Sunday, March 31, 2013

എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍

Ctrl+ may b used for better view


എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍...

മേശപ്പുറത്തിരിക്കുന്ന വൈന്‍ കുപ്പി കണ്ട് ഞാന്‍ സന്തോഷിച്ചു. ആരെങ്കിലും വൈകുന്നേരത്തിന് മുന്‍പ് എന്നെ ഡിന്നറിന് ക്ഷണിക്കും... അയല്‍ വക്കത്ത് കൃസ്തീയ കുടുംബങ്ങളുണ്ട്, ലയണ്‍സ് ക്ലബ്ബിലും. ഈ നിമിഷം വരെ ആരും എന്നെ ഓര്‍ത്തില്ല. സാരമില്ല.. ഞാന്‍ ഇതൊക്കെ സ്വപ്നം കണ്ട് ഇവിടെ എന്റെ പേരക്കുട്ടികളെ താലോലിച്ച് ഇരുന്നോളാം..

ഇവിടെ എന്റെ തട്ടകത്തില്‍ എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച ഒരു എക്സിക്ക്യുട്ടീവ് ബാറോ, പബ്ബോ ഇല്ല. അല്ലെങ്കില്‍ അവിടെ പോയി ഈസ്റ്റര്‍ ആഘോഷിക്കാമായിരുന്നു.

എന്റെ ഇഷ്ടത്തിന്നനുസരിച്ച അവസാന ഈസ്റ്റര്‍ മസ്ക്കറ്റിലെ ഹോട്ടല്‍ അല്‍ഫലാജില്‍ ആയിരുന്നു. ഞാന്‍ അവിടെ അന്ന് മിക്കദിവസവും ഒരു പൈന്റ് ഡ്രാഫ്റ്റ് ബീര്‍ നുകരാന്‍ വൈകിട്ട് ഓഫീസ് വിട്ട് പോകുമായിരുന്നു. അവിടെ ബാറുകളും പബ്ബുകളും കുറേ ഉണ്ടായിരുന്നെങ്കിലും ഏഴാം നിലയിലുള്ള ഒരു പബ്ബിലാണ് ഞാന്‍ പോയിരുന്നത്. ഇരുപതുകാരിയായ ഒരു പാട്ടുകാരിയും അവിടെ പാടാന്‍ വന്നിരുന്നു.

ഞാന്‍ അന്നും ഇന്നും ഫോസ്റ്റര്‍ ബീറാണ് കുടിച്ചിരുന്നത്. ഡ്രാഫ്റ്റ് ബീര്‍ പതഞ്ഞ് പതഞാണ് എന്റെ മഗ്ഗിലേക്ക് ഞാന്‍ ഒഴിപ്പിക്കുക. അതുപോലെ പതഞ്ഞ് പതഞ്ഞതായിരുന്നു എന്റെ അവിടുത്തെ ദിനങ്ങള്‍. അവിടെ കൌണ്ടര്‍ സ്റ്റാക്ക്സ് ആയി ഹേസല്‍ നട്ട്സും, ഫ്രൈഡ് ആല്‍മണ്ട്സും, കൂടാതെ ഒലിവ്സും പിന്നെ ഒരേ ആകൃതിയില്‍ വെട്ടി നുറുക്കിയ കേരറ്റ് കഷണങ്ങളും അത് മുക്കിത്തിന്നാല്‍ ടൊമേറ്റോ സോസും, ടബേസ്കോ സോസും കൂടിയുള്ള ഒരു മിശ്രിതവും കൌണ്ടറില്‍ വെക്കും.

രണ്ട് മൂന്ന് പൈന്റുകള്‍ ഈ പെണ്ണിന്റെ ഈ പാട്ട് കേട്ട് അകത്താകുന്നത് അറിയില്ല. അങ്ങിനെ എന്റെ ഒരു സന്ദര്‍ശനത്തിന്നിടയിലാണ് ഞാന്‍ മനസ്സിലാക്കിയത് അന്ന് ഒരു ഈസ്റ്റര്‍ ദിനമായിരുന്നു. അതുപോലെ ഒരു ഈസ്റ്റര്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ആസ്വദിച്ചിട്ടില്ല. ഇനി വരും കാലങ്ങളില്‍ എങ്ങിനെ ആകുമെന്നറിയില്ല.

മക്കളില്‍ പ്രതീക്ഷയില്ല. ഇനി പേരക്കുട്ടികള്‍ വരും അപ്പൂപ്പനെ തേടി ഈസ്റ്റര്‍ ദിനങ്ങള്‍ പങ്കിടാന്‍

Tuesday, March 26, 2013

സുകുമാരി ചേച്ചിക്ക് ആദരാഞ്ജലികൾ !!!മലയാള സിനിമക്ക് വീണ്ടുമൊരു തീരാനഷ്ടം. സുകുമാരി ചേച്ചിക്ക് ആദരാഞ്ജലികൾ !!!
Friday, March 15, 2013

കൈ നിറയെ ഉണ്ണിയപ്പവുമായി അപ്പൂപ്പന്റെ മകള്‍

എന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് 900 മീറ്റര്‍ മാത്രം. ഞാന്‍ മിക്ക ദിവസവും വടക്കുന്നാഥനെ വണങ്ങാറുണ്ട്. ചിലപ്പോള്‍ തൃപ്പുകക്ക് ശേഷം വീട്ടിലേക്ക് തിരിക്കും. വല്ലപ്പോഴും കടുമ്പായസവും ഉണ്ണിയപ്പവും കിട്ടാറുണ്ട്. 

ഞാന്‍ ഒരു ദിവസം ഉണ്ണിയപ്പം ശീട്ടാക്കി ഒരു സഞ്ചി നിറയെ ഉണ്ണിയപ്പം കൊണ്ട് പുറത്തേക്ക് വരുന്ന ഒരാളോട്.... “ ഒരു ഉണ്ണിയപ്പം തരാമോ....?”

പട്ടുപാവാട ഉടുത്ത ഒരു കൊച്ചുമിടുക്കിയുടെ കയ്യിലായിരുന്നു ഒരു സഞ്ചി നിറയെ ഉണ്ണിയപ്പം. ഉണ്ണിയപ്പം യഥേഷ്ടം നാലടി നടന്നാല്‍ തൃശ്ശൂര്‍ റൌണ്ടില്‍ നിന്ന് ലഭിക്കുമെങ്കിലും, അതൊന്നും ഭഗവാന് നിവേദിച്ചതാവില്ലല്ലോ.....

എനിക്കാണെങ്കില്‍ അകത്തേക്ക് പ്രത്യേകിച്ച് നാലമ്പലത്തിന്നുള്ളിലേക്ക് പ്രവേശിക്കുവാന്‍ വയ്യായിരുന്നു. വാതരോഗത്താല്‍ കാല്പാദങ്ങള്‍ നന്നേ വേദനിക്കുന്ന അവസ്ഥയിലായിരുന്നു..

കുറച്ച് നേരം ഞാന്‍ വിളക്കുമരത്തിന്നടുത്ത് നിന്ന് ഭഗവാനെ നോക്കിക്കണ്ടു. ബലിക്കല്ല് കാരണം ഉള്ളിലേക്ക് നോട്ടമെത്തില്ല, എന്നാലും ഞാന്‍ ഭഗവാനെ കണ്ടു തൊഴുതു... പിന്നീട് ആല്‍ത്തറയില്‍ അല്പനേരം ഇരുന്ന് വിശ്രമിച്ചു, തുള്ളിച്ചാടി നില്‍ക്കുന്ന ആലിലയേയും നോക്കി. എന്തു സന്തോഷമാണ് ആ ആലികള്‍ക്ക്... അവരില്‍ ഒരാള്‍ എന്നെ കളിയാക്കി.....

“വന്നിരിക്കുന്നു ഒരു ഉണ്ണിയപ്പ കൊതിയന്‍......?!...”

എന്നെ കളിയാക്കിയ ആ ആലില എന്റെ മടിയില്‍ പതിച്ചു.. ഞാന്‍ ആ ആലില എന്റെ ഉള്ളം കയ്യില്‍ വെച്ചിട്ട്, അവളെ നോക്കി മന്ദഹസിച്ചു.....

ആലില എന്നെ ഉറ്റുനോക്കി................. പെട്ടെന്ന് ചുറ്റുപാടുമുള്ള വെളിച്ചമെല്ലാം മങ്ങിയ പോലെ തോന്നി.. അമ്പലമുറ്റത്തെ എണ്ണവിളക്കിന്റെ ശോഭ മാത്രം..

ഞാന്‍ ആ ആലില കയ്യില്‍ തന്നെ വെച്ച് ഭഗവാനെ വീണ്ടും തൊഴാന്‍ വിളക്ക് മരത്തിന്നടിയിലേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി.....

“അപ്പൂപ്പാ..........................”

തിരിഞ്ഞുനോക്കിയപ്പോള്‍.... അതാ പാദസരമണിഞ്ഞ് കിലുകിലാ ശബ്ദത്തോടെ ആ പട്ടുപാവാടക്കാരി എന്റെ അടുത്തെത്തി.... തൃപ്പുകയും കഴിഞ്ഞ് ഭക്തരെല്ലാം പോയിക്കഴിഞ്ഞിരുന്നു... അമ്പലമുറ്റത്ത് ഒന്നോ രണ്ടോ കാവല്‍ക്കാര്‍ മാത്രം..

പച്ച പട്ടുപാവാട അണിഞ്ഞ ആ പാവാടക്കാരിയുടെ മുഖം നേരിയ എണ്ണവിളക്കിന്റെ ശോഭയില്‍ വെട്ടിത്തിളങ്ങുന്നപോലെ തോന്നി..... അവള്‍ ചിരിച്ചുംകൊണ്ട് എന്റെ കയ്യിലിരുന്ന ആലിലയില്‍ രണ്ട് ഉണ്ണിയപ്പം വെച്ച് തന്നു.

എന്തോ പതിവില്ലാത്ത പോലെ അമ്പലപരിസരം കൂരാകൂരാ ഇരുട്ട്... സ്വധവേ കാഴ്ച കുറഞ്ഞ ഞാന്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു... പട്ടുപാവാടയുടുത്ത മോള്‍ വടക്ക് കിഴക്ക് ദിശയിലേക്ക് നടന്ന് നടന്ന് മറഞ്ഞു.... ഒന്നും ചോദിക്കാ‍നായില്ല ഉണ്ണിയപ്പം കഴിക്കുന്നതിന്നിടയില്‍....

ഞാന്‍ പിന്നീട് പലപ്പോഴും ഒരു ആലിലയുമായി അമ്പല കവാടത്തില്‍ നിന്നിട്ടുണ്ടെങ്കിലും എനിക്ക് ഉണ്ണിയപ്പം കിട്ടിയില്ല... എനിക്കുറപ്പുണ്ട്... ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ അടുത്തൊരു ദിവ്സം................ വരും അപ്പൂപ്പന്റെ മകള്‍ പട്ടുപാവാടയുടുത്ത് കൈ നിറയെ ഉണ്ണിയപ്പവുമായി....................

Thursday, March 7, 2013

കൈപ്പയ്ക്ക തീയല്‍


പഴയ കാലങ്ങള്‍ ഓര്‍ക്കാന്‍ ഒരു രസം തന്നെ അല്ലെ...? എന്റെ കാര്യം ആണ് ഞാന്‍ പറയുന്നത്. കുറച്ച ദിവസങ്ങള്‍ക്ക് മുന്പ് മുളകോഷ്യം എഴുതിയപ്പോള്‍ ഉണ്ടായ സന്തോഷം ചില്ലറയൊന്നുമല്ല. ദുബായില്‍ ഇരുന്നു ഒരാള്‍ വായിച്ച് എന്റെ പഴയ സുഹൃത്ത് പാര്‍ത്ഥനെ [chartered accountant] ഓര്‍മിച്ച കാര്യവും ഉണ്ടായി. ഇതൊക്കെ കാണുമ്പൊള്‍ ഏതൊരു എഴുത്തുകാരനും സന്തോഷവാനാകും.

അങ്ങിനെ ഇരിക്കുമ്പോഴാണ് എനിക്ക് കൈപ്പയ്ക്ക തീയലിന്റെ ഓര്മ വന്നത്. ഓര്മ വരാന്‍ പ്രധാന കാരണം എന്തെന്നാല്‍ എന്റെ ബന്ധു എനിക്ക് കൈപ്പയ്ക്ക തീയല്‍ കൊടുത്തയച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ എനിക്ക് മാത്രമായിട്ടല്ല അത് എന്റെ വീട്ടില്‍ എത്തിയത്. ഇവിടെ രാക്കമ്മ പെറ്റുകിടക്കുന്നുണ്ട്. അവളെ ഉദ്ദേശിചിട്ട് ആയിരിക്കാം. പക്ഷെ അവര്‍ക്കൊന്നും കൈപ്പയ്ക്ക തീയല്‍ ഇഷ്ടമായി കാണില്ല.

ഞാന്‍ ആണെങ്കില്‍ ഉച്ചക്കും വൈകുന്നേരവും ആയി കൊടുന്നതെല്ലാം അകത്താക്കി.  എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവം ആണ് ഈ കൈപ്പയ്ക്ക തീയല്‍. എന്റെ നാട്ടില്‍ അതായത് ചെരുവത്താനി - കുന്നംകുളം ഭാഗത്ത് ഇങ്ങിനെ ഒരു വിഭവം ഇല്ല. അവിടെ കയ്പ്പക്ക കൂട്ടാന്‍  ഉണ്ടാക്കും മല്ലിയരചിട്ട്, ചിലപ്പോള്‍ അതില്‍ അല്പം പുളി ചേര്‍ക്കും. നമ്മള്‍ പറഞ്ഞു വരുന്ന തീയലിന്റെ കൂട്ട് ഏതാണ്ട് അങ്ങിനെ തന്നെ ഒക്കെ ആണെങ്കിലും, തീയലിന്റെ കൂട്ട് വേറെ തന്നെ. അതിലും മല്ലി ഉണ്ടെങ്കിലും അതിന്റെ നിറവും രുചിയും ഒന്ന് വേറെ തന്നെ.

എന്റെ പെണ്ണ് പണ്ട് എനിക്ക് വെണ്ടയ്ക്ക തീയല്‍ ഉണ്ടാക്കി തരുമായിരുന്നു. പണ്ടൊക്കെ അവള്‍ക്ക് എന്നോട്  ഭയങ്കര ഇഷ്ടം ആയിരുന്നു. പിള്ളേര്‍ ആയപ്പോള്‍ ഇഷ്ടം കുറഞ്ഞു. ഇപ്പോള്‍ പിള്ളേര്‍ക്ക് പിള്ളേര്‍ ആയപ്പോള്‍ തീരെ ഇഷ്ടം ഇല്ല.  ഇപ്പോള്‍ എനിക്ക് വയസ്സനായി, എല്ലും തൊലിയും ആയി. ഇപ്പോള്‍ അടുത്ത് കിടത്തുന്നത് പോലും ഇല്ലാ. പിന്നെ അല്ലെ അവളെനിക്ക് തീയല്‍ ഉണ്ടാക്കി തരുന്നത്. പണ്ടൊക്കെ ഞാന്‍ ഓഫീസില്‍ നിന്ന് വന്നാല്‍ [ ഇന്‍ ഗള്‍ഫ്‌ ] ഉടനെ അവള്‍ ചപ്പാത്തിക്ക് കുഴക്കും. ഇപ്പോള്‍ ചുടു ചപ്പാത്തി കഴിച്ചിട്ട് ഇരുപത് കൊല്ലത്തില്‍ ഏറെ ആയി. അവള് പറയുന്നതിലും കാര്യം ഇല്ലാതില്ല. അവള്‍ക്ക് പണ്ടത്തെ പോലെത്തെ ചുറുചുറുക്ക് ഇല്ല. ഞാന്‍ വിചാരിച്ചു എനിക്ക് മാത്രമേ വയസ്സയുള്ളൂ എന്ന്. അവള്‍ക്ക് എന്നെക്കാളും കുറച്ചു വയസ്സ് കുറവാണ്.

അതൊക്കെ പോട്ടെ നമുക്ക് തീയല്‍ പുരാണത്തിലേക്ക് മടങ്ങാം. പണ്ട് പണ്ടെന്നു പറഞ്ഞാല്‍ ഒരു പത്തു പതിനഞ്ച് കൊല്ലം മുന്പ് എനിക്ക് എന്റെ പാറുകുട്ടി കൈപ്പയ്ക തീയല്‍ ഉണ്ടാക്കി തരുമായിരുന്നു. അതൊക്കെ അന്ത കാലം.

ഇപ്പൊ ഹൌസ് മെയിഡ് കാലത്ത് ഉണ്ടാക്കി വെക്കുന്ന ചപ്പാത്തി വേണമെങ്കില്‍ ചൂടാക്കി കഴിക്കാം. പൊള്ളുന്ന കറന്റ് ബില്ലാണല്ലോ ഇപ്പോള്‍ അതിനാല്‍ മൈക്രോ വേവ് അവന്‍ പുതപ്പിച് വെച്ചിരിക്കുകയാണ്. അപ്പോള്‍ ഉണക്ക ചപ്പാത്തി കഴിച്ച ത്രിപ്തിപ്പെടാം.

എന്നാലും ഷീബ കൊടുത്തയച്ച കൈപ്പയ്ക്ക തീയല്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തി. പണ്ട് പണ്ട് ഞാന്‍ ഹൈദരബാദില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ താമസം സെക്കന്ദെരാബാദില്‌ ആയിരുന്നു. സെക്കെന്ദരാബദിലെ ബന്സിലാല്‍ പേട്ടക്ക് അടുത്തുള്ള ഗാന്ധി നഗറില്‍ ആയിരുന്നു വാസം. അന്ന് ഞാന്‍ തീര്‍ത്തും ഒരു യുവാവ്‌, കാണാന്‍ ചന്തം ഉള്ളതായി ക്ലാസ് മേറ്റ്‌ ചേതന പറയുമായിരുന്നു.

ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു ബംഗാളി കപ്പിള്‍സ് താമസിച്ചിരുന്നു. ഞാന്‍ ഒരിക്കല്‍ അവളോട് ഈ തീയലിന്റെ വിശേഷം പങ്കു വെക്കുകയുണ്ടായി. അവള്‍ എനിക്ക് ഒരു തീയല്‍ വെച്ച് തന്നു. പക്ഷെ കൈപ്പക്ക് പകരം മറ്റെന്തോ കൈപ്പുള്ള പ്രോഡക്റ്റ്. എനിക്കായി വെച്ച് തന്നതിനാല്‍ മനസ്സിലാ മനസ്സോടെ ഞാന്‍ അത് തിന്നു.

പിന്നീടൊരിക്കല്‍ ഞാന്‍ ചിക്കഡ് പള്ളിയില്‍ തെണ്ടി നടക്കുന്നതിന്നിടയില്‍, ചാര്‍മിനാര്‍ ചൗരാസ്തക്ക് അടുത്ത നമ്മുടെ നാടന്‍ കൈപ്പയ്ക്ക ഇരിക്കുന്നത് കണ്ടു. ഉടന്‍ തന്നെ രണ്ടെണ്ണം വാങ്ങി ഇവള്‍ക്ക് കൊണ്ട് കൊടുത്തു. അന്നവള്‍ ഉണ്ടാക്കിയ  കൈപ്പയ്ക്ക തീയലിന്റെ രുചി ഇന്നും എന്റെ നാവിന്‍ തുമ്പത്ത്‌ ഉണ്ട്. എന്ത് കൊണ്ടായിരുന്നു ആ തീയലിനു അത്ര മാത്രം രുചി എന്നെനിക്ക് ഇന്നേ വരെ മനസ്സിലായില്ല.

എന്തായാലും കാലങ്ങള്‍ക്ക് ശേഷം വീണ്ടും ഓര്‍ക്കാപ്പുറത് കൈപ്പയ്ക്ക തീയല്‍ കഴിക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ. ഷീബക്ക് ഒരായിരം നന്ദി. ഇനി ആരാണ് ഈ ഷീബ എന്ന് പറയണം എങ്കില്‍ കുറെ സ്ഥലം വേണം. അപ്പോള്‍ ഷീബയെ പിന്നീട് പരിചയപ്പെടുത്താം.

ഷീബ ഒരിക്കല്‍ എനിക്ക് ഹോം മെയിഡ് വൈന്‍ തന്ന കാര്യവും ഒക്കെ പറയാം. ഇപ്പോഴും പുഞ്ചിരിച് നില്‍ക്കുന്ന ഷീബയെ എല്ലാവര്ക്കും ഇഷ്ടമാണ്.  ഷീബക്ക്  കൂടുതല്‍ കൂടുതല്‍ വിഭവങ്ങള്‍ എനിക്ക് കൊടുത്തയക്കാന്‍ ജഗദീശ്വരന്‍ ആയുരാരോഗ്യ സൌഖ്യം നല്‍കട്ടെ.