Saturday, October 24, 2015

കമ്പി റാന്തല്‍

  ചില രാത്രികളില്‍ എനിക്ക് മുതുകില്‍ ഞരമ്പുവലി ഉണ്ടാകാറുണ്ട്. വയസ്സായതിനാലും പണ്ടൊരു വാഹനാപകടത്തില്‍  എല്ലിന് ക്ഷതം പറ്റിയതിനാലും ഒക്കെ ഇതൊരു കാരണമാകുന്നുവെന്ന് എനിക്ക് തോന്നുന്നു.. 
പണ്ടൊക്കെ എന്റെ ചേച്ചി രാത്രികളില്‍ ഇതുപോലെ വേദന തോന്നുമ്പോള്‍ അവര്‍ റാന്തലിന്റെ മുകളിലും ഇരു വശങ്ങളിലും തുണി ചൂടുപിടിപ്പിച്ച് വെക്കുന്നത് കാണാറുണ്ട്. ഞാന്‍ പത്താം ക്ലാസ്സില്‍ [1963] പഠിക്കുന്ന കാലത്തും എന്റെ ഗ്രാമത്തില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല.. അപ്പോള്‍ ഈ വിദ്യയാണ് ഞാന്‍ ചേച്ചിയെന്ന് വിളിച്ചിരുന്ന എന്റെ പെറ്റമ്മ ചെയ്തിരുന്നത്....

 എനിക്ക് ഇന്നെലെ ഇത്തരം വേദന വന്നപ്പോള്‍ ഞാന്‍ എന്റെ ചേച്ചിയെ ഓര്‍ത്തു.. അടുക്കളയില്‍ പോയി ഇസ്തിരിപ്പെട്ടി ചൂടാക്കി തുണിക്ക് ചൂട് പിടിപ്പിച്ച് എന്റെ വേദന ശമിപ്പിച്ചു... പ്രായമാകുമ്പോള്‍ പാതിരാത്രിയില്‍ വെള്ളം ചൂടാക്കാനും തുണി ചൂടാക്കാനും എന്റെ ശ്രീമതിയെ വിളിച്ചുണര്‍ത്താന്‍ പറ്റില്ലല്ലോ, അവള്‍ക്കും അറുപത് കഴിഞ്ഞു....

പഴകാലാം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ പലതും ഊറിവരുന്നു.. എനിക്ക് ഓര്‍മ്മ വെച്ചനാള്‍ മുതല്‍ വയറ് ശരിയല്ല, എന്നാലോ തീറ്റക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.. ഗ്രാമത്തില്‍ വൈകിട്ടാണ് മീന്‍ കിട്ടുക.. അധികം എരുവില്ലാതെ മീന്‍ വെക്കുന്ന പണി വീട്ടിലില്ല, അതിനാല്‍ എനിക്ക് മീന്‍ കൂട്ടാനോടൊപ്പം മോര് തരും..ചില രാത്രികളില്‍ ഉറങ്ങാന്‍ കിടന്ന് പാതിരാ കഴിയുമ്പോള്‍ എനിക്ക് കക്കൂസില്‍ പോകാന്‍ തോന്നും. അന്നൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു വീട്ടിലും ടോയ്ലറ്റ് ഉണ്ടായിരുന്നില്ല. വെളിപറമ്പ് അന്വേഷിക്കണം...  പാവം കിടന്നുറങ്ങുന്ന ചേച്ചിയെ തന്നെ വിളിക്കും. അപ്പോള്‍ ഏതെങ്കിലുമൊരു കമ്പി റാന്തലിന്റെ തിരി ഉയര്‍ത്തി തെക്കേ പറമ്പിലേക്ക് എന്നെ കൊണ്ടോകും.. ഞാന്‍ അവിടെ ഇരുന്ന് വിസര്‍ജ്ജനം ചെയ്യുന്നതിന്നിടയില്‍ കളിക്കാനും പുല്ല് പറിക്കാനു ഒക്കെ തുടങ്ങു.. പിന്നെ റാന്തലിന്റെ വെളിച്ചം കണ്ട് നൃത്താടുന്ന് ചീവിടുകളെ പിടിക്കാനും ഒക്കെ നോക്കും....  

 ഇപ്പോള്‍ തിരിയിട്ട് കത്തുന്ന കമ്പി റാന്തല്‍ ഞാന്‍ കണ്ടിട്ട്  വര്‍ഷങ്ങളായി. എന്റെ ചെറുവത്താനിയിലെ തറവാട്ട് കോലായില്‍ അനിയന്‍ വി. കെ . ശ്രീരാമന്‍ പഴയ കമ്പി റാന്തല്‍ തൂക്കിയിട്ട് കണ്ടിരുന്നു ഒരു നാള്‍. അച്ചന്‍ കൊളമ്പില്‍ നിന്നും ഇംഗ്ലീഷ് മേക്ക് റാന്തല്‍ കൊണ്ട് വരാറുണ്ട്. അത് ഞങ്ങളുടെ പടിഞ്ഞാറെ കോലായില്‍ രാത്രി 10 മണി വരെ കത്തിക്കാറുണ്ട്.. വഴി യാത്രക്കാര്‍ക്ക് ആ  വെളിച്ചം ഒരു അനുഗ്രഹമായിരുന്നു. സാധാരണ വിളക്കിനേക്കാള്‍ അത് വലുതും കൂടുതല്‍ ശോഭ പകരുന്നതും ആയിരുന്നു.

Sunday, October 18, 2015

തേക്കില



പണ്ടൊക്കെ പാറേലങ്ങാടിയില്‍ ആട്ടിറച്ചി വാങ്ങാന്‍ പോകുമ്പോ‍ളാണ് തേക്കില കാണാറ്. ഇറച്ചി തേക്കിലയിലാണ് പൊതിഞ്ഞ് തരാറ്. അങ്ങാ‍ടിയില്‍ നിന്ന് ഉണക്കമീന്‍ വാങ്ങാനായി കോയസ്സന്റെ പീടികയില്‍ പോയാല്‍ മീന്‍ ഇടാന്‍ ഒരു പാളസഞ്ചിയും കിട്ടും.. അന്നൊക്കെ പരിസ്ഥിതി സംരക്ഷണയില്‍ മുന്‍പന്തിയിലായിരുന്ന നമ്മുടെ നാട് ഇന്ന് പ്ലാസ്റ്റിക് യുഗത്തിലായി. 

ഇറച്ചി വീട്ടിലെത്തിയാല്‍ അത് ചട്ടിയില്‍ കഴുകാന്‍ ഇടുമ്പോള്‍ ഞാന്‍ ആ തേക്കിലകള്‍ കഴുകിയുണക്കി ഇറയത്ത് വെക്കും. എനിക്ക് ആ ഇലകള്‍ വളരെ പ്രിയം ആയിരുന്നു. അന്നൊക്കെ ഞങ്ങളുടെ ഗ്രാമത്തില്‍ തേക്ക് ഉണ്ടായിരുന്നില്ല…..

തേക്കിനെ പറ്റിയും അമ്മയുടെ തറവാട്ടിലെ വിശേഷങ്ങളൊക്കെ മനസ്സിലേക്ക് വരുന്നു.. ഞാന്‍ അന്ന് ഏഴിലോ എട്ടിലോ ആണെന്ന് തോന്നുന്നു പഠിക്കുന്നത്. പാറയിലങ്ങാടിയില്‍ സൈക്കിളില്‍ പോകും.. വെട്ടന്റെ പീടികയില്‍ നിന്ന് പലചരക്ക് വാങ്ങും. ചാക്ക് സഞ്ചിയും സാധനങ്ങളുടെ കുറിപ്പും അവിടെ കൊടുത്തിട്ടായിരിക്കും ഞാന്‍ മീന്‍ മാര്‍ക്കറ്റിലേക്ക് ഓടുക.. 

ഇറച്ചിയും മീനും വാങ്ങിക്കഴിഞ്ഞ്, പലചരക്കും വാങ്ങി ചെറുവത്താനിയിലേക്ക് തിരിക്കുന്നതിന്നിടയില്‍ ചിലപ്പോള്‍ സായ്‌വിന്റെ കടയില്‍ നിന്ന് മൂന്ന് പൊറോട്ടയും പോത്തിറച്ചിയും വാങ്ങിക്കഴിക്കാന്‍ മറക്കാറില്ല. നല്ല മസാലയിട്ട പോത്തിറച്ചിയും അതിന്‍ മീതെ ഒരു സ്ട്രോങ്ങ് ചായയും കുടിച്ചാല്‍ ഒരു പുക വിടാന്‍ തോന്നും. അപ്പോള്‍ ഒരു പനാമ സിഗരറ്റിന്‍ തീകൊളുത്തി സൈക്കിളില്‍ കയറും. ബഥനി തിരിവ് കഴിയുന്ന വരെ സൈക്കിള്‍ തള്ളിക്കൊണ്ട് പുകയും വിട്ട് നടക്കും. പിന്നെ വൈശ്ശേരി വരെ ചവിട്ടും. 

ജെടിയെസ്സ് കഴിഞ്ഞാല് പിന്നേയും തള്ളും, അത് കഴിഞ്ഞാല്‍ പിന്നെ ചെറോക്കഴ വരെ ഇറക്കമാണ്‍.. ന്യൂട്രലില്‍ പോകും..  എന്തൊരു ഓര്‍മ്മകള്‍.. അന്നൊന്നും എന്റെ മനസ്സില്‍ പാറുകുട്ടി ഉണ്ടായിരുന്നില്ല, 

മീശ മുളച്ച് തുടങ്ങിയ കാലത്തായിരുന്നു അവളുടെ രംഗപ്രവേശം. ആദ്യമായി അവളെ കണ്ടത് കൊച്ചിക്കായലില്‍ പോഞ്ഞിക്കരയില്‍ അന്തിക്കള്ള് കുടിക്കാന്‍ കൊച്ചുവള്ളത്തില്‍ പോകുമ്പോളായിരുന്നു..

 { ഓര്‍മ്മകള്‍ കാട് കയറുന്നു, അസുഖം കാരണം കുറെ നാള്‍ എഴുത്തുപുര അടഞ്ഞ് കിടക്കുകയായിരുന്നു, വീണ്ടും തുറക്കാം താമസിയാതെ, കാത്തിരിക്കുക }








==