memoir
ഗുരുവായൂര്‍ പോകുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന
ഒരിടം ഉണ്ട്. “ഹോട്ടല്‍ ശ്രീകൃഷ്ണ ഭവന്‍”. ഭഗവാനെ തൊഴുത് മടങ്ങുമ്പോള്‍ അവിടെ കയറും, ഒരു ചായ കുടിക്കും.
നല്ല കടുപ്പമുള്ള അവിടുത്തെ ചായ കുടിച്ചാല്‍ ക്ഷീണമെല്ലാം മാറും.
ഇന്നെലെ എന്റെ റക്കം തലാത്ത
പേരെക്കിടാവിന്റെ ചോറൂണിന് ഗുരുവായൂരിലെത്തി. ഞാന്‍ അടുത്ത കാലത്തൊന്നും കണ്‍ടില്ല
ഇത്രയും വലിയ തിരക്ക്. പ്രധാന കവാടത്തിലെ
ക്യൂ മഞ്ജുളാല്‍ വരെ ഉണ്ടെങ്കില്‍,
ഞാന്‍ ഒരിക്കലും ആ വഴി പോകാറില്ല.
ദേവിയുടെ നടവഴി അകത്ത് കടക്കാറാണ് പതിവ്. എന്നിട്ട്
നാലമ്പലത്തിലേക്ക് ഒരിക്കലും കടക്കാന്‍ ശ്രമിക്കാറില്ല. ഒന്നാമത് ക്ഷമ ഇല്ല,
രണ്ടാമത് വാതരോഗിയായ എനിക്ക് അധികം സമയം നഗ്നപാദനായി വരിയില്‍ നിക്കാനാവില്ല.
അതിനാല്‍
പെട്ടെന്നങ്ങിട്ട് ഉള്ളിലേക്ക്
കടക്കാമെന്ന് വിചാരിച്ച് ദേവിയുടെ നടയിലേക്ക് പോയപ്പോല്‍ ഗാര്‍ഡ് പറഞ്ഞു വരിയില്‍ നിന്ന് വരാന്‍. അങ്ങിനെ
ആദ്യമായി ജീവിതത്തില്‍ ദേവിയുടെ നടയിലെ ക്യൂവില്‍ അര മണിക്കൂര്‍ നില്‍ക്കേണ്ടി
വന്നു.
ഒട്ടും പരിഭവമില്ല,
ഭഗവാന്റെ മുന്നില്‍ എല്ലാവരും തുല്യര്‍.
വരിയില്‍ നിന്ന് അകത്ത് കടന്നപ്പോള്‍ മനസ്സിലായി ഭഗവാന്റെ തിരുനടയില്‍
നടത്തിയിരുന്ന ചോറൂണ് ഇപ്പോള്‍ ഊട്ടുപുരയിലേക്ക്
ആക്കിയിരിക്കുന്നുവെന്ന്. ഇത് തീര്‍ത്തും അന്യായം തന്നെ. ചോറൂണ് പോലെ ഉള്ള പരിപാവനമായ
കര്‍മ്മം മറ്റൊരിടത്തേക്ക് എന്നത് ഒട്ടും സഹിക്കാനായില്ലെങ്കിലും
ഊട്ടുപുരയിലെത്തി റക്കം തലാത്തക്ക് ചോറൂണ് നല്കി. റക്കം തലാത്തയുടെ ഒഫീഷ്യല്‍
പേര്‍ “നിവേദിത” എന്നാണ്.
അവളെ പത്തുമാസം
തികയുന്നതിന്‍ മുന്‍പ് തന്നെ പുറത്തേക്കേടുത്തു. പീമെച്ചുവര്‍ സ്റ്റേജില്‍.
ഈശ്വരാനുഗ്രഹം അവളുടെ ചില്ലറ ദുരിതങ്ങളൊക്കെ നീങ്ങി ഇപ്പോള്‍ നല്ല തൂക്കം വെച്ചു.
ഞാന്‍ കുറേ നാളത്തേക്ക് ശേഷമാണ് തലാത്തയെ കണ്ടത്. കണ്ടപ്പോള്‍ അവളുടെ ഉമ്മി രാക്കമ്മയുടെ
ചെറുപ്പത്തില്‍ ഈ പ്രായത്തില്‍ ഇവളെപ്പോലെ
തന്നെ.
തലാത്തയുടെ ഉമ്മി
ജനിച്ചുവളര്‍ന്നത് മസ്കത്തിലായിരുന്നു.
ഒരു അമ്മിക്കുഴ പോലെ
ആയിരുന്നു രാക്കമ്മ. നിവേദിത
രാക്കമ്മയെക്കാളും സുന്ദരിയായിരിക്കുന്നു.
അവളെ എടുത്ത് ഓമനിച്ച് എനിക്ക് തൃപ്തിയായില്ല. രാക്കമ്മയും കുടുംബവും
“ദേവരാഗ” ത്തിലെ ശാപ്പാടിന് ശേഷം കൊച്ചിയിലേക്ക് മടങ്ങി.
ഞാന്‍ പറഞ്ഞ് വന്നത് 84
വയസ്സുകാരന്റെ കാര്യമാണ്. അത് ഇവിടെ തുടങ്ങാം. അങ്ങിനെ ഇക്കുറിയും ശ്രീകൃഷ്ണ
ഭവനിലേക്ക് കയറി. ആദ്യം ഞാന്‍ ചോദിക്കുക ഈയിടെയായി അതിന്റെ ഉടമസ്ഥലിരൊളായ
ഉണ്ണികൃഷ്ണനെ ആണ്.
ലയണ്‍സ് ക്ലബ്ബ് വഴിയാണ് ഉണ്ണികൃഷ്ണനുമായുള്ള സൌഹൃദം. കഴിഞ്ഞ
പ്രാവശ്യം അമ്പലത്തില്‍ പോയപ്പോള്‍ സോക്സ് ധരിച്ചിരുന്നു. കാരണം കാലിലെ വാതം.
ഇക്കുറി സോക്സ് വീട്ടില്‍ നിന്നും എടുക്കാന്‍ മറന്നു. ഗുരുവായൂരപ്പന്‍ എന്നോട് സോക്സ് എടുക്കേണ്ട
എന്നതായിരിക്കും കല്പിച്ചിരുന്നത്. ഞാന്‍ സയ്യാര സത്രം വളപ്പില്‍ പാര്‍ക്ക് ചെയ്ത്
സോക്സ് ഇടാണ്ട് അങ്ങട്ട് നടന്നു. ആദ്യം ചില്ല മുറുക്കങ്ങളും പിരിക്കലും എല്ലാം
കേട്ടു കാലിന്റെ അടിയില്‍ നിന്ന്. അതൊന്നും കാര്യമാക്കാതെ നാരായണ മന്ത്രം
ഉരുവിട്ട് നടന്നു. ദേവിയുടെ നടയുടെ കിഴക്കുഭാഗത്തുള്ള കൊച്ചു ആലിന്റെ അവിടെ
ചെറുതായി ഒന്ന് വിശ്രമിച്ചിരുന്നു.
പിന്നീടാണ് അകത്തേക്ക് കയറിയതും.
നോക്കൂ ഭഗവത്കടാക്ഷം
അഞ്ചുവര്‍ഷത്തിന് ശേഷം എനിക്ക് ചെരുപ്പില്ലാതെ നടക്കാനായി. എന്റെ സന്തോഷത്തിന് അതിരില്ല എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ,
ഭക്തവത്സലാ, കാരുണ്യ സിന്ധോ.
കുട്ടിയുടെ ചോറൂണ്‍
കഴിഞ്ഞപ്പോള്‍ മകന്‍ ജയേഷിനൊരു മോഹം – തുലാഭാരം കഴിക്കണമെന്ന്. എന്നോട് വീട്ടില്‍
നിന്ന് ഇറങ്ങുമ്പോള്‍ പറഞ്ഞിരുന്നില്ല, എങ്കില്‍ ഓവര്‍ ലോഡ് ആകും പരിപാടി എന്ന് നിരീച്ച് ഞാന്‍ വരുമായിരുന്നില്ല അവരുടെ കൂടെ. പിന്നെ
തുലാഭാരം രക്കമ്മക്കും, സേതുലഷ്മിക്കും, കുട്ടിമാളുവിനും. ചുരുക്കിപ്പറഞ്ഞാല്‍
ബീനാമ്മക്കും എനിക്കുമൊഴികെ എല്ലാവര്‍ക്കും. അപ്പോഴാണ് എനിക്ക് തോന്നിയത് അവിടെ
നിന്ന് ക്ഷീണിതനാകുന്നതിലും നല്ലത് ശ്രീ കൃഷ്ണ ഭവനില്‍ പോയി ഒരു ഉശിരന്‍ ചായ കുടിക്കാമെന്ന്.
ഇനി കൂട്ടം തെറ്റേണ്ടാ
എന്ന് വിചാരിച്ച് ഞാന്‍ മകനോട് പറഞ്ഞു..”എന്നെ ശ്രീകൃഷ്ണ ഭവന്റെ മുന്നില്‍
നോക്കിയാല്‍ മതി”.
കൌണ്‍ടറില്‍ ഇരിക്കുന്ന
പയ്യന്‍സിനോട് കുശലം ഒന്നും ചോദിക്കാതെ നേരെ ഹോട്ടലിന്നകത്തേക്ക് പ്രവേശിച്ചു. ചായ
കുടിക്കുന്നതിനേക്കാളും തിരക്ക് ഒന്ന് ഇരിക്കാനായിരുന്നു.
ഒന്ന് രണ്ട് കസേരകളില്‍
ഇരുന്നിട്ടും എന്റെ നടുവിന് ഒരു താങ്ങ് കിട്ടിയില്ല. പുതിയ പരിക്ഷ്കാരങ്ങളിലെ
കസേര. നല്ല മരത്തില്‍ കടഞ്ഞെടുത്ത അഴികളൊട്
കൂടിയത്. ചാഞ്ഞിരിക്കാന്‍ പറ്റാത്ത കാരണം തണ്ടെല്ല് നിവര്‍ത്താന്‍ പറ്റിയില്ല.
ഏതെങ്കിലും ഹോട്ടലില്‍ ഒരു
മുറിയെടുത്ത് പത്ത് മിനിട്ട് തണ്ടെല്ല് നിവര്‍ത്താമെന്ന് വെച്ചാല്‍ നല്ല
ഹോട്ടലുകളെല്ലാം കുറച്ചകലെ. ഒരു കടലാസ്സ്
വിരിച്ച് നടപ്പാതയില്‍ കിടക്കാമെന്ന് വെച്ചപ്പോള്‍ എന്നുമില്ലാത്ത തിരക്കും. അങ്ങിനെ ചായ ഓര്‍ഡര്‍ കൊടുത്തു. ചുടുചായ സങ്കല്പിച്ച് കുടിക്കാന്‍ നോക്കിയപ്പോള്‍ ചൂട്
കുറവായിരുന്നു. ഉടന് അവിടുത്തെ വെയിറ്റര്‍
കുട്ടി നല്ല ചൂടില്‍ ഉഗ്രന്‍ ഒരു ചായ എനിക്ക് കൊണ്ടത്തന്നു.
ആ ചായ കുടിച്ചപ്പോള്‍ എന്റെ
ക്ഷീണമെല്ലാം പമ്പ കടന്നു. എന്റെ ആരോഗ്യം വീണ്ടെടുത്തു. മഞ്ജുളാല്‍ വരെ
നടക്കാമെന്ന് വെച്ചു. ഇനി
ചെരുപ്പില്ലാതെ സധൈര്യം
നടക്കാമല്ലോ. മറ്റത് പുറത്തൊരു ചെരുപ്പ്, വീട്ടിനകത്ത് മറ്റൊന്ന്, ഡ്രൈവ് ചെയ്യാന്‍ ഒരു
സ്പെഷല്‍ സാധനം. അങ്ങിനെ ചെരിപ്പോട് ചെരിപ്പ്. അതില്‍ നിന്നെല്ലാം മുക്തി
നേടി.
ഭഗവാന്‍ കൃഷ്ണനറിയാം ഞാന്‍
കാലത്ത് ജലപാനം പോലും കഴിക്കാതെ ആണ് പൂക്കളറുത്ത് ഭഗവാന് സമര്‍പ്പിക്കുക.
അതുകഴിഞ്ഞ് ഭസ്മക്കുറി ഇട്ട് ഗണപതിക്ക് ഏത്തമിട്ടേ, അടുക്കളയില്‍ ഒരു സുലൈമാനി
ഇട്ട് കഴിക്കൂ… ഈ സുലൈമാനി എന്ന കട്ടന്‍
ചായ ആണ് എന്റെ ആരോഗ്യ രഹസ്യം.
ലോകമെല്ലാം കറങ്ങി
തമ്പടിച്ചത് ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നില്‍ ഒമാനിലെ
മസ്കത്തില്‍. അന്ന് ഒരു സുലൈമാനി
ഇട്ടുതന്നത് എന്റെ ആരാധനാപുരുഷനായ അയല്‍ക്കാരന്‍ സൈനുദ്ദീന്‍ ആണ്. എന്നെ
ഗള്‍ഫിലെത്തിച്ച മഹാമനസ്കന്‍. അദ്ദേഹമാണ് എന്റെ എല്ലാം എല്ലാം. എനിക്ക് നാല് കാശ് ഉണ്ടാക്കാനുള്ള വഴി കാണിച്ചുതന്ന നല്ല
മനസ്സിന്റെ ഉടമയായ അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ കുമ്പിടുന്നു.
മഞ്ജുളാല്‍ വരെ ഉള്ള
നടത്തത്തിന്‍ മുന്‍പേ കാഷ്യറോട് ചോദിച്ചു. “ഉണ്ണിക്കൃഷ്ണന്‍ സാധാരണ എപ്പോളാ ഇവിടെ
വരിക…?”
“ഏട്ടന് അങ്ങിനെ പ്രത്യക
സമയങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ അച്ചന്‍
ഇതാ അവിടെ ഇരിക്കുന്നു കാഷ് റെജിസ്റ്ററിന്റെ
മുന്നില്‍…”
ഞാന്‍ അദ്ദേഹത്തെ തൊഴുത് അങ്ങോട്ടെത്തി.
“ആരാ മനസ്സിലായില്ല…?”
“ഞാന്‍ ജയപ്രകാശ്….
ഉണ്ണികൃഷ്ണന്റെ സുഹൃത്താണ്. ലയണ്‍സ്
ക്ലബ്ബ് അംഗമാണ്..”
നിറഞ്ഞ പുഞ്ചിരിയോടെ
അദ്ദേഹം എനിക്ക് ഇരിക്കാനുള്ള ഇരിപ്പടം സജ്ജമാക്കി. ഞാന്‍ അവിടെ ഇരുന്ന് അദ്ദേഹത്തോടൊപ്പം ഞാന്‍
വന്ന കാര്യവും എന്നെയും പരിചയപ്പെടുത്തി.
ഉണ്ണിക്കൃഷ്ണന്റെ അച്ചന് എന്നെ കണ്ട് വളരെ സന്തോഷമായി. അദ്ദേഹം എന്നോട് കൂടുതല്‍ വര്‍ത്തമാനം പറയാന്‍
തുടങ്ങി.
“ഞാന്‍ നാരായണന്‍ നമ്പീശന്‍..രേവതി
നക്ഷത്രം. 5 ആണ്‍ മക്കള്‍. രണ്ടാമത്തെവന്‍
ആണ് ഉണ്ണിക്കൃഷ്ണന്‍. ഗുരുവായൂരിലെത്തിയിട്ട് വര്‍ഷങ്ങള്‍ കുറേ ആയി. കോഴീക്കോട്ട്
ശാന്തഭവനില്‍ നിന്നായിരുന്നു ഹോട്ടല്‍ ജീവിതം ആരംഭം. അളകാപുരിയും അവരുടെ
ഉടമസ്ഥതയിലായിരുന്നു. 1950 മുതല്‍ അറുപത് വരെ അവിടെ കഴിച്ചുകൂട്ടി. അവിടെ നിന്ന്
കൈയും വീശിയിട്ടായിരുന്നു ഗുരുവായൂരിലെത്തിയത്. തുടക്കത്തില്‍ ഈ മുറിയും
പിന്നിലേക്ക് ഒരു ചായ്പും മാത്രമായിരുന്നു. “
അധികം താമസിയാതെ തന്നെ
ഹോട്ടലും മറ്റു അനുബന്ധസ്ഥാപങ്ങളും തുടങ്ങാനായി. ബിസിനസ്സ് മെച്ചപ്പെട്ടു.
കയ്യിലൊന്നുമില്ലാതെ വന്ന ഞാന്‍ 44 സെന്റ്
സ്ഥലം ഗുരുവായൂരപ്പന് കൊടുത്തു. ഗുരുവായൂര്‍ വന്ന് അന്ന് മുതല്‍ ഈ 84 വയസ്സുവരെ മുടങ്ങാതെ ആണ്ടിലൊരിക്കല്‍
ശയനപ്രദാക്ഷിണം നടത്തുന്നു. ഒരസുഖവും കാര്യമായി
ഇല്ല. നാലു മണിക്കെണീക്കും, നേരെ ഗുരുവായൂരമ്പല നടയിലെത്തും. അങ്ങിനെ
വൈകിട്ടെത്തെ അത്താഴപ്പൂജ വരെ പലതവണം
അമ്പലത്തിലുണ്ടാകും.
ഭസ്മക്കുറി വരച്ച നാരായണന്‍ നമ്പീശന്റെ മുഖം എന്റെ
മനസ്സില്‍ മായാതെ കിടക്കുന്നു ഇപ്പോഴും. കേമറ
കാറില്‍ നിന്നെടുത്ത് വന്ന് ഒരു ഫോട്ടോ
എടുക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴെങ്കിലും കാണുമ്പോള്‍
ആകാമെന്ന് വെച്ചു.
അദ്ദേഹം എനിക്ക് ഒരു ചായ കൂടി തരാം എന്ന് പറഞ്ഞു. വേണ്ടെന്ന് പറഞ്ഞ് ഞാന്‍ എണീറ്റതും എന്നെക്കാത്ത് എന്റെ മകന്‍ ഹോട്ടലിന്റെ മുന്നിലുണ്ടായിരുന്നു.
ഞാന്‍ യാത്ര പറഞ്ഞ് പിരിഞ്ഞു.
ഇക്കുറിയുള്ള ഗുരുവായൂര്‍ സന്ദര്‍ശനം ഒരു ഓര്‍മ്മയായി നാരായണന്‍ നമ്പീശന്‍ എന്റെ മനസ്സില്‍ ഇപ്പോഴും
മായാതെ കിടക്കുന്നു. നൂറ് വയസ്സ് വരെ
ആരോഗ്യവാനായി അദ്ദേഹം ജീവിക്കട്ടെ എന്ന് ഭഗവാന്‍ കൃഷ്ണനോട് ഞാന്‍ അപേക്ഷിക്കുന്നു.
അദ്ദേഹത്തിന്റെ ഈ നിറഞ്ഞ പുഞ്ചിരിയാണ് അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം..
നല്ല മനസ്സുള്ളവര്‍ക്കേ
ഇങ്ങിനെ പുഞ്ചിരിക്കാന്‍ കഴിയൂ……..