Saturday, June 28, 2014

വടമാല


ഇന്ന് ദീപാരാധനക്ക് ഞാനെന്നും പോകുന്ന ശിവക്ഷേത്രത്തില്‍ അല്പം നേരെത്തെ തന്നെ പോയി. ദീപം തൊഴുത് ആല്‍ത്തറയിലിരുന്ന് കാറ്റുകൊണ്ടു കുറച്ചുനേരം.. ഇന്ന് നേരിയ തലവേദന ഉള്ളതിനാല്‍ ഈ ആലിന്റെ കാറ്റ് അതിന് സുഖം പകരുമെന്ന വിശ്വാസം എനിക്കുണ്ട്.. 

“ എന്തിനാ ഇവിടെ ഇരുന്ന് കൊതുകടി കൊള്ളുന്നതെന്ന് പത്മജ ടീച്ചര്‍ ചോദിച്ചുവെങ്കിലും ഞാന്‍ അവിടെ തന്നെ ഇരുന്നു..” വഴിയെ വന്ന ചേച്ചിമാരില്‍ മീരച്ചേച്ചി മാത്രം എനിക്ക് ഒരു വട തന്നു.. അപ്പോളാണ് ഞാന്‍ ഓര്‍ത്തത് ഇന്ന് മുപ്പെട്ട് ശനിയായിരുന്നുവെന്ന്. ഹനുമാന്‍ സ്വാമിക്ക് വടമാല ഇന്ന് നിവേദിക്കും.

ആദ്യം അറിഞ്ഞിരുന്നെങ്കില്‍ കാലിലെ വേദന സഹിച്ച് സോപാനത്തിന്നരികില്‍ ചെന്നുനിന്നുവെങ്കില്‍ തിരുമേനി എനിക്കും നിവേദിച്ച വട തരുമായിരുന്നു. എല്ലാര്‍ക്കും കൊടുക്കുന്നതിലും അധികം എനിക്ക് അദ്ദേഹം തരികയും ചെയ്യും,

നൈവേദ്യങ്ങള്‍ക്ക് ഞാന്‍ കൊതിയനാണ്.ആല്‍ത്തറയിലിരുന്ന് കാറ്റുകൊള്ളാന്‍ എനിക്ക് കൂട്ടായി ആരും വന്നില്ല, ബിജു ആവഴിക്ക് പോകുന്ന വഴി എന്നോട് കുശലം പറഞ്ഞു.

“എനിക്ക് മോളെ വീട്ടില്‍ കൊണ്ടുചെന്നാക്കീട്ട് വടക്കുന്നാഥനില്‍ തൃപ്പുക തൊഴാന്‍ പോകണം..”

ബിജുവിന്റെ കൂടെ പോകുകയാണെങ്കില്‍ വടക്കുന്നാഥനില്‍ നിന്ന് ഒറ്റയപ്പത്തിന്റെ ഒരു തുണ്ടോ, നല്ല കട്ടിയുള്ള ശര്‍ക്കരപ്പായസത്തിന്റെ നാലുവറ്റോ കിട്ടുമായിരുന്നു. പക്ഷെ ഞാന്‍ പോയില്ല. എനിക്കിന്ന് വയ്യായിരുന്നു. ഇന്നുമൊത്തം വീട്ടിലിരുപ്പായിരുന്നു.

കാലത്തെണീക്കാന്‍ വൈകി. വീട്ടുകാരിയുമായി രണ്ടുദിവസമായി സൌന്ദര്യപ്പിണക്കത്തില്‍ ആണ്,അതിനാല്‍ കാലത്ത് അവള്‍ ദോശ ചുട്ടുതന്നില്ല. ഒരു ഉണങ്ങിയ ഉപ്പുമാവ്..
“വേണമെങ്കില്‍ തിന്നോ എന്ന മട്ടില്‍...”

അവള്‍ക്ക് വയസ്സ് 60, ഞാനവളേക്കാളും പത്തുവയസ്സ് മൂത്തത്, അപ്പോള്‍ ഞാന്‍ നാലുചീത്ത വിളിച്ചെന്ന് വിചാരിച്ച് ഇങ്ങനെയുള്ള പീഡനം കാണിക്കാമോ...?

ഞാനെന്റെ കാമുകി പാറുകുട്ടിയെ ഓര്‍ത്തു. അവളുടെ അടുത്ത് പോയാല്‍ അവള്‍ എനിക്കിഷ്ടമുള്ളത് ഉണ്ടാക്കിത്തരും, പക്ഷെ അവിടെ വരെ ബസ്സില്‍ യാത്ര ചെയ്യാന്‍ എനിക്ക് വയ്യായിരുന്നു. കാറോടിക്കാനാണെങ്കില്‍ കുറച്ചുദിവസമായി കാലില്‍ കഴപ്പും തരിപ്പും. ക്ളച്ച് ചവിട്ടാന്‍ കെല്പില്ല. അവളെനിക്ക് ഒരു ഓട്ടോമേറ്റിക്ക് കാറ് വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്..

വരുന്ന തിരുവാതിര ഞാറ്റുവേലക്ക് ഞാന്‍ മയ്യത്തായില്ലെങ്കില്‍ അതോടിച്ച് ഇടക്ക് അവളുടെ അടുത്തെത്താം... അപ്പോ എനിക്ക് എന്റെ വീട്ടുകാരിയുടെ മോന്തായം കാണാണ്ടിരിക്കാം ഇങ്ങനെ അവള്‍ സമരം പിടിക്കാന്‍ വന്നാല്‍..

ഇന്ന് ഉച്ചക്ക് വീട്ടുകാരി അയല വറുത്തതും കൊഴുവക്കറിയും ഒക്കെ തന്നുവെങ്കിലും അതിലൊന്നും ഞാന്‍ വീണില്ല, ഞാനും സമരത്തിലാണ്. എന്താ എനിക്കും സമരം ചെയ്തുകൂടെ...?

എനിക്ക് ഒന്നും തന്നില്ലെങ്കിലും വേണ്ട, കാലത്ത് 5 ദോശ വേണം. പിന്ന് ഉച്ചക്ക് പട്ടിണിയായാലും വേണ്ടില്ല, പിന്നെ രാത്രി 6 ചപ്പാത്തിയും കടലക്കറിയോ ചിക്കന്‍ കറിയുടെ ചാറോ ആയാലും മതി... എന്റെ കാര്യം നോക്കാനാരുമില്ല, വയസ്സായി വയ്യാണ്ടായി...

കൃഷ്ണാ ഗുരുവായൂരപ്പാ... എന്നേക്കാളും എത്രയോ മാരകമായ രോഗികള്‍ ഈ ലോകത്തുണ്ട്, അപ്പോള്‍ എനിക്കൊന്നും ഇല്ല. എന്നെ ഗള്‍ഫില്‍ കൊണ്ടുപോയി എനിക്ക് നാലുകാശ് ഉണ്ടാക്കിത്തന്ന മഹാത്മാവ് ഇന്ന് കേന്‍സര്‍ രോഗബാധിതനാണ്. അദ്ദേഹത്തിന്റെ രോഗം മാറ്റിക്കൊടുക്കേണമേ.. എനിക്കാരും ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല, ഒരു നേരം പട്ടിണി കിടന്നാലും വേണ്ടില്ല, അദ്ദേഹത്തിന് സൌഖ്യവും സമാധാനവും രോഗശാന്തിയും പ്രദാനം ചെയ്യേണമേ ഗുരുവായൂരപ്പാ..

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

“എനിക്ക് മോളെ വീട്ടില്‍ കൊണ്ടുചെന്നാക്കീട്ട് വടക്കുന്നാഥനില്‍ തൃപ്പുക തൊഴാന്‍ പോകണം..”

ബിജുവിന്റെ കൂടെ പോകുകയാണെങ്കില്‍ വടക്കുന്നാഥനില്‍ നിന്ന് ഒറ്റയപ്പത്തിന്റെ ഒരു തുണ്ടോ, നല്ല കട്ടിയുള്ള ശര്‍ക്കരപ്പായസത്തിന്റെ നാലുവറ്റോ കിട്ടുമായിരുന്നു. പക്ഷെ ഞാന്‍ പോയില്ല. എനിക്കിന്ന് വയ്യായിരുന്നു. ഇന്നുമൊത്തം വീട്ടിലിരുപ്പായിരുന്നു.

ajith said...

പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ!

Muralee Mukundan , ബിലാത്തിപട്ടണം said...

വാടാമലരും വടമാലയും കാണിക്ക വെക്കുകുക