Thursday, November 15, 2012

നിന്നോട് പറയാനുള്ളത്

എന്റെ സുഹൃത്ത്  സജിത അനില്‍ കുമാര്‍ എഴുതിയ കവിത

ഗ്രന്ഥപ്പുരകളെന്നു പറയുവാനാകാ -
ഒരു കുഞ്ഞു പുസ്തകം
മാത്രമാണ് ഞാന്‍.

നിന്നെ മാത്രം വായനയ്ക്കായ്‌
കാത്തിരുന്നു, അതിലെ
അതിമൃദുവാകും വാക്കുകള്‍

അശാന്തിയുടെ പുകപ്പാടങ്ങള്‍
അവിടെങ്ങുമില്ല..
ഉള്ളതത്രയും വസന്തം തേനൂട്ടിയ -
ശാന്തിമന്ത്രമോതും തെളിനീരുറവുകള്‍ ;
നന്മയുടെ നേര്‍വചനങ്ങള്‍.

ഇന്നലെ പിറന്ന കുഞ്ഞിന്‍
അമ്മിഞ്ഞയുണ്ട ചുണ്ടില്‍
നിലാവൊക്കും പാല്‍പ്പുഞ്ചിരി
അതങ്ങിനെയാണ് ; എന്നും ,
മകനെക്കാക്കും കണ്ണില്‍ വാത്സല്ല്യത്തിന്‍
നിറവും നനവുമേ ബാക്കിയാകൂ.

ഇവിടെ -
ഭ്രൂണം നിറഞ്ഞ ഗര്‍ഭ പേടകങ്ങള്‍ക്ക്
കാവലായുള്ളത്
സ്നേഹം നട്ടുനനച്ച
കനിവിന്‍ മാതൃത്വം.

സൌഹൃദത്തിന്റെ നിറയും ആരവത്തോടെ
പൊക്കിള്‍ക്കൊടി ബന്ധത്തെ ബന്ധനമായ്
കാണും കണ്ണുകളില്ലാത്ത
സ്നേഹം നിറഞ്ഞൊഴുകുമൊരു
വാഹിനിയായ്
പ്രണയനേരിന്‍ നോവേറും
മനമോടെ
കാമത്തിരയടങ്ങാ സാഗരമായ്
ആസുരതയുടെ വെടിയൊച്ചകള്‍ക്കെത്തുവാനാകാത്ത
ഇടമായ് ;
നന്മകളെ ഈശ്വരനായ് കാണും ;
കാലത്തെ നമിക്കുമൊരു
ഹൃദയം.

ഈ ഗ്രന്ഥത്തിനു ദ്വാരാപഥങ്ങളും
ജാലകങ്ങളുമുണ്ട് ; നിറയെ..
അവയാല്‍ നീ
ബന്ധനസ്ഥനാകില്ല , ഒരിക്കല്‍പ്പോലും.

ഇനി പറയൂ..
ഈ പുസ്തകത്താളുകളിലെ
അക്ഷരങ്ങളെ അറിഞ്ഞ് ;
നിന്നിലലിയാനാ -
വര്‍ണ്ണങ്ങള്‍ക്കവസരമേകി
അവയ്ക്കും, അവയിലൂടെ
ആ ഗ്രന്ഥമാകും
എനിക്കു തന്നെയും
നീ സായൂജ്യമേകുകില്ലേ .. ?

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

"സൌഹൃദത്തിന്റെ നിറയും ആരവത്തോടെ
പൊക്കിള്‍ക്കൊടി ബന്ധത്തെ ബന്ധനമായ്
കാണും കണ്ണുകളില്ലാത്ത
സ്നേഹം നിറഞ്ഞൊഴുകുമൊരു
വാഹിനിയായ് .................."

kabeena1.blogspot.com said...

Kurachu vaayichu .ishtappedunna shayli.veendum varaam.