Thursday, June 28, 2012

ലോഹി നിന്നെ മറക്കാന്‍ വയ്യ

പ്രിയ  ലോഹി  3 വര്‍ഷം പോയതറിഞ്ഞില്ല.  ഇന്ന്  ഓര്‍മ്മ പുതുക്കല്‍  ദിനം. നല്ലവരെയൊക്കെ ആദ്യം വിളിക്കുന്നു  ദൈവം.  എന്റെ പിതാവും അങ്ങിനെ നേരത്തെ  പോയി..


നിന്റെ ഓര്‍മ്മ പുതുക്കല്‍  ദിനത്തില്‍ പണ്ട് അയലത്തെ കുട്ടികള്‍ പാടിയ പാട്ട് ഇവിടെ  വീണ്ടും നിനക്ക് വേണ്ടി പ്രതിഷ്ടിക്കുന്നു.


താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക.
http://jp-smriti.blogspot.in/2009/06/blog-post_28.html



Monday, June 25, 2012

തിരുവാതിര ഞാറ്റുവേല


ജൂണ്‍  ഇരുപത്തിഒന്ന്  കാലത്ത്  ഒന്‍പതേമുക്കാലിന് തിരുവാതിര ഞാ‍റ്റുവേല തുടങ്ങിയെന്ന് പറയുന്നു. ഇപ്പോള്‍  തിരുവാതിര ഞാറ്റുവേല എന്നൊക്കെ ഒരു പറച്ചിലില്‍ ഒതുക്കിയിരിക്കുന്നു.  ഇപ്പോഴത്തെ കാലാവസ്ഥ - പരിസ്ഥിതിയില്‍ വന്ന മാറ്റങ്ങളാല്‍  പണ്ടത്തെ കണക്കുകളൊന്നും ഇന്ന് ഫലിക്കുന്നില്ല.

പണ്ടൊക്കെ അപ്പൂപ്പന്മാര്‍ക്കറിയാം പുഞ്ചപ്പണിക്കുള്ള  വിത്ത്  കുതിര്‍ത്തുവെക്കാനും  കണ്ടം ഉഴുതുമറിക്കാനെല്ലാം അഡ്വാന്‍സായി. ഞാന്‍ എന്റെ ചെറുപ്പത്തില്‍ കാണുമായിരുന്നു എന്റെ അമ്മയുടെ അച്ചന്‍  വൈകിട്ട്  എല്ലാവരും ആഹാരം  കഴിഞ്ഞാല്‍  ഒരു  ദിവസം കയ്യാലപ്പുരയില്‍ വാല്യക്കാരുമൊത്ത്  നെല്‍ വിത്ത്  കൂമ്പാരമാക്കി  വെള്ളം നനച്ച്  മൂടിവെക്കുന്നത് കാ‍ണാം. 

വിത്ത് മുളക്കുന്ന ദിവസം കാലത്ത്  പെരുമഴയും കാണും. ഞാന്‍ ചെറുപ്പത്തില്‍  ഇതെല്ലാം കണ്ട്  ആശ്ചര്യപ്പെടാറുണ്ട്.

ഇപ്പോള്‍ തിരുവാതിര ഞാറ്റുവേല എന്ന വാക്ക്  വെറും പ്രഹസനം മാത്രം. എല്ലാം നാം വരുത്തിവെച്ചത് തന്നെ. പരിസ്ഥിതിക്ക് വന്ന പരുക്ക്!!!

Saturday, June 23, 2012

ഡബ്ബിള്‍ ഡക്കര്‍

എന്റെ പ്രിയ സുഹൃത്ത്  ദിനേശന്റെ ഫേസ്  ബുക്ക്  മെസ്സേജ്  കണ്ടപ്പോള്‍  ഞാന്‍ ഇപ്രകാരം എഴുതി....

ശരിക്കും ഉള്ളതാണോ? ഞാന്‍ ബോംബെയില്‍ നിന്നാണ് അവസാനം ഡബ്ബിള്‍ ഡക്കറില്‍ കയറിയിട്ടുള്ളത്. എന്റെ ബാല്യത്തില്‍ സിലോണിലെ കൊളംബോയിലെ ഇത്തരം ബസ്സ് യാത്ര എനിക്കൊരു പുതിയ അനുഭവമായിരുന്നു. അവിടെ ട്രാമും ഉണ്ടായിരുന്നു. ഡബ്ബിള്‍ ഡക്കര്‍ ബസ്സില്‍ കേറണമെങ്കില്‍ അച്ചന്‍ കാണാതെ പോകണം. ഞാനൊരു അനുഭവകഥയായി ബ്ലോഗിലെഴുതാം. എന്റെ ഓര്‍മ്മകളെ ഉണര്‍ത്തിയ ദിനേശന് അഭിനന്ദനങ്ങള്‍.“

എന്റെ ബാല്യകാലം സിലോണിലെ കൊളംബോ‍യിലായിരുന്നു. ഒരു  പാട് ഓര്‍മ്മകള്‍ ആ മ്ഹാനഗരത്തിനെ കുറിച്ചുണ്ട് എനിക്ക്. എന്റെ പിതാവ് ബുഹാരി  ഗ്രൂപ്പ്  ഓഫ്  ഹോട്ടലുകളുടെ ജനറല്‍  മേനേജര്‍ ആയിരുന്നു.  ഭാരതത്തിലും,  സിലോണിലും [ഇപ്പോഴത്തെ ശ്രീലങ്ക] യൂറോ‍പ്പിലും പ്ന്തലിച്ചുകിടന്നിരുന്ന് ശൃംഗലയായിരുന്നെന്ന് അച്ചന്‍  പറയാറുണ്ട്.

പ്രധാന ഹോട്ടല്‍ കൊളമ്പോയിലെ മറദാന റയില്‍  വേ  സ്റ്റേഷന്റെ മുന്നിലായിരുന്നു.  രണ്ട് നിലകളുള്ള റെസ്റ്റോറന്റ് ആയിരുന്നു.  മുകളിലെത്തെ നില ലക്ഷ്വറി ക്ലാസ്സും  താഴത്തെ  നില എക്കോണമിയും ആയിരുന്നു.

മുകളില്‍  ഒരു ചായക്ക് 20 രൂപയാണെങ്കില്‍  താഴെ  5 രൂപ എന്ന  തോതിലായിരുന്നു  മെനു. ലോകമെമ്പാടും അന്ന് ബുഹാരി ബിരിയാണി  പ്രസിദ്ധമായിരുന്നു.

ഞങ്ങള്‍ അന്ന് താമസിച്ചിരുന്നു  കൊളമ്പോയിലെ  പോഷ് റസിഡന്‍ഷ്യല്‍ ഏരിയ ആയിരുന്ന മൌണ്ട്  പ്ലസ്ന്റിലായിരുന്നു. തുടക്കത്തില്‍  പേരക്കുട്ടികളില്ലാത്ത ഒരു അപ്പൂപ്പന്റെ കൂടെ  ആയിരുന്നു എന്നാണെന്റെ ഓര്‍മ്മ. 

എന്റെ ഓര്‍മ്മകളെ എത്ര വര്‍ഷം പുറകോട്ടോടിക്കാമെന്ന്  നോക്കട്ടെ. എനിക്കിപ്പോള്‍  വയസ്സ് 64. അഞ്ചുവയസ്സിലെ നിമിഷങ്ങള്‍ ഓര്‍മ്മ വരുന്നു. അന്ന്  ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിലെ അപ്പൂപ്പന് രണ്ടോ  മൂന്നോ  പെണ്‍കുട്ടികളായിരുന്നു. അതില്‍  താരമ്മ  ചേച്ചിയെ  മാത്രം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. വിവാഹിതരായ  ഒരു പെണ്‍കുട്ടികള്‍ക്കും മക്കളില്ലാത്തതിനാല്‍  എന്നെ അവര്‍ക്ക് വലിയ  ഇഷ്ടമായിരുന്നു. എന്റെ പെറ്റ് നെയിം ഉണ്ണി.  അവര്‍ എല്ലാവരും എന്നെ  ഉണ്ണി  എന്നാണ് വിളിച്ചിരുന്നത്.

അപ്പൂപ്പന്റെ പേര്  ഒട്ടും ഓര്‍മ്മ വരുന്നില്ല. മൌണ്ട് പ്ലസന്റ് കോളനിയില്‍ ഉള്ള  വില്ലകള്‍  മുഖാമുഖം ആയിരുന്നു.  എല്ലാം 2 നിലകള്‍  ഉള്ളത്. ഞങ്ങളുടെ  വീട്ടുമുറ്റത്ത് കനകാംബരവും പസിഴമല്ലിയും ധാരാളം വിരിഞ്ഞ്  കിടന്നിരുന്നു എപ്പോഴും.

അപ്പൂപ്പന്റെ  ഓഫീസ് മെയിന്‍ റോഡിന്റെ  വക്കിലായിരുന്നു.  അപ്പൂപ്പന് 10  മണിക്ക് വീട്ടില്‍ നിന്ന് ആപ്പിള്‍ ജ്യൂസ് കൊണ്ട് പോകും. ഒരു  ദിവസം ഞാന്‍ ശാഠ്യം പിടിച്ചത്രെ..? “ ഉണ്ണി  കൊണ്ട് പോയിക്കൊടുത്തോളാം അപ്പൂപ്പന് ജ്യൂസ്...” ഉണ്ണിയുടെ ആവശ്യം പരിഗണിക്കാതായപ്പ്ലോള്‍ ഉണ്ണി  കരഞ്ഞുപൊളിച്ചു.  അവസാനം  ആപ്പിള്‍ ജ്യൂസ് ഒരു ഭരണിയിലാക്കി ഉണ്ണിയുടെ ട്രൈ  സൈക്കിളിന്റെ  പുറകില്‍ കെട്ടി  വെച്ചു. താരമ്മ ചേച്ചി കുമ്പിട്ട്  സൈക്കിള്‍ ഉന്തിത്തള്ളി ഓഫീസിലേക്ക് ജ്യൂസ് എത്തിച്ച ക്ഥ ഞാന്‍ ഈ അവസരത്ത്ല് ഓര്‍ക്കുന്നു.

“ഉണ്ണി മഹാ ശാഠ്യക്കാരനും വികൃതിയുമായിരുന്നത്രേ..?”

എന്റെ അച്ചന് അന്ന് ഒരു  ഓസ്റ്റിന്‍ കേംബ്രിഡ്ജ് വേനും, ഒരു പ്ലിമത്ത്  കാറും ഉണ്ടായിരുന്നു. ഈവനിങ്ങില്‍ ഞങ്ങളെ  ആ പ്ലിമത്ത്  കാറില്‍  സവാരിക്ക്  കൊണ്ട്  പോകും.  അതിലെ മ്യൂസിക്ക്  ഹോണ്‍  എനിക്ക്  ഹരമായിരുന്നു.  ഞാനത്  എപ്പോഴും അടിച്ചുകൊണ്ടിരിക്കും.

[കൂടുതല്‍ വിശേഷങ്ങള്‍  തുടര്‍ന്നെഴുതാം]

Friday, June 22, 2012

ഓം നമ:ശ്ശിവായ

നാഗേന്ദ്ര ഹാരായ ത്രിലോചനായ
ഭാസ്മാംകരായ മഹേശ്വരായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ 'ന' കാരായ നമ:ശിവായ

മന്ദാകിനീ സലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വര പ്രഥമ നാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹുപുഷ്പ സു പൂജിതായ
തസ്മൈ 'മ' കാരായ നമ:ശിവായ

ശിവായ ഗൌരീ വദനാരവിന്ദ
സൂര്യായ ദക്ഷ ധ്വര നാശനായ
ശ്രീ നീലകന്ടായ വൃഷ ധ്വജായ
തസ്മൈ 'ശി' കാരായ
നമ:ശിവായ

വസിഷ്ട്ട കുംഭോത്ഭവ ഗൌതമാദി
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനര ലോചനായ
തസ്മൈ 'വ' കാരായ നമ:ശിവായ

യക്ഷ സ്വരൂപായ ജടാധരായ
പീനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ 'യ' കാരായ നമ:ശിവായ

ഫലശ്രുതി :-

പഞ്ചാക്ഷരമിതം പുണ്യം
യാ പദേത് ശിവ സന്നിധൌ
ശിവലോക മാപ്നോതി
ശിവേ ന: സഹ മോദതേ

ചാറല്‍ മഴ


ചാറല്‍ മഴ

എനിക്ക് രണ്ട്  മക്കള്‍, അതില്‍ രണ്ടാമത്തെ ആള്‍ രാക്കമ്മ എന്ന പെണ്‍കുട്ടി. ആദ്യത്തെ  ആള്‍ ആണ്‍കുട്ടി.

രാക്കമ്മ ചെറുപ്പത്തില്‍ തടിച്ച് ഉരുണ്ട് അമ്മിക്കല്ലിന്റെ കൊഴ പോലെ തടിച്ചതായിരുന്നു. തടിമൂലം ഇടുങ്ങിയ കഴുത്ത് കണ്ടാല്‍ അവള്‍ക്ക് കഴുത്ത് ഇല്ലായെന്ന് തോന്നുമായിരുന്നു.

ഇവള്‍ ഒരു  കാരണമില്ലാത്തെ  കാലത്ത്  തൊട്ട് വൈകുന്നേരം വരെ ഇങ്ങിനെ കരഞ്ഞുംകൊണ്ടിരിക്കും.  നമ്മളെടുത്ത് ഒക്കത്ത് വെക്കുകയോ, കൂടെ കിടത്തുകയോ ചെയ്താല്‍ അവള്‍  ഉടന്‍  വോള്യും കുറക്കും.

ഇവളുടെ ഈ  ചാറല്‍ മഴപോലെയുള്ള കരച്ചില്‍  നിര്‍ത്താന്‍ ഞാന്‍ പല സൂ‍ത്രങ്ങള്‍  പ്രയോഗിച്ചിട്ടും ഫലം കണ്ടില്ല.

അവസാനം ഒരുനാള്‍ എനിക്കൊരുപായം തോന്നി. ഇങ്ങനെ നോണ്‍സ്റ്റോപ്പ്  ചാറല്‍ മഴപോലുള്ള കരച്ചില്‍ തുടര്‍ന്നൊരു നാള്‍ ഒരു  ഈര്‍ക്കിളി എടുത്ത് ചന്തിയില്‍ രണ്ട്  പെട പെടച്ചു.  അതോടെ ഓലപ്പടക്കത്തിന് തീകൊളുത്തിയ  പോലെ ഒരു കൂട്ടപ്പൂരിച്ചലും രണ്ട് മിനുട്ടില്‍ കരച്ചിലും നിന്നു.

“എന്തേ ഇത് ഇപ്പോ ഓര്‍ക്കാന്‍ കാരണം” എന്നൊരു ചോദ്യം വന്നേക്കാം. പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ഇപ്പോള്‍ ഇവിടെ രാക്കമ്മയുടെ മകള്‍ കുട്ടിമാളു ഉണ്ട്.

ഇവള്‍ക്കും കുറച്ച്  നാളായി ഈ ചാറല്‍ മഴയുടെ സോക്കേട് ഉണ്ട്. “അവള്‍ക്കും ഈ ഈര്‍ക്കിളിപ്രയോഗം“ നടത്തിയാലോ എന്ന് അവളുടെ അച്ചമ്മയായ ബീനാമ്മയോട് ഞാന്‍ കണ്‍സല്‍ട്ട് ചെയ്തു.

“സ്വന്തം മകള്‍ക്ക് കൊടുക്കുന്നപോലെ  പേരക്കുട്ടികള്‍ക്ക്  കൊടുക്കണ്ടാ എന്നാ ബീനാമ്മ പറേണത്...”

“അപ്പോ എന്താ  ചെയ്യാ ഈ മഴയവസാനിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം ബീനാമ്മേ...?”

“എനിക്കറിയില്ല...”
“എന്നാ ഞാനൊരു സൂത്രം കാണിച്ചുതരട്ടേ...?”

“എന്തിന്റെ കേടാ മനുഷ്യാ ഈ വയസ്സ് കാലത്ത്       നിങ്ങള്‍ക്ക്...?”
ബീനാമ്മക്ക് ഒരു ഈര്‍ക്കിളിപ്രയോഗം നടത്തി തല്‍ക്കാലം പേരക്കുട്ടിയെ ഒഴിവാക്കി.

“ബീനാമ്മയുടെ കരച്ചില്‍  കേട്ട് കുട്ടിമാളു അന്ധാളിച്ചുനിന്നു, അവളുടെ കരച്ചില്‍  തല്‍ക്കാലത്തേക്ക് നിന്നു...?”

“ചാറല്‍ മഴ വീണ്ടും തുടര്‍ന്നു,ഒരു  പരിഹാരമില്ലാതെ..?!!!”

Sunday, June 17, 2012

മഴക്കാലം

മഴക്കാലമായെന്ന്  പറയാം ഇന്നുമുതല്‍.  കാലത്ത് മുതല്‍ അല്ലെങ്കില്‍ ഇന്നെലെ  പാതിരാമുതല്‍ ഇതാ  ഇപ്പോള്‍ വരെ നല്ല  മഴ. ഇന്ന് ഞായറാഴ്ചയായിട്ടും പുറത്തെവിടേക്കും  ഇറങ്ങാന്‍ സാധിച്ചില്ല.

കഴിഞ്ഞ ദിവസം ഒരു പകല്‍ മഴയുടെ ഫോട്ടോ എടുത്തിരുന്നു. കിട്ടിയാല്‍  ഇവിടെ  പകര്‍ത്താം. ഇന്ന് കാലത്ത്  കറിക്ക്  മീനൊന്നും ഇല്ലെന്ന്  ശ്രീമതി  പറഞ്ഞു, പക്ഷെ തണുത്ത് വിറക്കുന്ന എനിക്ക്  മീന്‍ മാര്‍ക്കറ്റിലേക്ക് പോകാനായില്ല.

പേരക്കുട്ടി കുട്ടിമാളുവിന് മീന്‍  വേണമത്രെ. അവള്‍ക്ക് ചാള  ഇഷ്ടമാണ്. തലേദിവസത്തെ രണ്ട്  കഷ്ണം അവള്‍ക്കായി മാറ്റിവെച്ചു. പിന്നെ എനിക്ക്  വേണ്ടി  വാങ്ങി വെച്ചിട്ടുള്ള കൊഴുവ എല്ലാര്‍ക്കും കൂടി കറി വെച്ചു.  അങ്ങിനെ  ഇന്ന് തോരാതെ പെയ്യുന്ന മഴയില്‍ ഞങ്ങള്‍  സകുടു:ബം ആഘോഷിച്ചു.

വാതരോഗിയായ  എനിക്ക് ചെറുമീനുകള്‍  ധാരാളം കഴിക്കാന്‍ വൈദ്യര്‍ പറഞ്ഞിട്ടൂണ്ട്. അതിനാല്‍ കൊഴുവ,  വെളൂരി, മുള്ളന്‍ എന്നിവ ഞങ്ങളുടെ  ഫ്രീസറില്‍ എപ്പോ‍ഴും സ്റ്റോക്കുണ്ട്.

വരൂ  സുഹൃത്തുക്കളേ എന്റെ വസതിയിലേക്ക്. കൊഴുവയും  വെളൂരിയും മുള്ളനും എല്ലാം കഴിക്കാം.

Sunday, June 10, 2012

അയാള്‍....അതേ അയാള്‍തന്നെ


ഒരു കഥ ഇവിടെ ജനിക്കുന്നു. [short story]


“കുറേ നേരമായല്ലോ ലക്ഷ്മിക്കുട്ടീ പുറകിലോട്ട് തിരിഞ്ഞ് നടക്കുന്നത്..? എന്തിന്റെ കേടാ ഈ കുട്ടിക്ക്.... ഗൂരുവായൂര്‍ അമ്പലനടയില്‍ വെച്ച് ലക്ഷ്മിയുടെ അമ്മ മകളെ ശാസിക്കാന്‍ തുടങ്ങി..“

"അവിടേയും ഇവിടേയും ഒക്കെ ബലിക്കല്ലുകളും പൂജാപാത്രങ്ങളും ഒക്കെ ആണ്... അതിലൊക്കെ കാല് തട്ടി വീഴേണ്ടായെന്ന് വിചാരിച്ചാണ് തള്ള ഇതൊക്കെ പറയുന്നത് ലക്ഷ്മിക്കുട്ടിക്ക് അറിയാമെങ്കിലും അറിയാമെങ്കിലും അവളുടെ ഉള്ളില്‍ ആരോടോ എന്തെന്നില്ലാത്ത മട്ടില്‍ ഗൌരവമായിരുന്നു...”

"ലഷ്മിയുടെ അമ്മയും പരിവാരങ്ങളും ചുറ്റമ്പലം പ്രദക്ഷിണം വെക്കുമ്പോള്‍ ലക്ഷ്മിക്കുട്ടി പിന്നേയും പിന്തിരിഞ്ഞ് ആരേയോ നോക്കിക്കൊണ്ടിരിക്കുന്നതായി അവര്‍ക്കനുഭവപ്പെട്ടു..”

"ഒന്നിങ്ങട്ട് വേഗം നടക്കൂ എന്റെ മോളേ.... നട തുറക്കുമ്പോളേക്കും നമുക്ക് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കണം...”

"അമ്മയും കൂട്ടരും നടന്നോളൂ....ഞാന്‍ എത്തിക്കൊള്ളാം...”

"കൃഷ്ണാ ഗുരുവായൂരപ്പാ എന്താ ഈ കേള്‍ക്കണേ... നിക്കൊന്നും മനസ്സിലാവിണില്ലല്ലോ...? എന്താ ഈ പെണ്‍കുട്ടീടെ ഭാവം... ലക്ഷ്മിയുടെ അമ്മ മാധവിയമ്മ പരിതപിച്ചു..”

"ലക്ഷ്മിക്കുട്ടി പറഞ്ഞത് മാധവിയമ്മ അനുസരിച്ചില്ല, അവര്‍ കൂത്തമ്പലത്തിന്റെ ചവിട്ടുപടിയില്‍ ഇരുപ്പുറപ്പിച്ചു..”

"രണ്ടുമൂന്നുവട്ടം ലക്ഷ്മിക്കുട്ടി ചുറ്റമ്പലം വലം ചുറ്റിക്കഴിഞ്ഞിരുന്നു ഇതിന്നകം. അവള്‍ വീണ്ടും വീണ്ടും ചുറ്റിക്കൊണ്ടിരുന്നു അവസാനമില്ലാതെ, ആരേയോ അന്വേഷിക്കുന്ന പോലെയായിരുന്നു മുഖഭാവം...”

"മാധവിയമ്മ അമ്പലത്തിലാണെന്ന കാര്യം മറന്ന് പെണ്‍കുട്ടിയെ ശാസിക്കാനൊരുങ്ങി...”

“എന്താ അമ്മേ... പരിസരബോധം നഷ്ടപ്പെട്ടോ...? അമ്മയും കൂട്ടരും സത്രത്തിലേക്ക് നടന്നോളൂ.. ഞാന്‍ എത്തിക്കോളാം...”

"മനസ്സില്ലാ മനസ്സോടെ മാധവിയമ്മ പിറുപിറുത്തും കൊണ്ട് സത്രത്തിലേക്ക് നടന്ന് നീങ്ങി, ഉള്ളിലൊരു ഭീതിയുമായി...”

[thuTarm]

Saturday, June 9, 2012

പുത്തനുടുപ്പ്




ഇന്ന് ലക്ഷ്മിക്കുട്ടിയുടെ വിവാഹ നിശ്ചയമായിരുന്നു.  എല്ലാവരും പുത്തന്‍ ഉടുപ്പുകള്‍ അണിഞ്ഞ് തൃശ്ശൂര്‍ ലൂലു കണ് വെന്‍ഷന്‍ സെന്ററിലേക്ക് യാത്രയായി. എനിക്ക് പുത്തനുടുപ്പ് ആരും വാങ്ങിത്തന്നില്ല, എന്നാലും ഞാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ലക്ഷ്മിക്കുട്ടീസിന്റെ പ്രതിശ്രുത വരന്‍ അമേരിക്കയില്‍  ജോലി  ചെയ്യുന്ന മിഥുന്‍ കുട്ടനാണ്‍. നല്ല  ചേര്‍ച്ചയുണ്ട് ലക്ഷ്മിക്കുട്ടിക്ക്. ലക്ഷ്മിക്കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ട് പോയി കുറേ കഴിയുമ്പോള്‍ എനിക്ക് ഒരു ഫ്രീ  ടിക്കറ്റും താമസവും പോക്കറ്റ് മണിയും എന്റെ ലക്ഷ്മിക്കുട്ടി  ഓഫര്‍  ചെയ്യുമായിരിക്കും. ഞാനിതുവരെ അമേരിക്ക കണ്ടിട്ടില്ല. കാണാന്‍ ഉള്ള സൌഭാഗ്യമൊക്കെ  ഉണ്ടായിരുന്നെങ്കിലും അതൊന്നും അന്ത നാള്‍ വിനിയോഗിച്ചില്ല.

അന്നൊക്കെ സ്ഥലം വാങ്ങണം, വീട് പണിയണം, കുട്ട്യോളെ പഠിപ്പിക്കണം എന്നൊക്കെയുള്ള വിചാരം മാത്രമായിരുന്നു. യൂറോപ്പും, മിഡില്‍ ഈസ്റ്റും, പസഫിക്കും, ഗള്‍ഫുമെല്ലാം ജോലിയുടെ ഭാഗമായി  ചുറ്റിക്കറങ്ങിയെന്നാണെന്റെ ഓര്‍മ്മ.  ഇപ്പോള്‍  പലതും മറന്ന് പോയിരിക്കുന്നു.

ഇന്നെലെ ശ്യാമിന്റെ കല്യാണമായിരുന്നു.  അവിടെ ഹേമയേയും ഉമയേയും മറ്റു ബന്ധുജനങ്ങളേയും, പിന്നെ അരവിന്ദേട്ടന്റെ മകന്‍ അജയനേയും പ്രദീപനേയും എല്ലാം കണ്ടു.

കൂട്ടത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയാരാണെന്ന് അജയനോട് ചോദിച്ചപ്പോളാ അറിയുന്നത്”ഉണ്ണ്യേട്ടന്‍ മറന്നൊ ഇവളെ. ഇവള്‍ പണ്ട് ഉണ്ണ്യേട്ടന്റെ ഓഫീസില്‍ ജോലി  ചെയ്തിരുന്നുവെന്ന്” ഞാന് വിചാരിക്കുകയായിരുന്നു എവിടേയോ  വെച്ച്  ഈ  പെണ്‍കുട്ടീസിനെ  ഞാന്‍ കണ്ടിട്ടുണ്ടെന്ന്. പക്ഷെ ഇപ്പോളല്ലേ പിടി കിട്ടിയത് ഞാന്‍ അറിയുന്ന കുട്ടിയായിരുന്നു ഇവളെന്ന്. അങ്ങിനെയാണെന്റെ കാര്യം, പലതും  ഓര്‍മ്മയില്ല.

വയസ്സായില്ലേ – ജരാനര ബാധിക്കുമ്പോളെല്ലാര്‍ക്കും ഇങ്ങിനെയൊക്കെയാണ്‍.  പ്രത്യേകിച്ച്  ഇപ്പോള്‍ കഴിക്കുന്നതും ശ്വസിക്കുന്നതും എല്ലാം വിഷമയമല്ലേ? അപ്പോള്‍ ഇതുപോലിരിക്കും ശിഷ്ടജീവിതം..

എന്റെ പ്രിയപത്നി ബീനാമ്മയും മകനും മരുമകനും മകളും മരുമകളും എല്ലാം ജയലക്ഷ്മി സില്‍ക്കും ആരോ മെന്‍സ് വെയറും ഒക്കെ ഇട്ട് ചെത്തി നടക്കുമ്പോല്‍ പേരക്കുട്ടി കുട്ടാപ്പുവിന്‍ തൈലാന്‍ഡില്‍ നിന്ന് ഇല്ല്യൂമനേഷന്‍ ഉള്ള മങ്കി ബ്രാന്ഡ് ടീ  ഷര്‍ട്ടും ഇട്ടോണ്ടായിരുന്നു ഗമനം..

ഈ പാവം ഞാന്‍ ഒരു പഴയ  കുപ്പായവും ഇട്ടോണ്ട് “ഉള്ളതോണ്ട് ഓണം”  എന്ന മട്ടില്‍ നടന്ന് നീങ്ങി. ഇനിയും വരും എനിക്കും ഒരു  സുന്ദരകാലം……….

ലക്ഷ്മിക്കുട്ടി  ബാംഗളൂരില്‍ വാന്‍ ഹുസൈനിലും മറ്റും ജോലി ചെയ്തിരുന്നെന്ന് ആണെന്റെ ഓര്‍മ്മ. എനിക്ക് മാത്രമായി ഒരു  ഷര്‍ട്ട് വാങ്ങിത്തരാന്‍ അവള്‍ക് പറ്റില്ലല്ലോ..? എന്നെപ്പോലെ അവള്‍ക്ക് ഒരുപാട് അങ്കിള്‍സ് ഉണ്ട്

ഇനി അവള്‍ അമേരിക്കയില്‍ പോയി താമസിക്കുമ്പോള്‍ എന്തെങ്കിലും തരുമായിരിക്കും.  ഒന്നും തന്നില്ലെങ്കിലും  വേണ്ട അവള്‍ സുഖമായി അവിടെ കഴിയുന്നു എന്ന് കേട്ടാല്‍ മതി.. ലക്ഷ്മിക്കുട്ടീസിന്റെ കല്യാണം ഈ  വരുന്ന ഡിസംബറില്‍ നടക്കുന്നതായിരിക്കും.

മരുമകള്‍ സേതുലക്ഷ്മിക്ക് ഒരു പണി കിട്ടാന്‍ പ്രാര്‍ഥിക്കുകയാണ് ഞാനിപ്പോള്‍. അവള്‍ ഒരു  ഐടി  ഗേളാണ്‍. അവള്‍ക്ക് വലിയ ആഗ്രഹങ്ങളൊന്നും ഇല്ല, ഏതെങ്കിലും ഒരു  ബാങ്കില്‍  ഒരു ക്ലര്‍ക്ക് ഉദ്യോഗം കൊണ്ട് തൃപ്തിപ്പെട്ടോളാം എന്നാണവള്‍ പറയുന്നത്..

ഞാന്‍ ഇന്ന് എന്റെ പേരക്കുട്ടി കുട്ടിമാളുവിനെ കണ്ടു. അവള്‍  ഈ  അപ്പൂപ്പനെ മറന്നിരിക്കുന്നു. കുറച്ച്  നാളായി അവള്‍ കൊച്ചിയിലാണ്‍ താമസം. കുട്ട്യോളല്ലേ പെട്ടെന്ന് മറക്കും.

മഴക്കാലമായി രാക്കമ്മയോട് ഒരു കമ്പിളിപ്പുതപ്പും കാല്‍ നനയാതെ നടക്കാനൊരു ഷൂവും വാങ്ങിത്തരാന്‍ പറയണം.. വീട്ടില് നിന്ന് മെയില്‍  റോഡെത്തുന്നത് വരെ വെള്ളവും ചളിയുമാണ്‍. അയല്‍ക്കാരന്റെ ഔദാര്യമുണ്ടെങ്കിലേ റോഡ് കാനകള്‍ വെട്ടി ടാറിട്ട് കിട്ടൂ അത്  അടുത്തൊന്നും  സംഭവിക്കുമെന്ന് തോന്നുന്നില്ല.

ഏക മകന്‍  ജോലിയുമായി മെട്രൊ  സിറ്റിയിലും മകള്‍ കൊച്ചിയിലുമാണ്‍. അവര്‍ക്കൊന്നും റോ‍ഡ് ടാറിടെണമെന്നോ ഈ വയസ്സനെ പരിപാലിക്കണമെന്നോ ഒന്നും വിചാരമില്ല. തന്ത ചത്താല്‍ എല്ലാം വിറ്റുപെറുക്കി മെട്രോ നഗരങ്ങളിലേക്ക്  ചേക്കാറാമെന്ന് കരുതിയിരിക്കയാകും.

ഇപ്പോളത്തെ മിക്ക കുട്ട്യോളും ഏറെക്കുറേ ഇങ്ങിനെ തന്നെ ആണെന്നാണ്‍ എന്റെ നിഗമനം.. ഇപ്പോള്‍ എനിക്ക് ആരോഗ്യത്തിന്‍ വലിയ  കുഴപ്പമില്ല, കിടപ്പിലായാലുള്ള സ്ഥിതി ഒന്നാലോചിച്ച് നോക്കിയാല്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. അനുഭവിക്കാനുള്ളത്  അനുഭവിച്ചുതന്നെ  തീ‍ര്‍ക്കണമല്ലോ അതാണല്ലോ ദൈവ നിശ്ചയം..

കൃഷ്ണാ ഗുരുവായൂരപ്പാ നല്ല ചിന്തകള്‍ മനസ്സില്‍ നിറക്കേണമേ മറ്റുള്ളവര്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും നല്ല കാര്യങ്ങള്‍  ചെയ്യാനുള്ള വഴി കാട്ടേണമേ

“ലക്ഷ്മിക്കുട്ടിയുടെ കല്യാണവിശേഷങ്ങള്‍ പറഞ്ഞ് മനസ്സ് എങ്ങോട്ടോ പോയി.. മാനസഞ്ചാരം അങ്ങിനെയാണ്‍……

എലലാവര്‍ക്കും ശുഭരാത്രി  നേരുന്നു.

Saturday, June 2, 2012

നാട്ടുവര്‍ത്തമാനം

എന്താ ബീനാമ്മേ എപ്പോ നോക്കിയാലും ഈ പണിയോട് പണി. നിനക്ക് ഒരു ദിവസം ഒരു പണിയും ചെയ്യാണ്ട് വീട്ടിലിരുന്ന് വിശ്രമിച്ചുകൂടെ...

"ഹ ഹ്ഹാ........ അത് കൊള്ളാം. അപ്പോള്‍ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ മേശപ്പുറത്ത് വന്നിരുന്നാല്‍ ഞാന്‍ എന്തോന്ന് എടുത്ത് തരും...?” ഭക്ഷണം മാത്രം മതിയോ..? മുറ്റമടിക്കണം, പാത്രം കഴുകണം, നിങ്ങളുടെ തുണി കഴുകണം, ഇസ്ത്രിയിടണം, കാലത്ത് കുളിയും തേവരാവും കഴിഞ്ഞാല്‍ അടുക്കളയില്‍ വന്നിരിക്കും. “എന്നോട് ഒന്നും ചോദിക്കില്ലാ എന്നത് വസ്തവം തന്നെ. പക്ഷെ എനിക്കങ്ങിനെ ആകാന്‍ പറ്റുമോ..?

അടുക്കളയില്‍ വന്നിരുന്നാല്‍ നിങ്ങള്‍ ചൂട് ദോശ മനസ്സില്‍ സ്വപ്നം കാണുന്നതെനിക്കറിയാം. തിന്നുന്നതനുസരിച്ച് ഞാന്‍ ഓരോന്ന് ചുട്ട് തന്ന് കൊണ്ടിരിക്കും. ദോശക്ക് പകരം പുട്ടോ, പത്തിരിയോ, ഇഡ്ഡലിയോ, ഉപ്പ്മാവോ എന്തായാലും നിങ്ങള്‍ക്ക് വിരോധമില്ല, പക്ഷെ ദോശ കഴിച്ചാലുണ്ടാകുന്ന സംതൃപ്തി മറ്റൊരു വിഭവത്തിനുമില്ല എന്നെനിക്കറിയാം.

"തിന്നിട്ട് മൂടും തട്ടി പോകുന്നതല്ലാതെ എന്തെങ്കിലും പണികള്‍ നിങ്ങള്‍ വീട്ടില്‍ ചെയ്യുമോ..? നമ്മുടെ മുറ്റം കണ്ടില്ലേ..? അവനവന് കഴിക്കാനുള്ള പച്ചക്കറികളെങ്കിലും നട്ടുപിടിപ്പിച്ചുകൂ‍ടേ..? ഒരു വേനലിലും വറ്റാത്ത കിണറും സദാസമയം കിട്ടുന്ന കോര്‍പ്പറേഷന്റെ പീച്ചി വെള്ളവും ഉണ്ട്...ഒന്നും ചെയ്യില്ല..”

പത്ത് മണിയാകുമ്പോളേക്കും ഓഫീസിലേക്ക് പോകും.. പിന്നെ രണ്ട് മണിക്ക് ഉണ്ണാന്‍ വരും. ഉണ്ട് കഴിഞ്ഞാല്‍ പിന്നെ അഞ്ചുമണി വരെ ഒരു ഉറക്കം...”എന്തിനാ ഈ പകലൊക്കെ ഇത്രയും കിടന്നുറങ്ങുന്നത്..? എന്തെങ്കിലും എന്നെ പണിയില്‍ സഹായിക്കുമോ..? അതില്ല. “ഒന്നുമില്ലെങ്കിലും അവനവന്‍ ഉപയോഗിക്കുന്ന ടോയലെറ്റെന്റ്കിലും ഒന്ന് വൃത്തിയാക്കിക്കൂടെ എന്റെ പുന്നാര കെട്ടിയോന്..?

"എന്നിട്ട് ഇപ്പോള്‍ ചോദിക്കുന്നു... നിനക്ക് വെറുതെ ഇരുന്നുകൂടെ ഒരു ദിവസമെങ്കിലും...?

"എടീ പെമ്പിറന്നോത്തീ... നീയിങ്ങനെ അഹോരാത്രം എല്ലുമുറീയെ പണിയെടുക്കാതെ ഇടക്ക് ഫുള്‍ ഡേ വിശ്രമിച്ചുകൂടെ എന്നാ ഞാന്‍ ചോദിച്ചത്...?”

"എനിക്കത് മനസ്സിലായീ മനുഷ്യാ........അപ്പോള്‍ വീട്ടിലെ പണിയെല്ലാം ആരെടുക്കും. പണിക്കാരി ഒന്നുണ്ടായിരുന്നു. അവളാണെങ്കില്‍ വന്നിട്ട് ഇപ്പോള്‍ പത്തുപതിനാല് ദിവസമായി....അവളെ എന്തെങ്കിലും പറഞ്ഞിട്ടൊന്നുമല്ല.. വരാതിരിക്കുന്ന ദിവസം അറിയിക്കില്ല, തോന്നുമ്പോളൊക്കെ ലീവെടുക്കും, തോന്നുന്ന നേരാത്ത് കയറി വരും,, ഇങ്ങിനെയൊക്കെയാന്‍ പണിക്കാരുടെ പരിപാടി...”

"എടീ ബീനാമ്മേ ഇന്ന് ഞായറാഴ്കയല്ലേ... ഞാന്‍ കാ‍ലത്ത് നിനക്ക് സുലൈമാനി ഇട്ട് തരാം. ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ് ടോസ്റ്റും പീനട്ട് ബട്ടറും തരാം.. ഉച്ചക്ക് സഫയര്‍ ഹോട്ടലില്‍ പോയി ബിരിയാണി കഴിക്കാം.. എന്നിട്ടൊരു ഉറക്കം. 4 മണിക്കെണീറ്റ് ടൌണില്‍ പോയി കറങ്ങി, പാറമേക്കാവിലും വടക്കുന്നാഥനിലും പോയി തൊഴുത്, ഭരത് ഹോട്ടലില്‍ പോയി പൂരിമസാലയോ നിനക്കിഷ്ടമുള്ള എന്തെങ്കിലും ഒക്കെ കഴിച്ച് ഒരു സിനിമയും കണ്ട് വീട്ടിലേക്ക് മടങ്ങാം...”

‘കൊള്ളാം കൊള്ളാം പരിപാടി... എനിക്ക് നിങ്ങളെ വിശ്വാസമില്ല.. എനിക്ക് വേണ്ടി ഇന്നേ വരെ നിങ്ങളെന്തെങ്കിലും ചെയ്തതായി എനിക്കോര്‍മ്മയില്ല.. നിങ്ങള്‍ വേഗം എണീച്ച് മുറ്റം അടിക്ക്, ഞാന്‍ നോക്കട്ടെ, അതിന് ശേഷം തീരുമാനിക്കാം ഞാന്‍ റെസ്റ്റ് എടുക്കണോ വേണ്ടയോ എന്ന്..”

“എടീ ബീനാമ്മോ....... ഇന്ന് ജൂണ്‍ മൂന്ന് ഇടവപ്പാതിയുടെ പകുതി കഴിഞ്ഞിട്ടും മഴയെവിടെ. പുറത്ത് ചാറ്റല്‍ മഴയുണ്ട്, നല്ല കുളിരല്ലേ...?

"ഞാന്‍ രണ്ട് മിനിട്ടും കൂടി ഒന്ന് മൂടിപ്പുതച്ച് കിടന്നുറങ്ങട്ടെ...? നീ പോയി അപ്പോളേക്കും മുറ്റമടിക്ക്..........???!! “

[ഇന്ന് കാലത്തെ എനിക്ക് എന്റെ പ്രിയതമയോട് തോന്നിയ വികാരം കഥാരൂപത്തില്‍ ഇവിടെ]