Friday, April 3, 2015

ചെറുവത്താനി - എന്റെ ഗ്രാമം

ദുബായില്‍ നിന്നും സതീശ് ചോദിക്കുന്നു "എന്താ ജേപ്പിച്ചേട്ടന്‍ സ്വന്തം ഗ്രാമമായ ചെറുവത്താനിയെപറ്റി ഒന്നും എഴുതാത്തത്...?” അത് കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി അദ്ദേഹം എന്റെ ബ്ലൊഗിലുടനീളം സഞ്ചരിച്ചിട്ടില്ലെന്ന്..
my friend satheesh in dubai

ഞാന്‍ ചെറുവത്താനിയും അവിടുത്തെ എരുകുളവും തേവര്‍ അമ്പലവും വടുതല സ്കൂളും പുഞ്ചപ്പാടവും പുത്തന്‍ തോടും അയ്യപ്പന്‍ കാവും എന്റെ പാറുകുട്ടിയും എല്ലാം എല്ലാം എന്റെ കഥകളില്‍ നിറപ്പകിട്ടോട് കൂടി അവതരിപ്പിച്ചിട്ടുണ്ട്.. അതൊന്നും സതീശ് കണ്ട് കാണില്ല..

ഇന്ന് വാട്ട്സ് ആപ്പില്‍ കൂടി ചോദിക്കുന്നു എന്താ ശ്രീരാമേട്ടനെക്കുറിച്ച് എഴുതാത്തതെന്ന്. സ്വന്തം സഹോദരനെ പറ്റി എന്തെഴുതാനാണ്. എങ്കില്‍ തന്നെ അതെഴുതുന്നത് മറ്റാരെങ്കിലും ആകണം. അവനവന്റെ കുടുംബവിശേഷം മറ്റാരെങ്കിലും എഴുതട്ടെ എന്നുപറഞ്ഞ് ഞാന്‍ മുങ്ങി..

ഇനി ചെറുവത്താനി ഗ്രാമത്തിനെ പറ്റി  എഴുതുമ്പോള്‍ രണ്ട് വരിയില്‍ ശ്രീരാമനെ ചേര്‍ക്കാം... ഞാന്‍ ജനിച്ച ഗ്രാമമായ ഞമനേങ്ങാട്ട് നിന്നും ചെറുവത്താനിയുടെ പടിഞ്ഞാറെ അതിര്‍ത്തിയായ വടുതല സ്കൂളിലേക്ക് നാലഞ്ച് കൊല്ലം മുന്‍പ്  എന്റെ ഈ ബ്ലൊഗിലും തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലും എഴുതിയ ഒരു ലേഖനം തന്നെ മതി ചെറുവത്താനി വിശേഷം അറിയാന്‍.

ആ പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
 http://jp-smriti.blogspot.in/2009/07/blog-post.html

ഏതായാലും ദുബായ് മണലാരണ്യത്തിലെ സതീശ് എന്ന എന്റെ പ്രിയ സുഹൃത്തിന്നായി ഞാന്‍ ചെറുവത്താനിയെ പറ്റി നാലുവരി എഴുതാം. തൃശ്ശിവപേരൂരിന് 25 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കുന്നംകുളത്തിന് ഏതാണ് 4 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒരു കൊച്ചുഗ്രാമം ആണ് ചെറുവത്താനി.. മറ്റുഗ്രാമങ്ങളെപ്പോലെ ഈ ഗ്രാമത്തിന് ഇപ്പോഴും ഒരു വികസനം ഇല്ല..

എന്തിനുപറേണൂ ഒരു നല്ല കോഫീഷോപ്പോ, കള്ളുഷോപ്പോ, മരുന്ന് കടയോ, തുണിക്കടയോ, മോഡേണ്‍ സൂപ്പര്‍ മാര്‍ക്കറ്റോ ഈ ഗ്രാമത്തില്‍ ഇല്ല..

പണ്ട് പണ്ട് കല്‍ക്കരി കൊണ്ട് ബസ്സുകള്‍ ഓടിയിരുന്ന ഒരു കാ‍ലം ഉണ്ടായിരുന്നു കേരളത്തില്‍. അന്നും ഈ ചെറുവത്താനിയില്‍ ഒരു കല്‍ക്കരി ബസ്സ് സര്‍വ്വീസ് ഉണ്ടായിരുന്നത്രേ...? കേരളത്തില്‍ വളരെ വിരളം ഗ്രാമങ്ങളില്‍ മാത്രമായിരുന്നു ഇത്തരം ബസ്സ് സര്‍വ്വീസുകള്‍.. ആ സ്ഥിതിക്ക് ഈ ഗ്രാ‍മം വലിയൊരു സിറ്റിയായി വളര്‍ന്ന് കഴിഞ്ഞിരിക്കണം.. പക്ഷെ അത് നടന്നില്ല.. അതായിരുന്നു ആ നാടിന്റെ ശാപം.

ഞാന്‍ പത്താം ക്ലാസ്സില്‍ [1963] പഠിക്കുന്ന കാലത്ത് പോലും ഈ ഗ്രാമത്തില്‍ ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. എന്റെ വീടിന്റെ പടിഞ്ഞാറെ കോലായില്‍ വൈകുന്നേരം ഇരിക്കുമ്പോള്‍  അങ്ങ് പടിഞ്ഞാറ് എന്നു പറഞ്ഞാല്‍ അറബിക്കടലിന്നക്കരെ ഒന്നുമല്ല, ഒരു വിളിപ്പാടകലെ ആമിനക്കുട്ടി ടീച്ചറുടെ കോലായില്‍ ഇട്ടിരിക്കുന്ന പച്ച ട്യൂബ് ലൈറ്റ് കണ്ടിട്ട് ഞാന്‍ എന്നും ചോദിക്കും കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ ചാരുകസേലയിരുന്ന് കൊളമ്പിലുള്ള എന്റെ അച്ചന് കത്തെഴുതുന്ന എന്റെ - ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മയോട്...
njaan janichuvalarnna ente tharavaad

”എന്നാ ചേച്ച്യേ... ഇമ്മടെ പെരേലും ട്യൂബ് ലൈറ്റ് തെളിയുക...” ചേച്ചിക്കത് കേട്ടാല്‍ കലിവരും...  “പോയി നാലക്ഷരം പഠിക്കടാ ഹമുക്കേ...........?”  എന്നും പറഞ്ഞ് ചേച്ചി അട്ടഹസിക്കും..

കാരണം ചേച്ചിയും കൊതിച്ചിരുന്നു രാത്രി പങ്കയിട്ട് കിടക്കാനും കോലായില്‍ ട്യൂബ് ലൈറ്റിട്ട് ഇരിക്കാനും...

കുന്നംകുളം അങ്ങാടിയില്‍ കൂടി വൈശ്ശേരി വരെ വരുന്ന വഴികള്‍ വളരെ ഇടുങ്ങിയതായിരുന്നു.. അവിടെത്തെ നസ്രാണികള്‍ അവരുടെ വീടിന്റെ ഉമ്മറത്തെ തന്നെ ഇരുന്നാണ് കച്ചവടം ചെയ്തിരുന്നത്. അതിനാല്‍ റോഡ് വീതി കൂട്ടുന്ന കാര്യത്തില്‍ അവര്‍ പിന്നോക്കമായിരുന്നു.. അവര്‍ക്ക് വെള്ളവും കറണ്ടും എല്ലാം മുന്‍സിപ്പാലിറ്റി വക ലഭിച്ചിരുന്നുതാനും. അതിനാല്‍ അവര്‍ക്ക് മറ്റ് ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതിലൂടെ ഉള്ള ഒരേ ഒരു ബസ്സായിരുന്നു ചെറുവത്താനിയില്‍ കൂടി സഞ്ചരിച്ച് വടുതല, ചെമ്മണൂര്‍, ആറ്റുപുറം വഴി പൂഴിക്കള എന്ന ആല്‍ത്തറയില്‍ പോയി ട്രിപ്പ് അവസാനിപ്പിക്കുക..

 കാലത്തെ ചെറുവത്താനിയില്‍ നിന്നും 7.30 മണിക്ക് ഈ ബസ്സ് കുന്നംകുളം വഴി വടക്കാഞ്ചേരിയിലേക്ക് പോകും, തിരിച്ച് വരുന്നത് 11.30, പിന്നെ 3.30 ക്ക് അത് കഴിഞ്ഞ് രാത്രി 7.30 ക്ക് . ഈ ഒരേ ഒരു ബസ്സില്‍ ചെറുവത്താനിക്കാര്‍ എന്റെ ഓര്‍മ്മയില്‍ പത്ത് മുപ്പത് കൊല്ലം തൃപ്തിപ്പെട്ടു.

റോഡിന്റെ വീതി കൂട്ടാതെ ആരും ഈ വഴിക്ക് സര്‍വ്വീസ് നടത്തില്ല എന്ന് ബോധ്യപ്പെട്ടതോടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അതിന് വേണ്ടി പ്രയത്നിച്ച്, അങ്ങിനെ ഈ നാട്ടില്‍ കൂടുതല്‍ ബസ്സുകളില്ലായെന്ന ദാരിദ്ര്യം നീക്കി. ഇപ്പോള്‍ കറണ്ടും ബസ്സും വെള്ളവും എല്ലാം വന്നെങ്കിലും നാട് വികസിച്ചിട്ടില്ല.. ആര്‍ക്കെങ്കിലും പെട്ടെന്ന് സോക്കെട് വന്നാല്‍ ഒരു ഡോക്ടറെ കാണാന്‍ കുന്നംകുളത്തേക്കോടണം..  ഇംഗ്ലീഷ് മരുന്നുകടകള്‍ ഇല്ലാത്തതിനാല്‍ അതിനും അടുത്തുള്ള പട്ടണമായ കുന്നംകുളത്തിനെ തന്നെ ആശ്രയിക്കണം..

 എന്റെ ഈ ഗ്രാമത്തില്‍ മനുഷ്യരും മൃഗങ്ങളും ഒരുപോലെ കുളിക്കുന്ന ഒരു കുളം ഉണ്ട്. അതാണ് “എരുകുളം” എന്റെ കഥകളിലുടനീളം കാണാം ഈ കുളം.. വേനല്‍ക്കാലത്ത് കുളിക്കാനായി ആണുങ്ങളും പെണ്ണുങ്ങളും ഇവിടെ തമ്പടിക്കും. പടിഞ്ഞാറെ കടവ് പെണ്ണുങ്ങള്‍ക്കും കിടക്കേ കടവ് ആണുങ്ങള്‍ക്കും അണ്. ഞാന്‍ ഈ കുളത്തില്‍ വെച്ചാണ് നീന്തല്‍ പഠിച്ചത്. വൈകുന്നേരമായാല്‍ ഞാനും രവിയും കുമാരനും കൂടി ഈ കുളം നീന്തി കലക്കി മറിക്കും. എന്നിട്ട് അടുത്തുള്ള ചീരൂസ് കഫേയില്‍ പോയി കൊള്ളിക്കിഴങ്ങും പപ്പടവും ചക്കരക്കാപ്പിയും കുടിച്ചേ വീട്ടിലേക്ക് മടങ്ങൂ... കുമാരനും രവിയും സഹോദരങ്ങളാണ്.. അവര്‍ക്കിടയിലും ഉണ്ട് ഇപ്പോള്‍ ചെകുത്താന്‍.. എല്ലാം ഒരു കാലത്ത് ശരിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം..

എരുകുളമെന്ന പോലെ ഒരു സ്ഥലമാണ് ചെറുവത്താനിയുടെ വടക്ക് കിഴക്ക് കിടക്കുന്ന പുഞ്ചപ്പാടം. അവിടെ മഴക്കാലത്ത് വെള്ളം വന്നുമൂടി ഒരു കായല്‍ പോലെ തോന്നിക്കും. മഴക്കാലമായാല്‍ ഞാനും രവിയും കൂടി അവിടെ വഞ്ചി കുത്തിക്കളിക്കാനും ആമ്പല്‍ പൂ പറിക്കാനും പോകുമായിരുന്നു..  ഏതാണ്ട് പതിനൊന്നുമണിയോടെ വീട്ടില്‍ നിന്നും കഞ്ഞികുടിച്ച് പുഞ്ചപ്പാടത്തേക്ക് പോയാല്‍ പിന്നെ മടങ്ങുന്നത് സന്ധ്യയാകുമ്പോളാണ്..

[this post is dedicated to my friend satheesh in dubai]

[this cannot be just kept pending, it takes lotz of time to complete. so i shall continue soon]




5 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ ഗ്രാമത്തിന്റെ കഥ [ചെറുവത്താനി] ദുബായിലുള്ള സുഹൃത്ത് സതീശിനുവേണ്ടി എഴുതുന്നത്.. നാട്ടിലെ എരുമയും പോത്തുങ്ങളും മനുഷ്യരും കുളിക്കുന്ന കുളവും, പടിഞ്ഞാറ് ഭാഗത്തുള്ള പെണ്ണുങ്ങളുടെ കടവും കിഴക്കെ ഭാഗത്തുള്ള ആണുങ്ങളുടെ കടവും ഒക്കെ എരുകുളം സ്പെഷല്‍ ആയി കഥയില്‍

ജെ പി വെട്ടിയാട്ടില്‍ said...

ഗ്രാമത്തെ പറ്റിയുള്ള കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍ എഴുതാം.. ഗ്രാമത്തിലെ വീട്ടില്‍ മമ്മൂട്ടിയും, മോഹന്‍ ലാലും, രഞ്ജിത്ത് മുതലായ സിനിമാ സംവിധായകരും മറ്റും വന്നിരുന്ന വിശേഷങ്ങളും ചേര്‍ക്കാം..

കുഞ്ഞൂസ് (Kunjuss) said...

ഗ്രാമം, എന്റെ ഗ്രാമം.... !!

നല്ലെഴുത്ത് പ്രകാശേട്ടാ...

രാജഗോപാൽ said...

പതിവു പോലെ ഹൃദ്യമായ ഒരു ആവിഷ്കാരം. പരിചിതമായ ഭൂമിക... പുന്നയൂരായിരുന്നു എന്റെ അമ്മയുടെ തറവാട്..

Muralee Mukundan , ബിലാത്തിപട്ടണം said...

നമുക്ക് വീണ്ടും ഗ്രാമങ്ങളിൽ പോയി രാപാർക്കാം...