Monday, April 14, 2014

വിഷു ആശംസകള്‍ തൃശ്ശൂരില്‍ നിന്നും – ഭാഗം 2

2nd part

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച                                                             http://jp-smriti.blogspot.in/2014/04/blog-post_13.htmlവര്‍ഷങ്ങളായുള്ള ഏപ്രില്‍ 14 ലെ വിഷു ഇക്കൊല്ലം 15 ലേക്ക് കടന്നിരുന്നു. ഇന്നെലെ പടക്കം വാങ്ങാന്‍ പോയ കഥ ഞാന്‍ എഴുതിയിരുന്നു..

ഇന്ന് കാലത്ത് ഐവിഷന്‍ ആശുപത്രിയില്‍ പോയി ഡോക്ടര്‍ അനൂപിനെ കണ്ട്, കണ്ണ് പരിശോധന നടത്തി. പ്രശ്നങ്ങളൊന്നും ഇല്ലായെന്ന് അദ്ദേഹം ഉറപ്പുവരുത്തി. അതിനാല്‍ വീണ്ടും ബ്ലോഗാം എന്ന് കരുതി.

പലരോടും വിഷുവിനെപറ്റി എഴുതിത്തരാന്‍ പറഞ്ഞെങ്കിലും ആരും തന്നില്ല. അപ്പോള്‍ ഞാന്‍ തന്നെ എന്തെങ്കിലുംകുത്തിക്കുറിക്കാം എന്ന് കരുതി. വിഷുവും ഓണവും ഒക്കെ വരുമ്പോള്‍ നാം നമ്മുടെ ബാല്യം ആണ് മനസ്സില്‍ കാണുന്നത്.

ഞങ്ങള്‍ കുടുംബസമേതം ഒമാനിലെ മസ്കത്തില്‍ ആയിരുന്നു 20 വര്‍ഷം. മക്കളൊക്കെ അവിടെ ജനിച്ചുവളര്‍ന്നവര്‍. ആദ്യം മകന്‍ പിറന്നു, അവന്‍ ഒരു വയസ്സ് തികയും മുന്‍പെ വിഷുക്കണി ഒരുക്കി എന്റെ കണ്ണടപ്പിച്ച് വിഷുനാള്‍ കണി കാണിച്ചുതന്നു എന്റെ പ്രിയതമ. അന്നാണ് ഞാന്‍ വാസ്തവത്തില്‍ വിഷുക്കണി കണ്ടതായി ഓര്‍ക്കുന്നത്..

ചെറുപ്പത്തില്‍ ചെറുവത്താനി കല്ലായില്‍ അമ്മ വീട്ടിലായിരുന്നു താമസം. വെട്ടിയാട്ടിലെ അച്ചന്‍ വീട്ടില്‍ വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ. ചേച്ചിക്ക് ചെറുവത്താനി – വടുതല സ്കൂളിലായിരുന്നു ജോലി. അപ്പോള്‍ ജോലിക്ക് പോകാനെളുപ്പമായതിനാല്‍ അമ്മയുടെ വീട്ടില്‍ ആയിരുന്നു മിക്കപ്പോഴും താമസം.

ഞാന്‍ പലയിടത്തായി എഴുതിയിരുന്നു ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്നത് എന്റെ പെറ്റമ്മയേയാണ്. ഒരിക്കലും അമ്മ എന്നുവിളിച്ചിട്ടില്ല, അതിനാല്‍ എഴുതുമ്പോഴും “ചേച്ചി” എന്നെ വരുള്ളൂ… എല്ലാ പെണ്ണുങ്ങളേയും പോലെ എന്റെ അമ്മക്കും അമ്മ വീട്ടില്‍ താമസിക്കാനായിരുന്നു കൂടുതല്‍ താല്പര്യം.. അച്ചന്റെ വീട്ടില്‍ അച്ചമ്മക്ക് കൂടുതല്‍ വാത്സല്യം അമ്മയിയുടെ മക്കളോടായിരുന്നു. അത് ഒരു പക്ഷെ എന്റെ ചേച്ചിക്ക് സഹിക്കുമായിരുന്നില്ല.

എന്റെ അച്ചമ്മക്ക് ചേച്ചിയുട് മാസ ശമ്പളത്തില്‍ ആയിരുന്നു കണ്ണ്. വടുതല സ്കൂളിലെ ടീ‍ച്ചറ് ആയിരുന്നു എന്റെ ചേച്ചി. ചേച്ചിയുടെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പത്തടി ദൂരമേ ഉള്ളൂ.. ബെല്ലടി കേട്ട് പോയാലും മതി. അച്ചന്റെ വീട്ടില്‍ നിന്നാണെങ്കില്‍ പണ്ടത്തെ 3 മൈല്‍ എങ്കിലും നടക്കണം.. ഞമനെങ്ങാട്ടെ അച്ചന്റെ വീട്ടില്‍ നിന്ന് വടുതല ചെറുവത്താനി ഭാഗത്തേക്ക് ബസ്സ് സര്‍വ്വീസില്ല. എന്തിനുപറേണൂ കാറുപോകാനുള്ള ഒരു റോഡുപോലും ഇല്ല. തോടും കുളങ്ങളും താണ്ടി വേണം വടുതല ചെറുവത്താനിയിലെത്താന്‍.

മഴക്കാലമായാല്‍ തോട്ടില്‍ നിറയെ നീര്‍ക്കോലികളും, ഞെണ്ടും പിന്നെ ചളിയും. എന്നും നടക്കുന്നവര്‍ക്കറിയാം അധികം ചളി ഇല്ലാത്ത സൈഡുകള്‍.. അന്നോക്കെ വിഷു അടുക്കുമ്പോള്‍ ചെറിയ മഴയും ഉണ്ടാകും.

വിഷുവിന് ഞമനെങ്ങാട്ടെക്ക് വരണം എന്ന് അച്ചമ്മ ശാഠ്യം പിടിക്കും. അച്ചമ്മയുടെ പേര് കാളിയെന്നായിരുന്നു. കാളിത്തള്ളയെ അയല്‍ക്കാര്‍ക്കൊക്കെ പേടിയായിരുന്നു. എനിക്ക് ഓര്‍മ്മ വന്ന കാലം മുതല്‍ മാറ് മറക്കാതെ നീണ്ട കുമ്പളങ്ങ പോലെത്തെ മുലകള്‍ കാണിച്ചായിരുന്നു നടത്തം. അന്നൊക്ക് ഞമനേങ്ങാട് പ്രദേശത്തെ ഹിന്ദുക്കള്‍ അങ്ങിനെയാണ്. ചെറുവത്താനിയില്‍ ആണെങ്കില്‍ എന്റെ ചേച്ചിയുടെ അമ്മ, അതായത് അമ്മമ്മ ഈ പ്രായക്കാരിയാണെങ്കിലും ഒരു ചെറുമുണ്ട് കൊണ്ട് മാറ് മറക്കും. മുണ്ടിന്റെ രണ്ട് തലകള്‍ കഴുത്തില്‍ കെട്ടിവെക്കും.

അച്ചമ്മയുടെ വിശേഷം ആദ്യം പറയാം. ഞമനേങ്ങാട്ടെ തറവാട് കൂട്ടുകുടുംബം പോലെ ഏതാണ് പത്തിരുപത് പേരുണ്ടായിരുന്നു. അച്ചന്റെ നേരെ പെങ്ങള്‍മാരായ മൂന്നുപേരും അവരുടെ സന്തതികളും, പിന്നെ പാപ്പന്റെ ഭാര്യയും മക്കളും, പിന്നെ അച്ചന്റെ അച്ചന്റെ രണ്ടാമത്തെ ഭാര്യയില്‍ ഉള്ള അഞ്ചു പെങ്ങള്‍മാരും അവരുടെ ചില മക്കളും എല്ലാംകൂടി നോക്കുമ്പോള്‍ ഇരുപതില്‍ കവിയും ഞമനേങ്ങാട്ടെ വെട്ടിയാട്ടില്‍ തറവാട്. ധാരാളം ഭൂസ്വത്തുക്കളും മറ്റുമുള്ളതിനാല്‍ പട്ടിണിയില്ല. എന്നുമുള്ള വരുമാനം നാളികേരം. പിന്നെ രണ്ടുപൂവല്‍ പണിയാവുന്ന വട്ടന്‍ നിലം. അതില്‍ നിന്നും ഒരു കൊല്ലം കഴിക്കാനുള്ള ചോറ് കിട്ടും. കുറച്ചൊക്കെ വില്‍ക്കാനും പറ്റും.

പിന്നെ വേനലില്‍ ഇടവിളയായി പാ‍ടത്ത് എള്ള് വിതക്കും. രണ്ട് ഏക്കര്‍ വട്ടനിലമുണ്ടായിരുന്നു. അതില്‍ നിന്ന് കിട്ടുന്ന ഇടവിള എള്ള് ചിലപ്പോള്‍ ശര്‍ക്കര ഇട്ട് വിളയിച്ച് നാലുമണി കാപ്പിയുടെ കൂടെ കിട്ടാറുണ്ട്.

മഴക്കാലത്തിന്റെ അവസാനത്തില്‍ നാല്‍ ഏക്ര തെങ്ങിന്‍ തോട്ടം വീട്ടിലെ പോത്തുങ്ങളെക്കൊണ്ട് ഉഴുതുമറിച്ച് അതില്‍ പയറ് വിതക്കും.  പയറ് വിളവെടുപ്പ് കഴിഞ്ഞാല്‍ ചില ദിവസങ്ങളില്‍ അത്താഴത്തിന് ശര്‍ക്കരയിട്ട് പയറുകഞ്ഞിയാകും.. പത്തിരുപതാള്‍ക്ക് വിളമ്പേണ്ടേ..?

വിഷുവിന് വിഷുക്കട്ടയുണ്ടാക്കാന്‍ അയലത്തുകാര്‍ കൂടി വരും. ഉണക്കല്ലരി കൊണ്ടാണ്‍ വിഷുക്കട്ട ഉണ്ടാക്കുക. അത് വേവിച്ച് വാഴയിലയിലോ വലിയ കിണ്ണത്തിലോ പരത്തി വിളമ്പി വെക്കും. നല്ലപോലെ ഉറച്ചാല്‍ ചെറിയ കഷണങ്ങളായി വെട്ടി പാത്രങ്ങളില്‍ നിറക്കും.

എന്റെ വെളുത്ത അച്ചമ്മ വെളുത്ത് സുന്ദരിയായിരുന്നു. ഇപ്പോള്‍ വയസ്സായതിനാലാകും ഇങ്ങനെ ഓപ്പണ്‍ മാറുമായി നടന്നിരുന്നത്. അച്ചാച്ചന് രണ്ട് ഭാര്യമായുണ്ടായിരുന്നു. എന്റെ അച്ചന്‍ കാളിയെന്ന വെളുത്ത അച്ചമ്മയുടെ മൂത്ത മകന്‍ ആയിരുന്നു. മക്കളില്‍ ഏറ്റവും സുന്ദരന്‍ എന്റെ അച്ചനും, പെണ്‍ മക്കളില്‍ ഇളയ അമ്മായിയും. മറ്റുള്ള അമ്മായിമാരും പാപ്പനും സൌന്ദര്യത്തില്‍ മുന്‍പന്തിയില്‍ തന്നെ.

രണ്ടാമത്തെ അച്ചമ്മക്കായിരുന്നു ഹൌസ് കീപ്പിങ്ങ്+അടുക്കള. അവരായിരിക്കും എന്തു വെക്കണം എന്തു വിളമ്പണം എന്നൊക്കെ തീരുമാനിക്കുക. രണ്ടാമത്തെ അച്ചമ്മയെ ഞാന്‍ കറുത്ത അച്ചമ്മ എന്നാ വിളിച്ചിരുന്നത്. കറുത്ത അച്ചമ്മ ലക്ഷ്മിക്ക് ലക്ഷ്മി എന്നായിരുന്നു പേര്. കറുത്ത അച്ചമ്മക്ക് അഞ്ചുപെണ്മക്കളും ഒരു ആണും. ആണ് സിലോണിലെ കൊളംബോ നഗരത്തില്‍ ഡോക്ടര്‍ ആയിരുന്നു. കൂടെ നഴ്സായ ഭാര്യയും ഉണ്ടായിരുന്നു.

 വെളുത്ത അച്ചമ്മക്കും കറുത്ത അച്ചമ്മക്കും എന്നെ എല്ലാരിലും കൂടുതല്‍ പ്രിയം ആയിരുന്നു. അങ്ങിനെ തന്നെ എല്ലാരോടും കാണിക്കുമെങ്കിലും എന്റെ സ്ഥാനം മുന്‍പന്തിയില്‍ തന്നെ ആയിരുന്നു. 


എന്റെ അച്ചന്‍ മാസാമാസം അച്ചമ്മക്ക് പണം അയച്ചുകൊടുക്കുമായിരുന്നു. പാപ്പനും വലിയച്ചനും ഒന്നും കൊടുത്തിരുന്നില്ല. എല്ലാം പെണ്മക്കളേയും കല്യാണം കഴിപ്പിച്ചയക്കാനും എന്റെ ചേച്ചിയും അച്ചനുമായിരുന്നു കൂടുതല്‍ ശ്ര്ദ്ധിച്ചത്. 


ഇങ്ങിനെയൊക്കെ ഉള്ള എന്റെ അച്ചനെ സ്വത്ത് വീതിക്കുന്ന അവസരത്തില്‍ പാപ്പനും അച്ചമ്മയും കൂടി ചതിച്ചു.. അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. ഇന്നായിരുന്നെങ്കില്‍ ഞാന്‍ എന്റെ വേഷം പുറത്തെടുത്തേനേ..!!

വെട്ടിയാട്ടില്‍ തറവാട്ടില്‍ വിഷുവിനും പുതിയ പുടവ എല്ലാവര്‍ക്കും കിട്ടും. ഓണത്തിന്റെ അത്ര ഇല്ലെങ്കിലും ആണ്‍കുട്ടികള്‍ക്ക് ട്രൌസറും മുറിക്കയ്യന്‍ ഷര്‍ട്ടും വട്ടം പാടം ശേഖരേട്ടന്റെ കടയില്‍ നിന്നും തയ്പ്പിച്ച് കിട്ടും.. ഷര്‍ട്ട് മിക്കവര്‍ക്കും കസാലത്തുണി പോലെ എന്തെങ്കിലും ആകും. 

എനിക്ക് ചില കൊല്ലങ്ങലില്‍ കൊളംബോയില്‍ നിന്ന് അച്ചന്‍ ഇംഗ്ലീഷ് മെയ്ഡ് ഉടുപ്പുകള്‍ കൊടുത്തയക്കുമായിരുന്നെങ്കിലും ഞാന്‍ ധരിക്കാറില്ല. മറ്റുള്ളവര്‍ക്ക് അത് മാനസിക സംഘര്‍ഷം ഉണ്ടാക്കിയേക്കാം എന്ന് വിചാരിച്ചിട്ട്.

പെണ്‍കുട്ടികള്‍ക്ക് കരയുള്ള ഉടുക്കാനുള്ള  മുണ്ടും, കടും നിറത്തിലുള്ള ജാക്കറ്റും, മാറിടം വരെ മറക്കുന്ന മറ്റൊരു കൊച്ചുമുണ്ടും കൊടുക്കും.. അമ്മായിമാര്‍ ഇതൊക്കെ അണിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ ഉള്ള അഴക് വേറെ തന്നെ ആണ്‍.. എന്റെ മനസ്സിലിപ്പോള്‍ വരുന്നത് ഇളയ അമ്മായിയേയാണ്‍ ഞാന്‍ കുറേ തപ്പി അമ്മായിയുടെ ഒരു ഫോട്ടോക്ക്.

ഞാന്‍ എന്തെഴുതുമ്പോഴും ഫേസ് ബുക്ക് തുറന്ന് വെക്കാറുണ്ട്. ചുമ്മാ അതിലൊന്ന് കണ്ണൊടിച്ചപ്പോള്‍ തിരുവനന്തപുരത്തെ ശ്രീജക്കുട്ടിയുടെ ഒരു പുതിയ പടം കണ്ടു. അവളുടെ സമ്മതപ്രകാരം എന്റെ അമ്മായിക്കുപകരം അവളുടെ പടം ഇവിടെ ചേര്‍ക്കാം.

ഇളയ അമ്മായിയുടെ രണ്ട് പെണ്മക്കളും, ഒരാണ്‍കുട്ടിയും ഞാനും ഒരുമിച്ചാണ് സ്കൂളില്‍ പോകുക. അവര്‍ ഞമനെങ്ങാട്ടെ കണ്ടമ്പുള്ളി സ്കൂളിലും ഞാന്‍ വടുതല സ്കൂളിലും ആയിരുന്നു പഠിച്ചിരുന്നത്.. കണ്ടമ്പുള്ളി സ്കൂള്‍ വീടിന്റെ അടുത്തും വടുതല സ്കൂള്‍ വളരെ ദൂരത്തിലും ആയിരുന്നു..

ഞമനേങ്ങാട്ടെ വിഷു വിശേഷം അങ്ങിനെ പോകുന്നു. അവിടെ വിഷുവിനും തലേദിവസവും നായരങ്ങാടിയില്‍ പോയി പടക്കം വാങ്ങും, അധികവും ഓലപ്പടക്കമായിരിക്കും.. പെണ്‍കുട്ട്യോളാണ് മത്താപ്പും കമ്പിത്തിരിയും കത്തിക്കുക.. ആ ദിവസങ്ങളൊക്കെ രസമുള്ളതായിരുന്നു..

എനിക്കിഷ്ടം താമസിക്കാന്‍ ചെറുവത്താനിയായിരുന്നു. അവിടെ വീടിന്റെ മുന്നിലുള്ള റോഡില്‍ കൂടി ബസ്സുണ്ടായിരുന്നു. പിന്നെ കുന്നംകുളത്തുനിന്ന് എപ്പോഴും കാറും ജീപ്പുമൊക്കെ വന്നുപോയിക്കൊണ്ടിരിക്കും. 

ഈ വക വിശേഷങ്ങളൊന്നും ഞമനെങ്ങട്ടില്ല, പക്ഷെ അവിടെ ആള്‍ക്കൂട്ടമുണ്ട്. ആണ്കുട്ടികള്‍ കുറവായിരുന്നു, പെണ്‍കുട്ടികളായിരുന്നു അധികവും..

മാസത്തിലൊരിക്കലുള്ള തെങ്ങുകയറ്റം കഴിഞ്ഞാല്‍ കാറ്റ് കാലത്ത് കൂടുതല്‍ ഓല വെട്ടും. അത് മെടയാന്‍ പെണ്ണുങ്ങള്‍ വരും. നേരം പോക്കിനായി വീട്ടിലെ പെണ്ണുങ്ങളും കൂടും ചിലപ്പോള്‍.. പച്ച ഓലമടല്‍ കൊണ്ട് ഞങ്ങള്‍ വീടുണ്ടാക്കി കളിക്കും. ഇടക്ക് വീട്ടിന്നുള്ളില്‍ പെണ്ണും കല്യാണം കഴിച്ച് താമസിക്കും.. പെണ്‍കുട്ടികള്‍ കൂടുതലായതിനാല്‍ എനിക്ക് ചിലപ്പോള്‍ അച്ചാച്ചനെ പോലെ ര്‍ണ്ട് പെണ്ണുങ്ങളെ കെട്ടേണ്ടി വന്നിരുന്നു..

എന്തെല്ലാം വിഷു ഓര്‍മകള്‍.. ഓലമേഞ്ഞ കളിമണ്‍ ചുമരുകളുള്ള നാല്‍ കെട്ടായിരുന്നു ഞങ്ങളുടെ തറവാട്.. വേനല്‍ കാലത്ത് നാലുകെട്ടിലെ ഉമ്മറങ്ങളിലായിരിക്കും എല്ലാരും കിടന്നുറങ്ങുക. പെണ്‍കുട്ട്യോള്‍ വലുതായതോടെ കല്യാണം കഴിച്ചയപ്പിച്ച അമ്മായിമാരൊക്കെ അവരുടെ പിള്ളേരുമായി അവരുടെ  വീടുകളിലേക്ക് താമസം മാറ്റി. ഒരു ശ്രീകൃഷ്ണനായി വിളഞ്ഞിരുന്ന എനിക്ക് അതൊരു തീരാദുഖം ആയിരുന്നു.

അന്നത്തെ എന്റെ അമ്മ വീടിനുചുറ്റും ധാരാളം ഹൈസ്കൂളുകള്‍ ഉണ്ടായിട്ടും എന്നെ തൃശ്ശൂരിലെ ഒരു ബോര്‍ഡിങ്ങ് സ്കൂളിലയച്ചു. അതോടെ എന്റെ ബാല്യകാല സ്മരണക്ക് ഒരു തടയിട്ട് ഞാന്‍ ജയിലെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പള്ളിക്കൂടത്തില്‍  തളക്കപ്പെട്ടു.

വിഷുവും ഓണമൊക്കെ അച്ചമ്മയുടെ നിര്‍ബ്ബന്ധം കാരണം തറവാട്ടിലായിരുന്നു. ഊണ് കഴിഞ്ഞ് ചേച്ചിയുടെ വീട്ടിലേക്ക് മടങ്ങും. ചേച്ചിയുടെ വീട്ടില്‍ അമ്മാമന്‍ മാത്രമായിരുന്നു കൂട്ട്. കുട്ടികളായി ഞാനും എന്റെ അനിയനും മാത്രം.

ഞാന്‍ ഇന്നെലെ കിടന്നുറങ്ങുമ്പോള്‍ പണ്ടത്തെ വിഷു സ്വപ്നം കണ്ടു. ഹേമയും ഉമയും ലക്ഷ്മിയും രാധമോനും രാമകൃഷ്ണനും, പാരനും ദാസേട്ടനും, പണിക്ക്‍ാ‍രന്‍ കണ്ടോരനും എല്ലാം മനസ്സില്‍ വന്ന് നിറഞ്ഞു.

തറവാട്ടിലെ മുതിര്‍ന്ന ആണുങ്ങളായ എന്റെ വലിയച്ചന്‍, പാപ്പന്‍, എന്റെ അച്ചന്‍ എന്നിവര്‍ വിദേശത്തായിരുന്നു. അതിനാല്‍ ഞ്നായിരുന്നു ത്റവാട്ടുകാരണവര്‍.. കുറച്ചധികം പേര്‍ക്ക് ഞാന്‍ കൊള്ളിവെച്ചിട്ടുണ്ട്.

വെട്ടിയാട്ടില്‍ തറവാട്ടില്‍ ഭാഗിക്കാന്‍ പാടില്ലാത്ത പ്ത്ത് സെന്റ് സ്ഥലം പൊതുസ്വത്തായി ശ്മ്ശാനമായി നീക്കിവെച്ചിരുന്നു. പിന്നെ കുടുംബക്ഷേത്രവും അതിനൊടനുംബന്ധിച്ചുള്ള പാമ്പിന്‍ കാവും, രക്ഷസ്സ് മുതലായ ദേവന്മാരും. അതൊക്കെ താ‍വഴികളായി സ്വത്തുക്കള്‍ ലഭിച്ചവര്‍ അന്യാധീനപ്പെടുത്തി. ഇപ്പോള്‍ മറ്റാരുടേയൊക്കെ കൈവശമാണ് എന്റെ സ്വപ്നങ്ങളിലെ വെട്ടിയാട്ടില്‍ തറവാട്.

ഓര്‍മ്മകള്‍ കാട് കയറിപ്പോകുന്നു. ഇനിയുള്ള ഓര്‍മ്മകള്‍ പിന്നീട് അയവിറക്കാം.5 comments:

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

..ഓര്‍മ്മകളിലുള്ള മധുരം വാക്കുകളില്‍ ഊറുന്നുണ്ട്..
വിഷുദിനാശംസകള്‍

ajith said...

വിഷുവിശേഷം ഓര്‍മ്മത്താളുകളില്‍ തിളങ്ങുന്നു

ആശംസകള്‍

ബിലാത്തിപട്ടണം Muralee Mukundan said...

തറവാട്ട് വിഷു വിശേഷങ്ങൾ...

Cv Thankappan said...

ഉയരുകയും,താഴുകയും ചെയ്യുന്ന തറവാടുകള്‍............
ആശംസകള്‍

Rajamony Kunjukunju said...

വെട്ടിയാട്ടില്‍ തറവാടിന്റെ കഥ വായിച്ചു....മിക്കവാറും എല്ലാ പഴയ തറവാടുകളും ഇപ്പോള്‍ ഈ അവസ്ഥയില്‍ ആണ്....ചെറുമക്കള്‍ ഒരു പക്ഷെ ഇനിയും തറവാട്ടിന്റെ മഹിമയും പഴമയും നിലനിര്‍ത്തുമെന് നമുക്ക് പ്രതീക്ഷിക്കാം !!!