Saturday, December 3, 2011

അമ്പിളീ നീയവിടെ ഉണ്ടോ……..

വിളിച്ച് കൂവുന്നതല്ലാതെ ആര് കേള്‍ക്കാനാണാനെന്റെ വിലാപം. കപ്ലിയങ്ങാട്ട് അമ്പലത്തിലേക്ക് പോകുമ്പോള്‍ വിചാരിച്ചു മടക്കം അമ്പിളിയുടെ വീട്ടില്‍ കയറാമെന്ന്. കാലത്ത് ഒരു വീട്ടിലേക്ക് കേറിച്ചെല്ലാന്‍ പറ്റിയ സമയം അല്ലല്ലോ? അങ്ങിനെയൊന്നും ഇല്ല, എന്തെന്നാല്‍ അമ്പിളി എന്റെ മച്ചുണന്‍സ് വൈഫ് ആണ്. ബന്ധുക്കള്‍ക്ക് എപ്പോ വേണമെങ്കിലും ചെല്ലാമല്ലോ

അങ്ങിനെ ആലോചിച്ച് വടുതല സ്കൂളും കഴിഞ്ഞ് എന്റെ ശകടം പണ്ടത്തെ മാധവനുണ്ണി വൈദ്യരുടെ വൈദ്യശാല നിന്നിരുന്ന സ്ഥലത്ത് നിര്‍ത്തി. ഞാന്‍ വിചാരിച്ചു ഇനി നേരെ കപ്ലിയങ്ങാട്ടേക്ക് പോയാല്‍ ഞാന്‍ ഒരു പക്ഷെ വേറെ വല്ല ദിക്കിലേക്കും പോയാലോ എന്ന്.

ഞാന്‍ എന്റെ ചെറുവത്താനി ഗ്രാമത്തിലെത്തിയാല്‍ രണ്ടോ മൂന്നോ ദിവസം തറവാട്ടില്‍ തങ്ങും. അവിടെ കിട്ടനും ചുക്കിയും അല്ലെങ്കില്‍ കിട്ടന്‍ മാത്രമായാലും ചിലപ്പോള്‍ ഒന്ന് രണ്‍ട് ദിവസം കൂടുതലും തങ്ങിയേക്കാം.

കാലത്ത് കുളിയും തേവാരവും കഴിഞ്ഞാല്‍ ഗീത നല്ല അടിപൊളി പാല്‍ചായ ഉണ്ടാക്കിത്തരും. ബ്രേക്ക് ഫാസ്റ്റ് അല്പം കഴിഞ്ഞേ കിട്ടുകയുള്ളൂ. അപ്പോളെക്കും ഞാന്‍ വസ്ത്രം മാറി പുറത്തേക്കിറങ്ങാന്‍ തയ്യാറായിട്ടുണ്ടാകും. ഗീതയുടെ വിളി വന്നാല്‍ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ശകടവുമായി കറങ്ങാന്‍ പോകും.

ശകടം വീട്ടില്‍ നിന്ന് സ്റ്റാര്‍ട്ടാക്കിയിട്ടാകും എങ്ങോട്ട് പോകണമെന്ന് പലപ്പോഴും ചിന്തിക്കുക. പടിഞ്ഞാറോട്ടാണെങ്കില്‍ വടുതല്‍, വട്ടം പാടം, കൊച്ചനൂര്‍ അല്ലെങ്കില്‍ ചമ്മണൂര്‍ ഓര്‍ കപ്ലിയങ്ങാട്, ഇനി അതുമല്ലെങ്കില്‍ വട്ടം പാടത്ത് നിന്ന് നേരെ ചിറളിപ്പുഴ, പെങ്ങാമുക്ക്, പഴഞ്ഞി കാട്ടകാമ്പാല്‍ ഒക്കെ ചുറ്റി കുന്നംകുളത്തെത്തും. തിരിച്ച് ചെറുവത്താനിയിലെത്തുമ്പോളെക്കും ഗീതയുടെ വിളി വരും”ഏട്ടനെവിടെയാ. ചോറുണ്ണാനെത്തില്ലേ?” ആ വിളി കേട്ടാല്‍ പിന്നെ ഞാന്‍ ധൃതി പിടിച്ച് ചെറുവത്താനിയിലെത്തും. ഇതൊക്കെയാ എന്റെ നാട്ടിലെ വിസിറ്റ് സമ്പരദായം.

നാട് ചുറ്റാന്‍ പോകുമ്പോള്‍ പാറുകുട്ടിക്ക് വേറെ പണിയൊന്നുമില്ലെങ്കില്‍ ഓളെയും എന്റെ വാഹനത്തില്‍ കയറ്റും. ഊരുചുറ്റുന്നതിന്നിടയില്‍ ചിലപ്പോള്‍ ബസ്സ് കാത്ത് നില്‍ക്കുന്നവരെയും ചിലപ്പോള്‍ ശകടത്തില്‍ കയറ്റാന്‍ മറക്കില്ല.

തറവാട്ടില്‍ നിന്ന് പുട്ടും കടലയും പപ്പടവും കഴിച്ചപ്പോള്‍ ഏതാണ്ട് വലിയ ലോഡായ പോലെ തോന്നി. ഗീതയുടെ ചിരട്ടപ്പുട്ട് എന്റെ ശ്രീമതിയെക്കാളും രണ്‍ടിരട്ടി ഉണ്‍ട്. കാലത്തെ ചായ കൂടാതെ പിന്നെയും പലഹാരത്തിന്റെ കൂടെ ഒരു ചായ വീണ്ടും ഗീത തരും ചിലപ്പോള്‍. അതും കുടിക്കും ഒരു ഗ്ലാസ്സ് വെള്ളത്തിന്റെ കൂടെ. അവിടെ ശ്രീരാമന്‍ കുടിക്കാന്‍ സ്പെഷല്‍ ഹെര്‍ബല്‍ ഡ്രിങ്കിങ്ങ് വാട്ടര്‍ ഉണ്ട്. അത് എനിക്കും മറ്റു ചില വിഐപ്പിക്കള്‍ക്കും മാത്രം ലഭിക്കും ആ വീട്ടില്‍.

എല്ലാം കഴിക്കുമ്പോളേക്കും എന്റെ വയറ് പൊട്ടാറായ പോലെ തോന്നും. തറവാട്ടില്‍ പോകുമ്പോളാണ്‍ എന്റെ ശരിയായ ഭക്ഷണം. നല്ല കുത്തരിച്ചോറും, മീന്‍ കറിയും, പരിപ്പും മാങ്ങയും അല്ലെങ്കില്‍ മുരിങ്ങ ഇലയും മാങ്ങയും ചേര്‍ത്ത് വെച്ച കറിയും, കയ്പക്കാ കൂട്ടാനും, മീന്‍ പൊരിച്ചതും ഒക്കെ ഞാന്‍ പണ്‍ട് കാലത്ത് കഴിച്ച രുചിയില്‍ തന്നെ കിട്ടും.

എന്റെ പെണ്ണുമ്പിള്ളയുടെ നാട് ചേറ്റുവ ഏങ്ങണ്ടിയൂര്‍ ആണ്‍. അവള്‍ക്കവിടുത്തെ സ്റ്റൈല്‍ അല്ലേ അറിയുകയുള്ളൂ. അവളുടെ മീന്‍ കറി റൊമ്പം ടേസ്റ്റി ആണ്‍. പിന്നെ മോരുകറിയും കൊള്ളാം. അവള്‍ക്ക് ഒരു ദോഷമെന്തെന്ന് വെച്ചാല്‍ എരുവ് കൂടുതലാണ്‍. മെഴുക്കുപുരട്ടി, ഉപ്പേരി എന്നിവ ഉണ്ടാക്കുമ്പോള്‍ വലിയ എരുവുമയമാണ്‍.

ഞാന്‍ തുടരെ തുടരെ ചീത്ത വിളിക്കുമ്പോള്‍ എനിക്ക് മുളക് കാച്ചുന്നതിന്‍ മുന്‍പ് അല്പം കോരി വെക്കും. അതൊക്കെ എന്നും നടപ്പില്ലായെന്നും പറഞ്ഞ് പിന്നേയും പഴയ പടിയില്‍ തന്നെ ആക്കും. എനിക്ക് അല്ലെങ്കില്‍ എന്റെ വയറ് കേടാക്കിയ ആളാണ്‍ എന്റെ അലെങ്കീ ഞാന്‍ ബീനാമ്മയെന്ന് ഓമനപ്പേരില്‍ വിളിക്കുന്ന എന്റെ പെണ്ണമ്മ.

ബീനാമ്മ കറുത്തിട്ടാണെങ്കിലും സുന്ദരിയായിരുന്നു. ഇപ്പോള്‍ എന്റെ അത്ര ഗ്ലാമര്‍ ഇല്ല. എന്നാലും ഞാന്‍ കൊണ്ട് നടക്കുന്നു. പാവം ബീനാമ്മ. ഇനി അവള്‍ക്കാരെ കിട്ടാനാണ്‍.

ഞാന്‍ അവളെ കെട്ടിയത് എനിക്കവളോട് പാവം തോന്നിയിട്ടാണ്‍. പിന്നെ അവള്‍ക്കൊരു ആകര്‍ഷണം ഉണ്ടായിരുന്നത് അവളുടെ തന്ത ഒരു വലിയ പണക്കാരനായിരുന്നു. എന്തെങ്കിലും അവളുടെ തന്ത ജീവിച്ചിരുപ്പുള്ളപ്പോളോ ചാവുമ്പോളോ കിട്ടുമെന്ന് വിചാരിച്ചു.

പക്ഷെ ഒന്നും കിട്ടിയില്ല, അവള്‍ക്ക് കിട്ടാനുള്ളതെല്ലാം അവള് അവളുടെ ആങ്ങിള്‍മാര്‍ക്ക് എഴുതിക്കൊടുത്തു. അന്ന് അവളുടെ കെട്ടിയോന്‍ രാജകീയ പ്രൌഢിയില്‍ ഗള്‍ഫില്‍ വിരാജിക്കുകയായിരുന്നു. അയാളുടെ ഇന്നെത്തെ സ്ഥിതി പരിതാപകരമാണ്‍.

ഇപ്പോ അവളുടെ ആങ്ങിളമാരാണെങ്കിലോ വലിയ പണക്കാരും, ബിസിനസ്സുകാരും ആയി. ഈ പാവം പെങ്ങളുടെ ദാരിദ്ര്യം കണ്‍ട് പുഛിക്കുകയും ചെയ്യുന്നു. അവളുടെ തന്ത ചാകുന്നതിന്‍ കുറച്ച് കൊല്ലം മുന്‍പ് അവളുടെ പേരില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്കൂളും ചുറ്റുപാടുള്ള പറമ്പും എഴുതി വെച്ചിരുന്നു.

അത് വിറ്റ് കിട്ടുന്ന പണം ഞങ്ങള്‍ക്ക് തരാമെന്ന് വന്ന് പറയുകയും ചെയ്തു. അവസാനം എന്തുണ്ടായി ആങ്ങിളമാരില്‍ ഒരാള്‍ എന്തോ കുതന്ത്രങ്ങള്‍ മെനഞ്ഞ് ഈ പെങ്ങളുടെ കയ്യില്‍ നിന്ന് ആ പണം തട്ടിയെടുത്തു. ഈ ദരിദ്രവാസിയാണെങ്കിലോ തറവാട്ടില്‍ നിന്ന് ഒന്നും വാങ്ങിയില്ല. ഞാന്‍ അവളെ അവളെ വീട്ടില്‍ കൊണ്ട് ചെന്നാക്കിയാലോ എന്നും കൂടി ആലോചിച്ചു. അങ്ങിനെ വന്നാല്‍ ഇവിടെ അടുക്കളപ്പണിക്ക് ആളില്ലാതെ വരുമല്ലോ എന്നോര്‍ത്ത് അങ്ങിനെ ഒന്നും ചെയ്തില്ല.

ആ കഥ അങ്ങിനെ പോകട്ടെ. നമുക്ക് ചെറുവത്താനി അമ്പിളിയുടെ കഥയിലേക്ക് മടങ്ങാം.

തറവാട്ടില്‍ നിന്ന് ഗീത തന്ന പ്രാതലും കഴിച്ച് ഞങ്ങളുറ്റെ പ്രൈവറ്റ് റോഡ് അവസാനിക്കുന്ന സ്ഥലത്ത് നിന്ന് ആലോചിച്ചു. പടിഞ്ഞാറോട്ട് പോകണമോ കിഴക്കോട്ട് കുന്നംകുളം വഴിക്ക് പോകണമോ എന്ന്. അവിടെ ശകടം ന്യൂട്രലാക്കി പാര്‍ക്ക് ചെയ്തു. പാറുകുട്ടിയോട് ഫോണില്‍ പേശി. “ഏടീ പാറൂട്ട്യേ…….. എന്റെ കൂടെ നാട് തെണ്ടാന്‍ പോരുന്നോ..?”

“ഇല്ലാ ഉണ്ണ്യേട്ടാ. എന്റെ കാലത്തെ കുളിയും തേവാരമൊന്നും കഴിഞ്ഞിട്ടില്ല. ഇവിടെ വന്നിരുന്നോ. ഒരു പത്തര വരെ ഇവിടെ ഇരുന്നാല്‍ ഞാന്‍ കൂടെ പോരാം.”

“എന്റെ പാറൂട്ടിക്ക് കുളിക്കാന്‍ അത്ര നേരമൊന്നും വേണ്ട. അവളുടെ കുളിയെങ്ങിനെയാണെന്നറിയാമോ..? ഒരു പാട്ട വെള്ളമേ വേണ്ടൂ‍ അവള്‍ക്ക്. അതില്‍ നിന്ന് ആദ്യം രണ്‍ട് മഗ്ഗ് വെള്ളം തലയില്‍ കൂടി ഒഴിക്കും. എന്നിട്ട് അവിടെയും ഇവിടെയും ചെറുതായി സോപ്പ് തേക്കും, ശേഷിച്ച വെള്ളം മുക്കി മേലില്‍ക്കൂടി ഒഴിക്കും. കുളി കഴിഞ്ഞു. ഇതൊക്കെ രണ്ട് മിനിട്ട് കൊണ്ട് നടക്കും..”

“ഈ ആ‍ളാ പറേണ്‍ പത്തര മണി വരെ അവിടെ ഇരിക്കാന്‍..”

“എനിക്ക് സൌകര്യമില്ല എന്റെ പാറൂട്ട്യേ അന്റെ വീട്ടില് വന്ന് അന്റെ കുളി കഴിയുന്നവരെ ഇരിക്കാന്‍..”

ഞാന്‍ അതും പറഞ്ഞ് പടിഞ്ഞാറോട്ട് ശകടം പായിച്ചു. മടക്കം അമ്പിളിയുടെ വീട്ടില് കയറാമെന്ന് വിചാരിച്ചിട്ട്. കൊച്ചന്നൂരെത്തിയപ്പോള്‍ കപ്ലിയങ്ങാട്ടമ്മക്ക് എണ്ണയും മറ്റു ദ്രവ്യങ്ങളും വാങ്ങി താമസിയാതെ കപ്ലിയങ്ങാ‍ട്ടെത്തി.

ഞങ്ങള്‍ ചെറുവത്താനിക്കാരാകുന്നതിന്‍ മുന്‍പ് ഞമനേങ്ങാട്ടുകാരായിരുന്നു. അവിടെ നിന്ന് ഞങ്ങളെ കുടിയിറക്കിയതായിരുന്നു ദുഷ്ടയായ എന്റെ അച്ചമ്മ. അച്ചമ്മ്ക്ക് കൂട്ടുനിന്നതോ എന്റെ പാപ്പനും അല്ലെങ്കില്‍ പാപ്പന്‍ കൂട്ടായി അചച്മ്മയും.

പാപ്പന്‍ മലായയിലും അഛന്‍ സിലോണിലും ആയിരുന്നു. പാപ്പന്‍ പണമയക്കില്ല, നാട്ടില്‍ വരില്ല. എല്ലാം പെങ്ങമ്നാരെയും [ ഏതാണ്ട് പത്തുപേര്‍ ] അച്ചനാണ്‍ കെട്ടിച്ചയച്ചത്. ഓലപ്പുര ഓട് മേഞ്ഞു, വര്‍ഷാ വര്‍ഷവും കിണര്‍ കുത്തണമായിരുന്നു. അതില്‍നിന്ന് രക്ഷപ്പെടാനായി ആ നാട്ടിലെ ജനങ്ങള്‍ക്കെല്ലാം ഉപകാരമായി ആദ്യമായി ആ നാട്ടിലൊരു കല്‍ക്കിണര്‍ പണിതുയര്‍ത്തി. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന എന്റെ പിതാവിനെ ഈ തെണ്ടികള്‍ ഒരു പാതിരാക്ക് കുടിയിറക്കി.

അതൊരു വലിയ കഥ. എന്റെ അച്ചന്റെ അഛന്‍ അതായത് എന്റെ അച്ചാച്ചന്‍ രണ്ട് ഭാര്യമാരുണ്‍ടായിരുന്നു. ആദ്യത്തെ ഭാര്യ കാളിയുടെ മകനാണ്‍ എന്റ്റെ പിതാവ്. കാളി വെളുത്ത് സുന്ദരിയായിരുന്നു. കാളിക്ക് എന്റ്റെ പിതാവ് കൂടാതെ ഒരു അനുജനും 3 പെങ്ങളുകളും ഉണ്ടായിരുന്നു. എല്ലാവരും സുന്ദര്‍ന്മാരും സുന്ദരികളും ആയിരുന്നു.

രണ്ടാമത്തെ ഭാര്യ ലക്ഷ്മി കറുത്തതും സൌന്ദര്യം കുറഞ്ഞതും ആയിരുന്നു. ലക്ഷ്മിക്ക് ഒരു ആണും അഞ്ചുപെണ്ണും ഉണ്ടായി. ഞാന്‍ കാളിയെ വെളുത്ത അച്ചമ്മ എന്നും ലക്ഷ്മിയെ കറുത്ത അച്ചമ്മയെന്നും വിളിച്ചു. എനിക്കിഷ്ടം കറുത്ത അച്ചമ്മയോടായിരുന്നു.

അടുക്കളയുടെ കണ്ട്രോള്‍ കറുത്ത അച്ചമ്മക്കായിരുന്നു. പേരക്കുട്ടികളായി ഞാനും എന്റെ അനുജനും പാപ്പന്റെ രണ്ട് ആണ്മക്കളും, മൂത്ത അമ്മായിയുടെ 5 പെണ്മക്കളും, മറ്റു തറവാട്ടില്‍ നിന്നിരുന്ന ചില അമ്മായിമാരുടെതായ പത്തില്‍ കൂടുതല്‍ സന്താനങ്ങളും ആയിരുന്നു വെട്ടിയാട്ടില്‍ തറവാട്ടിലെ അന്തേവാസികള്‍. എന്റെ ബാല്യം അതുകൊണ്ട് സംഭവബഹുലവും ഒട്ടേറെ സുന്ദരസ്മരണകളും നിറഞ്ഞതായിരുന്നു.

ഉണ്ണാന്‍ നെല്ലും, അരക്കാന്‍ നാളികേരവും മറ്റു വിളകളും കൊണ്ട് സമൃദ്ധമായിരുന്നു ഞങ്ങളുടെ തറവാട്. ഓലമേഞ്ഞ നാല്‍കെട്ടിന്റെ പ്രൌഡി ഒന്ന് വേറെ തന്നെയായിരുന്നു.

വട്ടന്‍ പാടത്തെ കൊയ്ത് കഴിഞ്ഞാല്‍ എള്ള് വിതക്കും. കണ്ടം പൂട്ടാന്‍ നല്ലയിനം 3 ഏറ് കന്നുകളുണ്ടായിരുന്നു. പിന്നെ അഞ്ചില്‍ കൂടുതല്‍ പശുക്കളും പത്തില്‍ കൂടുതല്‍ ആടുകളും. തറവാട്ടിലെ ഇത്രയും അംഗങ്ങളെ തീറ്റിപ്പോറ്റാന്‍ പണം പോരാതെ വന്നാല്‍ എന്റെ അഛന്‍ സിലോണില്‍ നിന്ന് അയക്കും. പാപ്പന്‍ നാലണ പോലും അയച്ചില്ല.

എല്ലാം ചുമതകളും കഴിഞ്ഞപ്പോള്‍ ഏട്ടനനിയന്മാര്‍ക്ക് ഭാഗം വെച്ച് പിരിയാം എന്ന് അഛമ്മ പറഞ്ഞു. തോമ്മാപ്പിളയെ വരുത്തി ഭാഗാധാരം ഉണ്ടാക്കി. കുണ്ടും കുഴിയും നിറഞ്ഞ പാട്ടഭൂമികളും, കുടികിടപ്പുകാര്‍ താമസിക്കുന്ന പറമ്പും കുളവും തോടും നിറഞ്ഞ പറമ്പും എല്ലാം എന്റെ പിതാവിനും നല്ല കരഭൂമിയും നല്ല വിളവുകള്‍ ലഭിക്കുന്ന പാടവും എല്ലാം പാപ്പനും. അച്ചമ്മ പറഞ്ഞ പ്രകാരം തോമാപ്പിള ഭാഗാധാരം ഉണ്ടാക്കി.

തറവാട്ട് അമ്പലപ്പുരയും, പാന്‍പിന്‍ കാവും, രക്ഷസ്സ് തറയും, ശവമടക്കാനുള്ള പറന്‍പും പൊതുസ്വത്തായി സംരക്ഷിക്കപ്പെട്ടു. തറവാട്ടില്‍ കല്യാണം കഴിക്കാതെ നിന്നുപോയ ഒരു അമ്മായിക്ക് ഒന്നും നീക്കിവെക്കാന്‍ പാപ്പന്‍ സമ്മതിച്ചില്ല. പക്ഷെ അച്ചന്റെ നിര്‍ബ്ബന്ധത്തിന്‍ വഴങ്ങിയാണ്‍ പാപ്പന്‍ അതിന്‍ സമ്മതിച്ചത്.

ഒരു ദിവസം വൈകുന്നേരം ഭാഗാധാരം ഒപ്പിടാന്‍ എത്തിച്ചു. അച്ചന്‍ ആധാരം എഴുത്തുകാരനെ വിശ്വസിച്ചു ഒപ്പിട്ടു, പാപ്പന്‍ ഒപ്പിട്ടില്ല. “ഏട്ടന്‍ ഇന്ന് തന്നെ വീടൊഴിഞ്ഞാലേ ഞാന്‍ ഒപ്പിടൂ എന്നായിരുന്നു പാപ്പന്‍” തറവാടും ചുറ്റുപാടും പാപ്പനായിരുന്നു.

അച്ചമ്മയും പാപ്പനും ചെയ്ത ചതി അറിഞ്ഞത് ഭാഗാധാരം റജിസ്റ്റര്‍ ചെയ്ത് ആധാ‍രത്തിന്റെ കോപ്പി കൈപ്പറ്റിയപ്പോളാണ്‍. തന്നെയുമല്ല തറവാട്ടില്‍ നിന്നിരുന്ന അമ്മായിയുടെ സ്വത്തും പാപ്പന്‍ എന്തോ തന്ത്രങ്ങള്‍ പറഞ്ഞ് എഴുതി വാങ്ങി.

ഇതെല്ലാം നടക്കുമ്പോള്‍ എനിക്ക് പത്തോ പന്ത്രണ്‍ടോ വയസ്സ് കാണും. എന്റെ മനസ്സിനെ നേരിയ തോതില്‍ മഥിക്കുന്ന കാര്യങ്ങളാണ്‍ ഞാന്‍ അന്ന് അവിടെ കണ്ടത്. എനിക്ക് പ്രതികരിക്കാനാവും വിധം ഞാന്‍ വളര്‍ന്നിരുന്നില്ല. അതിനാല്‍ പാപ്പനും അച്ചമ്മയും രക്ഷപ്പെട്ടു.

അമ്പിളിയുടെ കഥ പറഞ്ഞ് ഞാന്‍ എങ്ങോട്ടോ പോയി. അമ്പിളിയുടെ വീട്ടുവിശേഷം അടുത്ത അദ്ധ്യായത്തില്‍ എഴുതാം.

[അച്ചടിപ്പിശാചുക്കളുണ്ട്. താമസിയാതെ തുരത്താം.]

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

ബീനാമ്മ കറുത്തിട്ടാണെങ്കിലും സുന്ദരിയായിരുന്നു. ഇപ്പോള് എന്റെ അത്ര ഗ്ലാമറ് ഇല്ല. എന്നാലും ഞാന്‍ കൊണ്ട് നടക്കുന്നു. പാവം ബീനാമ്മ. ഇനി അവള്‍ക്കാരെ കിട്ടാനാണ്.

ഞാന് അവളെ കെട്ടിയത് എനിക്കവളോട് പാവം തോന്നിയിട്ടാണ്. പിന്നെ അവള്‍ക്കൊരു ആകര്‍ഷണം ഉണ്ടായിരുന്നത് അവളുടെ തന്ത ഒരു വലിയ പണക്കാരനായിരുന്നു. എന്തെങ്കിലും അവളുടെ തന്ത ജീവിച്ചിരുപ്പുള്ളപ്പോളോ ചാവുമ്പോളോ കിട്ടുമെന്ന് വിചാരിച്ചു

Vinayan Idea said...

ആശംസകള്‍ .....

ഞാന്‍ പുണ്യവാളന്‍ said...

ക്ലിയര്‍ ആയ വായിക്കാന്‍ പ്രയാസം സുഹൃത്തെ

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

എല്ലാ സ്ത്യങ്ങളും ചുരുളഴിയുകയാണല്ലോ ജയേട്ടാ