Friday, June 3, 2011

വിണ്ടുമൊരു മഴക്കാലം

മഴക്കാലം എന്ന് പറയുമ്പോള് എന്നെ സംബന്ധിച്ചിടത്തൊളം വലിയൊരു ഓര്മ്മതന്നെയാണ്. തൊപ്പിക്കുട പിടിച്ചുള്ള പീടികയില് പോക്കും ചിലപ്പോള് കുട ചൂടി സ്കൂളിലേക്കും.

ഞാന്‍ പണ്ട് മഴക്കാലത്തെപ്പറ്റി എഴുതിയിരുന്നു. അത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരികയും ഉണ്ടായി. ഇപ്പോള്‍ മറ്റൊരു മഴക്കാലം ഒരു വര്‍ഷം കഴിഞ്ഞ് എത്തിയപ്പോള്‍ വീണ്ടും എന്റെ മനസ്സ് പുറകോട്ട് പോകയാണ്.

പണ്ടത്തെ മാതൃഭൂമി പോസ്റ്റ് ലിങ്ക് തപ്പി നോക്കട്ടെ. കിട്ടിയാല്‍ ഞാന്‍ താഴെ എഴുതാം.

http://jp-smriti.blogspot.com/2009/07/blog-post_23.html

സ്ഥല പരിമിതി കാരണം മാതൃഭൂമിക്കാര്‍ ഈ പോസ്റ്റിനെ വെട്ടിച്ചുരുക്കി. ശരിക്കും ഞാനെഴുതിയ പോസ്റ്റ് താഴെ കാണുന്ന ലിങ്കില്‍ കാണാം.

http://jp-smriti.blogspot.com/2009/07/blog-post.html

പാലക്കാട് ജില്ലയിലെ പഴയ മലബാര്‍ പ്രദേശത്ത് ഞമനേങ്ങാട് ആണ് ഞാന്‍ ജനിച്ചത്. ഇന്ന് സ്ഥലം തൃശ്ശൂര്‍ ജില്ലയിലാണ്. ഞാന്‍ എത്രമാത്രം പുറകോട്ട് പോകാന്‍ പറ്റുമെന്ന് നോക്കട്ടെ. ഇപ്പോള്‍ എനിക്ക് വയസ്സ് 64.

ജൂണ്‍ മാസം ഒന്നാം തീയതി എത്ര കൃത്യമായി കാല വര്‍ഷം ആരംഭിച്ചു. കാലാ കാലങ്ങളിലായി ഈ പ്രതിഭാസം തുടരുന്നു. ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഞമനേങ്ങാട്ട് നിന്ന് പാടത്ത് വരമ്പില്‍ കൂടിയും ചെറിയ തോട്ടില്‍ കൂടിയും ഒക്കെ നീന്തിക്കടന്ന് വേണം 3 നാഴിക അകലെയുള്ള വടുതല സ്കൂളിലെത്താം.

കോരിച്ചൊരിയുന്ന മഴയത്ത് ചേച്ചിയുടെ പിന്നാലെ ഞാന്‍ നടക്കും. ചേച്ചിക്ക് അഛന്‍ സിലോണില്‍ നിന്ന് കൊണ്‍ട് വന്നിട്ടുള്ള കൊളംബോ ശീലക്കുടയും എനിക്ക് ഓലക്കുടയും. ഞാന്‍ പില്‍ക്കാലത്ത് ഓലക്കുട ഉപേക്ഷിച്ച് തൊപ്പിക്കുട ആക്കി. അപ്പോള്‍ പോകുന്ന വഴിക്ക് വെള്ളത്തില്‍ കൂടി കാലടിച്ച് കളിച്ചും ഓടിയുമെല്ലാം ലക്ഷ്യസ്ഥാനത്തെത്താം.

ഞാന്‍ വളര്‍ന്ന് വലുതായി നാലര ക്ലാ‍സ്സിലെത്തിയിട്ടും എന്റെ നടപ്പും മട്ടും ശീലങ്ങളുമെല്ലം പഴയത് പോലെ തന്നെ. ഞാന്‍ ചിലപ്പോള്‍ ചേച്ചി പോകുന്നതിന്‍ മുന്‍പ് തന്നെ സ്കൂളില്‍ നിന്നിറങ്ങും. എന്നിട്ട് ചക്കിത്തറ പാലത്തിന്റെ മുകളിലിരുന്ന് ചൂണ്ടലിടും. ചേച്ചിയെ കണ്ടാല്‍ കൂടെ നടന്ന് നീങ്ങും. മഴക്കാലത്ത് ചക്കിത്തറ പാലത്തിന്റ്റെ താഴെ വെള്ളം തൊട്ടു തൊട്ടില്ലാ എന്ന മട്ടോടെ ആയിരിക്കും.

ചേച്ചി ഞാന്‍ പഠിച്ചിരുന്ന സ്കൂളിലെ ടീച്ചറായിരുന്നു. ചേച്ചിയെന്നാല്‍ ശരിക്കുമുള്ള ചേച്ചിയല്ല. എന്റെ പെറ്റമ്മയാണ്‍. പക്ഷെ ഞാന്‍ ചേച്ചിയെന്നാ അമ്മയെ വിളിച്ചുപോന്നത് മരണം വരെ. ആ ചേച്ചിയെന്ന വിളിയുടെ കഥ വലിയ കഥയാണ്‍. അത് ഇപ്പോള്‍ ഇവിടെ പറയാന്‍ പറ്റില്ല.

നാല്‍ മണിക്ക് സ്കൂള്‍ വിട്ടാല്‍ മഴ കലശലായി തോട്ടില്‍ കൂടി നടക്കാന്‍ വയ്യാത്ത സ്ഥിതി ആണെന്ന് തോന്നിയാല്‍ ചിലപ്പോള്‍ ഞാനും ചേച്ചിയും ചില രാത്രികള്‍ ചേച്ചിയുടെ ചെറുവത്താനി വീട്ടില്‍ താമസിക്കും. എനിക്ക് ഞമനേങ്ങാട് താമസിക്കുന്നതിനേക്കാളും ഇഷ്ടം ചെറുവത്താനിയില്‍ താമസിക്കുന്നതായിരുന്നു.

മഴക്കാലമാകുമ്പോള്‍ പിന്നീട് ചെറുവത്താനിയിലെ അമ്മ വീട്ടിലും ഞമനേങ്ങാട്ടെ അഛന്‍ വീട്ടിലും ആയി മാറി മാറി കഴിഞ്ഞു. എനിക്ക് ഒരു അനിയനുണ്ട്. അവന്‍ എപ്പോഴും ചെറുവത്താനിയിലെ ചേച്ചിയുടെ വീട്ടില്‍ ആയിരുന്നു. രണ്ടെണ്ണത്തിനേയും കൂടി ഒന്നിച്ച് നോക്കാന്‍ ചേച്ചിക്ക് നന്നേ പാടുപെടേണ്ടി വന്നതിനാലാണ്‍ അനിയനെ ചേച്ചിയുടെ വീട്ടില്‍ നിര്‍ത്തിയത്. അനുജന്‍ എന്നേക്കാളും അഞ്ച് വയസ്സിന്‍ താഴെയായിരുന്നു. തന്നെയുമല്ല ചേച്ചിയുടെ വീട്ടില്‍ മറ്റു കുട്ടികള്‍ ഉണ്ടായിരുന്നില്ല. അങ്ങിനെ എന്റെ അനുജന്‍ ശ്രീരാമന്‍ അമ്മൂമ്മയുടെയും അഛാഛന്റെയും പെറ്റ് ആയി അവിടെ കഴിഞ്ഞുകൂടി.

ഞമനേങ്ങാട്ടെ ഞങ്ങളുടെ തറവാട് ഓലപ്പുരയായിരുന്നു. അഛന്‍ സിലോണിലായത് കാരണം കുറച്ച് സാമ്പത്തികം ആയപ്പോള്‍ തട്ടിന്‍പുറം ഓടിട്ടു. ചേച്ചി തട്ടിന്‍ പുറത്താണ്‍ ഉറങ്ങുക. എന്നെ കൂടെ കിടത്തി ഉറക്കും. ചേച്ചി കൂര്‍ക്കം വലി തുടങ്ങിയാല്‍ ഞാന്‍ താഴെ അടുക്കളക്കടുത്ത് തളത്തില്‍ കിടന്നുറങ്ങുന്ന അഛമ്മയുടെ അടുത്ത് വന്ന് കിടക്കും.

തെക്കിണിയിലും മച്ചിലും ഇടനാഴികയിലും ഒക്കെയായി ഒരു പാട് സ്ഥലമുണ്ട്ങ്കിലും ഈ മഴക്കാലത്ത് കൂടി എന്റെ അഛമ്മയും പരിവാരങ്ങളും ഈ തളത്തില്‍ കിടന്നാണ്‍ ഉറങ്ങുക. തളമെന്നാല്‍ പുരയും അടുക്കളയും കൂട്ടി യോജിപ്പിക്കുന്ന ഒരു വലിയ വഴിപോലെയുള്ള മുറിയാണ്‍. അവിടെ ഒരു കട്ടിലില്‍ കരിമ്പടം പുതച്ച് അഛമ്മയും കട്ടിലിന്‍ താഴെയും പിന്നെ വരി വരിയായി മറ്റുള്ളവരും വര്‍ത്തമാനം പറഞ്ഞും കൊണ്ട് കിടന്നുറങ്ങും.

മറ്റുള്ളവരെന്നാല്‍ അമ്മായിമാരും അവരുടെ മക്കളും എല്ലാം. മഴക്കാലമായാല്‍ എടക്കഴിയൂരിലെയും വടക്ക്കേക്കാട് അടുത്ത തിരുവളയന്നൂരിലെ അമ്മായിമാരും അവരുടെ മക്കളുമെല്ലാം ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടിലെത്തും. അവരില്‍ ചിലര്‍ എട്ടാം ക്ലാസ്സ് വരെ പഠിച്ച് നിര്‍ത്തിയവരും ചിലര്‍ സ്കൂളില്‍ പോകാതെ മടിച്ച് നില്‍ക്കുന്നവരും ഉണ്ടാകും.

തളത്തിലാകുമ്പോള്‍ ഉറക്കം വരുന്നത് വരെ മഴ പെയ്യുന്നതും മഴവെള്ളം ഓലപ്പുരയുടെ മുകളില് കൂടി പെയ്തൊലിച്ച് താഴെ വെച്ചിരിക്കുന്ന ചെമ്പിലും വട്ടളത്തിലും വീഴുന്നതും കാണാം. ഈ വെള്ളം ആണ്‍ കാലത്ത് പാത്രം മോറാനും പശുക്കള്‍ക്കും പോത്തുങ്ങള്‍ക്കും പിണ്ണാക്ക് കലക്കാനും മറ്റുമായി കുഴിതാളിയില്‍ ഒഴിക്കുക.

മഴക്കാലമായാല്‍ കിണറുകള്‍ ഇടിഞ്ഞ് പൊളിയും. ഓരോ മഴക്കാലം കഴിയുമ്പോളും ഓരോ കിണര്‍ കുഴിക്കണം എന്ന ഗതികേടായിരുന്നു അവിടെ. അങ്ങിന്‍ തെക്കെ കുളക്കരയില്‍ അച്ചനൊരു കല്‍ക്കിണര്‍ പണിതു. അവിടെ നിന്ന് വീട്ടിലേക്ക് വെള്ളം ചെമ്പുകുടത്തില്‍ കോരിക്കൊണ്ട് വരണം. അല്പം ബുദ്ധിമുട്ടുള്ള പണി തന്നെ. അതിനാല്‍ മഴക്കാലമായാല്‍ പെരപ്പുറത്ത് നിന്ന് ശേഖരിക്കുന്ന വെള്ളാം കുടിക്കാനും വെക്കാനും ഒഴികെയുള്ള മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് പോന്നു.

ഞങ്ങളുടെ തറവാട്ടില്‍ വലിയ ചെമ്പും ചരക്കും ഉണ്ടായിരുന്നു. അടുത്തുള്ള വീട്ടുകളില്‍ കല്യാണത്തിനും അടിയന്തിരത്തിനും ഒക്കെ ഞങ്ങളുടെ വീട്ടില്‍ നിന്നാണ്‍ ചെമ്പും ചര്‍ക്കും കൊണ്ട് പോകുക. വാടക വാങ്ങിക്കാറില്ല. ചിലര്‍ അത് തിരികെ കൊണ്ട് വരുമ്പോള്‍ ഒരു കെട്ട് പപ്പടമോ ഒരു കുല പഴമോ കൊണ്ട് വന്ന് തരും. മഴക്കാലത്ത് ചിലപ്പോള്‍ ഈ ചെമ്പും ചരക്കും ആര്‍ക്കും കൊടുക്കാതെ മുറ്റത്ത് തന്നെ വെക്കും മഴവെള്ളം ശേഖരിക്കാന്‍.

മഴ തിമിര്‍ത്ത് പെയ്യാന്‍ തുടങ്ങി എല്ലാരും ഉറക്കമാകുമ്പോള്‍ ഞാന്‍ അഛമ്മയുടെ കട്ടിലില്‍ നിന്നിറങ്ങി പെങ്കുട്ട്യോളുടെ ഇടയില്‍ പോയി കിടക്കും. അവിടെ പെങ്കുട്ട്യോളും അമ്മായി മാരും നിരനിരയായിട്ടാണ്‍ കിടന്നുറങ്ങുക. ചിലര്‍ക്ക് പായയും, ചിലര്‍ക്ക് മെത്തപ്പായയും ചിലര്‍ക്ക് പുല്‍പ്പായയും ഒക്കെ ഉണ്ടാകും. അവിടെ ആണ്‍ കുട്ടിയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ… നാലരക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് അന്ന് ഏതാണ്ട് പത്ത് വയസ്സുണ്ടാകും. എന്റെ സമപ്രായമുള്ള രണ്ട് മൂന്ന് പെങ്കുട്ട്യോളും എന്ന്നെക്കാള്‍ മുതിര്‍ന്ന നാലുപേരും പിന്നെ അമ്മായിമാരും വേറെ ഒരു അച്ചമ്മയും ആണ്‍ അവിടെ ഉണ്ടായിരുന്നത്.

എനിക്ക് രണ്ട് അച്ചമ്മമാരുണ്ടായിരുന്നു. ഞാന്‍ പണ്ടെങ്ങോ ഈ കഥ എഴുതിയിരുന്നു. കട്ടിലില്‍ കിടക്കുന്ന അച്ചമ്മ വെളുത്തതും താഴെ കിടക്കുന്ന അച്ചമ്മ കറുത്തതും ആയിരുന്നു. ഞാന്‍ അവരെ സ്നേഹത്തോടെ വെളുത്ത അച്ചമ്മയെന്നും കറുത്ത അച്ചമ്മയെന്നും വിളിച്ച് പോന്നു. വെളുത്ത അച്ചമ്മയുടെ മൂത്ത പുത്രനായ കൃഷ്ണന്റെ സന്തതിയാണ്‍ ഈ എഴുത്തുകാരനായ ഞാന്.

എന്റെ അച്ചാച്ചന്‍ തണ്ടാന്‍ സ്ഥാനം കൊടുത്ത് കൊല്ലിനും കൊലക്കും അധികാരം നല്‍കി വാഴിച്ചതാണ്‍ ആ നാട്ടിലെ അധികാരികള്‍. പത്തേക്കര്‍ വരുന്ന വട്ടന്‍പാടത്ത് ഒരു തറ പോലെ കിടക്കുന്നതായിരുന്നു ഞങ്ങളുടെ കിടപ്പാടം. കടത്തനാട്ട് നിന്ന് കുടിയേറി പാര്‍ത്തവരാണ്‍ എന്റെ പിതാമഹന്മാര്‍. അച്ചാച്ചന്‍ ആയോധന കലയില്‍ സിദ്ധി നേടിയ ഒരു പടയാളിയായിരുന്നു. അച്ചാച്ചന്‍ ആറടി അഞ്ചിഞ്ച് ഉയരമുണ്ടായിരുന്നു. കാതില്‍ കടുക്കനും കുടുമയും ഉണ്ടായിരുന്നു. അരയില്‍ എപ്പോഴും ചുരിക തിരുകിയിരിക്കും. വീട്ടില്‍ കളരിത്തറ ഉണ്ടായിരുന്നു. വീട്ടുപേര്‍ വെട്ടിയാട്ടില്‍ എന്നായിരുന്നെങ്കിലും തറയില്‍ വീടെന്നാണ്‍ അറിയപ്പെട്ടിരുന്നത്.

അതായിരുന്നു എന്റെ തറവാട്ട് പാരമ്പര്യം. ഞങ്ങള്‍ക്ക് മഴക്കാലമാകുമ്പോള്‍ ചില പാടത്ത് കൃഷിയിറക്കും. മഴക്ക് മുന്‍പ് ഞാറ് നട്ട്, നടാനുള്ള പാകമാകുമ്പോഴേക്കാണ്‍ ജൂണ്‍ മാസത്തോട് കൂടിയുള്ള ഇടവപ്പാതിയുടെ ആരംഭം.

വീട്ടില്‍ കന്ന് കാലികളെ നോക്കാന്‍ അവിടെ താമസിക്കുന്ന കണ്ടൊരനുണ്ടായിരുന്നു. അവന്‍ തൊഴുത്തിന്റെ തിണ്ണയില്‍ തന്നെയാണ്‍ അന്തിയുറക്കം. അവന്‍ ബീ‍ഡി വലിക്കുന്നത് കാരണം ശാപ്പാടിന്‍ മാത്രമെ പെരയിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ….

മഴക്കാലത്ത് കണ്ടങ്ങളെല്ലാം ഉഴുതുമറിച്ചിടും. പാടത്ത് പണിക്ക് വാണിയം കുളത്ത് നിന്ന് പുതിയ ആരോഗ്യമുള്ള കന്നുകളെ വാങ്ങി വരും. വീട്ടിലുള്ളതിനെ അവിടെ വില്‍ക്കുകയും ചെയ്യും. പാടത്ത് പണിക്ക് മുന്‍പ് കന്നുകള്‍ക്ക് സുഖരക്ഷയും നല്‍ക്കും. അയമോദകവും മറ്റും ചേര്‍ത്ത മരുന്ന് കൂട്ടും മറ്റും കൊടുക്കും. പിന്നെ കൊമ്പിന്മേലും കുളമ്പിലും കടുകെണ്ണ പുരട്ടും. ഈ പോത്തുങ്ങളെ വീട്ടിലെ ആണുങ്ങളെപ്പോലെയാണ്‍ പരിപാലിക്കുക.

നൂറ്റിയമ്പത് പറ കൃഷി പണിയുന്ന ഇരിപ്പൂ കൃഷിയിടം ഞങ്ങള്‍ക്കുണ്ടായിരുന്നു. പുഞ്ചനിലത്തിന്റെ അത്ര വിളവ് വട്ടന്‍ നിലത്തിന്നില്ല. ചില കണ്ടത്തില്‍ നവര്‍ വിതക്കും. എല്ലാ തീരുമാനങ്ങളും വെളുത്ത അച്ചമ്മയുടേതായിരിക്കും. കറുത്ത അച്ചമ്മക്കായിരുന്നു വീട്ടിലെ കലവറയിലെ ഇന് വെന്ററി മേനേജ് മെന്റും അടുക്കള ഭരണവും.

മഴക്കാലമാകുമ്പോള്‍ പാടത്ത് നിന്നും കുളത്തില്‍ നിന്നും കണ്‍നനും കടുവും ധാരാളമായി കിട്ടും. സാധാരണ പലരും പറയുന്ന ബ്രാലിന്‍ ഞങ്ങളുടെ നാടില്‍ കണ്ണനെന്നും കുത്തുന്നവനെ കടു എന്നും വിളിക്കും. ഞാറ് നടുമ്പോള്‍ സാധാരണ കടു കുത്താറുണ്ട് അതിനെ പിടിക്കാന്‍ തുനിഞ്ഞാല്‍. കടുവിനെ പിടിക്കാന്‍ ഒരു സൂത്രം ഉണ്‍ട്. പക്ഷെ എനിക്കൊരിക്കലും ആ സൂത്രം പഠിക്കാനായില്ല.

കടു മീന്‍ കുത്തിയാല്‍ ഭയങ്കര കടച്ചലായിരിക്കും. പെട്ടെന്നുള്ള ശമനത്തിന്‍ കടി കൊണ്ട ഭാ‍ഗത്ത് പാത്തിയാല്‍ മതി. അല്ലെങ്കില്‍ അന്നത്തെ പാടത്ത് പണി ശരിയായത് തന്നെ. ചിലര്‍ ഈ കടച്ചലും കൊണ്ട് പണി തുടരും. എനിക്ക് കടു കുത്തിയാല്‍ അന്നത്തെ കാര്യം പോക്കായിരുന്നു.

ഞങ്ങളുടെ വീട്ടില്‍ എല്ലാരും കൂടി ഇരുപത്തഞ്ചില്‍ കൂടുതല്‍ പേരുണ്ടായിരുന്നു. എന്റെ ബാല്യത്തില്‍ പഞ്ചസാരക്ക് ക്ഷാമം ആയിരുന്നു. അതിനാല്‍ എനിക്കും ചേച്ചിക്കും ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം ശര്‍ക്കര ചായ ആയിരുന്നു. ഞങ്ങള്‍ രണ്ട് പേരും ആ വീട്ടിലെ വിഐപി കള്‍ ആയിരുന്നു. ചേച്ചി സ്കൂള്‍ ടീച്ചറായതിനാല്‍ മാസാമാസം ശമ്പളം കിട്ടിയിരുന്നു. അപ്പോള്‍ ഇഷ്ടമുള്ളത് കഴിക്കാമായിരുന്നു. തന്നെയുമല്ല ചേച്ചിയുടെ പിതാവ് ധനികനും ആയിരുന്നു.

ഞാന്‍ തൊപ്പിക്കുട ധരിച്ച് പാടത്തിറങ്ങും. ചിലപ്പോള്‍ പൂട്ടാന്‍ സഹായിക്കും പണിക്കാരെ. എനിക്ക് ശരിക്ക് ഉഴുതുമറിക്കാന്‍ അറിയില്ല. എന്നാലും വരിതെറ്റാതെ ഉഴുവാന്‍ പഠിക്കും. അപ്പോള്‍ കണ്ടോരന്‍ ഇരുന്ന് ബീഡി വലിക്കുകയും ഞാറ് നടുന്ന പെണ്ണുങ്ങളോട് വെടി പറയുകയും ചെയ്യും. മഴ കൂടിയാല്‍ പെണ്ണുങ്ങള്‍ ഒടിഞ്ഞി നിവര്‍ത്തും. കണ്ടോരന്‍ എന്നെപ്പോലെ തൊപ്പിക്കുട ചൂടും. തൊപ്പിക്കുടയും ചൂടി ഞാറ്റുകണ്ടത്തില്‍ ഓടി നടക്കുവാന്‍ രസമായിരുന്നു.

അന്നൊക്കെ പെണ്ണുങ്ങള്‍ ഞാറ് നടുന്നതും കള പറിക്കുന്നതും ഒക്കെ കാണാന്‍ വളരെ കൌതുകമായിരുന്നു. ഇറക്കം കുറഞ്ഞ കള്ളിമുണ്ടും ബ്ലൌസും ധരിച്ച് കുമ്പിട്ട് ഞാറുനടുന്നത് ഞാനിങ്ങനെ നോക്കിനിന്ന് ആസ്വദിക്കും. ചില തള്ളമാര്‍ ചീത്ത വിളിക്കും. “ ഇത്തിരിയെ ഉള്ളൂവെങ്കിലും ആ ചെക്കന്റെ ഒരു നോട്ടം കണ്ടില്ലെ പെമ്പിള്ളേരെ കാണുമ്പോള്‍..?” ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു രസമുള്ള മഴക്കാലം തന്നെ.

പെണ്ണുങ്ങക്ക് ഉച്ചക്ക് കഞ്ഞിയും ചക്കപ്പുഴുക്കും പാടത്തെക്ക് കൊണ്ട് കൊടുക്കും. പണിക്ക് വന്നിട്ടുള്ള രണ്ടോ മൂന്നോ മിടുക്കി പെണ്ണുങ്ങളെ അച്ചമ്മ പാടത്ത് നിന്ന് വീട്ടിലേക്ക് വിളിച്ചോണ്ട് പോകുന്നത് കാണാം. അവരോട് കഞ്ഞിയും പുഴുക്കും ഉണ്ടാക്കാന്‍ പറയും. ഇളം പുളിയുള്ള് ചക്ക ഇട്ട് കുരുവോടെ കൊത്തി നുറുക്കി പുഴുക്കുണ്ടാക്കും. ഒരു മുളക് ചമ്മന്തിയും ചിലപ്പോള്‍ കൊടുത്തുവെന്നെ വരാം. എല്ലാം അച്ചമ്മയുടെ തീരുമാനമാണ്‍.

കഞ്ഞിക്കലവും ചക്കപ്പുഴുക്കുമായി ഈ പെണ്ണുങ്ങല്‍ ഒരു ,മണിയാകുമ്പോളെക്കും പാടത്തെത്തും. വലിയ പിച്ചളക്കിണ്ണത്തിലാണ്‍ കഞ്ഞി വിളമ്പുക. പ്ലാവില കോട്ടി പെണ്ണുങ്ങള്‍ ചുടുകഞ്ഞി കുടിക്കുന്നത് ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. അന്ന് ഞാന് വിചാരിക്കും “ഈ ഉണ്ണിക്ക് സ്മ്ര്ദ്ധിയായി തൈരും ചോറും മീന്‍ കൂട്ടാനും പപ്പടവും ഒക്കെ. പാവം പണിക്കാര്‍ക്ക് വെറും കഞ്ഞിയും പുഴുക്കും…“

മഴക്കാലമാകുമ്പോല്‍ പുരയില്‍ ചിലയിടത്തൊക്കെ ചോര്‍ന്നൊലിക്കും. ചോര്‍ന്ന സ്ഥലത്തൊക്കെ പാത്രം വെക്കും. ചില രാത്രികളില്‍ മഴ കലശമായാല്‍ തളത്തിലെ തിണ്ണയുടെ അരികിലെ ചീനല്‍ താഴ്ത്തിയിടും ശീതല്‍ അടിക്കതിരിക്കാന്‍. എല്ലാരും ഒട്ടിയൊട്ടി കിടക്കുമ്പോള്‍ തണുപ്പടിക്കാറില്ല. ചിലപ്പോള്‍ ഞാന്‍ പാതിരക്കെണീറ്റ് തിണ്ണയില്‍ വന്നിരിക്കും. ചെമ്പില്‍ നിറഞ്ഞ് കവിയുന്ന മഴവെള്ളം കണ്ടും കൊണ്ട്. അച്ചമ്മ കാണാതെ ചിലപ്പോള്‍ മഴയത്ത് നിന്ന് കുളിക്കും.

മഴക്കാലം എന്നും എനിക്ക് വലിയൊരു ഓര്‍മ്മ തന്നെ. ഞാന്‍ കുറച്ച് നേരത്തേക്ക് എന്റെ പത്താം വയസ്സിലേക്ക് മടങ്ങിപ്പോയി. ആ കാലം എത്ര സുന്ദരമായിരുന്നു.

++++

ഇപ്പോള്‍ ഞാന്‍ ഈ പോസ്റ്റ് എഴുതുമ്പോള്‍ എന്റെ തൃശ്ശൂര്‍ പട്ടണത്തിലുള്ള ഓഫീസ് സമുച്ചയത്തില്‍ ഇരിക്കുകയാണ്‍. ചുറ്റുപാടും നോക്കിയപ്പോള്‍ വലിയ മഴ. പക്ഷെ എനിക്ക് വിശേഷിച്ചൊന്നും തോന്നിയില്ല മറിച്ച് എന്റെ ഭൂതകാലത്തേക്ക് ഞാന്‍ മടങ്ങിപ്പോയി.

തൃശ്ശൂര്‍ മഴയുടെ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താം.

9 comments:

ജെ പി വെട്ടിയാട്ടില്‍ said...

പാലക്കാട് ജില്ലയിലെ പഴയ മലബാര് പ്രദേശത്ത് ഞമനേങ്ങാട് ആണ് ഞാന് ജനിച്ചത്. ഇന്ന് ഈ സ്ഥലം തൃശ്ശൂര് ജില്ലയിലാണ്. ഞാന് എത്രമാത്രം പുറകോട്ട് പോകാന് പറ്റുമെന്ന് നോക്കട്ടെ. ഇപ്പോള് എനിക്ക് വയസ്സ് 64.


ജൂണ് മാസം ഒന്നാം തീയതി എത്ര കൃത്യമായി കാല വര്ഷം ആരംഭിച്ചു. കാലാ കാലങ്ങളിലായി ഈ പ്രതിഭാസം തുടരുന്നു. ഞാന് ഒന്നാം ക്ലാസ്സില് പഠിക്കുന്ന കാലം മുതല് ഞമനേങ്ങാട്ട് നിന്ന് പാടത്ത് വരമ്പില് കൂടിയും ചെറിയ തോട്ടില് കൂടിയും ഒക്കെ നീന്തിക്കടന്ന് വേണം 3 നാഴിക അകലെയുള്ള വടുതല സ്കൂളിലെത്താം.

kanakkoor said...

ശ്രീ ജെ പി
ബ്ലോഗ്‌ ലോകത്ത് കൂടെ അലഞ്ഞു നടക്കുന്നതിന്റെ ഇടയില്‍ എങ്ങനയോ താങ്കളുടെ മഴക്കാലത്ത് എത്തി . തികച്ചും വ്യത്യ സ്തമായ ഒരു വായനാനുഭവം. പൊതുവേ ബ്ലോഗില്‍ എഴുതുന്ന രീതിയില്‍ നിന്നും മാറി അടുത്തിരുന്നു സംഭവങ്ങള്‍ പറയുന്നത് പോലെ തോന്നി. അഭിനന്ദനങ്ങള്‍.

kanakkoor said...

ശ്രീ ജെ പി
ബ്ലോഗ്‌ ലോകത്ത് കൂടെ അലഞ്ഞു നടക്കുന്നതിന്റെ ഇടയില്‍ എങ്ങനയോ താങ്കളുടെ മഴക്കാലത്ത് എത്തി . തികച്ചും വ്യത്യ സ്തമായ ഒരു വായനാനുഭവം. പൊതുവേ ബ്ലോഗില്‍ എഴുതുന്ന രീതിയില്‍ നിന്നും മാറി അടുത്തിരുന്നു സംഭവങ്ങള്‍ പറയുന്നത് പോലെ തോന്നി. അഭിനന്ദനങ്ങള്‍.

കുഞ്ഞൂസ് (Kunjuss) said...

വീണ്ടും വായിച്ചു പ്രകാശേട്ടാ,എത്ര വായിച്ചാലും മതി വരാത്ത ഈ മഴക്കാല ഓര്‍മ്മകള്‍...

Unknown said...

ഇഷ്ടായി>>>>

മുഖപടലമില്ലാതെ said...

read your post about "Mazhakalam'. You have taken me back to my childhood. Though I was born and brought up in a City like Thiruvananthapuram, all my vacations were spent at Chemmanur(Mothers tharavadu-Mepparambath) in Kunnamkulam and Koorkaprambil in Thiruvathra,Chavakat.
So sweet and simple. My hearty congratulations for such an excellant rendering of the Monsoon in Njamanengad

ജെ പി വെട്ടിയാട്ടില്‍ said...

dear baburaj

thanks for visiting my blog and d comments.

so do we know each other? did i tell you about my connection with koorkkaparambil?

if not kindly tell me enable me send u another link from my blog where i have a blog which relates to appumaaman etc. @ koorkkapparambil.

Lipi Ranju said...

വായിക്കാന്‍ സുഖമുള്ള മഴക്കാല ഓര്‍മ്മകള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല ബാല്യകാലസ്മൃതികൾ കേട്ടൊ ജയേട്ടാ
എല്ലാം മനോഹരമായി എഴുതിയിരിക്കുന്നൂ...