Wednesday, September 16, 2009

എന്റെ പാറുകുട്ടീ...... ഭാഗം 33


32 ന്റെ തുടറ്ച്ച http://jp-smriti.blogspot.com/2009/08/32.html


ദിനരാത്രങ്ങള്‍ കടന്ന് പോയി. ഒരു ദിവസം ഉണ്ണിയെ കാണാന്‍ ഉണ്ണിയുടെ പാപ്പനും മറ്റും എത്തി. അവര്‍ വരുന്ന സമയം ഉണ്ണി വീട്ടിലുണ്ടായിരുന്നില്ല. പാര്‍വ്വതി അവരെ വേണ്ട വിധം സല്‍ക്കരിച്ചിരുത്തി.


ഉച്ചക്ക് ഊണിന് മീനും മറ്റു വിഭവങ്ങളും ഒക്കെ ഉണ്ടാക്കി. ഉണ്ണിയോട് ഫോണില്‍ വിളിച്ച് പാപ്പനും കൂട്ടരും വന്ന വിവരം പറഞ്ഞു. ഉച്ചക്കുണ്ണാനെത്താന്‍ ഉണ്ണിയോട് പ്രത്യേകം പറഞ്ഞു. ശ്രമിക്കാം എന്ന് മാത്രമേ ഉണ്ണി പറഞ്ഞുള്ളൂ..


ഉണ്ണിയെ കാണാതെ വിരുന്നുകാര്‍ ഭക്ഷണം കഴിക്കാനിരുന്നു. പാര്‍വ്വതിയുടെ ആചാരമര്യാദകളും ആതിഥേയത്വവും എല്ലാം വന്നവര്‍ക്ക് നന്നേ ഇഷ്ടമായി. പക്ഷെ അവരുടെ മനസ്സില്‍ ഇവള്‍ ഉണ്ണിയുടെ ഭാര്യയാവാന്‍ പാടില്ലാ എന്നൊരു ചിന്തയുണ്ടാക്കി. അതില്‍ തെറ്റൊന്നും ഇല്ലല്ലോ.

പണം കൊണ്ടും, വിദ്യകൊണ്ടും പ്രതാപത്തിലും എല്ലാം കൊണ്ടും ഉയര്‍ച്ചയിലെത്തി നില്‍ക്കുന്ന ജേഷ്ടന്റെ മകന് ഒരു ബന്ധു ആലോചനയുമായാണ് അവര്‍ വന്നിരുന്നത്.

പാര്‍വ്വതി ആരാണെന്നും എല്ലാം അവര്‍ക്കറിയാമായിരുന്നു.


ഊണ് കഴിഞ്ഞ് വിശ്രമിക്കാന്‍ ഇടം കൊടുത്തു. ഉണ്ണിയേട്ടന്‍ അഞ്ചുമണിയാകുമ്പോളെക്കും എത്തും, വന്നിട്ടേ പോകാവൂ എന്ന് അഥിതികളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

പാര്‍വ്വതി ഭക്ഷണം കഴിക്കാനിരുന്നു. പാര്‍വ്വതിയുടെ ഉള്ളില്‍ ആകെ അങ്കലാപ്പുണ്ടായിരുന്നു. അവര്‍ എന്തിനാണ് വന്നതെന്ന് അറിയാനുള്ള ആകാ‍മ്ഷയും.


വിശ്രമം കഴിഞ്ഞ ബന്ധുക്കള്‍ പാര്‍വ്വതിയെ കോലായിലേക്ക് വിളിച്ചു.

“ഇവിടെ ഇരിക്കൂ പാര്‍വ്വതീ.”

ഞാന്‍ ഇവിടെ നിന്നോളാം

“നിന്റെ പഠിപ്പൊക്കെ കഴിഞ്ഞോ”

ഡിഗ്രി കഴിഞ്ഞു, ഇനി പിജിക്ക് പോകണമെന്നുണ്ട്. ഉണ്ണിയേട്ടന്‍ ആദ്യം എംകോമിന് ചേര്‍ത്താമെന്ന് പറഞ്ഞിരുന്നു. പിന്നീട് അതെപ്പറ്റി ഒന്നും പറഞ്ഞില്ല.


കൂടുതല്‍ പഠിക്കുന്നത് തന്നെയാ ഇന്നത്തെ കാലത്ത് നല്ലത്.

“നിന്റെ അമ്മ എന്താ ഇവിടെ നിന്ന് പോയത് ?”

പാര്‍വ്വതി തറയില്‍ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

“ചോദിച്ചത് കേട്ടില്ലേ……..?


പെട്ടെന്ന് ഒരു ഗര്‍ജ്ജനത്തോടെ ഉണ്ണി വീട്ടിന്നകത്തേക്ക് പ്രവേശിച്ചു.

അവളുടെ അമ്മ എന്തിനാണ് പോയതെന്ന് ഞാന്‍ പറഞ്ഞ് തരാം നിങ്ങള്‍ക്ക്.


“പാര്‍വ്വതി അകത്തേക്ക് പൊയ്കോളൂ………..”

പാര്‍വ്വതിക്കാകെ ഭയമായി. ഇനി എന്തൊക്കെയാ ഈ വീട്ടില്‍ നടക്കാന്‍ പോണെ എന്ന് നിരീച്ച്.

ഉണ്ണിയേട്ടന് തറവാട്ടിലെ പാപ്പനെയും ആരേയും മനസ്സ് കൊണ്ട് ഇഷ്ടമല്ല.


അല്ലാ ഉണ്ണ്യേ ഞങ്ങള്‍ മറ്റൊന്നും മനസ്സില്‍ വെച്ച് ചോദിച്ചതല്ല. കാര്യങ്ങളൊക്കെ മനസ്സിലാക്കേണ്ടത് ഞങ്ങളുടെയും അവകാശമാണല്ലോ?

“നിങ്ങളുടെ അവകാശമോ..?”


അങ്ങിനെ അവകാശം സ്ഥാപിക്കാനൊന്നും ഇവിടെ വരണമെന്നില്ല. ഇനി അഥവാ എന്തെങ്കിലും അറിയണമെങ്കില്‍ എന്നോട് ചോദിക്കാമല്ലോ.

എവിടെയായിരുന്നു നിങ്ങളെല്ലാം ഇത്ര നാള്‍. പാപ്പനാണത്രെ? ഒരു പാപ്പനും കൂട്ടരും....


“ഹും.. അതൊക്കെ പോട്ടെ. എന്താ നിങ്ങളുടെ ആഗമനോദ്ദേശ്യം.“


നിനക്ക് വയസ്സ് പത്തിരുപത്തെട്ടായല്ലോ. നിനക്കും ഒരു കുടുംബജീവിതം വേണ്ടെ മോനെ. ഒരു കല്യാണം ഒക്കെ കഴിക്കേണ്ടെ നിനക്ക്. ഇങ്ങിനെ ഒറ്റത്തടിയായി എത്ര നാളാ‍ ഇരിക്കുക.


“അതാണോ കാര്യം.”


ഞാന്‍ ഇത്രയും നാള്‍ ജീവിച്ചതും വളര്‍ന്നതും എല്ലാം ഒറ്റക്കാണല്ലോ. എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. എനിക്കും കൂടി അവകാശപ്പെട്ട പലതും ഇപ്പോളും നിങ്ങള്‍ അനുഭവിക്കുന്നു. അതിലെന്തെങ്കിലും നിങ്ങള്‍ എനിക്ക് വേണ്ടി കൊണ്ട് വന്ന് തന്നിട്ടുണ്ടോ.


ഞാന്‍ പരസഹായമില്ലാതെയാണ് ഈ നിലയിലെത്തിയത്. അതിന് മുന്‍പ് ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പലരും ബന്ധുക്കളാണെന്ന് പറഞ്ഞ് ഇവിടെ വരാറുണ്ട്.


പിന്നെ കല്യാണം കഴിക്കുകയോ, കഴിക്കാതിരിക്കുകയോ എല്ലാം എന്റെ ഇഷ്ടം. ഇനി അഥവാ കല്യാണം കഴിക്കണമെങ്കില്‍ അതും സംഭവിക്കാം. എനിക്കതിനുള്ള തന്റേടവും കഴിവും എല്ലാം ഉണ്ട്. ആരുടെയും സഹായം എനിക്കാവശ്യമില്ല.


‘മോനെ നീ ആരെയെങ്കിലും മനസ്സില്‍ കണ്ട് വെച്ചിട്ടുണ്ടോ..?”


പാപ്പന്‍ ദയവായി എന്റെ ഒരു കാര്യത്തിലും ഇടപെടേണ്ട. ഇത് വരെ ഞാന്‍ എന്റെ സ്വന്തം ഇഷ്ടത്തിലാ ജീവിച്ചത്. ഇനി മുന്‍പോട്ടും അങ്ങിനെ തന്നെ. എല്ലാവര്‍ക്കും അവരുടേതായ ഒരു കാഴ്ചപ്പാടുണ്ട്. ആ വഴിക്കേ പോകൂ.


പാപ്പനും കൂട്ടരും ഇനി ഇന്ന് തിരിച്ച് പോകേണ്ട. ഇന്നിവിടെ താമസിച്ച നാളെ പോകാം.

“അത് പറ്റില്ല മോനേ. അവിടെ പാടത്തും പറമ്പിലുമായി പശുക്കളും എരുമകളും ഒക്കെ ഉണ്ട്. അവറ്റകളെയൊക്കെ തൊഴുത്തില്‍ കെട്ടണം. തീറ്റ കൊടുക്കണം.”


അതിന്‍ അവിടെ ചെറിയമ്മയും, പിന്നെ പണിക്കാരന്‍ ചെക്കനുമില്ലേ ?

“അതൊന്നും ശരിയാവില്ല മോനേ.. ഞങ്ങളിറങ്ങുകയാ. പിന്നിടൊരു ദിവസം താമസിക്കാന്‍ വരാം “


എന്നാല്‍ അങ്ങിനെയാവട്ടെ പാപ്പാ………


പാപ്പനും കൂട്ടരും പടിയിറങ്ങി, പാടത്ത് കൂടി നടന്ന് നീങ്ങുന്നത് ഉണ്ണി നോക്കി നിന്നു.


ഉണ്ണി കുറച്ച് നേരം തിണ്ണയിലിരുന്ന് വിശ്രമിച്ചു. പാര്‍വ്വതിയെ വിളിച്ചു.


“എനിക്ക് നല്ല ചൂടുള്ള ചായ വേണം. വേഗം ഉണ്ടാക്കി കൊണ്ട് വരൂ………

ഉണ്ണിക്കാകെ തലക്ക് ഭ്രാന്ത് പിടിച്ച ദിവസങ്ങളായിരുന്നു ഈ ആഴ്ചയില്‍. ഓരോന്ന് ആലോചിച്ച് പ്രശ്നപരിഹാരം കാണാത്ത അനവധി വിഷയങ്ങള്‍.


ഇതാ ഉണ്ണ്യേട്ടാ ചായ.


“ഇതെന്താടീ കട്ടന്‍ ചായ. പാലില്ലേ ഇവിടെ.”

പാല്‍ ഇന്ന് നേരത്തെ കാച്ചി ഒറ ഒഴിച്ചു.

“എന്നാ നീ ആ ചായപ്പീടികയില്‍ പോയി ചായ വാങ്ങീട്ട് വാ”

പാര്‍വ്വതി അന്തം വിട്ട പോലെ നിന്നു. അവള്‍ക്കൊന്നും മനസ്സിലാവാത്ത മട്ടില്‍. ചായപ്പീടികയില്‍ നിന്ന് ചായയോ. ഞാന്‍ ഈ നാട്ടില്‍ വന്നിട്ടെത്ര കൊല്ലങ്ങളായി. ഉണ്ണിയേട്ടന്‍ ആ പീടികയില്‍ നിന്ന് ഒരു സാധനം പോലും വാങ്ങിക്കുടിക്കുന്നത് കണ്ടിട്ടില്ല. ആ ആളാണോ ചായ വാങ്ങി വരാന്‍ പറഞ്ഞത്.


“എന്താടീ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കണ്. പോയി വാങ്ങിയിട്ട് വാടീ……..”

അതിന് ജാനുവില്ല ഇവിടെ ഇപ്പോള്‍.

ഉണ്ണി ചാടിയെണീറ്റ് പാര്‍വ്വതിയുടെ കരണക്കുറ്റിക്കടിച്ചു. അവളുടെ മുടി പിടിച്ച് വലിച്ചു. തിണ്ണയിലിരുന്ന കിണ്ടി എടുത്ത് മുറ്റത്തേക്കെറിഞ്ഞു. പാര്‍വ്വതിയെ പൊതിരെ തല്ലി. പിന്നീട് അവിടെ നിന്ന് ഇറങ്ങിപ്പോയി.


ഉണ്ണ്യേട്ടാ പോകല്ലെ എന്ന് പറഞ്ഞ് പാര്‍വ്വതി പിന്നാലെ ഓടി.

കേള്‍ക്കാത്ത മട്ടില്‍ ഉണ്ണി പറമ്പില്‍ കൂടി നടന്ന് എങ്ങോട്ടോ പോയി. പാര്‍വ്വതി കരഞ്ഞും കൊണ്ട് കോലായിലിരുന്നു.


“എന്റെ ഭഗവാനെ എന്തൊക്കെയാ ഈ വീട്ടിലുണ്ടാകുക ഇന്ന്. എനിക്കാരും ഇല്ലല്ലോ എന്റെ തേവരേ. പാര്‍വ്വതി വിങ്ങിപ്പൊട്ടി.“



ഉണ്ണി അവിടെയും ഇവിടെയും ഒക്കെ കറങ്ങി ഏഴ് മണിയായപ്പോ വീട്ടില്‍ വന്ന് കയറി. പാര്‍വ്വതി പ്രതിക്ഷിച്ച പോലെ തന്നെ മുറിയില്‍ കയറി വാതിലടച്ചു.


രോഷം തെല്ലൊന്നടങ്ങട്ടെയെന്ന് പാര്‍വ്വതിയും വിചാരിച്ചു. പാര്‍വ്വതി ആ വഴിക്ക് പോയതേ ഇല്ല.

പക്ഷേ നേരം ഒന്‍പത് മണിയായിട്ടും വാതില്‍ തുറക്കാതെയായപ്പോള്‍ പാര്‍വ്വതിക്ക് വിഷമമായി. പാര്‍വ്വതി വാതില്‍ തട്ടി വിളിച്ചു. കുറെ വിളിച്ചിട്ടും ഉണ്ണി വാതില്‍ തുറന്നില്ല. പാര്‍വ്വതി അലമുറയിട്ട് കരയാന്‍ തുടങ്ങിയപ്പോള്‍ വാതില്‍ തുറന്നു ഉണ്ണി കോലായില്‍ വന്നിരുന്നു.


“എന്തിനാ ഉണ്ണ്യേട്ടാ ഇങ്ങിനെ വിഷമിക്കുന്നത്. എന്നെ എന്ത് വേണേലും ചെയ്തോളൂ. എനിക്കിതൊന്നും പുത്തിരിയല്ലല്ലോ”


എന്നെ കുറേ നാളായി ഉണ്ണിയേട്ടന്‍ ഇങ്ങിനെ ഒന്നും ചെയ്യാറില്ല. അത് കൊണ്ട് എനിക്ക് വലിയ വിഷമമായി. ഉണ്ണ്യേട്ടന്‍ വാ. നമുക്ക് ഭക്ഷണം കഴിക്കാം.


“നീ പോയി കഴിച്ചോ. എനിക്ക് വേണ്ട. “


അങ്ങിനെ ഒരാള്‍ മാത്രം കഴിക്കല്‍ ഈ വീട്ടിലുണ്ടായിട്ടില്ലല്ലോ. എന്നാല്‍ എനിക്കും വേണ്ട.

പാര്‍വ്വതിയും കോലായില്‍ ഇരുന്നു. ആരും ഒന്നും ഉരിയാടിയില്ല.


ഫോണ്‍ അടിക്കുന്നത് കേട്ടു പാര്‍വ്വതി അങ്ങോട്ട് പോയി.

“പാര്‍വ്വതീ ഫോണ്‍ എടുക്കേണ്ട

പാര്‍വ്വതിക്കൊന്നും മനസ്സിലായില്ല. ഇനി അതും പറഞ്ഞ് വഴക്കിടേണ്ട എന്ന് കരുതി ഫോണ്‍ എടുത്തില്ല.


പാര്‍വ്വതിക്ക് വിശപ്പുണ്ടായിരുന്നു. പക്ഷെ ഒറ്റക്ക് കഴിക്കാന്‍ മനസ്സ് വന്നില്ല. തീരെ നിവൃത്തിയില്ലെങ്കില്‍ ഉണ്ണ്യേട്ടന്‍ ഉറങ്ങാന്‍ കിടന്നാല്‍ കഴിക്കാമെന്ന് വെച്ചു.

ഉണ്ണിയുടെ സ്വഭാവം നന്നായറിയാവുന്ന പാര്‍വ്വതി പിന്നീടൊന്നും ചോദിച്ചില്ല. ചമ്രം പടിഞ്ഞ് അവിടെ തന്നെ ഇരുന്നു.


“എനിക്ക് നന്നായി വിശക്കുന്നുണ്ടല്ലോ ഭഗവാനെ. വല്ലതും കഴിക്കാന്‍ പോയാലോ”

പാര്‍വ്വതി അവിടെ നിന്നെണീറ്റ് അടുക്കളയില്‍ പോയി രണ്ടുരുള വാരിത്തിന്ന് കോലായില്‍ തന്നെ വന്നിരുന്നു. ഉച്ചക്ക് വിരുന്നുകാരുണ്ണാനുണ്ടായിരുന്നതിനാല്‍ പാര്‍വ്വതിയുടെ ആഹാരമൊന്നും ശരിയായില്ല. രാത്രി നല്ലോണം കഴിക്കാമെന്ന് വിചാരിച്ച് ഇരുന്നതായിരുന്നു. പക്ഷെ ഇങ്ങിനെ ഒക്കെ ഭവിക്കുമെന്ന് വിചാരിച്ചിരുന്നില്ലല്ലോ………


പാര്‍വ്വതീ…………?

എന്താ ഉണ്ണ്യേട്ടാ…….. പാര്‍വ്വതിക്ക് ആ വിളി കേട്ട് സമാധാനമായി.

“നീ എനിക്ക് തരാണ്ട് ഒറ്റക്ക് പോയി ഉണ്ടു അല്ലേ..”


ഗദ് ഗദത്തോടെ പാര്‍വ്വതിക്ക് ഒന്നും ഉരിയാടാനായില്ല.

“ഞാന് ഉണ്ണ്യേട്ടന്‍ ഭക്ഷണം എടുത്ത് വെക്കട്ടെ?..”

വേണ്ട. ഞാന്‍ ഇന്ന് പട്ടിണി കിടക്കുകയാ.


“അങ്ങിനെ പറയല്ലേ ഉണ്ണ്യേട്ടാ. എനിക്കത് സഹിക്കില്ലാ……..”

“കുറച്ചെങ്കിലും കഴിക്കണം. ഞാന്‍ കോലായിലേക്ക് എടുത്തോണ്ട് വരാം. വാരിത്തരാം..”


പാര്‍വ്വതി പോയി നാല്‍ ചപ്പാത്തിയും, ചെറിയ കോപ്പയില്‍ കറിയും, ചമ്മന്തിയും ഒരു വലിയ കിണ്ണത്തില്‍ വെച്ച്, കുടിക്കാന്‍ ലോട്ടയില്‍ വെള്ളവുമായെത്തി.

പാര്‍വ്വതി ചപ്പാത്തി ഒരു കഷണമെടുത്ത് ഉണ്ണിയേട്ടന്റെ ഇഷ്ടവിഭവമായ വെണ്ടക്കാ തീയലും കൂട്ടി വായില്‍ വെച്ച് കൊടുത്തു. ചമ്മന്തി നക്കാനും കൊടുത്തു. കൊച്ചു കുട്ടിയെ തീറ്റുന്ന പോലെ കൊണ്ട് വന്നതെല്ലാം ഉണ്ണിയെ തീറ്റി.


പാര്‍വ്വതിക്ക് സമാധാനമായി. തേവര്‍ കടാക്ഷിച്ചു.


പാര്‍വ്വതി പാത്രം അടുക്കളയില്‍ വെച്ച് തിരികെ വന്നു. ഉണ്ണിയുമായി കുശലം പറയാനിരുന്നു.

നമ്മള്‍ കുറേ നാളായി ഇല്ലേ ഉണ്ണ്യേട്ടാ ഈ നേരത്ത് ഈ കോലായില്‍ ഇരുന്നിട്ട്.

“ഉണ്ണി ഒന്നും മിണ്ടിയില്ല


പാര്‍വ്വതി വിട്ടില്ല. അവള്‍ ഓരോന്ന് പറഞ്ഞും കൊണ്ടിരുന്നു. ആ പിഞ്ചുമനസ്സിന്റെ ഭാരം അവള്‍ക്കല്ലേ അറിയൂ. അവളുടെ കളിയും ചിരിയും എല്ലാം കണ്ട് ഉണ്ണിയുടെ മനസ്സലിഞ്ഞു.

പക്ഷെ ഉണ്ണി അതിരു കവിഞ്ഞ സ്നേഹം പലപ്പോഴും കാണിക്കാറില്ല. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അളവറ്റതാണുതാനും.


“എന്തിനാ പാപ്പന്‍ വന്നേ ഉണ്ണ്യേട്ടാ………?

ഉണ്ണി ഒന്നും മിണ്ടിയില്ല.

ഉണ്ണി കിടപ്പുമുറിയിലേക്ക് നടന്നു……..

മുറിയില്‍ കടന്നതും മൂടിപ്പുതച്ച് കിടന്നു.


പാര്‍വ്വതി വിട്ടില്ല. കുറച്ച് കഴിഞ്ഞ് ഉറങ്ങിയാല്‍ മതി എന്നും പറഞ്ഞ് പുതപ്പ് മാറ്റി ഉണ്ണിയോട് കിന്നരിക്കാന്‍ തുടങ്ങി.


“നാളെ ഞായറാഴ്ചയല്ലേ. എന്നെ പാര്‍ക്കാടി അമ്പലത്തിലേക്ക് കൊണ്ട് പോകാമോ?

പാര്‍ക്കാടി അമ്പലമോ. അത് എവിടേയാ………


“ഉണ്ണ്യേട്ടാ…….. തമാശ പറയല്ലേ……..”

എന്നെ അവിടെ കോണ്ടാകാം എന്നും അവിടത്തെ പാടത്ത് വിളയുന്ന എള്ള് ചെടികള്‍ കാണിച്ച തരാമെന്നെല്ലാം പറഞ്ഞിരുന്നില്ലേ. എന്നിട്ട് ഇപ്പൊ പറയാ. ഏതാ പാര്‍ക്കാടി അമ്പലമെന്ന്……..

ശരി ശരി നീ കിടന്നുറങ്ങ്. നമുക്ക് നാളെ ആലോചിക്കാം………


പുതപ്പിടുത്ത് തല മൂടാ‍ന്‍ തുനിഞ്ഞ ഉണ്ണിയെ പിന്നെയും പാര്‍വ്വതി വിട്ടില്ല

“നാളെ കൊണ്ടോക്വോ എന്നെ എന്ന് പറാ……

നമുക്ക് കാറില്‍ പോകേണ്ട.. ആക്കല കുന്ന് വഴി നടന്ന് പോകാം.


“എന്താ ഉണ്ണ്യേട്ടാ ഒന്നും മിണ്ടാതിരിക്കുന്നത്…….”

പറാ ഉണ്ണ്യേട്ടാ……..

പാര്‍ക്കാടി അമ്പലത്തീ കൊണ്ടോകുമെങ്കില്‍ ഞാന്‍ വൈകിട്ട് മുറ്റത്ത് അടുപ്പുണ്ടാക്കി അട ചുട്ട് തരാം. ശര്‍ക്കരയും തേങ്ങയും കൂട്ടി.. നല്ല ഓട്ടട. ഞാന്‍ പുതിയ കലം വാങ്ങി വെച്ചിട്ടുണ്ട്.


“അതെയോ.. നിനക്കെവിടുന്നാ പുതിയ കലം കിട്ട്യേ..?

ഞാന്‍ കഴിഞ്ഞ ആഴ്ച ജാനുവിനെയും കൂട്ടി വെട്ടിക്കടവില്‍ പോയിരുന്നു. അപ്പോ വാങ്ങിയതാ.

അമ്പെടി കേമീ…….. നീയാള്‍ കൊള്ളാലോടീ…………


“അപ്പോ നാളെ പാര്‍ക്കാടീല്‍ കൊണ്ടോകുമല്ലേ…………

എന്താ ഉണ്ണ്യേട്ടാ ഒന്നും മിണ്ടാതെ കിടക്ക്ണ്……. എന്തെങ്കിലും പറാ………….

നീ ലൈറ്റ് അണച്ച് ഉറങ്ങാന്‍ നോക്ക്. നമുക്ക് നാളെ കാലത്ത് ആലോചിക്കാം…….

“അതൊന്നും പറ്റില്ലാ. ഇപ്പോ പറയണം. എന്നെ നാളെ പാര്‍ക്കാടി അമ്പലത്തീ കൊണ്ടോകാം എന്ന്………


ഈ പെണ്‍കുട്ടിയെ കൊണ്ട് തോറ്റല്ലോ……….

ശരി കൊണ്ടോകാം…………

പാര്‍വ്വതി സന്തോഷം കൊണ്ട് ഉണ്ണിയെ കെട്ടിപ്പിടിച്ചോണ്ട് കിടന്നു നേരം പുലരുവോളം…………..



[രണ്ട് അദ്ധ്യായം കൂടി എഴുതി തല്‍ക്കാലം അവസാനിപ്പിക്കാം]


COPYRIGHT – 2009 - RESERVED

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ പാറുകുട്ടീ >>>>> ഭാഗം 33

32 ന്റെ തുടറ്ച്ച http://jp-smriti.blogspot.com/2009/08/32.html


ദിനരാത്രങ്ങള് കടന്ന് പോയി. ഒരു ദിവസം ഉണ്ണിയെ കാണാന് ഉണ്ണിയുടെ പാപ്പനും മറ്റും എത്തി. അവര് വരുന്ന സമയം ഉണ്ണി വീട്ടിലുണ്ടായിരുന്നില്ല. പാര്‍വ്വതി അവരെ വേണ്ട വിധം സല്‍ക്കരിച്ചിരുത്തി.

Sureshkumar Punjhayil said...

Prakashetta, NIrathalle... Areyenkilum sahayathinu vechu bakki koodi ezuthanam... Manoharamaakunnundu. Ella prarthanakalum, ashamsakalum...!!!

SreeDeviNair.ശ്രീരാഗം said...

ജെ.പി സര്‍,

ഉണ്ണിയേട്ടനും,പാറുക്കുട്ടിയ്ക്കും
ആശംസകള്‍ നേരുന്നു...


ശ്രീദേവിനായര്‍

കുട്ടന്‍ ചേട്ടായി said...

ഈ നീണ്ടകഥ വായിക്കുമ്പോള്‍ നോസ്ടാല്ജിക് ആയിപോകുന്നു. നാട്ടില്‍ പോയ പ്രതീതി തോന്നുന്നുണ്ട് എന്തായാലും അടുത്ത ഭാഗങ്ങള്‍ മുടങ്ങാതെ പ്രസിദ്ധീകരിക്കും എന്ന് വിചാരിക്കുന്നു, നായകനും നായികക്കും നല്ലത് വരുവാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളുന്നു കൂടെ ഉണ്ണിയേട്ടനും

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങിനെ രണ്ടുലക്കങ്ങൾ കൂടി കഴിഞ്ഞാൽ ബുലോഗത്തെ ആദ്യനോവൽ പൂർത്തിയാകും അല്ലേ..
നല്ലൊരു അവതാരിക എഴുതിപ്പിച്ച് ഒരു ബുക്ക് ആയി പ്രസിദ്ധീകരിക്കണം..കേട്ടൊ.

Sukanya said...

വളരെ നന്നായിരിക്കുന്നു. ആ ലോകത്തേക്ക് കൂട്ടി കൊണ്ടു പോകും പോലെ. തിരക്കിനും വയ്യായകള്‍ക്കിടയിലും അങ്കിള്‍ ഇതെഴുതുന്നത് ആശ്ചര്യം തന്നെ.

ജെ പി വെട്ടിയാട്ടില്‍ said...

സുരേഷ് കുട്ടാ

സഹായത്തിന് ആരെ കിട്ടാനെ മോനെ ഇവിടെ. പണിക്കാരെ കിട്ടാന്‍ വളരെ പ്രയാസം. ഒരു പരസ്യം കൊടുത്തു, പക്ഷെ പറ്റിയവരെ കിട്ടിയില്ല. വീണ്
ടും കൊടുക്കുന്നുണ്ട്. മനസ്സ് നിറയെ ആശയങ്ങള്‍, എല്ലാം എഴുതിപ്പിടിപ്പിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമം ചില്ലറയല്ല.
അച്ചന്‍ തേവര്‍ ഒരു വഴി കാണിക്കട്ടെ!

2. ശ്രീദേവി ചേച്ചി

കുറച്ച് നാളായി അനിയനെ ശ്രദ്ധിക്കാറില്ല അല്ലേ. വളരെ നന്ദി ചേച്ചി.

3. പ്രിയ കുട്ടനെന്ന അനു

വളരെ വാസ്തവമാണ്. എന്റെ നാട്ടുകാരനായ താങ്കള്‍ക്ക് വളരെ രുചിയേറും പാറുകുട്ടിയുടെ കഥ. ആ നാട്ടിലാണല്ലോ കഥയുടെ പശ്ചാത്തലം.

4. ബിലാത്തി എന്ന മുരളിയേട്ടാ

പറഞ്ഞ പോലെ ചെയ്യാം. അവതാരിക എഴുതിക്കുന്നതിന് മുന്‍പ് ഒന്ന് എഡിറ്റ് ചെയ്യണം എന്ന് കുട്ടന്‍ മേനോന്‍ പറഞ്ഞിട്ടുണ്ട്. എല്ലാം ഭംഗിയാക്കാന്‍ കുട്ടന്‍ മേനോനും, മറ്റു പല ബ്ലോഗേര്‍സും സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്.

5. സുകന്യക്കുട്ടീ

ഈശ്വരന്റെ ഒരു വരദാ‍നമാണ് നമുക്ക് കിട്ടിയ ഈ സിദ്ധി. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകിപ്പോയി എന്ന് മാത്രം. ഒരു രോഗിയായ എനിക്ക് എന്റെ ദു:ഖങ്ങള്‍ മറക്കാന്‍ ഈ എഴുത്ത് വളരെ സഹായിക്കുന്നു.
ഞാന്‍ എന്റെ പല വേദനകളും,ജീവിതാനുഭവങ്ങളും ഇവിടെ നിരത്താറുണ്ട്.
എന്റെ ജീവിതത്തില്‍ കടന്ന് പോയ പലരേയും ഞാന്‍ എഴൂതുമ്പോള്‍ ഓര്‍ക്കാറുണ്ട്. ചിലര്‍ക്ക് കൂടുതല്‍ ചായങ്ങള്‍ പുരട്ടി മേനി വരുത്തി ഉള്‍പ്പെടുത്താറുണ്ട്.

എന്റെ ജീവിതത്തിലെ സ്പന്ദനങ്ങള്‍ പാറുകുട്ടിയിലൂടെ ചിലയിടത്ത് കാണുന്നു. പാറുകുട്ടിയെ എഴുതാന്‍ തുടങ്ങുമ്പോള്‍ അവള്‍ എന്നിലേക്ക് ആവേശിക്കപ്പെടുന്നു. ചിലപ്പോള്‍ ഞാന്‍ ഞാനല്ലാതായിത്തീരുന്നു. ഞാന്‍ എല്ലാം മറക്കുന്നു.

എന്റെ ജീവിതാവസാനം വരെ എഴുതാനുള്ള അത്ര ഉണ്ട് പാറുകുട്ടിയെ പറ്റി. ഞാന്‍ കുറച്ച് അദ്ധ്യായങ്ങള്‍ കൂടി എഴുതി തല്‍ക്കാലം പാറുകുട്ടിയെ ഒരു ഇടത്ത് തളക്കുവാന്‍ പോകയാ‍ണ്.