Wednesday, March 24, 2010

പോത്തിറച്ചിയും പൊറോട്ടയും

ഇന്ന് കുട്ടന്‍ മേനോന്‍ ചോദിച്ചു
"എന്താ പ്രകാശേട്ടാ പുതിയ പോസ്റ്റുകളൊന്നുമില്ലേ..?

വല്ലപ്പോഴും എഴുതുന്ന ബ്ലോഗിന്റെ ലിങ്ക് അയാള്‍ക്ക് അയക്കാറുണ്ട്. അതൊന്നും നോക്കാന്‍ അയാള്‍ക്ക് നേരമില്ല.

എന്നിട്ടിതാ ചോദിക്കുന്നു.
പുതിയതൊന്നുമില്ലേ എന്ന്........

പണ്ട് പറഞ്ഞിരുന്നു. പെണ്‍പിറന്നോത്തിയേയും മക്കളേയും കൊണ്ട് എന്റെ വീട്ടില്‍ വരാമെന്നും കുട്ടികളെ കാണിക്കാമെന്നും. പക്ഷെ ഒരിക്കലും വന്നില്ല.
അവസാനം ഞാന്‍ വിചാരിച്ചു. ഇയാള്‍ക്ക് പെണ്ണും പിടക്കോഴിയും പരിവാരങ്ങളും ഒന്നുമില്ലാ എന്ന്.

സംശയം തീര്‍ക്കാന്‍ ഒരു ദിവസം അയാളോട് പറയാതെ ഞാന്‍ അയാളുടെ വീട്ടില്‍ പോയി.

വീട് പാവറട്ടിയാണെന്ന് മാത്രം അറിയാമായിരുന്നു.
എന്നാല്‍ ഒരിക്കലും എന്നോട് വീട്ടിലേക്ക് ക്ഷണിക്കുകയോ, വീട്ടിലേക്കുള്ള അഡ്രസ്സ് പറഞ്ഞ് തരികയോ ചെയ്തിരുന്നില്ല.
ഞാന്‍ ഒരു ദിവസം വേറെ പണിയൊന്നും ഏല്‍ക്കാതെ അയാളുടെ വീട് കണ്ടുപിടിക്കാന്‍ തന്നെ തീരുമാനിച്ചു.

കാലത്ത് തൊട്ട് വൈകുന്നേരം വരെ അന്വേഷിച്ചാലും തരക്കേടില്ലാ എന്ന് കരുതി പാവറട്ടി ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ നടന്ന് അന്വേഷിച്ചു.

ഒടുവില്‍ വീട് കണ്ടെത്തി.

ഞാന്‍ വീട്ടിലെത്തിയ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.
ഞാന്‍ കുട്ടികളെ കണ്ടു. രണ്ട് ഓമന മക്കള്‍. എനിക്ക് സന്തോഷമായി.

അല്പ നേരത്തിനുള്ളില്‍ കുട്ടന്‍ മേനോന്‍ ആഗതനായി.
ഞങ്ങള്‍ സൌഹൃദം പങ്കിട്ടു.
അമ്മയോടും അഛനോടും പെമ്പറന്നോത്തിയോടും കുശലം പറഞ്ഞ് ഞാന്‍ യാത്രയായി.

++ എനിക്ക് എഴുതാന്‍ ഒന്നും ഓര്‍മ്മ വരുന്നില്ല. എന്നാലും കുട്ടന്‍ മേനോന്‍ ചോദിച്ച സ്ഥിതിക്ക് നാല് വരി എഴുതാമെന്ന് വിചാരിച്ചു.
പണ്ട് കാലത്ത് ഞാന്‍ സ്കൂളില പഠിക്കുന്ന കാലത്ത് - ഞാന്‍ ഒരു മണ്ടനായിരുന്നു.

എനിക്ക് പഠിക്കാന്‍ തീരെ ഉത്സാഹമില്ലായിരുന്നു. ഇങ്ങനെ തെണ്ടി നടക്കാനായിരുന്നു ഇഷ്ഠം.

അമ്മ സ്കൂള്‍ ടീച്ചറായിരുന്നു. അഛന്‍ സിലോണിലും. പുള്ളിക്കാരന്‍ കൊല്ലത്തിലൊരിക്കലേ നാട്ടിലെത്തുകയുള്ളൂ.

മിക്കവാറും സ്കൂള്‍ അടക്കുമ്പോള്‍ ഞങ്ങളെ [അമ്മയും, അനുജനും, ഞാനും] അങ്ങോട്ട് കൊണ്ട് പോകും.

അഛന്‍ വിചാരിക്കും പിള്ളേര്‍ എങ്ങിനെയെങ്കിലും പഠിച്ച് വലുതാകുമെന്ന്. ഞങ്ങള്‍ തെങ്ങിന്മേല്‍ കയറി കള്ള് കട്ട് കുടിക്കാനും, ബീഡി സിഗരറ്റ് എന്നിവ വലിക്കാനും മറ്റും അഭ്യസിച്ചു. പിന്നെ കറങ്ങിനടക്കാന്‍ അഛന്‍ തന്നെ സിലോണില്‍ നിന്ന് ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ ഇറക്കുമതി ചെയ്ത് തന്നു.

അന്നത്തെ കാലത്ത് ഒരു ചെറുപ്പക്കാരന്‍ ചെത്തി നടക്കാന്‍ വേണ്ടത്, ഒരു റാലി സൈക്കിള്‍, സീക്കോ വാച്ച്, ഡബിള്‍ മുണ്ട്, ടര്‍ളിന്‍ ഷര്‍ട്ട്. ഇതൊക്കെ എനിക്കുണ്ടായിരുന്നു. പഠിത്തത്തില്‍ മാത്രം കമ്പമുണ്ടായിരുന്നില്ല.

സ്കൂള്‍ വിട്ട് വരുന്ന വഴി അല്ലെങ്കില്‍ സ്കൂളില്‍ നിന്ന് ജവഹര്‍ തിയേറ്ററില്‍ പോയി സിനിമ കാണും. പിന്നെ കറപ്പക്കുട്ടി ഏട്ടന്റെ പീടികയിലാ‍ണ് ഞാന്‍ എന്റെ ചോറ്റുപാത്രം വെക്കുക. അത് കഴിക്കാന്‍ മറക്കില്ല. പിന്നെ അവിടെ പോയാല്‍ വേലായുധേട്ടന്‍ നല്ല സോഡാ സര്‍ബത്ത് തരും. അതും കഴിക്കും.

ചിലപ്പോള്‍ പട്ടാമ്പി റോട്ടിലുള്ള ചക്കുണ്ണി ഇയ്യപ്പന്റെ ഇറക്കത്തിലുള്ള വല്യഛന്റെ വീട്ടില്‍ പോയി, വല്യമ്മ എന്തെങ്കിലും തന്നാല്‍ അത് കഴിക്കും.

ചിലപ്പോള്‍ അതേ റോഡിലുള്ള സുമതിച്ചേച്ചിയുടെ വീട്ടില്‍ പോയി വാസുവേട്ടന്‍ സോപ്പ് കമ്പനിയില്‍ വായ് നോക്കി നില്‍ക്കും.

വീട്ടില്‍ നിന്ന് ചോറ് കൊണ്ടോയിട്ടും ചിലപ്പോള്‍ റഹ് മാനിയ ഹോട്ടലില്‍ നിന്ന് ഊണ് കഴിക്കും. മഴക്കാലത്ത് വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന ചോറ് തണുത്ത് മരവിച്ചിരിക്കും. അപ്പോള്‍ റഹ് മാനിയ ഹോട്ടലില്‍ നിന്ന് നല്ല ആവി പറക്കുന്ന ഊണ് കിട്ടും. അതിനുള്ള വക ചേച്ചിയുടെ പേഴ്സില്‍ നിന്ന് മോഷ്ടിക്കും.

അങ്ങിനെ ഇരിക്കുന്ന കാലം ഞമനേങ്ങാട്ടെ തറവാട്ടില്‍ ഭാഗം വെച്ചുവെങ്കിലും, ആദായമെല്ലാം പാപ്പനും അച്ചമ്മയും ആണ് എടുത്തിരുന്നത്. അത് കുറച്ചൊക്കെ വസൂലാക്കുന്നതിന് ഞാന്‍ അവിടെ കേമ്പ് ചെയ്തു. അങ്ങിനെ സ്കൂളില്‍ നിന്ന് ആദ്യം ചെറുവത്താനിയില്‍ അമ്മ വീട്ടില കയറി, ചേച്ചിയെ കണ്ട് അവിടുത്തെ വിശേഷങ്ങളൊക്കെ തിരക്കി, ചിലപ്പോള്‍ അവിടെ നിന്ന് കാപ്പിയും പലഹാരമൊക്കെ കിട്ടും. അതെല്ലാം അടിച്ച് നേരെ ഞമനേങ്ങാട്ടെക്ക് സൈക്കിളില്‍ പായും.

ഞമനേങ്ങാട്ടെ സ്ഥിതി വിചിത്രമാണ്. അവിടെ എന്നും രാത്രി ചോറും ചെമ്മീന്‍ കറിയും. പിന്നെ രാവിലെ ചായയും പത്തിരിയോ അല്ലെങ്കില്‍ പുട്ടോ.

ചെറിയമ്മയും സ്കൂള്‍ ടീച്ചറായിരുന്നു ഗുരുവായൂരില്‍. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വരും. തറവാട്ടില്‍ ഞാനും എന്റെ ഇളയമ്മ എന്ന് വിളിക്കുന്ന അമ്മായിയും. പാപ്പന്‍ സിങ്കപ്പൂരിലും. പാപ്പന്‍ 5 കൊല്ലത്തിലൊരിക്കലേ വരൂ. വരുമ്പോള്‍ ഒരു കൊല്ലം നിന്നേ പോകൂ.

ആള്‍ വന്നാല് നാലഞ്ച് എരുമയേയും പശുക്കളേയും എല്ലാം വാങ്ങി പരിപാലിക്കും. ആ പരിപാടിയെല്ലാം കണ്ടാല്‍ ഇനി തിരിച്ച് പോകില്ലാ എന്ന് വിചാരിക്കും. പാപ്പന്‍ വരുമ്പോള്‍ എനിക്ക് ടര്‍ളിന്‍ ഷര്‍ട്ടും, റബ്ബര്‍ ചെരിപ്പും മറ്റു സാധങ്ങളും കൊണ്ട് തരാറുണ്ട്.

പാപ്പന്‍ വന്നാല്‍ നല്ല കട്ടിയുള്ള എരുമപ്പാല്‍ കൊണ്ടുള്ള ചായയും, പിന്നെ സ്മൃദ്ധിയായി തൈരും മോരും കഴിക്കാം.

തറവാട്ടില്‍ താമസിക്കുന്ന കാലം ഞാന്‍ തീരെ പഠിച്ചിരുന്നില്ല. അവിടെ വന്നാല്‍ ബീഡി വലി കൂടുതലാണ്. പിന്നെ തെണ്ടി നടക്കലും. അവിടെ തെക്കേ പറമ്പിന്റെ അറ്റത്തും, പടിഞ്ഞാറെ പറമ്പിന്റെ അറ്റത്തും കുളങ്ങളുണ്ട്. അവിടെ നീന്തിത്തുടിക്കും. രണ്ട് കുളങ്ങളും കലക്കി മറിക്കും.

പിന്നെ തെക്കോറത്തുള്ള ഒരു കുളത്തില്‍ അഛന്‍ ഒരു കല്‍ക്കിണര്‍ പണിതു. ഞങ്ങളുടെ നാട്ടില്‍ ആദ്യം കല്‍ക്കിണര്‍ പണിതത് ഞങ്ങളുടെ വീട്ടിലാണ്. അതിന്റെ നെല്ലിപ്പടി കൊണ്ട് വന്നത് അമ്മയുടെ ഇളയമ്മയുടെ കൂറ്റനാട്ടുള്ള വീട്ടില്‍ നിന്നാണ്. പിന്നെ ഓരോ കല്ലും തലച്ചുമടായി ചെറുവത്താനി ആക്കല കുന്നത്ത് നിന്നാണ് കൊണ്ട് വന്നിരുന്നത്. അന്ന് ചെറുവത്താനിയില്‍ നിന്ന് ഞമനേങ്ങാട്ടെക്ക് വാഹനസൌകര്യം ഇല്ലായിരുന്നു.

എല്ലാം തോടുകളും വലിയ വരമ്പും മാത്രം. ചില തോട് മുറിച്ച് കടക്കണമെങ്കില്‍ വലിയ തെങ്ങിന്റെ മല്ല് കുറുകെ വെച്ചിട്ടുണ്ടാകും. അതിന്മേല്‍ കൂടി സര്‍ക്കസ്സ് കളിച്ചാലെ അക്കര എത്തുകയുള്ളൂ...

അങ്ങിനെ കുളത്തിലെ കുളി കഴിഞ്ഞാല്‍ ഞാന്‍ ഈ കുളത്തിലെ കിണറ്റുകരയില്‍ വരും. അപ്പോളേക്കും നേരം സന്ധ്യയായിത്തുടങ്ങും. അവിടെ തേവാന്‍ ഒരു കൊട്ടയുണ്ടാകും. എന്താണ് ആ സൂത്രത്തിന്റെ പേര് എന്നോര്‍മ്മയില്ല.

വലിയ മുളയുടെ അറ്റത്ത് മരം കൊണ്ടുള്ള കൊട്ടയുണ്ടാകും. അത് കിണറ്റിന്റെ കുറുകെ വെച്ചിട്ടുള്ള തടിയില്‍ കൂടി മദ്ധ്യഭാഗത്ത് നിന്ന് കൊട്ട കിണറ്റിന്നടിയിലേക്ക് വലിച്ച് ഇറക്കണം.

അങ്ങിനെ കൊട്ടയില്‍ വെള്ളം നിറഞ്ഞാല്‍ പിന്നെ വളരെ ആയാസമായി വെള്ളമുള്ള കൊട്ട മുകളിലേക്ക് വരും. അങ്ങിനെ നാലഞ്ച് കൊട്ട വെള്ളം കോരി കുളിക്കും.

ചിലപ്പോള്‍ പെണ്ണുങ്ങള്‍ അവിടെ ബ്ലൌസൊക്കെ അഴിച്ച് വെച്ച് കുളിക്കാന്‍ തുടങ്ങിയിരിക്കും.

"എന്താ പെണ്ണുങ്ങള്‍ കുളിക്കുന്നിടത്ത് ഈ വല്യ ആണ്‍കുട്ടികള്‍ക്ക് പണി എന്നൊക്കെ ചിലര്‍ ചോദിക്കും..."

എന്നെ പൊതുവെ എല്ലാം പെണ്ണുങ്ങള്‍ക്കും പേടിയാ.

"എന്റെ കിണറ്റിന്‍ കരയില്‍ എനിക്കിഷ്ടപ്പെട്ട സമയത്തൊക്കെ വരും. അതിന് നിങ്ങളൊക്കെ വാശിപിടിച്ചിട്ട് ഒരു കാര്യവുമില്ല..."

അങ്ങിനെ അല്ലറ ചില്ലറ കശപിശ ഉണ്ടാകുമെങ്കിലും പിന്നെ പെണ്ണുങ്ങള്‍ ഞാന്‍ തേവിയെടുക്കുന്ന വെള്ളം പിടിച്ച് കുളിക്കാന്‍ തുടങ്ങും...

എന്റെ കുട്ടിക്കാലം അങ്ങിനെ വളരെ രസകരമായിരുന്നു. ചുറ്റുപാടും ധാരാളം വീടുകളും അവിടെ കുറേ കൂട്ടുകാരും ഒന്നോ രണ്ടോ കൂട്ടുകാരികളും. കുളക്കരയില്‍ കൈതക്കൂടും ഉണ്ട്. ചിലപ്പോള്‍ കൈത പൂക്കുന്ന സമയത്ത്, കൈതപ്പൂവ് പറിക്കാന്‍ പോകും.

അച്ചമ്മക്കൊരു മുണ്ട് വെക്കുന്ന മരപ്പെട്ടി ഉണ്ടായിരുന്നു. അതില്‍ കൈതപ്പൂവ് വെക്കും. വിശേഷദിവസങ്ങളില്‍ ഉടുക്കുന്ന മുണ്ടിന് കൈതപ്പൂവിന്റെ ഗന്ധം വരും. ചിലപ്പോള്‍ ഞാന്‍ എന്റെ ട്രൌസറും ഷര്‍ട്ടും ആ പെട്ടിയില്‍ വെക്കാറുണ്ട്.

ശനിയും ഞായറും ഞാന്‍ മിക്കവാറും ചെറുവത്താനിയിലെ അമ്മ വീട്ടില്‍ തങ്ങും. അവിടെ അമ്മമ്മ, അച്ചാച്ചന്‍, മാമന്മാര്‍ തുടങ്ങിയവരുണ്ടാകും. അവിടെ ഇളയ അമ്മാമനായിരുന്നു എന്റെ പ്രിയ കൂട്ട്. മൂപ്പര്‍ വെറ്റില മുറുക്കാനും ബീഡി വലിക്കാനുമെല്ലാം തരും.

അച്ചാച്ചന്‍ എപ്പോളും മുറുക്കിക്കൊണ്ടിരിക്കും. വെറ്റിലയും മൂക്കാത്ത അടക്കയും പിന്നെ പുകയിലയും ഇതാണ് മൂപ്പരുടെ കൂട്ട്. പക്ഷെ അമ്മാമക്ക് വെറ്റിലയും, അടക്കയും പിന്നെ പട്ടപ്പുകയിലയും. ഈ പുകയില വിശേഷമാണ്. വാസനയും മധുരവും ചേര്‍ന്ന പുകയില. ഞങ്ങളും ഊണ് കഴിഞ്ഞ് അമ്മാമയുടെ ചെല്ലപ്പെട്ടിയില്‍ നിന്ന് വിശദമായി മുറുക്കും. പത്ത് വയസ്സു തൊട്ട് ഞാന്‍ പുകയില മുറുക്കും.

ചെറുവത്താനിയില്‍ കഴുങ്ക് [കവുങ്ങ്] കൃഷി കൂടുതലാണ്. മിക്ക മരത്തിലും വെറ്റിലയുണ്ടാകും. കാലത്ത് പെണ്ണുങ്ങള്‍ മുറ്റമടിച്ച് ചാണകം തെളിച്ചുകഴിഞ്ഞാല്‍ പിന്നെ വെറ്റില പറിച്ച്, അടക്ക വെട്ടി ചെറിയ പീസുകളാക്കി ചെല്ലപ്പെട്ടിയില്‍ നിറച്ച് വെക്കും. പിന്നെ അടുത്ത് ഒന്നോ രണ്ടോ തുപ്പക്കോളാമ്പിയും വെക്കും.

കാലത്ത് വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ അവര്‍ക്ക് ആദ്യം മുറുക്കാനാണ് കൊടുക്കുക. എന്നിട്ടേ ചോദിക്കൂ കുടിക്കനെന്താ വേണ്ടെ എന്ന്. എന്തെങ്കിലും കുടിക്കാന്‍ കൊടുത്താല്‍ ചിലര്‍ പിന്നേയും മുറുക്കി മുറ്റത്താകെ തുപ്പും.

അതാണ് നാട്ടിലെ ഒരു സ്റ്റൈല്‍.

വൈകുന്നേരം എന്റെ ചെറുവത്താനി വാസത്തില്‍ ഭക്ഷണം കഴിഞ്ഞാല്‍ ഞങ്ങള്‍ വിശദമായി ഒന്ന് മുറുക്കും. പിന്നെ ഇളയ മാമന്റെ കൂടെ തട്ടിന്‍ പുറത്ത് ഉറങ്ങാന്‍ പോകും. മാമന്റെ കയ്യില്‍ ബീഡി ഇല്ലാ എങ്കില്‍ ഏഷ് ട്രേയിലെ പഴയ ബീഡിക്കുറ്റി എടുത്ത് വലിക്കും. അതും ഇല്ലെങ്കില്‍ എന്നെ ബീഡി മോഷ്ടിക്കാന്‍ ഇളയ മാമന്‍ പറഞ്ഞയക്കും. ഞാന്‍ അച്ചാച്ചന്റെയും വലിയ മാമന്റെയും ബീഡി മോഷ്ടിച്ച് തട്ടിന്‍ പുറത്തെക്ക് പോകും.

ചെറുവത്താനിയിലെ അമ്മ വീട്ടില്‍ ഭക്ഷണം വേണ്ടുവോളം. പഷെ അവിടെ കാലത്തും ചോറാണ് അധികപേരും കഴിക്കുക. ചോറും തലേ ദിവസത്തെ മീന്‍ കൂട്ടാന്റെ മാങ്ങാപ്പുളിയും ചാറും. ചിലപ്പോള്‍ കാലത്തെക്ക് മീന്‍ കറി മാറ്റി വെച്ചിട്ടുണ്ടാകും. പിന്നെ മീങ്കറിയുടെ കൂടെ കൂട്ടാന്‍ സമൃദ്ധിയായി മോരും ഉണ്ടാകും.

എനിക്ക് കാലത്ത് ചോറും കൂട്ടാനും ഇഷ്ടമുണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് മുക്കിലെ പീടികയില്‍ നിന്ന് ഇഡ്ഡലിയും ചട്ട്ണിയും ചേച്ചി വാങ്ങിപ്പിച്ച് തരും. കാലക്രമേണ വീട്ടില്‍ ഇഡ്ഡലിയും ദോശയും എനിക്ക് മാത്രമായി ഉണ്ടാക്കിത്തുടങ്ങി. ചില ദിവസങ്ങളില്‍ പത്തിരിയും തേങ്ങാപ്പാലും അല്ലെങ്കില്‍ പുട്ടും പപ്പടവും...

ഞാന്‍ കുറച്ചും കൂടി വലുതാകാന്‍ തുടങ്ങി. എന്നില്‍ ദുഷിച്ച ചിന്തകളും മറ്റും ഉടലെടുത്ത് തുടങ്ങി. സെറ്റു കൂടി നടക്കലും, ഞായറാഴ്ചയിലെ സര്‍ക്കീറ്റും കള്ള് കുടിയും,ഗുരുവായൂരിലെ സിനിക്കാ കൊട്ടകയി പോയി സിനിമ കാണലും മറ്റും.

ചെറുവത്താനിയിലെ വീട്ടില്‍ ഇടക്ക് ആട്ടിറച്ചിയും കോഴിയിറച്ചിയുമൊക്കെ ഉണ്ടാക്കുമെങ്കിലും എനിക്ക് കുന്നംകുളം പടിഞ്ഞാറെ അങ്ങാടിയിലുള്ള സായ്‌വിന്റെ കടയിലെ പൊറോട്ടയും പോത്തിറച്ചിയും വളരെ പ്രിയമായിരുന്നു.

അതിന് എന്തെങ്കിലും സൂത്രം പറഞ്ഞ് ചേച്ചിയുടെ കയ്യില്‍ നിന്ന് കാശും വാങ്ങി അങ്ങാടിയിലേക്ക് പോകും.

ഞാന്‍ പെറ്റമ്മയെ ചേച്ചിയെന്നാ വിളിക്കാറ്. അമ്മാമന്മാര്‍ വിളിക്കുന്നത് കേട്ടാണ് അങ്ങിനെ വിളിച്ച് പോന്നത്. അമ്മമ്മയെ അമ്മ എന്നും അച്ചാച്ചനെ അഛന്‍ എന്നും.

ഞാന്‍ ചെറുപ്പത്തില്‍ അവിടെ നിന്ന് വാങ്ങിക്കഴിച്ചിട്ടുള്ള പോത്തിറച്ചിയുടേയും പൊറോട്ടയുടേയും സ്വാദ് ഇപ്പോഴും എന്റെ നാവിന്‍ തുമ്പത്ത് ഉള്ള പോലെ തോന്നുന്നു.

ഞമനേങ്ങാട്ട് ചായപ്പീടികയും ഹോട്ടലും ധാരാളം ഉണ്ടെങ്കിലും ഈ അങ്ങാടിയിലെ രണ്ട് നിരപ്പലക മുറിയിലുള്ള കൊച്ച് ഹോട്ടലിലെ പോത്തിറച്ചിയുടെ സ്വാദ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. കഴിച്ച് വീട്ടിലെത്തിയാലും കയ്യിലെ മസാലക്കൂട്ടിന്റെ മണം പോകില്ല.

വീട്ടിലുണ്ടാക്കുന്ന ഇറച്ചിക്കറിക്ക് ഈ സ്വാദ് ഒരിക്കലും കിട്ടാറില്ല. വീട്ടിലാണെങ്കില്‍ ഇന്നെത്തെ പോലെ എന്നും ചിക്കന്‍ കറിയുണ്ടാക്കാറില്ല. വിരുന്നുകാര്‍ വിഐപി കളാണെങ്കില്‍ കോഴിയെ ഓടിച്ചിട്ട് പിടിക്കും എന്നിട്ട് കശാ‍പ്പ് ചെയ്ത് കറിയുണ്ടാക്കും.

+++
വീട്ടില്‍ ഇറച്ചിക്കറിയുണ്ടാക്കുമ്പോള്‍ കായയും മറ്റും കഷണങ്ങളായി ചേര്‍ക്കും. അംഗസംഖ്യ കൂടുതലുള്ള വീടുകളില്‍ ചാറ് കൂടുതലായി കറി വെക്കും. ചിലര്‍ക്ക് കഷണം തീരെ കിട്ടുകയില്ല. ഞാന്‍ എന്റെ വീട്ടിലെ മുഖ്യ കഥാപാത്രമായതിനാല്‍ എന്റെ കാര്യങ്ങളൊക്കെ കുശാലാണ്.


ആണ്ടിലൊരിക്കല്‍ ഭുവനേശ്വരി പൂജയുണ്ടാകും. ചെറുവത്താനി വീട്ടിലെ കുലദൈവം ആണ്. കരിക്കാട്ട് നിന്ന് പൂജാരിമാര്‍ വന്നിട്ടായിരിക്കും പൂജ. അതിന് കോഴിയെ അറക്കും. പിന്നെ അതിനെ കറി വെച്ച് കഴിക്കും. പിന്നെ കോഴിയിറച്ചിയും ചാരായവും കൂടി വീത് വെക്കും. ചാരായം ചിരട്ടയില്‍ ഒഴിച്ചാണ് വെക്കുക.

വീത് വെച്ചതിന് ശേഷം ചാരായവും കോഴിക്കറിയും പൂജാരിമാരും വീട്ടിലെ ആണുങ്ങളും സേവിക്കും. ആ ദിവസം എനിക്ക് ചാരായം കുടിക്കാന്‍ കലശലായ മോഹം. പിള്ളേര്‍ക്കുണ്ടോ ചാരായം തരിക.

ഞാന്‍ അങ്ങിനെ ചാരായം കുപ്പി മോഷ്ടിച്ചു. ഒരു ചിരട്ടയിലൊഴിച്ച് സേവിച്ചു. നല്ല സ്പെഷലായി വാറ്റിയ ചാരായത്തിന്റെ രുചി ഇപ്പോളെത്തെ സ്കോച്ച് വിസ്കിക്കില്ല എന്നത് ഒരു പരമാര്‍ഥമാണ്.

അങ്ങാടിയില്‍ പലചരക്ക് സാധനം വാങ്ങാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ സായ്‌വിനെ കടയില്‍ പോത്തിറച്ചി തിന്നാല്‍ പോകുന്നതിന്റെ മുന്‍പ് ഞാന്‍ ഒരു അരക്കാല്‍ കനാല്‍ പരുങ്ങി അടിക്കാറുണ്ട്. അന്ന് ഞങ്ങളുടെ നാട്ടില്‍ വാറ്റു ചാരായത്തിന്‍ വിളിക്കുന്ന പേരായിരുന്നു.

ചെറിയ വെട്ട് ഗ്ലാസ്സില്‍ പകര്‍ന്ന് തന്നിരുന്നതാണ് ഈ കനാല്‍ പരുങ്ങി. അങ്ങിനെ കള്ളും ചാരായവും എല്ലാം മോന്തിത്തുടങ്ങി ഞാന്‍. എന്തൊക്കെയായാലും സായ്‌വിന്റെ കടയില്‍ നിന്നുള്ള പോത്തിറച്ചിയുടെ സ്വാദ് എനിക്ക് മറ്റെവിടെയും കിട്ടിയില്ല.

ഞായറാഴ്ച എന്റെ ഒരു ബ്ലേക്ക് സ്മിത്ത് കൂട്ടുകാരന്റെ കൂടെയായിരുന്ന് ഞാന്‍ ഗുരുവായൂരില്‍ പോയി സിനിമ കാണാറ്. അന്ന് ചെറുവത്താനിയില്‍ നിന്ന് ഗുരുവായൂര്‍ക്ക് എളുപ്പ വഴി ഉണ്ടായിരുന്നു.

ചെറുവത്താനിയില്‍ നിന്ന് ആക്കലക്കുന്ന് വഴി, അഞ്ഞൂരില്‍ കൂടി തൊഴിയൂര്‍ വഴി, കോട്ടപ്പടിയില്‍ കൂടി അവിടെ നിന്നും ഒരു ഷോര്‍കട്ടില്‍ കൂടി മുതുവട്ടൂര്‍ വന്ന് ചേരും.

പോകുന്ന വഴി ഞങ്ങള്‍ക്ക് തെങ്ങിന്‍ കള്ള് കിട്ടുന്ന ഒരു വീടുണ്ടായിരുന്നു. അതില്‍ ഒരു വീട്ടില്‍ എനിക്ക് സ്പെഷല് ആയി തലേ ദിവസത്തെ മീന്‍ കറിയും ലഭിക്കുമായിരുന്നു. ചെറിയ മണ്‍കുടത്തിലായിരുന്നു അന്ന് കള്ള് പകര്‍ന്ന് തന്നിരുന്നത്. രണ്ട് കുടം കള്ള് അകത്താക്കി, ഫുള്‍ സ്പീഡില്‍ ഗുരുവായൂരെത്തും. സിനിമ കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോളെക്കും തലവേദന തുടങ്ങും ചിലപ്പോള്‍.

നേരെ എരുകുളത്തില്‍ പോയി വിശദമായി ഒന്ന് കുളിച്ച്, ചീരൂസ് കഫേയില്‍ പോയി കൊള്ളിക്കിഴങ്ങും പപ്പടവും,ചക്കരക്കാപ്പിയും കുടിച്ച് വീട്ടില്‍ തിരിച്ചെത്തുമ്പോഴെക്കും കള്ളിന്റെ നാറ്റമെല്ലാം അകന്നിരിക്കും.

പലചരക്ക് വാങ്ങാന്‍ അങ്ങാടിയിലേക്ക് ഞാന്‍ തന്നെയാകും പോകുക. എല്ലാ സാധങ്ങളും എന്റെ വാഹനത്തില്‍ ഞാന്‍ കെട്ടിവെക്കും. എന്ത് വാങ്ങാന്‍ അങ്ങാടിയില്‍ പോയാലും സായ്‌വിന്റെ കടയില്‍ നിന്ന് പോത്തിറച്ചിയും പൊറോട്ടയും തിന്നാന്‍ മറക്കാറില്ല.

അങ്ങിനെ പോത്തിറച്ചിയും പൊറോട്ടയും കഴിച്ച് ഒരു പനാമ സിഗരറ്റും വലിച്ച് സൈക്കിളില്‍ വീട്ടിലേക്ക് തിരിക്കും.

പിന്നെ വീട്ടിലേക്ക് പോകുന്ന വഴി പലയിടത്തും കറങ്ങിയടിക്കും.

ബാല്യം എത്ര സുന്ദരം...!!!!!!!!!!!!!


ഈ പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് കുട്ടന്‍ മേനോന് ഡെഡിക്കേറ്റ് ചെയ്യുന്നു.

പകര്‍പ്പാവകാശം ബ്ലോഗ് കര്‍ത്താവിന് മാത്രം

16 comments:

ജെ പി വെട്ടിയാട്ടില്‍ said...

വീത് വെച്ചതിന് ശേഷം ചാരായവും കോഴിക്കറിയും പൂജാരിമാരും വീട്ടിലെ ആണുങ്ങളും സേവിക്കും. ഒരിക്കല്‍ എനിക്ക് ചാരായം കുടിക്കാന്‍ കലശലായ മോഹം. പിള്ളേര്‍ക്കുണ്ടോ ചാരായം തരിക. ഞാന്‍ അങ്ങിനെ ചാരായം കുപ്പി മോഷ്ടിച്ചു. ഒരു ചിരട്ടയിലൊഴിച്ച് സേവിച്ചു. നല്ല സ്പെഷലായി വാറ്റിയ ചാരായത്തിന്റെ രുചി ഇപ്പോളെത്തെ സ്കോച്ച് വിസ്കിക്കില്ല എന്നത് ഒരു പരമാര്‍ഥമാണ്.

Sapna Anu B.George said...

ജെപി,നല്ല വായനയും എഴുത്തും,അക്ഷരങ്ങളുടെ വലിപ്പം കൂട്ടണം പിന്നെ,ഒരു സജ്ജഷന്‍.....ഖണ്ണിക തിരിച്ച് എഴുതണം.എല്ലാം കൂടി ഒരുമിച്ചു തോന്നില്ല.നന്നായിട്ടുണ്ട്

കുട്ടന്‍ ചേട്ടായി said...

veendum baalyakala ormakal, enikkuu inganeyulla viseshangal vaayikkuvananu thalparyam enthennal enikkum natile pazhayakaaryangal ariyamallo, nanni for the share. aduthu thanne nattil varunnundu

ജെ പി വെട്ടിയാട്ടില്‍ said...

ഡിയര്‍ സപ്നാ
പ്രതികരണങ്ങള്‍ക്ക് വളരെ നന്ദി. ഈയിടെയായി എന്റെ ബ്ലൊഗിലേക്ക് താങ്കള്‍ എത്തി നോക്കാറില്ല.
പറഞ്ഞ പോലെ ഖണ്ണിക തിരിക്കാം. പിന്നെ ഫോണ്ട് സൈസ് വലുതാക്കിയാല്‍ പ്രശ്നമാകുമോ എന്ന ഭയം ഉണ്ട്. അവിടെ മോസിലാ ബ്രൌസര്‍ ആണെങ്കില്‍ കണ്ട്രോള്‍ + സ്സില്‍ ഫോണ്ട് വലുതാക്കി വായിക്കാം.
ഇന്നെലെ പതിനൊന്ന് മണിയായി കാണും അപ് ലോഡ് ചെയ്യാന്‍.
വേഡ് പാഡില്‍ പ്രോസസ്സ് ചെയ്യുമ്പോള്‍ ഖണ്ണികയും മറ്റും വരാറുണ്ട്. പക്ഷെ അപ് ലോഡ് ചെയ്യൂമ്പോ‍ള്‍ അക്ഷരപ്പിശാചുകളും ഖണ്ണികയും എല്ലാം താറുമാറാകുന്നു.
അവിടെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ എന്നെ പഠിപ്പിക്കൂ.
++ പണ്ട് സപ്ന ദോഹയിലിരിക്കുമ്പോള്‍ താങ്കളുടെ ബ്ലോഗുകള്‍ ഞാന്‍ വായിക്കാറുണ്ടായിരുന്നു. അന്നൊക്കെ എങ്ങിനെയാണ് ഒരു ബ്ലൊഗറാകുക എന്ന് ഞാന്‍ ആലോചിക്കുമായിരുന്നു.
എന്തും അക്ഷരത്തിലൂടെ നിരത്താമെന്നുള്ള സൂത്രം സ്വയം ശീലിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ഒരു വലിയ സ്വപ്നസാക്ഷാത്കാരം തന്നെ.
++ താങ്കളുടെ ഒരു കൃതി മനോരമയില്‍ വന്നുവെന്ന് കുട്ടന്‍ മേനോന്‍ ഇന്നെലെ പറഞ്ഞിരുന്നു. തന്നെയുമല്ല താങ്കള്‍ നാട്ടിലുണ്ടെന്നും.
+++ പിന്നെ ലോകപ്രശസ്തമായ തൃശ്ശൂര്‍ പൂരം ഏപ്രില്‍ 25 ന്. വരൂ ആഘോഷിക്കാന്‍. എന്റെ വസതി പൂരപ്പറമ്പില്‍ നിന്ന് 500 മീറ്റര്‍ മാത്രം. മക്കള്‍ കൂടെയുണ്ടെങ്കില്‍ അവരേയും കൂട്ടിക്കോളൂ.

ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറയട്ടെ എന്റെ സുഹൃത്ത് സ്വപ്നയോട്.

ജെ പി വെട്ടിയാട്ടില്‍ said...

കുട്ടന്‍ എന്ന അനുവിന്

എന്റെ നാട്ടുകാരനായ ഒരേ ഒരാള്‍ ആണ് എന്റെ ബ്ലൊഗില്‍ കമന്റ് ഇടുന്ന കുട്ടന്‍.
എന്റെ ബാല്യകാല സ്മരണകള്‍ എത്ര എഴുതിയാലും തീരില്ല.
വാത രോഗം പിടിപെട്ട് എന്റെ കൈ കാല്‍ വിരലുകള്‍ക് വലിയ മരവിപ്പായിരുന്നു. ഇപ്പോള്‍ അലോപ്പതി ചികിത്സകൊണ്ട് ഏതാണ്ട് മാറിയ സ്ഥിതിയാണ്..
ഇനിയും കുറേ എഴുതാനുണ്ട്. മൂഡ് വരുമ്പോള്‍ എഴുതാം. താങ്കളുടെ പിതാവ് പാടുവേട്ടനും എന്റെ ബാല്യകാല സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ ചിരി ഇന്നും എന്റെ ഹൃദയത്തിലുണ്ട്.
++ ഞാന്‍ ഇനി എഴുതുമ്പോള്‍ അദ്ദേഹത്തെപ്പറ്റിയും എഴുതാം രണ്ട് വരി.. പണ്ടൊക്കെ മകന്റെ സ്ഥാനത്ത് കുമാരന്‍ മാത്രമായിരുന്നു. അതിനാല്‍ എനിക്ക് താങ്കളെ ഓര്‍മ്മയുണ്ടായിരുന്നില്ല.
പിന്നെ ഞാന്‍ നാട് വിടുമ്പോള്‍ നീയൊക്കെ ചെറിയ കുട്ടിയായിരുന്നിരിക്കാം.
കുമാരന് അന്ത കാലത്ത് റേഡോ വാച്ചും മറ്റും കൊണ്ട് കൊടുത്തിരുന്നെവെങ്കിലും, പാടുവേട്ടന്‍ ഒരു മേല്‍ മുണ്ട് പോലും ഇടാതെ നാടന്‍ സ്റ്റൈലില്‍ ആയിരുന്നു നടപ്പ്. അതായിരുന്നു അദ്ദേഹത്തിന്റെ സിപ്ലിസിറ്റിയും മറ്റും.
എന്നെയും രവിയേയും പാടുവേട്ടന് കുമാരനെപ്പോലെ തന്നെ ആയിരുന്നു.
പണ്ടൊക്കെ ഞാന്‍ എന്നും രവിയുടെ വീട്ടില്‍ പോകുമായിരുന്നു. അപ്പോള്‍ പാടുവേട്ടനെയും കാണുമായിരുന്നു.

Sukanya said...

അങ്കിള്‍ ബാല്യം സുന്ദരം തന്നെ. ഒരു ടെന്‍ഷനും ഇല്ലാതെ അപ്പൂപ്പന്‍താടിപോലെ പറന്നു നടക്കാം.
പോത്തിറച്ചിയും പൊറോട്ടയും ഇപ്പോഴും നാവിന്‍ തുമ്പത്തിരിക്കുംപോലെ അല്ലെ.

പിന്നെ ഫോണ്ട് കാര്യം. വായിക്കാന്‍ കഴിയുന്നില്ല എന്ന് ഇപ്പൊ ആരോടും പറയാറില്ല. ഇതിനു മുമ്പ് അങ്കിള്‍ കമന്റില്‍ പറഞ്ഞിരുന്ന ctrl+ മാജിക്‌ അന്ന് തൊട്ടേ പ്രയോഗിക്കാന്‍ തുടങ്ങി.
:)

Sulthan | സുൽത്താൻ said...

ജെ പി സാറെ,

പോത്തിറച്ചിയും പോറട്ടയും എന്റെ ഒരു വീക്ക്‌നെസ്സാണ്‌.

നല്ല കോമ്പി.


Sulthan | സുൽത്താൻ

asdfasdf asfdasdf said...

എനിക്ക് വെടിക്കേറ്റ് ചെയ്തതുകൊണ്ട് കമന്റാതെ പോകരുതല്ലോ..
കമന്ടാരില്ലെങ്കിലും പോസ്റ്റുകള്‍ വായിക്കാറുണ്ട്
നഗരത്തില്‍ രാപ്പാര്‍ക്കുന്ന പ്രകാശേട്ടാണ് എന്നും നാട്ടുകാഴ്ചകള്‍ എഴുതാന്‍.. ഓര്‍മ്മകളുണ്ടയിരിക്കട്ടെ..

"എന്നെ പൊതുവെ എല്ലാ പെണ്ണുങ്ങള്‍ക്കും പേടിയാ.."

പ്ലീസ് അതു മാത്രം പറയരുത് :)

Pyari said...

അതെ, ബാല്യം എത്ര സുന്ദരം. ഒരു തലമുറ മുമ്പെങ്കിലും ജനിക്കെണ്ടിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. :(

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ സുകന്യക്കുട്ടീ
കമന്റടിച്ചതിന് വളരെ നന്ദി.
ഇത് വരെ കാണാനൊത്തില്ലല്ലോ. അടുത്ത് തന്നെ ആ വഴിക്ക് വരാനുള്ള പരിപാടി മനസ്സില്‍ കാണുന്നു.വീട്ടില്‍ ചേട്ടായി കൂടാതെ ആരെല്ലാം ഉണ്ട്. പാലക്കാട്ടെ നീനയുടെ വീട്ടില്‍ തങ്ങി അവിടെയെല്ലാം വരാനായിരുന്നു പരിപാടി. അത് 3 മാസത്തെക്ക് നടക്കില്ലാ എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഒരു വീക്കെന്‍ഡില്‍ മകനെ വിളിച്ച് വരുത്തി ബീനാമ്മക്ക് കൂട്ടിനാക്കി ഞാന്‍ ആ വഴിക്ക് വരണം.
പിന്നെ തൃശ്ശൂര്‍ പൂരത്തിന് വരുമല്ലോ? ഞാന്‍ ആ വഴിക്ക് പൂരത്തിന് മുന്‍പ് വരാനാണ് പരിപാടി.
++ കുട്ടന്‍ മേനോന് വേണ്ടി എഴുതിയതാണ് ഈ കഹാനി. ഇനി ഒരു ദിവസം സുകന്യക്ക് വേണ്ടിയുക് എഴുതാം.
ചോദിച്ച് വാങ്ങണം.
പിന്നെ പുതിയ കവിതകളെഴുതുമ്പോള്‍ എനിക്ക് ലിങ്ക് അയക്കണം.

ജെ പി വെട്ടിയാട്ടില്‍ said...

കുട്ടന്‍ മേനോന്‍ ജീ

പെണ്ണുങ്ങളെ പറ്റി പറഞ്ഞ കാര്യം എന്റെ ചെറുപ്പത്തിലെ സീനുകളാ....

മാണിക്യം said...

ജേപീ ഈ പോസ്റ്റ് വലിയ കുഴപ്പമില്ല ഒരു സത്യസന്ധമായ എഴുത്ത്,മറ്റു പല പോസ്റ്റിലേയും പോലെ പൊങ്ങച്ചത്തിന്റെ ചുവയില്ല .. വന്നു വന്നു ജെപി ഒരു നല്ല എഴുത്തുകാരനാവുന്നു :)
അന്നത്തെ കാലത്ത് ഒരു ചെറുപ്പക്കാരന്‍ ചെത്തി നടക്കാന്‍ വേണ്ടത്, ഒരു റാലി സൈക്കിള്‍, സീക്കോ വാച്ച്, ഡബിള്‍ മുണ്ട്, ടര്‍ളിന്‍ ഷര്‍ട്ട്. ഇതൊക്കെ എത്ര സിമ്പിള്‍ അല്ലേ? ഇന്നത്തെ പിള്ളാരോ? അമ്മയും ചെറിയമ്മയും ഒക്കെ റ്റീച്ചര്‍ ആയിരുന്നതിന്റെ ആണൊ എന്ന് അറിയില്ല എല്ലാ പോസ്റ്റിലും ഒരു ഭാഗം റിവിഷന്‍ ആണു...[പറഞ്ഞത് തന്നെ പിന്നെയും ആവര്‍ത്തിക്കുന്നു...] , അതൊഴിവാക്കിയാ‍ല്‍ കുറച്ചു കൂടി ഉഷാറാവും. ജെപിയുടെ എല്ലാ പോസ്റ്റും വയിച്ചതുകൊണ്ട് ആവര്‍ത്തനം വരുമ്പോള്‍ വായനയുടെ സുഖം പോകുന്നു... ബാല്യം എന്നു പറയുന്നത് പാല്‍പല്ല് പോകുന്നവരെയുള്ള കാലം അല്ലെ? പിന്നെ കൌമാരം ആയി. ഈ പറയുന്ന കാലം ലേറ്റ് റ്റീനേജ് അല്ലങ്കില്‍ യൌവ്വനം തുടക്കം അല്ലേ? “സായ്‌വിന്റെ കട” ഇപ്പോഴും അവിടെയുണ്ടോ?

ജെ പി വെട്ടിയാട്ടില്‍ said...

മാണിക്യ ചേച്ചീ

ചേച്ചി പറഞ്ഞത് വളരെ വാസ്തവം. എന്റെ എല്ലാ കൃതികളും വായിച്ച ആള്‍ക്കേ ഇത്തരം പരാമര്‍ശം നടത്തുവാന്‍ കഴിയൂ...
++ ആവര്‍ത്തന വിരസത പുതിയ വായനക്കാര്‍ക്ക് അനുഭപ്പെടില്ലല്ലൊ. വല്ലപ്പോഴും എന്റെ ബ്ലോഗില്‍ എത്തി നോക്കുന്നവര്‍ക്ക് എന്നെ പറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഇത് വേണമല്ലോ?>
എഴുതുമ്പോള്‍ ഞാന്‍ ചേച്ചി പറഞ്ഞ കാര്യം ഓര്‍മ്മിച്ചിരുന്നു.
ഇനി അങ്ങിനെ എഴുതുകയാണെങ്കില്‍ തന്നെ - ആ വിഷയം ബ്രാക്കറ്റില്‍ കൊടുത്ത് രക്ഷപ്പെടാം.
++ ഞാന്‍ എന്റെ ടീനിനെ പറ്റി ഇനിയും എഴുതുന്നുണ്ട്. ഞമനേങ്ങാട്ടെ എന്റെ ഓലമേഞ്ഞ തറവാട്ടിലെ കറുത്ത അച്ചമ്മയേയും വെളുത്ത അച്ചമ്മയേയും പറ്റി. പണ്ട് മലയാളം ശരിക്കും എഴുതുവാന്‍ പറ്റാത്ത സമയം പാതി വഴിയില്‍ ഉപേക്ഷിച്ച വിഷയം.
++ ഈ പോസ്റ്റില്‍ കുറച്ച് മസാലകള്‍ ചേര്‍ക്കാന്‍ ഞാന്‍ ഒരുമ്പെട്ടതാണ്. പക്ഷെ ചേര്‍ത്തില്ല. യഥാര്‍ഥ അനുഭവക്കുറിപ്പുകളുടെ കൂട്ടത്തില്‍ അവ ചേര്‍ത്തില്ലെങ്കില്‍ രസക്കുറവ് തോന്നില്ലേ? എഴുതാന്‍ ഭാവിച്ചത് ഞാന്‍ ആര്‍ക്കെങ്കിലും അയച്ച് ഒരു അപ്പ്രൂവല്‍ എടുക്കട്ടെ? അങ്ങിനെ എടുക്കാന്‍ പറ്റിയത് ആരാ ഉള്ളത് എന്ന് എന്റെ മനസ്സില്‍ ഓര്‍മ്മ വരുന്നില്ല.
+++ പിന്നെ സായ്‌വ് ഇപ്പോള്‍ മയ്യത്തായിക്കാണു. എന്റെ പിതാവിന്റെ പ്രായക്കാരനാണ്. ആ പീടിക അവിടെ കാണും. പക്ഷെ അതില്‍ ഈ പറഞ്ഞ സാധനങ്ങള്‍ ഉണ്ടോ എന്ന് അടുത്ത പ്രാവശ്യം കുന്നംകുളം അങ്ങാടിയില്‍ പോകുമ്പോള്‍ നോക്കണം.

കുഞ്ഞൂസ് (Kunjuss) said...

ജെ പി ചേട്ടാ, ഞാന്‍ ഇവിടെ, ഈ ബൂലോകത്തില്‍ പുതിയതാണ്.
അങ്ങയുടെ ബാല്യകാല ഓര്‍മ്മകള്‍, എന്നെയും പല ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.അവയൊക്കെ എഴുതണം എന്നും തോന്നിപ്പിക്കുന്നു അങ്ങയുടെ രചന.
ഇനിയുള്ള അങ്ങയുടെ രചനകള്‍ എനിക്കു നഷ്ടമാവാതിരിക്കാന്‍ ഞാനും ഇവിടെ കൂടുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

അതിലോലമായ ഒട്ടും കളങ്കമില്ലാത്ത ഇത്തരം ശൈലികളിലൂടെ, അന്നത്തെ ആ കൌമാരത്തെ എത്ര ഭംഗിയായാണ് ജയേട്ടൻ അണിയിച്ചൊരുക്കി ഈ സ്മൃതിയിൽ ആനയിച്ചിരുത്തിയിരിക്കുന്നത്...
സത്യം പറഞ്ഞാൽ കുശുമ്പും,കൊതിയും കൊണ്ട് കട്ടെടുക്കുവാൻ തോന്നുന്നു..കേട്ടൊ

ഗ്രേസി said...

ജെപി സാറിന്റെ ബാല്യം കണ്ടപ്പോള്‍ ഒരു രാജാവിന്റെ മകനെ പോലെ .
ഇപ്പോള്‍ ഒരു വലിയ രാജാവും . എത്ര ഭംഗിയായി എഴുതിയിരിക്കുന്നു .