Saturday, September 19, 2009

ഉണ്ണ്യേട്ടന്‍ അയ്യപ്പന്‍ കാവിലേക്ക് പോരണോ ?

കഴിഞ്ഞ ആഴ്ച വടക്കേക്കാട്ട് ഒരു കല്ല്യാണത്തില്‍ സംബന്ധിച്ച് നേരം കുന്നംകുളം വഴി തൃശ്ശൂര്‍ക്ക് മടങ്ങാനുള്ള പരിപാടിയായിരുന്നു. കാറില്‍ കയറി നായരങ്ങാടി, അഞ്ഞൂര്‍ - കുന്നംകുളം വഴി തൃശ്ശൂര്‍ക്കുള്ള റൂട്ടില്‍ അല്പദൂരം ഓടിയപ്പോള്‍ എനിക്ക് തോന്നി.. നാളെ റിപ്പബ്ലിക് ദിനത്തിന്റെ അവധിയാണല്ലോ.. എന്റെ തറവാട്ടിലേക്ക് ഇവിടെ നിന്ന് മൂന്നോ നാലോ കിലോമീറ്ററേ ഉള്ളൂ.... അങ്ങോട്ട് പോകാം...
അങ്ങിനെ ആ ദിശയിലേക്ക് വണ്ടി തിരിച്ചു.... അത് വഴി എപ്പോ പോകുന്നുവോ, കപ്ലിയങ്ങാട്ട് അംബലത്തില്‍ പോകാന്‍ മറക്കാറില്ല... അങ്ങിനെ പോകുന്ന വഴി ദേവിയെ തൊഴുതു വണങ്ങി... സാധാരണ ഞാന്‍ കപ്ലി.യങ്ങാട്ട് അംബലത്തിലേക്ക് പോകുമ്പോള്‍ തൃശ്ശൂരില്‍ നിന്ന് എന്റെ വീട്ടിന്റടുത്തുള്ള ഇന്‍ & ഔട്ട് സ്റ്റോറില്‍ നിന്ന് പൂജാസാധങ്ങളും, അരിയും, ശര്‍ക്കരയും, നല്ലെണ്ണ മുതലായ സാധനങ്ങളുമായാണ് എത്താറ്. അത് ദേവിയുടെ നടക്കല്‍ സമര്‍പ്പിച്ചേ ഞാന്‍ തൊഴാറുള്ളൂ....
ഇന്നെത്തെ വരവില്‍ അതൊന്നും സാധിച്ചില്ല... അമ്മയെ തൊഴുത്, കാണിക്കയിട്ട്, ഒരു മഞ്ഞള്‍ കുറിയിട്ട് നേരെ തറവാട്ടിലേക്ക് പോകാന്‍ വാഹനത്തില്‍ കയറാന്‍ പോകുമ്പോള്‍ കണ്ട് പരിചയമുള്ള മുഖമുള്ള ഒരു പെണ്ണ് വണ്ടി കാത്ത് അവിടെ നില്‍ക്കൂന്നു..
ഞാന്‍ അടുത്ത് പോയി നോക്കിയപ്പോള്‍ എന്റെ നാട്ടിന്‍പുറത്തെ ഒരു ബന്ധുവായിരുന്നു. അവളോട് കുശലം എല്ലാം പറഞ്ഞു. വണ്ടിയില്‍ അവളേയും കേറ്റി ഞാന്‍ എന്റെ ഗ്രാമത്തിലെത്തി..
എന്റെ തറവാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ അവളുടെ വീടെത്തി, അവളെ വഴിയില്‍ ഇറക്കി വിട്ടു.
ഞാന്‍ സാധാരണ ഒരു കല്ല്യാണത്തിനും സദ്യയില്‍ പങ്കെടുക്കാറില്ല...അതിനൊരു കാരണം കൂടി ഉണ്ട്... ഇപ്പോള്‍ കല്ല്യാണവും സദ്യയുമൊക്കെ പണ്ടത്തെ പോലെ അല്ല... എല്ലാം കല്ല്യാണ മണ്ഡപങ്ങളിലാണ്.. നമ്മള്‍ അവിടെ എത്തുന്നു.. കെട്ട് കാണുന്നു.. പോകുന്നു...
അവിടെ ആരും ആരേയും ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കാറില്ല.. ഊണുമുറിയുടെ കവാടം തുറക്കുന്നത് നോക്കി ഭക്ഷിക്കേണ്ടവര്‍ സിനിമാ തിയേറ്ററില്‍ ടിക്കറ്റിന് വേണ്ടി പരാക്രമം കാണിക്കുന്ന പോലെ, കവാടം തുറന്ന ഉടന്‍ ഇടിച്ച് കയറുന്നു..
ഇനി ഉണ്ണാന്‍ ഇരുന്നു എന്ന് വെക്കുക... ചിലപ്പോള്‍ കറികളൊന്നും ആവശ്യപ്പെട്ടാല്‍ കിട്ടറില്ല. ചിലപ്പോള്‍ കുടിക്കാന്‍ വെള്ളം പോലും.. കല്ല്യാണ വീട്ടുകാരുടെ ഒരു പ്രതിനിധിയെ നമുക്ക് കാണാനാവില്ല... ആരും ഉണ്ടോ എന്നും, പോരാത്തതെന്താ ഒന്നും, ഇനി ഭക്ഷണമൊക്കെ എങ്ങിനെ ഉണ്ടായിരുന്നു എന്നുമുള്ള കുശലം ചോദിക്കലും ഒന്നും ഇല്ല..
ഇനി ഒരാ‍ള്‍ ഉണ്ണാതെ പോയാല്‍ തന്നെ ആരും അറിയുന്നില്ലാ....ആര്‍ക്കും വേവലാതിയുമില്ലാ.... ഞാന്‍ സാധാരണ കല്യാണ സദ്യയില്‍ പണ്ടൊക്കെ പങ്കെടുക്കാറുള്‍ലപ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്.... പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുമ്പോള്‍ ചില ചിട്ടകളൊക്കെ ഉണ്ട്.. അത് പലര്‍ക്കും അറിയില്ല. അതിനാല്‍ അവര്‍ തരുന്നത് വാരി വലിച്ച് തിന്ന് പോകേണ്ടി വരും..
ഭക്ഷണം കഴിച്ചു തുടങ്ങുമ്പോഴെക്കും ഒരാള്‍ മോര് വിളമ്പാന്‍ തുടങ്ങും... അപ്പോഴെക്കും ഒരാള്‍ രസം, രസം എന്ന് പറഞ്ഞ് വരും... മിക്ക സദ്യക്കും പരിപ്പ് വിളമ്പി വെക്കുന്നത് കാണാം.. വിളമ്പുന്നവനറിയില്ല എന്താണ് പരിപ്പ് മഹാത്മ്യം എന്ന്... പരിപ്പ് ചോറില്‍ കുഴച്ച് കഴിയുമ്പോള്‍ അതില്‍ അല്പം നെയ് വിളമ്പണം അതും കൂടി ചേര്‍ത്ത് കുഴച്ച് വേണം ആദ്യത്തെ ഉരുള കഴിക്കാന്‍.... പിന്നീട് സാമ്പാര്‍ കൂട്ടി കഴിക്കാം....
കറികള്‍ തനിച്ചോ, ചോറില്‍ ചേര്‍ത്തൊ കഴിക്കാം... അതിന് ശേഷം രണ്ടാമത് ചോറ് വേണ്ടവര്‍ക്ക് കൊടുക്കുമ്പോള്‍, കൂടെ രസമോ, സാമ്പാറോ കൊടുക്കാം. പായസം കുടിക്കാത്തവര്‍ക്ക് മോരും ആകാം.... പായസം കുടിച്ച് കഴിഞ്ഞാല്‍ വീണ്ടും ചോറുവിളമ്പണം ആവശ്യക്കാര്‍ക്ക് അല്പം തൈരും കൂട്ടിക്കഴിക്കാന്‍, അല്പം അച്ചാറും നക്കാം ഇടക്ക്....
ഇങ്ങിനെയൊക്കെയായാലേ വിധിപ്രകാരമുള്ള സദ്യയാ‍കൂ... ഇതൊന്നും ഇപ്പോള്‍ സാധാരണ തരപ്പെടാറില്ലാത്ത കാരണം, ഞാന്‍ കല്ല്യാണം കഴിഞ്ഞാല്‍ സദ്യക്ക് നിക്കാറില്ലാ.... പറയുമ്പോള്‍ എല്ലാം പറയണമല്ലോ... തൃശ്ശൂര്‍ തെക്കേമഠം ലക്ഷ്മീകല്യാണമണ്ഡപത്തില്‍ പോയി ഒരു സദ്യ ഉണ്ട് നോ‍ക്കൂ.... ഞാന്‍ പറഞ്ഞ വിധിപ്രകാരം കിട്ടും. അവിടെത്തെ ചിട്ട അങ്ങിനെയാ....
കഴിഞ്ഞ ആഴ്ച കൃഷ്ണേട്ടന്റെ തൊണ്ണൂറാം പിറന്നാളിന് ഞാന്‍ അവിടെ സദ്യ ഉണ്ടു.. കേമമായിരുന്നു.... തൃശ്ശൂര്‍ക്കാര്‍ക്കൊക്കെ അറിയാം കൃഷ്ണേട്ടന്‍ എന്ന കാഞ്ഞൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്... kmk എന്ന ചുരുക്കപ്പേരിലും അറിയും. അറിവിന്റെ തമ്പുരാനാണ്.. മണ്മറഞ്ഞ പൂമുള്ളി ആറാം തമ്പുരാന്റെ അനിന്തരവനാണെന്നാ എന്റെ ഓര്‍മ്മ.. എനിക്ക് വയസ്സ് അറുപത്തൊന്നേ ആയിട്ടുള്ളുവെങ്കിലും ഓര്‍മ്മക്കുറവ് തുടങ്ങിരിക്കുണൂ... ഒരു എണ്‍പത് കഴിഞ്ഞ ആളെപോലെയാന്‍ ഞാനിപ്പോള്‍... നമുക്ക് നമ്മുടെ കഥയിലേക്ക് മടങ്ങാം...
കപ്ലേങ്ങാട്ടമ്പലത്തില്‍ നിന്ന് അവളുടെ വീട് വരെ എന്റെ വാഹനത്തില്‍ കൊണ്ട് വന്നാക്കിയിട്ടും, ഒരു ഉപചാരമെന്ന വഴിക്ക് കൂടി അവള്‍ എന്നോട് വീട്ടിലേക്ക് ക്ഷണിക്കുകയോ, കുറച്ച് വെള്ളം കുടിച്ചിട്ട് പോകാമെന്നോ പറഞ്ഞില്ലാ...
ഞാന്‍ എന്റെ തറവാട്ടില്‍ താമസിയാതെ എത്തി... കഴിഞ്ഞ രണ്ട് മൂന്നാഴ്ചയായി ഞാന്‍ എങ്ങിനെയോ എന്റെ തറവാട്ടില്‍ വാരാന്ത്യത്തിനെത്താറുണ്ട്... തറവാട്ടില്‍ കിടന്ന് മരിക്കണമെന്ന് ആഗ്രഹം ഉണ്ട്... ഞാന്‍ പത്തിരുപത് കൊല്ലം മുന്‍പ് കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് തൃശ്ശൂരിലേക്ക് ചേക്കേറി.. കുട്ടികള്‍ ആണെങ്കില്‍ വിദേശത്ത് ജനിച്ച് വളര്‍ന്നതിനാല്‍ അവര്‍ക്ക് നാട്ടിന്‍പുറത്തെ ജീവിതം ദു:സ്സഹമായിരുന്നുതാനും. ഇപ്പോള്‍ കുട്ടികളൊക്കെ അവരുടെ വഴിക്കായി.. മകളുടെ വിവാഹം കഴിഞ്ഞു... അവള്‍ കൊച്ചിയിലെ പ്രസിദ്ധമായ ആര്‍ക്കിറ്റെക്റ്റ് ആണ്....
വിദേശ ബേങ്കിന്റെ മേനേജരായ മകന്‍ ലോകത്തിലൊരു പെണ്ണിനെയും പിടിക്കാതെ അവിവാഹിതനായി കഴിയുന്നു... ഒരു കണക്കിലതാ ഭേദം....
ഞാന്‍ നാട്ടില്‍ നിന്ന് പട്ടണത്തിലേക്ക് താമസം മാറിയെങ്കിലും, എന്റെ തറവാട്ടില്‍ മരണം വരെ താമസിക്കാനും, കൃഷി ചെയ്യാനും ഉള്ള അധികാരത്തോട് കൂടി എന്റെ അമ്മ ഒരു മരണപത്രം എഴുതി വെച്ചിരുന്നു... ആദ്യം എന്റ അറിവോട് കൂടി ഒരു മരണപത്രം, എന്റെ മകന് കുറച്ച് സ്വത്ത് ലഭിക്കുന്ന രീതിയിലെഴുതിയിരുന്നു.. പിന്നീട് എന്റെ സമ്മതമില്ലാതെ അത് ഇപ്രകാരം എങ്ങിനെയോ എഴുതപ്പെട്ടു.
ഞാനതിന്റെ പൊരുള്‍ അന്വേഷിച്ച് പോയില്ല... കാരണം ഞാന്‍ പണിയെടുത്ത് സസുഖം വാഴുന്നു.. എനിക്ക് അമ്മയുടെ വിഹിതം കിട്ടിയിട്ട് വേണ്ട കഴിയാന്‍... എന്നാലും ഒരിക്കല്‍ എഴുതിയ മരണപത്രത്തിന്റെ സ്റ്റാറ്റസ് ഇപ്പോള്‍ ഇങ്ങിനെ ആയി ഭവിച്ചതിന്റെ പേരില്‍ ആദ്യമൊക്കെ കുറച്ച് കുണ്ഡിതം ഉണ്ടായിരുന്നു.. ഇപ്പോള്‍ അത് ഞാന്‍ മറന്നു...
പണ്ട് എന്റെ അച്ചന്‍ പറയാറുള്ളത് ഞാന്‍ ഇവിടെ പങ്കുവെക്കട്ടെ.. അച്ചന്‍ എന്നൊട് ഒരിക്കല്‍ പറഞ്ഞു, വരും തലമുറക്ക് ഒന്നും സമ്പാദിച്ച് വെക്കരുതെന്ന്... അവര്‍ മടിയന്മാരാകുമത്രെ. കൊളംബോ, സിങ്കപൂര്‍, സിഡ്നി, മദിരാശി മുതലായ സ്ഥലങ്ങളിലെ ഒരു ഗ്രൂപ്പ് ഓഫ് ഹോട്ടലുകളുടെ ചുക്കാന്‍ പിടിക്കുന്ന ഒരാളായിരുന്നു.. എന്റ ബാല്യം പ്രധാനമായും കൊളംബോയിലായിരുന്നു.. അഞ്ചാ‍റു വയസ്സുമുതലുള്ള ഓര്‍മ്മകള്‍ എനിക്കുണ്ട്....
വീണ്ടും കഥയിലേക്ക് മടങ്ങാം............ തറവാട്ടിലെത്തി.... അയലത്തെ കൊച്ചുകുട്ടിളൊടൊത്ത് കുറച്ച് നേരം ചിലവിട്ട്, ഉച്ചയൂണും കഴിഞ്ഞ് ഞാനൊന്ന് മയങ്ങി... ഉച്ചക്കൂണ് കഴിഞ്ഞാന്‍ എനിക്ക് ഒന്ന് മയങ്ങണം... നമ്മുടെ നാട്ടുകാര്‍ പറയും അത് പൊട്ടാ ശീലമാണെന്ന്...
ഞാന്‍ അധികവും പണിയെടുത്തിരുന്നത് അറേബ്യന്‍ നാടുകളിലായിരുന്നു. അവിടെ 8 to 1 and 4 to 7 ആണ് ഓഫീസ് സമയം... അതിനാല്‍ ഉച്ചക്ക് മിക്കവരും നന്നായി തന്നെ ഉറങ്ങും.. അങ്ങിനെ പത്തിരുപത്തഞ്ച് കൊല്ലം ഉറങ്ങിയ എനിക്ക് ഈ ഉച്ചയുറക്കം അനിവാര്യം തന്നെ...
റിട്ടയര്‍മെന്റിന് ശേഷം ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആയി ഇപ്പോള്‍ നാട്ടിലൊരു വിഷ്വല്‍ ചാനലില്‍ ശിഷ്ടജീവിതം നയിക്കുന്നു.... ഞാന്‍ തന്നെ സമര്‍പ്പിച്ച എന്റെ പേക്കേജില്‍ ഈ ലഞ്ച് ബ്രേയ്ക്ക്.. സ്ഥാപന ഉടമ അംഗീകരിച്ചു... അദ്ദേഹം പലപ്പോഴും പറയാറുണ്ട് കേരളത്തില്‍ എനിക്ക് മാത്രമെ ഇങ്ങിനെ ഒരു വര്‍ക്ക് കോണ്ട് കോണ്ട്രാക്റ്റ് ഉള്ളൂ എന്ന്....
ഒരു പാട് മണിക്കൂര്‍ പണിയെന്നല്ല എന്റെ ആശയം... ചുരുങ്ങിയ സമയത്തില്‍ കൂടുതല്‍ ഔട്ട് പുട്ട്... അതായിരുന്നു എന്റെ വിദേശ പ്രവൃത്തി പരിചയം... അമേരിക്കക്കാരനായിരുന്ന എന്റെ ഇമ്മീഡിയറ്റ് ബോസിന്റെ നല്ല വശങ്ങള്‍ മാത്രം ഞാന്‍ ജീവിതത്തില്‍ പകര്‍ത്തി...
ആകെ കുത്തഴിഞ്ഞുകിടന്നിരുന്ന ഈ സ്ഥാപനം ഒരു നല്ല നിലയില്‍ എത്തിക്കാനെനിക്ക് കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്... ഇനി ഒരു ISO സര്‍ട്ടിഫിക്കേഷന്‍ കൂടി ഈ സ്ഥാപനത്തിന് ഉണ്ടാക്കിക്കൊടുത്തിട്ട് വേണം എനിക്ക് പടിയിറങ്ങാന്‍...
ജീവിതത്തില്‍ ഞാന്‍ ആശിച്ചതെല്ലാം നേടിയെന്നത് എന്റെ ഒരു വലിയ വിജയമാണ്... ബൈ ആള്‍ മീന്‍സ് ഐ ആം എ സെല്‍ഫ് മേഡ് മേന്‍...........
അവസാനം മരിക്കുന്നതിന് മുന്‍പ് ഒരാഗ്രഹം ബാക്കി നില്‍ക്കുന്നു... സംന്യാസം.......... മകന്റെ വിവാഹത്തിന് ശേഷം....
ആരോഗ്യം സമ്മതിക്കുമെങ്കില്‍..........
വീണ്ടും കഥയിലേക്ക് മടങ്ങാം......... ഉച്ചയുറക്കത്തിനിടയില്‍......... വഴിയില്‍ കണ്ട പെണ്ണിന്റെ ഒരു ഫോണ്‍ കോള്‍...........
“ഉണ്ണ്യേട്ടന്‍ അയ്യപ്പന്‍ കാവിലേക്ക് പോരണോ?”
... ഞാന്‍ അന്വേഷിച്ചു......... ഏത് കാവിലേക്കാ......... എന്റെ ഉടമസ്ഥതയിലുള്ള കാവിലേക്കാണൊ, അതൊ അപ്പുക്കുട്ടേട്ടന്റെതാണൊ............???
“അപ്പുക്കുട്ടേട്ടാന്റെത് തന്നെ”
ആ ഞാന്‍ വരാം........... എന്നാ അഞ്ച് മണിക്ക് എന്റെ വീട്ടിലെത്തിക്കൊള്ളൂ......
“എത്തിയേക്കാം അമ്മുകുട്ടീ.............“
ഞാന്‍ പിന്നേയും മയക്കത്തിലേക്ക്ചാഞ്ഞു........... നാലേമുക്കാലായപ്പോള്‍ വെയിക്ക് അപ്പ് കോള്‍ കിട്ടി...... ഞാനിതാ എത്തി അമ്മുകുട്ടീ........
‘ഞാനവളുടെ വീട്ടിലെത്തിയപ്പോള്‍ അവളെന്നെ സ്വീകരിച്ചിരുത്തി.. ചായയോ, കാപ്പിയോ എന്താ വേണമെങ്കില്‍ കുടിക്കാന്‍ തരാം എന്ന് പറഞ്ഞു...
‘ഞാനൊന്നും വേണ്ടാ എന്ന് പറഞ്ഞുവെങ്കിലും, എന്തെങ്കിലും കഴിക്കാതെ വിടില്ലാ എന്ന് പറഞ്ഞു.
‘ ഇന്നാ എന്താച്ചാ തന്നോളൂ അമ്മുകുട്ടീ........“
ഞാന്‍ കപ്ലേങ്ങാട്ടമ്പലത്തീന്ന് കൊടന്ന പായസം കുറച്ച് തരട്ടെ?
ഓ തന്നോളൂ.... ദേവിക്ക് നിവേദിച്ചതല്ലേ... ഒരിക്കലും വേണ്ടാന്ന് പറീല്ലാ..........
‘ഒരു ചെറിയ പ്ലേറ്റില്‍ കൊണ്ട് തന്ന പായസം മുഴുവന്‍ ഞാന്‍ ആഹരിച്ചു’
സന്തോഷമായി അമ്മുകുട്ടീ......... അമ്മുകുട്ടീടെ കുടിലില്‍ നിന്ന് അവള്‍ തന്നത് കഴിച്ചതിന് അവള്‍ക്കും സന്തോഷമായി.........
“ ഉണ്ണ്യേട്ടാ‍...... ന്നാ ...... നമുക്ക് നടക്കാം......... ഞാന്‍ അവളൊടൊത്ത് പുഞ്ചപ്പാടം ലക്ഷ്യമാക്കി നടന്നു. പുഞ്പ്പാടത്തിന്റെ കരയിലാണീ അയ്യപ്പന്‍ കാവ്. പണ്ട് എന്നെയും ശ്രീരാമനേയും എന്റെ ശേഖരഞ്ഞാട്ടനെന്ന അമ്മാമനാണ് അവിടെ കൊണ്ട് പോയിരുന്നത്... അവിടെ അടിക്കുന്ന നാളികേരം തിന്നാനായിരുന്നു അന്ന് ഞങ്ങളുടെ മോഹം... ഞാനിന്ന് അവിടെ പോകുന്നത് ഏതാണ്ട് 50 വര്‍ഷത്തിന് ശേഷമാണ്....
പണ്ടവിടെ ഒരു കൊച്ചു കാവ്, കാര്യമായി കാഞ്ഞിരവും മറ്റു പാഴ് ചെടികളും, മുള്ളുകളില്ലാത്ത മുളയും മറ്റും കൊണ്ട് ഇരുട്ട് മൂടിയ പോലെയുള്ള ശരിക്കും ഒരു കാവിന്റെ പ്രതീതിയായിരുന്നു.’ ‘പക്ഷെ ഇപ്പോ ഞാനവിടെ എത്തിയപ്പോഴാണ് മനസ്സിലായത് കാവെല്ലാം വെട്ടിത്തെളിയിച്ചു അവിടെ രണ്ട് അംബലം ഉയര്‍ന്നിരിക്കുന്നു..
അയ്യപ്പന്റെയും, ദേവിയുടെയും അംബലവും, അതിനോട് ചേര്‍ന്ന് തിടപ്പള്ളി, ഓഫീസ് മുറി, ഒരു ഷെഡ് മുതലായവ.. എല്ലാം ചെറുതാണെങ്കിലും നല്ല ഐശ്വര്യമുള്ള ഒരിടം തന്നെ’
‘പാര്‍ക്കാടി പൂരമായതിനാല്‍ ശാന്തിക്കാരന്‍ അല്പം വൈകിയാണെങ്കിലും എത്തി... വിളക്ക് കൊളുത്തി എനിക്ക് പ്രസാദം തന്നു. ദക്ഷിണ കൊടുത്തു ഞാന്‍ പ്രസാദം വാങ്ങി.... അയ്യപ്പന് കാണിക്കയും ഇട്ട് അമ്മുകുട്ടിയൊത്ത് വീട്ടിലേക്ക് തിരിച്ചു’
‘പണ്ട് കാവിലേക്കുള്ള പുഞ്ചപ്പാടത്തെ എത്തേണ്ട വഴിയില്‍ കാര്യമായി വീടുകളൊന്നും ഉണ്ടായിരുന്നില്ല.... ഇപ്പോ നിറച്ചും പുതിയ വീടുകള്‍.. പഴ വീടുകളില്‍ ചിലതൊക്കെ മിനുക്കി യഥാസ്ഥാനത്ത് തന്നെ നില്‍പ്പുണ്ട്...
‘ആ വീടാരുടെതാ.... ഈ വീടാരുടെതാ........... എന്ന് ചോദിച്ച് ചോദിച്ച്, മറുപടി പറഞ്ഞ് പറഞ്ഞ് അവള്‍ തോറ്റു...’
ചിലപ്പോള്‍ അമ്മുകുട്ടി പറയും....അതെനിക്കറിയില്ല.. എന്നെ കെട്ടിക്കൊണ്ട് വരുമ്പോള്‍ ഉള്ളതൊന്നും എനിക്കറിയില്ലാ... പുതിയത് മാത്രമെ അറിയുള്ളൂവെന്നെല്ലാം...’
അമ്മുകുട്ടീനെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് കെട്ടിക്കൊണ്ട് വന്നതാ... അവളുടെ നാട് കുറച്ചകലെയാണ്.....
“ഉണ്ണ്യേട്ടാ‍ നമുക്ക് വീട്ടിലേക്ക് തിരിച്ച് നടക്കുമ്പോള്‍ എനിക്ക് ചില വീടുകളില്‍ കയറി കുറച്ച് പണികളുണ്ട്.... “ ഉണ്ണ്യേട്ടന്‍ ആ വീടുകളില്‍ കയറി അവിടെ ഇരുന്നോളൂ.... അയ്യപ്പന്‍ കാവിലെ മഹിളാ വിഭാഗത്തിന്റെ മേധാവിയാണ് അമ്മുകുട്ടി.... വര്‍ഷത്തെക്കുള്ള വരി സംഖ്യ പിരിക്കലും.. കടം വേണ്ടവര്‍ക്ക് കൊടുക്കലും, വാങ്ങലും എല്ലാം അമ്മുകുട്ടിയുടെ പണിയാണ്... ഇപ്പോ പുഞ്ചപ്പണി തുടങ്ങാറായി....
പാടമെല്ലം ഉഴുതിട്ട് ഞാറ് നടേണ്ട സമയമായി... കൃഷിക്കാര്‍ പണം കടം വാങ്ങാനെത്തും... അമ്മുകുട്ടി അവരുടെ മുമ്പില്‍ ഒരു ഹീറൊ ആണ്... ചിലരെ ചീത്ത വിളിക്കുന്നതും കേള്‍ക്കാം... ഞാന്‍ എല്ലാം കേട്ടവിടെ നിന്നു...
‘ചെറുപ്പത്തിലെ നാട് വിട്ട എന്നെ എന്റെ സ്വന്തം നാട്ടില്‍ പലരും അറിയില്ലാ...“
ചിലര്‍ക്ക് അമ്മുകുട്ടി എന്നെ പരിചയപ്പെടുത്തി.... ശ്രീരാമേട്ടന്റെ ഏട്ടനാ...........
“പലരും അല്‍ഭുതത്തോടെന്നെ നോക്കി... ചിലര്‍ അറിയുമെന്ന മട്ടില്‍ തലയാട്ടി...“
അങ്ങിനെ ഞങ്ങള്‍ നടന്ന് നീങ്ങുമ്പോള്‍ എന്നെപ്പോലൊരു വയസ്സന്‍ തോളില്‍ കയ്ക്കോട്ടുമായി പാടത്ത് നിന്നും കരക്ക് കയറുന്നത് കണ്ടു...
‘എന്നെ നോക്കിയിട്ട്’ -ഉണ്ണിയല്ലേ.......????
അതേ........ ഉണ്ണിയാ............ “എനിക്ക് മനസ്സിലായില്ലല്ലോ............
“ നെനക്കെങ്ങനാ മനസ്സിലാവാ..... അവനവന്റെ നാട്ടിലേക്കൊക്കെ വരേണ്ടെ ഇടക്കൊക്കെ?..... എന്നും പറഞ്ഞ് അയാള്‍ നടന്ന് നീങ്ങി..........“
‘അമ്മുകുട്ടീ..... ആരാണയാള്‍??
ഓ... എനിക്കറിയില്ലാ ഉണ്ണ്യേട്ടാ..........
‘ഞാനും അമ്മുകുട്ടിയും വീണ്ടും യാത്ര തുടര്‍ന്നു...‘
ഉണ്ണ്യേട്ടാ‍ ആ വീടാരുടേതാണെന്ന് പറയാമോ?
ആ ... അത് കുഞ്ഞിമോനേട്ടന്റെ വീടല്ലേ....
പിന്നെ അതിന്റെ തൊട്ടടുത്ത വീടോ??
അതെനിക്കറിയില്ലാ.......... അത് രവിയുടേതാ......... അങ്ങിനെ പറഞ്ഞു പറഞ്ഞു ഞങ്ങള്‍ വേറെ ഒരു വീട്ടിലെത്തി.
ഇവിടെ ഒരു അഞ്ചുമിനിട്ട് ഇരിക്കാം ഉണ്ണ്യേട്ടാ‍..... എന്നിട്ട് നമുക്ക് വേഗം വീട്ടിലേക്ക് നടക്കാം.. നേരം സന്ധ്യയായിത്തുടങ്ങി....
ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍........ നേരത്തെ കണ്ട കൈക്കോട്ടുമായി വന്ന വയസ്സന്‍ അമ്മുകുട്ടിയോട്....
“കാശുണ്ടാകുമോ പുഞ്ചപ്പണിക്ക് സഹായിക്കാന്‍?...... പണികഴിഞ്ഞാല്‍ പലിശയടക്കം തരാം..........
‘ഇപ്പോ കാശുണ്ടാവില്ലാ....... അമ്മുകുട്ടിയുടെ മറുപടി......... “
‘വയസ്സന്‍ അതും കേട്ട് നടന്ന് നീങ്ങി’ “അമ്മുകുട്ടീ...... ?”
“ എന്താ ഉണ്ണ്യേട്ടാ‍........ എത്രാ കാശാ‍ അയാള്‍ ചോദിക്കണേ....“
സുമാര്‍ ഇരുപതിനായിരം വേണ്ടി വന്നേക്കാം എന്നാ തോന്നണേ..
“എന്നിട്ടെപ്പോഴാ തിരിച്ച് തരിക... ?”
‘കൊടുക്കുകയാണെങ്കില്‍ രണ്ട് മാസത്തിന്നകം തിരിച്ചടക്കേണ്ടി വരും അയാള്‍ക്ക്.... ‘ അയാളുമായി പണമിടപാട് നടത്താന്‍ അമ്മുകുട്ടിക്കിഷ്ടമില്ലാത്ത പോലെ തോന്നി..... “
എന്താ അമ്മുകുട്ടീ ........ പ്രശ്നം.... ?
കാശ് തിരിച്ചടച്ചില്ലെങ്കില് അതിന്റെ പിന്നാലെ ഞാന്‍ തന്നെ നടക്കണം... സംഘടനയിലാരും ഉണ്ടാ‍വില്ലാ കൂടെ നടക്കാന്‍... എന്തിന്നാ ഈ വയ്യാവേലിക്ക് പോണേ??? ‘അതും ശരിയാ’
“അമ്മുകുട്ടീ........... ?”
എന്താ ഉണ്ണ്യേട്ടാ‍........
“ആ വയസ്സനുള്ള കാശ് ഞാന്‍ തരാം.... സൊസൈറ്റിയില്‍ കൂടി കൊടുത്തോളൂ.... “
അതിന് ഞങ്ങള്‍ക്ക് മെംബര്‍മാരില്‍ നിന്ന് മാത്രമെ പണം സ്വീകരിക്കാന്‍ പറ്റൂ....
‘അങ്ങിനെയാണെങ്കില്‍ ബീനാമ്മയെ സൊസൈറ്റിയില്‍ ചേര്‍ത്തുവല്ലോ...അവളുടെ പേരില്‍ തരാം....’
അതൊന്നും വേണ്ട ഉണ്ണ്യേട്ടാ‍..... ഇപ്പോളതൊന്നും ശരിയാവില്ലാ.............
ഞാനും അമ്മുകുട്ടിയും, വര്‍ത്തമാനങ്ങളെല്ലാം പറഞ്ഞ് , നടന്ന് നടന്ന് കിണറിന്റെ അടുത്തുള്ള ചായപ്പിടികയുടെ അടുത്തെത്തി....
‘നേരം ഇരുട്ടായല്ലോ അമ്മുകുട്ടീ.......... “ നീ വേഗം ചെല്ല് വീട്ടിലേക്ക്.... നിന്റെ മോള്‍ നിന്നെ കാത്തിരിപ്പുണ്ടാകും അവിടെ....
ഞാന്‍ വിജയേട്ടന്റെ വീട്ടി കേറീട്ട് മെല്ലെ വീട്ടിലേക്ക് പോയ്ക്കൊള്ളാം.. അങ്ങിനെ വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യപ്പന്‍ കാവില്‍ പോയി.....
അമ്മുകുട്ടി അവളുടെ വീട്ടിലേക്ക് നടന്നകന്നു.

സ്വാമിയേ ശരണമയ്യപ്പാ!
കുറിപ്പ്:
ഈ കഥ ഞാന്‍ കഴിഞ്ഞ ജനുവരിയില്‍ എന്റെ മറ്റൊരു ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു.

6 comments:

Anil cheleri kumaran said...

നല്ല പോസ്റ്റ്.

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

മാറ്റങ്ങളോടെ, നാട്ടുമ്പുറങ്ങളില്‍ ജീവിതം തഴച്ചു വളരട്ടെ. അതില്‍ നിന്നു മാറി നിന്നിട്ട് വല്ലപ്പോഴും ഇങ്ങനെ സാക്ഷിയാവുക. അപ്പോഴേ ആ വളര്‍ച്ച നമുക്കു മനസ്സിലാവുകയുള്ളു. നാടന്‍ വഴിയോരക്കാഴ്ചകള്‍ 'നഗരാത്മാക്കളു'ടെ മനസ്സുകളെ സമ്പന്നരാക്കട്ടെ!

കണ്ണനുണ്ണി said...

നാട്ടു വിശേഷങ്ങള്‍ കൌതുകത്തോടെ വായിച്ചു..

Sukanya said...

ജെ പി അങ്കിള്‍, അമ്മുക്കുട്ടിയെ മാത്രമല്ല, ഞങ്ങളെയും കൂട്ടിക്കൊണ്ടുപോയ പോലെ. നേരത്തെ പോസ്റ്റ് ചെയ്തതാണെന്ന് മോന്റെ കല്യാണകാര്യം എഴുതിയതില്‍ നിന്നു മനസ്സിലായി.

കല്യാണസദ്യയുടെ കാര്യങ്ങള്‍ വളരെ വളരെ ശരിയാണ്.

ജെ പി വെട്ടിയാട്ടില്‍ said...

സുകന്യക്കുട്ടീ

തൃശ്ശൂര്‍ക്ക് വരുമ്പോള്‍ ഞാന്‍ എന്റെ ജന്മ നാട്ടില്‍ കൊണ്ടോകാം. എന്റെ സ്മൃതി എന്ന ബ്ലോഗിന്റെ ഹെഡ്ഡര്‍ ആണ് എന്റെ തറവാട്.

അവിടെ ചെറിയ കുന്നുകളും, തോടും, പുഞ്ചപ്പാടവും, അയ്യപ്പന്‍ കാവും, എല്ലാം ഉണ്ട്. ഇപ്പോഴും നാടന്‍ ഗ്രാമാന്തരീക്ഷം തന്നെ.

ഈ പോസ്റ്റ് മോള്‍ക്ക് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.

എന്നെപ്പറ്റി എഴുതിയ കവിത ഈശ്വരി വര്‍മ്മ നാളെ പാടുന്നുണ്ട്. വിഡിയോ ശരിയായാല്‍ അപ് ലോഡ് ചെയ്യണമെന്നുണ്ട് ബ്ലോഗില്‍. സുകന്യക്കുട്ടിക്ക് സമ്മതമാണെങ്കില്‍.

Unknown said...

എന്റെ നാടിന്റെ വിശേഷങള്‍ ഞാന്‍ വായിച്ചറിഞ്ഞു..വളരെസന്തൊഷം