Saturday, October 24, 2015

കമ്പി റാന്തല്‍

  ചില രാത്രികളില്‍ എനിക്ക് മുതുകില്‍ ഞരമ്പുവലി ഉണ്ടാകാറുണ്ട്. വയസ്സായതിനാലും പണ്ടൊരു വാഹനാപകടത്തില്‍  എല്ലിന് ക്ഷതം പറ്റിയതിനാലും ഒക്കെ ഇതൊരു കാരണമാകുന്നുവെന്ന് എനിക്ക് തോന്നുന്നു.. 
പണ്ടൊക്കെ എന്റെ ചേച്ചി രാത്രികളില്‍ ഇതുപോലെ വേദന തോന്നുമ്പോള്‍ അവര്‍ റാന്തലിന്റെ മുകളിലും ഇരു വശങ്ങളിലും തുണി ചൂടുപിടിപ്പിച്ച് വെക്കുന്നത് കാണാറുണ്ട്. ഞാന്‍ പത്താം ക്ലാസ്സില്‍ [1963] പഠിക്കുന്ന കാലത്തും എന്റെ ഗ്രാമത്തില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല.. അപ്പോള്‍ ഈ വിദ്യയാണ് ഞാന്‍ ചേച്ചിയെന്ന് വിളിച്ചിരുന്ന എന്റെ പെറ്റമ്മ ചെയ്തിരുന്നത്....

 എനിക്ക് ഇന്നെലെ ഇത്തരം വേദന വന്നപ്പോള്‍ ഞാന്‍ എന്റെ ചേച്ചിയെ ഓര്‍ത്തു.. അടുക്കളയില്‍ പോയി ഇസ്തിരിപ്പെട്ടി ചൂടാക്കി തുണിക്ക് ചൂട് പിടിപ്പിച്ച് എന്റെ വേദന ശമിപ്പിച്ചു... പ്രായമാകുമ്പോള്‍ പാതിരാത്രിയില്‍ വെള്ളം ചൂടാക്കാനും തുണി ചൂടാക്കാനും എന്റെ ശ്രീമതിയെ വിളിച്ചുണര്‍ത്താന്‍ പറ്റില്ലല്ലോ, അവള്‍ക്കും അറുപത് കഴിഞ്ഞു....

പഴകാലാം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ പലതും ഊറിവരുന്നു.. എനിക്ക് ഓര്‍മ്മ വെച്ചനാള്‍ മുതല്‍ വയറ് ശരിയല്ല, എന്നാലോ തീറ്റക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.. ഗ്രാമത്തില്‍ വൈകിട്ടാണ് മീന്‍ കിട്ടുക.. അധികം എരുവില്ലാതെ മീന്‍ വെക്കുന്ന പണി വീട്ടിലില്ല, അതിനാല്‍ എനിക്ക് മീന്‍ കൂട്ടാനോടൊപ്പം മോര് തരും..ചില രാത്രികളില്‍ ഉറങ്ങാന്‍ കിടന്ന് പാതിരാ കഴിയുമ്പോള്‍ എനിക്ക് കക്കൂസില്‍ പോകാന്‍ തോന്നും. അന്നൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു വീട്ടിലും ടോയ്ലറ്റ് ഉണ്ടായിരുന്നില്ല. വെളിപറമ്പ് അന്വേഷിക്കണം...  പാവം കിടന്നുറങ്ങുന്ന ചേച്ചിയെ തന്നെ വിളിക്കും. അപ്പോള്‍ ഏതെങ്കിലുമൊരു കമ്പി റാന്തലിന്റെ തിരി ഉയര്‍ത്തി തെക്കേ പറമ്പിലേക്ക് എന്നെ കൊണ്ടോകും.. ഞാന്‍ അവിടെ ഇരുന്ന് വിസര്‍ജ്ജനം ചെയ്യുന്നതിന്നിടയില്‍ കളിക്കാനും പുല്ല് പറിക്കാനു ഒക്കെ തുടങ്ങു.. പിന്നെ റാന്തലിന്റെ വെളിച്ചം കണ്ട് നൃത്താടുന്ന് ചീവിടുകളെ പിടിക്കാനും ഒക്കെ നോക്കും....  

 ഇപ്പോള്‍ തിരിയിട്ട് കത്തുന്ന കമ്പി റാന്തല്‍ ഞാന്‍ കണ്ടിട്ട്  വര്‍ഷങ്ങളായി. എന്റെ ചെറുവത്താനിയിലെ തറവാട്ട് കോലായില്‍ അനിയന്‍ വി. കെ . ശ്രീരാമന്‍ പഴയ കമ്പി റാന്തല്‍ തൂക്കിയിട്ട് കണ്ടിരുന്നു ഒരു നാള്‍. അച്ചന്‍ കൊളമ്പില്‍ നിന്നും ഇംഗ്ലീഷ് മേക്ക് റാന്തല്‍ കൊണ്ട് വരാറുണ്ട്. അത് ഞങ്ങളുടെ പടിഞ്ഞാറെ കോലായില്‍ രാത്രി 10 മണി വരെ കത്തിക്കാറുണ്ട്.. വഴി യാത്രക്കാര്‍ക്ക് ആ  വെളിച്ചം ഒരു അനുഗ്രഹമായിരുന്നു. സാധാരണ വിളക്കിനേക്കാള്‍ അത് വലുതും കൂടുതല്‍ ശോഭ പകരുന്നതും ആയിരുന്നു.

Sunday, October 18, 2015

തേക്കിലപണ്ടൊക്കെ പാറേലങ്ങാടിയില്‍ ആട്ടിറച്ചി വാങ്ങാന്‍ പോകുമ്പോ‍ളാണ് തേക്കില കാണാറ്. ഇറച്ചി തേക്കിലയിലാണ് പൊതിഞ്ഞ് തരാറ്. അങ്ങാ‍ടിയില്‍ നിന്ന് ഉണക്കമീന്‍ വാങ്ങാനായി കോയസ്സന്റെ പീടികയില്‍ പോയാല്‍ മീന്‍ ഇടാന്‍ ഒരു പാളസഞ്ചിയും കിട്ടും.. അന്നൊക്കെ പരിസ്ഥിതി സംരക്ഷണയില്‍ മുന്‍പന്തിയിലായിരുന്ന നമ്മുടെ നാട് ഇന്ന് പ്ലാസ്റ്റിക് യുഗത്തിലായി. 

ഇറച്ചി വീട്ടിലെത്തിയാല്‍ അത് ചട്ടിയില്‍ കഴുകാന്‍ ഇടുമ്പോള്‍ ഞാന്‍ ആ തേക്കിലകള്‍ കഴുകിയുണക്കി ഇറയത്ത് വെക്കും. എനിക്ക് ആ ഇലകള്‍ വളരെ പ്രിയം ആയിരുന്നു. അന്നൊക്കെ ഞങ്ങളുടെ ഗ്രാമത്തില്‍ തേക്ക് ഉണ്ടായിരുന്നില്ല…..

തേക്കിനെ പറ്റിയും അമ്മയുടെ തറവാട്ടിലെ വിശേഷങ്ങളൊക്കെ മനസ്സിലേക്ക് വരുന്നു.. ഞാന്‍ അന്ന് ഏഴിലോ എട്ടിലോ ആണെന്ന് തോന്നുന്നു പഠിക്കുന്നത്. പാറയിലങ്ങാടിയില്‍ സൈക്കിളില്‍ പോകും.. വെട്ടന്റെ പീടികയില്‍ നിന്ന് പലചരക്ക് വാങ്ങും. ചാക്ക് സഞ്ചിയും സാധനങ്ങളുടെ കുറിപ്പും അവിടെ കൊടുത്തിട്ടായിരിക്കും ഞാന്‍ മീന്‍ മാര്‍ക്കറ്റിലേക്ക് ഓടുക.. 

ഇറച്ചിയും മീനും വാങ്ങിക്കഴിഞ്ഞ്, പലചരക്കും വാങ്ങി ചെറുവത്താനിയിലേക്ക് തിരിക്കുന്നതിന്നിടയില്‍ ചിലപ്പോള്‍ സായ്‌വിന്റെ കടയില്‍ നിന്ന് മൂന്ന് പൊറോട്ടയും പോത്തിറച്ചിയും വാങ്ങിക്കഴിക്കാന്‍ മറക്കാറില്ല. നല്ല മസാലയിട്ട പോത്തിറച്ചിയും അതിന്‍ മീതെ ഒരു സ്ട്രോങ്ങ് ചായയും കുടിച്ചാല്‍ ഒരു പുക വിടാന്‍ തോന്നും. അപ്പോള്‍ ഒരു പനാമ സിഗരറ്റിന്‍ തീകൊളുത്തി സൈക്കിളില്‍ കയറും. ബഥനി തിരിവ് കഴിയുന്ന വരെ സൈക്കിള്‍ തള്ളിക്കൊണ്ട് പുകയും വിട്ട് നടക്കും. പിന്നെ വൈശ്ശേരി വരെ ചവിട്ടും. 

ജെടിയെസ്സ് കഴിഞ്ഞാല് പിന്നേയും തള്ളും, അത് കഴിഞ്ഞാല്‍ പിന്നെ ചെറോക്കഴ വരെ ഇറക്കമാണ്‍.. ന്യൂട്രലില്‍ പോകും..  എന്തൊരു ഓര്‍മ്മകള്‍.. അന്നൊന്നും എന്റെ മനസ്സില്‍ പാറുകുട്ടി ഉണ്ടായിരുന്നില്ല, 

മീശ മുളച്ച് തുടങ്ങിയ കാലത്തായിരുന്നു അവളുടെ രംഗപ്രവേശം. ആദ്യമായി അവളെ കണ്ടത് കൊച്ചിക്കായലില്‍ പോഞ്ഞിക്കരയില്‍ അന്തിക്കള്ള് കുടിക്കാന്‍ കൊച്ചുവള്ളത്തില്‍ പോകുമ്പോളായിരുന്നു..

 { ഓര്‍മ്മകള്‍ കാട് കയറുന്നു, അസുഖം കാരണം കുറെ നാള്‍ എഴുത്തുപുര അടഞ്ഞ് കിടക്കുകയായിരുന്നു, വീണ്ടും തുറക്കാം താമസിയാതെ, കാത്തിരിക്കുക }
==

Saturday, September 5, 2015

ഇന്ന് ശ്രീകൃഷ്ണ ജയന്തി

ഇന്ന് ശ്രീകൃഷ്ണ ജയന്തി, ആരോഗ്യക്കുറവുള്ള കാരണം സ്വരാജ റൌണ്ടിലെ ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേരുന്നു.

Saturday, August 15, 2015

ഞാന്‍ തുടര്‍ന്നെഴുതാം.

 ഞാന്‍ കഴിഞ്ഞ മൂന്ന് നാലുമാസമായി കാലിലെ വാതം മൂര്‍ഛിച്ചതിനാല്‍ കിടപ്പിലായിരുന്നു.ഇപ്പോള്‍ സമാധാനം ഉണ്ടെങ്കിലും നെറ്റില്‍ സജീവമല്ല, അപ്പോള്‍ ബ്ലോഗെഴുത്തും കുറഞ്ഞു.... കുറേ കഥകള്‍ മനസ്സില്‍ അടിഞ്ഞ് കൂടി കിടക്കുന്നുണ്ടെങ്കിലും ഡാറ്റാപ്രോസസ്സിങ്ങിന് കണ്ണ് വഴങ്ങുന്നില്ല....

  സഹായിക്കാന്‍ സമ്നനസ്സുള്ളവര്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഞാന്‍ തുടര്‍ന്നെഴുതാം. 

Tuesday, July 21, 2015

ഇതൊക്കെയാണ് നാട്ട് വൃത്താന്തം.

 മഴ കറുത്തതോടെ കുറേ നാളായി ഞാന്‍ ആക്ടീവ് അല്ല, തന്നെയുമല്ല വാതം മൂര്‍ച്ചിച്ച് ഒരു കിടപ്പ് രോഗിയെപ്പോലെ ആയി. തന്നെയുമല്ല സിസ്റ്റം നോക്കിയിരിക്കാന്‍ വയ്യ. കൂടെ കൂടെയുള്ള തലവേദന.

 ഒരു മിനി നോവലും പിന്നെ കുറച്ച് കൊച്ചു കൊച്ചുതമാശകളും എഴുതി വെച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ വിളമ്പാം. ആര്‍ക്കെങ്കിലും എന്നെ വേഡ് പ്രോസസ്സിങ്ങിന് സഹായിക്കാമെങ്കില്‍ പറയുക.

 വീടിന്റെ തൊട്ടടുത്ത കടയിലേക്ക് പോലും നടന്ന് പോകാന്‍ വയ്യ. മുറ്റം നിറയെ വെള്ളവും പോക്കറ്റ്  റോഡിലെ ചളിയും വെള്ളവും. ഇന്ന് ഫോണ്‍ ബില്ലടക്കണം, ഓണ്‍ ലൈനില്‍ നോക്കിയപ്പോള്‍ ബില്‍ നമ്പറും തുകയും ശരിയല്ല. അതിനാല്‍ ആരെയെങ്കിലും നോക്കണം സഹായത്തിന്. മഴയത്ത് കാല് നനയാതെ നോക്കേണ്ടതിനാല്‍ ആകെ പ്രശ്നം.. +

വാഹനം എങ്ങിനെയെങ്കില്‍ ഓടിക്കാമെന്നുണ്ട്, പക്ഷെ പാര്‍ക്കിങ്ങ് സ്ഥലമെല്ലാം ചളിയും തുറുവും, അങ്ങിനെ ഉള്ള അവസ്ഥയില്‍ വാഹനം എടുക്കാന്‍ വയ്യ, ഇനി ഓട്ടോയില്‍ പോകണമെങ്കില്‍ മെയില്‍ റോഡിലേക്ക് എത്തണമെങ്കില്‍ കാല് നനയാതെ നിവൃത്തിയില്ല. അപ്പോ‍ള്‍ എന്തുചെയ്യും.

ഇനി ഒരു നിവൃത്തിയുമില്ലെങ്കില്‍ പാറുകുട്ടിയോട് ബില്ലടക്കാന്‍ പറയണം.. ഇന്ത്യയില്‍ നിന്ന് എവിടെ നിന്നടച്ചാലും മതിയല്ലോ.. ഇന്ന് കുട്ടന്‍ മേനോന്‍ വിളീച്ചിരുന്നു, മേനോന്റെ ബില്ലും ഓണ്‍ ലൈനില്‍ കൂടി പോയില്ലത്രെ. കാരണം എന്നെപ്പോലെ തന്നെ. ബില്‍ തുകയും ബില്‍ നമ്പറും ഓണ്‍ ലൈനില്‍ ഈ മാസം ശരിക്കല്ലത്രെ...

ഇതൊക്കെയാണ് നാട്ട് വൃത്താന്തം... എനിക്ക് വയ്യാതായ കാരണം ഇക്കൊല്ലം വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ ആനയൂട്ട് കാണാനായില്ല, ഫോട്ടോസ് കിട്ടിയില്ല. എന്റെ പെണ്ണ് പോയിരുന്നു, പക്ഷെ അവള്‍ക്ക് പോട്ടം പിടിക്കാനറിയില്ല,അതിനാല്‍ ഞാന്‍ തല്‍ക്കാലം ടിവിയില്‍ കണ്ട് തൃപ്തിയടഞ്ഞു...

 വിശേഷങ്ങള്‍ കൂടുതലുണ്ട് എഴുതാന്‍, പിന്നീടാകാം, എല്ലാ ബ്ലോഗ് വായനക്കാര്‍ക്ക് കര്‍ക്കിടകം ആശംസകള്‍... ഈ വരുന്ന് ആഗസ്ത് 2 ന് തൃശ്ശൂര്‍ അച്ചന്‍ തേവര്‍ അമ്പലത്തില്‍ ആനയൂട്ടും മഹാഗണപതി ഹോമവും ഉണ്ട്. ഏവര്‍ക്കും സ്വാഗതം.

Tuesday, July 7, 2015

കുമ്പിളപ്പം

my dreamz
 

ഇതിനെ കുമ്പിളപ്പം എന്നുവിളിക്കുമോ എന്നറിയില്ല.. 4 മണി കാപ്പിക്ക് ഇതുപോലെ രണ്ട് അപ്പം കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. 

പെട്ടെന്ന് ഓടിയെത്താന്‍ പറ്റിയ ഇടം രമണി ചേച്ചിയുടെ വീടാണ്.. മറ്റാര്‍ക്കെങ്കിലും ഈ അപ്പം 4 എണ്ണം ഉണ്ടാക്കിത്തരാന്‍ പറ്റുമെങ്കില്‍ പറയുക. ഞാന്‍ പാഞ്ഞെത്താം. 

അജിത ടീച്ചര്‍ ആയാലും വിരോധമില്ല.. 

ജൂലായ് 10 കഴിഞ്ഞാല്‍ പൂങ്കുന്നം അഗ്രഹാ‍രത്തില്‍ ലക്ഷ്മി എത്തും, അതുവരെ കാത്തിരിക്കാന്‍ പറ്റില്ല... എനിക്ക് ഇന്ന് കിട്ടണം, അല്ലെങ്കില്‍ നാളെയായാലും വിരോധമില്ല. ഇനി മറ്റന്നാളായാലും മതി, പക്ഷെ അപ്പോള്‍ കുറച്ചധികം വേണം..ഒരു പത്തോ പതിനഞ്ചോ... 

ഒമാനില്‍ നിന്നും പാറുകുട്ടിമാര്‍ വന്നിട്ടുണ്ട്. ഒരാള്‍ പൂങ്കുന്നത്തും, മറ്റൊരാള്‍ നെല്ലായിലുമാണ്. എവിടെ നിന്നാണെങ്കിലും കുഴപ്പമില്ല, ഞാന്‍ അങ്ങോട്ടെത്താം.

 ഒമാനിലെ വലിയ പാറുകുട്ടി വലിയ വീമ്പിളക്കും, നാട്ടില്‍ വരുമ്പോള്‍ കാണാം, കൂടാം എന്നൊക്കെ, എല്ലാം ചുമ്മാതാണെന്ന് ഇപ്പോള്‍ മനസ്സിലായി.. അവളുടെ അനിയത്തി ലിറ്റില്‍ പാറുകുട്ടി ഈസ് സ്വീറ്റ് എപ്പോഴും.. വന്നാല്‍ വിളിക്കും, കാണും, സ്നേഹം പങ്കിടും..

 വയ്യാതെ കിടക്കുന്നവരെ വീട്ടില്‍ വന്ന് കാണേണ്ടേ, അതല്ലേ മര്യാദ.. വലിയ പാറുകുട്ടി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു, നാളെ തിരിച്ച് പോകും. ഇന്ന് ചെറിയ പാറുകുട്ടി ചേച്ചിയെ കാണാന്‍ നെല്ലായി പോകുന്നുണ്ടെന്ന് പറഞ്ഞിരുന്നു, ഞാന്‍ പോയില്ല. ഇനി വലിയതിനെ തഴയാം. ഉപകാരമില്ലാത്തതിനെ എന്തിന് സുഹൃത്തായി കൊണ്ട് നടക്കുന്നു.. 

ഇനി ഞാന്‍ ഒമാനില്‍ പോകുമ്പോള്‍ ഒരു പക്ഷെ കാണുമായിരിക്കും. അത് ഇനി  അടുത്ത് കാലത്തൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല, എന്റെ ആരോഗ്യം ക്ഷയിച്ച് തുടങ്ങി.

 പാറുകുട്ടിമാര്‍ താമസിക്കുന്ന സ്ഥലത്തിന്നടുത്താണ് ബെല്ലി ഡാന്‍സുള്ള ഹോളി ഡേ ഇന്നും, റെഡിസണ്‍ ഹോട്ടലുകളെല്ലാം.. 

പറഞ്ഞിട്ടെന്തുകാര്യം. യോഗം വേണ്ടേ കൂട്ടുകാരേ...


foto courtsey : google

Sunday, June 28, 2015

കാപ്പി ക്ലബ്ബ്

memoir

എന്റെ നാട്ടുകാരന്‍ സജീവന്റെ കാപ്പി ക്ലബ്ബ് ആണ് ഇത്. തൃശ്ശിവപേരൂര്‍ പഴയ നടക്കാവില്‍. ഇവിടെ നല്ല സ്ട്രോങ് എവിടി ചായ കിട്ടും. തനി നാടന്‍ സ്റ്റൈലില്‍. അന്നന്നുണ്ടാക്കുന്ന പരിപ്പുവടയും, പഴമ്പൊരിയും മറ്റും. വിസ്തരിച്ച് ഇരുന്ന് കഴിക്കാനുള്ള ഇടമൊന്നുമില്ലെങ്കിലും നല്ല ചായ കിട്ടുന്നതിനാല്‍ ഇവിടെ നല്ല തിരക്ക് തന്നെ. കുന്നംകുളം കിഴൂര്‍ ആണ് സജീവന്റെ നാട്, എന്റെ ചെറുവത്താനിയിലുള്ള വീട്ടിലേക്ക് സജീവന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍... തൃശ്ശൂരില്‍ പോകുമ്പോള്‍ മറക്കാതെ പോകുക സജീവന്റെ കാപ്പി ക്ലബ്ബിലെക്ക്.. സ്വരാജ് റൌണ്ടിനോട് ചേര്‍ന്നതാണ് ഈ പഴയനടക്കാവ്. തൃശ്ശൂര്‍ പൂരത്തിന് മടത്തില്‍ വരവ് ആരംഭിക്കുന്നത് ഈ പീടികയുടെ ഏതാണ്ട് മുന്നില്‍ നിന്നുമാണ്.. ഞാന്‍ രക്തവാതം പിടിച്ച് കിടക്കുകയാണ് ഒരു മാസമായിട്ട്, അതിനാല്‍ അവിടെ പോയിട്ട് കുറച്ച് നാളായി. ഇനി പോകണം താമസിയാതെ.. എന്റെ ഒമാന്‍ പാറുകുട്ടി വന്നിട്ടുണ്ട്, അവളേയും കൂട്ടി പോകണം അടുത്ത നാളുകളില്‍

Tuesday, May 19, 2015

അജിത ടീച്ചറുടെ സ്വാഗത പ്രസംഗം

ഇടിവെട്ടി മോഡം കത്തി തന്നെയുമല്ല മദർ ബോര്ടും ഹാര്ഡ് ഡിസ്കും കത്തി , ഞാൻ കുറെ നാളായി ഒന്നും എഴുതാതെ ഇരിക്കുന്നു. ആര്ക്കും ഒരു വേവലാതി ഇല്ല, ഈ പാവത്തിന് ഒരു കമ്പ്യൂട്ടർ വാങ്ങി തരാൻ.
രമണിയും അജിതയും 
ഇന്നേക്ക് പതിനാലു ദിവസം കഴിഞ്ഞു ഞാൻ പണിയൊന്നും ഇല്ലാതെ ഇരിക്കുന്നു. പണി ആയുധം ഇല്ലല്ലോ പിന്നെ എങ്ങിനെ പണിയെടുക്കും . 

കഴിഞ്ഞ ഞായര് നല്ലൊരു ദിവസം ആയിരുന്നു. പ്രിയ സുഹൃത്ത് Dimple Gireesh ന്ടെ മോഹിനിയാട്ടം ഉണ്ടായിരുന്നു തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ . ചിരകാലമായി ഞാൻ കാത്തിരുന്നതാണ് ഇവളെ കാണാൻ . ഫേസ് ബുക്ക് online സൌഹൃദ സംഗമം ആയിരുന്നു. ഗീത, ഉമ, എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. പ്രസ്ഥ കവി കുരീപുഴ ശ്രീകുമാറിനെ ആദരിച്ചു. വേദിയിൽ ജയരാജ്‌ വാരിയർ, മണിലാൽ, വൈഷഖാൻ മാഷ്‌, മുതൽ പേര് ഉണ്ടായിരുന്നു. 
ജെ പി വിത്ത് dimple 

എനിക്ക് ഏറ്റവും ഇഷ്ടമായത് എന്റെ പ്രിയ സുഹൃത്ത് അജിത ടീച്ചറുടെ സ്വാഗത പ്രസംഗം ആയിരുന്നു. അന്നായിരുന്നു ഞാൻ ടീച്ചറെ നേരിൽ കാണുന്നത്. നമ്മളൊക്കെ നാട്ടുകാരല്ലെ എന്നും പറഞ്ഞ് teacher എന്നോട് സൌഹൃദം പങ്കിട്ടു.

അന്ന് അവിടെ രമണി ചേച്ചിയും വന്നിരുന്നു. ഒരുപാട് എഴുത്തുകാരെ അന്ന് നേരിൽ കാണാനായി. എറണാകുളം മീരയും ഉണ്ടായിരുന്നു. പലരെയും അന്നായിരുന്നു ആദ്യം കാണുന്നത്.
vaishakan maastar 

ഞാൻ അവിടെ  അധികം നിന്നില്ല, മറ്റൊരു പരിപാടിക്ക് പോകേണ്ടതിനാൽ ഉച്ചയോട് കൂടി സ്ഥലം വിട്ടു.

please note that there is some issue with malayalam font, so kindly excuse. more detailed post shall be released soon

Wednesday, May 6, 2015

മുട്ടിപ്പലകയിൽ ഇരിക്കുന്ന പാറുകുട്ടി

short story
========

ഉമ്മറപ്പടിയില്‍ ഇരുന്ന് നോക്കുമ്പോള്‍ കാണുന്നത് ഒരുവശത്ത് പോര്‍ച്ചിന്റെ മുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന കശുമാവ്, താഴെ മുറ്റത്തെ മണല്‍ പരപ്പില്‍ കിടന്നുറങ്ങുന്ന ഇലകളും അവയെ തൊട്ടുരുമ്മി മറ്റുചവറുകളും, തൊട്ടടുത്ത് നില്‍ക്കുന്ന സര്‍വ്വസുഗന്ധിയും, കരയാമ്പൂവും, കിടപ്പുമുറിക്കത്ത് നില്‍ക്കുന്ന സിന്നമണ്‍ മരവും, നേരെ നോക്കിയാല്‍ കാണുന്ന വാഴക്കൂട്ടവും, പടിഞ്ഞാറെ കോണില്‍ കാണുന്ന കിലീറ്റസ്സിന്റെ ബെയ്ത്തും, ഇടത്തേ കണ്‍കോണില്‍ നോക്കിയാല്‍ മതിലിന്നരികിന്മേല്‍ വൃക്ഷം പോലെ പരന്നുകിടക്കുന്ന പതിമുഖവും, പതിമുഖത്തിന്റെ താഴെ മുണ്ട് മേല്പോട്ട് തിരുകി കയറ്റി മുട്ടിപ്പലകയില്‍ ഇരുന്ന് മീന്‍ നന്നാക്കുന്ന പാറുകുട്ടിയും ഒക്കെ ഇന്നെത്തെ എന്റെ ചിന്താവിഷയത്തില്‍ എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.
[this will be continued shortly] 

ഇടി വെട്ടി മോഡം കത്തിപ്പോയി , അതിനാല 14 ദിവസം കഴിഞ്ഞു തുടര്ന്നെഴുതാം 

Wednesday, April 22, 2015

വടക്കുന്നാഥന്റെ മണ്ണില്‍

MEMOIR

കുറച്ച് നാള്‍ മുന്‍പ് ഞാന്‍ എന്റെ ഗ്രാമമായ ചെറുവത്താനിയെപ്പറ്റി എഴുതാന്‍ തുടങ്ങിയതായിരുന്നു. അത് എഴുതാനുള്ള നിമിത്തമായത് ദുബായിലെ സതീശ് ആയിരുന്നു.. ഞാന്‍ അത് തുടര്‍ന്നെഴുതിയില്ല ഇതുവരെ..

ആ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എന്റെ സഹോദരനെ ഊന്നല്‍ കൊടുത്തുംകൊണ്ട് അദ്ധ്യായം 2  തുടര്‍ന്നെഴുതാന്‍ സതീശ് ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ സതീശിന് അത് വേറെ ഒരിടത്തെ പ്രസിദ്ധീ‍കരിക്കാനും പറ്റുമെന്ന് പറഞ്ഞു.. എനിക്ക് ആ പോസ്റ്റ് ഇതുവരെ എഴുതിത്തീര്‍ക്കാനായില്ല.. തന്നെയുമല്ല അദ്ധ്യായം 2  ലെ വിവരങ്ങള്‍ ആദ്യം സതീശ് പറയുന്ന ലിങ്കില്‍ മാത്രമേ വരാന്‍ പാടുള്ളൂ എന്നതിനാല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്..

എന്റെ ബ്ലോഗില്‍ ആണെങ്കില്‍ ഞാന്‍ തന്നെ ആണ് പത്രാധിപരും മറ്റെല്ലാവരും... അപ്പോള്‍ സതീശിന് വേണ്ടി ഞാന്‍ എഴുതാം എന്റെ സഹോദരന്‍ വി. കെ. ശ്രീരാമനെ പറ്റി താമസിയാതെ. എന്നിട്ട് എന്റെ ബ്ലോഗില്‍ ലിങ്ക് ഇടാം.. ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതുമ്പോള്‍ അത് എനിക്കൊരു വരുമാന മാര്‍ഗ്ഗം ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നിരുന്നാലും എനിക്ക് അതിനൊക്കെ ഉള്ള സമയം ഇല്ല ഇപ്പോള്‍. പക്ഷെ സതീശ് എന്ന വ്യക്തിക്ക് വേണ്ടി എന്റെ വിലപ്പെട്ട കുറച്ചുസമയം ഞാന്‍ വിനിയോഗിക്കാം...

 ജന്മനാട് ചെറുവത്താനിയാണെങ്കിലും ഇപ്പോള്‍ എന്റെ തട്ടകം തൃശ്ശിവപേരൂര്‍ എന്നറിയപ്പെടുന്ന തൃശ്ശൂര്‍ ആണ്.. കഴിഞ്ഞ ഇരുപത് കൊല്ലമായി ഇവിടെ താമസിച്ച് വിലസി ഇപ്പോള്‍ തൃശ്ശൂര്‍ക്കാരനായി...  ലോക്കല്‍ മീഡിയ ചാനലിന്റെ അമരക്കാരനായി കുറച്ച് വര്‍ഷം വിലസിയതിനുശേഷം തൃശ്ശൂര്‍ക്കാര്‍ക്കെല്ലാം എന്നെ സുപരിചിതനായി. തന്നെയുമല്ല ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനം, ശ്രീ നാരായണ ക്ലബ്ബ്, പ്രോബസ്സ് ക്ലബ്ബ് എന്നീ ക്ലബ്ബുകളിലെ സജീവ പ്രവര്‍ത്തനത്തിലൂടെ ജീവകാരുണ്യ രംഗത്തും ചുവട് പിടിപ്പിക്കാനായി. അങ്ങിനെ ഈ പാവം ജെപി എന്ന തൃശ്ശൂര്‍ക്കാരനെ അല്ലെങ്കില്‍ ഉണ്ണ്യേട്ടന്‍ എന്ന ചെറുവത്താനിക്കാരനെ ജനത്തിന് പ്രിയങ്കരം...

ഏറ്റവും ഒടുവില്‍ ചെയ്ത ജീവകാരുണ്യം കസ്തൂര്‍ബ വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് വസ്ത്രദാനം ചെയ്തും കൊണ്ടാണ്. പിന്നെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചില്ലറ പരിപാടികളും.. ഇപ്പോള്‍ അവരുടെ കിണറ്റില്‍ വെള്ളം ഉണ്ടെങ്കില്‍ സദാ സമയവും കെട്ടിടത്തില്‍ വെള്ളം ലഭിക്കുന്ന അന്ത:രീഷം സൃഷ്ടിക്കാനായി...

കൂടാതെ വര്‍ഷത്തില്‍ ഗാന്ധിജയന്തി ഞങ്ങള്‍ ലയണ്‍സ് ക്ലബ്ബ് തലത്തില്‍ അവിടെ ആഘോഷിക്കുന്നു. ഏതാണ്ട് മുപ്പതോ നാല്പതോ അമ്മമാര്‍ക്ക് ഒരു നേരത്തെ ഭക്ഷണവും, മരുന്നും മറ്റു പദാര്‍ഥങ്ങളും, വീല്‍ ചെയര്‍, കട്ടില്‍, കിടക്ക, കമ്പിളി മുതലായവയും നല്‍കി വരുന്നു.. പിന്നെ പലപ്പോഴുമായി അവിടെ വൃക്ഷത്തൈകള്‍ നട്ട് വളര്‍ത്തുന്നു. ഞങ്ങള്‍ നട്ട നെല്ലി മരത്തില്‍ ഇപ്പോള്‍ നിറയെ കായ്കള്‍. ഞങ്ങള്‍ എല്ലാ ഒക്ടോബര്‍ 2 നും അവിടെയെത്തും.  ആയതിനാല്‍ രണ്ട് മൂന്ന് ചില്ലകളിലെ നെല്ലിക്ക ഞങ്ങള്‍ക്കായി അവര്‍ അവിടെ നിര്‍ത്തും.. ഈ എഴുപതുവയസ്സുകാരനായ ഞാന്‍ നെല്ലി മരത്തില്‍ കയറി ശേഷിച്ച നെല്ലിക്കയെല്ലാം പൊട്ടിക്കും. അങ്ങിനെ എല്ലാ ഒക്ടോബര്‍ 2 ഉം ഞങ്ങള്‍ക്ക് മറക്കാനാകാത്ത ദിനമാണ്.

 പണ്ട് പണ്ട് എന്റെ ബാല്യകാലത്ത് തൃശ്ശൂര്‍ പട്ടണത്തില്‍ വരിക എന്നത് എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസങ്ങളായിരുന്നു.. അന്ന് ഞാന്‍ ചേച്ചിയുമായാണ് സാധാരണ തൃശ്ശൂര്‍ വരാറ്.. വന്നാല്‍ ആദ്യം തന്നെ KR Biscuit   കമ്പനിയിലെ അമ്പാടി മാമനെ കാണും.. ഷോപ്പിങ്ങിന്നിടയില്‍ അവിടെ ഇടക്ക് പോകും. മാമന്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ ചായയും കാപ്പിയും പിന്നെ ചുടുറൊട്ടിയും ബിസ്ക്സ്റ്റും എല്ലാം തരും... വെളുത്ത പുരികങ്ങള്‍ ഉള്ള അമ്പാടി മാമന്‍ ഷര്‍ട്ട് ഇടാറില്ല, വലിയ കുമ്പവയറുമായി കൌണ്ടറില്‍ ഇരിക്കുന്നത് കാണാന്‍ രസമാണ്. എന്റെ അച്ചന്റെ കൂട്ടുകാരനായിരുന്നു അമ്പാടി മാമന്‍. ഞാന്‍ കെ. ആര്‍. മാമന്‍ എന്നാണ് വിളിച്ചിരുന്നത്..

തൃശ്ശൂര്‍ വന്നാല്‍ പത്തന്‍സ് ഹോട്ടലില്‍ കയറി മസാല ദോശ കഴിക്കും, പിന്നീട് ഉച്ചക്ക് കേസിനോ ഹോട്ടലില്‍ നിന്ന് ബിരിയാണിയും ഫ്രൂട്ട്  സലാഡും.. എല്ലാം കഴിഞ്ഞ് നാലുമണിയോട് കൂടി കുന്നംകുളത്തേക്ക് ബസ്സ് കയറുമ്പോള്‍ ഞാന്‍ വിചാരിക്കും ഈ തൃശ്ശൂര്‍ക്കാര്‍ക്കൊക്കെ എന്തൊരു സുഖമാണെന്ന്.. എന്തൊരു വലിയ പട്ടണം, എന്തെല്ലാം വിഭവങ്ങള്‍, പിന്നെ നിറയെ സിനിമാകൊട്ടകയും... ഹാ...!! എനിക്കും ഒരു വീടുണ്ടായിരുന്നെങ്കില്‍ തൃശ്ശൂരില്‍....

 കാലങ്ങള്‍ക്ക് ശേഷം ആ സ്വപ്നം യാഥാര്‍ഥ്യമായി.. ശ്രീ വടക്കുന്നാഥന്റെ തട്ടകത്തില്‍ വീടും കുടുംബവുമായി ഞാന്‍ വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു. പണ്ടൊക്ക് ഞാന്‍ വളരെ സജീവമായിരുന്നു പട്ടണത്തില്‍, വൈകുന്നേരത്തെ സര്‍ക്കീറ്റില്‍ സ്മോളടിയും ഉണ്ടായിരുന്നു...  സ്മോളടിക്കാന്‍ ഞാന്‍ ആരേയും കൂട്ടാറില്ല.. ബാര്‍ കൌണ്ടറിലായിരുന്നു എനിക്ക് കമ്പം. വിദേശത്തും ഞാന്‍ അങ്ങിനെയായിരുന്നു...

ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സിറ്റിയിലെ മിക്ക പബ്ബുകളിലും ഞാന്‍ വിലസുമായിരുന്നു ഒരിക്കല്‍..  താമസിച്ചിരുന്ന വീസ് ബാഡനിലെ ഹോട്ടല്‍ ക്ലീയിലും ഞാന്‍ ബാര്‍ കൌണ്ടറില്‍ സ്ഥാനം പിടിച്ചിരുന്നു....  എന്റെ തൃശ്ശൂരിലെ താമസം തൃശ്ശൂര്‍ പൂരപ്പറമ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്ക് ഭാഗമായ കൊക്കാലയിലാണ്.. ഞാന്‍ ഇവിടെ വീട് വെക്കുന്ന ഇരുപത് കൊല്ലം മുന്‍പ് ഇവിടെ ജനസാന്ദ്രത കുറവായിരുന്നു. ഇപ്പോള്‍ സിറ്റിയുടെ സിരാ കേന്ദ്രമായി മാറി കൊക്കാല..

ഭഗവാന്റെ കടാക്ഷം മാത്രമാണ് ഈ കൊക്കാലയില്‍ വന്നുപെട്ടത്.. തൃശ്ശൂരില്‍ എല്ലാം തികഞ്ഞ ഒരു ഇടം ഈ കൊക്കാല മാത്രമാണ്. ഏത് പാതിരാത്രിക്കും ഓട്ടോ കിട്ടുമെന്നതാണ് പ്രധാന ആകര്‍ഷണം.. പിന്നെ ശക്തന്‍ ബസ്സ് സ്റ്റാന്‍ഡ്, കേരള ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡ്, റെയില്‍ വെ സ്റ്റേഷന്‍, പ്രധാന 6 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍, പ്രധാന 3 മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍.  Bank & ATM,  വെറ്റിനറി ഹോസ്പിറ്റല്‍, കള്ളുകുടിയനായ എനിക്ക് എപ്പോഴും കിട്ടുന്ന ചില്‍ഡ് ഫോസ്റ്റര്‍ ലഭിക്കുന്ന ബെവറേജ് ഷോപ്പ്, ഇംഗ്ലീഷ് - ആയുര്‍വ്വേദ മരുന്നുകടകള്‍, വെളിച്ചെണ്ണ മില്ല്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പും സൂപ്പര്‍മാര്‍ക്കറ്റും, മീന്‍ & പച്ചക്കറി മാര്‍ക്കറ്റ്, ആയുര്‍വ്വേദ ആശുപത്രികള്‍, അമ്പലങ്ങള്‍, കൃസ്ത്യന്‍ - മുസ്ലീം ആരാധനാലയങ്ങള്‍ തുടങ്ങി ഈ കൊക്കാലയില്‍ ഇല്ലാത്തതൊന്നും ഇല്ല.

ഇപ്പോളിതാ പാസ്സ്പോര്‍ട്ട് ഓഫീസും..  പിന്നെ ഇന്‍ കം ടാക്സ്, എക്സൈസ് മുതലായ കാര്യാലയങ്ങളും സമീപത്തുതന്നെ.. എല്ലാ സ്ഥലത്തേക്കും നടന്നെത്താവുന്ന ദൂരത്ത്..

 കുറേശ്ശെ കുറേശ്ശെയായി എഴുതാം. അധികം നേരം സിസ്റ്റം നോക്കിയിരുന്നാല്‍ ഇപ്പോള്‍ തലവേദന ആണ്...
more pictures shall be added later

Sunday, April 12, 2015

മാങ്ങയിട്ട മുരിങ്ങാക്കറി

 സ്വപ്ന സഞ്ചാരം

 ഞാന്‍ ഇന്ന് കാലത്ത് എണീറ്റത് പത്തുമണിക്ക്... 7 മണിക്ക് വിളിക്കാമെന്ന് പറഞ്ഞിരുന്നു ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍ തിരൂരില്‍ ബ്ലോഗ് സംഗമത്തിലേക്ക്. അദ്ദേഹത്തിന്റെ വിളി കേട്ടില്ല, അപ്പോള്‍ ഞാനങ്ങിനെ ഉറങ്ങിയുറങ്ങി പത്ത് മണിയോടായി.. 

ഇതിനൊക്കെ കാരണം എന്റെ പെണ്ണ് തന്നെയാണ്. എനിക്ക് വയസ്സായി എന്നെക്കൊണ്ട് അവള്‍ക്കൊരു കാര്യവും ഇല്ലാതായപ്പോള്‍ അല്ലെങ്കില്‍ അവള്‍ക്ക് എന്റെ സേവനം വേണ്ടാതായപ്പോള്‍ ഇപ്പോള്‍ അവള്‍ രാത്രി കിടപ്പ് അടുക്കളയിലേക്കാക്കി..അല്ലെങ്കില്‍ അവള്‍ 6 മണിക്ക് ഉണരുമ്പോള്‍ എന്നേയും ഉണര്‍ത്താമായിരുന്നു. 

പണ്ടൊക്കെ ഞായറാഴ്ചയായാല്‍ എന്നെ അഞ്ചര മണിക്ക് എണീപ്പിച്ച് ഒരു കട്ടന്‍ കാപ്പി തന്ന് ചന്തയിലേക്ക് വിടും മീനും, പോര്‍ക്കും, ബീഫും പിന്നെ കാശ് ബാക്കിയുണ്ടെങ്കില്‍ ഉണക്കമീനും മറ്റും വാങ്ങിക്കാന്‍. ഇപ്പോള്‍ വീട്ടില്‍ മീന്‍ കാരനും, പച്ചക്കറിക്കാരനും ഒക്കെ വരാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്നെ വിളിച്ചുണര്‍ത്താറില്ല. എനിക്കാണെങ്കില്‍ അവള്‍ കൂടെ കിടക്കാത്ത കാരണം ഇപ്പോള്‍ സ്വപ്നം കാണല്‍ കൂടി. 

പണ്ട് പണ്ട് പാറുകുട്ടി നാളികേരം അരക്കുമ്പോള്‍ ഞാന്‍ അവളെ പിന്നില്‍ നിന്നും കെട്ടിപ്പിടിക്കാറുണ്ട് ... മുളകരക്കുമ്പോള്‍ ആ അഭ്യാസമൊന്നും നടക്കില്ല, കാരണം ചിലപ്പോള്‍ അവള്‍ എന്നെ തിരിച്ച് കെട്ടിപ്പിടിക്കും, അപ്പോള്‍ ഉണ്ടാകുന്ന അവസ്ഥ അറിയാമല്ലോ...

 ഇന്നെലെ അളിയന്‍ - എനിക്ക് 2 അളിയന്മാരുണ്ട്. അതില്‍ ഇളയവന്‍ ഇപ്പോള്‍ വളരെ മനുഷ്യസ്നേഹിയാണ്. വീട്ടില്‍ എന്ത് പറിച്ചാലും പെങ്ങള്‍ക്ക് കൊടുത്തയക്കും. അങ്ങിനെ ഇന്നെലെ മുരിങ്ങാക്കായും ചക്കയും ഒക്കെ കൊടുത്തയച്ചിരുന്നു. 

ഞാന്‍ കാലത്ത് വൈകിയാണ് എണീറ്റെങ്കിലും കുളിച്ച് കുറി വരച്ച കോലായില്‍ ഫേനും ഇട്ട് പത്രം വായിക്കാനിരുന്നപ്പോള്‍ വീണ്ടുമൊന്ന് മയങ്ങി. മയക്കത്തില്‍ സ്വപ്നം കണ്ടു. മാങ്ങയിട്ട മുരിങ്ങാക്കറി.... നല്ല ഫ്രഷ് നാളികേരം അമ്മിയില്‍ അരച്ച് പച്ചമാങ്ങയിട്ട മുരിങ്ങാക്കറി... ഹാ...!! എന്തൊരു രസകരം... 

എനിക്ക് മിക്സിയില്‍ അരച്ച നാളികേരം ഇഷ്ടമില്ല.. അമ്മിയില്‍ തന്നെ അരക്കണം... ഇന്നാളൊരു കോന്തി പെണ്ണ് ഷൊര്‍ണൂര്‍ റോഡിലാണോ മറ്റോ ആണെന്ന് തോന്നുന്നു താമസം.. എനിക്ക് അമ്മിയില്‍ ചമ്മന്തി അരച്ച് തരാമെന്ന് പറഞ്ഞ് പറ്റിച്ചു.. വടക്കുന്നാഥനില്‍ വന്നിരുന്നു എന്നെ കാണാന്‍, ഉണ്ണിയപ്പം വരിയില്‍ നിന്നും മേടിച്ച് തന്നു. ഔഷധി കാന്റീനില്‍ നിന്നും  നെല്ലിക്കാ ജ്യൂസും ഒക്കെ വാങ്ങിത്തന്നു. പിന്നെ എന്റെ ചിലവില്‍ ഞാന്‍ അവള്‍ക്കും ജ്യൂസും ഹെര്‍ബല്‍ പുട്ടും വാങ്ങിക്കൊടുത്തു. 

സ്നേഹം മൂത്തപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചു. പാറുകുട്ടിക്കഥ വായിച്ച് എനിക്ക് പാറുകുട്ടി അരക്കുന്ന പോലെ മാങ്ങാച്ചമ്മന്തി അരച്ച് തരാമെന്നൊക്കെ പറഞ്ഞ് പറ്റിച്ചു..   അവളുടെ ആഗമനോദ്ദേശ്യം എന്തിനായിരുന്നെന്ന് എനിക്ക് പിടി കിട്ടിയപ്പോള്‍ അവളെന്നെ കാണാന്‍ വരാതെയായി. തന്നെയുമല്ല അവളുടെ അയല്‍ക്കാരിപ്പെണ്ണുമായുള്ള എന്റെ സൌഹൃദത്തില്‍ അവള്‍ അഹങ്കാരിയുമായി. ഇപ്പോള്‍ എന്തായി അവസാനം അവളുമില്ല, അയല്‍ക്കാരിയുമില്ലാതെയായി... 

എന്നാലും ചമ്മന്തി അരച്ച് തരാമെന്ന് പറഞ്ഞ് എന്നെ പറ്റിച്ചവളെ ഞാന്‍ വെറുതെ വിടില്ല..

 അവളെ കണ്ടാല്‍ ഒരു ഉണക്കല്‍ പോലെ ഉണ്ട്.. എന്നാല്‍ ഭാവമോ...? അത് മിക്ക പെണ്ണുങ്ങളുടേയും ഏറെക്കുറെ അങ്ങിനെ... ഇവളുടെ അയല്‍ക്കാരി തന്നെയാണ് ഇവളേക്കാളും ചന്തം. ചന്തമെന്നുപറഞ്ഞാല്‍ മോന്തായം ഒരു കുറുക്കനെപ്പോലുണ്ട്. മോന്തായത്തിന് താഴെ അറബിക്കടല്‍ പോലെ വിശാലമാണ്.. ഹൃദയം ഓക്കെയല്ല. വിശാലമല്ല... ഹൂം ആ അതൊക്കെ പോട്ടെ..... 

പോയി തുലയട്ടെ കുറുക്കനും ഉണക്കലും.. 

 ഞാന്‍ മുരിങ്ങാക്കറി സ്വപ്നം കണ്ട് വീണ്ടും കസേലയിലിരുന്ന് പറങ്കിമാവിന്റെ കാറ്റുകൊണ്ട് ഇരുന്നു. പങ്ക ഓഫാക്കി. ഈ പറങ്കിമാവിനെ കാറ്റിന് വളരെ സുഗന്ധമാണ്. തൃശ്ശൂരിലെ കാറ്റിന് സുഗന്ധം പോരാ. പണ്ട് ഞാന്‍ കുട്ടിക്കാലത്ത് ചേച്ചിയുടെ കൂട് അക്കരക്ക് പോകും. അന്ന് ചാവക്കാടുള്ള “അക്കര” പ്രസിദ്ധമാണ്. നാട് നന്നായപ്പോള്‍ കൂട്ടുങ്ങലില്‍ നിന്നും അക്കരക്ക് വഞ്ചി കിട്ടാതെയായി.  ആ അക്കരയിലെ ചേച്ചിയുടെ മാമന്റെ വീടുണ്ട്. അവിടെ ഞങ്ങള്‍ സ്കൂള്‍ പൂട്ടുമ്പോള്‍ പോകും. 

അവിടെ വീടിനുപിന്നില്‍ കടല്‍ക്കര വരെ വിശാലമായ പറമ്പാണ്.. പറമ്പ് നിറയെ പറങ്കിമാവും.. പറങ്കി മാവ് പൂത്തുനില്‍ക്കുമ്പോള്‍ പറങ്കി സുഗന്ധം വരും. പിന്നെ ഞങ്ങള്‍ ആണ്‍ പിള്ളേര്‍സ് ഈ പറങ്കിമാവിന്റെ കൊമ്പില്‍ കയറിയിരുന്നാണ് ലാട്രീന്‍ വര്‍ക്കുകള്‍ ചെയ്യാറ്... അപ്പോള്‍ ഈ പറങ്കി സുഗന്ധത്തില്‍ കൂടി ഉച്ചയാകുമ്പോള്‍ കരിഞ്ഞ കണ്ടിയുടെ ഗന്ധവും വരും.. മാമ്പൂവിന്റെ സുഗന്ധം ഈ ഗന്ധത്തില്‍ മിക്സായാലും ഓക്കെയായിരുന്നു...

 പണ്ട് മേല്‍ പറഞ്ഞ ഉണക്കല്‍ എനിക്ക് ഒരു ദിവസം മാങ്ങാച്ചമ്മന്തിയുണ്ടാക്കിത്തരാമെന്ന് പറഞ്ഞ് അവളുടെ വീട്ടിലേക്ക് വിളിച്ചു.. അവള്‍ എന്നോട് തേങ്ങ പൊളിക്കാന്‍ പറഞ്ഞ് അടുക്കളയിലേക്ക് പോയി... എനിക്ക് തേങ്ങ പൊളിച്ച് പരിചയമില്ലായെന്നും പറഞ്ഞ് മുങ്ങി. അപ്പോള്‍ അവള്‍ കുമ്പിട്ടിരുന്ന് വെട്ടുകത്തി കൊണ്ട് തേങ്ങ പൊളിച്ച് ചിരകുവാനുള്ള ഏര്‍പ്പാടിലേക്ക് നീങ്ങി.. 

അപ്പോള്‍ ഞാന്‍ പറഞ്ഞു ആ മണ്ഡൂകത്തിനോട്  നാളികേരം കൊത്തുകളായി അമ്മിയിലിട്ട് ചതക്കണം.... അതൊക്കെ ഓക്കെ എന്നുമ്പറഞ്ഞ് അവള്‍ ചമ്മന്തിയരക്കാനുള്ള പരിപാടിയിലേക്ക് നിങ്ങാനിരിക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു “പാറുകുട്ടി ചമ്മന്തിയരക്കുന്നത് ഈ വേഷത്തിലല്ല..  മുട്ടുവരെയുള്ള മുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും. ജാക്കറ്റിന്നടിയില്‍ ഇതുപോലെയുള്ള എവറസ് കൊടുമുടിയുടെ പോലുള്ള മുലക്കച്ചയൊന്നും പാടില്ല. സാദാ കച്ചയിട്ട്, അല്ലെങ്കില്‍ കച്ച കെട്ടിയില്ലെങ്കിലും വേണ്ട...” 

ഇതൊക്കെ കേട്ടപ്പോള്‍ അവള്‍ക്കൊരു വിമ്മിട്ടം.....”എനിക്ക് വട്ടക്കഴുത്തുള്ള ജാക്കറ്റൊന്നും ഇല്ല. കച്ച അഡ്ജസ്റ്റ് ചെയ്യാം...." എന്തിനു പറേണൂ ഞങ്ങള്‍ തമ്മില്‍ കശപിശ പറഞ്ഞ് ചമ്മന്തി അരക്കുമ്പോളേക്കും വീട്ടില്‍ വിരുന്നുകാര്‍ വന്ന് പ്രോഗ്രാം ചളിപിളിയായി...

 ഇന്നാളൊരു ദിവസം ഞങ്ങള്‍ കുടുംബക്കാര്‍ ഒരിടത്ത് ഒത്തുകൂടി.. അവിടെ ഏറ്റവും കൂടുതല്‍ മേക്കപ്പോട് കൂടിയ ഒരു അമ്മച്ചി നില്‍പ്പുണ്ടായിരുന്നു.. കൂടിയ ഇടത്ത് തിരക്കുകാരണം ഒരാളെ ഇടിക്കാതെ മറ്റൊരു ഇടത്തേക്ക് പോകാന്‍ കഴിയില്ല.. പ്രധാന പരിപാടി വീതി കുറഞ്ഞ് നീളം കൂടിയ ഒരു മുറിയിലായിരുന്നു.. മുറിയുടെ പിന്നിലേക്കുള്ള അടുക്കള ഭാഗത്തേക്ക് കൂടെ കൂടെ പോകുമ്പോള്‍ മറ്റൊരാളെ തട്ടാതെ പോകാന്‍ പ്രയാസം.. 

അങ്ങിനെ തട്ടിയും മുട്ടിയും പരിപാടി കഴിഞ്ഞ് എല്ലാരും കൂടി അടുത്തുള്ള അമ്പലത്തില്‍ കയറി.. എങ്ങിനെയോ ഈ മുതുക്കി എന്റെ പിന്നില്‍ വന്ന് പെട്ടു.. ഷര്‍ട്ട് അഴിച്ച് കയ്യില്‍ തൂക്കി ഞാന്‍ വിയര്‍ത്ത് കുളിച്ച് ദര്‍ശനം കാത്ത് ലൈനില്‍ നില കൊണ്ടു. അതിന്നിടക്കാണ് മുതുകത്ത് ആരോ കത്തി കൊണ്ട് വരഞ്ഞ പോലെ തോന്നിയത്.. ആദ്യം വിചാരിച്ചു തോന്നലാകുമെന്ന്. തിരിഞ്ഞ് നോക്കാന്‍ പറ്റാത്ത വിധം തിരക്ക്. 

പിന്നെ മുന്നോട്ട് നോക്കി തന്നെ കൈ പിന്നോട്ട് നീക്കി പരതി നോക്കി കത്തിയും പിടിച്ച്  നില്‍ക്കുന്നയാളെ.. അപ്പോളാണ് മനസ്സിലായത് ആ മുതുക്കിയുടെ എവറസ്റ്റ് പോലെ മുനപോലെ ഉന്തി നില്‍ക്കുന്ന മുലക്കച്ചയായിരുന്നു എന്റെ മുതുകത്ത് കുത്തിക്കൊണ്ടിരുന്നത്..  ഞാന്‍ എന്റെ കൈപ്പത്തി മുതുകത്ത് പരത്തിവെച്ചുകൊണ്ട് ഒരുവിധം പുറത്ത് കടന്നു... 

വെള്ളരിക്കാ പോലെ ഞാന്ന് കിടക്കുന്നത് നേരെയാക്കാന്‍ ആ മുതുക്കി ചെയ്തിരുന്ന അഭ്യാസം മറ്റുള്ളവര്‍ക്ക് പാരയായി.... 

 ഞാന്‍ വീണ്ടും കസേരയില്‍ കിടന്ന് പാറുകുട്ടിയെ സ്വപ്നം കണ്ടു.. പാറുകുട്ടി നല്ല വെന്തെണ്ണ തേച്ച് കുളിച്ച് ഈറന്‍ മുടിയോടെ മുട്ടുവരെയുള്ള മല്‍മല്‍ മുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റുമിട്ട് നോന്‍ എവറസ്റ്റ് താങ്ങിയുമായി എന്റെ അടുക്കല്‍ വന്നിരുന്നു.. പച്ച മാങ്ങ തൊലി കളഞ്ഞ് പൂണ്ട് നുറുക്കി പാത്രത്തിലിട്ടു ആദ്യം, എന്നിട്ട് മുരിങ്ങാക്കായ തൊലി ചീകി അതും പാത്രത്തിലിട്ടു. അതിനുശേഷം നാളികേരം ചിരകാനിരുന്നു.. 

ചിരട്ടയിലെ നാളികേരം തരി തരിയായി കിണ്ണത്തില്‍ വീഴുന്നതനുസരിച്ച മറ്റെന്തോ എവിടേയോ തുള്ളിച്ചാടിയിരുന്നു.. തുള്ളിച്ചാട്ടം നിന്നതും കിണ്ണം നിറയെ ചിരകിയ നാളികേരം നിറഞ്ഞു..  വിറകടുപ്പില്‍ ഇന്നെലെ മയക്കിയ മണ്‍ കലത്തില്‍ പരിപ്പ് വേവിക്കാന്‍ ഇട്ടു. ചിരകിയ നാളികേരം  അമ്മിയില്‍ അരക്കാനായി പോയി. 

അമ്മിക്കഭിമുഖമായി ഞാന്‍ ഒരു കാല്‍ മറ്റേ കാലിന് തൂണ് കൊടുത്ത് നിന്നു... നാളികേരം അരക്കാനായി അമ്മിക്കുഴ നീങ്ങുമ്പോള്‍ ആ നാദലയത്തില്‍ രണ്ടാളുകള്‍ നൃത്തം വെക്കാന്‍ തുടങ്ങി..   പരിസരം മറന്ന് ഞാന്‍ ആ നൃത്തത്തില്‍ ലയിച്ചു....

നിമിഷങ്ങള്‍ക്കകം മൂക്കില്‍ മുരിങ്ങാ‍ക്കറി താളിക്കുന്നതിന്റെ മണം വന്നടിച്ചു.. ഹാ.............!!! എന്തൊരു രുചി...

കൈ കുത്തരിയുടെ ചോറില്‍ ചൂടുള്ള ആവി പറക്കുന്ന മുരിങ്ങാക്കറി പാറുകുട്ടി വിളമ്പി തന്നു. ഞാന്‍ ഉണ്ണുന്നതും കണ്ട് അവള്‍ മുട്ടിപ്പലകയില്‍ ഇരുന്നു എന്നേയും നോക്കി ഇമ വെട്ടാതെ..
Friday, April 3, 2015

ചെറുവത്താനി - എന്റെ ഗ്രാമം

ദുബായില്‍ നിന്നും സതീശ് ചോദിക്കുന്നു "എന്താ ജേപ്പിച്ചേട്ടന്‍ സ്വന്തം ഗ്രാമമായ ചെറുവത്താനിയെപറ്റി ഒന്നും എഴുതാത്തത്...?” അത് കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി അദ്ദേഹം എന്റെ ബ്ലൊഗിലുടനീളം സഞ്ചരിച്ചിട്ടില്ലെന്ന്..
my friend satheesh in dubai

ഞാന്‍ ചെറുവത്താനിയും അവിടുത്തെ എരുകുളവും തേവര്‍ അമ്പലവും വടുതല സ്കൂളും പുഞ്ചപ്പാടവും പുത്തന്‍ തോടും അയ്യപ്പന്‍ കാവും എന്റെ പാറുകുട്ടിയും എല്ലാം എല്ലാം എന്റെ കഥകളില്‍ നിറപ്പകിട്ടോട് കൂടി അവതരിപ്പിച്ചിട്ടുണ്ട്.. അതൊന്നും സതീശ് കണ്ട് കാണില്ല..

ഇന്ന് വാട്ട്സ് ആപ്പില്‍ കൂടി ചോദിക്കുന്നു എന്താ ശ്രീരാമേട്ടനെക്കുറിച്ച് എഴുതാത്തതെന്ന്. സ്വന്തം സഹോദരനെ പറ്റി എന്തെഴുതാനാണ്. എങ്കില്‍ തന്നെ അതെഴുതുന്നത് മറ്റാരെങ്കിലും ആകണം. അവനവന്റെ കുടുംബവിശേഷം മറ്റാരെങ്കിലും എഴുതട്ടെ എന്നുപറഞ്ഞ് ഞാന്‍ മുങ്ങി..

ഇനി ചെറുവത്താനി ഗ്രാമത്തിനെ പറ്റി  എഴുതുമ്പോള്‍ രണ്ട് വരിയില്‍ ശ്രീരാമനെ ചേര്‍ക്കാം... ഞാന്‍ ജനിച്ച ഗ്രാമമായ ഞമനേങ്ങാട്ട് നിന്നും ചെറുവത്താനിയുടെ പടിഞ്ഞാറെ അതിര്‍ത്തിയായ വടുതല സ്കൂളിലേക്ക് നാലഞ്ച് കൊല്ലം മുന്‍പ്  എന്റെ ഈ ബ്ലൊഗിലും തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലും എഴുതിയ ഒരു ലേഖനം തന്നെ മതി ചെറുവത്താനി വിശേഷം അറിയാന്‍.

ആ പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
 http://jp-smriti.blogspot.in/2009/07/blog-post.html

ഏതായാലും ദുബായ് മണലാരണ്യത്തിലെ സതീശ് എന്ന എന്റെ പ്രിയ സുഹൃത്തിന്നായി ഞാന്‍ ചെറുവത്താനിയെ പറ്റി നാലുവരി എഴുതാം. തൃശ്ശിവപേരൂരിന് 25 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കുന്നംകുളത്തിന് ഏതാണ് 4 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒരു കൊച്ചുഗ്രാമം ആണ് ചെറുവത്താനി.. മറ്റുഗ്രാമങ്ങളെപ്പോലെ ഈ ഗ്രാമത്തിന് ഇപ്പോഴും ഒരു വികസനം ഇല്ല..

എന്തിനുപറേണൂ ഒരു നല്ല കോഫീഷോപ്പോ, കള്ളുഷോപ്പോ, മരുന്ന് കടയോ, തുണിക്കടയോ, മോഡേണ്‍ സൂപ്പര്‍ മാര്‍ക്കറ്റോ ഈ ഗ്രാമത്തില്‍ ഇല്ല..

പണ്ട് പണ്ട് കല്‍ക്കരി കൊണ്ട് ബസ്സുകള്‍ ഓടിയിരുന്ന ഒരു കാ‍ലം ഉണ്ടായിരുന്നു കേരളത്തില്‍. അന്നും ഈ ചെറുവത്താനിയില്‍ ഒരു കല്‍ക്കരി ബസ്സ് സര്‍വ്വീസ് ഉണ്ടായിരുന്നത്രേ...? കേരളത്തില്‍ വളരെ വിരളം ഗ്രാമങ്ങളില്‍ മാത്രമായിരുന്നു ഇത്തരം ബസ്സ് സര്‍വ്വീസുകള്‍.. ആ സ്ഥിതിക്ക് ഈ ഗ്രാ‍മം വലിയൊരു സിറ്റിയായി വളര്‍ന്ന് കഴിഞ്ഞിരിക്കണം.. പക്ഷെ അത് നടന്നില്ല.. അതായിരുന്നു ആ നാടിന്റെ ശാപം.

ഞാന്‍ പത്താം ക്ലാസ്സില്‍ [1963] പഠിക്കുന്ന കാലത്ത് പോലും ഈ ഗ്രാമത്തില്‍ ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. എന്റെ വീടിന്റെ പടിഞ്ഞാറെ കോലായില്‍ വൈകുന്നേരം ഇരിക്കുമ്പോള്‍  അങ്ങ് പടിഞ്ഞാറ് എന്നു പറഞ്ഞാല്‍ അറബിക്കടലിന്നക്കരെ ഒന്നുമല്ല, ഒരു വിളിപ്പാടകലെ ആമിനക്കുട്ടി ടീച്ചറുടെ കോലായില്‍ ഇട്ടിരിക്കുന്ന പച്ച ട്യൂബ് ലൈറ്റ് കണ്ടിട്ട് ഞാന്‍ എന്നും ചോദിക്കും കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ ചാരുകസേലയിരുന്ന് കൊളമ്പിലുള്ള എന്റെ അച്ചന് കത്തെഴുതുന്ന എന്റെ - ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മയോട്...
njaan janichuvalarnna ente tharavaad

”എന്നാ ചേച്ച്യേ... ഇമ്മടെ പെരേലും ട്യൂബ് ലൈറ്റ് തെളിയുക...” ചേച്ചിക്കത് കേട്ടാല്‍ കലിവരും...  “പോയി നാലക്ഷരം പഠിക്കടാ ഹമുക്കേ...........?”  എന്നും പറഞ്ഞ് ചേച്ചി അട്ടഹസിക്കും..

കാരണം ചേച്ചിയും കൊതിച്ചിരുന്നു രാത്രി പങ്കയിട്ട് കിടക്കാനും കോലായില്‍ ട്യൂബ് ലൈറ്റിട്ട് ഇരിക്കാനും...

കുന്നംകുളം അങ്ങാടിയില്‍ കൂടി വൈശ്ശേരി വരെ വരുന്ന വഴികള്‍ വളരെ ഇടുങ്ങിയതായിരുന്നു.. അവിടെത്തെ നസ്രാണികള്‍ അവരുടെ വീടിന്റെ ഉമ്മറത്തെ തന്നെ ഇരുന്നാണ് കച്ചവടം ചെയ്തിരുന്നത്. അതിനാല്‍ റോഡ് വീതി കൂട്ടുന്ന കാര്യത്തില്‍ അവര്‍ പിന്നോക്കമായിരുന്നു.. അവര്‍ക്ക് വെള്ളവും കറണ്ടും എല്ലാം മുന്‍സിപ്പാലിറ്റി വക ലഭിച്ചിരുന്നുതാനും. അതിനാല്‍ അവര്‍ക്ക് മറ്റ് ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതിലൂടെ ഉള്ള ഒരേ ഒരു ബസ്സായിരുന്നു ചെറുവത്താനിയില്‍ കൂടി സഞ്ചരിച്ച് വടുതല, ചെമ്മണൂര്‍, ആറ്റുപുറം വഴി പൂഴിക്കള എന്ന ആല്‍ത്തറയില്‍ പോയി ട്രിപ്പ് അവസാനിപ്പിക്കുക..

 കാലത്തെ ചെറുവത്താനിയില്‍ നിന്നും 7.30 മണിക്ക് ഈ ബസ്സ് കുന്നംകുളം വഴി വടക്കാഞ്ചേരിയിലേക്ക് പോകും, തിരിച്ച് വരുന്നത് 11.30, പിന്നെ 3.30 ക്ക് അത് കഴിഞ്ഞ് രാത്രി 7.30 ക്ക് . ഈ ഒരേ ഒരു ബസ്സില്‍ ചെറുവത്താനിക്കാര്‍ എന്റെ ഓര്‍മ്മയില്‍ പത്ത് മുപ്പത് കൊല്ലം തൃപ്തിപ്പെട്ടു.

റോഡിന്റെ വീതി കൂട്ടാതെ ആരും ഈ വഴിക്ക് സര്‍വ്വീസ് നടത്തില്ല എന്ന് ബോധ്യപ്പെട്ടതോടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അതിന് വേണ്ടി പ്രയത്നിച്ച്, അങ്ങിനെ ഈ നാട്ടില്‍ കൂടുതല്‍ ബസ്സുകളില്ലായെന്ന ദാരിദ്ര്യം നീക്കി. ഇപ്പോള്‍ കറണ്ടും ബസ്സും വെള്ളവും എല്ലാം വന്നെങ്കിലും നാട് വികസിച്ചിട്ടില്ല.. ആര്‍ക്കെങ്കിലും പെട്ടെന്ന് സോക്കെട് വന്നാല്‍ ഒരു ഡോക്ടറെ കാണാന്‍ കുന്നംകുളത്തേക്കോടണം..  ഇംഗ്ലീഷ് മരുന്നുകടകള്‍ ഇല്ലാത്തതിനാല്‍ അതിനും അടുത്തുള്ള പട്ടണമായ കുന്നംകുളത്തിനെ തന്നെ ആശ്രയിക്കണം..

 എന്റെ ഈ ഗ്രാമത്തില്‍ മനുഷ്യരും മൃഗങ്ങളും ഒരുപോലെ കുളിക്കുന്ന ഒരു കുളം ഉണ്ട്. അതാണ് “എരുകുളം” എന്റെ കഥകളിലുടനീളം കാണാം ഈ കുളം.. വേനല്‍ക്കാലത്ത് കുളിക്കാനായി ആണുങ്ങളും പെണ്ണുങ്ങളും ഇവിടെ തമ്പടിക്കും. പടിഞ്ഞാറെ കടവ് പെണ്ണുങ്ങള്‍ക്കും കിടക്കേ കടവ് ആണുങ്ങള്‍ക്കും അണ്. ഞാന്‍ ഈ കുളത്തില്‍ വെച്ചാണ് നീന്തല്‍ പഠിച്ചത്. വൈകുന്നേരമായാല്‍ ഞാനും രവിയും കുമാരനും കൂടി ഈ കുളം നീന്തി കലക്കി മറിക്കും. എന്നിട്ട് അടുത്തുള്ള ചീരൂസ് കഫേയില്‍ പോയി കൊള്ളിക്കിഴങ്ങും പപ്പടവും ചക്കരക്കാപ്പിയും കുടിച്ചേ വീട്ടിലേക്ക് മടങ്ങൂ... കുമാരനും രവിയും സഹോദരങ്ങളാണ്.. അവര്‍ക്കിടയിലും ഉണ്ട് ഇപ്പോള്‍ ചെകുത്താന്‍.. എല്ലാം ഒരു കാലത്ത് ശരിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം..

എരുകുളമെന്ന പോലെ ഒരു സ്ഥലമാണ് ചെറുവത്താനിയുടെ വടക്ക് കിഴക്ക് കിടക്കുന്ന പുഞ്ചപ്പാടം. അവിടെ മഴക്കാലത്ത് വെള്ളം വന്നുമൂടി ഒരു കായല്‍ പോലെ തോന്നിക്കും. മഴക്കാലമായാല്‍ ഞാനും രവിയും കൂടി അവിടെ വഞ്ചി കുത്തിക്കളിക്കാനും ആമ്പല്‍ പൂ പറിക്കാനും പോകുമായിരുന്നു..  ഏതാണ്ട് പതിനൊന്നുമണിയോടെ വീട്ടില്‍ നിന്നും കഞ്ഞികുടിച്ച് പുഞ്ചപ്പാടത്തേക്ക് പോയാല്‍ പിന്നെ മടങ്ങുന്നത് സന്ധ്യയാകുമ്പോളാണ്..

[this post is dedicated to my friend satheesh in dubai]

[this cannot be just kept pending, it takes lotz of time to complete. so i shall continue soon]
Friday, March 13, 2015

പാറുകുട്ടിക്കൊരു വീട്


MEMOIR    

ഞാന്‍ സാധാരണ ജിമെയില്‍ പെട്ടി തുടക്കാറില്ല, അണ്‍ലെസ്സ് സംവണ്‍ ഫോണ്‍ & ടെല് മി.... രണ്ട് മൂന്നുദിവസം മുന്‍പ് ഞാന്‍ ആരും പറയാതെ ജീമേയില്‍ പെട്ടി തുറന്നപ്പോള്‍ വില്ല പ്രോജക്റ്റ് ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ ഒരു ഓഫര്‍ വന്നുകിടക്കുന്നു. 

കുറേ നാളായി പാറുകുട്ടി പറയുന്നു അവള്‍ക്ക് തൃശ്ശൂര്‍ സിറ്റിയില്‍ ഒരു കൊച്ചുവീട് വേണമെന്ന്. ശോഭ സിറ്റിയില്‍ ഒരു ഫ്ലാറ്റ് ഞാന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നു, മനസ്സില്ലാ മനസ്സോടെ ഓക്കെ എന്നുപറഞ്ഞിരുന്നതാണ്, പിന്നെ വേണ്ടയെന്ന് പറഞ്ഞു. കാരണം അവിടെ പല കെട്ടിടത്തിലും ആളുകളില്ലാത്തതും പിന്ന് ഗേറ്റില്‍ നിന്ന് കുറേ നടക്കേണ്ടതും ഒക്കെ ആയിരുന്നു കാരണം... അതൊക്കെ ചുമ്മാ പറഞ്ഞതാണെന്ന് എനിക്ക് പിന്നീട് മനസ്സിലായി.. 

ഞാന്‍ ഒരു പുതിയ ഓട്ടോമേറ്റിക്ക് കാര്‍ വാങ്ങിയപ്പോള്‍ അവള്‍ക്ക് എന്റെ പഴയ കാറ് കൊടുത്തിരുന്നു... ആ അതൊക്കെ പോട്ടെ.. ഈ പരസ്യപ്രകാരം ശോഭാ സിറ്റിക്കടുത്ത് തന്നെ ഒരു പുതിയ വില്ല കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് സന്തോഷമായി... തന്നെയുമല്ല വില്ലയാകുമ്പോള്‍ നമ്മുടെ ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത് സ്വപ്നസാക്ഷാത്കാരം നേടാമല്ലോ.. 

എന്റെ ഒമാനിലുള്ള വീട്ടില്‍ നിന്ന് നേരെ കടലിലേക്ക് നീന്തിപ്പോയി അവിടെ നിന്നും മുങ്ങിക്കപ്പലില്‍ പോകാമെന്നൊക്കെ ഞാന്‍ അവളോട് വീമ്പിളക്കിയിരുന്നു.. അപ്പോള്‍ അവള്‍ പറയുകയാണ് പുഴക്കലിലെ വില്ല പണിയുമ്പോള്‍ അതിന്റെ മുകളില്‍ ഒരു ഹെലിപേഡ് സംവിധാനം ഉണ്ടാക്കാന്‍... ഞാന്‍ ഓക്കെ പറഞ്ഞു... അവളുടെ കാനഡയിലെ വീട് വിറ്റാല്‍ ഹെലിപ്പേഡല്ല സബ്മറൈന്‍ ബര്‍ത്ത് പോലും പണിയാം... പക്ഷെ അതൊന്നും നമ്മുടെ നാട്ടില്‍ പറ്റില്ല, പക്ഷെ സ്വപ്നം കാണാമല്ലോ....

ഏതായാലും ജീമെയില്‍ നോക്കി ഞാന്‍ വില്ലകളുടെ എലിവേഷനും മറ്റും വീക്ഷിച്ചു.. പുഴക്കലിലെ കൂടാതെ അമല ഏരിയായിലും വേറെ പ്രോജക്റ്റ് ഉണ്ടായിരുന്നു... എന്നെ പ്രോജക്റ്റുകളെല്ലാം കൊണ്ട് പോയിക്കാണിക്കാമെന്ന് പറഞ്ഞു.. ഞാന്‍ സാധാരണ റിയല്‍ എസ്റ്റേറ്റ്കാരുടെ വാഹനത്തില്‍ പോകാറില്ല, പക്ഷെ അന്ന് എന്റെ പുതിയ കാറിന്റെ  ഫസ്റ്റ് സര്‍വ്വീസ് ഡേ ആയിരുന്നതിനാലും ഈ രണ്ട് വില്ലാ പ്രോജക്റ്റുമാര്‍ ഈ നാട്ടിലെ പ്രഗത്ഭ ബിസിനസ്സുകാരും ആയതിനാല്‍ ഞാന്‍ വിചാരിച്ചു അവര്‍ എന്നെ കൊണ്ട്പോകാന്‍ മോഡേണ്‍ കാറുകളായ മെര്‍സീഡിസ്, ബി എം ഡബ്ലിയു മുതലായ വാഹനങ്ങളില്‍ വരുമെന്ന്.. 

എന്തിനുപറേണൂ അരമണിക്കൂറിന്നുള്ളില്‍ എന്നോട് സംസാരിച്ച പെണ്‍കുട്ടി എന്നെ കൊണ്ട് പോകാന്‍ വാഹനവുമായെത്തി. എന്റെ പ്രതീക്ഷക്കെ വിപരീതമായി ഒരു മഹീന്ദ്ര ടാക്സിക്കാറിലായിരുന്നു അവള്‍ വന്നത്.. ഞാന്‍ സാധാരണ ടാക്സിക്കാറില്‍ കയറാറില്ല, 

പക്ഷെ എന്നെ കൂട്ടിക്കൊണ്ട് വരാന്‍ വന്ന പെണ്‍കുട്ടി വളരെ നല്ല ഒരു സെയിത്സ് എക്സിക്ക്യുട്ടീവായിരുന്നു.... വളരെ നല്ല പരിചരണം...  ആ സ്ഥാപനത്തിന് അഭിമാനിക്കാം ഈ സ്ന്ദരിക്കുട്ടിയുടെ സേവനം... നല്ല ടെലിഫോണ്‍ ഫോളോ അപ്പ്, നല്ല സംഭാഷണം എല്ലാം കൊണ്ടും വളരെ തിരക്കുള്ള എന്ന അവര്‍ക്ക് കൂട്ടിക്കൊണ്ട് പോകാനും സൈറ്റ് കാണിക്കാനും സാധിച്ചു.. 

നാം വീട് വാങ്ങുമോ ഇല്ലയോ എന്ന് വേറെ വിഷയം.... ഈ സുന്ദരിക്കുട്ടിയുടെ മിടുക്കാണ് ഈ സ്ഥാപനത്തിന്റെ വിജയം... ഞാന്‍ അമല സൈറ്റില്‍ വെച്ചുതന്നെ ഒരു അഡ്വാന്‍സ് ചെക്ക് കൊടുത്താലോ എന്നുകൂടി ആലോചിച്ചു... പിന്നീട് കരുതി - ഇനി അത് പാറുകുട്ടിക്ക് ഇഷ്ടമായില്ലെങ്കിലോ...?! അതുപോലെ തന്നെ സംഭവിച്ചു  പാറുകുട്ടിക്ക് ഇഷ്ടമായില്ല. കാരണം വിലങ്ങന്‍ കുന്നിലേക്ക് പോകുന്ന കയറ്റവും ഈ പ്രോജക്റ്റിലെ സ്ലോപ്പുകളും അവള്‍ക്ക് പറ്റില്ല..

പുഴക്കലിലെ ചുരം പോലെയുള്ള കയറ്റവും ഹെയര്‍ പിന്‍ വളവും പറ്റുന്നതല്ല, എനിക്ക് പുഴക്കലിലെ ഒരു പ്ലോട്ട് വാങ്ങണമെന്നുണ്ടായിരുന്നു.. പക്ഷെ എന്റെ ഈവനിങ്ങ് ക്ലബ്ബ് പ്രോഗ്രാംസ് എല്ലാം കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ മിക്കതും നാലുകാലിലായിരിക്കും തന്നെയുമല്ല എന്റെ കണ്ണുകളുടെ  വോള്‍ട്ടേജ് ഇപ്പോള്‍ വളരെ ഡിം ആണ്. അപ്പോള്‍ ഈ കയറ്റവും ഇറക്കവും എല്ലാം ഒരു വിഷയം ആകും. അതിനാല്‍ എനിക്കോ പാറുകുട്ടിക്കോ അത് പറ്റില്ല.. 

പക്ഷെ പുഴക്കലിലെ പ്ലോട്ട് ഞാന്‍ അഡ്വാന്‍സ് കൊടുത്ത് ബ്ലോക്ക് ചെയ്ത് എന്റെ ഒമാന്‍ കസ്റ്റമേര്‍സിന് കൊടുത്താലോ എന്ന് ആലോചിക്കുന്നുണ്ട്... പക്ഷെ അവിടെ ഒരു വിഷയമുണ്ട്  ഒരു പ്ലോട്ടില്‍, അത് ഇവിടെ എഴുതാന്‍ പറ്റില്ല.. എന്റെ കൂട്ടുകാരില്‍ ആരെങ്കിലും അവിടെ ഒരു പ്ലോട്ട് എടുത്താല്‍ എനിക്കവിടെ പോകാമല്ലോ, ഒരു വീക്കെന്‍ഡ് എന്നപോലെ... അത് ഒരുപക്ഷെ നടന്നെക്കാം... 

എനിക്ക് ശോഭാസിറ്റിയില്‍ ഒരു ഫ്ലാറ്റ് വാങ്ങിക്കണമെന്ന മോഹം 3 കൊല്ല്ലം മുന്‍പ് ഉണ്ടായിരുന്നു.. എല്ലാം ശരിയായപ്പോല്‍ എന്റെ പെണ്ണ് പറഞ്ഞു അവള്‍ക്ക് ഇപ്പോളുള്ള വീട് വിടാന്‍ താല്പര്യമില്ലെന്ന്. തന്നെയുമല്ല അവള്‍ 20 കൊല്ലം ഗള്‍ഫില്‍ ഫ്ലാറ്റ് ജീവിതം ആയിരുന്നു.. അവള്‍ക്ക് കാ‍ലത്തെണീറ്റ് മുറ്റത്തെല്ലാം നടന്ന്, അടുക്കളത്തോട്ടത്തിലെ പച്ചക്കറികളോടെ സല്ലപിക്കാനും തെങ്ങിനേയും മാവിനേയും തലോടാനു ഒക്കെ ഇപ്പോഴത്തെ വീട് തന്നെയാണിഷ്ടം.. 

എന്റെ വീട്ടിലെ മരങ്ങളില്‍ അവള്‍ക്കേറ്റവും ഇഷ്ടം കശുമാവിനോടാണ്. എനിക്ക് അണ്ടിപ്പരിപ്പ് അലര്‍ജിയാണ്. ഒരു കശുമാവില്‍ നിന്നും പ്രതിവര്‍ഷം 400 കിലോ അണ്ടി കിട്ടും, അത് ഒരു റെക്കോര്‍ഡ് ആണ്. പക്ഷെ അവള്‍ പറയുന്നു അതിന്റെ കശുമാങ്ങക്ക് മധുരം ഇല്ലെന്ന്. കാണാന്‍ വളരെ ചന്തമുള്ളതാണ് ആ മാങ്ങ. മഞ്ഞനിറമുള്ള സുന്ദരിയാണ്. എന്റെ വീട്ടില്‍ വേനക്കാലത്ത് വരുന്നവരെല്ലാം ആ കശുമാവില്‍ നിന്ന് മാങ്ങ പൊട്ടിച്ച കഴിക്കും...

ഒരു അതിശയമുണ്ടായി ഇക്കൊല്ലം... രണ്ടാഴ്ചമുന്‍പ് ചില്ലറ മരാമത്ത് പണിയുണ്ടായിരുന്നു. ആ ഗ്രൂപ്പിലെ ഒരു പയ്യന്‍സ് എപ്പോഴും ഈ കശുമാങ്ങ പൊട്ടിച്ച് കഴിക്കും.. ഒരു ദിവസം എന്നോട് പറഞ്ഞു...”ഇത്രയും മധുരമുള്ളതും രുചിയുള്ളതുമായ കശുമാങ്ങ കഴിച്ചിട്ടില്ലെന്ന്...” എനിക്ക് വിശ്വാസമായില്ല, ഞാന്‍ ഈ മാങ്ങ ജീവിതത്തില്‍ ഒരിക്കലേ രുചിച്ചിട്ടുള്ളൂ....അപ്പോള്‍ കഴിഞ്ഞ കൊല്ലവും ഈ കൊല്ലവും മാങ്ങയുടെ ഭൂരിഭാഗവും എന്റെ പെണ്ണ് തിന്നുതീര്‍ത്തുവെന്ന പറയാം. അവള്‍ കാലത്ത് മാങ്ങയെല്ലം പെറുക്കി നാലാക്കി നുറുക്കി ഒരു പാത്രത്തില്‍ ഇട്ട് വെക്കും എന്നിട്ട് പലപ്പോഴായി സാപ്പിടും, ചിലപ്പോള്‍ അച്ചാറ് ഇടും, സൊര്‍ക്ക ഉണ്ടാക്കും.. 

ഈ ചെറുക്കന്‍ ഇത് പറഞ്ഞതോടെ ഞാന്‍ മാവില്‍ കയറി നാലുമാങ്ങ പൊട്ടിച്ച് അവിടെ ഒരു മരക്കൊമ്പില്‍ ഇരുന്ന് ഒരു സെല്‍ഫി എടുത്തു.... അപ്പോളേക്കും ലണ്ടനില്‍ നിന്നും സ്മിത വിളിച്ചു.. അങ്ങിനെ മറക്കൊമ്പില്‍ ഇരുന്ന് ഏതാണ്ട് പത്ത് മാങ്ങ കഴിച്ചു..  ഞാന്‍ മരക്കൊമ്പില്‍ ഇരുന്ന് മാങ്ങ പൊട്ടിച്ച് കഴിക്കുന്നതിന്നിടയില്‍ എന്റെ ചെറുപ്പകാലം ഓര്‍ത്തു.. 

എന്റെ കളിക്കൂട്ടുകാരന്‍ ഗംഗുവും അവന്റെ പെങ്ങളും കൂടി കശുമാവിന്‍ ചുവട്ടിലിരുന്ന് കളിക്കുന്നതും ചിലപ്പോള്‍ തൂറാന്‍ മാവില്‍ കയറുന്നതും അവിടെ മരക്കൊമ്പിലിരുന്ന് മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നതുമെല്ലാം... എനിക്ക് അതൊക്കെ ആലോചിച്ച് ചിരി വന്നു... എനിക്ക് അതൊക്കെ ഒന്ന് അയവിറക്കണമെന്ന് തോന്നി... 

ഞാന്‍ ആദ്യം എന്റെ പേന്റ് ഊരി മരക്കൊമ്പില്‍ തൂക്കി... കുറച്ച് കൂടി താഴെയുള്ള കൊമ്പില്‍ വന്നിരുന്നു... ഷെട്ടി ഊരി കുറച്ച് ഒരു കൊമ്പില്‍ ഇരുന്നു... സെല്‍ഫ് എടുത്തില്ല അതിനാല്‍ മൂത്രവിസര്‍ജ്ജനം മാത്രം നടത്താന്‍ പരിപാടി ഇട്ടു. ഷട്ടി തിരികെ കയറ്റി അവിടെ നിന്ന് താഴത്തേക്ക് പാത്തിയതും മുറ്റത്ത് എന്റെ പെണ്ണ് മാങ്ങ പെറുക്കാന്‍ വന്നു.. അവളുടെ തലയിലേക്കായിരുന്നു ഞാന്‍ സ്പ്രേ ചെയ്തത്... 

അവള്‍ക്കൊന്നും തോന്നിയില്ല, അപ്പുറത്ത് വിറക് അടുക്കിവെക്കുന്ന ജാനുവിനോട് പറയുന്നത് കേട്ടു... “എടീ വേഗം കൊതുമ്പും അരുപ്പാക്കുടിയും കെട്ടിയടുക്കി വിറകുപുരയിലോക്കോടിക്കോ... വേനല്‍ മഴ ചാറുന്നുണ്ട്... എനിക്ക് മാവിന്‍ കൊമ്പിലിരുന്ന് ചിരിയടക്കാന്‍ കഴിഞ്ഞില്ല..  ഞാന്‍ വീണ്ടും ഷെട്ടിയൂരി വായില്‍ തിരുകി മുകളിലേ കൊമ്പില്‍ കയറി ട്രൌസര്‍ ഇട്ട് പുരപ്പുറത്തേക്കിറങ്ങി പോര്‍ച്ചിന്റെ മുകളില്‍ ഇരുന്നു... 

ചുട്ടുപഴുത്ത ടറസ്സിലിരുന്ന് എന്റെ കുണ്ടി പൊള്ളി, ബാക്കിയുള്ള ചിരി അവിടെ ഇരുന്ന് കഴിച്ചു. താഴത്തേക്കിറങ്ങാന്‍ നിവൃത്തിയില്ലല്ലോ എന്റെ പെണ്ണ് മാവിന്‍ ചുവട്ടില്‍ തന്നെ നില്‍ക്കുകയാണ്. അവള്‍ എപ്പോഴും സെറ്റുമുണ്ടിലായിരിക്കും.. മേല്‍ മുണ്ടിന്റെ ഒരറ്റം കൊണ്ട് തലമറച്ച് മാങ്ങ വീഴുന്നതും നോക്കി നില്‍ക്കുകയായിരുന്നു. 

നല്ല കാലം അവള്‍ മേല്‍പ്പോട്ടേക്ക് നോക്കിയില്ല.... 

[ കുറച്ചും കൂടിയെഴുതാനുണ്ട് മുഴുവനാക്കാന്‍ - പിന്നീട് വരാം ഈ വഴിക്ക്  ]


Thursday, March 5, 2015

വാട്ട് ഏന്‍ ഐഡിയാ സേട്ട്ജീ

MEMOIR

ഞാന്‍ ഇന്നെന്റെ ഈവനിങ്ങ് സവാരിക്ക് ട്രാക്ക് മാറിയിരുന്നു. അപ്പോള്‍ വഴിയില്‍ കണ്ട രണ്ട് വയസ്സന്മാരായ എന്റെ കൂട്ടുകാര്‍ കുശലം പറയാനായി എന്നെ പിടിച്ച് നിര്‍ത്തി. കൂട്ടുകാരില്‍ താടിയുള്ള മേനോന്‍ ചേട്ടനും മറ്റേ ചേട്ടനും എന്റെ പഴയ കാല സുഹൃത്തുക്കളാണെങ്കിലും എന്നും കാണാറില്ല. 

മേനോന്‍ ചേട്ടനാണ് എന്റെ ആര്‍ക്കിറ്റെക്റ്റായ മകള്‍ക്ക് ഒരു സ്ഥിരം ജോലി തരപ്പെടുത്തിക്കൊടുത്തത്.. എന്നാല്‍ ആ പെണ്‍കുട്ടി അതൊക്കെ മറന്നെന്ന് തോന്നുന്നു.. മേനോന്‍ സാറിന്റെ വീട്ടില്‍ പോകുകയോ സുഖവിവരങ്ങള്‍ തിരക്കുകയോ ചെയ്യാറില്ലെന്നാണ് എന്റെ അറിവ്. മലയാളികളായ നമ്മള്‍ ഇങ്ങിനെയൊക്കെയാണ്. ഞാന്‍ കുറെ പേരെ സൌജന്യമായി  ഗള്‍ഫിലേക്ക് കൊണ്ട് പോയിട്ടുണ്ട്. പലരും എന്നെക്കാളും വലിയ പണക്കാരായി നാട്ടില്‍ വിലസുന്നുണ്ട്. എന്നെ കാണാന്‍ വരികയോ ഫോണ്‍ ചെയ്യുകയോ ഒന്നും ചെയ്യാറില്ല. 


ഇന്നെലെ ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ ഒരു ഓട്ടോ എന്നെ ഇടിക്കാനെന്നോണം അരികില്‍ വന്ന് സഡ്ഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തി. നോക്കിയപ്പോള്‍ അവന്റെ അമ്മയെ ഒരു കുക്ക് ആയി ഞാന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു, കാലാന്തരത്തില്‍ അവനും ഗള്‍ഫിലെത്തി. പക്ഷെ അവന്റെ കയിലിരുപ്പ് കാരണം അവന് അവിടെ പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല. അവന്റെ അമ്മ എനിക്ക് ഒരു നന്ദി പോലും പറയുകയോ ഇന്നേ വരെ എന്റെ വീട്ടിലേക്ക് വരികയോ ചെയ്തില്ല... 

ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് യുദ്ധക്കളത്തില്‍ അര്‍ജ്ജുനനോട് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ്.. “കര്‍മ്മണ്യേ വാധികാ‍രസ്ഥേ... മാ ഫലേഷു കദാചനാ...”  പ്രതിഫലേഛയിലാതെ കര്‍മ്മം ചെയ്യുക........... ചെയ്തുകൊണ്ടേയിരിക്കുക. അപ്പോള്‍ നമുക്ക് ദു:ഖിക്കാനൊന്നുമില്ല.... 


പ്രിയപ്പെട്ട മേനോന്‍ ചേട്ടാ... താങ്കള്‍ ചെയ്ത ഉപകാരം ഞാന്‍ മറക്കില്ല.. എന്റെ മകള്‍ അവിവേകം ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി ക്ഷമിക്കേണമേ... മേനോന്‍ ചേട്ടനും ഞാനും സമപ്രായക്കാരാണ്.. ഇപ്പോള്‍ നാട്ടുകാരും. അദ്ദേഹം ആമ്പല്ലൂര്‍ക്കാരനും ഞാന്‍ കുന്നംകുളത്തുകാരനും ആണ്.. ജീവിതത്തിന്റെ പാച്ചലില്‍ ഞങ്ങള്‍ രണ്ട്പേരും ഇപ്പോള്‍ തൃശ്ശൂര്‍ക്കാരായി. 


ഈ വയസ്സന്മാര്‍ മെട്രോ ആശുപത്രിയുടെ പുറകിലുള്ള ഗാന്ധിനഗര്‍ വാസികളാണ്. ഞാന്‍ ആണെങ്കില്‍ ബാല്യ ആശുപത്രിക്ക് പുറകിലുള്ള ആലപ്പാട്ട് അവന്യൂവിലും. രണ്ട് കോളനികളും തമ്മിലുള്ള അകലം 100 മീറ്ററില്‍ താഴെ.... 


കൂടെ നില്‍ക്കുന്ന ചന്ദ്രമോഹന്‍ ചേട്ടന്‍ ഒരു ഗള്‍ഫ് പ്രവാസിയും മജീഷ്യനും വാനനിരീക്ഷകനുമാണ്. അദ്ദേഹത്തിന്റെ വീട്ടുപേര്‍ “ആന്‍ഡ്രോമേഡ”... ഗാന്ധിനഗറില്‍ ഞങ്ങളുടെ പ്രായക്കാരായി ഏതാണ് പതിനഞ്ചുപേര്‍ ഉണ്ട്. ഇവര്‍ ഏതെങ്കിലും റോഡരികില്‍ 5 മണി മുതല്‍ 7 വരെ കൂടും... പണ്ടൊക്കെ ഏതെങ്കിലും വീട്ടിലേക്ക് ചേക്കേറി അവിടെ ഇരുന്ന് സോള്ളി ചിലപ്പോള്‍ ഓരോ സ്മോളില്‍ അവസാനിപ്പിച്ച് അവരവരുടെ വീടുകളിലേക്ക് തിരിക്കും.... 


ഞാനിന്ന് അവരോട് പറഞ്ഞു, ഇങ്ങിനെ റോഡില്‍ നിന്ന് സൊള്ളുന്നതിനുപകരം എവിടെയെങ്കിലും ഇരിക്കാനൊരു സങ്കേതം സംഘടിപ്പിക്കണം.. ഒരു കൊച്ചുകെട്ടിടമോ ആരുടെയെങ്കിലും ഔട്ട് ഹൌസോ അങ്ങിനെ എന്തെങ്കിലുമോ... അപ്പോള്‍ സംഗതി കൂടുതല്‍ ലൈവ് ആകും... 


ചേട്ടന്മാര്‍ മറ്റു ചേട്ടന്‍സുമായി ആലോചിച്ച് പറയാമെന്ന് ഏറ്റിട്ടുണ്ട്... എനിക്ക് ഒരു ഔട്ട് ഹൌസ് ഉണ്ട്. ഇപ്പോള്‍ അത് ബാലേട്ടന് കൊടുത്തു, അല്ലെങ്കില്‍ അത് എല്ലാം കൊണ്ട് പറ്റുമായിരുന്നു... ഗാന്ധിനഗറില്‍ ഏതാണ്ട് 60 വീടുണ്ട്... വിസ്തൃതമായ ഡോഡും ഉദ്യാനങ്ങളും മറ്റും ഉണ്ട്.. എവിടെയെങ്കിലും ഒരിടം കണ്ടെത്തണം.. അപ്പോള്‍ ഞങ്ങള്‍ വയസ്സന്മാര്‍ കൂടുതല്‍ ലൈവ് ആകും.. 


മിക്കവരും, ലയണ്‍സ്, റോട്ടറി, അല്ലെങ്കില്‍ പ്രോബസ്സ് ക്ലബ്ബുകളില്‍ മെംബര്‍മാര്‍ ആണ്. അതൊക്കെ മാസത്തില്‍ മൂന്നോ നാലോ മീറ്റിങ്ങുകള്‍ മാത്രം.. അതുകൊണ്ടൊന്നും ഞങ്ങളുടെ കാര്യുഅം ശരിയാവില്ല.. ഏതെങ്കിലും ഒരു മള്‍ട്ടിസ്റ്റോറി കെട്ടിടത്തില്‍ ഒരു പെന്റ് ഹൌസ് കിട്ടാനുണ്ടോ എന്നുനോക്കണം. അല്ലെങ്കില്‍ ഒരു ഫ്ലാറ്റ് വാടകക്കെടുത്ത് അവിടെ ഒരു ക്ലബ്ബ് തുടങ്ങാം... 


കൊക്കാല സെന്ററില്‍ അധികം വാടകയില്ലാത്ത കടമുറികള്‍ ഉണ്ട്. അവിടെ  പറ്റുമോ എന്ന് നോക്കണം.... അവിടെയാണെങ്കില്‍ നഗരത്തിലെ 6 ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ തൊട്ടടുത്ത്.. ക്ലബ്ബ് മീറ്റ് കഴിഞ്ഞാല്‍ അടുത്ത ഹോട്ടലുകളിലേക്ക് ചേക്കേറാം രണ്ടെണ്ണം വീശാന്‍. 


കൂടതെ ഇപ്പോള്‍ ഗാന്ധി നഗറിന്നടുത്ത് ബീയര്‍ & വൈന്‍ പാര്‍ലറുകളും ഉണ്ട്.. ത്രീസ്റ്റാര്‍ ഹോട്ടലില്‍ 200 രൂപക്ക് ലഭിക്കുന്ന ബീയര്‍ ഇവിടെ 100 രൂപക്ക് കിട്ടും. അപ്പോള്‍ സംഗതി കുശാല്‍. അല്ലെങ്കില്‍ ഏതെങ്കിലും ഒരു ബീയര്‍ പാര്‍ലര്‍ തന്നെ ക്ലബ്ബ് ആക്കാം... 


5 മുതല്‍ 7 വരെ അവിടെ കുടിച്ചുംകൊണ്ടിരിക്കാം.. അപ്പോള്‍ പിന്നെ വെറുതെ വാ‍ടക കൊടുത്ത് കടമുറികള്‍ എടുക്കേണ്ട... അപ്പോള്‍ നാളെ ബീയര്‍ പാര്‍ലറുകളിലേക്ക് പോകാം ചേട്ടന്മാരേ... എല്ലാവര്‍ക്കും കുടിക്കണമെന്നില്ല, 


ഒരു റൌണ്ട് ടേബില്‍ സംഘടിപ്പിക്കാം.... 


വാട്ട് ഏന്‍ ഐഡിയാ സേട്ട്ജീ.................++++++++

Thursday, February 26, 2015

ജീരകാരിഷ്ടം + അഭയാരിഷ്ടം

MEMOIR

ഈ ജയന്‍ ചേട്ടനെ ഞാന്‍ പല വേദികളിലും കാണാറുണ്ട്.. ഈയിടെ അടുത്തെവിടേയോ പോയപ്പോള്‍ എന്നെപ്പോലെ കേമറ ക്ലിക്ക് ചെയ്യുന്നത് കണ്ടു, തുരുതുരാ... ഞാനും അങ്ങിനെയാണ് - നൂറ് ക്ലിക്കിയാല്‍ പത്തെണ്ണമെങ്കിലും കിട്ടും നല്ലത്. ...പിന്നെ ഈ ആളെക്കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു കോളേജിലൊക്കെ പഠിക്കുന്ന പിള്ളേര്‍സിന്റെ തന്തയാണെന്ന്. ഇപ്പോള്‍ഴല്ലേ കാര്യം പിടി കിട്ടിയത്......... ഈ ജയന്‍ ചേട്ടനും നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയാണെന്ന്. 

ഞാന്‍ ഇന്ന് വാസ്തവത്തില്‍ ജയന്‍ ചേട്ടനെ ഓര്‍ത്തരായിരുന്നു, ഫോണ്‍ ചെയ്ത് ചില്ലറ അസുഖത്തിന് കുറച്ച് മരുന്ന് കുറിച്ചുതരാന്‍. അങ്ങിനെ ജയന്‍ ചേട്ടനെ ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലും തിരഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ കിട്ടിയത് വയനാട്ടിലുള്ള ഡോക്ടര്‍ ഗീരീഷിനെ. പിന്നെ താമസിച്ചില്ല ഗിരീഷിനെ വിളിച്ചു. അദ്ദേഹം പറഞ്ഞു ജീരകാരിഷ്ടം + അഭയാരിഷ്ടം + ആര്‍ദ്രകാസവം ഇത് മൂന്നും കൂടി 30 എം എല്ലില്‍ ഒരു കസ്തൂര്യാദി ഗുളിക പൊടിച്ചിട്ട് സേവിക്കാന്‍, പിന്നെ ഹിംഗുവചാദി ചൂര്‍ണ്ണവും.... 

ആദ്യം ഗിരീഷിന് എന്റെ ഫിസിക്കല്‍ സ്റ്റാറ്റസ് മെയില്‍ ചെയ്തു... ഞാന്‍ കാലത്ത് പണിയൊന്നും ഇല്ലാത്തതിനാല്‍ കൊക്കാല കവലയിലെ ചുമരുകളില്‍ പതിച്ച സിനിമാ പോസ്റ്ററുകള്‍ നോക്കി ഏത് സിനിമക്ക് പോകണം എന്ന് നോക്കുമ്പോളാണ് വയറ്റിലുള്ള കമ്പനം തോന്നിയത്. അപ്പോളാണ് ഈ രണ്ട് ഭിഷഗ്വരന്മാരേഉയൂം സംവദിക്കാനായത്...

ഞാന്‍ സാധാരണ സിനിമ കാണാറില്ല. പോസ്റ്ററുകള്‍ നോക്കി വിലയിരുത്തും എന്നിട്ട് യൂട്യൂബില്‍ പോയി വാലുകള്‍ കാണും - ഞാന്‍ സിനിമാ തിയെറ്ററില്‍ പോയി സിനിമ കാണുന്നത് ഈ മാസം പതിനഞ്ചിനാണെന്ന് തോന്നുന്നു തൃശ്ശൂര്‍ കൈരളി “ശ്രീ” തിയേറ്ററില്‍ സുഹൃത്ത് മണിലാലിന്റെ ഹൃസ്വ ചലച്ചിത്രം... 

“ അടുത്ത ബെല്ലോട് കൂടി ജീവിതം ആരംഭിക്കുന്നു “ എന്നാണെന്ന് തോന്നുന്നു പേര്. എനിക്ക് വയസ്സ് 70 ആയെന്ന് തോന്നുന്നു. മറവി ഉണ്ട്. മറവി തോന്നിത്തുടങ്ങീട്ട് നാലഞ്ച് കൊല്ലമായി.. എന്റെ പെണ്ണിന്റെ അമ്മായിയുടെ വീട്ടിലെ വേലക്കാരന്റെ പേര് മറന്നായിട്ടാണ് തുടക്കം. പിന്നെ മറവിയുടെ ഒരു പറുദീസയായി... 

ഓഫിസിലെ വെബ് സൈറ്റ് ഡിസൈന്‍ സ്റ്റുഡിയോവിലെ സോര്‍സ് കോഡ് മറന്ന് ഇന്നാള് പാര്‍ട്ടണര്‍ കുട്ടന്‍ മേനോന്‍ എന്നെ തെറി വിളിച്ചു. എല്ലാവരുടേയും തെറി കേള്‍ക്കലാണല്ലോ എന്റെ പണി.. മണിലാലിന്റെ പടം കാണാന്‍ പോയപ്പോള്‍ ഞങ്ങള്‍ എഴുത്തുകാരായ മെഡിക്കല്‍ കോളേജ് ചേച്ചിയും മറ്റുചില ഓണ്‍ ലൈന്‍ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ചെച്ചിമാരുടെ പേര് മറന്നു... പിന്നെ വെറെ രണ്ട് ഓണ്‍ ലൈന്‍ സുഹൃത്തുക്കളായ ബേബിയും ഗീതയും ഉണ്ടായിരുന്നു. കൊട്ടക നിറയെ ഫേസ് ബുക്കും ബോഗും ആള്‍ക്കൂട്ടമായിരുന്നു..... 

ഞാന്‍ ഇപ്പോ വരാം... കുറച്ച് ഹിംഗുവചാദി ചൂര്‍ണ്ണം സേവിക്കട്ടെ.. അവിടെ ഇരിക്കൂ കൂട്ടുകാരേ... പോകല്ലേ...?!!

ente മറവിയുടെ ഒരു കാര്യമേ ഈ ചൂര്‍ണ്ണം ഭക്ഷണത്തിന് മുന്‍പ് സേവിക്കാനുള്ളതാണ്.. ഉച്ചയൂണിനുള്ള അരി അടുപ്പത്തിടാന്‍ പോകുന്നതേ ഉള്ളൂ എന്റെ ഭാര്യാശ്രീ ആനന്ദവല്ലി... ആനന്ദവല്ലിക്ക് രണ്ട് ദിവസമായി പല്ലുവേദന.... അവള്‍ക്ക് പല്ലുഡോക്ടറെ കാണാന്‍ നെരമില്ല... 

എന്റെ വീടിന്റെ ഗേറ്റിന്റെ ഇടത് വശത്തെ ഒരു ബിഡിയെസ്സുകാരനും വലത്ത് വശത്ത് ഒരു എംഡിയെസ്സുകാരനും ഉണ്ട്. കൂടാതെ ഞാന്‍ എന്നും പോകുന്ന തൊട്ടടുത്ത അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിന്നടുത്ത് രണ്ട് ദന്തഡോക്ടര്‍മാരുണ്ട്.. പോരാത്തതിന് ഓള്‍ടെ ഏടത്തിയുടെ മകന്‍ ഒരു ദന്തനാണ്. തീര്‍ന്നില ദന്തന്മാരുടെ നിര. എന്റെ അനിയന്‍സിന്റെ മരുകള്‍ ഒരു ദന്തിയാണ്.. 

ഇപ്പോള്‍ പണ്ടെത്തെ ടൈപ്പ് റൈട്ടിങ്ങും ഷോര്‍ട്ട് ഹേന്‍ഡും പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയല്ലേ കൂന്‍ പോലെ മുളച്ച് കൊണ്ടിരിക്കുന്ന ദന്തല്‍ കോളേജുകള്‍.... പാവം ദന്തന്മാര്‍.... എം ബി ബി എസ്സുകാര്‍ക്ക് പഠിപ്പു കഴിഞ്ഞാല്‍ ഒരു ഫ്ലക്സ് ബോര്‍ഡും വെച്ച് പ്രാക്ടീസ് തുടങ്ങാ‍ാം. പക്ഷെ ദന്ത ഡോക്ടര്‍മാര്‍ക്ക് അത് പറ്റുമോ...? അവരുടെ ക്ലിനിക്കില്ല ഓപ്പറേഷന്‍ ബെഡ്ഡിനും മറ്റു അനുബന്ധ സാമഗ്രികള്‍ക്കും കൂടി വരില്ലേ ഒരു വലിയ തുക. അപ്പോള്‍ അവരുടെ കാര്യം ഒരു കാര്യമാണ്. 

എന്റെ അനിയന്റെ മരുമകളുടെ പയ്യന്‍സ് അഥവാ അനിയന്റെ മകന്‍ ഗള്‍ഫിലാണ്. പക്ഷെ ഇതുവരെ പെണ്ണിനെ അങ്ങോട്ട് കൊണ്ടുപോയിട്ടില്ല. നാട്ടില്‍ ചുരുങ്ങിയത് 3 കൊല്ലം പ്രാക്ടീസ് ഉണ്ടെങ്കില്‍ ആണത്രെ അവിടെ ജോലി കിട്ടൂ... അതിനാല്‍ ആ കുട്ടി നാട്ടിലെ ഒരു ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും എന്റെ പെണ്ണിന് ഡെന്‍സ്റ്റിസ്റ്റിനെ കാണാന്‍ നെരമില്ലത്രെ... ചിലപ്പോള്‍ വെറുതെ പറയുകയായിരിക്കും. വയ്യെന്ന് പറഞ്ഞാല്‍ പണിയെടുക്കേണ്ടതില്ലല്ലോ അടുക്കളയില്‍.... അപ്പോള്‍ ആരുണ്ടാക്കും ചോറും കറിയും... ആ‍ാ അതിനൊക്കെ തൃശ്ശൂരില്‍ വകുപ്പുണ്ട്....

എനിക്ക് വയറ് കാളുന്നു... എന്തെങ്കിലും ചവക്കാനുണ്ടോ എന്ന് നോക്കീട്ട് വരാം...

Wednesday, February 11, 2015

കുളക്കരയിലെ കൈതപ്പൂവ്

memoir


ഈ പോട്ടം കാണുമ്പോള്‍ എന്റെ ഞമനേങ്ങാട് തറവാട്ടിലെ പടിഞ്ഞാറെ കുളക്കര ഓര്‍മ്മ വരുന്നു... 

അവിടെയുള്ള കൈതക്കൂട്ടില്‍ വിരിയുന്ന പൂവ് ഞാന്‍ പറിക്കുമായിരുന്നു.. എന്നിട്ട് അച്ചമ്മയുടെ പെട്ടിയില്‍ വെക്കും.. അച്ചമ്മ നായരങ്ങാടിയില്‍ പോകുമ്പോള്‍ ആണ് ആ പെട്ടി തുറക്കുക, അപ്പോള്‍ തെക്കിനിയില്‍ പറത്തുന്ന മണം എനിക്ക് ഇപ്പോളും അനുഭവപ്പെടുന്നു..

പിന്നെ അയലെത്തെ പാത്തുട്ടി ഇതുപോലെ നില്‍ക്കും എന്റെ കുളി കാണാന്‍. ഞാന്‍ ഒരു ദിവസം അവളെ കുളത്തിലേക്ക് തള്ളിയിട്ടു... അവളുടെ വേഷം ഏതാണ്ട് ഇതുപോലെയായിരുന്നു.. പക്ഷെ അവള്‍ക്ക് ദാവണി ഉണ്ടായിരുന്നില്ല, പുള്ളിപ്പാവാടയും തട്ടവുമിട്ട് എപ്പോളും ഞങ്ങള്‍ കൂട്ടുകൂടി കളിക്കും... 

കാലത്ത് അവള്‍ മദ്രസയില്‍ വരുന്നതും കാത്തിരിക്കും ഞാന്‍. എനിക്കും അവള്‍ക്കും കൂടി ടെക്സ്റ്റ് ബുക്ക് ഒന്നേ ഉണ്ടായിരുന്നുള്ളൂ പത്താം ക്ലാസ്സില്‍.. ഞാന്‍ പത്ത് കഴിഞ്ഞ് കോളേജില്‍ ചേരാന്‍ പോയപ്പോള്‍ അവള്‍ കുറേ കരഞ്ഞു..... എന്റെ പാത്തുട്ടി ഇപ്പോള്‍ ഈ ദുനിയാവില്‍ ഉണ്ടോ എന്നുകൂടി എനിക്കറിയില്ല.... ഞാന്‍ പിന്നെ അവളെ കണ്ടിട്ടില്ല....NB
 മുകളില്‍ പറഞ്ഞിരിക്കുന്ന ഫോട്ടോ ഇവിടെ ഇടാനുള്ള സമ്മതം ഷീബ അമീറിനോട് ചോദിച്ചിട്ടുണ്ട്. ഓക്കെ ആയാല്‍ ഇടാം. അല്ലെങ്കില്‍ കഥക്കനുസരിച്ചുള്ള ഒരു  പോട്ടം കണ്ടെത്താം, അല്ലെങ്കില്‍ വരക്കാം.Friday, February 6, 2015

ദോശയും കടലയും

MEMOIR
=======
പണ്ടൊക്കെ വീട്ടില്‍ വയറുനിറയെ ഇഡ്ഡലിയും ചമ്മന്തിയും തന്നിരുന്നു. ദോശയും പുട്ടും കടലയും ഒക്കെ അങ്ങിനെ തന്നെ.. ഇപ്പോള്‍ എല്ലാം കുറച്ചേ തരുന്നുള്ളൂ, എനിക്ക് എന്നും കാലത്ത് ചൂടോടെ ഉള്ള ദോശയാണിഷ്ടം..
ഓരോ‍ന്നായി ചുട്ട് ആവശ്യത്തിന്നനുസരിച്ച് പ്ലേറ്റില്‍ ഇട്ട് തരും എന്റെ ശ്രീമതി.. ഞാന്‍ വയറുനിറയെ കഴിക്കും ഇത്തരം ചുടുദോശ. എനിക്ക് ദോശയുടെ കൂടെ ഇഷ്ടം കടലയാണ്. ഫ്രഷ് സാമ്പാ‍റാണെങ്കില്‍ അതായാലും മതി. തേങ്ങാച്ചമ്മന്തി വിരോധമില്ല, പക്ഷെ കടലയോളം ഇഷ്ടം മറ്റൊന്നുമില്ല...
ഞാന്‍ ബോര്‍ഡിങ്ങ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ ദോശയും കടലയും കിട്ടും. ഗോപാലന്‍ നായരാണ് അതുണ്ടാക്കുക... സ്റ്റഡി റൂമില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള അടുക്കളയില്‍ നിന്നും ദോശയുടെ മണം എന്റെ മൂക്കിലേക്ക് തുളച്ച് കയറും, അപ്പോള്‍ ഞാന്‍ വെള്ളം കുടിക്കാനെന്ന വ്യാജേന അടുക്കളയിലെത്തും.
ഗോപാലന്‍ നായരുടെ അടുത്ത് പോയി കൊതിയനെ പോലെ നില്‍ക്കും. അപ്പോള്‍ അദ്ദേഹം ആരും അറിയാതെ എനിക്ക് ഒന്നോ രണ്ടോ ദോശ തരും. പിന്നെ പ്രാതലിന് ബെല്ലടിക്കുമ്പോള്‍ ഞാന്‍ ഫസ്റ്റ് ബേച്ചിനുതന്നെ ഡൈനിങ്ങ് ഹോളില്‍ ചെന്നിരിക്കും. അപ്പോള്‍ അവിടെ ചുടുദോശയും കടലയും കിട്ടും. അത് കഴിഞ്ഞ് ചുട്ടുപൊള്ളൂന്ന ചായ മൊത്തിക്കുടിക്കും.. അങ്ങിനെയാണ് എനിക്ക് ദോശയും കടലയും ഇത്ര ഇഷ്ടമാകാന്‍ കാരണം..
ഞാന്‍ തൃശ്ശൂരിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ അന്തേവാസിയായിരുന്നു. കുന്നംകുളം ചെറുവത്താനി - വടുതല സ്കൂളില്‍ നിന്നും 4 1/2 ക്ലാസ്സ് കഴിഞ്ഞ അവിടെ ഫസ്റ്റ് ഫോറത്തില്‍ ചേര്‍ന്നു. എന്റെ കഷ്ടകാലം അന്ന് തൊട്ട് തുടങ്ങി.. അന്നവിടെ ഉള്ള ശക്രാനന്ദസ്വാമി എന്നെ അകാരണമായി അടിക്കുമായിരുന്നു.. വികൃതിയുള്ള അനവധി കുട്ടികളുണ്ടായിരുന്നു അന്ന് ആശ്രമത്തില്‍, അക്കൂട്ടത്തില്‍ ജയില്‍ പുള്ളികളെപ്പോലെ എന്നെയും അദ്ദേഹം കരുതി...
ആശ്രമത്തില്‍ നിന്നും ചാടിപ്പോയവരെ അവരുടെ രക്ഷിതാക്കള്‍ സ്വാമിയെ സ്വാധീനിച്ച് വീണ്ടും അവിടെ കൊണ്ടുചെന്നാക്കും. ഈ ആശ്രമം ഏറ്റവും പറ്റിയത് എന്റെ അനിയനായിരുന്നു. അവനായിരുന്നു കുറുമ്പന്‍. ഞാന്‍ പാവമായിരുന്നു അന്നും ഇന്നും. എന്റെ ഒരു ദുരവസ്ഥ എന്നതില്‍ കവിഞ്ഞ് ഒന്നും എനിക്ക് പറയുവാനുണ്ടായിരുന്നില്ല അന്ന്.....
ഞാന്‍ 1963 ല്‍ പത്താം ക്ലാസ്സ് കഴിയും വരെ അവിടെ തടങ്കലില്‍ ആയിരുന്നു... ഇന്ന് എനിക്ക് വയസ്സ് 68 കാലത്ത് വയറ് നിറയെ ഇഡ്ഡലിയും ദോശയും കഴിക്കണ്ട എന്നാണ് എന്റെ പ്രിയതമ പറയുന്നത്... ഇന്ന് ഞാന്‍ 7 ഇഡ്ഡലി കഴിച്ചപ്പോള്‍ അവളെന്നെ ശാസിച്ചു.
ഇന്ന് ഇഡ്ഡലിക്ക് ഇരുമ്പന്‍പുളി ചട്ട്ണി ഉണ്ടായിരുന്നു. എന്റെ ഫേവറൈറ്റ് ആണത്... പണ്ട് ചുരുങ്ങിത 6 ദോശ തന്നിരുന്നു, ഇപ്പോള്‍ അവള്‍ അത് 4 ആക്കി. എന്താണ് ഇത്ര ഉപദ്രവം ഇവളെക്കൊണ്ട്..
ഞാന്‍ എന്റെ പാറുകുട്ടിയുടെ അടുത്തേക്ക് പോകയാണ്. അവള്‍ എന്നെ പൊന്നുപോലെ നോക്കും. എന്നും വിഭവസമൃദ്ധമായ ആഹാരവും പാലടയും തരും. പിന്നെ സ്നേഹം കൊണ്ട് പൊതിയും... ഞാനെന്തിന് ഇവിടെ കിടന്ന് കഷ്ടപ്പെടുന്നു...
[ബാക്കി നാളെയെഴുതാം

Monday, January 26, 2015

കൊഴുവയുണ്ടോ ആശാനേ...?

കുറച്ച് കാലമായി കാല്‍ പാദത്തില്‍ തരിപ്പും, കോച്ചലും ആകെ ഒരു വല്ലായ്മയും. 13 കൊല്ലമായി അസുഖം. തീരെ വിട്ടുമാറുന്നില്ല. ഹോമിയോയും ആയുര്‍വ്വേദവും പരീഷിച്ച് ഇപ്പോ അലോപ്പതി ചികില്‍ത്സയായിട്ട് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞു. എന്നെ ആര് ചികിത്സിച്ചാലും എനിക്ക് ഡോക്ടര്‍ ചന്ദ്രശേഖരനെ തന്നെ കാണണം. വലിയ കുഴപ്പമില്ലാത്ത പരുവത്തിലാക്കി തന്നിട്ടുണ്ട് അസുഖങ്ങളൊക്കെ. പിന്നെ ഞങ്ങള്‍ അയല്‍ക്കാരും കൂടിയാണ്. അപ്പോള്‍ ഒരു പ്രത്യേക പരിഗണനയും ഉണ്ടാകുമല്ലോ.എന്റെ അമ്മയും അദ്ദേഹത്തിന്റെ പേഷ്യന്റ് ആയിരുന്നു. പൊതുവെ വയസ്സായ ആളുകള്‍ക്ക് അദ്ദേഹത്തിന്റെ ചികിത്സ വളരെ ആശ്വാസകരമാണ്.

എത്ര തിരക്കുണ്ടായാലും, വിശദമായി പരിശോധിക്കും, പിന്നെ കുശലം പറയും, വീട്ട് വര്‍ത്തമാനം ചോദിക്കും.അനാവശ്യമായ മരുന്നകളും, ലാബ് ടെസ്റ്റുകളൊന്നും അദ്ദേഹത്തിനില്ല. വളരെ ക്ഷമാ ശീലനാണ്.

"എടോ ജയപ്രകാശ്..... " എന്നെ അങ്ങിനെയാ അദ്ദേഹം വിളിക്കുക. പക്ഷെ ഈ നാട്ടുകാരെല്ലാം എന്നെ ജെ പി എന്ന ചുരുക്കപേരിലും വിളിക്കും. എന്റെ ജന്മ നാട്ടിലെന്നെ ഉണ്ണി എന്ന പേരിലാണറിയപ്പെടുക. പല സ്ഥലത്തും പല പേരില്‍. ഗള്‍ഫില്‍ എന്നെ അറബികള്‍ ബര്‍ഗാഷ് എന്നും വിളിക്കും.

എടോ ജയപ്രകാശ് തന്റെ ഈ രോഗമൊന്നും ഇത്ര വലിയ പ്രശ്നമുള്ളതല്ല.. നമുക്ക് മരുന്നൊക്കെ കുറേശ്ശെ കുറക്കാം. പകരം പ്രകൃതിയില്‍ നിന്ന് കിട്ടാവുന്ന രീതികളിലേക്ക് മാറ്റാം.

ചില ബ്ലഡ് പരിശോധന നടത്താം. കൊളസ്ട്രോള്‍, ഷുഗര്‍ എന്ന കുണ്ടാമണ്ടികള്‍ ഉണ്ടെന്ന് നോക്കാം. വയസ്സ് അറുപത് കഴിഞ്ഞില്ലേ?
എന്തെങ്കിലും ഒക്കെ കാണും. അതറിഞ്ഞാല്‍ പിന്നെ ചികിത്സ എളുപ്പമാ.
പിന്നെ താന്‍ മത്സ്യം ധാരാ‍ളം കഴിച്ചുതുടങ്ങണം. മുള്ളുള്ള ചെറിയ മീനുകള്‍. കൊഴുവ, മുള്ളന്‍ മുതലായവ. അതില്‍ നിന്ന് കാത്സിയം കൂടുതല്‍ കിട്ടും. പിന്നെ ഇത്തരം മീനില്‍ വേറെ പ്രശ്നമൊന്നുമില്ല താനും.

ഡോക്ടര്‍ ചന്ദ്രശേഖരന്റെ താല്പര്യപ്രകാരം ഞാന്‍ പിറ്റേ ദിവസം തന്നെ എന്റെ വീടിന്റെ അടുത്തുള്ള ശക്തന്‍ മാര്‍ക്കറ്റില്‍ എത്തി.
കൊഴുവയും, മുള്ളനും, ചാളയും എല്ലാം വാങ്ങി. വര്‍ഗ്ഗീസിന്റെ കടയിലെ ജോയ്സണ്‍ പറഞ്ഞു കൊഴുവയാണ് ഇതിന്ന് അത്യുത്തമം.
എനിക്ക് ഫോണ്‍ നമ്പര്‍ തന്നു. വിളിച്ചാല്‍ മാറ്റി വെക്കാമെന്നും പറഞ്ഞു.
അങ്ങിനെ കൊഴുവയും, മറ്റു മീനുകളും കഴിച്ചുതുടങ്ങി. ബീനാമ്മക്ക് വലിയ തൃപ്തിയൊന്നുമില്ല ചെറിയ മീനുകളെ വൃത്തിയാക്കി കറി വെക്കാന്‍. പിന്നെ ഒരു രോഗിക്കായതിനാലുള്ള ഒരു പരിഗണന മാത്രം.

ഇപ്പൊളെത്തെ പട്ടണ വാസികളായ പെണ്ണുങ്ങളെ മടി പിടിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളുമുണ്ട് ഈ തൃശ്ശൂരിലെ കച്ചവടക്കാര്‍ക്ക്. എല്ലാം മീനും വെട്ടി വൃത്തിയാക്കി കൊടുക്കും. ചെറിയ മീന്‍ അവര്‍ക്ക് മുതല്ലാവില്ല. കാരണം മീനേക്കാളും വില കൂടും നന്നാക്കാനുള്ള കൂലി, തന്നെയുമല്ല പണിക്കൂടുതലും..

ഇപ്പോ ഞങ്ങളുടെ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്, തൊലി കളഞ്ഞ വെളുത്തുള്ളിയും, അരിഞ്ഞ് നുറുക്കി വെച്ച സാമ്പാര്‍, അവിയല്‍, തോരന്‍ മുതലായ കഷ്ണങ്ങളും, ഒക്കെ വെച്ചിരിക്കുന്നു.

കൂര്‍ക്ക രണ്ട് കിലോ ഒന്നിച്ച് വാങ്ങിയാല്‍ അത് നന്നായി തോല് കളഞ്ഞ് ബേഗിലാക്കി കെട്ടിത്തരും. പിന്നെ 5 മിനിട്ടിനുള്ളില്‍ ഇഡ്ഡലി/ദോശമാവും ആട്ടിത്തരും.

പിന്നെ കൂര്‍ക്കഞ്ചേരിയിലുള്ള ആ കടയില്‍ തന്നെ, മസാല പുരട്ടിയ ഇറച്ചിയും മീനും കിട്ടും. അപ്പോള്‍ വീട്ട് പണി ഇവിടുത്തെ വീട്ടമ്മമാര്‍ക്ക് തീരെ ഇല്ല.
ഒരു കാര്യം എനിക്ക് മനസ്സിലാകുന്നില്ല. എന്താണ് ഈ കടക്കാര്‍ നല്ല ഒരു വീട്ടമ്മയെയും കൂടി തരാത്തത്? അതും കൂടി കിട്ടിയാല്‍ പിന്നെ ജീവിതം പരമസുഖം തന്നെ.

പണ്ടൊക്കെ നല്ല ഭക്ഷണം കിട്ടുമായിരുന്നു വീട്ടില്‍. ഇപ്പോ ഈ വക സൌകര്യമെല്ലാം വന്നപ്പോള്‍ എന്നും അസുഖമാണ്. അവനവന്റെ വീട്ടിലെ വൃത്തി വേറെ എവിടെ നിന്നെങ്കിലും കിട്ടുമോ?...പക്ഷെ ഈ പെണ്ണുങ്ങള്‍ക്ക് ഇതൊക്കെ കേള്‍ക്കാന്‍ നേരമില്ല..

25 കൊല്ലം പല അവസരങ്ങളിലായി ജങ്ക് ഫുഡ് കഴിച്ചാണ് ഞാന്‍ ഗള്‍ഫിലും യൂറോപ്പിലും കഴിഞ്ഞത്. അത് അവിടുത്തെ അവസ്ഥയാണെന്ന് പറയാം. പക്ഷെ നാട്ടിലും ആ ഗതി വന്നാലോ.

ഞാന്‍ എന്റെ തൃശ്ശൂരിലെ വീട്ടിലെ ഭക്ഷണം തിന്ന് മടുക്കുമ്പോള്‍ കുറച്ച് ദിവസം നാട്ടിന്‍ പുറത്തെ തറവാട്ടില്‍ പോയി നില്‍ക്കും. അവിടുത്തെ ഭക്ഷണം തികച്ചും ഒറിജിനല്‍ തന്നെ. കല്ലിലാട്ടിയ മാവുകൊണ്ടുണ്ടാക്കിയ ദോശയും, ഇഡ്ഡലിയും, അമ്മിയിലരച്ച ചമ്മന്തിയും, കറിക്കൂട്ടുകളും, നല്ല പുഞ്ച നെല്ലിന്റെ അരിയും...ഹാ........
എന്തൊരു രസം. പിന്നെ കുളത്തിലുള്ള കുളിയും, തെങ്ങിന്‍ തോപ്പിലൂടെയുള്ള നടത്തവും.........
ഇതൊക്കെ വിട്ട് പിന്നെന്തിനാ ഈ ഞാന്‍ ഈ ദുരിതത്തിലേക്ക് വന്നത്?

ആ... അവിടെയാ പ്രശ്നം...
ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന പിള്ളേരുടെ തുടര്‍ വിദ്യാഭ്യാസം പ്രമാണിച്ചാണ് ഇങ്ങോട്ട് ചേക്കേറിയത്. ഇപ്പോള്‍ ഈ നാട്ടുകാരനായി. സോക്കേടുകാരനും....

കാലിലെ തരിപ്പും, കോച്ചലും മാറുന്നില്ലാ എന്ന് തറവാട്ടിലുള്ള സഹോദരനോട് പറഞ്ഞപ്പോള്‍ എന്നോട് അവിടെ വന്ന് താമസിക്കാനാണ് പറഞ്ഞത്..

ഇലക്കിഴിയും, വൈകിട്ട് ഞെരിപ്പോടിലെ ചൂട് തട്ടലും, പിന്നെ നല്ല പൊടിയരിക്കഞ്ഞിയും, ഉപ്പു മാങ്ങായും എല്ലാം സേവിച്ച് ശിഷ്ട ജീവിതം അവിടെ കഴിക്കാനാണ് അവന്‍ പറേണത്...

 എനിക്കവിടെ ഒരു പിടി മണ്ണുണ്ട്, നെല്‍ വയലും തെങ്ങിന്‍ തോപ്പുകളും എല്ലാം ചേര്‍ന്നാല്‍ എനിക്കും എന്റെ മകനും കൂടി ഏതാണ്ട് 80 ല്‍ കൂടുതല്‍ സെന്റ് സ്ഥലം ഉണ്ട്. ഇന്നെത്തെ വിലക്ക് സുമാര്‍ ഒന്നര കോടി രൂപ വില മതിക്കും. 

പക്ഷെ എനിക്കെങ്കില് എന്റെ ബീനാമ്മയെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല. ഓളുടെ അടുത്ത് തല്ല് കൂടിയും, വക്കാണം പറഞ്ഞും ഇരിക്കണം എനിക്ക്.. ഓള്‍ക്കാണെങ്കില് നാട്ടിന്‍പുറം ഇഷ്ടമില്ലത്രെ..

അവള്‍ക്ക് നാട്ടിന്‍ പുറം ഇഷ്ടമല്ലെങ്കില്‍ ഈ സ്ഥലമെല്ലാം ആവശ്യമുള്ളവര്‍ക്ക് കൊടുത്ത് ആ പണം കൊണ്ട് തൃശ്ശൂരിന്റെ ഗ്രാമപ്രദേശമായ കണിമംഗലത്തോ ചിയ്യാരത്തോ ചെറിയ  തെങ്ങിന്‍ തോപ്പും നെല്‍ വയലു കൂടി വാങ്ങാം. അവിടെയാണെങ്കില്‍ തോട്ടിലെ മീനും ഞെണ്ടും ആമയും ഒക്കെ കിട്ടും.. നാല് തെങ്ങ് ചെത്താന്‍ കൊടുത്താല്‍ കാലത്ത് ഒരു ചിരട്ടയുമായി തെങ്ങിന്‍ ചുവട്ടില്‍ നിന്നാല്‍ ഒരു ചിരട്ട കള്ളും കിട്ടും.

പിന്നെ നമ്മള്‍ കഴിയുന്നത്ര ആര്‍ക്കും ഒരു ഭാരമാകാതെ കഴിയണം. എനിക്ക് മക്കളും, മരുമക്കളും ഒക്കെ ആയെങ്കിലും ഞാന്‍ ആര്‍ക്കും ഒരു ഭാരമല്ല ഇപ്പോള്‍. വല്ലപ്പോഴും ജന്മനാട്ടില്‍ പോയി അനുജനോടൊന്ന് താമസിക്കും. എന്റെ എല്ലാ ദു:ഖങ്ങളും വേദനകളും ഞാന്‍ മറക്കും അവിടെ ചെന്നാല്‍.. ഇപ്പോള്‍ അവിടെ അല്ലറചില്ലറ പ്രശ്നങ്ങളുണ്ട്, അതൊക്കെ പരിഹരിക്കാനുള്ള വഴികള്‍ മണ്മറഞ്ഞ എന്റെ അച്ചനും അമ്മയും സ്വപ്നത്തില്‍ കൂടി എന്നെ അറിയിച്ചു... പ്രശ്നക്കാര്‍ക്ക് നല്ല ബുദ്ധി അവര്‍ കൊടുത്തുകൊണ്ടിരിക്കുന്നു എന്നാണ്  ഇപ്പോഴത്തെ അവസ്ഥയില്‍ കൂടി ഞാന്‍ മനസ്സിലാക്കുന്നത്.. 

ഇന്റര്‍ നെറ്റ്, വൈദ്യുതി, നല്ല വെള്ളം എന്നിവ സുലഭമല്ല എന്റെ നാട്ടിലിപ്പോള്‍. അതിനാല്‍ ഈ വേനല്‍ കാലത്ത് അവിടുത്തെ ജീവിതം സുഖകരമല്ല..

കാലത്ത് എണ്ണ തേച്ച് കുളിച്ച് വീട്ടുമുറ്റത്തുള്ള ആലിന്‍ ചുവട്ടിലോ, ഓല മേഞ്ഞ ഔട്ട് ഹൌസിലോ ഇരിക്കുമ്പോളുള്ള ഒരു സുഖം ഈ ഭൂമിയിലെവിടെയും ഇല്ലാ...

ഇന്ന് കാലത്ത് ഞാന്‍ വീണ്ടും തൃശ്ശിവപേരൂരിലുള്ള വസതിക്കടുത്ത ശക്തന്‍ മാര്‍ക്കറ്റിലെത്തി.

“കൊഴുവയുണ്ടോ ആശാനേ?“

 വര്‍ഗ്ഗീസിന്റെ കടയിലുള്ള വിഭവങ്ങളൊക്കെ നോക്കിയതിന് ശേഷം മൊത്തം മാര്‍ക്കറ്റിലെ മീനുകളുടെ സ്റ്റോക്കെടുപ്പ് നടത്തി.

മുള്ളന്‍ മീന്‍ സാധാരണ ഉണ്ടാവാറില്ല. ഇന്ന് ജോയിച്ചേട്ടന്റെ കടയിലുള്ളത് മൊത്തം വാങ്ങി. പിന്നെ വര്‍ഗ്ഗീസിന്റെ കടയില്‍ നിന്ന് ബീനാമ്മക്ക് രണ്ട് കിലോ ഏട്ടയും, ഒരു കിലോ അറക്ക്യയും വാങ്ങി. പിന്നെ എനിക്ക് ഒരു കിലോ കൊഴുവയും...

ഈ അറ്ക്ക്യയുടെ കഥ പറയുമ്പോള്‍ ഒരു പാട് പറയുവാനുണ്ട്.
മസ്കറ്റില്‍ അതിനെ സുറുമാ [കിങ്ങ് ഫിഷ്] എന്നാ പറയുക.. അത് ഒരു വലിയ സ്റ്റോറി ആണ്. ഞാനൊരു സുലൈമാനി ഇട്ടിട്ട് വരാം. ബാക്കി അതിന് ശേഷമെഴുതാം...  

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും മരുമകന്‍ കൊണ്ട് വന്ന് തന്ന മില്ലര്‍ ബീയര്‍ ഫ്രീസറില്‍ തണുപ്പിക്കാന്‍ വെച്ചിട്ടുണ്ട്. പിന്നെ ഇന്ന് ഹര്‍ത്താല്‍ ആണല്ലോ...?  കൊഴുവക്കറിയും, ഏട്ടയുടെ തല അധികം മുളകില്ലാതെ വറ്റിച്ചതും ഒക്കെ എന്നെ കാത്തിരിക്കും വൈകീട്ട്.. പതിവുകുളി കഴിഞ്ഞ് വീട്ടുമുറ്റത്തെ പറങ്കിമാവിന്‍ ചുവട്ടില്‍ ഉള്ള തെങ്ങിന്‍ മുട്ടിയില്‍ ഇരുന്ന് ബീയര്‍ മൊത്തിക്കുടിച്ച് കൊഴുവയും ഏട്ടത്തലയും കഴിച്ച് നാട്ടിലുള്ള പാറുകുട്ടിയെ സ്വപ്നം കണ്ട് ഇന്നെത്തെ രാത്രി ഞാന്‍ മയങ്ങാം.