Thursday, December 29, 2016

നല്ല മൊരിഞ്ഞ ഉഴുന്നുവട

നല്ല മൊരിഞ്ഞ ഉഴുന്നുവട കഴിച്ചിട്ട് നാളേറെയായി. എനിക്ക് ആരോഗ്യമുണ്ടായിരുന്ന നാളില്‍ ഞാന്‍ തൃശ്ശൂര്‍ സപ്ന തിയേറ്ററിന്റെ വാതുക്കലൊരു റെസ്റ്റോറണ്ടില്‍ നിന്ന് ഉഴുന്നുവട പതിവായി കഴിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഒരു പാര്‍സല്‍ വാങ്ങിച്ച് കാഴ്ച ബംഗ്ലാവിന്നടുത്ത സ്റ്റുഡിയോവില്‍ ഒരു പ്രോഗ്രാം എഡിറ്റ് ചെയ്യാന്‍ പോയപ്പോള്‍ അവിടുത്തെ ഉടമസ്ഥന്റെ സഹധര്‍മിണിക്ക് കൊടുത്തിരുന്നു. 

ആ സ്റ്റുഡിയോവിന്റെ പേരും ആളുകളുടെ പേരുമൊക്കെ മറന്നു. മറവിയുണ്ട് എനിക്ക് കുറേശ്ശേ. വയസ്സ് എഴുപതേ ആയുള്ളൂവെന്ന്കിലും ഇത്തരം വൈകല്യങ്ങള്‍ കടന്ന് വന്നിരിക്കുന്നു.. പേരുകളാണ്‍ ഇപ്പോള്‍ കൂടുതലും മറക്കുന്നത്. ഞാന്‍ പണ്ട് മസ്കറ്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഓഫീസ് വിട്ടാല്‍ പെണ്ണിനെയും കുട്ട്യോളേയും ഒരു ഈവനിങ്ങ് ഡ്രൈവിന്‍ കൊണ്ട് പോകുക പതിവായിരുന്നു. അവര്‍ ഡ്രസ്സ് ചെയ്ത് റെഡിയയി നില്‍ക്കും. ഞാന്‍ വീട്ടിലെത്തി ടൈയും സൂട്ടുമെല്ലാം കഴിച്ച്, മുഖം കഴുകി , കാഷ്വല്‍ വെയറും ധരിക്കുന്നതിന്‍ മുന്‍പ് പിള്ളേര്‍സ് പോയി കാറിലിരുന്ന് കഴിഞ്ഞിട്ടുണ്ടാകും. 

mutrah corniche of muscat

മസ്കത്തില്‍ അന്ന് എവിടെയും ഉഴുന്നുവട ലഭിക്കുമായിരുന്നില്ല. ഉണ്‍ടെങ്കില്‍ തന്നെ ചൂടോടെ കിട്ടില്ല, എനിക്ക് ചൂട് വട + ചൂടുള്ള സാമ്പാറും നാളികേര ചമ്മന്തിയും കൂടി കഴിക്കാന്‍ വളരെ ഇഷ്ടമായിരുന്നു. തമിഴ് നാട്ടില്‍ കിട്ടും അങ്ങിനെ. ചിലപ്പോള്‍ തൃശ്ശൂരിലെ പത്തന്‍സ് ഹോട്ടലിലും.... 


അങ്ങിനെ ഒരു നാള്‍ മസ്കത്തിലെ സായാഹ്നത്തില്‍ പിള്ലേരിസ്നേയും കൊണ്ട് കറങ്ങുന്നതിന്നിടയില്‍ പെട്ടെന്നൊരു ട്രാഫിക് ജാം വന്നു. മസ്കത്ത് ടൌണിന്‍ അകലെയുള്ള മത്രയിലായിരുന്നു അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടെത്തെ സോണി ഷോറൂമിന്‍ മുന്നിലുള്ള ഒരു ഫ്ലാറ്റ് സമുച്ചയിത്തിലായിരുന്നു അന്ന് താമസം. അമ്മയെയും സഹോദരനേയും കൊണ്ട് വന്ന് താമസിപ്പിക്കാനുള്ള ഉദ്ദേശത്തില്‍ അവിടെ ഒരു 3 ബെഡ് റൂം ഫ്ലാറ്റായിരുന്ന് എനിക്കുണ്ടായിരുന്നത്. ട്രാഫിക്ക് ബ്ലോക്ക്ക്ക് വന്നപ്പോള്‍ ഞാന്‍ ഒരു ഗല്ലിയില്‍ കൂടി തിരിഞ്ഞ് ശാന്തേടത്തി താമസിക്കുന്ന ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങ് ലോട്ടില്‍ എന്റെ സയ്യാര നിര്‍ത്തി പിള്ളേര്‍സിനേയും അവരുടെ അമ്മീസിനേയും കൊണ്ട് ശാന്തേടത്തിയുടെ ഫ്ലാറ്റിലെത്തി. ശാന്തേടത്തിയുടെ ഹസ്സ് അന്ന് BBME യില്‍ ഓഫീസര്‍ ആയിരുന്നു.. അദ്ദേഹം തത്സമയം അവിടെ ഉണ്ടായിരുന്നില്ല, ഏട്ടത്തിക്ക് പിള്ളേര്‍സിനെ കണ്ടപ്പോള്‍ വലിയ സന്തോഷമായി. 

muscat palace of the sultan of muscat

ഞങ്ങള്‍ക്ക് നല്ല ആവി പറക്കുന്ന ക്രിസ്പ് ആയ ഉഴുന്നുവട പത്ത് മിനുട്ടിന്നുള്ളില്‍ ഉണ്ടാക്കിത്തന്നു.. ഞാന്‍ ആ ചൂട് വടയുടെ സ്വാദ് ഇന്നും ഓര്‍ക്കുന്നു.. എന്റെ പെണ്ണിനോട് ഞാന്‍ പല തവണ പറഞ്ഞ് പറഞ്ഞ് ഒരു ദിനം അവളും എനിക്ക് ഉഴുന്നുവട ഉണ്ടാക്കിത്തന്നു. പിന്നീട് പരിപ്പ് വടയും. 


എനിക്കിപ്പോള്‍ വയസ്സായി അതിനാല്‍ പണ്ടത്തെപ്പോലെ ഊര്‍ തെണ്ടാനും കണ്ടതൊക്കെ വാരി വലിച്ച് തിന്നാനും പറ്റുന്നില്ല.... മസ്കത്തില്‍ അന്ന് ഫിലാഫില്‍ എന്ന് പറയുന്ന വട ലഭിക്കുമായിരുന്നു... ചവറ് പോലെയുള്ള ഒരു വട.... നാട്ടിലെ മൊരിഞ്ഞ ഉഴുന്നുവട തിന്നിട്ടുള്ളവനേ അത് ചവറെന്ന് പറയുകയുള്ളൂ... ലബനീസിനും ഒമാനികള്‍ക്കും അത് ഇഷ്ട് വിഭവം തന്നെ. 

another view of corniche

ഞാന്‍ ചിലപ്പോള്‍ ലബനീസ് റെസ്റ്റോറണ്ടില്‍ കയറി ഫിലാഫില്‍ കഴിക്കും, കൂടെ ഒരു സുലൈമാനിയും അല്ലെങ്കില്‍ തണുത്ത ലബനും. ലബനെന്നാ മോര്‍ എന്നാണ്‍ അറബിയില്‍. ഞാനിപ്പോള്‍ 25 വര്‍ഷത്തെ എന്റെ ഗള്‍ഫ് ജീവിതവും അവിടുത്തെ ഗേള്‍ ഫ്രണ്ടുമാരേയും ഓര്‍ക്കുന്നു.. 


പിള്ളേര്‍സിന്‍ വൈകിട്ട് സവാരിക്കിടയില്‍ വേണ്ടത് പ്രധാനമായും ഷവര്‍മ്മയാണ്‍ + കോള. റെസ്റ്റോറണ്ടില്‍ തിരക്കാണെങ്കില്‍ ഞാന്‍ പാര്‍സല്‍ വാങ്ങി കാറില്‍ ഇരുന്ന് ചൂട്ടോടെ കഴിക്കും. ഷവര്‍മ്മയുടെ കൂടെ കിട്ടുന്ന വെനീഗറില്‍ ഇട്ട പിക്കിള്‍സ് റിയലി ടേസ്റ്റി. 


അതില്‍ പ്രധാനമായും കുക്കുമ്പര്‍ + ബീറ്റ് റൂട്ട് ആയിരുന്നു.. ഞാന്‍ ഒരിക്കല്‍ നാലു ഷവര്‍മ്മക്കും കൂടി കിട്ടിയ ബീറ്റ് റൂട്ട് മൊത്തം ആര്‍ക്കും കൊടുക്കാതെ കഴിച്ചു. കാലത്ത് ശ്രദ്ധയില്‍ പെട്ടു മൂത്രത്തിന്‍ ചുവപ്പ് നിറം. ആകെ പേടിച്ചുപോയി...... മൂത്രം ടെസ്റ്റ് ചെയ്യാന്‍ കുപ്പിയിലാക്കി ലാബില്‍ ചെന്നപ്പോള്‍ അവിടുത്ത് സുന്ദരിമാരായ ഫിലിപ്പനീസിനും മൂത്രത്തിന്റെ നിറം കണ്ടിട്ട് ചിരി വന്നു...


റിസല്‍ട്ട് വന്നപ്പോള്‍ നോര്‍മ്മല്‍. അപ്പോളാണ്‍ ഞാന്‍ ഓര്‍ത്തത് തലേ ദിവസത്തെ പിക്കിള്‍സിന്റെ ഓവര്‍ തീറ്റമൂലമായിരുന്നെന്ന്. ഒരു പക്ഷെ ആ പിക്കിള്‍സില്‍ കളറും ചേര്‍ത്ത് കാണുമെന്ന്. മസ്കത്തിലൊന്നും മൂത്രത്തില്‍ ചുവപ്പുനിറം വരാനുള്ള കളറുകളൊന്നും ചേര്‍ക്കാനുള്ള സാധ്യത കുറവാണെങ്കിലും ഞാന്‍ പിന്നീട് ഷവര്‍മ്മ വാങ്ങുമ്പോല്‍ കൂടുതല്‍ പിക്കിള്‍സ് കഴിക്കാറില്ല...


ഏതായാലും facebook   കാര്‍ത്തികാ ചന്ദ്രന്റെ ഉഴുന്നുവട കണ്ടപ്പോള്‍ പലതും ഓര്‍ക്കാന്‍ സാധിച്ചു... ഈ പോസ്റ്റ് കാര്‍ത്തികാ ചന്ദ്രന്‍ തന്നെ ഡെഡിക്കേറ്റ് ചെയ്യട്ടെ... ഇത് എന്റെ ബ്ലൊഗിലും കോപ്പി ചെയ്യാം.


i shall write more about muscat later

Sunday, December 25, 2016

ഇന്നെലെ ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ

sree ramakrishnan ashramam gurukulam (hostel)
ഇന്നെലെ ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ (ഹോസ്റ്റല്‍ മേറ്റ്സിന്റെ) കുടുംബ സംഗമം ആയിരുന്നു. ഞാന്‍ 1963 ലെ SSLC ബാച്ച് ആയിരുന്നു. അസുഖം കാരണം എനിക്ക് പങ്കെടുക്കാനായില്ല. വര്‍ഷങ്ങളായി ഞാന്‍ രക്തവാതത്തിന്റെ പിടിയിലാണ്. ഇപ്പോള്‍ ഒരു കണ്ണിന് ഗ്ലോക്കോമ ബാധിച്ച് ജീര്‍ണ്ണാവസ്ഥയിലാണ്. പോകണമെന്ന് വളരെ ആശിച്ചതായിരുന്നു, നടന്നില്ല, കൂടെ പോകാനാരും ഉണ്ടായിരുന്നില്ല.. എനിക്കാണെങ്കില്‍ 5 കിലോമീറ്ററില്‍ കൂടുതല്‍ ഉള്ള സ്ഥലത്തേക്ക് ഒറ്റക്ക് പോകാനൊരു ഭയം.

ഇനി ഒരു കൊല്ലം കാത്തിരിക്കണം അടുത്ത സംഗമത്തിന്. അപ്പോഴേക്കും ഭഗവാനങ്ങോട്ട് വിളിച്ചാല്‍ മതി.. എല്ലാം അച്ചന്‍ തേവര്‍ കടാക്ഷം. എന്റെ ക്ലാസ്സ് മേറ്റ്സിനെ നേരിട്ട് കാണാനുള്ള ഒരു സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടു. പതി, ഗോപാലകൃഷ്ണന്‍, രാജന്‍, ദശരഥന്‍ തുടങ്ങിയവരെ ഞാന്‍ ഓര്‍ക്കുന്നു. മറ്റാരേയും ഓര്‍മ്മയില്ല....
കാഴ്ചവൈകല്യവും ഓര്‍മ്മക്കുറവും ഉണ്ട്.

Sunday, October 9, 2016

വെറ്റില മുറുക്കാന്‍ കൊക്കിന്‍ കാട്ടം

ഒരു കര്‍ക്കിടക സംക്രാന്തിയുടെ ഓര്‍മ്മയിലൂടെ

==========================

പ്രിയാദാസിന്റെ കുറിപ്പ് കണ്ടപ്പോളാണൊര്‍ക്കണത് ഇന്ന് കര്‍ക്കിടക സംക്രാന്തിയാണെന്ന്...

എന്റെ നാട്ടിന്‍പുറത്ത് എല്ലാവരും പോര്‍ക്കിറച്ചി വെക്കും. അമ്മാമന്മാരൊക്കെ വൈകിട്ട് കൂട്ടത്തില്‍ റാക്ക് സേവിക്കും. ഞങ്ങള്‍ കുട്ടികള്‍ ചിരട്ടകളില്‍ അത് മോട്ടിക്കും. നാല് ബീഡിയും... ഹാ...!! ആ കാലമൊക്കെ അയവിറക്കാനല്ലാതെ. ഈ സിറ്റിയിലൊന്നും ആ ലൈഫ് ഇല്ല. മറ്റുപലതും ഉണ്ട്.. ബട്ട് നൊ നോസ്റ്റാല്‍ജിക് മെമ്മറീസ്..

ചിലപ്പോള്‍ മുത്തുവിന്റെ സൈക്കിളിന്റെ പിന്നില്‍ ഞാനും കയറും അങ്ങാടിയിലേക്ക്, ചിലപ്പോള്‍ അവന്‍ കയറ്റില്ല. ആള് എന്റെ ചെറിയ അമ്മാമനാണെങ്കിലും ഞാന്‍ അവനെ പേര് ആണ് വിളിക്കുക.

എന്നെ ബീഡി വലിക്കാനും, വെറ്റില മുറുക്കാനും ഒക്കെ ഇവനാണ് പഠിപ്പിക്കുക. ഞങ്ങള്‍ ഇടക്ക് തട്ടിന്‍ പുറത്ത് ഒത്ത് കൂടും. അവിടെയാണ് മുത്തുവിന്റെ താവളം. ചിലപ്പോള്‍ ബീഡി വലിക്കാനില്ലാതെ വരുമ്പോള്‍ ആഷ്ട്രേയിലുള്ള വലിയ കുറ്റികള്‍ നോക്കിയെടുത്ത് വലിക്കും.

പാറയിലങ്ങാടിയില് പോര്‍ക്കിനെ വെട്ടിക്കഴിഞ്ഞാല്‍ വലിയ തിരക്കാണ് അന്ന്. അല്ലത്ത ദിവസങ്ങളിലും അവിടെ പോര്‍ക്ക് കിട്ടുമെങ്കിലും ഞങ്ങള്‍ തീയന്മാര്‍ ഈ ദിവസം മാത്രമേ പോര്‍ക്കിനെ ശാപ്പിടുകയുള്ളൂ...

അങ്ങിനെ മുത്തുവിന്റെ കൂടെ പോര്‍ക്കിറച്ചി വാങ്ങാന്‍ സൈക്കിളില്‍ പറക്കും. ചിറവക്കഴ കഴിഞ്ഞാല്‍ പിന്നിലിരുന്ന്‍ എന്നെക്കൊണ്ട് ചവിട്ടിക്കും. അപ്പോള്‍ ഹൈസ്പീഡില്‍ പറക്കാം.

അവന്‍ ആളൊരു കള്ളനാണ്, ഇടക്ക് അവന്‍ ചവിട്ടല്‍ നിര്‍ത്തും, എന്നെക്കൊണ്ട് മാത്രം ചവിട്ടിക്കും.

അമ്മാമന്റേയും മരുമകന്റേയും കുസ്രിതികള്‍ ആലോചിക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് ചിരി വരുന്നു....

ഒരിക്കല്‍ ഞങ്ങള് പുഞ്ചപ്പാടത്തുള്ള കാക്കാത്തിരുത്തില് കൊക്കിനെ പിടിക്കാന്‍ പോയി. കൊക്കിനെ പിടിത്തത്തിന്നിടയില് ഞങ്ങള് കുശാലായി ഒന്ന് മുറുക്കാന് തീരുമാനിച്ചു. കാക്കാത്തിരുത്തിന്മേല് വെറ്റിലയും അടക്കയും ധാരാളം വിളയുനന് ഇടമാണ്. ഒരു മരത്തില്‍ കയറി ആദ്യം അടക്ക മോട്ടിച്ചു, പിന്നെ മറ്റൊന്നില് നിന്ന് വെറ്റില നുള്ളി.

ഒരിടത്തിരുന്ന് വിശദമായി മുറുക്കാനാരംഭിച്ചപ്പോള് ആണ് ഓര്‍മ്മ വന്നത്, ചുണ്ണാമ്പില്ലാ എന്ന കാര്യം. “ഉണ്ണ്യേ ഒരു സൂത്രമുണ്ട്. ഈ ചുണ്ണാമ്പിനേക്കാളും ശുദ്ധിയായതാണ് കൊക്കിന് കാട്ടം. ചുണ്ണാമ്പിന് പകരം അത് ചേര്ക്കാം..”

“ഈ മണ്ടന് ഉണ്ണി അവന്റെ വാക്ക് കേട്ട് ചുണ്ണാമ്പിന് പകരം കൊക്കിന് കാട്ടം ചേര്ത്ത് വെറ്റില മുറുക്കിയ കഥ ഞാന് ഈ അവസരത്തില് ഓര്ത്തോര്ത്ത് ചിരിക്കുന്നു..

കുറുമ്പനാണെങ്കിലും എന്റെ അമ്മാമന് സ്നേഹമുള്ളവനായിരുന്നു. അവന്‍ അകാലത്തില് ചരമമടഞ്ഞു……. അവന്‍ വിളിക്കുന്നത് കേട്ടിട്ടാണ് ഞാന് എന്റെ പെറ്റമ്മയെ ചേച്ചി എന്ന് വിളിച്ച് ശീലിച്ചത്…


++ this is s copied  from one of my other blog ++

Friday, September 30, 2016

മസാല ഓം ലെറ്റില്‍ ടബാസ്കോ സോസ്

MEMOIR


.
കുറച്ച് നാളായി ഈ വഴിക്ക്  വരാറില്ല, കാരണം അനാരോഗ്യം തന്നെ. എന്നും ആശുപത്രിയില്‍ പോകേണ്ടി വരുന്ന ഒരു ഗതികേട് ഉണ്ടായി കുറച്ച് നാള്‍, ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ട് വരുന്നു. എന്റെ കണ്ണുകള്‍ ഗ്ലോക്കോമ ബാധിച്ച് ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്നു. അതിനാല്‍ കമ്പ്യൂട്ടറില്‍ എഴുതാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു,

കുറച്ചധികം എഴുതാനുണ്ട്, അതിനാല്‍ പിന്നീടാകാം, തന്നെയുമല്ല് ആശുപത്രിയില്‍ പോയി ഇപ്പോ വീട്ടിലെത്തിയതേ ഉള്ളൂ. ഇന്‍ മാമുണ്ണണം , ഒന്നുമയങ്ങണം, പിന്നെ ഫിസിയോ തെറാപ്പി റിലേറ്റഡ് വ്യായാമം മുതലായവ ഉണ്ട്. അതൊക്കെ കഴിഞ്ഞ് തുടര്‍ന്നെഴുതാം.

കുറെ നാളുകള്‍ക്ക് ശേഷമായതിനാല്‍ എഴുത്ത് പലകയിന്മേലുള്ള അക്ഷര്‍ക്കൂട്ടങ്ങള്‍ ശരിക്കും വഴങ്ങുന്നില്ല എന്നപോലെ തോന്നുന്നു. പിന്നെ കണ്ണിന്റെ വോള്‍ട്ടേജ് പ്രശ്നം രൂക്ഷം . കണ്ണുകള്‍ റ്ഫ്രഷ് ചെയ്യുന്നതിനുള്ള മരുന്നൊഴിച്ച് ഫ്രഷായി പിന്നീട് വരാം.

കൂടിയാല്‍ നാല്‍ തവണയേ റഫ്രഷ് ലിക്ക്വിജെല്‍ എന്ന മരുന്ന്  ഒഴിക്കാവൂ, എന്നിരുന്നാലും കൂടുതല്‍ സമയം ഒഴിക്കാന്‍ തോന്നും ചിലപ്പോള്‍, അപ്പോള്‍ ദൈവത്തെ വിളിക്കുകയേ നിവൃത്തി ഉള്ളൂ.. 30 കൊല്ലം മുന്‍പ് ഒമനില്‍ നിന്നും ഒരു കണ്ണ് സര്‍ജ്ജറി ചെയ്തു. ആ കണ്ണിനാണ്‍ ഇപ്പോള്‍ കൂടുതല്‍ പ്രശ്നം. 

കൂടാതെ മറ്റനവധി അസുഖങ്ങളും. കാലില്‍ വാതം തുടങ്ങിയിട്ട് 10 കൊല്ലം കഴിഞ്ഞു, പലരും എന്നെ ചികിത്സിച്ചു. ആയുര്‍വ്വേദവും പരീക്ഷിക്കപ്പെട്ടു.  ആയുര്‍വ്വേദാശുപത്രിയില്‍ ഒരു മാസം കിടന്നുവെങ്കിലും എന്റെ വാതം ശമിച്ചില്ല. ഇപ്പോള്‍ രോഗങ്ങളുടെ പട്ടികയില്‍ ഒരു ന്യൂറോ ഫിസിഷ്യന്റെ പേരും വന്നിരിക്കുന്നു.  

ശോധന ശരിയല്ലാതെ  വിഷമിക്കുന്ന അവസ്ഥയില്‍ കുറച്ച് ദിവസം ഞാന്‍ പട്ടിണി കിടന്നു, അങ്ങിനെ കൈ വിരലുകള്‍ വിറക്കാന്‍ തുടങ്ങി. ന്യൂറോ ഫിസിഷ്യന്റെ മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങിയപ്പോള്‍ രോഗത്തിന്‍ ശമനമുണ്ട്.

എനിക്കൊരു ദുശ്ശീലം ഉണ്ട്. എന്നെ ചികിസ്തിക്കുന്ന ഡോക്ടര്‍മാരോട് എനിക്ക് ഇടക്കിടക്ക് ഫോണില്‍ വര്‍ത്തമാനം പറയണം. ചിലര്‍ക്ക് അതിന്‍ സമ്മതം, മറ്റുചിലര്‍ക്ക് ഒട്ടും ഇഷ്ടമില്ല. ഒരു ഡോകടര്‍ വാട്ട്സ് ഏപ്പ് മെസ്സേജ് പോലും റെസ്പോണ്ട് ചെയ്യും. എന്നുവെച്ച് ഞാന്‍ എപ്പോഴും തിര്‍ക്ക് കൂടിയവരെ ശല്യം ചെയ്യാറില്ല.

ഇന്ന് കുറേ നാളുകള്‍ക്ക് ശേഷം എന്നെ എഴുതാന്‍ നിര്‍ബ്ബന്ധിപ്പിച്ചത് എന്നെ ശുശ്രൂഷിക്കുന്ന അനവധി ഡോക്ടര്‍മാരിലൊരാളായ ഒരു ന്യൂറോ ഫിസിഷ്യന്‍ ആണ്‍. ഞാന്‍ എന്നെ ശുശ്രൂഷിക്കുന്ന എല്ലാ ഡോകര്‍മാരിലും ഞാന്‍ ദൈവീക പരിവേഷം കാണുന്നു, അവര്‍ ദൈവതുല്യരാണ്‍. അവര്‍ക്ക് ദൈവം തന്പുരാന്‍ ആരോഗ്യവും, ധനവും, പ്രശസ്തിയും പ്രദാനം ചെയ്യട്ടെ..

ന്യൂറോ ഫിസിഷ്യനെ മൊബൈല്‍ വിളിക്കണമെന്ന് എനിക്കാഗ്രഹം ഉണ്ട്. ഒന്നുരണ്ട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുന്നതിന്‍ ആശുപത്രി ഫോണില്‍ വിളിച്ചാല്‍ ശരിയാകില്ല. ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കാണുകയെന്നുവെച്ചാല്‍ രണ്ട് മൂന്ന് മണിക്കൂറിന്റെ കഷ്ടപ്പാടുണ്ട്.. ഇടുങ്ങിയ ഇടനാഴിയില്‍ ആവശ്യത്തിന്‍ ഇരിപ്പടങ്ങളില്ല.. എനിക്ക് കൂടെകൂടെ മൂത്ര ശങ്ക ഉണ്ട്. ടോയ് ലറ്റ് വളരെ അകലെ. മഴ പെയ്താല്‍ കുട പിടിക്കണം. വാതരോഗിക്കുള്ള എന്റെ പാദരക്ഷ വാട്ടര്‍ പ്രൂ‍ഫ് അല്ല. അതിനാല്‍ ഞാന്‍ എങ്ങിനെ അദ്ദേഹത്തോട് സംസാരിക്കുമെന്ന ചിന്തയിലാണ്‍.

ഈ പോസ്റ്റ് കമ്പ്യൂട്ടറില്‍ കുത്തിക്കുറിക്കുമ്പോള്‍ ഭാര്യാശ്രീ വന്ന് ചൊല്ലീടിനാന്‍……… “അധികം കളിക്കേണ്ട കമ്പ്യൂട്ടറില്‍ കണ്ണ് വേദനയെന്നുമ്പറഞ്ഞ് എന്റെ അടുത്തേക്ക് വരേണ്ട.”

അവള്‍ ഉച്ചക്ക് മയങ്ങാന്‍ കിടന്ന്പ്പോഴായിരുന്നു എന്റെ കമ്പ്യൂട്ടര്‍ വിളയാട്ടം. ഇന്നവള്‍ പതിവിലും നേരത്തെ മയക്കം മതിയാക്കി. ഷോപ്പിങ്ങിന്‍  പോയപ്പോല്‍ രണ്ട് പരുപ്പ് വടയും വാങ്ങിയിരുന്നു, ഈവനിങ്ങ് ചായക്ക് കൂട്ടായി, അത് കഴിക്കാനുള്ള തിരക്കില്‍ അവള്‍ നേരത്തെ എണീറ്റു. അതിനാല്‍ എനിക്ക് ചീത്തയും കേട്ടു. സാരമില്ല, അവള്‍ക്ക് ചീത്തവിളിക്കാന്‍ ഞാന്‍ ഒരാളല്ലേ ഉള്ളൂ…. 

എനിക്ക് വയ്യാണ്ടായാല്‍ അവള്‍ക്ക് വേവലാ‍തി തന്നെ മറ്റെല്ലാവരേയും പോലെ. എനിക്കെന്നും ഓരോ വേവലാതി ഉണ്ടാകും, ഒന്നുകില്‍ കണ്ണുവേദന അല്ലെങ്കില്‍ മറ്റെന്തെങ്കിലും വേദന, അല്ലെങ്കില്‍ ടോയ് ലെറ്റില്‍ പോയത് ശരിയായില്ല എന്നൊക്കെ പറഞ്ഞ്… 

അവധിക്ക് മകള്‍ വരുമ്പോള്‍ അവളൊട് പറയും… എനിക്ക് പരാതി പറയാന്‍ വീട്ടില്‍ ഉറ്റവരായി ആരെങ്കിലും ഉണ്ടായാല്‍ മതി.. 

പണ്ട് ഓഫിസില്‍ പോകുന്ന കാലത്ത് കുട്ടന്‍ മേനോനോട് പരാതി പറയുമായിരുന്നു, സങ്കടം പങ്കുവെക്കുമായിരുന്നു. ഇപ്പോള്‍ മേനോനെ കാണാനില്ല, മേനോന്‍ ഒരു സ്നേഹവുമില്ല. അല്ലെങ്കില്‍ രണ്ട് കുപ്പി ഫോസ്റ്റര്‍ ബീയറും വാങ്ങി പ്രകാശേട്ടനെ കാണാന്‍ വന്നുകൂടെ.

പണ്ട് വാത രോഗത്തിന് ശമനമുണ്ടായിരുന്ന കാലത്ത് നടക്കാന്‍ പോയി വരുന്ന വഴിക്ക് ജോയ്സ് പാലസ്സില്‍ കയറി ഫോസ്റ്റര്‍ ബീയറും മസാല ഓം ലെറ്റും കഴിക്കുമായിരുന്നു. ബാര്‍ കൌണ്ടറിലിരുന്ന് കാഴ്ചകള്‍ കണ്ട് തണുത്ത ബീയര്‍ നുണയാന്‍ എനിക്ക് ഇഷ്ടമായിരുന്നു. മസാല ഓം ലെറ്റില്‍ ടബാസ്കോ  സോസ് ഒഴിച്ച് ചിലപ്പോള്‍ ഞാന്‍ നക്കുമായിരുന്നു..

+++ പവ്വര്‍ കട്ട് വന്നതിനാല്‍ തല്‍ക്കാലം ഇവിടെ സുല്ല് പറയട്ടെ...++++  സ്പ്പെല്ലിങ്ങ് മിസ്റ്റെക്കുകള്‍ കാറബ വന്നതിന് ശേഷം ശരിയാക്കാം.....+++

.







Tuesday, May 24, 2016

കഞ്ഞിക്കൂര്‍ക്ക



ഞങ്ങള്‍ ഞമനേങ്ങാ‍ട് - ചെറുവത്താനി എന്നീ സ്ഥലങ്ങളില്‍ എന്റെ ചെറുപ്പത്തില്‍ ഈ ഔഷധ സസ്യത്തെ കഞ്ഞിക്കൂര്‍ക്ക എന്നാണ് പറയുന്നത്. എന്റെ ശ്രീമതി ഇതിനെ പനിക്കൂര്‍ക്ക എന്നാണ് വിളിക്കുന്നത്. അങ്ങിനെയാണ് ഏങ്ങണ്ടിയൂര്‍ - ചേറ്റുവാ മേഖലയില്‍ അറിയപ്പെടുന്നത്.

എന്റെ ചെറുപ്പത്തില്‍ - ഏതാണ്‍ അഞ്ചുവയസ്സില്‍ എന്റെ വയ്യാതെ ആയാല്‍ നാട്ടിലെ മണ്ണാന്‍ വൈദ്യരെ വരുത്തും. അദ്ദേഹത്തിന്റെ കക്ഷത്തില്‍ പിച്ചളയുടെ ഒരു ചെല്ലപ്പെട്ടി ഉണ്ടാകും. അത് തുറന്ന് ഗുളിക എടുത്ത് തൊടിയിലേക്കിറങ്ങി ഒന്നുകില്‍ കഞ്ഞിക്കൂര്‍ക്ക അല്ലെങ്കില്‍ തുളസിയുടെ ഇല പിഴിഞ്ഞ് അതില്‍ ഗുളിക ചാലിച്ച് തരും. അസുഖം നിമിഷനേരം കൊണ്ട് പമ്പ കടക്കും.

ഇന്ന് എന്റെ ശ്രീമതി ഞങ്ങളുടെ വീട്ടുവളപ്പില്‍ ഈ സസ്യം പറിച്ച പാതിയാമ്പുറത്ത് വെക്കുന്നത് കണ്ടു. എന്തോ ഒരു ലക്ഷ്യം ഉണ്ട്. പല്ലിയെ അകറ്റാനാണെന്ന് തോന്നുന്നു.

ആര്‍ക്കെങ്കിലും ഈ സസ്യം വേണമെങ്കില്‍ വരൂ എന്റെ വീട്ടിലേക്ക്.

Sunday, April 17, 2016

ഇന്ന് തൃശൂര്‍ പൂരം

sree vadakkunnathan temple trichur
ജീവിതത്തിലെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് എല്ലാ കൊല്ലവും തൃശ്ശൂര്‍ പൂരം കാണുക എന്നത്. കുറച്ച് നാളായി പല അസുഖങ്ങളാലും ഞാന്‍ കഷ്ടപ്പെടുകയാണ്. അതില്‍ കണ്ണിലെ ഗ്ലോക്കോമ അസുഖം എന്റെ കാഴ്ചയെ സാരമായി ബാധിച്ചിരിക്കുന്നു.. ഒരു കണ്ണ് ജീര്‍ണ്ണാവസ്ഥയിലാണ്.കൂടെ കൂടെ വേദനയും, പുകച്ചിലും, മസിലുകള്‍ പിടിച്ച് വലിയും മറ്റും...

ഇന്നെലെ വടക്കുന്നാഥനെ വണങ്ങി എല്ലാം അനുഗ്രഹങ്ങളും വാങ്ങി ഇന്നെത്തെ പൂരം കാണാന്‍. ഇലഞ്ഞിത്തറ മേളം കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആരോഗ്യം അനുവദിച്ചില്ല.. ഇക്കൊല്ലം പാറമേക്കാവിലെ ചെമ്പട മേളവും, നായ്കനാലിലെ പാണ്ടി മേളവും അനാരോഗ്യം നിമിത്തം കാണാനായില്ല... 


ഇനി 5 മണി കഴിഞ്ഞ് കുടമാറ്റം കാണണം... പുലര്‍ച്ചെക്കുള്ള വെടിക്കെട്ട് 800 മീറ്റര്‍ അകലെയുള്ള എന്റെ വീട്ടില്‍ നിന്നും കാണാമെന്ന് വെച്ചു.

abhilaash
പകല്‍ പൂരം കഴിഞ്ഞ് മടങ്ങുന്നിന്നിടെ പത്തന്‍സ് ഹോട്ടലില്‍ കയറി ഒരു പാല്‍ ചായ കുടിക്കാന്‍ മറന്നില്ല. എല്ലാ കൊല്ലവും ഈ പതിവുണ്ട്. കഴിഞ്ഞ കൊല്ലം ചായ കുടിക്കാന്‍ പോയപ്പോള്‍ ഹോട്ടലിന്റെ ഉടമ മണ്മറഞ്ഞ എന്റെ പ്രിയ സുഹൃത്ത് അശോകന്റെ മകന്‍ അഭിലാഷിനെ കണ്ട് പരിചയപ്പെട്ടിരുന്നു. ഇത്തവണയും അഭിയെ കണ്ട് പരിചയം പുതുക്കി..

ഞാനും അശോകനും ഒരേ ദിവസമാണ് [23-12-1973] ഗള്‍ഫില്‍ പോയത്, അശോകന്‍ ബിസിനസ്സ് ചെയ്ത് കോടികള്‍ സമ്പാദിച്ചു, അതേ സമയം ഈ പാവം ഞാന്‍ അത്യാവശ്യം കഴിഞ്ഞ് കൂടാനുള്ള വക മാത്രം ഉണ്ടാക്കി. 
 
അശോകനെ എനിക്ക് അറിയാവുന്ന അത്ര ആര്‍ക്കും അറിയില്ലായെന്നാണ് എന്റെ വിശ്വാസം. അശോകന്റെ കുഞ്ഞിളയമ്മ എന്റെ ചേട്ടന്‍ ചന്ദ്രസേനന്റെ ഭാര്യയാണ്..


എന്റെ എല്ലാ കൂട്ടുകാര്‍ക്കും പൂരം ആശംസകള്‍

Wednesday, March 16, 2016

ചക്കക്കുരുവും മാങ്ങയും


ഒരു ഓര്‍മ്മക്കുറിപ്പെഴുതാന്‍ ഒരു മൂഡ് വരുന്നു, പക്ഷെ ആരോഗ്യം സമ്മതിക്കുന്നില്ല.. കണ്ണിലെ ഗ്ലോക്കോമ അസുഖം - ഒരു കണ്ണ് ജീര്‍ണ്ണാവസ്ഥയിലാണ്.. ഈശ്വരന്റെ വരദാനമാണ് എഴുതാനുള്ള കഴിവ്. അതിനെ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കണമല്ലോ....?

ഇന്നെലെ എന്റെ ചേച്ചിയെ സ്വപ്നം കണ്ടു.. എനിക്ക് ചെറുവത്താനിയിലെ വീട്ടില്‍ ഇടക്കൊക്കെ ചക്കക്കുരുവും മാങ്ങയും കൊണ്ടുള്ള കറി ഉണ്ടാക്കിത്തരാറുണ്ട്.. ഞാന്‍ എന്റെ സ്വപ്നത്തെ പറ്റി പറഞ്ഞപ്പോള്‍ എന്റെ പാര്‍ട്ട്ണര്‍ ഇന്നെനിക്ക് ഈ കറി ഉണ്ടാക്കിത്തന്നു.

ചെറുവത്താനിയിലെ തറവാട്ടില്‍ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞു, രക്തവാതം കാരണം വാഹനം ഓട്ടിക്കലൊരു പ്രശ്നം ഒരു വശത്ത് - മറുഭാഗത്ത് സാധാരണ വീട്ടിലുണ്ടാകുന്ന മറ്റൊരു തര്‍ക്കം.. തര്‍ക്കത്തിന് മധ്യസ്ഥം പറയാന്‍ ഈ പാവത്തിന് ആരുമില്ല. അതിനാല്‍ ആ വഴിക്ക് പോയില്ല.. അല്ലെങ്കില്‍ അവിടെ പോയി ചക്ക തിന്നാ‍ാമായിരുന്നു, ചക്കക്കുരുവും മാങ്ങയും...

ചെറുവത്താനിയിലെ എരുകുളത്തിലെ കുളിയും, പുഞ്ചപ്പാടത്തെ തോട്ടിലെ നീരാട്ടും, വഞ്ചീ കുത്തി തിരുത്തിന്മേല്‍ പോയിരുന്നതും ഇന്നെലെയെന്നോണം ഓര്‍ക്കുന്നു. വയസ്സായെങ്കിലും പോണം ആ വഴിക്ക് വീണ്ടും ഓര്‍മ്മ പുതുക്കാന്‍..

ജനിച്ചത് ഞമനേങ്ങാ‍ട്ടാണെങ്കിലും വളര്‍ന്നത് ചെറുവത്തനിയിലാണ്. മറക്കാനൊക്കുമോ വളര്‍ന്ന നാടിനെ... കഴിഞ്ഞ പത്താം തീയതി തേവര്‍ പൂരമായിരുന്നു ആ‍രും ഓര്‍മ്മപ്പെടുത്തിയില്ല, ക്ഷണിച്ചില്ല.. കപ്ലിയങ്ങാട് ഭരണിക്ക് തറവാട്ടിലെ രവി ക്ഷണിച്ചിരുന്നു, പോകാനായില്ല...

കൂടുതലെഴുതാനുണ്ട്... വരാം ഈ വഴിക്ക് വീണ്ടും. എല്ലാവര്‍ക്കും അഡ്വാന്‍സ് വിഷു ആശംസകള്‍

Wednesday, March 2, 2016

ഒരു ഉരുള ചോറ്

ബിന്ദു ഒരു ഉരുള ചോറ് തന്നിട്ട് നാളുകളേറെയായി. പണ്ട് പെങ്ങളുണ്ടായിരുന്നപ്പോള്‍ എന്തെങ്കിലും കിട്ടുമായിരുന്നു.. ഇപ്പോള്‍ ആളെ തന്നെ നേരില്‍ കണ്ടിട്ട് മാസങ്ങളായി..അല്ലെങ്കിലും വയ്യാതെ ആയാല്‍ സുഹൃത്തുക്കളൊന്നും തിരിഞ്ഞ് നോക്കാറില്ല... അസുഖം ഒരു വിധം മാറിയതായിരുന്നു. കഷ്ടിച്ച് നടക്കാനായപ്പോള്‍ തട്ടിത്തടഞ്ഞ് വീണ് കാലിന്റെ എല്ല് പൊട്ടി, വീണ്ടും ഹൌസ് അറസ്റ്റിലായി ഒരു മാസം, ഇപ്പോള്‍ വീണ്ടും നടത്തം തുടങ്ങിയിരിക്കുന്നു.. 

വയസ്സായാല്‍ എല്ലാവരുടേയും നില ഇങ്ങിനെ തന്നെ.. ജരാനര ബാധിക്കുമ്പോള്‍ ഈ അവസ്ഥയിലേക്ക് നാം എത്തിപ്പെടും... ചിലര്‍ സുഖമായി കണ്ണടക്കുന്നു. ചിലര്‍ രോഗബാധിതരായി നരകിച്ച് കണ്ണടക്കുന്നു... 

കൃഷ്ണാ ഗുരുവായൂരപ്പാ.... അച്ചന്‍ തേവരേ എല്ലാം അവിടുത്തെ കടാക്ഷം പോലെ

Monday, February 22, 2016

സഹായിക്കാനാരെങ്കിലും ഉണ്ടോ

കുറച്ച് നാളായി പുതിയ ബ്ലോഗ് പോസ്റ്റുകള്‍ ഒന്നും എഴുതിയില്ല. കാഴ്ച വൈകല്യവും മറ്റു അസുഖങ്ങളും കൂട്ടിനായുണ്ട്. ആര്‍ക്കെങ്കിലും എന്നെ ടൈപ്പിങ്ങിന് സഹായിക്കാമെങ്കില്‍ വിളിക്കുക 9072799565 - കാലത്ത് 9 മുതല്‍ വൈകിട്ട് 8 വരെ എന്നെ കിട്ടും ഈ നമ്പറില്‍

Sunday, January 31, 2016

കാഴ്ച

ഞന് ഇവിടെ വരാറില്ല കുറച്ച് നാളായി. ജരാനര ബാധിച്ച് കിടപ്പിലായ പ്രതീതി. വയസ്സ് എഴുപത്. അത് അധികമൊന്നും ആയിട്ടില്ലായെന്നാണ് പലരുടേയും നിഗമനം, പക്ഷെ എന്നെ സംബന്ധിച്ചിടത്തോ‍ളം ഞാനൊരു കിടപ്പുരോഗിയായ പോലെ. 10 കൊല്ലമായുള്ള രക്തവാതം കാലുകളെ അധികം കറങ്ങാ‍ന്‍ അനുവദിക്കുന്നില്ല.. 

അലോപ്പതിയും ആയുര്‍വ്വേദവും, ഹോമിയോപ്പതിയും മാറിമാറി ചികിത്സിച്ചുവെങ്കിലും രക്ഷയില്ല.. അതിന്നിടക്ക് നടക്കാന്‍ പോകുന്നതിന്നിടയില്‍ തട്ടിത്തടഞ്ഞ് വീണ് കാലിന്റെ പുറടിയുടെ മുകളില്‍ എല്ല് ചെറുതായി പൊട്ടിയ്തും കൂടി ആയപ്പോള്‍ വീട്ടുതടങ്കലിലെന്ന പോലെ ഇപ്പോള്‍. 

എന്താ ചെയ്യാ എല്ലാം സഹിക്കുക തന്നെ.. കണ്ണിനാണെങ്കില്‍ കാഴ്ചവൈകല്യവും, ഗ്ലോക്കോമ എന്ന മാരകരോഗം... കഴിഞ്ഞ ദിവസം ഉണ്ണാനിരുന്നപ്പോള്‍ മേശമേല്‍ വിരിച്ചിരുന്ന ഒരു ഗ്ലോസ്സി കടലാസ്സിലേക്ക് കണ്ണൂം നട്ട് ഇരുന്നുപോയി. ഫുഡ്ഡടിച്ച് വന്നപ്പോള്‍ കണ്ണില്‍ നിന്നും അവസാനം കണ്ട ഇമേജ് മായാതെ നില്‍ക്കുന്നു. 

ഞാന്‍ പേടിച്ച് വിറച്ചു, ഉടന്‍ മൂടിപ്പുതച്ച് ഭഗവാന്‍ അച്ചന്‍ തേവരെ ധ്യാനിച്ച് കിടന്നു... ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കാഴ്ച തിരിച്ച് കിട്ടി

Sunday, January 10, 2016

THE SILENT VISION KILLER - കാഴ്ചയുടെ നിശ്ശബ്ദ അപഹര്‍ത്താവ്

MEMOIR

എന്റെ കണ്ണുകള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ഗ്ലോക്കോമ നേത്ര രോഗങ്ങള്‍ക്ക് നല്ല ചികിത്സ എനിക്ക് ഇവിടെ ലഭിക്കുന്നു.. എന്താണ് ഗ്ലോക്കോമ [കാഴ്ചയുടെ നിശ്ശബ്ദ അപഹര്‍ത്താവ്] THE SILENT VISION KILLER.

കണ്ണിന്നുള്ളില്‍ അടങ്ങിയിരിക്കുന്ന ദ്രാവകമാണ് അക്വസ് ഹ്യൂമര്‍. ഈ ദ്രാവകത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത് മൂലം കണ്ണിന്നുള്ളില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം ഉണ്ടാകുന്നു. ഈ സമ്മര്‍ദ്ദം നേത്ര നാഡിയെ നശിപ്പിക്കുകയും ക്രമേണ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു.. 

ൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പിന്നിടെഴുതാം. എന്റെ ഒരു കണ്ണിന് ഭാഗികമായി കാഴ്ച ശക്തി ഞാന്‍ അറിയാതെ നഷ്ടപ്പെട്ടു.
തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഐവിഷന്‍ ആശുപത്രിയിലാണ് എനിക്ക് നേത്ര ചികിത്സ ലഭിക്കുന്നത്....


ഗ്ലോക്കോമ രോഗികളെ വിഷമപ്പെടുത്തുന്ന ഒരു പ്രശ്നമുണ്ട്, എന്തെന്ന് വെച്ചാല്‍ ഗ്ലോക്കോമ രോഗികള്‍ക്ക് ചില അലോപ്പതി മരുന്നുകള്‍ കഴിക്കാന്‍ പാടില്ല.. ഉദാഹരണത്തിന് വയറുവേദനക്ക് സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു മരുന്നുണ്ട്, പേര് ഓര്‍മ്മ വരുന്നില്ല, പകരം കോളിനോള്‍ കഴിക്കാം.. പക്ഷെ മറ്റേ മരുന്നാണ് ഉത്തമം. എന്തൊക്കെ മരുന്നുകള്‍ ഗ്ലോക്കോമ രോഗികള്‍ കഴിക്കാന്‍ പാടില്ല, എന്ന ഒരു ലിസ്റ്റ് കിട്ടിയാല്‍ ഉപകാരമായിരുന്നു. ചില ഡോക്ടര്‍മാര്‍ നെറ്റില്‍ നോക്കി പകരമുള്ള മരുന്നുകള്‍ പറഞ്ഞ് തരും. എന്റെ സര്‍ജ്ജറി 30 കൊല്ലം മുന്‍പ് ഒമാനില്‍ വെച്ചായിരുന്നു. അന്ന് സര്‍ജ്ജന്‍ പറഞ്ഞിരുന്നു മറ്റു ചികിത്സാവേളയില്‍ നമ്മുടെ രോഗവിവരം ഡോക്ടര്‍മാരോട് പറയണം എന്ന്.. എനിക്കിപ്പോള്‍ 70 വയസ്സായി, അല്ലറ ചില്ലറ രോഗങ്ങള്‍ കുറേ ഉണ്ട്.... ചിലപ്പോള്‍ സബ്സ്റ്റിറ്റ്യൂ ട്ട് മരുന്നുകള്‍ കിട്ടാറില്ല, അങ്ങിനെ ഉള്ള അവസ്ഥയില്‍ പാരസെറ്റാമോള്‍ കഴിച്ച് തൃപ്തിപ്പെടേണ്ടി വരാറുണ്ട്.

ഞാന്‍ കൂടുതല്‍ ഈ വിഷയത്തെപ്പറ്റി എഴുതാം പിന്നീട്. എനിക്ക് ഇപ്പോള്‍ കൂടുതല്‍ സമയം കമ്പ്യൂട്ടറില്‍ നോക്കിയിരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

 ഒരു GLAUCOMA ASSOCIATION  ഉണ്ടാക്കണമെന്നുണ്ട്. പ്രിയ വായനക്കാര്‍ ഗ്ലോക്കോമ രോഗികളെ കാണുകയാണെങ്കില്‍ ദയവായി ബന്ധപ്പെടുക..  ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നുകളെ കുറിച്ച അന്യോന്യം ബോധവല്‍ക്കരിക്കാനും മറ്റും സഹായിക്കും..  സാധാരണയായി ഗ്ലോക്കോമ രോഗികള്‍ ഉപയോഗിക്കുന്ന തുള്ളി മരുന്നാണ്  Alfagan P.  ഈ മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടുകിട്ടിയാല്‍ ഗ്ലോക്കോമ രോഗികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാന്‍ സാധിക്കും. തൃശ്ശൂര്‍ സിറ്റിയില്‍ ഞാന്‍ മരുന്നുഷോപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ  കണ്ണാശുപത്രികളും.