തികച്ചും അപ്രതീക്ഷിതമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ശാന്തേടത്തിയുടെ വീട്ടിലേക്കുള്ള യാത്ര. പെരിഞ്ഞനത്ത് പോകുന്ന വഴി എന്റെ പെണ്ണ് പറഞ്ഞു നമുക്ക് ശാന്തേടത്തിയുടെ വീട്ടിലൊന്ന്‍ കയറിയിട്ട് പോകാമെന്ന്. കല്യാണവീട്ടിലെ റിസപ്ഷന്‍ നാല്‍ മണിയോടെ എത്തിയാല്‍ മതിയല്ലോ എന്ന് ഞാനും കരുതി.
വാഹനം നാട്ടികയിലെത്തിയപ്പോള്‍ ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞു. തിരിയേണ്ട സ്ഥലമെത്തുമ്പോള്‍ പറഞ്ഞോളാന്‍. എനിക്കും ഏതാണ്ട് ഒരു ധാരണയുണ്ടായിരുന്നു. അതനുസരിച്ച് നാട്ടികയിലുള്ള ശാന്തേടത്തിയുടെ വസതിയിലെത്തി.
ഉച്ച സമയത്ത് ഒരു വീട്ടില്‍ കയറാന്‍ പറ്റിയ സമയമല്ലാത്തതിനാല്‍ ഞങ്ങള്‍ തൃപ്രയാറില്‍ നിന്ന് ലഞ്ച് കഴിച്ചു. ഞാന്‍ യാത്രാ വേളയില്‍ നോണ്‍ കഴിക്കാറില്ല. സാമ്പാറും ചോറുമാണ്‍ ഇഷ്ടം. എന്റെ എടാകൂടത്തിന്‍ യാത്രകളിലാണ്‍ കാര്യമായ തീറ്റ.
ഞങ്ങള്‍ വാഹനം നിര്‍ത്തിയ സ്ഥലത്ത് ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടു. മൊത്തത്തില്‍ ഹോട്ടലിന്റെ ചുറ്റുപാടും മറ്റും കണ്ടപ്പോള്‍ ഞാനും വിചാരിച്ചു കുറച്ചങ്ങോട്ട് നടന്നാല്‍ വേറെയും ഹോട്ടല്‍ കാണുമല്ലോ?. കൂടാതെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നല്ല വെജിറ്റേറിയന്‍ ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ ഈ പരിസരത്ത് കാണാതിരിക്കില്ലല്ലോ എന്ന് ഞാനും വിചാരിച്ചു.
അമ്പലത്തിലേക്ക് പോകുന്ന റോട്ടില്‍ പ്രവേശിച്ചതും എന്റ്റെ പെണ്ണ് ഒരു ഹോട്ടല്‍ ചൂണ്ടിക്കാണിച്ചിട്ട് അങ്ങോട്ട് പോകാമെന്ന് പറഞ്ഞു. അവള്‍ക്ക് ചപ്പാത്തിയും ചിക്കന്‍ കറിയും എനിക്ക് ഊണും ഓര്‍ഡര്‍ നല്‍കിയപ്പോളാണ്‍ മനസ്സിലായത് അവിടെ ഊണില്ലാ എന്നും. ബിരിയാണി തുടങ്ങിയ വിഭവങ്ങളേ ഉള്ളൂവെന്ന്.
കൂടെ പിള്ളേരുണ്ടായിരുന്നെങ്കില്‍ അവളെ അവിടെ ഉപേക്ഷിച്ച് എനിക്ക് നാടന്‍ ഭക്ഷണം കഴിച്ച് വരാമായിരുന്നു. ഇനി വീണ്ടും ഇവിടെ നിന്നിറങ്ങി മറ്റൊരിടത്ത് കയറിയിറങ്ങാനുള്ള അവസ്ഥയായിരുന്നില്ല അപ്പോള്‍. അതിനാല്‍ അവളുടെ കൂടെ ചിക്കന്‍ കറിയും ചപ്പാത്തിയും കഴിച്ചു.
ശാന്തേടത്തിയുടെ വീട്ടിലെത്തുന്നത് ഒന്നര മണിക്കാണ്‍. ശന്തേടത്തിയും രാമകൃഷ്ണേട്ടനും ഭക്ഷണം കഴിഞ്ഞ് ഉച്ചമയക്കത്തിലായിരിക്കുമെന്ന് വിചാരിച്ചു. എന്റെ വീട്ടില്‍ എന്നെ ഈ സമയത്ത് കാണാന് വരുന്ന വരെയൊന്നും എനിക്കിഷ്ടമില്ല. അങ്ങിനെയിരിക്കുന്ന ഈ ഞാനെന്ന വ്യക്തി മറ്റുള്ളവരുടെ വീട്ടില്‍ ഈ സമയത്ത് കയറിയിറങ്ങുക ശരിയാണോ. അല്ല എന്നെനിക്കറിയാം.
പക്ഷെ എന്റെ പെണ്ണ് പറഞ്ഞു. നമ്മള്‍ ശാന്തേടത്തിയെ കാണാന്‍ മാത്രമായി ഈ വഴിക്ക് വന്നെന്ന് വരില്ല. നിങ്ങള്‍ക്കാണെങ്കില്‍ പണ്‍ടത്തെപ്പോലെ ദീര്‍ഘദൂരം വണ്ടിയോടിക്കാന്‍ വയ്യാതിരിക്കുന്നു. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായാലും നമ്മളൊന്ന് അവിടെ കയറിയിറങ്ങാം.
ഞാനങ്ങിനെ എന്റെ പെണ്ണ് പറയുന്നതൊക്കെ കേള്‍ക്കുന്ന ഒരു കോന്തനല്ലാ എന്ന് അവള്‍ക്കറിയാമായിരുന്നു. പക്ഷെ ഈ ശാന്തേടത്തിയെ എനിക്കും ഇഷ്ടമാണ്‍. ഞാന്‍ ശാന്തേടത്തിയെ പരിചയപ്പെടുന്നത് മസ്കത്തില്‍ നിന്നാണ്‍. ശാന്തേടത്തിയുടെ ഭര്‍ത്താവ് രാമകൃഷ്ണേട്ടന്‍ ബ്രിട്ടീഷ് ബേങ്ക് ഓഫ് മിഡ്ഡില്‍ ഈസ്റ്റിന്റെ സീനിയറ് ഓഫീസറായിരുന്നു. [ഇപ്പോഴത്തെ എച്ച് എസ് ബി സി യില്‍ അത് ലയിച്ചുവെന്നാണ്‍ എന്റെ ധാരണ].
ശാന്തേടത്തി ഷട്ടില്‍ കളിക്കാന്‍ പോയിരുന്നു. ഷട്ടില്‍ കളിക്കുന്നത് കണ്ടാല്‍ തോന്നും ആള്‍ ഒരു ഇരുപത് വയസ്സ് താഴെയുള്ള പെണ്‍കുട്ടിയായിരിക്കുമെന്ന്. പരിചയപ്പെട്ടപ്പോളല്ലേ മനസ്സിലാകുന്നത് ഒരു മദ്ധ്യ വയസ്കയാണെന്ന്‍. വളരെ നല്ല പെരുമാറ്റവും ആചാരമര്യാദയുമാണ്‍ ശാന്തേടത്തിയെ ഞങ്ങളോടടുപ്പിച്ചത്. എപ്പോള്‍ വീട്ടില്‍ ചെന്നാലും എന്തെങ്കിലും കുടിക്കാനും തിന്നാനും തരും.
ഞാന്‍ സുലൈമാനി എന്ന് വിളിക്കുന്ന കട്ടന്‍ ചായ കുടിക്കുന്ന ആളാണെന്ന് ശാന്തേടത്തി ഇന്നും ഓര്‍ക്കുന്നു. മസ്കത്തില്‍ ഞങ്ങള്‍ ജീവിച്ചിരുന്നത് ഏതാണ്ട് മുപ്പത്തിയഞ്ച് കൊല്ലം മുന്‍പാണ്‍. ശാന്തേടത്തിക്ക് ഒരു മകനും മകളും. മകന്‍ അകാല ചരമമടഞ്ഞു. അതില്‍ പിന്നെ ശാന്തേടത്തിയേയും ചേട്ടനെയും വീട്ടില്‍ പോയി കാണുവാന്‍ ഞങ്ങള്‍ക്ക് മാനസികമായി തളര്‍ന്നിരുന്നു. എല്ലാം മറന്നല്ലേ പറ്റൂ. കാലത്തിന്‍ അതിന്‍ കഴിയും.
ശാന്തേടത്തിയുടെ വീടിന്റെ മുന്‍ വശം ആകെ മാറിയിരിക്കുന്നു. പണ്ട് ഒരു പാടമായിരുന്നു, അതില്‍ കൂടിയുള്ള ഒരു വലിയ വരമ്പില്‍ കൂടി വീടിന്റെ ഗെയിറ്റിന്നരികിലെത്താം. ഇപ്പോള്‍ ആ വല്യരമ്പ് കാണുന്നില്ല. അതെല്ലാം തൂര്‍ത്ത് പറമ്പാക്കി അവിടെയും ഒരു ഗെയിറ്റ് വെച്ചു. അങ്ങിനെ രണ്‍ട് ഗെയിറ്റ് താണ്ടി വേണം വീട്ടിലെത്താന്‍.
“നായയുണ്ട് സൂക്ഷിക്കുക” എന്നൊരു ബോര്‍ഡ് കണ്ട ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞു. സൂക്ഷിക്കണം……….. “നായയെല്ലാം എപ്പഴേ ചത്തു. ഇപ്പോ ഒന്നിനേ പേടിക്കേണ്ട” എന്നും പറഞ്ഞ് ഓള്‍ ഗേറ്റ് തുറന്നു ഉള്ളില്‍ പ്രവേശിച്ചു. അവള്‍ക്കല്ലെങ്കിലും എന്നേക്കാളും ധൈര്യമാണ്‍ എന്തിനും. ഞാന് അവളുടെ പിന്നാലെ നടന്നു…….
കോളിങ്ങ് ബെല്ലമര്‍ത്തിയതും സ്വതസിദ്ധമായ പുഞ്ചിരിയില്‍ ഉറക്കച്ചടവൊന്നുമില്ലാതെ ശാന്തേടത്തി വന്ന് വാതില്‍ തുറന്നു. ശാന്തേടത്തിയുടെ മുഖം കണ്ടപ്പോള്‍ എനിക്ക് സമാധാനമായി. ആള്‍ ഉറക്കത്തിലല്ല. രണ്ട് പേര്ക്കും ഉച്ചയുറക്കം തീരെ ഇല്ലെന്നും പറഞ്ഞു.
സാധാരണ ഗള്‍ഫില്‍ കഴിഞ്ഞിരുന്നവര്‍ പ്രത്യേകിച്ച് പ്രൈവറ്റ് സെക്റ്ററില്‍ ജോലി ചെയ്തിരുന്നവര്‍ മിക്കവരും ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ രണ്ട് മണിക്കൂര്‍ ഉറങ്ങുന്നവരാണ്‍. ആ ഉറക്കം ഒരു കണക്കില്‍ ആ ചൂടുള്ള നാട്ടില്‍ അനിവാര്യം തന്നെ. അവിടെ 8 മുതല്‍ 1 മണീ വരെയും 4 മുതല്‍ 7 വരെയും ആണ്‍ ജോലി സമയം 80 ശതമാനം ജീവനക്കാര്‍ക്കും. നമ്മുടെ നാട്ടില് 10 മണിക്ക് ഓഫീസ് ജീവിതം ആരംഭിക്കുമ്പോള്‍ അവിടെ 8 മണിക്ക് തുടങ്ങും. പക്ഷെ രണ്ട് തവണ ഓഫീസിലേക്കുള്ള യാത്ര ഗള്‍ഫിലേ നടക്കൂ……..
അന്ന് എന്റെ വീട് ഓഫീസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായിരുന്നു. ഇരുപത് മിനിട്ടിന്നുള്ളില്‍ ഓഫീസിലെത്താം. വീട്ടില്‍ നിന്ന് 160, 120 എന്നീ സ്പീഡില്‍ അനുവദനീയമായ ഏരിയായില്‍ കൂടി 80 ല്‍ ഓടിക്കാവുന്ന ടൌണ്‍ഷിപ്പിലായിരുന്നു എന്റെ ഓഫീസ്. പിന്നെ അവിടുത്തെ റോഡും വാഹനങ്ങളും എല്ലാം ദി ബെസ്റ്റ് ഇന്‍ ദി വേള്‍ഡ് ആയിരുന്നു.
420 കിലോമീറ്റര്‍ അകലെയുള്ള ദുബായിലേക്ക് എനിക്ക് ആഴ്ചയില്‍ രണ്‍ട് ദിവസമെങ്കിലും പോകേണ്ടിയിരുന്നു. അത്രയും ദൂരം മൂന്ന് മണിക്കൂറ് കൊണ്ടെത്താം. 160 അനുവദിച്ച സ്ഥലത്ത് 200 നും അതിന്‍ മുകളിലും പോകാം. ഹൈവേയില്‍ സാറ്റലൈറ്റ് റഡാര്‍ സിസ്റ്റം ആണ്‍ ഓവര്‍ സ്പീഡ് കണ്ട് പിടിച്ചീരുന്നത്. എന്റെ വാഹനത്തില്‍ ചൈനീസ് നിര്‍മ്മിതമായ റഡാര്‍ ഡിക്ടെറ്റര്‍ ഉണ്ടായിരുന്നു. പലപ്പോഴും അവനെന്നെ രക്ഷിച്ചിരുന്നു.
അതൊക്കെ അന്തക്കാലം………. ശാന്തേടത്തിയെ ഓര്‍ത്തപ്പോള്‍ ആ മരുഭൂമിയും മനസ്സിലടിഞ്ഞു. അല്ലെങ്കിലും ഈ ഏടത്തിയെ എനിക്ക് സമ്മാനിച്ചത് ആ മണലാരണ്യമല്ലേ? അപ്പോള്‍ ആ നാടിനെ പറ്റി നാല്‍ വരിയെഴുതുക എന്നത് നല്ലൊരു കാര്യമല്ലേ..
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഒരു ലെബനാനിയായിരുന്നു എന്റെ ഇമ്മിഡിയറ്റ് ബോസ്സ്. തുടക്കത്തില്‍ ഒരു ശല്യക്കാരനായിരുന്നു അയാള്‍. പിന്നീട് ഒരു പരുക്കസ്വഭാവമായിരുന്ന എന്നെ അയാള്‍ക്കിഷ്ടപ്പെട്ട് തുടങ്ങി. ഞാന്‍ പരുക്കനാക്കപ്പെട്ടതാണ്‍ കാലങ്ങള്‍. ഇങ്ങോട്ട് എന്ത് കാണിച്ചാലും അതേ നാണയത്തില്‍ തിരിച്ചടി കിട്ടിക്കൊണ്ടിരുന്നതിനാല് പിന്നെ അയാള്‍ എന്നെ സ്വീകരിച്ചു, എല്ലാം തന്നു.
ഡസര്‍ട്ട് ഡ്രൈവിങ്ങും, ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും, ട്രക്കിങ്ങും എല്ലാം ഞാന്‍ അയാളില്‍ നിന്ന് സ്വായത്തമാക്കി. അയാളുടെ നല്ല കാര്യങ്ങള്‍ മാത്രം ഞാന്‍ ജീവിതത്തില്‍ പകര്‍ത്തി. അയാള്‍ക്കൊരു നര്‍ത്തകിയായ ആഗ്ലോ ഇന്ത്യന്‍ ഗേള്‍ ഫ്രണ്ട് ഉണ്ടായിരുന്നു. എനിക്കും ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാകണമെന്ന ആഗ്രഹം അയാളില്‍ കൂടിയാണ്‍ വളര്‍ന്ന് പന്തലിച്ചത്.
മണലാരണ്യത്തിലെ ഓര്‍മ്മകള്‍ ഇവിടെ വെച്ച് നിര്‍ത്താമല്ലേ. അല്ലെങ്കില്‍ പറഞ്ഞ് വന്ന വിഷയം മറക്കും. ശാന്തേടത്തി ഞങ്ങളെ സ്വീകരിച്ചിരുത്തി. അല്പ സമയത്തിന്നുള്ളില്‍ രാമകൃഷ്ണേട്ടനും ചേര്‍ന്നു.
രാമകൃഷ്ണേട്ടനില്‍ നിന്നായിരുന്നു ഞാന്‍ ഫിസിക്കല്‍ ഫിറ്റ്നെസ്സിനെ പറ്റി പഠിച്ചത്. ചേട്ടന്‍ പണ്ടും ഇപ്പോഴും ഫിറ്റ് തന്നെ. എഴുപത് വയസ്സ് കഴിഞ്ഞിട്ടും യൌവനം തുളുമ്പുന്ന മുഖവും സംസാരവും എല്ലാം. എനിക്ക് വെയര്‍ & ടയര്‍ കുറച്ചധികം ഉണ്ട്. താളം തെറ്റിയ എന്റെ ജീവിതമായിരുന്നു എന്നെ അവിടെക്കൊണ്ടെത്തിച്ചത്.
ഞാന്‍ ഒരു കാലത്ത് മുഴുക്കുടിയനും ചെയിന്‍ സ്മോക്കറും ആയിരുന്നു. ഡ്രാഫ് ബീയര്‍ എന്റെ ഇഷ്ടപാനീയമായിരുന്നു. പബ്ബില്‍ പോകുക പതിവാക്കി. അവിടെ നിരനിരയായി വെച്ചിരിക്കുന്ന ഡ്രാഫ്റ്റ് ബീയറുകള്‍ എനിക്ക് ഹരം പകര്‍ന്നു.
മസ്കത്തിലെ പബ്ബുകളില്‍ സ്നൂക്കര്‍, ഡാര്‍ട്ട് മുതലായ സ്പോര്‍ട്ട്സ് വിഭവങ്ങളും ഉണ്ടായിരുന്നു. ചിലയിടത്ത് ഡിസ്കോ, ബെല്ലി ഡാന്‍സ് എന്നിവയും. എനിക്ക് സ്പോര്‍ട്ട്സില്‍ ഒന്നിലും കമ്പമുണ്ടായിരുന്നില്ല. ഫ്രീ ഹവേഴ്സില്‍ ഒരു ഡ്രിങ്ക് ഫ്രീ അല്ലെങ്കില്‍ നേര്‍ പകുതി വില. ആ സമയങ്ങളില്‍ ചേക്കേറി കുറച്ച് അധികം വാങ്ങിവെക്കും.
ബെല്ലി ഡാന്‍സ് അന്നും ഇന്നും ഹരം തന്നെ. നിര്‍ഭാഗ്യവശാല്‍ ഗള്‍ഫ് വിട്ടതില്‍ പിന്നെ ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ട് സിറ്റിയില്‍ നിന്നാണ്‍ ഞാന്‍ ബെല്ലി ഡാന്‍സ് കണ്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ പണ്ട് മസ്കത്തില്‍ മാത്രമായിരുന്നു ഡിസ്കോ ഡാന്‍സും ബെല്ലി ഡാന്‍സും ഉണ്ടായിരുന്നത്. അവിടെയുള്ള അറബികള്‍ക്ക് ഒന്നും നിഷിദ്ധമായിരുന്നില്ല. എല്ലാം ആസ്വ്സദിക്കാം. ഒരു കണ്ടീഷന് മാത്രം വിദേശീയരെപ്പോലെ മദ്യം വീട്ടില്‍ കരുതാന്‍ പാടില്ല. ഹോട്ടലില് വെച്ച് സേവിക്കാം.
എന്റെ എഴുത്ത് വീണ്ടും പഴയ കാലങ്ങളിലേക്ക് മടങ്ങി. നാട്ടികയിലെ ശാന്തേടത്തിയുടെ വീട്ട് പൂമുഖത്തിരുന്ന് ഞങ്ങള്‍ സൊള്ളാന്‍ തുടങ്ങി. പഴയ കാലങ്ങള്‍ അയവിറക്കി. എന്റെ പെണ്ണും ശാന്തേടത്തിയും പണ്ട് നാട്ടിലായിരിക്കുമ്പോളും ഫോണില്‍ സൌഹൃദം പുലര്‍ത്തിയിരുന്നു. ശാന്തേടത്തിയുടെ മകന്റെ വേറ്പാടിന്‍ ശേഷം ആ ലിങ്ക് താല്‍കാലികമായി വിഛേദിച്ചിരുന്നു രണ്ട് കൂട്ടരും.
ശപിക്കപ്പെട്ട ഓര്‍മ്മകള്‍ മായക്കപ്പെടുന്നത് ഒരു അനുഗ്രഹം തന്നെ.
ഞങ്ങള്‍ വീണ്ടും വര്‍ത്തമാനം പറഞ്ഞ് തുടങ്ങി. കുറേ കാലത്തിന്‍ ശേഷമായിരുന്നു ഇത്തരമൊരു സംഗമം. ഞാന്‍ വെറുതെ ഇരിക്കില്ലായെന്ന് ശാന്തേടത്തിക്കറിയാമായിരുന്നു. കഞ്ഞി കുടിക്കാനുള്ള വകയുണ്ടെങ്കിലും ഞാന്‍ ഇപ്പോഴും പ്രയത്നിക്കുന്നു. എന്തെങ്കിലും പ്രതിഫലം കിട്ടിയാല്‍ അതൊരു പ്ലസ്…..
“പ്രകാശന്‍ ഇപ്പോഴും പഴയ ചാനലിലെ ജോലിയെല്ലാം ഇല്ലേ..?”
ഇല്ല ശാന്തേടത്തി…അതെല്ലാം നിര്‍ത്തിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു……….
“ഇപ്പോ എന്താ ഏര്‍പ്പാട് സമയം കളയാന്‍…….”
പ്രത്യേകിച്ചൊന്നും ഇല്ല. എഴുത്തില്‍ കമ്പം വന്നിരിക്കുന്നു… എന്തെങ്കിലും കുത്തി വരക്കും.
“പുസ്തകമായി ഇറക്കിയോ രചനകളൊക്കെ………?”
യേയ്………. അത്രത്തോളമായില്ല. എന്റെ എഴുത്തൊക്കെ ബ്ലൊഗിലാ. ഇവിടെ നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഏടത്തിക്ക് കാണാം……….
“ഇവിടെ നെറ്റില്ലാ പ്രകാശാ. ഞാന്‍ നിഷക്കുട്ടിയോട് പറയാം. അവളെപ്പോഴും അതിന്റെ മുന്നിലാ…..
ശാന്തേടത്തിയുടെ മകളാണ്‍ നിഷ. പഠിത്തത്തില്‍ നമ്പര്‍ വണ്ണായിരുന്നു നിഷ. ഇപ്പോള്‍ കുടുംബസമേതം കഴിയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ദുബായിലാണ്‍.
ചെറുപ്പത്തിലും നിഷയും അവളുടെ സഹോദരന്‍ രഘുവും മസ്ക്ത്തിലുണ്‍ടായിരുന്നു. അതിനാല്‍ എനിക്ക് ഈ കുട്ടികളുമായി വളരെ സ്നേഹവും അടുപ്പവുമാണ്‍. രഘുവിന്റെ നിര്യാണം രണ്ട് മൂന്ന് കൊല്ലം മുന്‍പാണെന്ന് തോന്നുന്നു. രോഗം മുന്‍ കൂട്ടി അറിയാന്‍ സാധിക്കാതെ അകാലത്തില്‍ പൊലിഞ്ഞു ആ നക്ഷത്രം. ഇപ്പോഴും വേദനയോടെ മാത്രമേ എനിക്ക് രഘുവിനെ ഓര്‍ക്കാന്‍ കഴിയൂ….
ജീവിതമല്ലേ………. എല്ലാം സഹിക്കുക തന്നെ….
“അപ്പോ പ്രകാശന്റെ രചനകളൊന്നും ഞങ്ങള്‍ക്ക് വായിക്കാന്‍ കിട്ടില്ലാ എന്ന് പറയാം അല്ലേ..
എന്റെ ചില രചനകള്‍ ഞാന്‍ ശാന്തേടത്തിക്ക് അയച്ച് തരാം. പോസ്റ്റല്‍ അഡ്രസ്സ് പറയൂ………
എന്റെ പെണ്ണും ഏടത്തിയും വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നു. ഞാന്‍ പറമ്പില്‍ ചുറ്റിയടിച്ചു. അവിടെ നിറയെ ജാതി മരങ്ങള്‍ നട്ട് പിടിപ്പിച്ചിരുന്നു. അതൊക്ക് ഇപ്പോഴും പരിപാലിച്ചിരിക്കുന്നു. വീട്ടുപണിക്ക് ആള്ക്കാരെ കിട്ടാതെയായപ്പോള്‍ നായയേയും മറ്റും ഉപേക്ഷിക്കേണ്ടി വന്നു. ഗേറ്റില്‍ തൂങ്ങിക്കിടക്കുന്ന ബോര്‍ഡ് മാത്രം ബാക്കിയായി. നായക്കൂട്ടില്‍ ചകിരിയും ചിരട്ടയും ഇട്ട് വിറകുപുരയാക്കി………….
എല്ലായിടത്തെപ്പോലെയും ഇവിടെയും വൃദ്ധദമ്പതിമാര്‍……….എന്റെ വീട്ടിലും ഇങ്ങിനെയൊക്കെ തന്നെ. പക്ഷെ ഞാന്‍ സിറ്റിയിലായതിനാല്‍ എനിക്കൊരു ലൈഫ് ഉണ്ട്. പക്ഷെ നാട്ടിന്‍ പുറത്തെ സ്ഥിതി അങ്ങിനെയല്ലല്ലോ> ഒരു നേരം അടുക്കളയില്‍ കയറാന്‍ പറ്റിയില്ലെങ്കില്‍ പട്ടിണി കിടക്കേണ്ട് അവസ്തയാണ്.
എനിക്ക് നാട്ടിന്‍ പുറത്തെ പറമ്പും, കുളങ്ങളും, തോടും എല്ലാം വളരെ പ്രിയമാണ്‍ ഇപ്പോഴും. ഞങ്ങള്‍ ഇങ്ങോട്ട് തിരിക്കുന്നതിന്‍ മുന്‍പ് തളിക്കുളത്ത് ഉമയേയും അശോകനേയും കാണാന്‍ പോയി. പക്ഷെ അവര്‍ അവിടെയുണ്ടായിരുന്നില്ല. മകന് ദീപുവിനോടൊപ്പം കുറച്ച് സമയം ചിലവിട്ട് യാത്ര തുടര്‍ന്നു. ഉമയേയും ഞാന്‍ പരിചയപ്പെട്ടത് മസ്ക്കത്തില്‍ നിന്നായിരുന്നു.
സദാ പുഞ്ചിരിച്ച മുഖമാണ്‍ ഉമയുടേത്. എപ്പോള്‍ വീട്ടില്‍ പോയാലും എന്തെങ്കിലും തരും കഴിക്കാന്‍. ഉമയുടെ മീന്‍ കറി രുചിയേറിയതാണ്‍. ഉമാണ്ടി എന്നാ ഞാന്‍ വിളിക്കുക. അമ്മുക്കുട്ടി എന്ന ഒരു ഓമനമകളുണ്ട്. ചെറുപ്പത്തില്‍ അവള്‍ മിക്കപ്പോഴും ഞങ്ങളുടെ വീട്ടിലുണ്ടാകും. വൈകുന്നേരം അവളുടെ അമ്മ വിളിക്കാന്‍ വന്നാലേ പോകുകയുള്ളൂ. ചിലപ്പോള്‍ അവളുടെ അമ്മ വിളിക്കാന്‍ വന്നാല്‍ അവള്‍ മേശയുടെയോ കട്ടിലിന്റെയോ അടിയില്‍ ഒളിച്ചിരിക്കും. അവള്‍ക്കൊരു ആങ്ങിളയുണ്ട്. ദീപു.
ഉമാണ്ടിയുടെ കെട്ട്യോനാണ്‍ അശോകന്‍. അദ്ദേഹം മസ്കത്തിലെ പട്ടാളക്കാര്‍ക്ക് പണ്ട് സിനിമ വിതരണം ചെയ്യുന്ന ഒരു സ്ഥാപനത്തിലെ അക്കൌണ്ട്സ് മേനേജര്‍ ആയിരുന്നു. ആ കാലത്ത് എഴുപതുകളില്‍ ഇപ്പോഴത്തെപ്പോലെ സീഡി ഉണ്ടായിരുന്നില്ലല്ലോ. 16 MM ഫിലിം ആയിരുന്നു. അല്പം മസാല പടങ്ങളൊക്കെ പട്ടാളക്കാര്‍ക്ക് കാണാന്‍ കിട്ടുമായിരുന്നു.
എനിക്ക് പട്ടാളക്കേമ്പില്‍ പ്രവേശനാനുമതി ഉണ്ടായിരുന്നു. ഞാന്‍ അന്തക്കാലത്ത് മസ്കത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ മേനേജര്‍ ആയിരുന്നു. അതിനാല്‍ എനിക്ക് പട്ടാളക്കാരുമായി അടുത്തിഴപെഴകേണ്ടി വന്നിരുന്നു. ഞാന്‍ അവിടെ നിന്നല്ലാ അശോകനെ പരിചയപ്പെടുന്നത്.
+++++++++++++++++++
.
ഞാന്‍ ആദ്യം ഉമാണ്ടിയെ കാണുമ്പോള്‍ ആള്‍ ഗര്‍ഭിണിയായിരുന്നു. അപ്പോള്‍ ആരാണ്‍ വയറ്റിന്നകത്ത് ഉണ്ടായിരുന്നത് ഓര്‍മ്മയില്ല. മസ്കത്തിലെ റൂവിയില്‍ ഓക്കെ സെന്ടറിന്നടുത്തുള്ള സോഫ്റ്റി ഐസ്ക്രീമിന്റെ പുറകിലായിരുന്നു ഉമാണ്ടിയുടെ താമസം. അപ്പോള്‍ ഞാന്‍ മത്രായിലായിരുന്നു. മത്രാക്കുള്ളിലെ ഗതാഗതക്കുരുക്കിലൂടെ ഓഫീസിലേക്കും തിരിച്ചും പോയി വരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഞാന്‍ അല്‍ കുവൈറിലേക്ക് താമസം മാറ്റി.
എന്തിന്‍ പറേണ് ഈ ഉമാണ്ടിയും അശോകനും എങ്ങിനെയോ ഞങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കോമ്പ്ലക്സില്‍ താമസം മാറി വന്നു. പണ്ട് അല്‍ഫലാജ് ഏരിയായിലുള്ള പട്ടാളക്കേമ്പിലായിരുന്നു അശോകന്‍ പണി. അയാള്‍ക്ക് റുസൈലിലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാല്‍ ആണ്‍ അല്‍കുവൈറിലേക്ക് താമസം മാറിയത്.
അശോകനുള്‍പ്പെടെ ആ കോമ്പ്ലെക്സില്‍ ഏതാണ്ട് ഇരുപത്തിനാല്‍ കുടുംബങ്ങളുണ്ടായിരുന്നു. അതില്‍ ഏതാണ്ട് ആറ് മലയാളി കുടുംബങ്ങളുണ്ടായിരുന്നു. എനിക്ക് കള്ള് കുടി കമ്പനിക്കായി തിരോന്തരത്തുകാരന്‍ ഒരു ശശി ഉണ്ടായിരുന്നു. പിന്നെ കഥകളി കമ്പക്കാരനായ ഒറ്റപ്പാലത്തുകാരന്‍ രാജഗോപാലനും. രാജഗോപാലന്റെ കൂടെ വേണി എന്നൊരു പെണ്ണുണ്ടായിരുന്നു.
വേണിയും ഉമയെപ്പോലെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. വേണി, ഉമ, എന്റെ പെണ്ണായ ബീന എന്നിവര്‍ വലിയ കമ്പനിയായിരുന്നു അവിടെ. ഞാന്‍ കൂടെ കൂടെ കഥകളിയും, കഥകളിപ്പദം ചൊല്ലലും കവിയരങ്ങും മറ്റും എന്റെ ഫ്ലാറ്റില്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു.
ഒരിക്കല്‍ കലാമണ്ഡലം ഗീതാനന്ദന്‍ മസ്കത്തില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ ഓട്ടം തുള്ളല്‍ അവതരിപ്പിച്ചു. ഞാന്‍ ഇന്നെലെ തൃശ്ശൂര്‍ റീജയണല്‍ തിയേറ്ററില്‍ കലാമണ്ഡലം ഹേമലതയുടെ ഗിന്നസ് ബുക്കിലേക്കുള്ള ലോക റെക്കോഡ് ഡാന്‍സ് പരിപാടി കാണാനെത്തിയപ്പോള്‍ അവിടെ നിന്ന് വണ്‍ മിസ്റ്റര്‍ നാരായണന്‍ ചാക്യാരെ പരിചയപ്പെട്ടു. അദ്ദേഹവുമായി കലാസാംസ്കാരിക പരിപാടികളെ പറ്റി ചര്‍ച്ച ചെയ്യുന്നതിന്നിടയില്‍ എന്റെ മസ്കത്തിലെ കഥകളിക്കമ്പവും ഗീതാനന്ദന്റെ ഓട്ടന്‍ തുള്‍ലും സംസാരത്തില്‍ വന്നു.
“ഗിന്നസ് ലോക റെക്കോര്‍ഡിനുവേണ്ടിയുള്ള കലാമണ്ഡലം ഹേമലതയുടെ മോഹിനിയാട്ടം നൃത്തസപര്യ 2010 സെപ്തമ്പര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ തൃശ്ശൂര്‍ റീജയണല്‍ തിയേറ്ററില്‍ അരങ്ങേറുകയാണ്‍. ഇപ്പോഴത്തെ റെക്കോഡ് 108 മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്ത ഹൈദരാബാദിലെ ഒരു നര്‍ത്ത്കനാണ്‍. ഈ റെക്കോഡ് ഭേദിക്കാനാണ്‍ ഹേമലതയുടെ പരിപാടി. എനിക്കധികം നേരം കണ്ട് നില്‍ക്കാനായില്ല. ഞാന്‍ ഇന്നെലെ കാണാന്‍ പോയപ്പോള്‍ ഇരുപത്തിനാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇനിയും നാല്‍ ദിവസം തുടര്‍ച്ചയായി നൃത്തം ചെയ്താലേ റെക്കോഡ് വിന്നറാകാന്‍ പറ്റൂ.. ഒരു പിതാവിനും ഈ കുട്ടിയുടെ ന്ര്ത്തം കണ്ടാല്‍ സഹിക്കുമെന്ന് തോന്നില്ല. പിന്നെ സ്വന്തം ഇഷ്ടപ്രകാരമാണല്ലോ ഈ ത്യാഗത്തിന്‍ മുന്നിലെന്നോര്‍ക്കുമ്പോഴാണ്‍ ഒരു സമാധാനം.“
ഹേമലതയുടെ ആയുരാരോഗ്യ സൌഖ്യത്തിന്‍ വേണ്ടി ഞാന്‍ അച്ചന്‍ തേവരോട് എന്നും പ്രാര്‍ഥിച്ചുംകൊണ്ടിരിക്കുന്നു. ഞാന്‍ ഇന്നും റീജയണല്‍ തിയേറ്ററില്‍ പോകുന്നുണ്ട്. ഹേമലതയുടെ പരിപാടി കഴിയുന്ന ഇരുപത്തിയാറാം തീയതി വരെ വിവിധ കലാപരിപാടികളുണ്ട് അവിടെ.
20 മുതല്‍ 26 സെപ്തമ്പറില്‍ ഹേമക്ക് തുടര്‍ച്ചയായി നൃത്തം ചെയ്യണം. അതോടനുബന്ധിച്ച് ഭരത് മുരളി നഗറില്‍
പെരുവനം കുട്ടന്‍ മാരാരുടെ പഞ്ചാരി മേളം
കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയിലെ കുട്ടികളുടെ മോഹിനിയാട്ടം
പൈങ്കുളം രാമചാക്യാര്‍ സ്മാരക കലാപീഠം അവതരിപ്പിക്കുന്ന കൂടിയാട്ടം
ചേപ്പാട് വാമന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി
അമ്മന്നൂര്‍ രജനീഷ് ചാക്യാരുടെ ചാക്യാര്‍ കൂത്ത്
കലാമണ്ഡലത്തിന്റെ “ദുര്യോദന വധം” കഥകളി
അവസാന ദിവസം ആറ്റ്ലി ഓര്‍ക്കസ്ട്രറയുടെ ഗാനമേള
എന്നീ പരിപാടികള്‍ ഇതോടൊപ്പം നടക്കുന്നു. ഭരത് മുരളി നഗര്‍ ഓപ്പണ്‍ ഓഡിറ്റോറിയമായതിനാല്‍ ഇന്നെലെത്തെ കലാമണ്ഡലം കുട്ടികളുടെ മോഹിനിയാട്ടം കാണാന്‍ പറ്റിയില്ല. ആ സമയത്ത് മഴ വന്നു. ഞാന്‍ കുടയും പിടിച്ച് അഞ്ച് മിനിട്ട് പരിപാടി കണ്ടു. സമീപത്ത് ബീയര്‍ കിട്ടുന്ന ഒരു സര്‍ക്കാര്‍ സ്ഥപനം ഉള്ളതായി എനിക്കറിയാമായിരുന്നു. ഞാന്‍ അങ്ങോട്ട് ചേക്കേറി ഒരു ബീയറ് അടിക്കാനാനെന്ന ഭാവേന. പക്ഷെ എനിക്ക് ബീയര്‍ കിട്ടിയില്ല. അങ്ങോട്ട് നീങ്ങുന്നതിന്‍ മുന്‍പ് എന്നെ പണ്ട് പഠിപ്പിച്ചിരുന്ന ഒരു വാദ്ധ്യാരെ കണ്ടു. അപ്പോള്‍ പിന്നെ നേരെ വീട്ടിലേക്ക് തിരിച്ചു.
ശാന്തേടത്തിയുടെ കാര്യം പറഞ്ഞ് എവിടേക്കോ പോയി. ഇതാ എന്റെ കുഴപ്പം. മനസ്സില്‍ വരുന്നത് അപ്പപ്പോളെഴുതിയില്ലെങ്കില്‍ പിന്നെ കിട്ടില്ല. അതിനാലാണ്‍ ഇത്തരം വൈകൃതങ്ങള്‍. വായനക്കാര്‍ ക്ഷമിക്കുമല്ലോ?>
ഇന്ന ഹേമലതയുടെ പരിപാടി കാണാന്‍ പോകുമ്പോള്‍ “കൂടിയാട്ടം കാണണം. മഴയില്ലെങ്കില്‍ റെക്കോഡ് ചെയ്യണം. പിന്നെ നാരായണന്‍ ചാക്യാരെ കാണുകയും ചെയ്യാം. നാരായണന്‍ ചാക്യാരുടെ മകള് അഞ്ചുവിനെ കഴിഞ്ഞ ആഴ്ചയാണ്‍ ഫേസ് ബുക്കില്‍ കൂടി പരിചയപ്പെട്ടത്. അവള്‍ ഇവിടെ റേഡിയോ മാംഗോയില്‍ റേഡിയോ ജോക്കി ആയിരുന്നു. ഇപ്പോള്‍ ദുബായില്‍.
++++++++++++
SPELLING MISTAKES SHALL BECORRECTED SHORTLY.