ ഷോപ്പിങ്ങിന്‍ പോകൂ… അന്നൊക്കെ കെ ആര്‍ മാമന്‍ ബിസ്കറ്റ് കന്‍പനിയുടെ ഷോറൂമില്‍ ഇരിക്കുന്നത് കാണാം ചിലപ്പോള്‍. വലിയ കുമ്പയുള്ള നെഞ്ചത്ത് നരച്ച രോമങ്ങളുള്ള സ്വര്‍ണ്ണ ചെയിന്‍ ഇട്ട മാമനെ കാണാന്‍ വളരെ ഐശ്വര്യം ആണ്. എന്റെ അച്ചന്റെ അടുത്ത സുഹൃത്തായിരുന്നു കെ ആര്‍ അമ്പാടി എന്ന കെ ആര്‍ മാമന്‍.

അന്നത്തെ കാലത്ത് തൃശ്ശൂരില്‍ നിന്ന് എന്തുകാര്യങ്ങളുണ്ടെങ്കിലും കെ ആര്‍ മാമനോട് ചോദിക്കാതെ ചെയ്യില്ല. ചുരുക്കം പറഞ്ഞാല്‍ ചാക്കോളയില്‍ നിന്ന് തുണി എടുക്കണമെങ്കിലും ഹൈ റോഡിലെ തോട്ടാന്‍ കുഞ്ഞിപ്പാലുച്ചേട്ടന്റെ കടയില്‍ നിന്ന് സ്വര്‍ണ്ണം എടുക്കണമെങ്കിലും എല്ലാം കെ ആറ് മാമന്റെ നിര്‍ദ്ദേശാനുസരണം ആയിരിക്കും.
എനിക്ക് ആദ്യമായി രണ്ട് പാന്റ് തയ്പ്പിക്കാന്‍ ആദ്യ്മായി തോട്ടാന്റെ കടയുടെ മുകളിലുള്ള ജോണ്‍സണ്‍ ടൈലറിങ്ങ് ഷോപ്പിലേക്ക് അമ്മയെ പറഞ്ഞയച്ചതും കെ ആര്‍ മാമനായിരുന്നു. ഞാന്‍ വിദേശത്ത് പോയ സമയത്തായിരുന്നെന്ന് തോന്നുന്നു കെ ആര്‍ മാമന്‍ മരിച്ചത്.

ഞാന്‍ തൃശ്ശൂരില്‍ താമസമാക്കി കുറേ കാലം കഴിഞ്ഞാണ്‍ മനസ്സിലാക്കിയത് മുന്‍ മേയര്‍ കെ ആര്‍ രാധാകൃഷ്ണന്‍ മാമന്റെ മകനായിരുന്നുവെന്ന്.

ഞാന്‍ കോളേജില്‍ നിന്ന് വല്ലപോഴും നാട്ടിലേക്ക് വരുമ്പോള്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞാല്‍ ചെറുവത്താനിക്ക് ബസ്സില്ല. അപ്പോള്‍ ഞാന്‍ പടിഞ്ഞാറെ അങ്ങാടി വരെ നടന്ന് അവിടുത്തെ ചാക്കപ്പായിയേട്ടന്റെ കടയില്‍ നിന്ന് ഒരു സൈക്കിള്‍ വാടകക്ക് എടുത്താണ് ഗ്രാമത്തിലേക്ക് പോകുക.

ചാക്കപ്പായിയേട്ടന്റെ കടയിലെ എല്ലാ സൈക്കിളുകളും വളരെ മേന്മയേറിയതും നല്ല കണീഷനലിലുള്ളതും ആയിരിക്കും. വെട്ടിലും കുഴിയിലും എല്ലാം ചാടിയാലും ഒരു അനക്കവും കിലുകിലാ ശബ്ദവും ഒന്നും ഉണ്ടാകില്ല. വൈകിട്ട് വാടകക്കെടുത്ത സൈക്കിള്‍ പിറ്റേ ദിവസം കാലത്ത് കൊണ്ടുകൊടുത്താല്‍ മതിയാകും. വളരെ അടുപ്പമുള്ളവര്‍ക്കേ രാത്രി വണ്ടി കൊടുക്കൂ…

പിന്നെ ലൈറ്റുകളുള്ള വണ്ടിയൊന്നും കിട്ടിയെന്ന് വരില്ല. ചിറോക്കഴ വരെ അന്നത്തെ കാലത്ത് സ്ട്രീറ്റ് ലൈറ്റുണ്ടാകും. പാലം കഴിഞ്ഞാല്‍ പിന്നെ പഞ്ചായത്ത് ആണ്. ഉരുണ്ട കല്ലുകളുള്ള ടാറിടാത്ത റോഡും, പിന്നെ കൂരാകൂരിട്ടും. ആകാശത്തേക്ക് നോക്കി വേണം സൈക്കിളൊടിക്കാന്‍. ബെല്ലടിച്ചോണ്ട് പറപറക്കും. ആരെങ്കിലും വണ്ടിക്ക് മുന്നില്‍ വന്നാല്‍ കാണാന്‍ നന്നേ വിഷമിക്കും. അതിനാലാണ് ബെല്ലടിച്ചോണ്ട് ഓടിക്കുന്നത്. അപൂര്‍വ്വം ചില നിലാവുള്ള രാത്രികളില്‍ സുഖസവാരിയാണ്.

എനിക്ക് ഇംഗ്ലണ്ട് റാലി സൈക്കിള്‍ കിട്ടിയപ്പോള്‍ ഞാന്‍ അത് ചാക്കപ്പായിയേട്ടനെ കൊണ്ട് കാണിച്ചു. അദ്ദേഹത്തിന് വളരെ ഇഷ്ടമായി ആ മോഡല്‍. അതിന്‍ സെന്ററ് സ്റ്റാന്‍ഡും, മില്ലര്‍ ഫ്ലാഷ് ലൈറ്റും, ഹോണും പിന്നെ സ്പെഷല്‍ കേബിള്‍ ടൈപ്പ് ലോക്കിങ്ങ് സിസ്റ്റവും ഉണ്ടായിരുന്നു. അത്തരം ഒരു മോഡല്‍ ഞങ്ങളുടെ നാട്ടില്‍ എനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ…

എനിക്ക് ഇത്ര നല്ല വാഹം ഉണ്ടായിട്ടും ഞാന്‍ ഇടക്ക് ചാക്കപ്പായിയേട്ടന്റെ കടയിലെ സൈക്കിള്‍ വാടക്കെടുക്കാറുണ്ട്. പടിഞ്ഞാറെ അങ്ങാടി താഴത്തെപാറയിലുള്ള ചാക്കപ്പായിയേട്ടന്റെ കടയിലെ വറതപ്പനും രാമുവും എന്റെ ഗടികളായി. എന്റെ വണ്ടിയും ഇവരായിരുന്നു സര്‍വ്വീസ് ചെയ്തുതന്നിരുന്നത്. ചാക്കപ്പായിയേട്ടന്റെ കടയില് നിന്ന് വണ്ടി റിപ്പയര്‍ ചെയ്താല്‍ നമുക്കൊരു വലിയ സംതൃപ്തിയായിരിക്കും.
എങ്ങിനെയെങ്കിലും ഒരു സൈക്കിള്‍ ഷോപ്പ് തുടങ്ങാനുള്ള എന്റെ സ്വപ്നം പൂവണിഞ്ഞില്ല. എന്റെ അച്ചന്‍ പറഞ്ഞു പോയി പണിയെടുത്ത് കുറച്ച് കാശ് കൊണ്ടുവരാന്‍ ആദ്യം. ഞാന്‍ പണിയെടുക്കാന്‍ പോയതോടെ എനിക്ക് സൈക്കിള്‍ കട തുടങ്ങുവാനുള്ള ആഗ്രഹം കുറേശ്ശെ അസ്തമിച്ചു. കാരണം പെട്ടെന്ന് വലിയൊരു സംഖ്യ സ്വരൂപിക്കാന്‍ എന്നെക്കൊണ്‍ടായില്ല.

കാലങ്ങള്‍ ഇലകള്‍ പോലെ കൊഴിഞ്ഞുകൊഴിഞ്ഞുപോയി, ഞാന്‍ വൃദ്ധനായി. കുന്നംകുളത്തെ ചെറുവത്താനിയില്‍ നിന്ന് ഒരു വീട് വെച്ച് താമസം തൃശ്ശൂരിലേക്കാക്കി. ഒരു സായാഹ്നത്തില്‍ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ശക്തന്‍ മാര്‍ക്കറ്റ് റോഡില്‍ ചാക്കപ്പായി സൈക്കിള്‍ വര്‍ക്ക്സ് എന്നൊരു ബോര്‍ഡ് കണ്ടപ്പോള്‍ പെട്ടെന്നവിടെ നിന്നു. വിശദമായി നോക്കിയപ്പോള്‍ വളരെ വലിയ ഒരു സൈക്കിള്‍ ഷോറൂം.

പിന്നീടൊരു ദിവസം അവിടെ സന്ദര്‍ശിച്ചു. അന്നേരം ചാക്കപ്പായിയേട്ടന്റെ മ്കനുണ്ടായിരുന്നു ഷോറൂമില്‍. ഞാന്‍ സ്വയം പരിചയപ്പെടുത്തി. പഴയ കാല ചരിത്രവും ചാക്കപ്പായിയേട്ടനോടുള്ള സൌഹൃദവും ഞാന് അവിടെ പങ്കുവെച്ചു. അത്ഭുതമെന്ന് പറയട്ടെ എന്നെ അറിയുന്ന വ്യ്കതിയായിരുന്നു ഷോറൂമിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പുത്രന്‍.

എനിക്ക് സന്തോഷമായി ആ കൂടിക്കാഴ്ച. കാലങ്ങളായി മനസ്സില്‍ താലോലിച്ച ഒരു സൈക്കിള്‍ ഷോപ്പ് എന്നുള്ള ആഗ്ര്ഹം നടന്നില്ലെങ്കിലും എന്റെ ഇപ്പോഴത്തെ തട്ടകത്തില്‍ ചാക്കപ്പായിയേട്ടന്റെ ഒരു സ്ഥാപനം കാണാനായല്ലോ… ഇന്ന് വൈകിട്ട് പച്ചക്കറി വാങ്ങാന്‍ പോയപ്പോഴും ഞാന്‍ അവിടേക്ക് നോക്കാന്‍ മറന്നില്ല.

[Dataprocessing erros shall be cleared out shortly. Blog readers may kindly excuse]

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

ചെറുപ്പത്തില് പത്താംക്ലാസ്സ് പഠിത്തം കഴിയുന്നതിന് മുന്‍പുള്ള ഒരു ആഗ്രഹമായിരുന്നു ചാക്കപ്പായിയേട്ടന്റെ സൈക്കിള് കട പോലുള്ള ഒരു കട തുടങ്ങാന്.

അന്നത്തെ കാലത്തൊക്കെ എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെയായിരുന്നു വലിയ സ്വപ്നങ്ങള്.

K@nn(())raan*خلي ولي said...

മരിക്കാത്ത ഓര്‍മ്മകള്‍

സാറിന് ആശംസകളുടെ ഒരായിരം സൈക്കിള്‍ ചെയിനുകള്‍ സമ്മാനിക്കുന്നു!
(എന്നെ തല്ലാന്‍ സൈക്കിള്‍ ചെയിനുമായി കൊട്ടേഷന്‍ ടീമിനെ വിടണ്ടാട്ടോ)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനസ്സ് പഴയ കാലത്തേക്ക് സൈക്കിള്‍ ഉരുട്ടി. സൈക്കിള്‍ പഠിച്ചത്..സൈക്കിളില്‍ നിന്ന് വീണത്‌.. ...സൈക്കിളില്‍ സിനിമക്ക് പോയത്..എല്ലാം ഓര്‍മ്മിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ചാക്കപ്പായി ചരിതത്തിലേക്കുള്ള സൈക്കിൾ സവാരി നന്നായിട്ടുണ്ട് കേട്ടൊ ജയേട്ടോ