Friday, September 30, 2016

മസാല ഓം ലെറ്റില്‍ ടബാസ്കോ സോസ്

MEMOIR


.
കുറച്ച് നാളായി ഈ വഴിക്ക്  വരാറില്ല, കാരണം അനാരോഗ്യം തന്നെ. എന്നും ആശുപത്രിയില്‍ പോകേണ്ടി വരുന്ന ഒരു ഗതികേട് ഉണ്ടായി കുറച്ച് നാള്‍, ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ട് വരുന്നു. എന്റെ കണ്ണുകള്‍ ഗ്ലോക്കോമ ബാധിച്ച് ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്നു. അതിനാല്‍ കമ്പ്യൂട്ടറില്‍ എഴുതാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു,

കുറച്ചധികം എഴുതാനുണ്ട്, അതിനാല്‍ പിന്നീടാകാം, തന്നെയുമല്ല് ആശുപത്രിയില്‍ പോയി ഇപ്പോ വീട്ടിലെത്തിയതേ ഉള്ളൂ. ഇന്‍ മാമുണ്ണണം , ഒന്നുമയങ്ങണം, പിന്നെ ഫിസിയോ തെറാപ്പി റിലേറ്റഡ് വ്യായാമം മുതലായവ ഉണ്ട്. അതൊക്കെ കഴിഞ്ഞ് തുടര്‍ന്നെഴുതാം.

കുറെ നാളുകള്‍ക്ക് ശേഷമായതിനാല്‍ എഴുത്ത് പലകയിന്മേലുള്ള അക്ഷര്‍ക്കൂട്ടങ്ങള്‍ ശരിക്കും വഴങ്ങുന്നില്ല എന്നപോലെ തോന്നുന്നു. പിന്നെ കണ്ണിന്റെ വോള്‍ട്ടേജ് പ്രശ്നം രൂക്ഷം . കണ്ണുകള്‍ റ്ഫ്രഷ് ചെയ്യുന്നതിനുള്ള മരുന്നൊഴിച്ച് ഫ്രഷായി പിന്നീട് വരാം.

കൂടിയാല്‍ നാല്‍ തവണയേ റഫ്രഷ് ലിക്ക്വിജെല്‍ എന്ന മരുന്ന്  ഒഴിക്കാവൂ, എന്നിരുന്നാലും കൂടുതല്‍ സമയം ഒഴിക്കാന്‍ തോന്നും ചിലപ്പോള്‍, അപ്പോള്‍ ദൈവത്തെ വിളിക്കുകയേ നിവൃത്തി ഉള്ളൂ.. 30 കൊല്ലം മുന്‍പ് ഒമനില്‍ നിന്നും ഒരു കണ്ണ് സര്‍ജ്ജറി ചെയ്തു. ആ കണ്ണിനാണ്‍ ഇപ്പോള്‍ കൂടുതല്‍ പ്രശ്നം. 

കൂടാതെ മറ്റനവധി അസുഖങ്ങളും. കാലില്‍ വാതം തുടങ്ങിയിട്ട് 10 കൊല്ലം കഴിഞ്ഞു, പലരും എന്നെ ചികിത്സിച്ചു. ആയുര്‍വ്വേദവും പരീക്ഷിക്കപ്പെട്ടു.  ആയുര്‍വ്വേദാശുപത്രിയില്‍ ഒരു മാസം കിടന്നുവെങ്കിലും എന്റെ വാതം ശമിച്ചില്ല. ഇപ്പോള്‍ രോഗങ്ങളുടെ പട്ടികയില്‍ ഒരു ന്യൂറോ ഫിസിഷ്യന്റെ പേരും വന്നിരിക്കുന്നു.  

ശോധന ശരിയല്ലാതെ  വിഷമിക്കുന്ന അവസ്ഥയില്‍ കുറച്ച് ദിവസം ഞാന്‍ പട്ടിണി കിടന്നു, അങ്ങിനെ കൈ വിരലുകള്‍ വിറക്കാന്‍ തുടങ്ങി. ന്യൂറോ ഫിസിഷ്യന്റെ മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങിയപ്പോള്‍ രോഗത്തിന്‍ ശമനമുണ്ട്.

എനിക്കൊരു ദുശ്ശീലം ഉണ്ട്. എന്നെ ചികിസ്തിക്കുന്ന ഡോക്ടര്‍മാരോട് എനിക്ക് ഇടക്കിടക്ക് ഫോണില്‍ വര്‍ത്തമാനം പറയണം. ചിലര്‍ക്ക് അതിന്‍ സമ്മതം, മറ്റുചിലര്‍ക്ക് ഒട്ടും ഇഷ്ടമില്ല. ഒരു ഡോകടര്‍ വാട്ട്സ് ഏപ്പ് മെസ്സേജ് പോലും റെസ്പോണ്ട് ചെയ്യും. എന്നുവെച്ച് ഞാന്‍ എപ്പോഴും തിര്‍ക്ക് കൂടിയവരെ ശല്യം ചെയ്യാറില്ല.

ഇന്ന് കുറേ നാളുകള്‍ക്ക് ശേഷം എന്നെ എഴുതാന്‍ നിര്‍ബ്ബന്ധിപ്പിച്ചത് എന്നെ ശുശ്രൂഷിക്കുന്ന അനവധി ഡോക്ടര്‍മാരിലൊരാളായ ഒരു ന്യൂറോ ഫിസിഷ്യന്‍ ആണ്‍. ഞാന്‍ എന്നെ ശുശ്രൂഷിക്കുന്ന എല്ലാ ഡോകര്‍മാരിലും ഞാന്‍ ദൈവീക പരിവേഷം കാണുന്നു, അവര്‍ ദൈവതുല്യരാണ്‍. അവര്‍ക്ക് ദൈവം തന്പുരാന്‍ ആരോഗ്യവും, ധനവും, പ്രശസ്തിയും പ്രദാനം ചെയ്യട്ടെ..

ന്യൂറോ ഫിസിഷ്യനെ മൊബൈല്‍ വിളിക്കണമെന്ന് എനിക്കാഗ്രഹം ഉണ്ട്. ഒന്നുരണ്ട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുന്നതിന്‍ ആശുപത്രി ഫോണില്‍ വിളിച്ചാല്‍ ശരിയാകില്ല. ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കാണുകയെന്നുവെച്ചാല്‍ രണ്ട് മൂന്ന് മണിക്കൂറിന്റെ കഷ്ടപ്പാടുണ്ട്.. ഇടുങ്ങിയ ഇടനാഴിയില്‍ ആവശ്യത്തിന്‍ ഇരിപ്പടങ്ങളില്ല.. എനിക്ക് കൂടെകൂടെ മൂത്ര ശങ്ക ഉണ്ട്. ടോയ് ലറ്റ് വളരെ അകലെ. മഴ പെയ്താല്‍ കുട പിടിക്കണം. വാതരോഗിക്കുള്ള എന്റെ പാദരക്ഷ വാട്ടര്‍ പ്രൂ‍ഫ് അല്ല. അതിനാല്‍ ഞാന്‍ എങ്ങിനെ അദ്ദേഹത്തോട് സംസാരിക്കുമെന്ന ചിന്തയിലാണ്‍.

ഈ പോസ്റ്റ് കമ്പ്യൂട്ടറില്‍ കുത്തിക്കുറിക്കുമ്പോള്‍ ഭാര്യാശ്രീ വന്ന് ചൊല്ലീടിനാന്‍……… “അധികം കളിക്കേണ്ട കമ്പ്യൂട്ടറില്‍ കണ്ണ് വേദനയെന്നുമ്പറഞ്ഞ് എന്റെ അടുത്തേക്ക് വരേണ്ട.”

അവള്‍ ഉച്ചക്ക് മയങ്ങാന്‍ കിടന്ന്പ്പോഴായിരുന്നു എന്റെ കമ്പ്യൂട്ടര്‍ വിളയാട്ടം. ഇന്നവള്‍ പതിവിലും നേരത്തെ മയക്കം മതിയാക്കി. ഷോപ്പിങ്ങിന്‍  പോയപ്പോല്‍ രണ്ട് പരുപ്പ് വടയും വാങ്ങിയിരുന്നു, ഈവനിങ്ങ് ചായക്ക് കൂട്ടായി, അത് കഴിക്കാനുള്ള തിരക്കില്‍ അവള്‍ നേരത്തെ എണീറ്റു. അതിനാല്‍ എനിക്ക് ചീത്തയും കേട്ടു. സാരമില്ല, അവള്‍ക്ക് ചീത്തവിളിക്കാന്‍ ഞാന്‍ ഒരാളല്ലേ ഉള്ളൂ…. 

എനിക്ക് വയ്യാണ്ടായാല്‍ അവള്‍ക്ക് വേവലാ‍തി തന്നെ മറ്റെല്ലാവരേയും പോലെ. എനിക്കെന്നും ഓരോ വേവലാതി ഉണ്ടാകും, ഒന്നുകില്‍ കണ്ണുവേദന അല്ലെങ്കില്‍ മറ്റെന്തെങ്കിലും വേദന, അല്ലെങ്കില്‍ ടോയ് ലെറ്റില്‍ പോയത് ശരിയായില്ല എന്നൊക്കെ പറഞ്ഞ്… 

അവധിക്ക് മകള്‍ വരുമ്പോള്‍ അവളൊട് പറയും… എനിക്ക് പരാതി പറയാന്‍ വീട്ടില്‍ ഉറ്റവരായി ആരെങ്കിലും ഉണ്ടായാല്‍ മതി.. 

പണ്ട് ഓഫിസില്‍ പോകുന്ന കാലത്ത് കുട്ടന്‍ മേനോനോട് പരാതി പറയുമായിരുന്നു, സങ്കടം പങ്കുവെക്കുമായിരുന്നു. ഇപ്പോള്‍ മേനോനെ കാണാനില്ല, മേനോന്‍ ഒരു സ്നേഹവുമില്ല. അല്ലെങ്കില്‍ രണ്ട് കുപ്പി ഫോസ്റ്റര്‍ ബീയറും വാങ്ങി പ്രകാശേട്ടനെ കാണാന്‍ വന്നുകൂടെ.

പണ്ട് വാത രോഗത്തിന് ശമനമുണ്ടായിരുന്ന കാലത്ത് നടക്കാന്‍ പോയി വരുന്ന വഴിക്ക് ജോയ്സ് പാലസ്സില്‍ കയറി ഫോസ്റ്റര്‍ ബീയറും മസാല ഓം ലെറ്റും കഴിക്കുമായിരുന്നു. ബാര്‍ കൌണ്ടറിലിരുന്ന് കാഴ്ചകള്‍ കണ്ട് തണുത്ത ബീയര്‍ നുണയാന്‍ എനിക്ക് ഇഷ്ടമായിരുന്നു. മസാല ഓം ലെറ്റില്‍ ടബാസ്കോ  സോസ് ഒഴിച്ച് ചിലപ്പോള്‍ ഞാന്‍ നക്കുമായിരുന്നു..

+++ പവ്വര്‍ കട്ട് വന്നതിനാല്‍ തല്‍ക്കാലം ഇവിടെ സുല്ല് പറയട്ടെ...++++  സ്പ്പെല്ലിങ്ങ് മിസ്റ്റെക്കുകള്‍ കാറബ വന്നതിന് ശേഷം ശരിയാക്കാം.....+++

.