Monday, January 26, 2015

കൊഴുവയുണ്ടോ ആശാനേ...?

കുറച്ച് കാലമായി കാല്‍ പാദത്തില്‍ തരിപ്പും, കോച്ചലും ആകെ ഒരു വല്ലായ്മയും. 13 കൊല്ലമായി അസുഖം. തീരെ വിട്ടുമാറുന്നില്ല. ഹോമിയോയും ആയുര്‍വ്വേദവും പരീഷിച്ച് ഇപ്പോ അലോപ്പതി ചികില്‍ത്സയായിട്ട് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞു. എന്നെ ആര് ചികിത്സിച്ചാലും എനിക്ക് ഡോക്ടര്‍ ചന്ദ്രശേഖരനെ തന്നെ കാണണം. വലിയ കുഴപ്പമില്ലാത്ത പരുവത്തിലാക്കി തന്നിട്ടുണ്ട് അസുഖങ്ങളൊക്കെ. പിന്നെ ഞങ്ങള്‍ അയല്‍ക്കാരും കൂടിയാണ്. അപ്പോള്‍ ഒരു പ്രത്യേക പരിഗണനയും ഉണ്ടാകുമല്ലോ.



എന്റെ അമ്മയും അദ്ദേഹത്തിന്റെ പേഷ്യന്റ് ആയിരുന്നു. പൊതുവെ വയസ്സായ ആളുകള്‍ക്ക് അദ്ദേഹത്തിന്റെ ചികിത്സ വളരെ ആശ്വാസകരമാണ്.

എത്ര തിരക്കുണ്ടായാലും, വിശദമായി പരിശോധിക്കും, പിന്നെ കുശലം പറയും, വീട്ട് വര്‍ത്തമാനം ചോദിക്കും.അനാവശ്യമായ മരുന്നകളും, ലാബ് ടെസ്റ്റുകളൊന്നും അദ്ദേഹത്തിനില്ല. വളരെ ക്ഷമാ ശീലനാണ്.

"എടോ ജയപ്രകാശ്..... " എന്നെ അങ്ങിനെയാ അദ്ദേഹം വിളിക്കുക. പക്ഷെ ഈ നാട്ടുകാരെല്ലാം എന്നെ ജെ പി എന്ന ചുരുക്കപേരിലും വിളിക്കും. എന്റെ ജന്മ നാട്ടിലെന്നെ ഉണ്ണി എന്ന പേരിലാണറിയപ്പെടുക. പല സ്ഥലത്തും പല പേരില്‍. ഗള്‍ഫില്‍ എന്നെ അറബികള്‍ ബര്‍ഗാഷ് എന്നും വിളിക്കും.

എടോ ജയപ്രകാശ് തന്റെ ഈ രോഗമൊന്നും ഇത്ര വലിയ പ്രശ്നമുള്ളതല്ല.. നമുക്ക് മരുന്നൊക്കെ കുറേശ്ശെ കുറക്കാം. പകരം പ്രകൃതിയില്‍ നിന്ന് കിട്ടാവുന്ന രീതികളിലേക്ക് മാറ്റാം.

ചില ബ്ലഡ് പരിശോധന നടത്താം. കൊളസ്ട്രോള്‍, ഷുഗര്‍ എന്ന കുണ്ടാമണ്ടികള്‍ ഉണ്ടെന്ന് നോക്കാം. വയസ്സ് അറുപത് കഴിഞ്ഞില്ലേ?
എന്തെങ്കിലും ഒക്കെ കാണും. അതറിഞ്ഞാല്‍ പിന്നെ ചികിത്സ എളുപ്പമാ.
പിന്നെ താന്‍ മത്സ്യം ധാരാ‍ളം കഴിച്ചുതുടങ്ങണം. മുള്ളുള്ള ചെറിയ മീനുകള്‍. കൊഴുവ, മുള്ളന്‍ മുതലായവ. അതില്‍ നിന്ന് കാത്സിയം കൂടുതല്‍ കിട്ടും. പിന്നെ ഇത്തരം മീനില്‍ വേറെ പ്രശ്നമൊന്നുമില്ല താനും.

ഡോക്ടര്‍ ചന്ദ്രശേഖരന്റെ താല്പര്യപ്രകാരം ഞാന്‍ പിറ്റേ ദിവസം തന്നെ എന്റെ വീടിന്റെ അടുത്തുള്ള ശക്തന്‍ മാര്‍ക്കറ്റില്‍ എത്തി.
കൊഴുവയും, മുള്ളനും, ചാളയും എല്ലാം വാങ്ങി. വര്‍ഗ്ഗീസിന്റെ കടയിലെ ജോയ്സണ്‍ പറഞ്ഞു കൊഴുവയാണ് ഇതിന്ന് അത്യുത്തമം.
എനിക്ക് ഫോണ്‍ നമ്പര്‍ തന്നു. വിളിച്ചാല്‍ മാറ്റി വെക്കാമെന്നും പറഞ്ഞു.
അങ്ങിനെ കൊഴുവയും, മറ്റു മീനുകളും കഴിച്ചുതുടങ്ങി. ശ്രീമതിക്ക്  വലിയ തൃപ്തിയൊന്നുമില്ല ചെറിയ മീനുകളെ വൃത്തിയാക്കി കറി വെക്കാന്‍. പിന്നെ ഒരു രോഗിക്കായതിനാലുള്ള ഒരു പരിഗണന മാത്രം.

ഇപ്പൊളെത്തെ പട്ടണ വാസികളായ പെണ്ണുങ്ങളെ മടി പിടിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളുമുണ്ട് ഈ തൃശ്ശൂരിലെ കച്ചവടക്കാര്‍ക്ക്. എല്ലാം മീനും വെട്ടി വൃത്തിയാക്കി കൊടുക്കും. ചെറിയ മീന്‍ അവര്‍ക്ക് മുതല്ലാവില്ല. കാരണം മീനേക്കാളും വില കൂടും നന്നാക്കാനുള്ള കൂലി, തന്നെയുമല്ല പണിക്കൂടുതലും..

ഇപ്പോ ഞങ്ങളുടെ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്, തൊലി കളഞ്ഞ വെളുത്തുള്ളിയും, അരിഞ്ഞ് നുറുക്കി വെച്ച സാമ്പാര്‍, അവിയല്‍, തോരന്‍ മുതലായ കഷ്ണങ്ങളും, ഒക്കെ വെച്ചിരിക്കുന്നു.

കൂര്‍ക്ക രണ്ട് കിലോ ഒന്നിച്ച് വാങ്ങിയാല്‍ അത് നന്നായി തോല് കളഞ്ഞ് ബേഗിലാക്കി കെട്ടിത്തരും. പിന്നെ 5 മിനിട്ടിനുള്ളില്‍ ഇഡ്ഡലി/ദോശമാവും ആട്ടിത്തരും.

പിന്നെ കൂര്‍ക്കഞ്ചേരിയിലുള്ള ആ കടയില്‍ തന്നെ, മസാല പുരട്ടിയ ഇറച്ചിയും മീനും കിട്ടും. അപ്പോള്‍ വീട്ട് പണി ഇവിടുത്തെ വീട്ടമ്മമാര്‍ക്ക് തീരെ ഇല്ല.

ഒരു കാര്യം എനിക്ക് മനസ്സിലാകുന്നില്ല. എന്താണ് ഈ കടക്കാര്‍ നല്ല ഒരു വീട്ടമ്മയെയും കൂടി തരാത്തത്? അതും കൂടി കിട്ടിയാല്‍ പിന്നെ ജീവിതം പരമസുഖം തന്നെ.

പണ്ടൊക്കെ നല്ല ഭക്ഷണം കിട്ടുമായിരുന്നു വീട്ടില്‍. ഇപ്പോ ഈ വക സൌകര്യമെല്ലാം വന്നപ്പോള്‍ എന്നും അസുഖമാണ്. അവനവന്റെ വീട്ടിലെ വൃത്തി വേറെ എവിടെ നിന്നെങ്കിലും കിട്ടുമോ?...പക്ഷെ ഈ പെണ്ണുങ്ങള്‍ക്ക് ഇതൊക്കെ കേള്‍ക്കാന്‍ നേരമില്ല..

22  കൊല്ലം പല അവസരങ്ങളിലായി ജങ്ക് ഫുഡ് കഴിച്ചാണ് ഞാന്‍ ഗള്‍ഫിലും യൂറോപ്പിലും കഴിഞ്ഞത്. അത് അവിടുത്തെ അവസ്ഥയാണെന്ന് പറയാം. പക്ഷെ നാട്ടിലും ആ ഗതി വന്നാലോ.

ഞാന്‍ എന്റെ തൃശ്ശൂരിലെ വീട്ടിലെ ഭക്ഷണം തിന്ന് മടുക്കുമ്പോള്‍ കുറച്ച് ദിവസം നാട്ടിന്‍ പുറത്തെ തറവാട്ടില്‍ പോയി നില്‍ക്കും. അവിടുത്തെ ഭക്ഷണം തികച്ചും ഒറിജിനല്‍ തന്നെ. കല്ലിലാട്ടിയ മാവുകൊണ്ടുണ്ടാക്കിയ ദോശയും, ഇഡ്ഡലിയും, അമ്മിയിലരച്ച ചമ്മന്തിയും, കറിക്കൂട്ടുകളും, നല്ല പുഞ്ച നെല്ലിന്റെ അരിയും...ഹാ........

എന്തൊരു രസം. പിന്നെ കുളത്തിലുള്ള കുളിയും, തെങ്ങിന്‍ തോപ്പിലൂടെയുള്ള നടത്തവും.........
ഇതൊക്കെ വിട്ട് പിന്നെന്തിനാ ഈ ഞാന്‍ ഈ ദുരിതത്തിലേക്ക് വന്നത്?

ആ... അവിടെയാ പ്രശ്നം...
ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന പിള്ളേരുടെ തുടര്‍ വിദ്യാഭ്യാസം പ്രമാണിച്ചാണ് ഇങ്ങോട്ട് ചേക്കേറിയത്. ഇപ്പോള്‍ ഈ നാട്ടുകാരനായി. സോക്കേടുകാരനും....

കാലിലെ തരിപ്പും, കോച്ചലും മാറുന്നില്ലാ എന്ന് തറവാട്ടിലുള്ള സഹോദരനോട് പറഞ്ഞപ്പോള്‍ എന്നോട് അവിടെ വന്ന് താമസിക്കാനാണ് പറഞ്ഞത്..

ഇലക്കിഴിയും, വൈകിട്ട് ഞെരിപ്പോടിലെ ചൂട് തട്ടലും, പിന്നെ നല്ല പൊടിയരിക്കഞ്ഞിയും, ഉപ്പു മാങ്ങായും എല്ലാം സേവിച്ച് ശിഷ്ട ജീവിതം അവിടെ കഴിക്കാനാണ് അവന്‍ പറേണത്...

 എനിക്കവിടെ ഒരു പിടി മണ്ണുണ്ട്, നെല്‍ വയലും തെങ്ങിന്‍ തോപ്പുകളും എല്ലാം ചേര്‍ന്നാല്‍ എനിക്കും എന്റെ മകനും കൂടി ഏതാണ്ട് 80 ല്‍ കൂടുതല്‍ സെന്റ് സ്ഥലം ഉണ്ട്. ഇന്നെത്തെ വിലക്ക് സുമാര്‍ ഒന്നര കോടി രൂപ വില മതിക്കും. 

പക്ഷെ എനിക്കെങ്കില് എന്റെ ശ്രീമതിയെ   പിരിഞ്ഞിരിക്കാന്‍ പറ്റില്ല. ഓളുടെ അടുത്ത് തല്ല് കൂടിയും, വക്കാണം പറഞ്ഞും ഇരിക്കണം എനിക്ക്.. ഓള്‍ക്കാണെങ്കില് നാട്ടിന്‍പുറം ഇഷ്ടമില്ലത്രെ..

അവള്‍ക്ക് നാട്ടിന്‍ പുറം ഇഷ്ടമല്ലെങ്കില്‍ ഈ സ്ഥലമെല്ലാം ആവശ്യമുള്ളവര്‍ക്ക് കൊടുത്ത് ആ പണം കൊണ്ട് തൃശ്ശൂരിന്റെ ഗ്രാമപ്രദേശമായ കണിമംഗലത്തോ ചിയ്യാരത്തോ ചെറിയ  തെങ്ങിന്‍ തോപ്പും നെല്‍ വയലു കൂടി വാങ്ങാം. അവിടെയാണെങ്കില്‍ തോട്ടിലെ മീനും ഞെണ്ടും ആമയും ഒക്കെ കിട്ടും.. നാല് തെങ്ങ് ചെത്താന്‍ കൊടുത്താല്‍ കാലത്ത് ഒരു ചിരട്ടയുമായി തെങ്ങിന്‍ ചുവട്ടില്‍ നിന്നാല്‍ ഒരു ചിരട്ട കള്ളും കിട്ടും.

പിന്നെ നമ്മള്‍ കഴിയുന്നത്ര ആര്‍ക്കും ഒരു ഭാരമാകാതെ കഴിയണം. എനിക്ക് മക്കളും, മരുമക്കളും ഒക്കെ ആയെങ്കിലും ഞാന്‍ ആര്‍ക്കും ഒരു ഭാരമല്ല ഇപ്പോള്‍. വല്ലപ്പോഴും ജന്മനാട്ടില്‍ പോയി അനുജനോടൊന്ന് താമസിക്കും. എന്റെ എല്ലാ ദു:ഖങ്ങളും വേദനകളും ഞാന്‍ മറക്കും അവിടെ ചെന്നാല്‍.. ഇപ്പോള്‍ അവിടെ അല്ലറചില്ലറ പ്രശ്നങ്ങളുണ്ട്, അതൊക്കെ പരിഹരിക്കാനുള്ള വഴികള്‍ മണ്മറഞ്ഞ എന്റെ അച്ചനും അമ്മയും സ്വപ്നത്തില്‍ കൂടി എന്നെ അറിയിച്ചു... പ്രശ്നക്കാര്‍ക്ക് നല്ല ബുദ്ധി അവര്‍ കൊടുത്തുകൊണ്ടിരിക്കുന്നു എന്നാണ്  ഇപ്പോഴത്തെ അവസ്ഥയില്‍ കൂടി ഞാന്‍ മനസ്സിലാക്കുന്നത്.. 

ഇന്റര്‍ നെറ്റ്, വൈദ്യുതി, നല്ല വെള്ളം എന്നിവ സുലഭമല്ല എന്റെ നാട്ടിലിപ്പോള്‍. അതിനാല്‍ ഈ വേനല്‍ കാലത്ത് അവിടുത്തെ ജീവിതം സുഖകരമല്ല..

കാലത്ത് എണ്ണ തേച്ച് കുളിച്ച് വീട്ടുമുറ്റത്തുള്ള ആലിന്‍ ചുവട്ടിലോ, ഓല മേഞ്ഞ ഔട്ട് ഹൌസിലോ ഇരിക്കുമ്പോളുള്ള ഒരു സുഖം ഈ ഭൂമിയിലെവിടെയും ഇല്ലാ...

ഇന്ന് കാലത്ത് ഞാന്‍ വീണ്ടും തൃശ്ശിവപേരൂരിലുള്ള വസതിക്കടുത്ത ശക്തന്‍ മാര്‍ക്കറ്റിലെത്തി.

“കൊഴുവയുണ്ടോ ആശാനേ?“

 വര്‍ഗ്ഗീസിന്റെ കടയിലുള്ള വിഭവങ്ങളൊക്കെ നോക്കിയതിന് ശേഷം മൊത്തം മാര്‍ക്കറ്റിലെ മീനുകളുടെ സ്റ്റോക്കെടുപ്പ് നടത്തി.

മുള്ളന്‍ മീന്‍ സാധാരണ ഉണ്ടാവാറില്ല. ഇന്ന് ജോയിച്ചേട്ടന്റെ കടയിലുള്ളത് മൊത്തം വാങ്ങി. പിന്നെ വര്‍ഗ്ഗീസിന്റെ കടയില്‍ നിന്ന് ശ്രീമതിക്ക്  രണ്ട് കിലോ ഏട്ടയും, ഒരു കിലോ അറക്ക്യയും വാങ്ങി. പിന്നെ എനിക്ക് ഒരു കിലോ കൊഴുവയും...






3 comments:

ജെ പി വെട്ടിയാട്ടില്‍ said...

പിന്നെ നമ്മള് കഴിയുന്നത്ര ആര്ക്കും ഒരു ഭാരമാകാതെ കഴിയണം. എനിക്ക് മക്കളും, മരുമക്കളും ഒക്കെ ആയെങ്കിലും ഞാന് ആര്ക്കും ഒരു ഭാരമല്ല ഇപ്പോള്. വല്ലപ്പോഴും ജന്മനാട്ടില് പോയി അനുജനോടൊന്ന് താമസിക്കും. എന്റെ എല്ലാ ദു:ഖങ്ങളും വേദനകളും ഞാന് മറക്കും അവിടെ ചെന്നാല്..

Cv Thankappan said...

ആയുരാരോഗ്യസൌഖ്യം നേരുന്നു.
ആശംസകള്‍ ജെ.പി.സാര്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കൊഴുവ കാട്ടി കൊതിപ്പിക്കുകയാണല്ലേ...