Tuesday, June 11, 2013

പറവൂരില്‍ നിന്നൊരു കയറ് കട്ടില്‍

memoir

എനിക്ക് ഒരു കൂട്ടുകാരി ഉണ്ടവിടെ മാലിയങ്കര കോളേജില്‍ ലക്ചറര്‍ ആയിരുന്നു. പിന്നെ അളിയന്റെ   വധൂഗൃഹവും അവിടെ. അങ്ങിനെ കുറച്ച് പേരുണ്ടവിടെ.

 പിന്നെ എന്റെ ബാല്യകാലത്ത് കുഞ്ഞുലക്ഷ്മി ചേച്ചിയുടെയും ആനന്ദച്ചേച്ചിയുടേയും വീട്ടില്‍ പോകുമായിരുന്നു. ഒരിക്കല്‍ അവിടെ നിന്ന് കയറ് കട്ടിലും മറ്റും കൊണ്ട് വന്നിരുന്നു അച്ചന്‍...

ഇന്നെനിക്ക് പറവൂരില്‍ നിന്ന് ഒരു പുതിയ കൂട്ടുകാരിയെ പരിചയപ്പെടാനായി... “ജയശ്രീ..” അപ്പോഴാണ് പണ്ട് ഞാന്‍ ചെറുപ്പത്തില്‍ പറവൂരില്‍ പോയ കാര്യം ഓര്‍ക്കുന്നത്..

ആ കഥ കുറച്ച് വലുതാണ്. ചുരുക്കിപ്പറയാന്‍ നോക്കാം.. എന്റെ ചേച്ചിയുടെ ട്രെയിനിങ്ങ് കോളേജിലെ കൂട്ടുകാരികള്‍ ആയിരുന്നു കുഞ്ഞി ലക്ഷ്മി ചേച്ചിയും ആനന്ദച്ചേച്ചിയും.. ട്രെയിങ്ങ് കോളേജ് ഹോസ്റ്റലില്‍ കുറുമ്പനായ ഈ ഞാനെന്ന “ഉണ്ണിയും” അന്തേവാസി ആയിരുന്നു. ഹോസ്റ്റലിലെ ഏക കുട്ടി.. ഞാന്‍ ചേച്ചി എന്ന് വിളിക്കുന്ന എന്റെ അമ്മക്ക് ഞാനില്ലാതെ ഒരിടത്തും താമസ്ക്കാനാകുമായിരുന്നില്ലത്രെ. എനിക്ക് ഒരു അനിയനുണ്ട്. ശ്രീരാമന്‍ [ഇപ്പോഴത്തെ ഫിലിം സ്റ്റാര്‍ വി.കെ. ശ്രീരാമന്‍].

ചേച്ചി സ്കൂളില്‍ പോകുമ്പോള്‍ ഹോസ്റ്റലിന്റെ അടുത്ത വീട്ടിലെ മറിയാമ്മ ചേട്ടത്തിയാണത്രെ എന്നെ നോക്കുക. അങ്ങിനെ ഞാന്‍ ഹോസ്റ്റലിലും സമീപ വീട്ടുകളിലും ഒരു ഹീറോ ആയത്രെ... വൈകിട്ട് കോളേജില്‍ നിന്ന് ടീച്ചര്‍മാരെല്ലാം വന്നല്‍ എല്ലാവരും എന്നെ താലോലിക്കും എന്നൊക്കെ ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്.

ടീച്ചര്‍മാരില്‍ കുഞ്ഞുലക്ഷ്മിച്ചേച്ചിയോടായിരുന്നു എന്റെ ചേച്ചിക്ക് പ്രിയം. ഈ ആനന്ദച്ചേച്ചി കുഞ്ഞുലക്ഷ്മി ചെച്ചിയുടെ ആരായിരുന്നു എന്നെനിക്ക് ഓര്‍മ്മ ഇല്ല.. ആനന്ദച്ചേച്ചി വെളുത്ത് തടിച്ച സുന്ദരി ആയിരുന്നു. കുഞ്ഞുലക്ഷ്മി ചേച്ചി കറുത്തതും... അവരുടെ മുഖം വളരെ മങ്ങിയ തോതില്‍ എന്റെ മനോമണ്ഡലത്തില്‍ വിരിയുന്നു..

എനിക്കന്ന് ആറോ ഏഴോ വയസ്സ് ആയിക്കാണും. അച്ചന്‍ കൊളംബോയില്‍ നിന്ന് വന്നപ്പോള്‍ എല്ലാരും കൂടി പറവൂരേക്ക് പോയി. അവിടുത്തെ ചേച്ചിക്ക് ഒരു ചേട്ടന്‍ ഉണ്ടായിരുന്നു..”രാജേട്ടന്‍”..

നിറയെ തോടുകളും പുഴയും ഒക്കെ ഉണ്ടായിരുന്ന ഗ്രാമീണപ്രദേശമാണ് എന്റെ മനസ്സില്‍ നിറയുന്നത്. വൈകുന്നേരം മീന്‍ കൂട്ടാനും മീന്‍ പൊരിച്ചതും താറാവുകറിയും ഒക്കെ തിന്ന് വയറ് നിറയും. പിന്നെ കക്ക ഇറച്ചിയും പുട്ടും പത്തിരിയുമൊക്കെ കാലത്തും വൈകിട്ടും.

ഒരു ദിവസം അവിടുത്തെ ഓലമേഞ്ഞ സിനിമാക്കൊട്ടയില്‍ “രാരിച്ചന്‍ എന്ന പൌരന്‍” സിനിമക്ക് കൊണ്ട് പോയി. ഞാന്‍ ജീവിതത്തില്‍ അന്നാണ് ആദ്യമായി സിനിമ കാണുന്നത്..

വൈകുന്നേരമാകുമ്പോള്‍ എനിക്ക് പറമ്പില്‍ നിന്ന് വരുന്ന മണം പിടിക്കാതെ വന്നു. തെങ്ങിന് ഇടുന്ന മീന്‍ വളത്തിന്റെ മണവും, തോട്ടിലെ ചകിരി ചീഞ്ഞ മണവും.. ഈ  മണം എനിക്ക് ഇന്നും ഓര്‍മ്മ വരുന്നു..

ഞങ്ങള്‍ക്കുറങ്ങാന്‍ കയറ്റുകട്ടിലായിരുന്നു. ഞാന്‍ അതില്‍ കയറി നിന്ന് സര്‍ക്കസ്സ് കളിക്കുമായിരുന്നു. എന്റെ അച്ചനും ഇഷ്ടമായി അത്തരം കട്ടില്‍, അങ്ങിനെ കുഞ്ഞുലക്ഷ്മിച്ചേച്ചിയുടെ അച്ചനോട് എന്റെ പിതാവ് ഒരു  കട്ടില്‍ വേണമെന്ന് പറഞ്ഞു.

ഞങ്ങള്‍ മടങ്ങുമ്പോള്‍  ഒരു കയറ്റുകട്ടിലും കൊണ്ടാണ് ഞങ്ങളുടെ കുന്നംകുളത്തുള്ള ചെറുവത്താനി ഗ്രാമത്തില്‍ എത്തിയത്. ഇന്നും ഞങ്ങളുടെ വീട്ടില്‍ ആ കട്ടില്‍ കേടുകൂടാതെ ഉണ്ട്..

കട്ടിലിന്റെ കാലും ഫ്രെയിമും തേക്കിന്‍ തടി ആണ്.. ഇപ്പോള്‍ ആ കട്ടിലിന് സുമാര്‍ അറുപത് വയസ്സായിക്കാണും. എനിക്ക് തറവാട് ഭാഗിച്ചപ്പോള്‍ വീട്ടുസാമഗ്രികള്‍ ഒന്നും തന്നില്ല എന്റെ ചേച്ചി.. വയസ്സുകാലത്ത് ചേച്ചിക്ക് കൂടുതല്‍ പ്രിയം ശ്രീരാമനോട് ആയിരുന്നു.

അച്ചന്‍ കൊളംബോയില്‍ നിന്ന് കൊണ്ടുവന്ന ഡിന്നര്‍ സെറ്റുകളും വെള്ളിത്തളികകളും മറ്റുമായി പുര നിറയെ സാധനങ്ങള്‍ ഉണ്ടായിട്ടും ഒരു സ്റ്റീല്‍  സ്പൂണ്‍ പോലും തന്നില്ല..

ഇനി തറവാട്ടില്‍ പോകുമ്പോള്‍ പറവൂരില്‍ നിന്ന് കുഞ്ഞുലക്ഷ്മി ചേച്ചിയുടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന “കയറ്റുകട്ടില്‍” കൂടെ കൊണ്ട് വരണം..

പറവൂരിലെ ഓര്‍മ്മകളില്‍ മാലിയങ്കര കോളേജിലെ ഗീത ടീച്ചറും സ്ഥാനം പിടിക്കുന്നു. സൌകര്യം പോലെ ബാക്കി ഭാഗം പങ്കുവെക്കാം.

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

നിറയെ തോടുകളും പുഴയും ഒക്കെ ഉണ്ടായിരുന്ന ഗ്രാമീണപ്രദേശമാണ് എന്റെ മനസ്സില്‍ നിറയുന്നത്.

വൈകുന്നേരം മീന്‍ കൂട്ടാനും മീന്‍ പൊരിച്ചതും താറാവുകറിയും ഒക്കെ തിന്ന് വയറ് നിറയും. പിന്നെ കക്ക ഇറച്ചിയും പുട്ടും പത്തിരിയുമൊക്കെ കാലത്തും വൈകിട്ടും.

ajith said...

പറയൂ പറവൂര്‍ കഥകള്‍

ബിലാത്തിപട്ടണം Muralee Mukundan said...

ഈ കയറ് കട്ടിൽ മാത്രം പോരാ..
അതിൽ കിടന്നിട്ടുള്ള കഥകളും പോരട്ടേ..!