Saturday, May 20, 2017

അശരണായ അമ്മമാർ



നമ്മൾ എന്നും കേൾക്കുന്നതാണ് അമ്മമാരെ നോക്കാത്ത മക്കളെ പറ്റി . ഞാൻ കഴിഞ്ഞ ദിവസവും ഇന്നെലയും ടി വി യിൽ കണ്ടു അമ്മയെ നോക്കാത്ത മക്കളെ പറ്റി. ഇന്നെലെ കണ്ടു ഗുരുവായൂർ അമ്പല നടയിൽ നട തള്ളിയ ഒരു അമ്മയെ പറ്റി. ആ രംഗം തള്ളയെ സ്നേഹിക്കുന്ന മക്കൾക്ക് സഹിക്കാനാവില്ല . ഗുരുവായൂർ അമ്പല നടയിൽ ഇരുന്ന് കേഴുന്ന ഒരു 'അമ്മ .

തേനേ പാലെ എന്നൊക്കെ പറഞ്ഞു മക്കളും മരുമക്കളും അടുത്ത് കൂടി സ്വത്തെല്ലാം എഴുതി വാങ്ങും. എന്നിട്ട് അവരെ പെരുവഴിയിൽ ഇറക്കി വിടും. ചിലർ ജീവനാംശം കൂടി കൊടുക്കില്ല. ആർക്കാണ് ഇതിനൊക്കെ കോടതിയിൽ പോകാൻ നേരം.

മിനിഞ്ഞാന്നാണെന്ന് തോന്നുന്നു ചാനലിൽ കാണിച്ചു എണ്പത്തിയാറു വയസ്സുള്ള ഒരു അമ്മയെയും അവരുടെ ഭർത്താവിനെ പറ്റിയും. ഈ രംഗം കണ്ടിട്ടെനിക്ക് സഹിക്കാനായില്ല. അത് കൊണ്ടാണ് നാല് വാരി ഇവിടെ എഴുതാമെന്ന് വിചാരിച്ചത്.

ഏതൊക്കെ കാണുമ്പോൾ ഞാൻ വിചരിക്കും എന്റെ പുത്രനെ പറ്റി. ഞാനെത്തായിലും അവനൊന്നും എഴുതിക്കൊടുത്തില്ല,കൊടുക്കയും ഇല്ല . എന്റെ മരണാന്തരം എന്തെങ്കിലും ഉണ്ടെങ്കിൽ അവനും അവന്റെ പെങ്ങൾക്കും കിട്ടും . എനിക്ക് കഞ്ഞി കുടിക്കാൻ വകയുള്ളതിനാൽ ആണെന് തോന്നുന്നു അവനൊന്നും തരാത്തതെന്ന് . ദേശസാൽകൃത ബേങ്കിൽ ശാഖാ മേനേജർ ആയ അവന് എന്തെങ്കിലും എനിക്ക് താറാവുന്നതാണ് , മനസ്സറിഞ്ഞ് തന്നാൽ സ്വീകരിക്കും. കൈ നീട്ടില്ല.

മക്കൾ വളരുന്നത് അമ്മയുടെ വാക്ക് കേട്ടിട്ടാണ് മിക്ക വീട്ടിലും. അമ്മക്ക് മകനെ ഉപദേശിക്കാവുന്നതാണ് , പക്ഷെ തുണ്ടായിട്ടില്ല. എന്താണ് കാരണം എന്ന് ഞാൻ അന്വേഷിച്ചില്ല.  മിക്ക വീട്ടിലും ഇതൊക്കെയല്ലേ സ്ഥിതി...? ഒരു പക്ഷേ ആകാം, അല്ലാതിരിക്കാം.

ഞാൻ എന്റെ ചെറുപ്പകാലം ആലോചിക്കുകയാണ് .ഞാൻ മദിരാശിയിൽ പണിയെടുക്കുമ്പോൾ എന്റെ സ്‌കൂൾ ടീച്ചർ ആയ അമ്മയും ഹോട്ടൽ ജീവനക്കാരനായിരുന്ന അച്ഛനും റിട്ടയർ ചെയ്തിരുന്നു. അമ്മക്ക് പെൻഷൻ ഉണ്ടായിരുന്നു, അച്ഛന് ഫിക്സഡ് ഡെപോസിറ്റിൽ നിന്നുള്ള വരുമാനവും . എന്നിട്ടും ഞാൻ എന്റെ ചെറിയ ശമ്പളത്തിൽ നിന്നും മാസാമാസം അമ്മക്ക് ഒരു ചെറിയ തുക അയക്കുമായിരുന്നു. അത് കിട്ടുമ്പോൾ 'അമ്മ അച്ഛനോട് പറയും ..
"കണ്ടില്ലേ നമ്മുടെ മോൻ നമുക്ക് അയച്ച് തന്നത് ...?"  രണ്ടുപേരും അത് കണ്ട് സന്തോഷിക്കും .

പിന്നെ ഞാൻ ഓണത്തിന് നാട്ടിൽ പോകുമ്പോൾ അച്ഛൻ സിലോണിൽ ഉപയോഗിച്ച് കൊണ്ടിരുന്ന പ്ലയേഴ്സ് സിഗരറ്റും, ബ്രെക്ക് ഫാസ്റ്റിനുള്ള കോൺഫ്ലേക്ക്‌സും , മൗലാനാ 100 x 100  കള്ളി മുണ്ടും ഒക്കെ അച്ഛന് കൊണ്ട് കൊടുക്കും. ഈ മാതാപിതാക്കളുടെ പ്രാർത്ഥനയാലായിരിക്കും എന്റെ ജീവിതത്തിൽ എനിക്കുണ്ടായ ഈ വിജയം.

കുന്നംകുളം ചെറുവത്താനിക്കാരനായ ഞാൻ തൃശൂർ നഗരത്തിൽ 25 സെന്റെ പുരയിടത്തിൽ ഒരു കൊച്ച് വീട് പണിതു, മക്കൾക്ക് രണ്ട് പേർക്കും പ്രൊഫഷണൽ വിദ്യാഭ്യാസം നൽകി. അവരുടെ കല്യാണം നടത്തി , ഒരു പിതാവ് ചെയാനുള്ളതെല്ലാം ചെയ്തു.

എനിക്ക് ഇപ്പോൾ വയസ്സ് 70 . ഇപ്പോൾ ഉള്ള ചെറിയ വരുമാനത്തിൽ ഡോക്ടർക്കും മരുന്നിനായി വലിയൊരു തുക ആകും . അച്ഛൻ തേവരുടെ കൃപാ കടാക്ഷത്താൽ വലിയ പ്രശ്നമില്ലാതെ ജീവിച്ച് പോരുന്നു .
എനിക്ക് എഴുതാനിരുന്നാൽ ചിലപ്പോൾ വികാരാധീനനാകും , അതിനാൽ കൂടുതൽ ഒന്നും എഴുതുന്നില്ല.

ആരുമില്ലാത്ത അശരണരായ അമ്മമാർക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട് . ഒരു നേരത്തെ ആഹാരമോ, ഉടുക്കാനുള്ള തുണിയോ എനിയ്ക്ക് കൊടുക്കാനാകും. അതിൽ കൂടുതൽ ഒന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റില്ല.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്റെ ഇപ്പോഴത്തെ അവസ്ഥയിലും ഞാൻ എന്റെ എളിയ വരുമാനത്തിൽ നിന്നും എന്തെങ്കിലും കരുതി വെക്കുന്നുണ്ട്. ഒരു ഡയാലിസിസ് രോഗിക്കും മാസാമാസം ചെറിയ ഒരു തുക മുടങ്ങാതെ കൊടുക്കുന്നുണ്ട്.

ഇനി വല്ലപ്പോഹും എന്തെങ്കിലും ഇവിടെ കുറിക്കാം. എനിക്ക് ആരോടും പകയോ വിദ്വേഷമോ ഒന്നും ഇല്ല.

 ആരോഗ്യമുള്ള സമയത്ത് മരിക്കണം. അതും അച്ഛൻ തേവരുടെ തിരുനടയിൽ കിടന്ന്  മരിക്കാനാണ് ഇഷ്ടം 

Saturday, May 13, 2017

അമ്മൂ അപ്പൂ


എന്റെ സുഹൃത്ത് ശോഭയുടെ മകൾ ശ്രീക്കുട്ടി [ ഒൻപത് വയസ്സ് ] എഴുതിയ കൊച്ചു കഥ ഞാൻ ഇവിടെ പകർത്തതാം
sreekkutty

അമ്മൂ അപ്പൂ

ഒരിക്കൽ അമ്മു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു . അവൾ ഒരു ദിവസം സ്‌കൂളിൽ പോയി വരുമ്പോൾ ഒരു വാർത്ത അറിഞ്ഞു . അമ്മുവിൻറെ നാട്ടിൽ ഒരു പുലി വന്നു . അമ്മു പറഞ്ഞു അയ്യോ ഇനി എന്ത് ചെയ്യും ,നമ്മൾ ഇനി എങ്ങിനെ വീട്ടിൽ പോകും . എനിക്ക് പേടിയാകുന്നു . എന്റെ അനിയൻ വീട്ടിൽ ഒറ്റക്കാണല്ലോ ..? അമ്മയും അച്ഛനും ജോലിക്ക് പോയി.
അവൻ വീട്ടിൽ നിന്ന് പേടിക്കുന്നുണ്ടാകും . എങ്ങിനെയെങ്കിലും വീട്ടിൽ എത്തണം . ഞാൻ വേഗം ഓടിപ്പോകും . അങ്ങിനെ അമ്മു, അപ്പുവെന്ന അവളുടെ അനിയനെ കാണാൻ ഓടി ഓടി വീട്ടിൽ എത്താറായി . അപ്പോൾ ഒരു ശബ്ദം അമ്മു കേട്ടു . അത് പുലിയുടെ ശബ്ദം ആയിരുന്നു. അവൾക്ക് പേടിയായി . അവൾ വേഗം ഓടി വീട്ടിൽ എത്തി .

അപ്പോൾ അമ്മു പറഞ്ഞു. അപ്പൂ അപ്പൂ നീ എവിടെയാ , വേഗം നീ നിന്റെ ചേച്ചിയുടെ അടുത്ത്; വരൂ . ചേച്ചി ഞാൻ ഇവിടെ ഉണ്ട് . ചേച്ചി എന്തിനാ ഓടി വരുന്നത് ..? ഈ നാട്ടിൽ പുലി ഇറങ്ങീ അപ്പൂ .

ഹാ ഹാ .. ചേച്ചി അത് കള്ളം പറഞ്ഞതാ . പുലി ഒന്നും ഈ നാട്ടിൽ വന്നിട്ടില്ല . ചേച്ചിയെ പറ്റിച്ചതാകും . ഓ ഞാൻ ആകെ ഒന്ന് പേടിച്ചുപോയി . മക്കളെ ഇതാ ഞാൻ വന്നു . അമ്മെ അഛാ ..മക്കളെ അമ്മൂ അപ്പൂ . ങ്ങിന് അവർ സന്തോഷത്തോടെ ജീവിച്ചു .

Friday, May 5, 2017

കുടമാറ്റം

ഞാന്‍ കൂട്ടുകാരെ വെട്ടിച്ച് ചുളിവിലൊരു മുങ്ങല്‍ നടത്തി വീട്ടിലെത്തി... നല്ല തണുത്ത വെള്ളത്തില്‍ നീരാടി... വൈകിട്ട് തിരോന്തരത്തും നിന്ന് ഒരിപ്പുറം വരാമെന്ന് പറഞ്ഞിട്ടുണ്ട്. അയാളെയും കൂട്ടി പൂരപ്പറമ്പിലെത്തണം. എനിക്ക് കുടമാറ്റത്തിന്റെ തിരക്കില്‍ നില്‍ക്കാന്‍ ഇഷ്ടമില്ല, കാരണം എന്റെ രക്തവാതം പിടിച്ച് കാലുകള്‍ പെട്ടെന്ന് കുഴഞ്ഞേക്കാം. അതിനാല്‍ കുടമാ‍റ്റം കാണാന്‍ മറ്റെന്തെങ്കിലും വഴി കാണണം.... അല്ലെങ്കില്‍ എന്തെങ്കിലും സൂത്രം ഉണ്ടോ എന്ന് പാറുകുട്ടിയുമായി ആലോചിക്കണം...