Saturday, November 23, 2013

ഹേബിക്കൊരു കഷണം കരിമ്പ്

ഇന്നെലെ ഞാന്‍ പുത്തന്‍ പള്ളിയില്‍ പെരുന്നാള് കാണാന്‍ പോയി.. ഹേബിക്കുള്ള ഒരു കരിമ്പിന്‍ തണ്ട് വാങ്ങിയപ്പോളാണ് ഓര്‍ത്തത് - ഇതെങ്ങിനെ വീടെത്തിക്കും. ഈ കരിമ്പിന്‍ തണ്ടുമായി എന്നെ ഓട്ടോയില്‍ കയറ്റിയില്ല. മഴ ചാറുന്നുണ്ടായിരുന്നു. ഞാന്‍ കരിമ്പിന്‍ തണ്ട്  ചുമലില്‍ വെച്ച്  പോസ്റ്റ് ഓഫീസ് റോഡ്, ചെട്ടിയങ്ങാടി, വെളിയന്നൂര്‍ വഴി കൊക്കാലയിലുള്ള എന്റെ വീട്ടിലേക്ക് പ്രയാണം ആരംഭിച്ചു.

മാതൃഭൂമിക്കവലയില്‍ എത്തിയപ്പോളെനിക്കൊരു തമാശ.. ശക്തന്‍ വഴി പോയാലോ...? ശരിക്ക് ഈ കമ്പ് തോളില്‍ വെച്ച് ശക്തന്‍ മാര്‍ക്കറ്റില്‍ പോയി. ആ വഴിക്കുള്ള ടി ബി റോഡില്‍ കൂടി നടന്നുവേണം എന്റെ വീടെത്താന്‍. അവിടെ ആണ് തൃശ്ശൂരില്‍ 6 മൂന്നു നക്ഷത്രങ്ങള്‍ ഉള്ള ഹോട്ടലുകള്‍.. ഇതില്‍ 5 എണ്ണത്തിന്റെ മുന്നില്‍ കൂടി നടന്നുവേണം
എന്റെ വീടെത്താന്‍.

ഞാന്‍ മുണ്ട് വളച്ചുകെട്ടി നടന്ന് നടന്ന് ശക്തന്‍ മീന്‍ മാര്‍ക്കറ്റിന്നരികിലുള്ള ദാസ് ഹോട്ടലില്‍ എത്തി.. പേഴ്സ് എടുത്തിരുന്നില്ല, പോക്കറ്റടിക്കാരെ പേടിച്ച്. കുറച്ച് ഫിലൂസ് എടുത്ത് പോക്കറ്റിലും ട്രൌസറിന്റെ കീശയിലും വെച്ചിരുന്നു. അതെല്ലാം എടുത്ത് എണ്ണി നോക്കി.. രണ്ട് ബീയറടിക്കാനുള്ള വകയുണ്ട്. പിന്നെ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് കൊത്തുപൊറോട്ട + ഓമ്ലെറ്റ് അടിക്കുകയും ചെയ്യാമെന്നൊക്കെ വിചാരിച്ച് ഈ കരിമ്പിന്‍ കമ്പ് ഹോട്ടല്‍ റിസപ്ഷനിലേക്ക് കൊണ്ട് പോകും വഴി സെക്യൂരിറ്റിക്കാരന്‍ എന്നെ പിടിച്ചു.

“യേയ് എന്തുവാടേ ഇത് പൊക്കിക്കൊണ്ട് വരണ്...നെന്റെയൊരു അവസാനത്തെ കരിമ്പുകച്ചവടം....?”
“എനിക്ക്  ബാറിലേക്ക് പോകണം, ഒന്നുമിനുങ്ങണം...”

“ഓ അതുശരി. എന്നാലേ മോന്‍ ആ തോളിലുള്ള സാധനം പുറത്തെവിടെയെങ്കിലും വെച്ചേച്ചുവാ. നമുക്ക് പിന്നീടാലോചിക്കാം...”
"എവന്‍ ആരെടാ........... പെരുന്നാള് കണ്ട് രണ്ട് ഫോസ്റ്റര്‍ അടിക്കാമെന്നുവെച്ചാല്‍ എവന്റെയൊക്കെ ഔദാര്യം വേണമെന്നോ.... നീ പോടാ.. ദിനേശാ.. ഇവിടെ വേറെയും കള്ളു ഹോട്ടലുണ്ടല്ലോ “

ഈ ഹേബിയെക്കൊണ്ട് തോറ്റു. അവളുടെ ഒരു കരിമ്പ്........!! ഇനി കരിമ്പൊക്കെ കൊണ്ടക്കൊടുത്തിട്ട് വല്ല കാര്യോം ഉണ്ടാകുവോ.... ഹൂം........ കൊടുത്തുനോക്കാം... ലക്കിടി അല്ലേ ഒന്നുമല്ലെങ്കിലും...?!!

ഞാന്‍ അവിടെ നിന്നും ഇറങ്ങി നേരെ ജോയ്സ് പാലസ് ഹോട്ടലിലെത്തി. അവിടെ താഴെ ഒരു സ്റ്റാന്‍ഡിങ്ങ് ബാര്‍ കണ്ടു. അവിടെയാണെങ്കില്‍ ഈ കരിമ്പിന്‍ തോക്ക് തോളില്‍ വെച്ചുതന്നെ വീശാം.. പക്ഷെ അവിടെ ഞാന്‍ ഇതുവരെ പോയിട്ടില്ല. ഇനി വല്ലോരും കണ്ടെങ്കില്‍ മോശമല്ലേ....?

“എന്നെ ഈ വേഷത്തില്‍ ആരുശ്രദ്ധിക്കാന്‍.. വളച്ചുകെട്ടിയ മുണ്ടും, മുറുക്കിച്ചുവപ്പിച്ച ചുണ്ടും, തലയിലൊരു കെട്ടും, പിന്നെ തോളത്ത്  ഈ തോക്കും... എടീ ഹേബീ.......... ഇവിടെ നിന്നും എനിക്ക് വീശാന്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഈ കരിമ്പിന്‍ തോക്കുകൊണ്ട് ഞാന്‍ നിന്നെ ശരിക്കും പെരുമാറും.. ഹമ്പടീ കേമത്തീ... ?”

“യേയ് അവിടെ ശരിയാകില്ല. അവിടെ ബീഡിപ്പുകയും സിഗരറ്റുപുകയും ഒക്കെ നിറഞ്ഞ് ആകെ എന്തോ പോലെ. “

സംഗതി ഞാനും പണ്ട്  ഒരു പുകവലിക്കാരനായിരുന്നു. സുധന്‍ ഇപ്പോഴും വലിക്കുന്നുണ്ടായിരിക്കും. രണ്ട് ഫോസ്റ്റര്‍ അടിച്ചാല്‍ എനിക്കും തോന്നും ഒരു പുക വിടാന്‍. പണ്ട്  ഞാന്‍ ജര്‍മ്മനിയിലായിരുന്ന കാലത്ത് “ബാഡന്‍ ബാഡന്‍” എന്നൊരു പട്ടണത്തിലെ കാസിനോയില്‍ ചൂതുകളിക്കാന്‍ പോകുമായിരുന്നു.

അവിടുത്തെ വെന്‍ഡിങ്ങ്  മെഷീനില്‍ പണമിട്ടാല്‍ സിഗരറ്റ് കിട്ടും. ഒരിക്കല്‍ ഞാന്‍ ഒരു മഗ്ഗ് ഡ്രാഫ്റ്റ് ബീയറടിച്ച്  ഇങ്ങിനെ മത്ത് പിടിച്ചിരിക്കുന്ന നേരം ഒരു പുക വിടാന്‍ തോന്നി. ഞാന്‍ പുകവലി നിര്‍ത്തിയ കാലത്ത് വലിച്ചിരുന്ന റോത്ത് മാനെ അവിടെ കണ്ടില്ല. അതുപോലെ നിറമുള്ള മറ്റൊരുത്തന്റെ തലയില്‍ കാശിട്ട് ഒരു ഇടി കൊടുത്തപ്പോള്‍ ഒരു പാക്കറ്റ് കിട്ടി.. നോക്കിയപ്പോള്‍ അത് “ജിത്തേന്‍” എന്ന സ്വിസ്സ് സിഗരറ്റായിരുന്നു.

എന്തു മണ്ണാങ്കട്ടിയായാലും വേണ്ടില്ലാ എന്നും വിചാരിച്ച് , കത്തിച്ച് ഒരു പുക വിട്ടു. ആ പുക ഉള്ളില്‍ പോയതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ.. ഞാന്‍ നിലം പതിച്ചു. അത്രക്കും കടുപ്പമുള്ള ഒരു സിഗരറ്റ് ഞാന്‍ എന്റെ ജീവിതത്തില്‍ വലിച്ചിട്ടില്ല. ഇന്നേതായാലും പോസ്കറ്റില്‍ ഉള്ള കാശ് കൊണ്ട്  രണ്ടെണ്ണം വീശിയതിനുശേഷം ഒരു പാക്കറ്റ് ചാര്‍മിനാര്‍ വാങ്ങി വലിക്കണം.. മാള്‍ബൊറൊ കിട്ടിയാലും വേണ്ടില്ല.

അഴിയാന്‍ തുടങ്ങുന്ന മുണ്ട് വീണ്ടും അഴിച്ചുകുത്തി സ്റ്റാന്‍ഡിങ്ങ് ബാറിന്നകത്തേക്ക് കടക്കുമ്പോളേക്കും അവിടെയും എന്നെ പിടിച്ചു ഒരാള്‍.. ഈ ആള്‍ കോളറിനുപിടിച്ചു....

“യേയ് ആ വടിയൊന്നും ഇതിന്നകത്തേക്ക് കയറ്റാന്‍ പറ്റില്ല. വേണമെങ്കില്‍ ഒരു ചുവപ്പ് ലൈറ്റ് മുകളില്‍ ഫിറ്റ് ചെയ്ത് കേറിക്കോ....?”

“ചുവപ്പ് ലൈറ്റോ...?”

ഞാന്‍ അന്തം വിട്ടു.....!!!

“ഹോ ഹോ ഇപ്പോ മനസ്സിലായി... ഹസ്സാര്‍ഡ്  വിളക്ക് അല്ലേ...?” ഇനി അതിന്റെ കുറവും കൂടിയേ ഉള്ളൂ... ഉള്ളതൊക്കെ മതിയായി... കുരുത്തം കെട്ടവളേ....? ഞാന്‍ ശരിയാക്കിത്തരാം.........”

“ഇവിടെയും രക്ഷയില്ലെന്നായോ... സാരമില്ല... ഇവിടെ ഒരു  എക്സിക്ക്യുട്ടീവ് ബാര്‍ ഉണ്ടല്ലോ.. അവിടെ പോകാം..“

ഞാന്‍ തലയിലെ കെട്ട് അഴിച്ച് മുണ്ട് താഴെയിട്ട് തോളിലെ കരിമ്പിന്‍ കോല്  ഒരു പനമരത്തിന്റെ മേലില്‍ കെട്ടി വെച്ച് നല്ല കുട്ടിയെപോലെ എക്സിക്യൂട്ടിവ് ബാറില്‍ കയറി രണ്ട് ഫോസ്റ്റര്‍ ചില്‍ഡ് ബീയര്‍ അകത്താക്കി.. ഇടക്ക് ജനലില്‍ കൂടി നോക്കി ആ പെണ്ണിന്റെ കരിമ്പ് അവിടെ തന്നെ ഉണ്ടല്ലോ എന്ന്..

“കരിമ്പിന് കുഴപ്പമൊന്നുമില്ല....”

മുണ്ടുപൊക്കി കീശയില്‍ കയ്യിട്ടു. ഉള്ള പണമെല്ലാം എണ്ണി നോക്കി.. മൂന്നാമതൊരു ബീയറടിക്കാനുള്ള വകയില്ല. നാട്ടിന്‍ പുറത്തെ കള്ള് ഷോപ്പാണെങ്കില്‍ കടം പറയാമായിരുന്നു... ഇവിടെ അത് നടക്കില്ല..

അങ്ങിനെ ഞാന്‍ ഇരുന്ന് സ്വപ്നം കാണുന്നതിന്നിടയില്‍ എനിക്ക് തോന്നി. ഞാന്‍ രണ്ടാമത് ഓര്‍ഡര്‍ ചെയ്ത കുപ്പി ഞാന്‍ കുടിച്ചോ ഇല്ലയോ എന്ന്.. ബാര്‍ കൌണ്ടറിലാണെങ്കില്‍ ഒരു ഫുള്‍ കുപ്പി ഇരിക്കുന്നുണ്ട്താനും.. “ ഇത് ഇനി മറ്റാരുടെയെങ്കിലും ആകുമോ...?”

“എന്തായാലും വേണ്ടില്ല, അത് ഒരു മഗ്ഗില്‍ ഒഴിച്ച് ഒറ്റയടിക്ക് മോന്തി സ്ഥലം വിട്ടു..”

ഞാന്‍ ശരിക്കും വീലായിരുന്നു. മഴ ചാറല്‍ കൂടി.. കണ്ണടക്ക് വൈപ്പര്‍ ഇല്ലായിരുന്നു. അതിനാല്‍ കണ്ണട ഊരി ട്രൌസറിന്റെ ഉള്ളില്‍ വെച്ചു. തോര്‍ത്ത് തലയില്‍ കെട്ടി. നേരെ അല്‍ ക്വയറിലേക്ക് നടന്നു. അവിടെയാണല്ലോ ഈ ഭയങ്കരി താമസിക്കുന്നത്.

“ഹേബിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ഹേപ്പിയുടെ വീട്.. ഈ കരിമ്പ് കണ്ടാല്‍ അവളെങ്ങാനും ചോദിച്ചാലോ ഒരു കഷണം...? കൊടുക്കാമല്ലേ...? അവള്‍ കുണുങ്ങി കുണുങ്ങി കിന്നാരം പറഞ്ഞെന്നെ മയക്കിയേക്കും ചിലപ്പോള്‍..?”

രക്ഷപ്പെട്ടു...! ഹേപ്പിയുടെ വീട് കഴിഞ്ഞു...ഇനി ഹേബിയുടെ വീടെത്തി ഈ കരിമ്പിന്‍ തോക്ക് അവള്‍ക്ക് കൊടുത്ത് നാല് ചീത്ത വിളിച്ചാല്‍ എന്റെ പെരുന്നാളാഘോഷം കഴിയും ഈ കൊല്ലത്തെ..

“നടന്നിട്ടും നടന്നിട്ടും ഈ ഹമുക്കിന്റെ വീട് കാണാനില്ലല്ലോ...? അപ്പോളാണ് പിന്നില്‍ നിന്നൊരു വിളി...”

“ഉണ്ണ്യേട്ടാ............?..”
“ഞാന്‍ തിരിഞ്ഞു നോക്കി... ഇനി എന്റെ പാറുകുട്ടിയങ്ങാനും ആയിരിക്കുമോ...? എന്നാ പിന്നെ പറയേണ്ട ഈ കരിമ്പുമുഴുവന്‍ അവളെടുക്കും..”
"വട്ടക്കഴുത്തുള്ള പുള്ളി ജാക്കറ്റും മുട്ടുവരെ ഉള്ള മുണ്ടും ഉടുത്ത് കുണുങ്ങി നടക്കുന്ന പാറുകുട്ടിയെ കണ്ടാല്‍ പിന്നെ ഞാന്‍ ഈ പരിസരമെല്ലാം മറക്കും...”

മണി ഒമ്പത് കഴിഞ്ഞിരിക്കുമെന്ന് തോന്നുന്നു.. റോട്ടിലൊന്നും വെളിച്ചമില്ല. നിലാവെളിച്ചത്തില്‍ നോക്കിയപ്പോള്‍...?!! പാറുകുട്ടിയെപ്പോലെ തന്നെ വെളുത്ത്  തടിച്ച ഒരു പെണ്ണ്... !!!

“അവളോടി വന്ന് എന്നെ കെട്ടിപ്പിടിച്ചു......... ഉണ്ണ്യേട്ടാ ആ കരിമ്പെനിക്ക് താ............”?
പിന്നെ എനിക്കൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല.. എണീറ്റു നോക്കിയപ്പോള്‍ നേരം പുലര്‍ന്നിരുന്നു. എന്റെ കരിമ്പിന്‍ തോക്ക് അവള്‍ എടുത്തോണ്ട് പോയിരുന്നു...

“ആരാണ് എന്റെ കരിമ്പിന്‍ തോക്കെടുത്തത്....... ഹേബിയോ..... അതോ ഹേപ്പിയോ..?”
+++

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

മാതൃഭൂമിക്കവലയില്‍ എത്തിയപ്പോളെനിക്കൊരു തമാശ.. ശക്തന്‍ വഴി പോയാലോ...? ശരിക്ക് ഈ കമ്പ് തോളില്‍ വെച്ച് ശക്തന്‍ മാര്‍ക്കറ്റില്‍ പോയി. ആ വഴിക്കുള്ള ടി ബി റോഡില്‍ കൂടി നടന്നുവേണം എന്റെ വീടെത്താന്‍. അവിടെ ആണ് തൃശ്ശൂരില്‍ 6 മൂന്നു നക്ഷത്രങ്ങള്‍ ഉള്ള ഹോട്ടലുകള്‍.. ഇതില്‍ 5 എണ്ണത്തിന്റെ മുന്നില്‍ കൂടി നടന്നുവേണം എന്റെ വീടെത്താന്‍.

vazhitharakalil said...

പ്രകാശേട്ടാ...കരിമ്പിന്‍ തണ്ട് എടുത്തത്‌ ആരാണെന്നറിയാന്‍ ,കക്ഷത്ത്‌ ഒളിപ്പിച്ചു വച്ചിരിക്കുന്ന പാറുകുട്ടിമാരെ താഴെ നിരത്തി നിര്‍ത്തി ചോദിക്കു..കണ്ടു പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്നോട് പറയു...ഞാന്‍ ഓരോന്നിനും നല്ല പെട വച്ച് കൊടുത്ത് പറയിപ്പിച്ചോളാം ...അത്രയ്ക്ക് സാമര്‍ത്ഥ്യം പാടില്ലല്ലോ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മധുരക്കരിമ്പ് പോലെ വായിച്ചാസ്വദിച്ചു.

ajith said...

ആരെടി ഉണ്ണ്യേട്ടന്റെ കരിമ്പ് കട്ടത്? സത്യം പറ യണം!!

രാജഗോപാൽ said...

സുന്ദരസ്വപ്നാടനം തുടരൂ....അരികു ചേർന്നു പോകണം...

Muralee Mukundan , ബിലാത്തിപട്ടണം said...

കരിമ്പേടുത്തത് ആ പാറുകുട്ടിന്മാരുടെ പ്രേതം തന്നെ...!