Wednesday, May 29, 2013

84 വയസ്സിലെ നിറഞ്ഞ പുഞ്ചിരി

memoir

ഗുരുവായൂര്‍  പോകുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരിടം ഉണ്ട്. “ഹോട്ടല്‍ ശ്രീകൃഷ്ണ ഭവന്‍”. ഭഗവാനെ തൊഴുത്  മടങ്ങുമ്പോള്‍ അവിടെ കയറും, ഒരു ചായ കുടിക്കും. നല്ല കടുപ്പമുള്ള അവിടുത്തെ ചായ കുടിച്ചാല്‍ ക്ഷീണമെല്ലാം മാറും.

ഇന്നെലെ എന്റെ റക്കം തലാത്ത പേരെക്കിടാവിന്റെ ചോറൂണിന് ഗുരുവായൂരിലെത്തി. ഞാന്‍ അടുത്ത കാലത്തൊന്നും കണ്‍ടില്ല ഇത്രയും വലിയ തിരക്ക്. പ്രധാന കവാടത്തിലെ  ക്യൂ മഞ്ജുളാല്‍  വരെ ഉണ്ടെങ്കില്‍, ഞാന്‍ ഒരിക്കലും ആ വഴി  പോകാറില്ല.

ദേവിയുടെ നടവഴി  അകത്ത് കടക്കാറാണ് പതിവ്. എന്നിട്ട് നാലമ്പലത്തിലേക്ക് ഒരിക്കലും കടക്കാന്‍ ശ്രമിക്കാറില്ല. ഒന്നാമത് ക്ഷമ ഇല്ല, രണ്ടാമത് വാതരോഗിയായ എനിക്ക് അധികം സമയം നഗ്നപാദനായി വരിയില്‍ നിക്കാനാവില്ല.

അതിനാല്‍ പെട്ടെന്നങ്ങിട്ട്  ഉള്ളിലേക്ക് കടക്കാമെന്ന് വിചാരിച്ച് ദേവിയുടെ നടയിലേക്ക് പോയപ്പോല്‍ ഗാര്‍ഡ്  പറഞ്ഞു വരിയില്‍ നിന്ന് വരാന്‍. അങ്ങിനെ ആദ്യമായി ജീവിതത്തില്‍ ദേവിയുടെ നടയിലെ ക്യൂവില്‍ അര മണിക്കൂര്‍ നില്‍ക്കേണ്ടി വന്നു.

ഒട്ടും പരിഭവമില്ല, ഭഗവാന്റെ മുന്നില്‍  എല്ലാവരും തുല്യര്‍. വരിയില്‍ നിന്ന് അകത്ത് കടന്നപ്പോള്‍ മനസ്സിലായി ഭഗവാന്റെ തിരുനടയില്‍ നടത്തിയിരുന്ന ചോറൂണ് ഇപ്പോള്‍ ഊട്ടുപുരയിലേക്ക്  ആക്കിയിരിക്കുന്നുവെന്ന്. ഇത് തീര്‍ത്തും അന്യായം  തന്നെ. ചോറൂണ് പോലെ ഉള്ള  പരിപാവനമായ  കര്‍മ്മം മറ്റൊരിടത്തേക്ക് എന്നത് ഒട്ടും സഹിക്കാനായില്ലെങ്കിലും ഊട്ടുപുരയിലെത്തി റക്കം തലാത്തക്ക് ചോറൂണ് നല്കി. റക്കം തലാത്തയുടെ ഒഫീഷ്യല്‍ പേര്‍ “നിവേദിത” എന്നാണ്.

അവളെ പത്തുമാസം തികയുന്നതിന്‍ മുന്‍പ് തന്നെ പുറത്തേക്കേടുത്തു. പീമെച്ചുവര്‍ സ്റ്റേജില്‍. ഈശ്വരാനുഗ്രഹം അവളുടെ ചില്ലറ ദുരിതങ്ങളൊക്കെ നീങ്ങി ഇപ്പോള്‍ നല്ല തൂക്കം വെച്ചു. ഞാന്‍ കുറേ നാളത്തേക്ക് ശേഷമാണ് തലാത്തയെ കണ്ടത്.  കണ്ടപ്പോള്‍ അവളുടെ ഉമ്മി രാക്കമ്മയുടെ ചെറുപ്പത്തില്‍ ഈ  പ്രായത്തില്‍ ഇവളെപ്പോലെ തന്നെ.

തലാത്തയുടെ ഉമ്മി ജനിച്ചുവളര്‍ന്നത് മസ്കത്തിലായിരുന്നു.  ഒരു അമ്മിക്കുഴ പോലെ  ആയിരുന്നു  രാക്കമ്മ. നിവേദിത രാക്കമ്മയെക്കാളും സുന്ദരിയായിരിക്കുന്നു.  അവളെ എടുത്ത് ഓമനിച്ച് എനിക്ക് തൃപ്തിയായില്ല. രാക്കമ്മയും കുടുംബവും “ദേവരാഗ” ത്തിലെ ശാപ്പാടിന് ശേഷം കൊച്ചിയിലേക്ക് മടങ്ങി.

ഞാന്‍ പറഞ്ഞ് വന്നത് 84 വയസ്സുകാരന്റെ കാര്യമാണ്. അത് ഇവിടെ തുടങ്ങാം. അങ്ങിനെ ഇക്കുറിയും ശ്രീകൃഷ്ണ ഭവനിലേക്ക് കയറി. ആദ്യം ഞാന്‍ ചോദിക്കുക ഈയിടെയായി അതിന്റെ ഉടമസ്ഥലിരൊളായ ഉണ്ണികൃഷ്ണനെ ആണ്.

ലയണ്‍സ് ക്ലബ്ബ്  വഴിയാണ് ഉണ്ണികൃഷ്ണനുമായുള്ള സൌഹൃദം. കഴിഞ്ഞ പ്രാവശ്യം അമ്പലത്തില്‍ പോയപ്പോ‍ള്‍ സോക്സ് ധരിച്ചിരുന്നു. കാരണം കാലിലെ വാതം. ഇക്കുറി സോക്സ് വീട്ടില്‍ നിന്നും എടുക്കാന്‍ മറന്നു.  ഗുരുവായൂരപ്പന്‍ എന്നോട് സോക്സ് എടുക്കേണ്ട എന്നതായിരിക്കും കല്പിച്ചിരുന്നത്. ഞാന്‍ സയ്യാര സത്രം വളപ്പില്‍ പാര്‍ക്ക് ചെയ്ത് സോക്സ് ഇടാണ്ട് അങ്ങട്ട് നടന്നു. ആദ്യം ചില്ല മുറുക്കങ്ങളും പിരിക്കലും എല്ലാം കേട്ടു  കാലിന്റെ അടിയില്‍  നിന്ന്. അതൊന്നും കാര്യമാക്കാതെ നാരായണ മന്ത്രം ഉരുവിട്ട് നടന്നു. ദേവിയുടെ നടയുടെ കിഴക്കുഭാഗത്തുള്ള കൊച്ചു ആലിന്റെ അവിടെ ചെറുതായി  ഒന്ന് വിശ്രമിച്ചിരുന്നു. പിന്നീടാണ് അകത്തേക്ക് കയറിയതും.

നോക്കൂ ഭഗവത്കടാ‍ക്ഷം അഞ്ചുവര്‍ഷത്തിന് ശേഷം എനിക്ക് ചെരുപ്പില്ലാതെ നടക്കാനായി. എന്റെ സന്തോഷത്തിന്  അതിരില്ല എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ, ഭക്തവത്സലാ, കാരുണ്യ സിന്ധോ.

കുട്ടിയുടെ ചോറൂണ്‍ കഴിഞ്ഞപ്പോള്‍ മകന്‍ ജയേഷിനൊരു മോഹം – തുലാഭാരം കഴിക്കണമെന്ന്. എന്നോട് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പറഞ്ഞിരുന്നില്ല, എങ്കില്‍ ഓവര്‍ ലോഡ് ആകും പരിപാടി  എന്ന് നിരീച്ച്  ഞാന്‍ വരുമായിരുന്നില്ല അവരുടെ കൂടെ. പിന്നെ തുലാഭാരം രക്കമ്മക്കും, സേതുലഷ്മിക്കും, കുട്ടിമാളുവിനും. ചുരുക്കിപ്പറഞ്ഞാല്‍ ബീനാമ്മക്കും എനിക്കുമൊഴികെ എല്ലാവര്‍ക്കും. അപ്പോഴാണ് എനിക്ക് തോന്നിയത് അവിടെ നിന്ന് ക്ഷീണിതനാകുന്നതിലും നല്ലത് ശ്രീ കൃഷ്ണ ഭവനില്‍ പോയി ഒരു ഉശിരന്‍ ചായ കുടിക്കാമെന്ന്.

ഇനി കൂട്ടം തെറ്റേണ്ടാ എന്ന് വിചാരിച്ച് ഞാന്‍ മകനോട് പറഞ്ഞു..”എന്നെ ശ്രീകൃഷ്ണ ഭവന്റെ മുന്നില്‍ നോക്കിയാല്‍ മതി”.

കൌണ്‍ടറില്‍ ഇരിക്കുന്ന പയ്യന്‍സിനോട് കുശലം ഒന്നും ചോദിക്കാതെ നേരെ ഹോട്ടലിന്നകത്തേക്ക് പ്രവേശിച്ചു. ചായ കുടിക്കുന്നതിനേക്കാളും തിരക്ക് ഒന്ന്   ഇരിക്കാനായിരുന്നു.

ഒന്ന് രണ്ട് കസേരകളില്‍ ഇരുന്നിട്ടും എന്റെ നടുവിന് ഒരു താങ്ങ് കിട്ടിയില്ല. പുതിയ പരിക്ഷ്കാരങ്ങളിലെ കസേര. നല്ല മരത്തില്‍ കടഞ്ഞെടുത്ത അഴികളൊട്  കൂടിയത്. ചാഞ്ഞിരിക്കാന്‍ പറ്റാത്ത കാ‍രണം തണ്ടെല്ല്  നിവര്‍ത്താന്‍ പറ്റിയില്ല.

ഏതെങ്കിലും ഹോട്ടലില്‍ ഒരു മുറിയെടുത്ത് പത്ത് മിനിട്ട് തണ്ടെല്ല് നിവര്‍ത്താമെന്ന് വെച്ചാല്‍ നല്ല ഹോട്ടലുകളെല്ലാം കുറച്ചകലെ. ഒരു  കടലാസ്സ് വിരിച്ച് നടപ്പാതയില്‍ കിടക്കാമെന്ന് വെച്ചപ്പോള്‍ എന്നുമില്ലാത്ത  തിരക്കും. അങ്ങിനെ ചായ  ഓര്‍ഡര്‍ കൊടുത്തു. ചുടുചായ സങ്കല്പിച്ച്  കുടിക്കാന്‍ നോക്കിയപ്പോള്‍ ചൂട് കുറവായിരുന്നു. ഉടന് അവിടുത്തെ വെയിറ്റര്‍  കുട്ടി നല്ല ചൂടില്‍ ഉഗ്രന്‍ ഒരു ചായ എനിക്ക് കൊണ്ടത്തന്നു.

ആ ചായ കുടിച്ചപ്പോള്‍ എന്റെ ക്ഷീണമെല്ലാം പമ്പ കടന്നു. എന്റെ ആരോഗ്യം വീണ്ടെടുത്തു. മഞ്ജുളാല്‍ വരെ നടക്കാമെന്ന് വെച്ചു. ഇനി  ചെരുപ്പില്ലാതെ  സധൈര്യം നടക്കാമല്ലോ‍. മറ്റത് പുറത്തൊരു ചെരുപ്പ്, വീട്ടിനകത്ത് മറ്റൊന്ന്, ഡ്രൈവ്  ചെയ്യാന്‍ ഒരു  സ്പെഷല്‍ സാധനം. അങ്ങിനെ ചെരിപ്പോട് ചെരിപ്പ്. അതില്‍ നിന്നെല്ലാം മുക്തി നേടി.

ഭഗവാന്‍ കൃഷ്ണനറിയാം ഞാന്‍ കാലത്ത് ജലപാനം പോലും കഴിക്കാതെ ആണ് പൂക്കളറുത്ത് ഭഗവാന് സമര്‍പ്പിക്കുക. അതുകഴിഞ്ഞ് ഭസ്മക്കുറി ഇട്ട് ഗണപതിക്ക് ഏത്തമിട്ടേ, അടുക്കളയില്‍ ഒരു സുലൈമാനി ഇട്ട് കഴിക്കൂ… ഈ  സുലൈമാനി എന്ന കട്ടന്‍ ചായ ആണ് എന്റെ ആരോഗ്യ രഹസ്യം.

ലോകമെല്ലാം കറങ്ങി തമ്പടിച്ചത്  ആയിരത്തി  തൊള്ളായിരത്തി എഴുപത്തിമൂന്നില്‍ ഒമാനിലെ മസ്കത്തില്‍. അന്ന് ഒരു സുലൈമാനി  ഇട്ടുതന്നത് എന്റെ ആരാധനാപുരുഷനായ അയല്‍ക്കാരന്‍ സൈനുദ്ദീന്‍ ആണ്. എന്നെ ഗള്‍ഫിലെത്തിച്ച  മഹാമനസ്കന്‍. അദ്ദേഹമാണ് എന്റെ എല്ലാം എല്ലാം. എനിക്ക് നാല് കാശ് ഉണ്ടാക്കാനുള്ള വഴി കാണിച്ചുതന്ന നല്ല മനസ്സിന്റെ ഉടമയായ അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ കുമ്പിടുന്നു.

മഞ്ജുളാല്‍ വരെ ഉള്ള നടത്തത്തിന്‍ മുന്‍പേ കാഷ്യറോട് ചോദിച്ചു. “ഉണ്ണിക്കൃഷ്ണന്‍ സാധാരണ എപ്പോളാ ഇവിടെ വരിക…?”

“ഏട്ടന് അങ്ങിനെ പ്രത്യക സമയങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ  അച്ചന്‍ ഇതാ അവിടെ ഇരിക്കുന്നു കാഷ്  റെജിസ്റ്ററിന്റെ മുന്നില്‍…”

ഞാന്‍ അദ്ദേഹത്തെ  തൊഴുത് അങ്ങോട്ടെത്തി.

“ആരാ മനസ്സിലായില്ല…?”

ഞാന്ജയപ്രകാശ്….  ഉണ്ണികൃഷ്ണന്റെ സുഹൃത്താണ്. ലയണ്‍സ് ക്ലബ്ബ് അംഗമാണ്..”

നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എനിക്ക് ഇരിക്കാനുള്ള ഇരിപ്പടം സജ്ജമാക്കി.  ഞാന്‍ അവിടെ ഇരുന്ന് അദ്ദേഹത്തോടൊപ്പം ഞാന്‍ വന്ന കാര്യവും എന്നെയും പരിചയപ്പെടുത്തി.
ഉണ്ണിക്കൃഷ്ണന്റെ അച്ചന് എന്നെ കണ്ട് വളരെ സന്തോഷമായി. അദ്ദേഹം എന്നോട് കൂടുതല്‍ വര്‍ത്തമാനം പറയാന്‍ തുടങ്ങി.

“ഞാന്‍ നാരായണന്‍ നമ്പീശന്‍..രേവതി നക്ഷത്രം. 5 ആണ്‍ മക്കള്‍.  രണ്ടാമത്തെവന്‍ ആണ് ഉണ്ണിക്കൃഷ്ണന്‍. ഗുരുവായൂരിലെത്തിയിട്ട് വര്‍ഷങ്ങള്‍ കുറേ ആയി. കോഴീക്കോട്ട് ശാന്തഭവനില്‍ നിന്നായിരുന്നു ഹോട്ടല്‍ ജീവിതം ആരംഭം. അളകാപുരിയും അവരുടെ ഉടമസ്ഥതയിലായിരുന്നു. 1950 മുതല്‍ അറുപത് വരെ അവിടെ കഴിച്ചുകൂട്ടി. അവിടെ നിന്ന് കൈയും വീശിയിട്ടായിരുന്നു ഗുരുവായൂരിലെത്തിയത്. തുടക്കത്തില്‍ ഈ മുറിയും പിന്നിലേക്ക് ഒരു ചായ്പും മാത്രമായിരുന്നു. “

അധികം താമസിയാതെ തന്നെ ഹോട്ടലും മറ്റു അനുബന്ധസ്ഥാപങ്ങളും തുടങ്ങാനായി. ബിസിനസ്സ് മെച്ചപ്പെട്ടു. കയ്യിലൊന്നുമില്ലാതെ  വന്ന ഞാന്‍ 44 സെന്റ് സ്ഥലം ഗുരുവായൂരപ്പന് കൊടുത്തു. ഗുരുവായൂര്‍ വന്ന് അന്ന് മുതല്‍ ഈ  84 വയസ്സുവരെ മുടങ്ങാതെ ആണ്ടിലൊരിക്കല്‍ ശയനപ്രദാക്ഷിണം നടത്തുന്നു. ഒരസുഖവും കാര്യമായി  ഇല്ല. നാലു മണിക്കെണീക്കും, നേരെ ഗുരുവായൂരമ്പല നടയിലെത്തും. അങ്ങിനെ വൈകിട്ടെത്തെ  അത്താഴപ്പൂജ വരെ പലതവണം അമ്പലത്തിലുണ്ടാകും.

ഭസ്മക്കുറി  വരച്ച നാരായണന്‍ നമ്പീശന്റെ മുഖം എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു ഇപ്പോഴും. കേമറ  കാറില്‍ നിന്നെടുത്ത്  വന്ന്  ഒരു ഫോട്ടോ  എടുക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴെങ്കിലും കാണുമ്പോള്‍ ആകാമെന്ന് വെച്ചു.

അദ്ദേഹം എനിക്ക്  ഒരു ചായ കൂടി തരാം എന്ന് പറഞ്ഞു. വേണ്ടെന്ന്  പറഞ്ഞ് ഞാന്‍ എണീറ്റതും എന്നെക്കാത്ത്  എന്റെ മകന്‍ ഹോട്ടലിന്റെ മുന്നിലുണ്ടായിരുന്നു. ഞാന്‍ യാത്ര പറഞ്ഞ് പിരിഞ്ഞു.

ഇക്കുറിയുള്ള ഗുരുവായൂര്‍  സന്ദര്‍ശനം ഒരു ഓര്‍മ്മയായി  നാരായണന്‍ നമ്പീശന്‍ എന്റെ മനസ്സില്‍ ഇപ്പോഴും മായാതെ  കിടക്കുന്നു. നൂറ് വയസ്സ് വരെ ആരോഗ്യവാനായി അദ്ദേഹം ജീവിക്കട്ടെ എന്ന് ഭഗവാന്‍ കൃഷ്ണനോട് ഞാന്‍ അപേക്ഷിക്കുന്നു. അദ്ദേഹത്തിന്റെ  ഈ നിറഞ്ഞ പുഞ്ചിരിയാണ് അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം..

നല്ല മനസ്സുള്ളവര്‍ക്കേ ഇങ്ങിനെ പുഞ്ചിരിക്കാന്‍ കഴിയൂ……..
Saturday, May 18, 2013

പൂരക്കഞ്ഞി


memoir

തൃശ്ശൂര്‍ പൂരത്തിന് ഞാന്‍ കുറേ സാംഭാരവും ചുക്കുവെള്ളവും കുടിച്ചു. പൊരിവെയിലത്ത് സംഭാരം  നല്‍കുന്ന കുളിര്‍മ്മ വേറേ ഒന്ന് തന്നെ.

പൂരത്തിന്റെ പിറ്റേന്ന് എനിക്ക് വയറിളക്കം ഉണ്ടായി.
കണ്ണേട്ടന്‍ ബോലാ…. അമിതമായി സംഭാരം സേവിച്ചാല്‍ അങ്ങിനെ വരുമത്രെ.

നല്ല കാലത്തിന് രാജേട്ടന്‍ ഉണ്ടായിരുന്നു. മൂപ്പര്‍സ് ശൊല്ലിയാച്ച് വില്വാദി ഗുളിക രണ്ടെണ്ണം വെച്ച് മൂന്ന് നേരം കഴിച്ചാല്‍ വയറ്റിലെ വിഷമയമായാതെല്ലാം പോയിക്കിട്ടും എന്ന്.

ആദ്യത്തെ ഡോസ് കഴിച്ച് 2 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് വീണ്ടും ഇളകിയില്ല, എന്നാലും പേടിച്ച് പകല്‍പൂരം കാണാനും പൂരക്കഞ്ഞി    മോന്താനും പോയില്ല.

മാമ്പഴപ്പുളിശ്ശേരി, മുതിരപ്പുഴുക്ക്, മാങ്ങാ അച്ചാര്‍, പപ്പടം എന്നിവയും ഉണ്ടായിരുന്നു കഞ്ഞിക്ക് കൂട്ടിന് ഇക്കൊല്ലം. മാമ്പഴപ്പുളിശ്ശേരി ഞാന്‍ കഴിച്ചിട്ടേ ഇല്ല.

കഴിഞ്ഞ കൊല്ലം ലക്ഷ്മിക്കുട്ടിയുടെ മുത്തശ്ശി വിളമ്പിത്ത്നനിരുന്നു. ആ രുചി ഇപ്പോഴും നാവിന്‍ തുമ്പത്തുണ്ട്.

വടക്കുന്നാഥനെ മനസ്സില്‍ ധ്യാനിച്ച് രണ്ടും കല്പിച്ച് കഞ്ഞി മോന്താന്‍ പോയാലോ എന്ന് വിചാരിക്കാതിരുന്നില്ല. വയസ്സന്മാര്‍ക്ക് ഉള്ള ഡയപ്പര്‍ ഒന്ന് വാങ്ങി അതും ധരിച്ച് അങ്കത്തിന്നിറങ്ങാന്‍ തീരുമാനിച്ച് കൂര്‍ക്കഞ്ചെരിയിലുള്ള ഒരു മരുന്ന് പീടികയില്‍ അന്വേഷിച്ചപോള്‍ അവര്‍ അങ്ങിനെ ഒന്ന് കേട്ടിട്ടില്ലാ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നിരാശനായി.

പൂരക്കഞ്ഞിക്ക് പകരം വീട്ടിലെ ഫ്രീസറില്‍ വെച്ചിരുന്ന ചില്‍ഡ് ഫോസ്റ്റര്‍ അകത്താക്കാനൊരുമ്പെട്ടപ്പോള്‍ വീട്ടുകാരി എന്നെ ചൂലെടുത്തടിക്കാന്‍ വന്നു. ഞാന്‍ വടക്കോട്ടോടി.

Monday, May 13, 2013

Thank God I got a doctor friend at coimbatore

memoir


ഇന്ന് എനിക്ക് വളരെ സന്തോഷമുള്ള ദിവസം ആയിരുന്നു.

കോയമ്പത്തൂരില്‍ എനിക്ക് ഒരു ഡോക്ടര്‍ പെണ്‍കുട്ടിയെ സുഹൃത്തായി കിട്ടി. എന്റെ സന്തോഷത്തിന്‍ അതിരില്ല.

ഞാനെന്നും ഒരു സോക്കേട് കാരനാണ്. വയറിനാണ് എപ്പോഴും അസുഖം. എന്നാല്‍ അതനുസരിച്ച് ജീവിക്കാനെങ്കിക്ക് അറിയില്ല. പലതരം സംസ്കാരങ്ങള്‍, പലതരം ജീവിതക്രമം, മനസ്സിന് പറ്റാത്ത ഭക്ഷണം.

ഇങ്ങിനെ ഒക്കെ ആകുമ്പോള്‍ എന്നും വയറ്റില്‍ അസുഖം. പണ്ടൊരിക്കല്‍ ജര്‍മ്മനിയില്‍ വെച്ച് എന്‍ഡോസ്കോപ്പി ചെയ്തു. അതില്‍ പിന്നെ ഇത്തരം സ്കോപ്പി എന്ന് കേള്‍ക്കുമ്പോള്‍ പേടി ആണ്.

നാട്ടില്‍ ഒരു അലോപ്പതി ഡോക്ടറെ കണ്ടാല്‍ ഉടനെ പറയും “ഗോ ഫോര്‍ എന്‍ഡോസ്കോപ്പി”. ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗിയെ ഈ പ്രക്രിയക്ക് വിധേയനാക്കും. തൊണ്ടയില്‍ കൂടി ഗുദം വരെ ഒരു കേമറ ഘടിപ്പിച്ച കുഴല്‍ കടത്തും. വല്ലാത്ത ഒരു അവസ്ഥയാണ് ഇത്. ഒരിക്കല്‍ അനുഭവിച്ചാല്‍ പിന്നെ ജീവിതത്തില്‍ സ്വബോധത്തോടെ ഇതിന് മുതിരില്ല .

അതിനാല്‍ ഞാന്‍ ഈയിടെ ആയി ഈ സ്കോപ്പിക്ക് വിധേയനാകാറില്ല. ആയുര്‍വ്വേദത്തിലും ഹോമിയോവിലും ഈ സ്കോപ്പി കൂടാതെ തന്നെ ഡയഗ്നോസിസ് നടത്തപ്പെടുന്നു.തൃശ്ശൂര്‍ പൂരത്തിന്റെ അന്ന് പഴയ നടക്കാവില്‍ നിന്ന് എരിപൊരി വെയിലത്ത് മടത്തില്‍ വരവിനോടനുബന്ധിച്ചുള്ള മേളം കുറച്ച് ആസ്വദിച്ച് എലിഞ്ഞത്തറ  വരെ ഒന്ന് പോയി അവിടുത്തെ ചുറ്റുവട്ടങ്ങള്‍ ഒന്ന് വിലയിരുത്താന്‍ പോകുന്ന വഴിക്ക് പാണ്ഡി സമൂഹം ഹോളിലെ സൌജന്യം സംഭാരം വയറ് നിറയെ കുടിച്ചതാ‍ണ് കാരണം. ഇക്കൊല്ലത്തെ പൂരം അടിപൊളിയായിരുന്നു.

പുതിയതായി പരിചയപ്പെട്ട കണ്ണേട്ടനും ശുഭയും ഈ പൂരത്തിന് എനിക്ക് കൂട്ടായി. ഒരു പെങ്ങളുടെ വാത്സല്യം ഈ  പെണ്‍കുട്ടിയില്‍ നിന്നും അനുഭവിക്കാനായി. പിന്നെ കണ്ണേട്ടന്റെ സ്നേഹത്തിന് ഒരു അളവുകോലിനും അളക്കാന്‍ പറ്റാത്ത അത്ര.

സാമ്പിള്‍ വെടിക്കെട്ട് ശുഭക്കും കണ്ണേട്ടനും കുട്ടികള്‍ക്കുമൊത്ത് പഴയ നടക്കാവിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കണ്ണ് നിറയെ കാണാനും കേള്‍ക്കാനും ആയി.

ശുഭയുടെ വീട്ടില്‍ ഹോം മെയ്ഡ് ഫുഡും ഭക്ഷണവും, താമസവും എന്റെ വീട്ടുകാരി ഇല്ലാത്തപ്പോള്‍ കണ്ണേട്ടന്‍ ഓഫര്‍ ചെയ്തിരുന്നു. പക്ഷെ ഞാന്‍  ഇത് വരെ അവരുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ല. പകരം നേരെ കോയമ്പത്തൂരിലേക്ക് വണ്ടി കയറി.

എന്റെ വീട്ടുകാരി ഇപ്പോള്‍ ഇവിടെ മകനോടൊത്താണ് താമസം. അവള്‍ക്ക് ഇവിടെ കുട്ടിമാളുവിന് തുണയായി കഴിയുന്നു. കുട്ടിമാളുവിന്റെ അച്ചനും അമ്മയും ജോലി കഴിഞ്ഞെത്തുമ്പോള്‍ ഏറെ വൈകും, അപ്പോള്‍ അവള്‍ക്ക് കൂട്ടായി അവളുടെ അച്ചമ്മയും കൂട്ടായി.

എന്റെ സ്ഫന്ദനങ്ങള്‍ തൃശ്ശൂരിലാണെങ്കിലും എനിക്ക് ഇഷ്ടഭക്ഷണം വിളമ്പിത്തരാന്‍ ആരുമില്ല. ഏതുസമയത്തും എനിക്ക് ഭക്ഷണം തരുന്ന മറ്റൊരു കൂട്ടുകാരി ഉണ്ടെനിക്ക് അവിടെ. ലക്ഷ്മിക്കുട്ടിയുടെ അമ്മ. കുറച്ച് നാളായി അവിടെ പോകാറില്ല. മറ്റൊന്നും കൊണ്ടല്ല, എപ്പോഴും എല്ലാരെയും ബുദ്ധിമുട്ടിക്കേണ്ട എന്നു വിചാരിച്ചു.

എനിക്കാവശ്യമുള്ളത് കുമ്പളങ്ങയോ വെള്ളരിക്കയോ ഇട്ട മോരുകറിയും, നീട്ടിയുണ്ടാക്കിയ അവിയല്‍, കൈപ്പയ്കക തീയല്‍ മുതലായവ ആണ്.

ഞാന്‍ ഈയിടെ ഫേസ് ബുക്കിലൊരു മെസ്സേജ് കൊടുത്തിരുന്നു എന്റെ സുഹൃത്ത് വലയങ്ങളില്‍. കുറച്ച് മോരുകറി ആരെങ്കിലും ഉണ്ടാക്കിത്തന്നാല്‍ കൊള്ളാമെന്ന്. സഹായ ഹസ്തമായി വന്നത് സബിത ആണ്. സബിതയുടെ വീട് കണ്ണേട്ടന്റെയും ശുഭയുടേയും വീട്ടിനടുത്ത്, അതിനാല്‍ അങ്ങോട്ട് പോയില്ല, ഇനി അവരെങ്ങാനും കാണേണ്ട എന്ന് കരുതി, തന്നെയുമല്ല വേറേയും ഉണ്ടായിരുന്നു ജെനുവിന്‍ റീസണ്‍സ്.

ഞാനങ്ങിനെ ആരേയും വിഷമിപ്പിക്കാതെ ആണ് കോവെയിലെത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് ആരോഗ്യദേവനായ ധന്വന്തരി ഭഗവാനെ രാമനാഥപുരത്തുള്ള അമ്പലത്തില്‍ പോയി തൊഴുതു. എന്റെ വിഷമങ്ങളും അവസ്ഥയും അദ്ദെഹത്തെ അറിയിച്ചു, മനമുരുകി  പ്രാര്‍ഥിച്ചു.

അറുപത്തഞ്ചുവയസ്സ് വരെ ജീവിച്ചു. എല്ലാ സുഖങ്ങളും ഞാന്‍ ആസ്വദിച്ചു. ലോകം ചുറ്റി പല തവണ, രണ്ടു മക്കളുണ്ടായി, അവര്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കാനായി, എനിക്ക് പേരക്കുട്ടികളുണ്ടായി. Trichur Pain &and palliative clinic & trichur autism society ലും വളണ്ടിയര്‍ ആകാനും ലയണ്‍സ് ക്ലബിലൂടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിച്ചു. ജീവിത്തില്‍ അഭിലാഷങ്ങള്‍ ഒന്നും ഇല്ല, ശിഷ്ടജീവിതം ആരോഗ്യത്തോട് കൂടി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടി മരണം വരെ കഴിയണം എന്ന മോഹം മാത്രം.

ധന്വന്തരി ദേവാ……………. എന്നെ അനുഗ്രഹിക്കേണമേ………..

തൃശ്ശൂര്‍ പൂരത്തിന് ശേഷം തുടങ്ങിയതാ വയറ്റിലെ അസുഖവും, വായിലെ കയ്പ്പും. എന്താണെന്റെ രോഗം…? പെട്ടെന്ന് തിരിച്ച് നാട്ടിലേക്ക് പോകാനാവില്ല. അവിടെ ഒറ്റക്കുള്ള താമസവും രുചിക്കൊത്ത ഭക്ഷണമില്ലായ്മയും എല്ലാം ഞാന്‍ ദുരിതത്തിലായിരിക്കുന്നു.

ദീപാരാധന തൊഴുത് പ്രസാദം വാങ്ങിക്കുന്നതിന്നിടയില്‍ എന്നെ ഭഗവാന്‍ തോന്നിപ്പിച്ചു……………

“എന്റെ തിരുനടയില്‍ ഭിഷഗ്വരന്മാര്‍ ഉണ്ട്. അവരുടെ സാഹോദര്യം സ്വീകരിക്കുക…ഒരു അശരീരി പോലെ എന്റെ കാതുകളില്‍  മുഴങ്ങി………”

ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു സ്റ്റെതോസ്കോപ്പണിഞ്ഞ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയേയും കണ്ടു. അവര്‍ എന്നെ പരിശോധിച്ചു.

വിദഗ്ദചികിത്സക്കായി പിറ്റേ ദിവസം ഞാന്‍ അവിടേയുള്ള ആശുപത്രിയിലെത്തി. പ്രവേശനകവാടത്തിലെ രഞ്ജിത എന്ന റിസപ്ഷണിസ്റ്റ് എന്നെ ഡോക്ടറുടെ അടുത്തേക്കാനയിച്ചു.

പോകുന്ന വഴി എന്റെ ഉയരം, പ്രഷര്‍ മുതലായ കാര്യങ്ങള്‍ അമ്പിളി എന്ന കുട്ടി രേഖപ്പെടുത്തി. ഡോക്യുമെഡേഷനായി റൂം നമ്പര്‍ ഒന്നില് പോകാനാണ് എനിക്ക് തോന്നിയത്.

അവിടെ ചെന്നപ്പോള്‍ ഞാന്‍ ക്ഷേത്രനടയില്‍ കണ്ട അതേ പെണ്‍കുട്ടി. അനഘ. ഞാന്‍ സന്തോഷിച്ചു, വിദഗ്ദ ചികിത്സ എനിക്ക് കിട്ടുമെന്ന് ഉറപ്പായി. എന്റെ ജീവിത ചക്രം അവള്‍  സിസ്റ്റത്തില്‍ വരച്ചു.

സുന്ദരിയും സുമുഖിയും ആയ ആ മിടുക്കിപ്പെണ്‍കുട്ടിയെ  എനിക്കിഷ്ടമായി. ഞങ്ങള്‍ കുശലം പറഞ്ഞു, കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ എനിക്കവളെ കൂടുതല്‍ ഇഷ്ടമായി.

കാരണം അവളുടെ അച്ചന്‍ മസ്കത്തില്‍ ഒരു ബിസിനസ്സുകാരനാണ്. ഞാനും അവിടെ ആയിരുന്നു ഇരുപത് വര്‍ഷം. തന്നെയുമല്ല അവള്‍ പഠിച്ചിരുന്നതും എന്റെ മക്കള്‍ പഠിച്ചിരുന്ന സ്ഥലത്ത്. തീര്‍ന്നില്ല പുരാണം……………

അവളെന്റ്റെ നാട്ടുകാരിയും കൂടെ ആണെന്നറിഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്താ‍ഷം ചില്ലറയല്ല. ചിരകാലമായ ഒരു സ്വപ്നമായിരുന്നു കോയമ്പത്തൂരില്‍ ഒരു ഡോക്ടര്‍ സുഹൃത്ത്. എല്ലാം ധന്വന്തരി ദേവന്റെ കടാക്ഷം.

ഈ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് അന്നദാനമായി ഉച്ചഭക്ഷണം ലഭിക്കും. എനിക്ക് അനഘയുടെ സുപ്പീരിയര്‍ ഡോക്ടറെ കാണാനായി. അദ്ദേഹം എനിക്ക്  ഒരു മുക്കൂട്ട് അരിഷ്ടവും വൈശ്വാനര ചൂര്‍ണ്ണവും നിര്‍ദ്ദേശിച്ചു. ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങിയതിന് ശേഷം അനഘയോട് യാത്ര പറയണമെന്നുണ്ടായിരുന്നു.

ഇനി അതിനുവേണ്ടി ഡോക്ടേറ്സ് അക്കോമഡേഷനിലൊക്കെ പോകേണ്ടതിനാല്‍ വേണ്ടെന്ന് വെച്ച് പാര്‍ക്കിങ്ങ് ഏരിയായിലേക്ക് നടന്ന് നീങ്ങുമ്പോള്‍ ഇതാ എതിരേ വരുന്നു ഡോ അനഘ നിറഞ്ഞ പുഞ്ചിരിയോടെ. 

അവളുടെ പുഞ്ചിരിച്ച മുഖത്തിന് ആയുര്‍വ്വേദ പച്ചമരുന്നുകളുടെ മണം.

ആ കൊച്ചുമകളെ കണ്ടപ്പോള്‍ ഞാന്‍ വികാരാധീനനായി. എന്നോടവള്‍ വീണ്ടും വര്‍ത്തമാനം പറഞ്ഞു, എപ്പോള്‍ വേണമെങ്കിലും വിളിച്ചോളാന്‍ പറഞ്ഞു.

Thank God I got a doctor friend @ coimbatore

Tuesday, May 7, 2013

ഓര്‍മ്മകള്‍ ഫ്രം മസ്കത്ത് - ഒമാന്‍


ഈ പടം കാണുമ്പോള്‍ മനസ്സ് ഒരുപാട് വര്‍ഷം പിന്നിലോട്ട് പോകുകയാണ്. ഇത് മിനാ ക്വാബൂസ് കോര്‍ണിഷ് ഏരിയ ആണ്. മത്ര എന്ന സ്ഥലവും സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ തലസ്ഥാനമായ മസ്കത്തും ഈ കടല്‍ തീരത്ത്.
 
കോര്‍ണിഷില്‍ കൂടി ഏതാണ്ട് 2 കിലോമീറ്റര്‍ വണ്ടി ഓടിച്ചാല്‍ മസ്കത്ത് എത്തും. മസ്കത്തില്‍ കുന്നുകളും പഴയ കോട്ടകളും ആണ്‍.

കോര്‍ണിഷിന്റെ പറ്റി കുറച്ചും കൂടി പറയാം.. കോര്‍ണീഷിന്റെ തുടക്കത്തില്‍ ആണ്‍ മിനാ ക്വാബൂസ് എന്ന് പറയുന്ന ഷിപ്പ് യാര്‍ഡ് + സീ പോര്‍ട്ട്. എന്റെ മനസ്സ് എപ്പോഴും മീനാ ക്വാബൂസിലുള്ള ഫിഷ് മാര്‍ക്കറ്റ് ആണ്‍.

ഞാന്‍ ഐസ് തൊടാത്ത ഫ്രഷ് മീന്‍ കഴിച്ചിട്ടുള്ളത് ഇവിടെ നിന്ന് നേരെ വഞ്ചിയില്‍ നിന്നോ ബോട്ടില്‍ നിന്നോ വാങ്ങാവുന്ന മീനുകളാണ്‍.

മത്തിയും അയലയും അവിടെ സുലഭം. കൂടാതെ ചെമ്പല്ലി, കോലാന്‍, മുള്ളന്‍, കൊഴുവ തുടങ്ങിയ നമ്മുടെ നാടന്‍ വിഭവങ്ങളും അവിടെ ധാരാളം.

നമ്മുടെ നാട്ടിലെ ഏറ്റവും വിലപിടിപ്പുള്ള ഐക്കൂറ/ നെയ്മീന്‍ [king fish] അവിടെ ഇതുപോലെ വഞ്ചിയില്‍ നിന്നും വാങ്ങാം. അതിന് അവിടെയും നല്ല വിലയുണ്ടെങ്കിലും ഇവിടുത്തെ അത്ര വില ഇല്ല. ഒമാനികള്‍ ഈ മീനിനെ സുറുമാ എന്നാണ്‍ വിളിക്കുക.

ഞാന്‍ ചിലപ്പോല്‍ ഓഫീസ് കാര്യത്തിന്‍ മസ്കത്തിലേക്ക് പോകേണ്ടതുണ്ടെങ്കില്‍ മടക്കം ഈ മാര്‍ക്കറ്റില്‍ നിന്ന് ഫ്രഷ് മീന്‍ വാങ്ങി എന്റെ പ്രിയതമക്ക് കൊണ്ട് പോയിക്കൊടുക്കും. ഉച്ചക്ക് ഉണ്ണാനെത്തുമ്പോള്‍ മീന്‍ കറി തയ്യാറായിരിക്കും.

എന്റെ പെണ്ണ് പറയും ഇപ്പോളും നല്ല മീന്‍ തിന്നണമെങ്കില്‍ മസ്കത്തിലേക്ക് പോകണം എന്ന്. വലിയ സുറുമ മീന്‍ നടുക്കഷണം നോക്കി വാങ്ങണമെന്ന് അവള്‍ എപ്പോഴും എന്നെ ഒര്‍മ്മിപ്പിക്കും. ചേറ്റുവ കായലിന്റെ തിരത്ത് ജനിച്ച് വളര്‍ന്ന അവള്‍ക്ക് മീനിനെ പറ്റി നല്ല അറിവാണ്‍.

ഞങ്ങള്‍ ഒമാനിലെ മസ്കത്ത് വിട്ടിട്ട് 20 കൊല്ലം കഴിഞ്ഞെങ്കിലും അവിടുത്തെ ഓര്‍മ്മകള്‍ മരിക്കുന്നില്ല. രണ്ട് മക്കള്‍ ഉണ്ടായതും അവിടെ വെച്ച് തന്നെ.

ചില ദിവസങ്ങളില്‍ കാലത്ത് പ്രാതല്‍ ശരിയായിട്ടില്ലെങ്കില്‍ ഓഫീസിലെ ++ഫറാഷ് ഒരു ഷവര്‍മ്മയും കൊക്കൊക്കോളയും വാങ്ങിക്കൊണ്ട് തരും. രണ്ട് ഷവര്‍മ്മ കഴിക്കുകയാണെങ്കില്‍ പിന്നെ ഉച്ചയൂണുവരെ വിശപ്പുണ്ടാവില്ല.

നമ്മുടെ നാട്ടിലെ ഒരിക്കലുണ്ടായ ഷവര്‍മ്മ നിരോധനം ഓര്‍മ്മ വരുന്നു. ഹൈജീനിക് ഷവര്‍മ്മയായിരുന്നു ഗള്‍ഫിലുടനീളം ലഭിക്കുക. അന്നത്തെ വിലപ്പനക്കനുസരിച്ച മാംസമേ അവര്‍ഷവര്‍മ്മക്കോലില്‍ കുത്തിക്കയറ്റൂ… ഷവര്‍മ്മ വില്‍ക്കുന്ന ഫുഡ് കിയോസ്കിന്റെ അടുത്ത് കൂടി പോകുമ്പോള്‍ കിട്ടുന്ന മണം നമുക്ക് ശരിക്കും കൊതി വരും.

മസ്കത്തിലെ QURUM എന്ന സ്ഥലത്ത് ഞാന്‍ അവിടെ ഉള്ളപ്പോള്‍ ഒരു ഗ്രീക്ക് റെസ്റ്റോറണ്ട് ഉണ്ടായിരുന്നു. അവിടെ ഷവര്‍മമ പൊതിയാന്‍ കുബൂസിനുപകരം ചപ്പാത്തി പോലെത്തെ ഒരു റൊട്ടിയിലായിരുന്നു. ഞാന്‍ എന്റെ ഭാര്യ ബീനയെ ക്യൂവില്‍ നിര്‍ത്തും, അപ്പോള്‍ പെട്ടെന്ന് ലഭിക്കും. റെസ്റ്റോറണ്ടില്‍ തിരക്കുകൊണ്ട് ഇരിക്കാനൊന്നും സ്ഥലം കിട്ടാറില്ല. അപ്പോള്‍ കാറിലിരുന്ന് കഴിക്കും. ഷവര്‍മ്മയുടെ കൂടെ കിട്ടുന്ന വെജിറ്റബിള്‍ പിക്ക്ല്സ് വളരെ രുചികരമാണ്‍, ചിലപ്പോല്‍ ഒലിവ്സ് കിട്ടും ഇത്തരം മുന്തിയ റെസ്റ്റോറണ്ടുകളില്‍.

മസ്കത്തിലാണ്‍ അറേബ്യന്‍ നാടുകളില്‍ ആദ്യമായി ഡിസ്കോ അരങ്ങേറിയത്. കപ്പിള്‍സിനുമാത്രമായിരുന്നു പ്രവേശനം. ഞാനൊരിക്കല്‍ ബീനയുമായി ഡിസ്കോക്ക് പോയി. പക്ഷെ അവിടുത്തെ അങ്കം കണ്ടപ്പോള്‍ അവള്‍ ഉള്ളിലേക്ക് കടക്കാന്‍ അമാന്തിച്ച് പുറത്തിരുന്നു.

ഞാന്‍ ഒരു സാന്‍സിബാരി പെണ്ണിന്റെ കൂടെ നൃത്തമാടി. മസ്കത്തിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ ഡിസ്കോ ഡാന്‍സിനും അല്‍ക്കൊയറിലെ ഹോളിഡേ ഇന്നില്‍ ബെല്ലി ഡാന്‍സ് കാണാനും ഞാന്‍ ആഴ്ചയില്‍ ഒരിക്കല്‍ പോകുമായിരുന്നു.

എഴുതിയാലും എഴുതിയാലും തീരാത്ത ഓര്‍മ്മകളാണ്‍ ഒമാനില് എനിക്കുള്ളത്. ഇനി പിന്നീടൊരിക്കല്‍ പറയാം മറ്റുവിശേഷങ്ങള്‍.

എന്റെ ഓര്‍മ്മകള്‍ക്ക് നിറപ്പകിട്ടേകാന്‍ എനിക്ക് കുറച്ച് ഫോട്ടോസ് ആവശ്യമായിരുന്നു. ഞാന്‍ ഹേബിയോടും, സ്പതയോടും മറ്റു ചിലരോടും ആവശ്യപ്പെട്ടിരുന്നു. ആരും ഇന്നേവരെ അയച്ചുതന്നില്ല. 

ഇവിടെ കാണുന്ന പടത്തിന്‍ ഗൂഗിളിനോട് കടപ്പാട്.

There are some problems with the font management. Correction will not be done intentionally. Kindly excuse.