Thursday, December 8, 2011

രാധേട്ടത്തി - RADHETTATHI

രാധേടത്തിയില്‍ നിന്ന് തുടങ്ങാം അല്ലേ..? ആരാണ് ഈ രാധേടത്തി. പെയിന്‍ & പാലിയേറ്റിവ് ക്ലിനിക്കിന്റെ ജീവനാഡി എന്ന് വേണമെങ്കില്‍ പറയാം. സുന്ദരിയും സുശീലയും ആണ് രാധേടത്തി. ഏട്ടത്തിയുടെ ജീവിതം ക്ലിനിക്കിലെ രോഗികള്‍ക്കായി ഉഴിഞ്ഞുവെച്ചിരിക്കുന്നു.

രാധേടത്തി എന്ന് വിളിക്കപ്പെടുവാനാണ് അവര്‍ക്കിഷ്ടം എന്ന് ആദ്യകൂടിക്കാഴ്ചയില്‍ തന്നെ പറഞ്ഞു. എനിക്ക് രാധേടത്തിയെക്കാളും പ്രായം കൂടുതലുണ്‍ടെന്നാണ് എന്റെ നിഗമനം. പിന്നെ ഏട്ടത്തി എന്ന് വിളിക്കുന്നത് പ്രായം കണക്കിലെടുത്തിട്ടില്ല. ഒരു ബഹുമാനവും സ്ഥാനവും കൊടുക്കുന്നു എന്നതാണ് അതിന്റെ പിന്നിലുള്ള അര്‍ത്ഥം.

എന്നെക്കാള്‍ പ്രായം കുറഞ്ഞവരെ ഞാന്‍ ഏട്ടനെന്ന് വിളിക്കാറുണ്ട്. എന്റെ ഉറ്റ സുഹൃത്ത് രവിയേട്ടനും വേണുവേട്ടനും എന്നേക്കാളും പ്രായക്കുറവുണ്ട്.

നമുക്ക് പെയിന്‍ & പാലിയേറ്റിവ് ക്ലിനിക്കിലേക്ക് മടങ്ങാം. എന്താണ്‍ ഈ പെയിന്‍ & പാലിയേറ്റിവ് ക്ലിനിക്ക്. ഒറ്റവാക്കില് പറയുകയാണെങ്കില്‍ “സാന്ത്വന ചികിത്സ” എന്ന് പറയാം. പാലിയേറ്റിവ് കെയറിനെ പറ്റി വിശദമായി പറയുകയാണെങ്കില്‍ ഇങ്ങിനെ വിവരിക്കാം.

ആധുനിക വൈദ്യശാസ്ത്രത്തിലെ പുതിയതും മൂന്നാമത്തേതുമായ ശാഖയാണ് പാലിയേറ്റിവ് മെഡിസിന്‍. പ്രിവന്റീവ് മെഡിസിനും ക്യൂറേറ്റീവ് മെഡിസിനും ആണ് പരിചിതമായ മറ്റു രണ്ട് ശാഖകള്‍.

ഇന്ന് അറിയപ്പെടുന്ന രോഗങ്ങളില്‍ വൈദ്യശാസ്ത്രത്തിന് പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാ‍നാകുന്നത് ഏതാണ്ട് മുപ്പത് ശതമാനം വരെയുള്ള രോഗങ്ങള്‍ മാത്രമാണ്. ഭൂരിഭാഗം വരുന്ന മറ്റു രോഗങ്ങള്‍ ജീവിതാവസ്ഥകളെ സങ്കീര്‍ണ്ണമാക്കുന്നതോ പരിമിതപ്പെടുന്നതോ ആണ്.

ഇത്തരം രോഗങ്ങള്‍ ബാധിച്ചവരില്‍ ചിലരും അവരുടെ കുടുംബങ്ങളും ജീവിതത്തിന്റെ ഗുണനിലവാരാത്തെ സാരമായി ബാധിക്കുന്ന തരത്തിലുള്ള ശാരീരിക സാമ്പത്തിക സാമൂഹികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.

ഈ പ്രശ്നങ്ങളെ പരിഹരിക്കുന്ന ക്രിയാത്മകവും സമ്പൂര്‍ണവുമായ പരിചരണമാണ് പാലിയേറ്റീവ് കെയര്‍.

പണ്ടൊക്കെ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇത്തരം പാലിയേറ്റിവ് കെയര്‍. ഇന്ന് ഭാരതമൊട്ടാകെ വ്യാപിച്ച് കിടക്കുന്നു പല സംഘടനകളിലൂടെ.

തൃശ്ശൂരിലും സമീ‍പ പട്ടണങ്ങളിലും ഗ്രാമങ്ങളിലും തൃശ്ശൂരിലെ പെയിന്‍ & പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ ശാഖകളുണ്‍ട്. തൃശ്ശൂരിലെ ആസ്ഥാനം ഇപ്പോള്‍ പാറമേക്കാവ് ക്ഷേത്രത്തിന്നടുത്ത് പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഫോണ്‍ നമ്പര്‍ 0487 2322128.

1997 ലാണ് തൃശ്ശൂരിലെ സാന്ത്വനചികിത്സാ കേന്ദ്രം ആരംഭിച്ചത്. കേന്‍സര്‍, മസ്തിഷ്കാഘാതം, പക്ഷാഘാതം, വൃക്കയുടെ തകരാറുകള്‍ തുടങ്ങിയ ദീര്‍ഘകാലരോഗങ്ങളാല്‍ ദുരിതപ്പെടുന്നവര്‍ക്ക് സാന്ത്വനം നല്‍കുകയാണ് സൊസൈറ്റി ചെയ്തുവരുന്നത്. 2006 ല്‍ പഴയ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നും ജില്ലാ പഞ്ചായാത്തിന്റെ അനുമതിയോടെ പഴയ ജില്ലാശുപത്രി കെട്ടിടത്തിലേക്ക് മാറി.

ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് നാലുമണി വരെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നു. ഒന്നാം നിലയില്‍ പത്ത് രോഗികളെ കിടത്തി ചികിത്സിക്കാവുന്ന ഇന്‍ പേഷ്യന്റ് വിഭാഗവും ഉണ്ട്.

രോഗികള്‍ക്ക് മരുന്ന്, മെഡിക്കള്‍ ഉപകരണങ്ങള്‍ എന്നിവ സൌജന്യമാണ്. നിര്‍ധനരായ ഗോഗികള്‍ക്ക് മാസം തോറും അരി, പയര്‍, കടല, പരിപ്പ് മുതലായ ഭക്ഷണ സാധനങ്ങളുടെ കിറ്റ് കൊടുക്കുന്നു. കൂടാതെ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുനരധിവാസ സഹായവും നല്‍കിവരുന്നുണ്ട്.

കിടത്തിചികിത്സ വിഭാഗത്തിലെ രോഗികള്‍ക്കും കൂട്ടുനില്‍ക്കുന്ന ഒരാളിനും ഭക്ഷണം സൌജന്യമാണ്. തീരെ കിടപ്പിലായ രോഗികളെ അവരുടെ വീടുകളില്‍ ചെന്ന് പരിചരിക്കാനുള്ള രണ്ട് യൂണിറ്റുകളും ഉണ്ട്.

സാന്ത്വനപരിചരണത്തില്‍ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും നേഴ്സുമാരായ സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവര്‍ക്കുള്ള ട്രെയിനിങ്ങ് ഇവിടെ തന്നെ കൊടുക്കുന്നു.

സൊസൈറ്റിയുടെ ഒരു മാസത്തെ പ്രവര്‍ത്തനച്ചിലവ് ഏകദേശം അഞ്ചുലക്ഷം രൂപയാണ്. ഉദാ‍രമതികളായ വ്യക്തികളും സ്ഥാപനങ്ങളുമാണ് മാസം തോറും ഇത്രയും തുക സംഭാവനയായി നല്‍കുന്നത്.

ഞാന്‍ ഇവിടെ ആറുകൊല്ലം മുന്‍പ് ഒരു വളണ്‍ടിയര്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും ട്രെയ്നിങ്ങ് കഴിഞ്ഞ് സന്നദ്ധപ്രവര്‍ത്തകനായി ഇന്നെലെ മുതല്‍ ചേര്‍ന്നു. ഇത്രയും കാലം ഞാന്‍ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ജീവിച്ചു. ഇനി ശിഷ്ടജീവിതത്തിന്റെ ഒരു നല്ല ഭാഗം വേദന അനുഭവിക്കുന്നവരും കേന്‍സര്‍ മുതലായ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മറ്റി വെച്ചിരിക്കുന്നു.

ഞാന്‍ ആറുകൊല്ലം മുന്‍പ് ഇവിടെ വളണ്ടിയറ് ആയി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് എനിക്ക് ട്രെയിനിങ്ങ് ലഭിച്ചിരുന്നില്ല. ഓഫീസില്‍ മാത്രം ഒതുങ്ങിയതായിരുന്നു എന്റെ പ്രവര്‍ത്തി മണ്ഢലം. ഇന്ന് എനിക്ക് ട്രെയിനിങ്ങ് ലഭിച്ചു, കൂടുതല് ആഴത്തില്‍ ഇവരിലേക്ക് കടന്ന് ചെല്ലാന്‍ ഞാന്‍ പ്രാപ്തനായി.

ട്രെയിനിങ്ങിന്റ്റെ ആദ്യദിവസം തന്നെ രാധേടത്തിയെ പരിചയപ്പെട്ടു. ഇവിടെ രാധേടത്തിയെ പോലെ ഡിവോട്ടട് ആയ മറ്റുചിലരും ഉണ്ട്. അതില്‍ പ്രധാനിയാണ് ഡോ അരവിന്ദാക്ഷനും, ഡോക്ടര്‍ ദിവാകരനും. പിന്നെ എപ്പോഴും എല്ലായിടത്തും ഓടി നടക്കുന്ന ശ്രീമാന്‍ ഗോകുല്‍ദാസ് മുതലായവരും പ്രസ്ഥാനത്തിന്റെ പിന്നിലുണ്‍ട്. രാധേടത്തി ജില്ലാശുപത്രിയില്‍ നിന്നും റിട്ടയര്‍ ചെയ്ത നഴ്സ് ആണ്. അവരാണ് നഴ്സുമാര്‍ക്കുള്ള ട്രെയിനേഴ്സില്‍ പ്രധാനി.

ഡോ: അരവിന്ദാക്ഷന്‍ ആണ്‍ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുക്കാന്‍ പിടിക്കുന്നതും ഈ പ്രസ്ഥാനത്തിന്റെ പ്രധാന ശില്‍പ്പികളില്‍ ഒരാളും എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അദ്ദേഹം തികഞ്ഞ ഒരു ഗാന്ധിയന്‍ കൂടി ആണ്.

ആദ്യദിവസം ശ്രീമാന്‍ ഗോകുല്ദാസിന്റെ ഒന്നര മണിക്കൂറുള്ള ക്ലാസ്സ് ആയിരുന്നു. സാന്ത്വനചികിത്സയുടെ വളരെ വിശദീകരിച്ച ഒരു അവലോകനം ആയിരുന്നു. കൂടെ സ്ലൈഡ് പ്രസന്റേഷനും ആയിരുന്നു. അതിന് ശേഷം ശ്രീമതി ഉഷ സ്കറിയയുടെ “കമ്മ്യൂണിക്കേഷന്‍” സബ്ജക്റ്റ് ആയിരുന്നു. അതിന് ശേഷം ശ്രീമതി സുശീലയുടെ കൌണ്‍സിലിങ്ങിനെ കുറിച്ചുള്ള ക്ലാസ്സ് ആയിരുന്നു.

വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് സിമ്പതി [അനുമ്പ] അല്ല മറിച്ച് എമ്പതി [സഹാനുഭൂതി] ആണ് വേണ്ടതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. “ഞങ്ങള്‍ കൂടെയുണ്‍ട്“ എന്ന സന്ദേശം രോഗികളില്‍ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.

ശ്രീമതി ഇന്ദിര ഗോപിനാഥിന്റെ നല്ല വാക്കുകളും തുടക്കത്തിലുണ്ടായിരുന്നു. ചില അസൌകര്യം മൂലം ഡോക്ടേര്‍സായ ചില ഫാക്കല്‍റ്റികള്‍ക്ക് എത്തിച്ചേരാനായില്ല. എന്നാലും അവസാന നിമിഷത്തില്‍ ഡോക്ടര്‍ സതീ‍ശ് എത്തിച്ചേര്‍ന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ നഴ്സിങ്ങ് കെയറിനെ പറ്റി രാധേടത്തിയുടെ ക്ലാസ്സ് ആയിരുന്നു. കത്തീറ്റര്‍ മാറ്റുന്നതും, രോഗിയുടെ മുറിവുകള്‍ ഡ്രസ്സ് ചെയ്യുന്നതും, കോട്ടന്‍ സ്റ്ററിലൈസേഷന്‍, ബെഡ് സോര്‍ വരാതിരിക്കുവാനുള്ള നിര്‍ദ്ദേശങ്ങളും, രോഗികളെ കുളിപ്പിക്കുന്നതും റേഡിയേഷന്‍ കഴിഞ്ഞ് വായില്‍ കൂടി ഭക്ഷണം കഴിക്കാന് സാധിക്കാത്തവര്‍ക്ക് ഭക്ഷണം നല്‍കുന്ന രീതികളിലും ക്ലാസ്സുകള്‍ എടുത്തു.

കൂടുതലും കേന്സര്‍ രോഗികള്‍ക്കുള്ള ചികിത്സകളാണ് ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നത്. കേന്‍സര്‍ രോഗികള്‍ക്ക് ഇപ്പോള്‍ ഉള്ള ചികിത്സകള്‍ സര്‍ജ്ജറി, റേഡിയേഷന്‍ അല്ലെങ്കില്‍ കീമോ തെറാപ്പി ആണ്. ഇത്രയും വേദന അനുഭവിക്കുന്ന മറ്റൊരു അസുഖം ഇന്നില്ലത്രെ. ഇവര്‍ക്ക് പ്രധാനമായും നല്‍കുന്നത് മോര്‍ഫിന്‍ ഗുളികള്‍ ആണ്. കൃത്യമായും കണിശവുമായ മാത്രയില്‍ ആയിരിക്കും ഇവര്‍ക്കുള്ള മരുന്നുകള്‍.

അവസാനമായി “എ ഗുഡ് ഡത്ത് ഫോര്‍ ലോംഗ് ടേം പേഷ്യന്റ്” എന്ന വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചയും ഉണ്ടായിരുന്നു. മറ്റൊരു ദിവസം ഹോം കെയര്‍ പേഷ്യന്റ്സിന് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാകുന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും ക്ലാസ്സുകളും ഉണ്ടായിരുന്നു.

എന്നെപ്പോലെ നിങ്ങളും ഈ രംഗത്തേക്ക് കടന്ന് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വരിക എന്നോടൊത്ത്. വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍..

അവിടെ കണ്ട ചില ചേട്ടന്മാരെയും ചേച്ചിമാരേയും നഴ്സിങ്ങ് ട്രെയിനികളേയും ഓഫീസ് സ്റ്റാഫുകളേയും ഇവിടെ പരിചയപ്പെടുത്താം.

ഡെപ്യൂട്ടി സെക്ട്രട്ടറി ശ്രീമതി ഇന്ദിര ചേച്ചി ഒരു നടിയും കൂടിയാണ്. അവര്അഭിനയിച്ച സിനിമയുടെ വിശദാംശങ്ങള്അടുത്ത ലക്കത്തില്എഴുതാം.

പിന്നെ മുതിര്‍ന്ന ഒരു വളണ്‍ടിയറായ ശിവദാസേട്ടന്‍ എന്നെ മുകളിലെത്തെ നിലയിലിരിക്കുന്ന നഴ്സുമാരായ ഷൈനി, ആശാലത പുഷ്പലത, ഫിമ തുടങ്ങിയവരേയും പരിചയപ്പെടുത്തി.

താഴത്തെ നിലയിലെ റിസപ്പ്ഷനിസ്റ്റ് ഗേള്‍ റിജി, ഓഫീസിലെ ഷീല, ഫോട്ടോ‍ കോപ്പി കൌണ്ടറിലെ ദേവസ്സിയേട്ടന്‍, അടുക്കളയിലെ നിര്‍മ്മല. കൂടാതെ വളണ്ടിയേഴ്സായ റാഫേലേട്ടന്‍, രഘുനന്ദനന്‍, ശ്യാമള, ലിസി ജോസഫ്, വിശാലാക്ഷി, ഷക്കീല, മീനാക്ഷി മുതല്‍ പേരേയും പരിചയപ്പെടുത്തി.

പണ്ട് ഞാന്‍ അറിയുന്ന ടോള്‍ ഗീതയും ഉണ്ണിയേട്ടനും ഇപ്പോളും അവിടെ ഉണ്ട്.

ഇനിയും കൂടുതല്‍ എഴുതാനുണ്ട്.


കടപ്പാട്: സാന്ത്വന ചികിത്സാരംഗാത്തുള്ള കേന്ദ്രങ്ങളുടെ ലഘുലേഖയിലെ ചില അംശങ്ങള്‍ ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്‍ട്.

ഒന്നോ രണ്ടോ അദ്ധ്യായങ്ങള്‍ കൂടി എഴുതിയാലേ ഇത് പൂര്‍ത്തിയാകുകയുള്ളൂ എന്നൊരു തോന്നല്‍.

[സൌകര്യം പോലെ തുടരാം.]


7 comments:

ജെ പി വെട്ടിയാട്ടില്‍ said...

രാധേടത്തിയില് നിന്ന് തുടങ്ങാം അല്ലേ..? ആരാണ് ഈ രാധേടത്തി. പെയിന് & പാലിയേറ്റിവ് ക്ലിനിക്കിന്റെ ജീവനാഡി എന്ന് വേണമെങ്കില് പറയാം. സുന്ദരിയും സുശീലയും ആണ് രാധേടത്തി. ഏട്ടത്തിയുടെ ജീവിതം ഈ ക്ലിനിക്കിലെ രോഗികള്‍ക്കായി ഉഴിഞ്ഞുവെച്ചിരിക്കുന്നു.

പൊട്ടന്‍ said...

കടന്നു വരാനുള്ള സാഹചര്യം ഇല്ല.
അറിവുകള്‍ക്ക് നന്ദി. മറ്റുള്ളവരില്‍ ഈ വാര്‍ത്ത‍ എത്തിക്കാന്‍ ശ്രമിക്കാം.

റോസാപൂക്കള്‍ said...

പാലിയേറ്റീവ് സെന്ററിനെക്കുറിച്ചു അറിവ് തന്നതിന് നന്ദി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അങ്ങിനെ രാധേടത്തിയും ,പാലിയേറ്റീവ് ക്ലീനിക്കും കഥാപാത്രങ്ങളായി അല്ലേ ജയേട്ടാ

Sureshkumar Punjhayil said...

Prakashetta.. ente prarthanakl.. ella ashamsakalum...!! Njan purakilundu eppozum...!!!

എം പി.ഹാഷിം said...

ആശംസകള്‍

വിജയലക്ഷ്മി said...

നല്ല അനുഭവസമ്പത്തുകള്‍ നിറഞ്ഞപോസ്റ്റ്‌.ശിഷ്ടകാലം അവരോടൊപ്പം അവരുടെ ദുഃഖങ്ങള്‍ പങ്കിടാന്‍ ക്ലിനിക്കിലെ മറ്റുഭാരവാഹികള്‍ക്കൊപ്പം ചേട്ടനും തീരുമാനിച്ചു എന്നറിഞ്ഞതില്‍ സന്തോഷം .പരിചയമില്ലെന്കിലും രാധേടത്തി യോടുംമറ്റും അന്വേഷണംപങ്കുവയ്ക്കൂ.