Tuesday, February 24, 2015

അമ്മായിയപ്പന് 4 ചപ്പാത്തി

MEMOIR


മക്കളും മരുമക്കളും ഭാര്യമാരുമായി [സോറി, ഭാര്യയുമായി] കുറേ പേരുണ്ട് അമ്മായിയപ്പന്.. രോഗിയായ അമ്മായിയപ്പന് വൈകിട്ട് 4 ചപ്പാത്തി ഉണ്ടാക്കിത്തരാന്‍ ആരുമില്ല..  ഇങ്ങിനെ പരിഭവങ്ങളും വിഷമങ്ങളും എഴുതരുതെന്ന് ചിലര്‍ പറഞ്ഞിരുന്നു. പക്ഷെ ആരാ‍ാടെങ്കിലും എന്റെ ദുരവസ്ഥ എനിക്ക് പങ്കുവെച്ചേ മതിയാകൂ... 

ഡോക്ടര്‍ പറഞ്ഞു പണ്ടത്തെപ്പോലെ ഒരു നേരത്തെ അരിഭക്ഷണം മതി. വൈകിട്ട് നാലുചപ്പാത്തി കഴിച്ചാല്‍ മതി. പക്ഷെ എവിടെ നിന്നുകിട്ടും ഹോം മെയ്ഡ് ചപ്പാത്തി നാലെണ്ണം... ഞാന്‍ എന്നു തൊഴാന്‍ പോകുന്ന ഒരു ക്ഷേത്രം ഉണ്ട്. അവിടുത്തെ ദേവനോട് ഞാന്‍ എന്റെ പരാതികള്‍ പറയാറുണ്ട്. അങ്ങിനെ അമ്പല നടയില്‍ തൊഴാന്‍ വരുന്ന ഒരു പെണ്‍കുട്ടി എനിക്ക് ചപ്പാത്തി കുറച്ച് നാളായി ഉണ്ടാക്കിത്തന്നുകൊണ്ടിരിക്കുന്നു. അവളുടെ കരുണക്ക് ഞാന്‍ അവളൊട് അവളുടെ മക്കളോടും അച്ചന്‍ തേവരോടും കടപ്പെട്ടിരിക്കുന്നു. പക്ഷെ അവളുണ്ടാക്കുന്ന ചപ്പാത്തി എന്റെ സങ്കല്‍പ്പത്തില്‍ ഉള്ളതല്ല. എനിക്ക് നല്ല ബലമുള്ള [സ്റ്റിഫ്]  ചപ്പാത്തി വേണം. കുഴഞ്ഞ് കിടക്കുന്നത് പറ്റില്ല. ഭക്ഷണം കഴിക്കുന്ന വിരലുകള്‍ കൊണ്ട് അനായേസേന പൊട്ടിക്കാന്‍ പറ്റാത്തവയായിരിക്കണം ഞാന്‍ ഉദ്ദേശിക്കുന്ന ചപ്പാത്തി.. 

ഞാന്‍ 1965 മുതല്‍ 2014 അവസാനം വരെ വൈകിട്ട് ചപ്പാത്തിയോ, ഗള്‍ഫിലാണെങ്കില്‍ ചപ്പാത്തിയും കുബൂസും ഒക്കെ ആയിരുന്നു എന്റെ അത്താഴം.. ഇപ്പോല്‍ കുറച്ചുമാസമായി വൈകീട്ടും ചോറ്. ചോറിലേക്ക് മാറിയത് ഒരു വാഹനാ‍ാപകടത്തെ തുടര്‍ന്ന് കിടപ്പിലായതിനുശേഷം.. എന്റെ പെണ്ണിന് ഇരുകരങ്ങളും ഞരമ്പ് സംബന്ധമായ അസുഖത്താല്‍ കുറച്ച് കാലങ്ങളായി രോഗാവസ്ഥയിലായിരുന്നു. ചുരുക്കം പറഞ്ഞാല്‍ ബ്ലൌസിന്റെ ഹുക്ക് ഇടാനോ,  തോര്‍ത്തുമുണ്ട് പിഴിയാനോ അടുക്കളയില്‍ നാളികേരം ചിരകുവാനോ ഒന്നും പറ്റില്ല. അതിനെ തുടര്‍ന്ന് അവളെനിക്ക് ചപ്പാത്തി ഉണ്ടാ‍ാക്കല്‍ നിര്‍ത്തി. ഞാന്‍ അങ്ങിനെ ചപ്പാത്തിക്ക് പകരം വൈകിട്ട് ബ്രെഡ് അല്ലെങ്കില്‍  ഹോട്ടലുകളില്‍ നിന്നുള്ള പൊറോട്ട മുതലായ കൊണ്ട് തൃപ്തിപ്പെട്ടു. 

ഇപ്പോള്‍ എനിക് ഹോട്ടല്‍ ഫുഡ് പറ്റില്ല, വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ചപ്പാത്തി വേണം... പക്ഷെ ആരും എനിക്ക് ഉണ്ടാക്കിത്തരില്ല. എല്ലാവര്‍ക്കും  6 മണിയാകുമ്പോളേക്കും ടിവി യുടെ മുന്നിലിരുന്ന് സീരിയല്‍ കാണണം. കഴിഞ്ഞ ആഴ്ച ഞങ്ങള്‍ വൈകിട്ട് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ പേരക്കുട്ടി (4 വയസ്സ് ) കാണാനില്ല. അവളുടെ അമ്മയോടന്വേഷിച്ചപ്പോള്‍....” കുട്ടിമാളു പരസ്പരം കാണുകയാണ്...” എനിക്ക് കലികയറി. എനിക്ക് എന്റെ ഭാര്യയെ ശകാരിക്കുന്ന പോലെ മരുമകളെ ശകാരിക്കാനാകുമോ...? 

ഞാന്‍ തട്ടിന്‍ മുകളില്‍ കയറി ടിവിയും അനുബന്ധ സാമഗ്രികളും എറിഞ്ഞുടക്കാന്‍ തുനിഞ്ഞു. പിന്നെ വേണ്ടെന്ന് വെച്ചു.. ഈ കുരുന്നുമക്കളെ ടിവി സീരിയല്‍ കാണിക്കുന്ന അമ്മമാരെ എന്തുവിളിക്കണം...??  ഞാന്‍ വല്ലപ്പോഴും ഉമ്മറത്തിരിക്കുമ്പോള്‍ കുട്ടിമാളു എന്നോട് ടിവി സീരിയലിലെ വിശേഷം പങ്കിടും. അപൂര്‍വ്വമേ അവള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വിവരിക്കൂ.. ഇപ്പോള്‍ അവള്‍ക്കിഷ്ടം പരസ്പരത്തിലെ മീനാക്ഷിയേയാണ്.  ഞാന്‍ ഇതുവരെ സീരിയല്‍ കണ്ടിട്ടില്ല. എന്റെ പെണ്ണ്  എല്ലാം കാണും, ചിലപ്പോള്‍ അത് കണ്ടുംകൊണ്ട് കരയും, അല്ലെങ്കില്‍ ടെന്‍ഷനായി ഇരിക്കുന്നത് കാണും, അല്ലെങ്കില്‍ കിടപ്പുമുറിയില്‍ ഉത്സാഹം കാണിക്കാതെ ആരേയോ പഴിപറഞ്ഞ് പുതപ്പുമൂടിയിട്ട് കിടക്കും... 

കാലം പോകുന്ന പോക്കേ...? എന്തൊക്കെ കാണണം....? + നാം കഥയിലേക്ക് മടങ്ങാ‍ാം...  നാലുചപ്പാത്തിയാണ് വിഷയം... എന്റെ ബിസിനസ്സ് പാര്‍ട്ടറും ബ്ലോഗറുമായ കുട്ടന്‍ മേനോന്‍ പറയുന്നു....”തോറ്റുകൊടുക്കരുത് പ്രകാശേട്ടാ.. തോല്‍ക്കരുത്....!!” അവര്‍ ഉണ്ടാക്കിത്തന്നില്ലെങ്കില്‍ ഞാന്‍ ഉണ്ടാക്കിത്തരാം..[എന്റെ ഓഫീസും വീടും അധികം അകലത്തിലല്ല] അല്ലെങ്കില്‍ പ്രകാശേട്ടന്‍ അറിയാവുന്ന രീതിയില്‍ ഉണ്ടാക്കി കഴിക്കണം.. അങ്ങിനെ എനിക്ക് പ്രചോദനവും  ധൈരവും ആത്മാഭിമാനവും തരുന്ന എന്റെ പ്രിയ സുഹൃത്ത് കുട്ടന്‍ മേനോന്‍ എന്ന ബ്ലോഗ് എഴുത്തുകാരനെ ഞാന്‍ നമിക്കുന്നു..

 ഞാന്‍ ഇന്ന് കാലത്ത് തൃശ്ശൂര്‍ എലൈറ്റ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ഒരു കിലോ ആട്ടയും പുതിയ ചപ്പാത്തി പലകയും ഉരുട്ടുന്ന വടിയും....[പ്രായാധിക്യം കൊണ്ട് പലതിന്റേയും പേര് ഓര്‍മ്മ വരുന്നില്ല] വാങ്ങി.. എന്റെ വീട്ടിലെ അടുക്കള എപ്പോഴും മെസ്സി ആയിരിക്കും. ആര്‍ക്കും ഒരു വൃത്തിയും വെടിപ്പുമില്ല..  എന്റെ പെണ്ണിനോട് പറഞ്ഞു. ഇന്ന് മുതല്‍ അടുക്കളയുടെ പകുതി ഭാഗം എനിക്ക് വേണം. അപ്പോള്‍ എനിക്ക് സൌകര്യമായി കുക്കിങ്ങില്‍ ഏര്‍പ്പെടാമല്ലോ... “തന്നെയുമല്ല ഇന്നുമുതല്‍ എന്റെ വീട്ടില്‍ ഗസ്റ്റ് ആയി താ‍മസിക്കാന്‍ ആരും വരാന്‍ പാടില്ല.  കാരണം അതിഥികള്‍ വീട്ടിലുണ്ടായാല്‍ ഞാന്‍ അടുക്കളയില്‍ കയറി ചപ്പാത്തി ഉണ്ടാക്കുകയും മറ്റും കണ്ടാല്‍ നാണക്കേട് നിനക്കുതന്നെയാകും...

“ എന്റെ പെണ്ണിന്റെ വിചാരം എനിക്ക് കുക്കിങ്ങ് ഒന്നുമറിയില്ലെന്നാണ്.. ഞാന്‍ ഹൈദരാബാദില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലത്ത് എന്റെ പ്രണയിനി ചേതനയാണ് ചപ്പാത്തി തിന്നാന്‍ പഠിപ്പിച്ചത്.. പിന്നെ ഞാന്‍ താമസിച്ചിരുന്ന ചേച്ചിയുടെ വീട്ടിലും വൈകീട്ട് ഞാനും ചേച്ചിയും കൂടിയായിരുന്നു ചപ്പാത്തി പണി.. ചപ്പാത്തിക്ക് കൂട്ടാനായി സലാഡും..[സബോള, തക്കാളി, മല്ലിയില, ചെറുനാരങ്ങാ നീര്] ഉണ്ടാക്കിയിരുന്നു. കിണ്ണത്തില്‍ അവശേഷിക്കുന്ന സലാഡിന്റെ വെള്ളം എനിക്കായിരുന്നു ചേച്ചി തന്നിരുന്നത്... 

ഈ ചേച്ചിയും ചേട്ടനും ആയിരുന്നു എന്റെ  ജീവിത വിജയത്തിനുപിന്നില്‍ ഉണ്ടായിരുന്നത്. ചേട്ടന്‍ ആര്‍ സി എ അന്ന കമ്പനിയുടെ ഹൈദരാബാദിലെ അധിപന്‍ ആയിരുന്നു... ഞാന്‍ പല കുസൃതികളും അവിടെ ചെയ്തിരുന്നു... എന്റെ ജീവിതസ്വപ്നങ്ങളില്‍ ഇന്നും മുക്കാല്‍ ഭാഗവും ഹൈദരാബാദ് സെക്കന്തരാബാദ് നഗരങ്ങളാണ്.. എത്ര ഓര്‍ത്താലും മതിവരാത്ത സ്വപ്നങ്ങള്‍..... അതൊക്കെയേ ഉള്ളൂ ഇനി എനിക്ക് ഓര്‍ക്കാന്‍ ഈ വയസ്സില്‍.. 

ഈ എഴുപതാം വയസ്സിലും എന്റെ ആരോഗ്യം എന്റെ സ്വപ്നങ്ങളാണ്... ഹൈദരാബാദിലെ ചേതനയും കേരളത്തിലെ പാറുകുട്ടിയും എല്ലാം എനിക്ക് ആയുരാരോഗ്യം നല്‍കുന്നു......

 കഥ നീണ്ടുപോകുന്നു സുഹൃത്തുക്കളേ.. ഇത് വായിക്കുന്നവരില്‍ പലരും വീട്ടമ്മമാരും മറ്റുമായിരിക്കുമല്ലോ.. 

എനിക്ക് മേല്‍ പറഞ്ഞ വിധത്തിലുള്ള സ്റ്റിഫ്നസ്സോട് കൂടിയ ചപ്പാത്തി ഉണ്ടാക്കാനുള്ള  റസീപ്പി ഇപ്പോള്‍ തന്നെ ഇവിടെ “കമന്റ്” ബോക്സില്‍ അയച്ചുതരുമല്ലോ.. ഇന്ന് വൈകിട്ട് ഞാന്‍ ചപ്പാത്തി ഉണ്ടാക്കാന്‍ പോകുന്നു. എനിക്ക് വലിയ അസുഖങ്ങളായി ഒന്നുമില്ലേങ്കിലും എന്റെ പെണ്ണ് പ്രമേഹ രോഗിയും ഹൈപ്പര്‍ ടെന്‍ഷന്‍ കാരിയും ആണ്. 

ഒന്നുമില്ലെങ്കിലും എന്റെ പെണ്ണല്ലേ...? ഉപകാരമില്ലാത്ത രണ്ട് മക്കളുടെ അമ്മയും അല്ലേ...? നാലു ചപ്പാത്തി അവള്‍ക്കും കൊടുക്കാം... 

ഒരു  രോഗിയായി മരിക്കുന്നതിനേക്കാളും നല്ലതല്ലേ ആരോഗ്യത്തോട് കൂടി മരിക്കുന്നത്...? നാളെ വരാം കൂട്ടുകാരേ എന്റെ ചപ്പാത്തി വിശേഷങ്ങളുമായി....

++++++

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

“ എന്റെ പെണ്ണിന്റെ വിചാരം എനിക്ക് കുക്കിങ്ങ് ഒന്നുമറിയില്ലെന്നാണ്.. ഞാന്‍ ഹൈദരാബാദില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലത്ത് എന്റെ പ്രണയിനി ചേതനയാണ് ചപ്പാത്തി തിന്നാന്‍ പഠിപ്പിച്ചത്..

പിന്നെ ഞാന്‍ താമസിച്ചിരുന്ന ചേച്ചിയുടെ വീട്ടിലും വൈകീട്ട് ഞാനും ചേച്ചിയും കൂടിയായിരുന്നു ചപ്പാത്തി പണി.. ചപ്പാത്തിക്ക് കൂട്ടാനായി സലാഡും..[സബോള, തക്കാളി, മല്ലിയില, ചെറുനാരങ്ങാ നീര്] ഉണ്ടാക്കിയിരുന്നു. കിണ്ണത്തില്‍ അവശേഷിക്കുന്ന സലാഡിന്റെ വെള്ളം എനിക്കായിരുന്നു ചേച്ചി തന്നിരുന്നത്

ജെ പി വെട്ടിയാട്ടില്‍ said...

ചേതനയെ പറ്റിയുള്ള എന്റെ ഓര്‍മ്മകള്‍ ഇവിടെ ഈ ലിങ്കില്‍ പങ്കുവെക്കുന്നു... ശേഷിച്ച ഭാഗങ്ങളും അവിടെ കാണാം.. http://jp-smriti.blogspot.in/2010/02/blog-post.html

Muralee Mukundan , ബിലാത്തിപട്ടണം said...

പട്ടണത്തിൽ കോടികൾ
വിലമതിക്കുന്ന വീടും പുരയിടവും,
നാട്ടിൽ അനേകം പുരയിടങ്ങൾ ...
എന്നിട്ടും നക്കാ പിച്ച ജീവിതം നയിക്കുന്ന ദമ്പതികൾ...!

മക്കൾ തിരിഞ്ഞ് നോക്കുന്നില്ലെങ്കിൽ , ചുമ്മാ അവരെ കുറ്റം പറയാതെ , ഏതെങ്കിലും ഒരു പുരയിടം വിറ്റ് വേലക്കാരെ വെച്ച് ഇനിയുള്ള ജീവിതം ഇഷ്ട്ടപ്പെട്ടതിനനുസരിച്ച് കെട്ട്യോനും കെട്ട്യോളും കൂടി അടിച്ച് പൊളിക്ക്...!


എന്നിട്ട് ഇതുപോലെ സുന്ദരമായ പൂർവ്വാശ്രമ കഥകളുടെ കെട്ടഴിച്ച് വിടൂ...കേട്ടൊ ജയേട്ടാ

Rajamony Anedathu said...

,,,മുകളില്‍ മുരളീ മുകുന്ദന്‍ സൂചിപ്പിച്ച കാര്യം പരീക്ഷിക്കാവുന്നതാണ്...ജെ പി യ്ക്ക് ...ഹ.....ഹ...പിന്നെ നാല് ചപ്പാത്തി ഉണ്ടാക്കാന്‍ ജെ പി യെ പഠിപ്പിക്കേണ്ട കാര്യം ഉണ്ടോ...? എന്തെളുപ്പം ചപ്പാത്തി ഉണ്ടാക്കാന്‍ ...പിന്നെ നല്ല ഹോം മെയ്ഡ് ..ചപ്പാത്തി ,മരിയാസ് ചപ്പാത്തി ...ഇവിടെ നാട്ടില്‍ എനിക്ക് കിട്ടുന്ന്ട് ...ഹാല്‍ഫ്‌ കുക്ക്ട് ..അടിപൊളി..പത്തെണ്ണത്തിന് വെറും 40 രൂപാ മാത്രം...എന്നാലും നാല് ചപ്പാത്തി കളുടെ കൂടുതല്‍ വിശേഷങ്ങള്‍ ..പങ്കു വെയ്ക്കുമല്ലോ ......

ജെ പി വെട്ടിയാട്ടില്‍ said...

ആരും ചപ്പാത്തിയുടെ റസീപ്പി പറഞ്ഞ് തന്നില്ല, ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ തരുമെന്നുള്ളത് മറ്റൊരു സത്യം. എന്നാലും സുഹൃത് വലയങ്ങളില്‍ നിന്ന് ലഭിക്കുന്നതാണ് എനിക്കിഷ്ടം.

ഗള്‍ഫില്‍ നിന്നൊരു പെണ്‍കുട്ടി ചപ്പാത്തിയുണ്ടാക്കുന്നതിന്റെ വിഡിയോ ക്ലിപ്പ് അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്.. ആ ക്ലിപ്പ് എന്റെ ആവശ്യത്തിനുമാത്രം ഉപയോഗിക്കാനുള്ളതാണ്..

ഞാനും ഒരു ചപ്പാത്തി എക്സ്പര്‍ട്ട് കുക്കായി വരുമ്പോള്‍ ഇത്തരമൊരു ക്ലിപ്പ് എന്റെ വായനക്കാര്‍ക്ക് ലഭിക്കുന്നതാണ്...

രാജാമണി ചേട്ടന്‍ പറഞ്ഞപോലെയുള്ള ചപ്പാത്തി എന്റെ വീടിന്റെ അരികിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലും കിട്ടും, ഞാന്‍ അത് രുചിച്ച് നോക്കി, എനിക്കിഷ്ടപ്പെട്ടില്ല.

ജെ പി വെട്ടിയാട്ടില്‍ said...

ദയവായി ഈ പോസ്റ്റിനുള്ള കമന്റ് അല്ലെങ്കില്‍ മറുപടി എന്റെ വാട്ട്സ് ആപ്പിലേക്കോ, ഫേസ് ബുക്ക് മെസ്സഞ്ജറിലേക്കോ അയക്കരുത്. ഇവിടെ എഴുതുക. അപ്പോള്‍ മറ്റു വായനക്കാര്‍ക്ക് പ്രതികരിക്കുകയും ആകാം..

ഇന്നെലെ എനിക്ക് ചില കമന്റ്സുകള്‍ അങ്ങിനെ വന്നിരുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

മുരളീ മുകുന്ദന്റെ കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു. സമാനമായ കമന്റ് മറ്റൊരു പോസ്റ്റില്‍ ഇട്ട പെണ്‍കുട്ടിയാണ് ഇപ്പോള്‍ എനിക്ക് മെസ്സേജ് ചെയ്തിരിക്കുന്നത്.. [പേര് വെളിപ്പെടുത്തുന്നില്ല]

മുരളിയേട്ടന്‍ പറഞ്ഞപോലെയൊക്കെയാകും എന്റെ തീരുമാനങ്ങള്‍. എന്റെ സങ്കല്‍പ്പത്തിലുള്ള എന്റെ തറവാട് കുന്നംകുളം ചെറുവത്താനിയിലാണ് - എന്റെ പേരക്കുട്ടികള്‍ക്ക് അവരുടെ തറവാട് തൃശ്ശൂരാണ്, അത് നിലനിര്‍ത്തി മറ്റുള്ളതൊക്കെ മുരളിയേട്ടന്‍ പറഞ്ഞപോലെ ചെയ്യണം..

പക്ഷെ എന്നാലും വളയിട്ട കൈകള്‍ കൊണ്ട് 4 ചപ്പാത്തി ആരുണ്ടാക്കിത്തരും..???

ajith said...

നല്ലൊരു സായന്തനം ആശംസിക്കുന്നു. ഈ വിദൂരത്തിലിരുന്ന് വേറെന്ത് ചെയ്യാന്‍!